ഉണ്ണിക്കണ്ണന് വെണ്ണയും അപരിചിതം
കുരീപ്പുഴ ശ്രീകു മാര്‍
മതവിശ്വാസികളുടെ ജീവിതത്തില്‍ നേര്‍ച്ചകള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. മതം ദൈവത്തിലേക്കുള്ള വഴിയായതിനാല്‍ ദൈവപ്രീതിക്കുവേണ്ടിയാണ് എല്ലാ നേര്‍ച്ചകളും നടത്തുന്നത്. എന്തിനാണീ ദൈവ പ്രതീ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് സ്വന്തം കാര്യം നടത്തിയെടുക്കാനാണ്. സ്വാര്‍ഥതാല്‍പര്യമാണ് എല്ലാ നേര്ച്ചകളുടെയും പ്രഭവസ്ഥാനമെന്നര്ഥം.
ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ഡേലയെ ജയില്‍ മോചിതനാക്കാന്‍ വേണ്ടി ആരും പത്തുപൈസപോലും ക്ഷേത്രത്തിന്റെയോ പള്ളികളുടെയോ ഭണ്ഡാരങ്ങളില് ഇട്ടില്ല. അഭിപ്രായമുണ്ടെങ്കിലും ആരും അങ്ങനെ ചെയ്യാതിരുന്നത് നെല്‍സണ്‍ മണ്ഡേല നമ്മുടെ സ്വന്തം മകനോ പിതാവോ അല്ലാത്തതുകൊണ്ടാണ്.
ശിശുക്കളെയോ മൃഗങ്ങളെയോ ബലി കൊടുത്താല്‍ ദൈവ പ്രീതിയുണ്ടാകുമെന്നും കാര്യങ്ങള്‍ നടത്തിയെടുക്കാമെന്നും ആളുകള്‍ പണ്ടേ വിശ്വസിക്കുകയും മതങ്ങള്‍ അതിനെ ശരിവയ്ക്കുകയും ചെയ്തു. ബലിക്കെതിരെ നിലപാടെടുത്ത മതങ്ങള്‍ ബുദ്ധമതവും ജൈനമതവുമാണ്. അറിയാതെയെങ്കിലും പ്രാണികള്‍ വായില്‍ പെടാതിരിക്കാന്‍ ജൈനമത സന്യാസികള്‍ മൂക്കിനു താഴെ തുണിക്കഷണം കെട്ടിയിട്ടു നടക്കാറുണ്ട്.
ആധുനിക ബുദ്ധമതാനുയായികള്‍ ദൈവപ്രീതിക്കു വേണ്ടിയല്ലെങ്കിലും നരമേധത്തില്‍ ആനന്ദം കൊള്ളുന്നവരാണെന്ന് ശ്രീലങ്കയും ജപ്പാനും കമ്പൂച്ചിയയും മ്യാന്മറും ലോകത്തോടു പറയുന്നുണ്ട്.
നേര്ച്ചപ്പെട്ടികളില്ലാത്ത ആരാധനാലയങ്ങളൊന്നും എവിടെയും കാണാറില്ല. താരതമ്യേന ധനികര്‍ താമസിക്കുന്ന ഗള്‍ഫുനാടുകളിലെ പള്ളിമുറ്റത്തു മാത്രമേ നേര്ച്ചപ്പെട്ടികള് ഇല്ലാതെയുള്ളു. പണം കൊടുത്തു ദൈവത്തെ സ്വാധീനിക്കേണ്ട സാമ്പത്തിക പ്രശ്നമൊന്നും അവര്‍ക്കില്ലല്ലോ.
ശരീരത്തിലെ അവയവങ്ങളുടെ അസുഖം മാറിക്കിട്ടാന്‍ വേണ്ടി അവയവ രൂപങ്ങളും ആള്‍രൂപം തന്നെയും നേര്‍ച്ചയായി വയ്ക്കുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. മരത്തിലുള്ള അവയവങ്ങള്‍ ആരാധനാസ്ഥലത്തിന്റെ പരിസരത്തു തന്നെ പണം കൊടുത്തു വാങ്ങാന്‍ കഴിയും. ഇതുവാങ്ങി പരബ്രഹ്മത്തിനു സമര്‍പ്പിച്ചാല്‍ അവയവ വൈഷമ്യങ്ങള്‍ മാറിക്കിട്ടുമെന്നാണ് ഓച്ചിറയിലും മറ്റുമുള്ള വിശ്വാസം. പരബ്രഹ്മത്തിനു സമര്‍പ്പിക്കുന്ന അവയവ രൂപങ്ങള്‍ അപ്പോള്‍ത്തന്നെ, അതുവിറ്റ യഥാര്‍ഥ ഉടമസ്ഥന് തിരിച്ചെടുത്ത് അടുത്ത ആവശ്യക്കാരന് പണം വാങ്ങി നല്കുന്നു. കൈയുടെയോ കാലിന്റെയോ ദാരുരൂപങ്ങള് വാങ്ങി പരബ്രഹ്മത്തിനു സമര്‍പ്പിച്ച ആരുടെയും അംഗവൈകല്യം ഇന്നേവരെ മാറിക്കിട്ടിയിട്ടില്ല.
