ജനയുഗം വാര്‍ത്തകള്‍

യു ഡി എഫ് പ്രചാരണത്തിന് പണമിറക്കുന്നത് കോര്‍പറേറ്റുകളും അമേരിക്കയും: കോടിയേരി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

കാസര്‍കോട്: കേരളത്തില്‍  യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു  വേണ്ടി  കോര്‍പറേറ്റുകളും അമേരിക്കയും വന്‍തോതില്‍ പണം ഒഴുക്കിത്തുടങ്ങിയെന്നും ഈ കൊച്ചുസംസ്ഥാനത്തില്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ ഹെലികോപ്റ്ററില്‍ പ്രചരണത്തിന് പോകുന്നത്  അതിനുള്ള തെളിവാണെന്നും സി പി എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍  മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മന്ത്രിമാരെപ്പോലും തീരുമാനിക്കുന്നത് അമേരിക്കയും കോര്‍പറേറ്റുകളുമാണെന്നത് വെളിച്ചത്തുവന്നകാര്യമാണ്. ഇക്കാര്യം വിക്കീലീക്‌സും വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നേരിട്ടെത്തിയത് അമേരിക്കയിലെ കോണ്‍സുലേറ്റ് ജനറലാണ്. സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളുമാണ് ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസിന്‌വേണ്ടി പ്രധാനമായും പണം ഒഴുക്കുന്നത്.
ദേശീയ രാഷ്ട്രീയവും കേരളത്തിലെ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ്   പ്രധാനമായും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. യു പി എ സര്‍ക്കാര്‍ 25 ശതമാനമാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്.  റേഷന്‍ സംവിധാനം വഴി രണ്ടുരൂപയ്ക്ക് അരി നല്‍കിയാണ് കേരളം വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയത്. കോര്‍പറേറ്റുകള്‍ക്കായി വന്‍തോതിലുള്ള ആനുകൂല്യമാണ് കോണ്‍ഗ്രസും യു പി എ സര്‍ക്കാരും ചെയ്തുവരുന്നത്. അതിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന് ചെയ്തുകൊടുക്കുന്നത്. കുത്തക മുതലാളിമാരും ബഹുരാഷ്ട്രഭീമന്‍മാരും കോര്‍പറേറ്റുകളും സംരക്ഷിക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നതിനാല്‍ ഈ വിഭാഗം അതിനായി ശ്രമിക്കുന്നു.
സീറ്റുവിഭജനത്തെത്തുടര്‍ന്ന് യു ഡി എഫിലെ  പല കക്ഷികള്‍ക്കും അതില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. മഞ്ചേശ്വരത്തും കാസര്‍കോടും മുസ്‌ലിം ലീഗിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന പ്രചരണത്തിന് ഇതുവരെയും ലീഗ് നേതാക്കള്‍ മറുപടി പറഞ്ഞിട്ടില്ല. അബ്ദുല്‍ വഹാബിനെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയാക്കിയാണ് ലീഗ് ഇത്തരത്തില്‍ പണച്ചാക്കുകളെ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി ഇറക്കിക്കൊണ്ടുവന്നത്. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയാണ് കോണ്‍ഗ്രസിന് വേണ്ടി പണം മുടക്കുന്ന മറ്റൊരു ഏജന്‍സി. അസമില്‍ നിന്ന് മൂന്നുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണിത്. ഇതിനകം 4000 കോടിരൂപ നല്‍കിയെന്നാണ് വിവരം. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ സാധാരണക്കാരില്‍നിന്നും പണം പിരിച്ചാണ് തിരഞ്ഞെടുപ്പിന് ചെലവഴിക്കുന്നതെന്നും കോടിയേരി പറഞ്ഞു. പി കരുണാകരന്‍ എം പി, സി പി എം ജില്ലാസെക്രട്ടറി കെ പി സതീശ് ചന്ദ്രന്‍ എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് സിബിജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എ ഷാഫി സ്വാഗതം പറഞ്ഞു.

Advertisements

Posted in വാര്‍ത്ത | Tagged: | Leave a Comment »

കെ കെ രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ പ്രസ്താവനയില്‍ സഘടനാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സീറ്റ് കിട്ടാത്തതില്‍ അതൃപ്തിയുള്ളവര്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ പ്രസ്താവനയുമായി വരുന്നത് കര്‍ശനമായി വിലക്കിയതാണ്. രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല. അതില്‍ സംഘടനാവിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കും. രാമചന്ദ്രന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് ചെന്നിത്തല പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാമചന്ദ്രന്‍ ഉന്നയിക്കുന്നതെന്നും അതിനെ ഗൗരവമായി കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Posted in വാര്‍ത്ത | Leave a Comment »

