ഇതൊക്കെ ഈ നാട്ടില്‍ നടക്കുന്നതാണോ?
ആര്‍ വി ജി മേനോന്‍
തലവാചകം കാണുന്ന മാത്രയില്‍ തന്നെ വായനക്കാരുടെ മനസ്സിലൂടെ മിന്നി മായുന്ന അശുഭ ചിന്തകള്‍ എനിക്ക് ഊഹിക്കാന്‍ പറ്റും. അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്തതും അമ്മയും കാമുകനും കൂടിച്ചേര്‍ന്നു പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതും അനിയന്‍ ചേട്ടനെ വെട്ടിക്കൊന്നതും ഒക്കെയാണല്ലോ നാം ദിവസേന മാധ്യമങ്ങളിലൂടെ അറിയുന്ന, വിശ്വസിക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഞാന്‍ കേള്‍ക്കുന്നതും കാണുന്നതുമായ വിശേഷങ്ങള്‍ ആ ഇനത്തില്‍ പെട്ടതല്ല. നേരെ മറിച്ച് മനുഷ്യ നന്മയിലും കൂട്ടായ്മയിലും മാത്രമല്ല പൊതുപ്രവര്‍ത്തകരിലും ഭരണ സംവിധാനത്തിലുമുള്ള വിശ്വാസവും ശുഭപ്രതീക്ഷകളും ഊട്ടി ഉറപ്പിക്കുന്ന സുവിശേഷങ്ങളത്രേ.
അവശയായി, ആലംബഹീനയായി, ഉറ്റവരും ഉടയവരും പോലും ഉപേക്ഷിച്ചു നരകിച്ചു കിടക്കുന്ന കാന്‍സര്‍ രോഗിയുടെ അടുത്തേക്ക് സാന്ത്വനവും ക്ഷണവും വേദന സംഹാരിയും ആയി മാലാഖകള്‍ എന്ന പോലെ എത്തുന്ന ഡോക്ടറും നഴ്‌സും ജീവകാരുണ്യ പ്രവര്‍ത്തകരും. അയല്‍പക്കത്ത് തന്നെയുള്ള ഒരു സന്നദ്ധ പ്രവര്‍ത്തക കൂടെക്കൂടെ വീട്ടിലെത്തി അത്യാവശ്യ ശുശ്രൂഷകള്‍ ചെയ്തു കൊടുക്കുന്നു. മറ്റൊരിടത്ത് അംഗ വൈകല്യമോ ബുദ്ധി മാന്ദ്യമോ സംഭവിച്ച (അവരെ വ്യത്യസ്ത ശേഷികള്‍ ഉള്ളവര്‍ എന്നാണ് ഇപ്പോള്‍ വിളിക്കാറ്; മന്ദബുദ്ധി, പൊട്ടന്‍ തുടങ്ങിയ നിന്ദാ സൂചകമായ പദങ്ങള്‍ കാല ഹരണപ്പെട്ടിരിക്കുന്നു) കുട്ടികളെ പ്രത്യേക പരിശീലനം സിദ്ധിച്ച ആയമാരും ടീച്ചര്‍മാരും സ്‌നേഹപൂര്‍വം പഠിപ്പിക്കുന്ന പ്രത്യേക സ്‌കൂളുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതിന് വേണ്ട പണവും സഹായവും പഞ്ചായത്ത് നല്‍കുന്നു, പോരാത്തത് നാട്ടുകാര്‍ സന്തോഷത്തോടെ പിരിച്ചു കൊടുക്കുന്നു. ഇനിയൊരു പഞ്ചായത്തില്‍ ഇച്ഛാശക്തിയുള്ള ഒരു പ്രസിഡന്റും ഭരണസമിതിയും കൂടി ശക്തം ആയ ഭൂമാഫിയകളെ വെല്ലു വിളിച്ചുകൊണ്ടു അവര്‍ നികത്തി തുടങ്ങിയ നൂറു കണക്കിന് ഏക്കര്‍ വയല്‍ തിരിച്ചു പിടിച്ചു കുടുംബശ്രീ സഹോദരിമാരുടെ സഹായത്തോടെ അവിടെ നെല്‍കൃഷി പുനസ്ഥാപിക്കുന്നു. വേറൊരു പഞ്ചായത്തില്‍ 43 കൊല്ലമായി തരിശു കിടന്ന കൈപ്പാട് നിലം വീണ്ടെടുത്ത് വെള്ളം കയറ്റി പരിസ്ഥിതി സംതുലനം ഉറപ്പാക്കി നെല്‍ കൃഷി നടത്തുന്നു. ഒരു പഞ്ചായത്തില്‍ എല്ലാ വീട്ടിലും പച്ചക്കറി കൃഷി. മറ്റൊരു പഞ്ചായത്തില്‍ കഴിഞ്ഞ മഴക്കാലത്ത് ഒരു ലക്ഷം വൃക്ഷ തൈകള്‍ നടുക മാത്രമല്ല അവയില്‍ തൊണ്ണൂറു ശതമാനവും