വാസ്തവത്തില്‍ ഓച്ചിറയിലും മറ്റും കാണുന്നത് അന്ധവിശ്വാസത്തില്പെട്ട പാവങ്ങളുടെ നേര്‍ച്ചയാണ്. പണക്കാരാണെങ്കില്‍ നേര്‍ച്ചയുടെ രീതിമാറും. തൊട്ടിലും കുട്ടിയും സ്വര്ണത്തിലുണ്ടാക്കി ദൈവത്തിനു സമര്‍പ്പിക്കും. ദൈവ പ്രീതീക്കുവേണ്ടി ആരാധനാലയങ്ങളില്‍ അലങ്കാര ഗോപുരം നിര്‍മ്മിച്ചു കൊടുക്കുക, കുംഭഗോപുരപ്പണി ഏറ്റെടുക്കുക, ദൈവ വിഗ്രഹമോ ശ്രീകോവിലോ സ്വര്ണംപൂശിക്കൊടുക്കുക, ആനയെ നടയ്ക്കിരുത്തുക, പൊന്‍കുരിശു സ്പോണ്സര് ചെയ്യുക തുടങ്ങിയവയാണ് ധനിക രീതികള്‍. ദൈവം ധനികന്റെ കൂടെയായതിനാല് അവരുടെ ധനസ്ഥിതി വര്‍ധിച്ചു വരുന്നതുകാണാം. ഗുരുവായൂരപ്പന് പൊന്മോതിരവും പൊന്നോടക്കുഴലും സമര്‍പ്പിച്ച രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ട്. ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം മാര്‍ബിള്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ബിര്‍ളയുടെ ധനസ്ഥിതി വര്‍ധിച്ചിട്ടേയുള്ളു. ലാഭം വര്‍ധിക്കുന്നതില്‍ ദൈവത്തിനു പങ്കുണ്ടെന്നു തന്നെയാണല്ലൊ മതവിശ്വാസികള്‍ കരുതുന്നത്. പാവങ്ങളോടും പണക്കാരോടും രണ്ടു രീതിയില്‍ പെരുമാറുന്ന സ്രഷ്ടാവിനെ ശരിയുടെ പര്യായമായി കാണാന്‍ കഴിയില്ല.
മദ്യപ്രിയ ദൈവങ്ങള്‍ക്ക് മദ്യവും മാംസപ്രിയ ദൈവങ്ങള്‍ക്ക് മാംസവും മനുഷ്യര്‍ നേദിക്കുന്നു. ഹനുമാന് വടയും ഗണപതിക്ക് ഉണ്ണിയപ്പവും ഭഗവതിക്ക് അടയും കൃഷ്ണന് വെണ്ണയും പായസവും മറ്റുമാണ് നിവേദിക്കാറുള്ളത്.
ദൈവങ്ങള്‍ക്കു മുന്നില്‍ വച്ച് കുട്ടികളെ ഗരുഢന്‍ പറത്തുന്നത് ഒരു നേര്‍ച്ചയാണ്. ഒരാള്‍ ചുണ്ടില്‍ ഗരുഢന്റെ കൊക്കുവച്ച് ഗരുഢനാകും. അയാളെ ഒരു ചരടില്‍ ബന്ധിച്ചുയര്ത്തി ക്ഷേത്രത്തിനു ചുറ്റും വലിച്ചുകൊണ്ടുനടക്കും. പണമടച്ചു രസീതുമായി നില്ക്കുന്ന മാതാപിതാക്കളില്‍ നിന്നും കുട്ടിയെ വാങ്ങി ഉയര്‍ത്തുന്നതാണ് രാത്രിയില്‍ നടക്കുന്ന ഈ കലാപരിപാടി. കുട്ടികളുടെ രക്ഷയ്ക്കു വേണ്ടി അച്ഛനമ്മമാര്‍ നടത്തുന്ന നേര്‍ച്ചയാണിത്. വളരെ ചെറിയ കുട്ടികളായതിനാല്‍ ഇങ്ങനെ രക്ഷിക്കപ്പെടുന്ന കാര്യം കുട്ടികള്‍ അറിയുന്നില്ല. കുട്ടികളെ ബാധിക്കുന്ന എല്ലാ അരിഷ്ടതകളും ഈ കുട്ടികളെയും ബാധിക്കും. ഭഗവതിയുടെ മുന്നില്‍ ഗരുഢന്റെ കൈകളില്‍ തൂങ്ങിയാലും ഒരു കുട്ടിയും രക്ഷപ്രാപിക്കുന്നില്ലെന്നാണ് ഇതു നല്കുന്ന അനുഭവപാഠം.
