ഉപഗ്രഹ റേഡിയോവിനൊരു ചരമഗീതം
അഷ്ടമൂര്‍ത്തി
അശ്വത്ഥ് വളരെ സാവധാനത്തിലാണ് വാഹനമോടിച്ചിരുന്നത്. എയര്‍പോര്‍ട്ട് റോഡു വിട്ടപ്പോള്‍ ഞങ്ങളുടെ വര്‍ത്തമാനം അടങ്ങി. വാഹനത്തില്‍ മൗനം നിറഞ്ഞതറിഞ്ഞ് അശ്വത്ഥ് പതുക്കെ റേഡിയോ ഓണ്‍ ചെയ്തു. ഏതൊക്കെയോ എഫ് എം ചാനലുകളിലൂടെ പരതിപ്പരതി അയാള്‍ വിവിധ് ഭാരതിയില്‍ എത്തി. കന്നഡപ്പാട്ടുകള് ഞങ്ങള്‍ക്കു രസിക്കില്ലെന്ന് അയാള്ക്കറിയാമായിരുന്നിരിക്കണം.
രാത്രി പത്തുമണിയായിരുന്നു. അനൗണ്‍സറുടെ കനത്ത ശബ്ദത്തില്‍ ‘ഛായാഗീത്’ എന്ന് റേഡിയോവില്‍ അറിയിപ്പുണ്ടായി. ”മേ നാ ഭൂലൂംഗാ” എന്ന പാട്ടാണ് ഒഴുകിവന്നത്. അതെന്നെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ബോംബേ രാത്രികളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ”മേരാ ജീവന് കോരാ കാഗസ് കോരാ ഹീ രഹ് ഗയാ” എന്ന പാട്ടായിരുന്നു. അതോടെ ഗൃഹാതുരത്വത്തില്പ്പട്ട ഞാന്‍ തളര്‍ന്നുപോയി. ആകാശവാണിക്കും വിവിധ് ഭാരതിക്കും ഒരു വ്യത്യാസവും വന്നിട്ടില്ലല്ലോ എന്ന് അല്പം സന്തോഷത്തോടെ ഞാന്‍ ചിന്തിച്ചു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ചിലതെങ്കിലും മാറ്റം കൂടാതെ നില്ക്കുന്നുണ്ടല്ലോ. അത്രയും നല്ലത്.
റേഡിയോപ്പരിപാടികളും ദിനചര്യയും തമ്മില്‍ ബന്ധമുണ്ട്. റേഡിയോ സുഖമുള്ള ഒരു അലാറം പോലെയാണ്. പശ്ചാത്തലത്തില്‍ ഓരോ പാട്ടും ഓരോ പരസ്യവും നമുക്കുള്ള സൂചനകളാണ്. സെക്കന്റുകള്ക്കുവരെ സമയം പാലിക്കുന്ന ആകാശവാണിയേക്കുറിച്ചു മാത്രമാണ് ഇതു പറയാവുന്നത്. എന്റെ ബോംബേജീവിതത്തില് വിവിധ് ഭാരതിക്ക് നല്ല സ്ഥാനമുണ്ടായിരുന്നു. രാവിലെ 7.30നുള്ള ‘സംഗീത് സരിത’ തുടങ്ങുമ്പോഴാണ് ജോലിക്കിറങ്ങാറ്. രാത്രി ഏഴു മണിക്കുള്ള ‘ഫൗജി ഭായിയോ കാ ഫെര്മായിഷ്’ തുടങ്ങുമ്പോഴാണ് ജോലി കഴിഞ്ഞെത്തുക. രാത്രി 10 മണിക്കുള്ള ‘ഛായാഗീത്’ കഴിഞ്ഞിട്ടേ കിടക്കാറുള്ളൂ. ബാസു ഭട്ടാചാര്യയുടെ ‘അനുഭവ്’ എന്ന സിനിമയില്‍ വിവിധ് ഭാരതിയിലെ പരിപാടികള്‍ ബോംബേദിനചര്യയുമായി മനോഹരമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഏട്ടന്റെ വീട്ടിലെത്തിയപ്പോള്‍ പതിനൊന്നു മണിയായി. ഏട്ടനും ഏട്ടത്തിയമ്മയും അപ്പോഴും ജോലിത്തിരക്കിലായിരുന്നു. ഇരിപ്പുമുറിയിലെ ടിവിയില്‍ എന്തോ നടക്കുന്നുണ്ടെങ്കിലും രണ്ടുപേരും അതു കാണുന്നില്ല. ’ഛായാഗീതി’നിപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല എന്ന് ഞാന്‍ ഏട്ടനെ അറിയിച്ചു. ഏട്ടന് പക്ഷേ എന്റെ ഗൃഹാതുരത്വത്തില്‍ പങ്കുചേരാനുള്ള മൂഡിലായിരുന്നില്ല.