പച്ച പിടിച്ചു എന്ന് ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു! പാവപ്പെട്ട കുട്ടികള്‍ക്ക് വൈകുന്നേരം ഒത്തു കൂടി പാഠം പഠിക്കാനുള്ള സൗകര്യം പല പഞ്ചായത്തുകളിലും ചെയ്തുകൊടുത്തിരിക്കുന്നു. അവിടെ സഹായിക്കാന്‍ പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ സൗജന്യമായി സേവനം നല്‍കുന്നു. ചിലയിടങ്ങളില്‍ തൊഴില്‍ രഹിത ബി എഡ് കാരുടെ ഒരു റിസര്‍വ് അധ്യാപക ബാങ്ക് ഉണ്ടാക്കി ഏതെങ്കിലും സ്‌കൂളില്‍ ഏതെങ്കിലും ടീച്ചര്‍ അവധിയിലായാല്‍ പകരം ടീച്ചറെ വിടുന്നു, ക്ലാസ് മുടങ്ങില്ല എന്ന് ഉറപ്പു വരുത്തുന്നു. ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും കളിക്കാനും നീന്താനും സുകുമാര കലകള്‍ അഭ്യസിക്കാനും സൗകര്യം ഒരുക്കിയിട്ടുള്ള പഞ്ചായത്തുകള്‍ ഏറെ. എന്റെ പഞ്ചായത്തില്‍ എല്ലാവര്‍ക്കും വീടുണ്ട്, എല്ലാ വീട്ടിലും കക്കൂസും കുടിവെള്ളവും വൈദ്യുതിയും ഉണ്ട്”എന്ന് ഒരു പ്രസിഡന്റ് അഭിമാനപൂര്‍വം ഉദ്‌ഘോഷിക്കുന്നു. എന്റെ ഗ്രാമം സ്ത്രീധന വിമുക്തം എന്ന് മറ്റൊരു പ്രസിഡന്റ്. എന്റെ പഞ്ചായത്തില്‍ വ്യവഹാരങ്ങളില്ല എന്ന് ഇനിയൊരു പ്രസിഡന്റ്!
സംശയിക്കേണ്ട, ഞാന്‍ ദിവാ സ്വപ്നം കാണുകയൊന്നുമല്ല. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്‌സ്പ്രസ് എന്ന പുതിയ സാമൂഹ്യ റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് എത്തി നോക്കാന്‍ അവസരം ലഭിച്ചു എന്നതാണെന്റെ സുകൃതം. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ മിക്കവരും വിശ്വസിക്കില്ല. സ്വന്തം പഞ്ചായത്തില്‍ ഒരു കാര്‍ഷിക കര്‍മസേന” പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൃഷിപ്പണികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നുണ്ടെന്നും അവിടെ പണിയെടുത്തു ജീവിക്കുന്ന ആള്‍ക്ക് പോലും പുതിയ ഒരറിവ് ആയിരുന്നു! മണല്‍ മാഫിയയോട് മല്ലിട്ട് ജീവന്‍ പണയപ്പെടുത്തിയ ജനപ്രതിനിധികള്‍ എന്തു കൊണ്ട് താരങ്ങളാകുന്നില്ല? എന്തിന്, ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ നടപ്പാക്കിയ ഏറ്റവും ജനോപകാര പദ്ധതി ആയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പോലും നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? കുടുംബശ്രീയെക്കുറിച്ചും ഗ്രാമസഭയെ കുറിച്ചും അവയോടു നേരിട്ട് ബന്ധമില്ലാത്ത എത്ര പേര്‍ക്ക് അറിയാം? നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറുന്ന ഈ നിശബ്ദ വിപ്ലവം എന്തുകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നില്ല?