അവനവനുവേണ്ടി നടത്തുന്ന മറ്റൊരു നേര്‍ച്ചയാണ് തുലാഭാരം. ഇഷ്ടദൈവത്തിനു മുന്നില്‍ ഒരു വലിയ തുലാസ് കെട്ടിത്തൂക്കും. ഒരു തട്ടില്‍ ആളിരിക്കും. മറുതട്ടില്‍ ശര്‍ക്കരയോ പഴക്കുലയോ നെയ്യോ വെണ്ണയോ പൂക്കളോ തുല്യ തൂക്കത്തില്‍ വയ്ക്കും. ഇതാണു തുലാഭാരം. ആളില്ലാത്തട്ടില് വയ്ക്കുന്ന സാധനങ്ങള്‍ ദൈവത്തിനവകാശപ്പെട്ടതാണ്. ദൈവത്തിനു നേരിട്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ദേവസ്വം ഭാരവാഹികള്‍ എടുക്കും.
ഈയിടെ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ മുന്നില്‍ ഒരാള്‍ തുലാഭാര നേര്‍ച്ച നടത്തി. ശ്രീകൃഷ്ണന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ പദാര്‍ഥമാണ് വെണ്ണ എന്നാണ് കരുതപ്പെടുന്നത്. ഒരു തട്ടില്‍ നേര്ച്ചക്കാരനെയും മറുതട്ടില്‍ വെണ്ണയുമാണുവച്ചത്. ഭക്തന് പൊടിതട്ടി തൊഴുതുവലം വച്ചുപോയപ്പോള് 50 കിലോ ഗ്രാമിലേറെ വെണ്ണ ദേവസ്വത്തിനു കിട്ടി. ഇത്രയും വെണ്ണ എന്തു ചെയ്യും? അത് ഉരുക്കി നെയ്യാക്കാന് തീരുമാനിച്ചു. ചൂടാക്കും തോറും വെണ്ണ തനിനിറം കാട്ടിത്തുടങ്ങി. ദേവസ്വം അധികൃതര്‍ പരിശോധിച്ചപ്പോഴാണ് അത് വെണ്ണയല്ലെന്നും പാല്പൊടിക്കുഴമ്പായിരുന്നു എന്നും മനസ്സിലാക്കിയത്. ഭക്തനെ കച്ചവടക്കാര്‍ വ്യാജ വെണ്ണ നല്കി കബളിപ്പിച്ചതാണെന്ന് പത്രക്കാര് കണ്ടെത്തിയിട്ടുണ്ട്.
ശ്രീകൃഷ്ണ കഥകളിലുടനീളമുള്ള ഒരു പദാര്‍ഥമാണ് വെണ്ണ. പശുവിനെ വളര്‍ത്തല്‍ തൊഴിലായിരുന്ന ഒരു പ്രദേശത്താണ് ശ്രീകൃഷ്ണ ജനനം. യശോദയുടെ കയ്യില്‍ നിന്നും കൃഷ്ണന് തല്ലുവാങ്ങിയത് വെണ്ണ മോഷ്ടിച്ചതിനാണ്. അതേ കൃഷ്ണനാണ് അമ്പലപ്പുഴയിലുമുള്ളതെങ്കില് വെണ്ണയെന്ന പേരില്‍ നേര്‍ച്ച വച്ചിരിക്കുന്നത് പാല്പ്പൊടിക്കുഴമ്പാണെന്നു തിരിച്ചറിയാന്‍ കഴിയാത്തതെന്ത്? ആ ഭക്തനെ കബളിപ്പിച്ചതിന് കൂട്ടു നിന്നതെന്ത്? കഥകളിലെ കൃഷ്ണനല്ല അമ്പലത്തിലെ കൃഷ്ണന്. കഥകളില്‍ കൃഷ്ണനു നല്‍കിയിട്ടുള്ള എല്ലാ കഴിവുകളും അതുണ്ടാക്കിയവരുടെ അറിവിന്മേല് പടുത്തുയര്‍ത്തിയ സൗന്ദര്യ സങ്കല്പങ്ങളാണ്. ക്ഷേത്രത്തിലെ കൃഷ്ണ ഭഗവാന് പേരറിയാത്ത ഏതോ ശില്പിയുടെ നിര്‍മ്മിതി മാത്രമാണ്. വെണ്ണയുടെ ഗുണനിലവാരം കണ്ടെത്താനുള്ള കഴിവൊന്നും ആ ശില്പത്തിനില്ല. ത്രാസില്‍ തൂങ്ങുന്നതിനു മുമ്പ്, വെണ്ണ, ദേവസ്വം അധികൃതര്‍ക്കു പരിശോധിക്കാന്‍ നല്കിയിരുന്നെങ്കില് അനുഭവ സമ്പത്തുള്ള മനുഷ്യര്‍ എന്ന നിലയില്‍ അതു വ്യാജ വെണ്ണയാണെന്നവര് കണ്ടെത്തിയേനെ.
നേര്ച്ചകളില് വലിയ അര്‍ഥമൊന്നും ഇല്ലെന്നും അത് ഒഴിവാക്കേണ്ട അന്ധവിശ്വാസമാണെന്നും പരിഷ്കൃത സമൂഹം തിരിച്ചറിയേണ്ടതുണ്ട്.