ഏട്ടന്റെ രാത്രികള്‍ വിവിധ് ഭാരതിയില്നിന്നൊക്കെ എത്രയോ കാതം നടന്നുകഴിഞ്ഞിരുന്നു. വിശാലമായ സ്വീകരണമുറിയുടെ അറ്റത്ത് എപ്പോഴും ടിവി എന്തെങ്കിലും വെളിപ്പെട്ടുകൊണ്ടിരിക്കും. രാത്രി വളരെ വൈകി ഉറങ്ങനൊരുങ്ങുമ്പോള് കിടപ്പുമുറിയില്‍ ഏട്ടന് വേള്‍ഡ്സ്പെയ്സ് റേഡിയോ ഓണ്‍ ചെയ്തു വെയ്ക്കും. ‘ഗന്ധര്‍വ്’ എന്ന ചാനലായിരുന്നു ഏട്ടന് പ്രിയങ്കരം. അതില്‍ ഇരുപത്തിനാലു മണിക്കൂറും ഹിന്ദുസ്ഥാനി സംഗീതമായിരുന്നു. രാത്രി വല്ലപ്പോഴും ഉണരുമ്പോള്‍ ഏതെങ്കിലും ഉസ്താദ് ഉറക്കമൊഴിച്ച് നമുക്കുവേണ്ടി പാടിക്കൊണ്ടിരിക്കും.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് വേള്‍ഡ്സ്പെയ്സ് റേഡിയോവിനേപ്പറ്റി വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്ഭുതങ്ങളിലൊന്നായാണ് ഞാന്‍ അതിനെ കണ്ടത്. ആദ്യമാദ്യമൊന്നും അതെന്താണെന്നുതന്നെ മനസ്സിലായിരുന്നില്ല എനിക്ക്. കേരളത്തില്‍ കൊച്ചിയില്‍ ചില റെസ്റ്റോറന്റുകളില്‍ ഈ റേഡിയോ ഉണ്ട് എന്നു വാര്‍ത്ത വന്നിരുന്നു. ഉപഗ്രഹം വഴിയുള്ള പ്രക്ഷേപണമാണെന്ന് പിന്നീടാണ് മനസ്സിലാവുന്നത്. ഉപഗ്രഹത്തില്‍നിന്ന് ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ നമ്മുടെ സാധാരണ റേഡിയോകള്ക്കാവില്ല. പ്രത്യേകതരം റേഡിയോ തന്നെ വേണം. കമ്പം മൂത്തപ്പോള്‍ സുനിലിനോടു പറഞ്ഞ് ദുബായില്‍നിന്ന് യന്ത്രം വരുത്തി.
അനുഷ്ഠാനത്തിന്റെ പവിത്രതയോടെയാണ് പെട്ടി പൊളിച്ചത്. ഹിറ്റാച്ചിയുടെ മനോഹരമായ ഒരു റേഡിയോ. കോണിപ്പടി കയറിയെത്തുന്ന സ്ഥലത്ത് കിഴക്കോട്ട് അഭിമുഖമായി അതിന്റെ ഡിഷ് ഘടിപ്പിച്ചു. 30 ഡിഗ്രി ചെരിവില്‍ വെച്ചാലേ നല്ല ഫലം കിട്ടൂ. മരങ്ങളുടെ തടസ്സം പാടില്ല. റേഡിയോവും സ്പീക്കറുകളും ഊണ്മുറിയിലാണ് സ്ഥാപിച്ചത്. കുറേക്കാലം ഊണിന് ഉപദംശമായിരുന്നു ഉപഗ്രഹറേഡിയോ.
റേഡിയോവില്‍ പല തരത്തിലും ചാനലുകള്‍ തിരഞ്ഞെടുക്കാം. ഭാഷ വഴി, ചാനലുകളുടെ സ്വഭാവം വഴി, രാജ്യങ്ങള്‍ വഴി. നൂറ്റിയിരുപതോളം ചാനലുകള്‍. വാര്‍ത്തകള്‍ വേണ്ടവര്‍ക്ക് അത്, സംഗീതം വേണ്ടവര്‍ക്ക് അത്. സംഗീതത്തില്‍ റോക് വേണോ, പാശ്ചാത്യം വേണോ, ക്ലാസ്സിക്കല്‍ വേണോ, ലളിതസംഗീതം വേണോ. സിഎന്‍എനും ബിബിസിയും ഒക്കെയുണ്ട്. ഡിജിറ്റല്‍ പ്രക്ഷേപണത്തിന്റെ എല്ലാ ശബ്ദമേന്മയും. പുറമേ പരിപാടികള്‍ പ്രോഗ്രാം ചെയ്തു വെയ്ക്കാനുള്ള സൗകര്യവുമുണ്ട്.