വര്‍ക്കലയില്‍ യു ഡി എഫിന് അടവുകള്‍ പിഴയ്ക്കുന്നു

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

യുവത്വത്തിന്റെ പ്രസരിപ്പുമായി മണ്ഡലത്തില്‍ ഓടിനടക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എ റഹീമിന് മുന്നില്‍ നാലാം അങ്കത്തിനിറങ്ങുന്ന യു ഡി എഫിലെ വര്‍ക്കല കഹാറിന് അടവുകള്‍ പിഴയ്ക്കുകയാണ്. രാഷ്ട്രീയ സമരങ്ങള്‍ നല്‍കിയ അനുഭവസമ്പത്തിന്റെ കരുത്തുമായി പ്രചരണ രംഗത്ത് മുന്നേറുന്ന എല്‍ ഡി എഫ് സ്ഥാനാ ര്‍ഥിയെ മണ്ഡലത്തിലെ ജനങ്ങള്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.  പൂര്‍ണമായും തീരദേശ മണ്ഡലമായിരുന്നു പഴയ വര്‍ക്കല. ഇടവ, ഇല കമണ്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, മണമ്പൂര്‍, ഒറ്റൂര്‍, ചെമ്മരുതി പഞ്ചായത്തുകളും വര്‍ക്കല നഗരസഭയുമാണ് പഴയ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തോടെ ഒറ്റൂര്‍, മണമ്പൂര്‍, ചെറുന്നിയൂര്‍ പഞ്ചാ യത്തുകള്‍ വിട്ടുപോകുകയും പകരം മലയോര തോട്ടം മേഖല യായ മടവൂര്‍, പള്ളിക്കല്‍, നാവായിക്കുളം പഞ്ചായത്തുകള്‍ ചേര്‍ക്കപ്പെടുകയും ചെയ്തു. നിലവില്‍ വര്‍ക്കല മണ്ഡല ത്തില്‍ വര്‍ക്കല നഗരസഭ, നാവായിക്കുളം, പള്ളിക്കല്‍, മടവൂര്‍, ചെമ്മരുതി, ഇലകമണ്‍, ഇടവ, വെട്ടൂര്‍ പഞ്ചായ ത്തുകളാ ണുള്ളത്. മടവൂര്‍, പള്ളിക്കല്‍, ഇലകമണ്‍, ചെമ്മരുതി ഗ്രാമപ ഞ്ചായത്തുകളും വര്‍ക്കല നഗര സഭയും യു ഡി എഫ് ഭരണത്തിന്‍ കീഴിലാണ്. നാവായി ക്കുളം, ഇടവ, വെട്ടൂര്‍ പഞ്ചായത്തുകളുടെ ഭരണം എല്‍ ഡി എഫിന്റെ കൈകളിലുമാണ്. മടവൂര്‍, പള്ളിക്കല്‍, ഇലകമണ്‍, ചെമ്മരുതി, വര്‍ക്കല നഗരസഭ എന്നിവ എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫും, യു ഡി എഫ് ഭരിച്ചിരുന്ന ഇടവ, വെട്ടൂര്‍ പഞ്ചാ യത്തുകള്‍ എല്‍ ഡി എഫും പിടിച്ചെടുക്കുകയായിരുന്നു. പഴയ കിളിമാനൂര്‍ മണ്ഡലത്തില്‍ നിന്നാണ് നാവായിക്കുളവും പള്ളിക്കലും മടവൂരും വര്‍ക്കല യിലേക്ക് ചേര്‍ക്കപ്പെട്ടത്. കൂട്ടി ച്ചേര്‍ക്കപ്പെട്ട മടവൂര്‍, പള്ളിക്കല്‍, നാവായിക്കുളം പഞ്ചായത്തുക ളും വര്‍ക്കലയില്‍ തന്നെ യുള്ള ചെമ്മരുതിയും ഇലക മണും ഇടതു കോട്ടകളായാണ് അറിയ പ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമ സ ഭാ മണ്ഡല ത്തില്‍ എല്‍ ഡി എഫിനായിരുന്നു ലീഡ്. നഗര സഭ ഉള്‍പ്പെ ടെ ഒരിടത്തുപോലും യു ഡി എഫിന് ലീഡ് നേടാനായില്ല. ഇടവയില്‍ 925 ഉം ഇലകമണില്‍ 983ഉം നാവായി ക്കുളത്ത് 1009 ഉം പള്ളിക്കലില്‍ 478 ഉം മടവൂരില്‍ 724ഉം ചെമ്മരു തിയില്‍ 2169 ഉം വെട്ടൂരില്‍ 422 ഉം വര്‍ക്കല നഗരസഭയില്‍ 450 ഉം വോട്ടുകള്‍ എല്‍ ഡി എഫിന് കൂടുതല്‍ ലഭിച്ചു. ആകെ 7160 വോട്ടുകളുടെ ലീഡാണ് മണ്ഡലത്തില്‍ നിന്ന് ഇടതു ജനാധിപത്യ മുന്നണിക്ക് ലഭിച്ചത്.
1965 ല്‍ കോണ്‍ഗ്രസിലെ കെ ഷാഹുല്‍ ഹമീദ് വിജയിച്ച തൊഴിച്ചാല്‍ പിന്നീട് 2001 വരെയും നിയമസഭാ തിരഞ്ഞെ ടു പ്പില്‍ എല്‍ ഡി എഫ് സ്ഥാനാ ര്‍ഥികള്‍ വിജയം തുടര്‍ന്നു. 1967 ല്‍ സി പി ഐയിലെ  ടി എ മജീദ് 6911 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 1970ലും 1977ലും ടി എ മജീദ് വിജയം ആവര്‍ത്തിച്ചു. 1980 മുതല്‍ 1991 വരെ സി പി എമ്മിലെ വര്‍ക്കല രാധാ കൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1996 ല്‍ എ അലിഹസന്‍ എല്‍ ഡി എഫി നായി വിജയം ആവര്‍ത്തിച്ചു. 2001ല്‍ വര്‍ക്കല കഹാര്‍ മണ്ഡ ലം കോണ്‍ഗ്രസ് പക്ഷത്താക്കി. 2006ല്‍ ഭൂരിപക്ഷം നന്നേ കുറഞ്ഞെങ്കിലും വിജയിക്കാന്‍ ക ഹാറിന് കഴിഞ്ഞു.
പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കാര്യത്തില്‍ എ എ റഹീമിന് സംശയം അശേഷമില്ല. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായ എ എ റഹീം കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. എസ് എഫ്  ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2004-05ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. 2005-06 ല്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ  ഭരണനേട്ടങ്ങള്‍ പ്രയോജനം ചെയ്തിട്ടുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. കശുഅണ്ടി തൊഴിലാളികള്‍ ധാരാളമുള്ള മണ്ഡലമാണിത്. അവരുടെ ശമ്പളം രണ്ട് തവണ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കുകയുണ്ടായി. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷനും വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷനുകളും ഇടതു ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കുന്നു. ലോക ടൂറിസം ഭൂപടത്തില്‍ വര്‍ക്കലയ്ക്ക് സ്ഥാനം നേടിയെടുക്കത്തക്ക വിധത്തിലുള്ള സമഗ്ര ടൂറിസം പദ്ധതി, കശുഅണ്ടി, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍, പുലിമുട്ടുകളും ഫിഷിംഗ് ഹാര്‍ബറുകളും സ്ഥാപിക്കല്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികളാണ് എല്‍ ഡി എഫ് ജനങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരണരംഗത്ത് എല്‍ ഡി എഫ് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്‍ ഡി എഫിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള ബാനറുകളും ചുവരെഴുത്തുകളും ദൃശ്യമാണ്. എല്‍ ഡി എഫ് ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയായിക്കഴി ഞ്ഞു. പഞ്ചായത്തു തല കണ്‍ വെന്‍ഷനുകള്‍ കഴിഞ്ഞ് ബൂത്തുതല കണ്‍വെന്‍ഷനുകള്‍ അടു ത്ത രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. വരുംദിവസങ്ങളില്‍ ഇടതു ജനാധിപത്യ മുന്നണിയുടെ സംസ്ഥാന നേതാക്കള്‍ പ്രചരണത്തിനായി മണ്ഡലത്തിലെത്തും.  കെ എസ് യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി സി സി ജനറല്‍ സെ ക്രട്ടറി, കെ പി സി സി അംഗം, ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ച യു ഡി എഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാറിന് കോണ്‍ഗ്രസ്സിലെ പാളയത്തില്‍ പടയും വെല്ലുവിളി ഉയര്‍ത്തുകയാണ്. ചെറുന്നിയൂര്‍ ഗണേശ് റിബല്‍ സ്ഥാനാ ര്‍ഥിയായി മത്സരരംഗത്തുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ വാദം അംഗീകരിക്കാതെ വീണ്ടും കഹാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയും ശക്തമായ പ്രതിഷേധമാ ണ് മണ്ഡലത്തിലുടനീളമുള്ളത്.പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റായ ഇലകമണ്‍ സതീശനാണ് ബി ജെ പി സ്ഥാനാര്‍ഥി. വര്‍ക്കല നി യോജക മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.  1,50,320 വോട്ടര്‍ മാരാ ണ് മണ്ഡലത്തി ലുള്ളത്. 64,856 പുരുഷന്‍ മാരും 85,464 സ്ത്രീകളും. 2006 ല്‍ ആകെ 127337 വോട്ടര്‍ മാരാണു ണ്ടായിരുന്നത്. ഇത്തവണ 22,983 പേര്‍കൂടു തലുണ്ട്. 2006 ലേതുപോലെ ഇത്തവണയും സ്ത്രീ വോട്ടര്‍മാരാണ്  കൂടുതല്‍.

