നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍ – വി പി ഉണ്ണികൃഷ്ണന്
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010
നരേന്ദ്ര മോഡിയും വംശഹത്യയും: കറുത്ത സത്യങ്ങള്‍ മറനീക്കുമ്പോള്‍
വി പി ഉണ്ണികൃഷ്ണന്
ആര് എസ് എസിന്റെ ആശയങ്ങളും ലക്ഷ്യവും രാജ്യ നിലനില്‍പ്പിന് അപായം വരുത്തുന്നതും ജനാധിപത്യത്തെ ധ്വംസിക്കുന്നതും ഫാഷിസ്റ്റ് പ്രവണതകളില്‍ അധിഷ്ഠിതവുമാണെന്ന് സംഘപരിവാര്‍ രൂപീകരണ കാലത്തു തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. 1925 നു ശേഷം ഇന്ത്യയില്‍ നടന്ന വര്‍ഗീയ ലഹളകളുടെ ഉത്തരവാദികളെയും പങ്കാളികളെയും കുറിച്ച് പരിശോധിച്ചാല്‍ അതിലൊക്കെയുള്ള ആര് എസ് എസിന്റെ നേതൃത്വപരമായ പങ്കും ആസൂത്രണത്തിലെ പങ്കും വ്യക്തമാക്കപ്പെടും. പശുവിന്റെയും പന്നിയുടെയും പേരില്‍ മനുഷ്യരെ ഗളഹസ്തം ചെയ്തു കൊലപ്പെടുത്തുന്ന ഭീകരതയുടെയും ബീഭത്സതയുടെയും പിന്നില്‍ ആര് എസ് എസ് ഉണ്ടായിരുന്നു.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ദയനീയവും അപമാനകരവുമായ അടിമത്വത്തിന്റെ ഒടുവില്‍, എണ്ണമില്ലാത്ത രക്തസാക്ഷിത്വങ്ങളുടെയും വിവരണാതീതമായ ത്യാഗഭരിത പോരാട്ടങ്ങളുടെയും പരിണിത ഫലമെന്നവണ്ണം സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേയ്ക്ക് ഇന്ത്യ ഉണരുന്ന ഘട്ടത്തില്‍ നാണക്കേടിന്റെയും അപമാനത്തിന്റെയും കറുത്ത മേലങ്കി ഇന്ത്യയ്ക്കു മേല്‍ പുതപ്പിച്ച വര്‍ഗീയ കലാപങ്ങളിലും നിര്‍ണായക പങ്ക് ആര് എസ് എസിനുണ്ടായിരുന്നു. ഇന്ത്യയുടെ തെരുവുകളില്‍ ഹൈന്ദവന്റെയും ഇസ്ലാമിന്റെയും ചുവപ്പു നിറമുള്ള ചോര ഒഴുകിയാര്ന്ന ചാലുകളുടെ സൃഷ്ടാക്കളില്‍ ചെറുതല്ലാത്ത സ്ഥാനമാണ് ആര് എസ് എസിനുണ്ടായിരുന്നത്.
രാമനും റഹീമും ഒന്നാണെന്ന് ഉച്ചൈസ്തരം ഘോഷിച്ച ഗാന്ധിജിയെ വധിച്ചതും ആര് എസ് എസ് ആശയങ്ങളില്‍ അഭിരമിച്ചിരുന്ന നാഥുറാം വിനായക് ഗോഡ്സെയാണ്. ആ കടുത്ത അപരാധത്തെ ന്യായീകരിക്കുവാനും ഗോഡ്സെയെ വാഴ്ത്തുവാനും എല്ലാക്കാലത്തും ആര് എസ് എസ് മേധാവികളും പ്രതിനിധികളും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചിരുന്നു.
ഹെഡ്ഗേവാര്‍ ആര് എസ് എസ് സ്ഥാപിച്ചകാലം മുതല്‍ സവര്‍ണ ഹിന്ദുത്വ പ്രകീര്‍ത്തനവും വംശവിദ്വേഷ പ്രചാരണവും ആര് എസ് എസിന്റെ മുഖ്യ അജണ്ടയായിരുന്നു. അതല്ലാതെ മറ്റൊരു അജണ്ട ആര് എസ് എസിന് എന്നെങ്കിലും ഉണ്ടായിരുന്നുവോ എന്നതുതന്നെ സംശയമാണ്. ഗോല്‍വാള്‍ക്കര്‍ ‘വിചാരധാര’ ‘നാം അഥവാ നമ്മുടെ ദേശീയ നിര്‍വചിക്കപ്പെടുന്നു’ എന്നീ ഗ്രന്ഥങ്ങളിലൂടെ വംശവിദ്വേഷത്തിനും വംശഹത്യയ്ക്കും ആശയപരമായ അടിത്തറ നല്‍കുകയും ചെയ്തു. ഹിറ്റ്ലറെ അനുകരിക്കുവാനും സ്തുതിക്കുവാനുമാണ് ഗോല്‍വാള്‍ക്കര്‍ ആഹ്വാനം ചെയ്തത്. ഹിറ്റ്ലറുടെ രക്തവിശുദ്ധി മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ച ഗോല്‍വാള്‍ക്കര്‍ രക്തവിശുദ്ധിയില്ലെന്ന് ആര് എസ് എസ് നിശ്ചയിക്കുന്നവരെ ഉന്മൂലനം ചെയ്യണമെന്ന സിദ്ധാന്തത്തിന് അടിവരയിടുകയും ചെയ്തു.