ഇന്ത്യയില്‍നിന്നു മാത്രം നാല്പത്തഞ്ചോളം ചാനലുകളുണ്ടായിരുന്നു. ഇടമുറിയാത്ത ഹിന്ദുസ്ഥാനി സംഗീതത്തിന് ‘ഗന്ധര്‍വ്’, കര്‍ണാടകസംഗീതത്തിന് ‘ശ്രുതി’, പഴയ ഹിന്ദിചലച്ചിത്രഗാനങ്ങള്ക്ക് ‘ഫരിഷ്ത’. ‘സ്പന്ദന’, ‘സ്പര്‍ശ’, ‘മാസ്ത്രോ’ തുടങ്ങി വേറെയും സംഗീതചാനലുകള്. കൂട്ടത്തില്‍ മലയാളവുമുണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ ‘ആര് എം റേഡിയോ’. ആര് എം എന്നാല്‍ റെജി മേനോന്.
”ലോകത്തെവിടെയിരുന്നാലും മലയാളം കേള്‍ക്കുമാറാകണം” എന്ന മുദ്രാവാക്യവുമായാണ് ആര് എം റേഡിയോ ഉടലെടുത്തത്. നല്ല പാട്ടുകള്‍ ധാരാളം ഉണ്ടായിരുന്നു ആര് എം റേഡിയോവില്‍. പക്ഷേ ഒരാഴ്ച കേട്ടുകഴിഞ്ഞാല്‍ എല്ലാം ആവര്‍ത്തനമാണെന്നു മനസ്സിലാവും. അറിയിപ്പുകളും പാട്ടിന്റെ വിശദീകരണങ്ങളുമടക്കം എല്ലാം റെക്കോഡ് ചെയ്തവ. ഒരു പാട്ടു കഴിഞ്ഞാല്‍ അടുത്തത് ഏതെന്ന് മുന്‍കൂട്ടി അറിയാവുന്ന അവസ്ഥ.
തുടക്കത്തിലെ പോരായ്മകളാവും അതൊക്കെ എന്നാണ് വിചാരിച്ചത്. വൈകാതെത്തന്നെ വാര്‍ത്തകളും തുടങ്ങുന്നുണ്ട് എന്ന് അറിയിപ്പുണ്ടായിരുന്നു. ആര് എം റേഡിയോവില്‍ പരസ്യം ചെയ്യാന്‍ നിരന്തരം അഭ്യര്‍ഥനകളും ഉണ്ടായിരുന്നു. പരസ്യവരുമാനം കൂടുകയും ചാനല്‍ നല്ല നിലയിലാവുകയും ചെയ്താല്‍ പാട്ടുകളടക്കമുള്ള പരിപാടികള്‍ കൂടുതല്‍ വൈവിധ്യം കൈവരിക്കും എന്ന് പ്രതീക്ഷിച്ചു.
ഞങ്ങള്‍ ഉപഗ്രഹറേഡിയോ വാങ്ങി മൂന്നു കൊല്ലം കഴിയുംമുമ്പേ അത് പ്രവര്‍ത്തനരഹിതമായി. ഏരിയലിന്റെ സ്ഥാനം മാറ്റിമാറ്റിനോക്കിയിട്ടും ഒന്നും കേള്‍ക്കാനാവുന്നില്ല. പിന്നെയാണ് അറിയുന്നത് എല്ലാം പേ-ചാനലുകളായി മാറിക്കഴിഞ്ഞ വിവരം. വര്‍ഷംതോറും 1,200 ഉറുപ്പിക വരിസംഖ്യ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതോടെ ഞങ്ങളുടെ ഉപഗ്രഹറേഡിയോ ഊണ്മുറിയിലെ ഒരു മൂലയില്‍ പൊടിപിടിച്ചുകിടന്നു.