Posted in വാര്‍ത്ത | Tagged: | Leave a Comment »

ജനാഭിലാഷത്തെ കള്ളപ്പണം ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

കാട്ടായിക്കോണം: ജനാഭിലാഷത്തെ കള്ളപ്പണം കൊണ്ട് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്നതിനെ ബലപ്പെടുത്തുന്നതാണ് വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബി ശ്രീധറിന്റെ പതിനേഴാമത് ചരമവാര്‍ഷിക ദിനാചരണം കാട്ടായിക്കോണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കേരളം അഞ്ചുവര്‍ഷം കൊണ്ട് നേടിയതും രാജ്യത്തിനാകെ മാതൃകയായതുമായ പുതിയ വികസന നയവും ക്ഷേമ പ്രവര്‍ത്തനങ്ങളും സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ യു ഡി എഫ് അട്ടിമറിക്കാതിരിക്കാന്‍വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വി എസ്സിന്റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബി ശ്രീധറിന്റെ സ്മരണ പുതുക്കി മുന്നിട്ടിറങ്ങണമെന്ന് സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നുവര്‍ഷക്കാലം തിരുവനന്തപുരം നഗര വികസന അതോറിറ്റി ചെയര്‍മാനായി നടപ്പാക്കിയ നഗരാസൂത്രണ പദ്ധതികള്‍ മാതൃകയായി സ്വീകരിച്ച് കഴക്കൂട്ടത്തെ സമഗ്രവികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി അജയകുമാര്‍ അഭ്യര്‍ഥിച്ചു.
മന്ത്രി എം വിജയകുമാര്‍, എ സമ്പത്ത് എം പി, പി എന്‍ രാമചന്ദ്രകുറുപ്പ്, എസ് എം ഹനീഫ, ബി രമേശന്‍, കാട്ടായിക്കോണം അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Posted in വാര്‍ത്ത | Tagged: , | Leave a Comment »

വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് മരുന്നുകളുടെ വിലവര്‍ധന ഇരുട്ടടിയായി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 21, 2011