തീര്‍ച്ചയായും ദൂരദര്‍ശന്റെ ഈ സംരംഭം മുക്തകണ്ഠമായ പ്രശംസ അര്‍ഹിക്കുന്നു. ഇന്ത്യയില്‍, ഒരു പക്ഷെ ലോകത്ത്, ആദ്യമായി ആയിരിക്കാം ഈ വിധത്തിലുള്ള ഒരു റിയാലിറ്റി ഷോ ചെയ്യുന്നത്. ഒരു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് പോലെ “ഇതാണ് റിയാലിറ്റി! മറ്റെല്ലാം കൃത്രിമം മാത്രം! ഐ പി എല്ലും സ്വര്‍ണ കച്ചവടവും ഷോപ്പിംഗ് ഫെസ്റ്റിവലുമല്ല വികസനമെന്നും ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതാണ് യഥാര്‍ഥ വികസനമെന്നും നാമെന്നാണ് തിരിച്ചറിയുക? കുറ്റങ്ങളും കുറവുകളും മാത്രം പെറുക്കിയെടുത്തു പര്‍വതീകരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും നേരെ ചൊവ്വേ നടക്കുന്നത് വാര്‍ത്തയാവില്ലല്ലോ! പക്ഷെ അതും വാര്‍ത്തയാവണ. സര്‍വത്ര അഴിമതിയും അക്രമവും കെടുകാര്യസ്ഥതയും ആണ് നടക്കുന്നത് എന്ന് പൊതുവായ ദോഷൈക ചിന്ത പരക്കുമ്പോള്‍, അങ്ങനെയല്ല, അതിനിടെ ഇങ്ങനെ ചില നല്ല കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ട് എന്ന് വിളിച്ചു പറയുന്നതിനും വാര്‍ത്താമൂല്യം ഇല്ലേ? ആ ഇടം ആണ് ദൂരദര്‍ശന്‍ തേടുന്നത്. എങ്കിലും ഇതു വാര്‍ത്ത മാത്രമല്ല. പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിദ്യാഭ്യാസ അനുഭവം കൂടിയാണ്. പല പഞ്ചായത്തുകളും ഇവയില്‍ പലതും പരീക്ഷിച്ചവരാണ്. തിരിച്ചടികള്‍ നേരിട്ടപ്പോള്‍ അവ ഉപേക്ഷിച്ചു കൂടുതല്‍ സുരക്ഷിതമായ പദ്ധതികള്‍ തേടിയ അനുഭവം അവരില്‍ പലര്‍ക്കും ഉണ്ടാകും. എങ്ങനെയാണ് മറ്റു ചില പഞ്ചായത്തുകള്‍ ആ തിരിച്ചടികളെ മറികടന്നു മുന്നോട്ടു പോയത് എന്നത് അവര്‍ക്ക് പ്രയോജനകരമായ അറിവ് ആയിരിക്കും. പുതിയ ആശയങ്ങള്‍, പുതുമയുള്ള നിര്‍വഹണ രീതികള്‍, എതിര്‍പ്പുകളെ നേരിടാനുള്ള തന്ത്രങ്ങള്‍ … സാധ്യതകള്‍ വളരെയേറെയാണ്.
പക്ഷെ എന്നെ അലട്ടുന്ന ചിന്ത മറ്റൊന്നാണ്. എത്ര പേരിലേക്ക് ഇതു എത്തുന്നുണ്ട്? ഞാന്‍ സംസാരിച്ച പലരും ഈ പുതിയ റിയാലിറ്റി ഷോയെപ്പറ്റി കേട്ടിട്ടേ ഇല്ല. ചിലര്‍ അങ്ങനെ എന്തോ കേട്ടത് ഓര്‍ക്കുന്നുണ്ട്; പക്ഷെ കൃത്യമായി അറിയില്ല. ചിലര്‍ക്ക് താത്പര്യമുണ്ട്, പക്ഷെ അതേ സമയത്തല്ലേ നമ്മുടെ മറ്റു പ്രിയപ്പെട്ട പരിപാടികള്‍? അങ്ങനെയുള്ളവരെ വിടാം. പക്ഷെ എല്ലാവരിലും ഇതേകുറിച്ചുള്ള വിവരം എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. ഈ പഞ്ചായത്തുകള്‍ അത് അര്‍ഹിക്കുന്നുണ്ട്.