അതേസമയം ഈ റേഡിയോ കേരളത്തില്‍ കൂടുതല്‍ക്കൂടുതല്‍ പ്രചാരത്തിലായിക്കൊണ്ടിരുന്നു. വലിയ ഓഫീസുകളിലും റെസ്റ്റോറന്റുകളിലും വിനോദവസതികളിലും ആശുപത്രികളിലും ഒക്കെ ചാനല്‍ മ്യൂസിക് ആയി ഉപഗ്രഹറേഡിയോ കയറിപ്പറ്റി. ഒരു സമയത്ത് നാലര ലക്ഷം വരിക്കാര്‍ ഇന്ത്യയില്‍ മാത്രമായി വേള്‍ഡ്സ്പെയ്സ് റേഡിയോ കരസ്ഥമാക്കി. അതാവട്ടെ ലോകത്തിലെമ്പാടുമുള്ള വരിക്കാരുടെ 95 ശതമാനത്തോളം വരുന്നതുമായിരുന്നു! ആകെ 130 രാജ്യങ്ങളില്‍ പന്തലിച്ചുനില്ക്കുന്നതായിരുന്നു വേള്‍ഡ്സ്പെയ്സ് എന്നറിയുമ്പോള്‍ നമുക്ക് അത്ഭുതപ്പെടാതിരിക്കാനാവില്ല.
എന്നിട്ടും വേള്‍ഡ്സ്പെയ്സ് റേഡിയോ തകര്‍ച്ച നേരിടുകയായിരുന്നു. പ്രധാനകാരണം പരസ്യവരുമാനമില്ലാത്തതുതന്നെ. 2008 ഒക്ടോബറില്‍ വേള്‍ഡ്സ്പെയ്സ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചു. ഏറ്റവും പ്രചാരത്തിലുള്ള ഇന്ത്യയിലെ പ്രക്ഷേപണം 2009 ഡിസംബര്‍ 31ന് നിര്‍ത്തുകയും ചെയ്തു.
സാങ്കേതികവിദ്യ കുതിച്ചുചാടുന്ന ഇക്കാലത്ത് ഒരുപകരണം എത്രകാലം ജീവിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. പേജര്‍ എന്ന വസ്തുവിനേപ്പറ്റി ഇന്നത്തെ യുവതലമുറ കേട്ടിട്ടുതന്നെയുണ്ടാവില്ല. ഏറ്റവും ആയുസ്സുകുറഞ്ഞ ഉപകരണമായിരുന്നു അതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതിനോടു തൊട്ടുതാഴെയാവും ഒരുപക്ഷേ ഉപഗ്രഹറേഡിയോവിന്റെ സ്ഥാനമെന്നു തോന്നുന്നു.
എന്താണ് വേള്‍ഡ്സ്പെയ്സ് റേഡിയോവിന്റെ പരാജയത്തിന്റെ കാരണം? കുറഞ്ഞപക്ഷം ഇന്ത്യയില്‍?
ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള പുതിയ പുതിയ എഫ് എം ചാനലുകള്‍ ഒരു കാരണമാവാം. 2005 മുതല്‍ 250ല്‍പ്പരം എഫ് എം നിലയങ്ങള്‍ക്കുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇന്ത്യയില്‍ നല്‍കിയത്. മൊബൈല്‍ ഫോണിലുള്ള ലഭ്യത അവര്‍ക്ക് കൂടുതല്‍ അനുകൂലമായി. വാഹനങ്ങളിലുള്ള സ്വീകരണികളും അവര്‍ക്കു സഹായകമായി. വീട്ടിലിരിക്കാന്‍ ആര്‍ക്കം സമയമില്ലല്ലോ. അതുകൊണ്ട് ഇപ്പോള്‍ റേഡിയോ കേള്‍ക്കല്‍ അധികവും യാത്രയ്ക്കിടയിലാണ്. ഉപഗ്രഹറേഡിയോവാകട്ടെ, സ്വീകരണമുറികള്‍ വിട്ടു പുറത്തുകടന്നില്ല. സ്വീകരണമുറികളിലാവട്ടെ ശബ്ദവും രൂപവുമായി ടെലിവിഷന്തന്നെ പ്രജാപതിയായിത്തുടര്ന്നു.