രാജേഷ് വെമ്പായം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് മരുന്നുകളുടെ വിലവര്‍ധന ഇരുട്ടടിയായിരിക്കുകയാണ്. ഇന്‍സുലിന്‍ അടങ്ങിയ മരുന്നുകളുടെ വില അഞ്ചുമുതല്‍ 18 ശതമാനം വരെ വര്‍ധിപ്പിക്കുവാന്‍ മരുന്നു വില നിര്‍ണയിക്കുന്നതിനുള്ള ദേശീയ അതോറിറ്റിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി എടുത്ത തീരുമാനം പ്രമേഹബാധിതരെയും ക്ഷയരോഗികളെയും മാത്രമല്ല പൊതുജനങ്ങളെ മുഴുന്‍ ബാധിക്കുന്നതാണ്. ഈ തീരുമാനപ്രകാരം 62 മരുന്നുകളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. അസംസ്‌കൃത പദാര്‍ഥങ്ങളുടെ വിലയിലും പാക്കിംഗ് ചാര്‍ജിലുമുണ്ടായ വര്‍ധനയും മറ്റുമാണ് മരുന്നുവില കൂട്ടല്‍ അനിവാര്യമാക്കിയതെന്ന വാദമാണ് അതോറിറ്റി ചെയര്‍മാന്‍ എസ് എം ജര്‍വാള്‍ ഉന്നയിക്കുന്നത്. തദ്ദേശീയ മരുന്നു കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിലവര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരുന്നുകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലവര്‍ധിച്ചിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായി. ഇന്‍സുലിന്‍ അടങ്ങിയ പ്രമേഹ ഔഷധങ്ങളുടെ വില 75 ശതമാനമാണ് വര്‍ധിച്ചത്. അഞ്ചുവര്‍ഷം മുമ്പ് ഇന്‍സുലിന്റെ വില 113 രൂപയായിരുന്നത് ഇപ്പോള്‍ 169 രൂപയായി വര്‍ധിച്ചിരിക്കുന്നു. പാരസെറ്റമോള്‍ ഗുളികയടങ്ങിയ ഒരു സ്ട്രിപ്പിന്റെ വില ഒരു രൂപ മുതല്‍ രണ്ടര രൂപവരെ വര്‍ധിച്ചിട്ടുണ്ട്. ഉദരരോഗങ്ങള്‍ക്കുപയോഗിക്കുന്ന ഒമിസിനും നാലുവര്‍ഷം കൊണ്ട് എട്ടുരൂപയുടെ വര്‍ധനവുണ്ടായി. തൈറോയ്ഡിനുള്ള എലക്‌ട്രോക്‌സിന് കഴിഞ്ഞ വര്‍ഷം 88 രൂപയായിരുന്നത് ഇപ്പോള്‍ 96.50 രൂപയായി വര്‍ധിച്ചു. സിറപ്പുകളുടെ വില ഒന്‍പതു മുതല്‍ 10 രൂപവരെയും ആന്റിബയോട്ടിക്കുകളുടെ വില 10 മുതല്‍ 17 വരെയും വര്‍ധിച്ചു. സകല ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും ഭക്ഷ്യ, ഇന്ധന വിലവര്‍ധവിന്റെ കാര്യത്തില്‍ ഉണ്ടാകാറുള്ള സംഘടിതമായ ചെറുത്തുനില്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടാകാത്തത് കമ്പനികള്‍ക്ക് അനുഗ്രഹമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മരുന്നുകളുടെ വിലവര്‍ധന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പനയക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഒരേ മരുന്നുകള്‍ക്ക് പല വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. പ്രമുഖ കമ്പനികളുടെ മരുന്നുകളുടെ അതേ പേരിലുള്ള ഗുണനിലവാരമില്ലാത്തെ മരുന്നുകളും പലയിടത്തും വിതരണം ചെയ്യുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളും വന്‍തോതില്‍ മരുന്ന് വാങ്ങുമ്പോഴുണ്ടാകുന്ന അമിത ചിലവ് കുറയ്ക്കുന്നതിന് ഇത്തരം നിലവാരമില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും സൂറത്തിലും കുടില്‍ വ്യവസായമായി ഉല്‍പാദിപ്പിക്കുന്ന അമോക്‌സിലിന്‍ പോലുള്ള പല മരുന്നുകളും ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നു.
കുറഞ്ഞ ഉല്‍പാദനചിലവോടെ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഉല്‍പാദന ചിലവിനെക്കാള്‍ 1000 മടങ്ങുവരെ വിലയാണ് പല കമ്പനികളും ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ അവശ്യമരുന്നുകളുടെ വില നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ പട്ടികയില്‍ 76 എണ്ണമാണുള്ളത്. രോഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത് പരിഗണിച്ച് ഈ പട്ടിക 350 എണ്ണമായി വര്‍ധിപ്പിക്കണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നിസംഗമായാണ് പ്രതികരിക്കുന്നത്. ഇന്ത്യക്കാരില്‍ 65 ശതമാനം പേര്‍ക്കും ഇപ്പോഴും അവശ്യമരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരുന്നുകളുടെ ക്രമാതീതമായ വിലവര്‍ധന തടയുന്നതിന് ഇന്ത്യന്‍ മരുന്നു കമ്പനികളെ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ഏറ്റെടുക്കലുകള്‍ അവശ്യ മരുന്നുകളുടെ ലഭ്യതയെ തന്നെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഈ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. പേറ്റന്റ് നിയമത്തിലും കാലോചിതമായ പരിഷ്‌കരണം നടത്തണം. പേറ്റന്റ് എടുക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ മറ്റ് പ്രാദേശിക മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് ഉല്‍പാദിപ്പിക്കുവാന്‍ അനുമതി നല്‍കണം. പേറ്റന്റ് ഉടമയുടെ അനുമതിയില്ലാതെ അതേ ഉല്‍പന്നം നിര്‍മിക്കാന്‍ മറ്റൊരു കമ്പനിയെ അനുവദിക്കുന്ന നിര്‍ബന്ധിത ലൈസന്‍സിംഗ് കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനവും കടലാസ്സില്‍ ഒതുങ്ങുകയാണ്. അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
ഔഷധകമ്പോളം കുത്തക കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നീതി, മാവേലി മെഡിക്കല്‍ സ്റ്റോറുകളാണ് മരുന്ന് വിലവര്‍ധനവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കിയത്. റീട്ടെയില്‍ രംഗത്തേക്ക് റിലയന്‍സ് പോലുള്ള കുത്തകള്‍ കടന്നുവരുന്നത് ഔഷധമേഖലയെ ആകെ തകര്‍ക്കുമെന്ന ആശങ്കയും വര്‍ധിച്ചുവരികയാണ്.

Posted in വാര്‍ത്ത | Leave a Comment »

കോണ്‍ഗ്രസ് സാധ്യതാപട്ടിക: വ്യാപക പ്രതിഷേധം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 21, 2011

കൊച്ചി/ആലപ്പുഴ: കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉയരുന്നു. വിവിധ വിഭാഗങ്ങള്‍ സാധ്യതാ പട്ടികയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.  യുഡിഎഫ് സ്ഥാനാര്‍ഥിപട്ടികയ്‌ക്കെതിരെ സുറിയാനി സഭയുടെ അങ്കമാലി രൂപതയും പ്രതിഷേധവുമായി രംഗത്തെത്തി. എറണാകുളം ജില്ലയിലെ സാധ്യതാ പട്ടിയില്‍ ഒരു വനിതാ നേതാവ് ഇല്ലാത്തത് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തി.
മധ്യ കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഒരാളെ പോലും സ്ഥാനാര്‍ഥിയാക്കാത്ത യുഡിഎഫ് നടപടി തിരുത്തണമെന്ന് അതിരൂപതാ വൈദികസമിതിയും പാസ്റ്ററല്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.  അഞ്ച് ലക്ഷത്തോളം വരുന്ന സുറിയാനി കത്തോലിക്കരുടെ വോട്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്ന് ഓര്‍ക്കണമെന്നും വൈദികസമിതി സെക്രട്ടറി ഫാ. ജോയ്‌സ് കൈതക്കോട്ടിലും പാസ്റ്ററില്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിനു ജോണും പ്രസ്താവനയില്‍ പറഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണയ്ക്കുന്ന വിഭാഗമാണ് സുറിയാനി കത്തോലിക്കര്‍. പതിനാറ് മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാണെന്ന കാര്യം യുഡിഎഫും തിരിച്ചറിയണം. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ പ്രധാന ഘടകവുമാണ്.
തദ്ദേശതിരഞ്ഞെടുപ്പിലും പാര്‍ട്ടി സംഘടനാ സംവിധാനത്തിലും തുടര്‍ന്നുവരുന്ന അവഗണനയാണ് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. തിരഞ്ഞെടുപ്പുകാലത്ത് അതിരൂപതയുടെയും വിശ്വാസികളുടെയും സഹായം തേടുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്നത് തിരുത്തണം. സ്ഥാനാര്‍ഥി പട്ടികയില്‍ സുറിയാനി കത്തോലിക്കരായ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ സീറ്റ് ലത്തീന്‍ സമുദായത്തില്‍പെട്ടവര്‍ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സഭാ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പി ജെ മാത്യുവിന്റെ പേരാണ് സഭാനേതൃത്വം നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസിസി, കെപിസിസിക്ക് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പി ജെ മാത്യുവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും അവസരം നല്‍കണമെന്ന് എഐസിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അരൂരില്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് മത്സരിച്ചേക്കും. അങ്ങനെയെങ്കില്‍ സിറ്റിംഗ് എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ എ എ ഷുക്കൂര്‍ ആലപ്പുഴയിലായിരിക്കും മത്സരിക്കുക. ഇതുസംബന്ധിച്ച് എഐസിസിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ സഭാഅധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എ എ ഷുക്കൂര്‍ എംഎല്‍എ ബിഷപ്പിനെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സൂചന. ആലപ്പുഴയില്‍ മത്സരിക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തോട് ഷുക്കൂര്‍ വിയോജിപ്പും അറിയിച്ചിച്ചുണ്ട്.
അങ്കമാലിയിലും പെരുമ്പാവൂരിലും ആലുവയിലും മൂവാറ്റുപുഴയിലും സാധ്യതാപട്ടിയിലെ സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആലുവയില്‍ അന്‍വര്‍സാദത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ചെന്നിത്തല ഗ്രൂപ്പിനെ പിളര്‍ത്തി. ഐ ഗ്രൂപ്പിലെ ഷിയാസിന്റെയൂം മുനീറിന്റെയൂം നേതൃത്വത്തിലുള്ള വിഭാഗവും എഗ്രൂപ്പിലെ എം ഒ ജോണും ഷാഫി മേത്തറും അടക്കമുള്ള നേതാക്കളും എഐസിസിക്ക് പരാതി നല്‍കി.  കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച അങ്കമാലി മണ്ഡലം കേരളകോണ്‍ഗ്രസിന് നല്‍കിയത് അവിടുത്തെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മനോജ് മൂത്തേടന്‍ നോട്ടമിട്ടിരുന്ന സീറ്റില്‍ ജോണി നെല്ലുര്‍ സ്ഥാനാര്‍ഥിയായതാണ് അങ്കമാലി അതിരൂപതയെയും പ്രകോപിച്ചത്. പെരുമ്പാവൂരില്‍ പി പി തങ്കച്ചന്‍ സ്വയം ഒഴിഞ്ഞതയാണ് വിവരം. ഇവിടെ വി ജെ പൗലോസിനെയാണ് പരിഗണിക്കുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെയും. ഇവര്‍ രണ്ടുപേരും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി മോഹികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകള്‍ പരസ്യമായി സ്ഥാനാര്‍ഥിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. കോതമംഗലത്ത് കുരുവിള വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് കോണ്‍ഗ്രസില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ടി യു കുരുവിളയ്‌ക്കെതിരെ  മാര്‍ച്ച് നടത്തിയതിന് ഇപ്പൊഴും കോണ്‍ഗ്രസ് നേതാക്കള്‍ കോടതി കയറി ഇറങ്ങുകയാണ്.
എംഎല്‍എമാരായ കെ ബാബുവും ഡൊമനിക് പ്രസന്റേഷനുമാണ് ഇതിനേക്കാള്‍ വല്ലാത്ത കുരുക്കില്‍പെട്ടിട്ടുള്ളത്. തങ്ങള്‍ മത്‌സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മണ്ഡലങ്ങളിലേക്കാണ് ഇരുവരെയും പരിഗണിക്കുന്നത്.