ഹിറ്റ്ലറുടെയും ഗോല്വാള്ക്കറുടെയും ആശയങ്ങളിലും സിദ്ധാന്തങ്ങളിലും അഭിരമിക്കുന്നവരാണ് തങ്ങളെന്ന് ബി ജെ പിയുടെ ആദിരൂപമായ ജനസംഘവും പിന്നീട് ബി ജെ പിയും പലയാവര്‍ത്തി പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും തെളിയിച്ചിട്ടുണ്ട്. വര്‍ഗീയ കലാപങ്ങളിലെ പക്ഷം പിടിക്കലുകളിലും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ നിക്ഷിപ്ത താല്പര്യങ്ങളുടെ ഉയര്ത്തിപ്പിടിക്കലുകളിലും അവര്‍ അവരുടേതായ മലീമസ അജണ്ട എന്തെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
ഹിറ്റ്ലറില്‍ നിന്ന് പാഠം പഠിക്കണമെന്നുപദേശിക്കുകയും വംശഹത്യാ പരീക്ഷണത്തെ സ്തുതിക്കുകയും ചെയ്ത ഗോല്‍വാള്‍ക്കറുടെ വാക്കുകളെ തീവ്രമായ നിലയില്‍ അനുധാവനം ചെയ്യുന്ന വ്യക്തിയാണ് നരേന്ദ്രമോഡി. 2002 ലെ ഗുജറാത്ത് വംശഹത്യാ പരീക്ഷണത്തെയും അതിനു പിന്നാലെ നിരന്തരം ആവര്‍ത്തിക്കപ്പെട്ട വ്യാജ ഏറ്റുമുട്ടലുകളെയും കുറിച്ചു വൈകിയാണെങ്കിലും പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നരേന്ദ്രമോഡി ഹിറ്റ്ലറുടെ ഉപാസകനും വംശഹത്യയുടെ കടുത്ത വിശ്വാസിയുമാണെന്നതിന് അടിവരയിടുന്നു.
നരേന്ദ്രമോഡിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം കൈക്കൊണ്ട തീരുമാനം വംശഹത്യാ ദുരന്തത്തിന്റെ ആസൂത്രക വേഷം അണിഞ്ഞവരില്‍ മോഡിയുമായുണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. വര്‍ഗീയ ലഹളയുമായോ വംശഹത്യാ പരീക്ഷണവുമായോ ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് ഒരു മുഖ്യമന്ത്രി അന്വേഷണ ഏജന്‍സിയാല്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ നരേന്ദ്രമോഡി നിര്‍ണായക പങ്കുവഹിച്ചുവെന്ന, കൊല്ലപ്പെട്ട മുന്‍ പാര്‍ലമെന്റംഗം ഇഹ്സാന്‍ ജഫ്റിയുടെ വിധവ സാകിയ ജഫ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മോഡിക്ക് സമന്‍സ് അയച്ചത്. ഇഹ്സാന്‍ ജഫ്റി അടക്കം 69 പേര് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ദാരുണമായി വധിക്കപ്പെട്ടിരുന്നു.
ഗോധോ തീവണ്ടി തീവെയ്പ്പിനെ തുടര്‍ന്ന് കലാപത്തിനും ഹത്യയ്ക്കും പരസ്യ ആഹ്വാനം നല്കിയ മുഖ്യമന്ത്രിയാണ് നരേന്ദ്രമോഡി. കലാപം കത്തിക്കയറുമ്പോഴും നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ മാനഭംഗത്തിനിയാവുകയും കുട്ടികള്‍ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും ‘ഏതൊരു ആഘാതത്തിനും ഒരു പ്രത്യാഘാതം ഉറപ്പാണെന്ന്’ പ്രഖ്യാപിച്ച് കലാപങ്ങളെയും ഹത്യകളെയും ന്യായീകരിക്കുകയാണ് മോഡി ചെയ്തത്. പ്രാണനും കൊണ്ട് പതിനായിരങ്ങള്‍ പലായനം ചെയ്യുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതുനോക്കി നില്‍ക്കുകയും ചെയ്തു. കലാപകാലത്ത് പൊലീസ് സേനയെയും ഭരണകൂട സംവിധാനങ്ങളെയാകെയും മോഡി നിഷ്ക്രിയമാക്കുകയോ കലാപത്തില്‍ പങ്കാളികളാക്കുകയോ ചെയ്തുവെന്നതിനും വ്യക്തമായ വെളിപ്പെടുത്തലുകള്‍ പലതുണ്ടായി. കോടതികളെ പോലും ഹൈജാക്ക് ചെയ്യാന്‍ മോഡി പരിശ്രമിച്ചു വിജയിച്ചത് ബോധ്യപ്പെട്ട സുപ്രിം കോടതി പല കേസുകളുടെയും വിചാരണ അന്യസംസ്ഥാന കോടതികളിലേയ്ക്ക് മാറ്റി.