എഫ് എം നിലയങ്ങള്‍ റേഡിയോ ജോക്കികളുടെ കൊഞ്ചലും കൊച്ചുവര്‍ത്തമാനവും കൊണ്ട് ശബ്ദായമാനമാണ്. വളരെ ഗഹനമായ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം തേടും. (ഇന്ന് എന്താഴ്ചയാണ്? ഓപ്ഷന് എ-ഞായറാഴ്ച, ഓപ്ഷന് ബി-ബുധനാഴ്ച, ഓപ്ഷന് സി-വെള്ളിയാഴ്ച. എന്നിട്ടും ഉത്തരം തോന്നാത്തവര്‍ക്ക് ഒരു ലോഹത്തിന്റെ പേരാണ് എന്ന് ‘ക്ലൂ’വും കൊടുക്കും. വെള്ളിയാഴ്ച എന്നു പറഞ്ഞാല്‍ ഒരു ടീഷര്‍ട്ട് സമ്മാനം.) ഉപഗ്രഹചാനലില്‍ പാട്ടു കേട്ടാല്‍ ടീഷര്‍ട്ട് കിട്ടില്ലെന്നതുപോട്ടെ, വരിസംഖ്യ എണ്ണിക്കൊടുക്കുകയും വേണമെന്നു വന്നു. കല്‍പ്പറ്റ നാരായണന് പറഞ്ഞതുപോലെ ഒരുരുളയുണ്ണാന് പോലും സൗജന്യം ആവശ്യപ്പെടുന്ന നമ്മളുണ്ടോ പണം കൊടുത്ത് പാട്ടുകേള്ക്കുന്നു!
ഐപോഡിന്റേയും എംപിത്രീ പ്ലെയറുകളുടേയും പ്രചാരവും ഉപഗ്രഹറേഡിയോവിനെ പ്രതികൂലമായി ബാധിച്ചിരിക്കാം. ഡിജിറ്റല്‍ ക്വാളിറ്റി എന്നു പറയുന്നുണ്ടെങ്കിലും അത് ഇഷ്ടസമയത്ത് ഇഷ്ടസ്ഥലത്തുവെച്ചു കേള്‍ക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ലല്ലോ ഉപഗ്രഹറേഡിയോവില്. ഐപോഡും എംപീത്രീ പ്ലെയറും ഭാരക്കുറവുകൊണ്ടും വിലക്കുറവുകൊണ്ടും ആളുകളുടെ കയ്യില്‍ നിറയുകയും ചെയ്തു. നിരവധി ഓണ്‍ലൈന്‍ റേഡിയോകള്‍ പ്രചാരത്തിലായതും ഇക്കാലത്താണ്.
അവസാനമായി പ്രധാനമായ മറ്റൊരു കാരണവുമുണ്ട്. ഉപഗ്രഹറേഡിയോവിലെ പരിപാടികള്‍ ഉന്നതനിലവാരമാണ് പുലര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ അവ ജനപ്രിയവുമായില്ല. ശാസ്ത്രീയസംഗീതത്തിന്റെ ധാരാളിത്തം സാധാരണ കേള്‍വിക്കാരെ അകറ്റിയിരിക്കാം. ഇതു നമുക്കുള്ളതല്ല എന്ന് അവര്‍ ധരിച്ചിരിക്കാം.
ഞങ്ങളുടെ ഊണു കഴിഞ്ഞപ്പോള്‍ ഏട്ടനും ഏട്ടത്തിയമ്മയും പണി നിര്‍ത്തി ഒപ്പം ചേര്‍ന്നു. വൈകുവോളം വര്‍ത്തമാനം പറഞ്ഞിരുന്നു. കൂട്ടത്തില്‍ ഞങ്ങളിലാരുടെയോ കണ്ണുകള്‍ ഒന്നടഞ്ഞപ്പോള് ”ഇനി ഉറങ്ങാം” എന്നു പറഞ്ഞ് ഏട്ടന് എഴുന്നേറ്റു.
ബംഗളൂരില്‍ നല്ല തണുപ്പുണ്ടായിരുന്നു. ഏട്ടത്തിയമ്മ വലിയ കമ്പിളിപ്പുതപ്പുകള്‍ എടുത്തുതന്നു. രാവിലെ എങ്ങോട്ടും പോവേണ്ടതില്ലാത്തതുകൊണ്ട് എത്ര നേരമെങ്കിലും മൂടിപ്പുതച്ചുറങ്ങാം. അതിമനോഹരമായ ഒരു ഫെബ്രുവരി രാത്രി.
സഫലമായ ഈ ബംഗളൂര്രാത്രിയില് ഗന്ധര്‍വ്വന്റെ കൂട്ട് ഉണ്ടാവില്ലല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍മ്മിച്ചത്. ഇന്നു രാത്രി ഇടയ്ക്ക് ഉണരുമ്പോള്‍ ഉസ്താദുമാര്‍ ഉറക്കമൊഴിച്ച് ഞങ്ങള്‍ക്കുവേണ്ടി പാടില്ലല്ലോ. കിടപ്പുമുറിയിലെ ഒരു മൂലയില്‍ മൂടിപ്പുതച്ച് എപ്പോഴോ ഉറക്കമായ ഉപഗ്രഹറേഡിയോവിനെ ഞാന്‍ സങ്കടത്തോടെ നോക്കി.