Posted in വാര്‍ത്ത | Tagged: | Leave a Comment »

ജയലളിത ശ്രീരംഗത്ത് മത്സരിക്കും

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 20, 2011

ചെന്നെ: എ ഐ എ ഡി എം കെ നേതാവ് ജയലളിത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗത്തുനിന്നും മത്സരിക്കും. എ ഐ എ ഡി എംകെയുടെ ഇന്നലെ പുറത്തിറക്കിയ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍തന്നെ അവരുടെ പേര് സ്ഥാനംപിടിച്ചു., ഏപ്രില്‍ 13നാണ് തമിഴ്‌നാട് നിയമസഭി തിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി വിജയിച്ച തിരുച്ചിറപ്പള്ളി ലോക്‌സഭാ മണ്ഡലത്തിലാണ് ശ്രീരംഗം നിയമസഭാ മണ്ഡലം സ്ഥിതിചെയ്യുന്നത്.
എ ഐ എ ഡി എം കെ പ്രിസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍ ചെന്നൈയിലെ ആര്‍ കെ നഗറിലും മന്ത്രിയായിരുന്ന ഡി ജയകുമാര്‍ റോയപുരം സീറ്റിലും മത്സരിക്കും. മുന്‍ മന്ത്രി ബി വലര്‍മതി തൗസന്റ് ലൈറ്റ്‌സിലും മുന്‍ എം പി ഗോകുലം ഇന്ദിരം ഇപ്പോള്‍ തമിഴഴ്‌നാട് ഉപമുഖ്യമന്ത്രിയായ എം കെ സ്റ്റാലിന്‍ പ്രതിനിധാനം ചെയ്യുന്ന അണ്ണാനഗറിലാവും ഭാഗ്യം പരീക്ഷിക്കുക. നിലവില്‍ എം എല്‍ എ മാരായിട്ടുള്ള നാലുപേര്‍ക്ക് വീണ്ടും സീറ്റ് അനുവദിച്ചിട്ടുണ്ട്.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മത്സരിക്കും

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 20, 2011

തിരുവനന്തപുരം: ജനതാദള്‍ എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മത്സരിക്കും. മാത്യു ടി തോമസ് തിരുവല്ലയിലും സാദിഖ് അലി മഠത്തില്‍ മലപ്പുറത്തും ജമീല പ്രകാശം കോവളത്തും ജനവിധി തേടും. വടകരയുടെ കാര്യത്തില്‍ തീരുമാനമായില്ല.

Posted in വാര്‍ത്ത | Tagged: , | Leave a Comment »

അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി റദ്ദാക്കണം: മനുഷ്യാവകാശ കമ്മിഷന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 20, 2011

തിരുവനന്തപുരം: രണ്ടു രൂപയ്ക്ക് അരിവിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം തടസ്സപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അടിയന്തിരമായി റദ്ദുചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ ഉത്തരവിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സംസ്ഥാനത്തെ മുഴുവന്‍പേര്‍ക്കും പ്രയോജനം ലഭിക്കുന്ന തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദ് ചെയ്തതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അരിവിതരണം തടസ്സപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് കണ്ണൂര്‍ പാതിരയോട് സ്വദേശി പി കെ സനല്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 48 ലക്ഷം റേഷന്‍ ഉപഭോക്താക്കള്‍ സംസ്ഥാനത്തുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയല്ല അരി വിതരണം ചെയ്തത്. അരി വില കുറച്ചുകൊണ്ടുവരാനുള്ള നടപടിയായിരുന്നു ഇത്. തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്നുള്ള തിരഞ്ഞടുപ്പ് കമ്മിഷന്റെ നിരീക്ഷണം തെറ്റാണ്. ചിന്തിച്ചുറപ്പിച്ച് എടുത്ത തീരുമാനമല്ല ഇത്. സര്‍ക്കാര്‍ പുറത്തിറക്കിയത് ഒരു സമയബന്ധിത ഉത്തരവല്ല. ഉപഭോക്താക്കളുടെ മനസ്സില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സര്‍ക്കാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് അഡ്വ. കെ  ഇ ഗംഗാധരന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