ആര് എസ് എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും പ്രതിനിധികള്‍ ഒളിക്യാമറകള്ക്കു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളും നരേന്ദ്രമോഡിയുടെ നേതൃത്വപരമായ പങ്ക് തെളിയിക്കുന്നതായിരുന്നു. വംശഹത്യാ പരീക്ഷണത്തിന്റെ ആദ്യാവസാന ഘട്ടങ്ങളിലെ സൂത്രധാരനായിരുന്നത് മോഡിയാണെന്നും കോടതി മുറികളില്‍ നിന്ന് തങ്ങളെ രക്ഷിക്കുവാന്കൂടി അദ്ദേഹം കടുത്ത ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. സാക്ഷികളെ കൂട്ടത്താടെ കൂറുമാറ്റാന്‍ സാമദാന ദണ്ഡപ്രയോഗങ്ങളെല്ലാം നടത്തുന്നതിലും മോഡി മുന്നില്‍ നിന്നു.
മോഡി എന്ന ഒറ്റയാന് മാത്രമല്ല, ഈ കുരുതിയിലെ കുറ്റവാളി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും നിയമസഭാ സാമാജികരും പാര്‍ട്ടി നേതാക്കളുമൊക്കെ ആ രക്തത്തില്‍ പങ്കുപറ്റിയവരായിരുന്നു. ഗുജറാത്തില്‍ നടന്നത് ഒരു പരീക്ഷണം മാത്രമാണെന്നും നാളെ അത് ഇന്ത്യയില്‍ എവിടെയും ആവര്‍ത്തിക്കപ്പെടാമെന്നും ഭീഷണിപ്പെടുത്തിയ എല്‍ കെ അദ്വാനിയെപ്പോലുള്ളവര്ക്കും മോഡിയെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്ത എ ബി വാജ്പേയിയെ പോലുള്ളവര്‍ക്കും ഈ പാപഭാരത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല.
പാകിസ്ഥാനില്‍ നിന്നും ഭീകരപ്രവര്ത്തനത്തിനായെത്തിയെന്നും മോഡിയെ വധിക്കുവാന്‍ വന്നുവെന്നും മുദ്രകുത്തി നാടകീയ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് ഹത്യാ പരമ്പരകള്‍ അരങ്ങേറ്റിയതും ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. വംശവിദ്വേഷം പടര്‍ത്താനും രക്തവിശുദ്ധി മാഹാത്മ്യം പ്രചരിപ്പിക്കുവാനും തീവ്രമായ നിലയില്‍ യത്നിക്കുന്ന നരേന്ദ്രമോഡി ഫാഷിസത്തിന്റെ സഹജ സ്വഭാവമായ ഇരട്ടമുഖത്തിന്റെയും ഇരട്ട നാവിന്റെയും പ്രതിനിധി കൂടിയാണ്. മോഡിെയ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഉപപ്രധാനമന്ത്രി സ്ഥാനാര്ഥിയുമായൊക്കെ അവതരിപ്പിക്കണമെന്ന് ശാഠ്യം പിടിച്ചവര്‍ മോഡി ചെയ്ത കൊള്ളരുതായ്മകളുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും ആരാധകരാണ്.
സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷനായ ആര് കെ രാഘവന്റെ നേതൃത്വത്തിലുള്ള സമിതി നിരവധിപേരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയതിനുശേഷം ലഭ്യമായ കൃത്യതയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഡിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മോഡിയുടെ രക്തംപുരണ്ട തൊപ്പിയിലെ പാപക്കറ നിറഞ്ഞ ഒരു തൂവലാണത്. ഇന്ത്യയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി വര്‍ഗീയ കലാപത്തിന്റെ പേരില്‍ പ്രതിയുടെ കസേരയിലിരുന്ന് ചോദ്യം ചെയ്യലിന് നിര്‍ബന്ധിതനാവുന്നു. മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന കറുത്ത സത്യങ്ങളുടെ ഭീകരത ഇനിയുള്ള നാളുകളില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടാന്‍ ഈ ചോദ്യം ചെയ്യല്‍ വഴിവെയ്ക്കും. സംഘപരിവാറിന്റെ ജന്മമെടുക്കലിനുശേഷമുള്ള കൊടുംക്രൂരതാ പരമ്പരകളിലെ ഭീതി സൃഷ്ടിച്ച മറ്റൊരു അധ്യായത്തിന്റെ ഭയാനക സത്യങ്ങളും പുറത്തുവരാന്‍ ഈ നടപടികള്‍ സഹായിച്ചാല്‍ മതേതര ഇന്ത്യയുടെ ജാഗ്രതയ്ക്കും നേര്‍വഴി നടപ്പിനും അത് സഹായകരമാകും.