സി കെ ജാനുവിനെ മാനന്തവാടിയില്‍ മത്സരിപ്പിക്കാന്‍ യു ഡി എഫ് നീക്കം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 20, 2011

കല്‍പറ്റ: ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മാനന്തവാടിയില്‍ മല്‍സരിപ്പിക്കാന്‍ ചരടുവലികള്‍ ഊര്‍ജിതമാക്കി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇതിനുള്ള നീക്കങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ ആദിവാസി ഗോത്രമഹാസഭ അടക്കമുള്ള ഇരുപതോളം ആദിവാസി-ദളിത് സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുത്തങ്ങ സമരത്തില്‍ ആദിവാസിയെ വെടിവെച്ചുകൊന്നത് യു ഡി എഫ് സര്‍ക്കാറാണെന്ന വസ്തുത നിലനില്‍ക്കെ പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി ധാരണയുണ്ടാക്കാന്‍ ജാനുവും കൂട്ടരും ശ്രമിച്ചിരുന്നു. ഇത് നടക്കാതെ പോയ സാഹചര്യത്തില്‍ ഗോത്രമഹാസഭ ഒറ്റയ്ക്ക് മത്സരിക്കുകയാണുണ്ടായത്. വടക്കേവയനാട് സംവരണ മണ്ഡലത്തില്‍ മത്‌സരിച്ച ജാനുവിന് 2383 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജാനുവും കൂട്ടരും യു ഡി എഫിനെ സഹായിച്ചു. കേ്രന്ദമന്ത്രി എ കെ ആന്റണിയുമായുള്ള ബന്ധവും ഡല്‍ഹിയില്‍ അധികാരകേന്ദ്രങ്ങളില്‍ ആഴത്തില്‍ ബന്ധമുള്ള സന്നദ്ധ സംഘടനകളുമാണ് ജാനുവിന് വേണ്ടി ചരടുവലി നടത്തുന്നത്. എ കെ ആന്റണിയുടെ അഭിപ്രായം അനുസരിച്ചാണത്രെ തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് എത്തി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുമായി സി കെ ജാനു കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയത്. യു ഡി എഫ് പ്രകടനപത്രികയില്‍ ചേര്‍ക്കേണ്ട ചില കാര്യങ്ങള്‍ നേതാക്കളെ അറിയിക്കാനാണ് കെ പി സി സി ആസ്ഥാനത്ത് പോയതെന്നാണ് മാധ്യമ പ്രവര്‍ത്തകരെ സി കെ ജാനു അറിയിച്ചത്.
ഇതിന് ശേഷമാണ് ഡല്‍ഹിയില്‍ കാര്യമായ ശ്രമങ്ങള്‍ ആരംഭിച്ചത്. വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാനന്തവാടിയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടികയില്‍ ജാനുവിന്റെ പേര് ചേര്‍ത്തിട്ടില്ല. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുറ്റിയോട്ടില്‍ അച്ചപ്പന്‍ തുടങ്ങിയവരുടെ പേരുകളാണ് വയനാട് ഡി സി സി നേതൃത്വം കെ പി സി സിക്ക് നല്‍കിയത്. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീംനിംഗ് കമ്മിറ്റിയിലാണ് സി കെ ജാനുവിന്റെ പേരും പരിഗണിക്കുന്നത്. സന്നദ്ധ സംഘടനകള്‍ ഇതിനായി എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിയില്‍ വരെ സമ്മര്‍ദം ചെലുത്തിയതായും പറയപ്പെടുന്നു. 2000ത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്ക് സി കെ ജാനു സ്വതന്ത്രയായി മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഇക്കാര്യം അറിയുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഒരു കാരണവശാലും ജാനുവിനെപ്പോലൊരു സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ല. അതുകൊണ്ടുതന്നെയാണ് ഡല്‍ഹി ആസ്ഥാനമായി ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയത്. വയനാട്ടിലെ മൗറ്റൊരു പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ ഈ ജില്ലക്കാരെ തഴഞ്ഞ് അരയ സമുദായത്തില്‍പ്പെട്ട യുവ അഭിഭാഷകനെ സ്ഥാനാര്‍ഥിയാക്കാനും  നീക്കമുണ്ട്.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »