ജനയുഗം വാര്‍ത്തകള്‍

പെരുവഴിയിലെ കൊലപാതകങ്ങള്‍ – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 2, 2008

പെരുവഴിയിലെ കൊലപാതകങ്ങള്‍

ആര്‍ വി ജി മേനോന്‍

2006 ല്‍ 94,968 പേരാണ്‌ ഇന്ത്യയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്‌. ഇതില്‍ 3589 മരണങ്ങള്‍ കേരളത്തിലായിരുന്നു. ദിവസേന പത്തോളം പേര്‍, റോഡപകടങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാമതാണു കേരളം. പക്ഷേ വാഹനങ്ങളുടെ എണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നാം ഒന്നാം സ്ഥാനത്തു തന്നെ. ആയിരം വാഹനങ്ങള്‍ക്ക്‌ 15 അപകടങ്ങള്‍. ഇന്ത്യന്‍ ശരാശരിയുടെ ഇരട്ടി! പാശ്ചാത്യരാജ്യങ്ങളിലേതിനേക്കാള്‍ പല മടങ്ങ്‌.

നമ്മുടെ റോഡിലെ ഗതാഗതം ശ്രദ്ധിക്കുന്നവര്‍ക്കാര്‍ക്കും ഇതില്‍ ഒരത്ഭുതവും തോന്നില്ല. ഒരു നിയമവും ബാധകമല്ലാത്ത മട്ടിലാണ്‌ നമ്മുടെ ഡ്രൈവിങ്ങ്‌. ഇടതുവശത്തു കൂടി ഓവര്‍ടേക്ക്ചെയ്യല്‍, മഞ്ഞവര മുറിച്ചുകടക്കല്‍, കവലകളില്‍ ട്രാഫിക്‌ സിഗ്നല്‍ ലംഘിക്കല്‍, ഇടറോഡുകളില്‍ നിന്ന്‌ മെയിന്‍ റോഡിലേക്ക്‌ പൊടുന്നനെ കയറിവരല്‍, വണ്‍വേ തെറ്റിക്കല്‍, വളവുകളില്‍ റോങ്ങ്‌ സൈഡിലൂടെ നൂണ്ടുകയറല്‍….. പിന്നെ ഓവര്‍ സ്പീഡും. വിദേശത്തു വണ്ടിയോടിച്ചു പരിചയിച്ചവര്‍ നമ്മുടെവണ്ടികളില്‍ യാത്രചെയ്യഷ്ട്രമ്പാള്‍ പ്രഷര്‍ കൂടാതിരിക്കാന്‍ കണ്ണടച്ചുപിടിക്കേണ്ടിവരും. 95 ശതമാനം റോഡപകടങ്ങള്‍ക്കും കാരണം ഡ്രൈവര്‍മാര്‍ അശ്രദ്ധയോടെയും അപകടകരമായും വണ്ടിയോടിച്ചതാണെന്ന്‌ ക്രൈം റിക്കോര്‍ഡ്‌സ്‌ ബ്യൂറോ രേഖപ്പെടുത്തുന്നത്‌ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍, ഹെല്‍മെറ്റ്‌ വയ്ക്കാത്തതിന്റെയും ബെല്‍റ്റ്‌ ഇടാത്തതിന്റെയും കാക്കി ഷര്‍ട്ടിടാത്തതിന്റെയും നികുതി രസീതി കൊണ്ടു നടക്കാത്തതിന്റെയും പേരില്‍ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്ന പൊലീസ്‌, അപകടകരമാംവിധം വണ്ടി ഓടിക്കുന്നതിന്റെ പേരില്‍ എത്ര പേരെപിടിക്കുന്നുണ്ട്‌? അതിനുള്ള വല്ല സംവിധാനവും ഉണ്ടോ എന്നുതന്നെ സംശയമാണ്‌. നമ്മുടെ സ്വഭാവത്തിലെല്ലം ഉണ്ട്‌ ചില തകരാറുകള്‍. പൊതുവേ നമുക്കു നിയമളോടു വെറുപ്പാണ്‌. നിയമത്തിന്‌ അതീതനായിരിക്കുന്നതാണ്‌ വലുപ്പത്തിന്റെ അളവായി നാം കണക്കാക്കുന്നത്‌. ക്യൂവില്‍ നില്‍ക്കാതിരിക്കല്‍, മുറതെറ്റിച്ചു കാര്യങ്ങള്‍ നേടിയെടുക്കല്‍, അനര്‍ഹമായ ആനുകൂല്യങ്ങള്‍ വഹിച്ചെടുക്കല്‍, ഇതൊക്കെ നാം ‘മിടുക്ക്‌’ ആയി കാണക്കക്കുന്നു. ഇതൊക്കെ ചെയ്യുന്നവരോടു പലപ്പോഴും നാം എതിര്‍പ്പു പ്രകടിപ്പിക്കുമെങ്കിലും ഉള്ളില്‍ അസൂയയായിരിക്കും ഇതൊന്നും നമുക്കു കഴിയുന്നിലല്ലോ എന്ന വിഷമവും. അതു നാം ഡ്രൈവിങ്ങിലേക്കും പകര്‍ത്തുന്നു. നിയതമായ സ്പീഡില്‍ മാത്രം വണ്ടിയോടിക്കുന്നവരെ, “നോപാര്‍ക്കിങ്ങ്‌” സൈന്‍ മാനിച്ച്‌ ദൂരത്തുകൊണ്ടുപോയി വണ്ടിഇടുന്നവരെ, വീതികുറഞ്ഞ റോഡില്‍ ഓവര്‍ടേക്കു ചെയ്യാതെ ക്ഷമയോടെ മറ്റേ വാഹനത്തിന്റെ പിന്നാലെ പതുക്കെ വണ്ടിയോടിക്കുന്നവരെ ഒക്കെ സ്വന്തം ഭാര്യക്കും മക്കള്‍ക്കുംപോലും പുച്ഛമായിരിക്കും! മലയളിയുടെ ‘ആണത്ത’ സങ്കല്‍പങ്ങള്‍ക്കു വിരുദ്ധമാണതെല്ലാം.
വികലമായ ഡ്രൈവിങ്ങ്‌ പരിശീലനവും പരീക്ഷയുമാണ്‌ മറ്റൊരു അടിസ്ഥാനകാരണം. തികഞ്ഞ അരാജകത്വം. അടിമുടി അഴിമതി. മിക്ക ഡ്രൈവിങ്ങ്‌ സ്കൂളുകളുടെയും ഫീസ്‌ ഘടന “ലൈസന്‍സ്‌ എടുത്തുകൊടുക്കല്‍” ഉള്‍പ്പെടെയാണ്‌. മറ്റുള്ളവരെ എട്ടെടുപ്പിച്ചും എച്ചെടുപ്പിച്ചും ചോദ്യം ചോദിച്ചും വലയ്ക്കുന്ന വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ “നമ്മുടെ” ആളിനെ ഇതൊന്നും കൂടാതെ പാസാക്കിവിടും. ഒരിക്കല്‍ കോളേജു ബസ്സ്‌ ഡ്രൈവറായി പി എസ്‌ സി നിയമനം കിട്ടിവന്ന മനുഷ്യന്‍ ദൈന്യതയോടെ പറഞ്ഞതാര്‍ത്തുപോകുന്നു.. “സാറേ എനിക്ക്‌ ബസ്സോടിക്കാനൊന്നും അറിയില്ല. കാറുവേണേല്‍ ഓടിക്കാം” പാവമായതുകൊണ്ട്‌ അയാള്‍ സത്യം പറഞ്ഞെന്നേയുള്ളു. പലരും “ഓണ്‍ ദ ജോബ്‌” പഠനമാണ്‌ നടത്താറ്‌.

സത്യസന്ധമായി ഡ്രൈവിങ്ങ്‌ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ പോലും ടെസ്റ്റ്‌ പാസ്സാകാനുള്ള പരിശീലനമേ നല്‍കാറുള്ളു. റോഡുമര്യാദകളോ, ലെയിന്‍ ഡ്രൈവിങ്ങിന്റെ രീതിക്കളോ, ഡിഫന്‍സീവ്‌ ഡ്രൈവിങ്ങിന്റെ മുന്‍കരുതലുകളോ ആശാന്‍മാര്‍ക്കു തന്നെ അറിവുണ്ടാകണമെന്നില്ല. മറ്റൊരു വാഹനം തന്റേതിനെ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിഞ്ഞോ അറി യാതെയോ സ്പീഡു കൂട്ടുന്നവരാണ്‌ നമ്മളില്‍ പലരും. ട്രാഫിക്‌ തടസത്തില്‍ വണ്ടികള്‍ പിന്നാലെ പിന്നാലെയായി നില്‍ക്കുമ്പോള്‍ നുഴഞ്ഞു കയറി മുന്നില്‍ സ്ഥലം പിടിക്കുന്നതോ റോങ്ങ്‌ സൈഡില്‍ അതിക്രമിച്ചുകയറി നിര്‍ത്തുന്നതോ തെറ്റാണെന്ന ബോധം പോലും മിക്കവര്‍ക്കുമില്ല. റെയില്‍വേ ക്രോസിങ്ങിലെ ഗേറ്റു തുറക്കുമ്പോഴത്തെ വെപ്രാളം കാണണം! വിദേശത്ത്‌ പല സ്കൂളുകളിയം കോളജുകളിലും ഡ്രൈവിങ്ങ്‌ പരിശീലനം സൗജന്യമായി നല്‍കാറുണ്ട്‌. അതിന്റെ ചെലവു വഹിക്കുന്നത്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളാണത്രെ (അപകടങ്ങള്‍ കുറഞ്ഞാല്‍അവര്‍ക്കും ലാഭമാണല്ലോ!) ഇതു നമുക്കും പകര്‍ത്താവുന്ന പാഠമാണ്‌. ഡ്രൈവിങ്ങ്‌ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയമായ പരിഷ്കരണം അടിയന്തരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. അതിനായി വീഡിയോ ക്ലിപ്പിങ്ങുകളും ടെലിവിഷന്‍ പരസ്യങ്ങളും ഉപയോഗിക്കണം. റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ഹ്രസ്വങ്ങള്‍ ഉദാഹരണം. ആളില്ലാ റെയില്‍ ക്രോസ്സിങ്ങുകളില്‍ ഡ്രൈവറുടെ സഹായി വണ്ടിയില്‍ നിന്നിറങ്ങി മുന്നേ നടന്ന്‌ സുരക്ഷ ഉറപ്പാക്കിയിട്ടേ വണ്ടി എടുക്കാവു എന്ന നമ്മുടെ എത്ര ഡ്രൈവര്‍മാര്‍ക്കറിയം അങ്ങനെയാരെങ്കിലും ചെയ്താല്‍ അയാള്‍ക്കു വട്ടാണെന്നു ജനം പറയും. അതേസമയം വിദേശത്ത്‌ നീണ്ടുപരന്ന്‌ ഒഴിഞ്ഞു കിടക്കുന്ന വെളിപദേശത്തുപോലും പൊതുവാഹനങ്ങള്‍ ഈ നിയമം കര്‍ശനമായി പാലിക്കുന്നതുകണ്ടിട്ടുണ്ട്‌. അതുപോലെ ക്രോസിങ്ങിലെത്തുന്നതിനു മുമ്പ്‌ വാഹനങ്ങളുടെ ഡോര്‍ലോക്ക്‌ വിടുവിക്കുക ക്രോസ്സു ചെയ്യുന്ന സമയത്ത്‌ ഗിയര്‍ മാറാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളും അവര്‍ ചിട്ടയോടെ ചെയ്യും. നമ്മുടെ നാട്ടില്‍ ‘മള്‍ട്ടി ലെയിന്‍’ റോഡുകള്‍ അധികമൊന്നുമില്ല. അടുത്ത കാലത്താണ്‌ ദേശീയപാത പോലും ഇരട്ടവരിയാക്കാന്‍ തുടങ്ങിയിട്ടുള്ളത്‌. സ്വാഭാവിമായും അത്തരം റോഡുകളില്‍ പാലിക്കേണ്ട ചിട്ടകള്‍ മിക്കവര്‍ക്കും അറിയില്ല. ഡ്രൈവിങ്ങ്‌ സ്കൂളുകാര്‍ക്കും അറിയില്ല. ഒരു ബോധവല്‍ക്കരണവും ആരും നടത്തുന്നുമില്ല. അപ്പോള്‍പിന്നെ ഇരുലെയിനുകളുടെയും മധ്യത്തിലൂടെയോ, സിഗ്നല്‍ കൊടുക്കാതെ മാറി മാറിയോ, പാമ്പുപോകും പോലെ പുളഞ്ഞ്‌ വളഞ്ഞു ഓവര്‍ടേക്ക്‌ ചെയ്തോ വണ്ടി ഓടിക്കുന്ന വരെ എങ്ങനെ കുറ്റം പറയും. ലെയിന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പിലാതെ മുന്നില്‍വന്നു പെടുന്ന കുണ്ടും കുഴിയും കാരണം പൊടുന്നനെ ലെയിന്‍ മാറ്റാന്‍ നിര്‍ബന്ധിതരാകുന്ന ഡ്രൈവര്‍മാരുടെ സ്ഥിതിയും സഹതാപാര്‍ഹമാണ്‌. പലപ്പോഴും റോഡിന്റെ കുഴപ്പമാണു ഡ്രൈവറുടെ കുറ്റമായി വ്യാഖ്യാനിക്കപ്പെടുന്നത്‌. അപകടകരമായ വളവുകളില്‍ സൂചനാ ബോര്‍ഡുവച്ചാല്‍ പോരാ. ഡിവൈഡറുകള്‍ തന്നെ സ്ഥാപിക്കണം. എണ്ണമറ്റ അപകടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച തൃശൂരിലെ കുതിരാന്‍ വളവില്‍പോലും ഡിവൈഡര്‍ ഉണ്ടാക്കിയിട്ടില്ല. മുഖ്യപാതയിലേക്കു കയറുമ്പോഴും കവലകളിലും “നിര്‍ത്തി, പോകുക” (stop and proceed) എന്ന സൂചന വിദേശങ്ങളില്‍ നിര്‍ബന്ധമാണ്‌. ഇവിടെയാണെങ്കില്‍ അപൂര്‍വവും. അവിടൊക്കെ, അത്തരം സ്ഥലങ്ങളില്‍, വണ്ടി പൂര്‍ണമായും നിര്‍ത്താതെ ഒട്ടൊന്നുസ്പീഡു കുറച്ച്‌, എതിരെവാഹനങ്ങളൊന്നും വരുന്നിഗ്ലെന്നു കണ്ട്‌ ഓടിച്ചു കയറിയാല്‍ ശിക്ഷ ഉറപ്പാണ്‌. ചക്രങ്ങള്‍ ഉരുളാതെ നിര്‍ത്തിയിട്ടേവണ്ടി എടുക്കാവൂ! ഇന്ത്യയില്‍നിന്നു ചെല്ലുന്നവര്‍ക്ക്‌ സുഹൃത്തുക്കള്‍ നല്‍ കുന്നആദ്യത്തെ ഡ്രൈവിങ്ങ്‌ ഉപദേശം തന്നെ ഇതായിരിക്കും. ഇവിടെയാണെങ്കില്‍ അത്തരംസൂചനകളൊന്നും നാം ഗൗരവമായിട്ടെടുക്കാറേ ഇല്ല. മലയാളി സ്വമേധയാ അനുസരിക്കുന്ന ഒരേയൊരു ട്രാഫിക്ക്‌ സൂചന “ബംമ്പ്‌” ആണെന്നുപറയാം. അതുകൊണ്ടു തന്നെമെയിന്‍ റോഡിലേക്കു കയറുന്ന സ്ഥലങ്ങളിലെല്ലാം ബംമ്പു സ്ഥാപിച്ചേ മതിയാവൂ. വളവുകളില്‍ ഡിവൈഡറും കവലകളില്‍ ബംപും സ്ഥാപിച്ചാല്‍ തന്നെ നമ്മുടെ റോഡപകടങ്ങള്‍ കുറയും.

ട്രാഫിക്‌ ഐലണ്ടുകള്‍ (റൗണ്ട്‌ എബൗട്ട്‌) സമീപിക്കുമ്പോഴത്തെ മുറയാണ്‌ മറ്റൊരുകാര്യം. വലതുവശത്തുനിന്നു വരുന്ന വാഹങ്ങള്‍ക്കാണ്‌ വഴിയവകാശം (Right of way) എന്ന്‌ എത്രപേര്‍ക്കറിയാം? മുഠാളത്തം തന്നെയാണവിടെയും മുറ. ലളിതമായി പറഞ്ഞാല്‍ വലിയ വണ്ടിക്കാണ്‌ വഴിയവകാശം. ബസിസനോടോ ലോറിയോടെ വഴിയവകാശത്തെ പറ്റി തര്‍ക്കിറക്കാന്‍ ആരാണു ധൈര്യപ്പെടുക? അതലെങ്കില്‍ പോലീസ്‌വണ്ടിക്ക്‌. ‘എമാന്‍’ വണ്ടിയിലുണ്ടെങ്കിലും ഇല്ലെങ്കിലും, എമര്‍ജന്‍സി ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും അവര്‍ക്ക്‌ ഒരു നിയമവും ബാധകമല്ലല്ലൊ. കൊമ്പന്‍ പോയ വഴിയെ മോഴയും എന്ന പ്രമാണമനുസരിച്ച്‌ ‘ചെമന്നബോര്‍ഡുവച്ച’ എല്ലാ വണ്ടികളും ഇപ്പോള്‍ ഈ മട്ടിലാണുസവാരി. അതൊക്കെ നോക്കിയും കണ്ടും വണ്ടിഓടിച്ചാല്‍ നമുക്കു കൊള്ളാം! ‘സീബ്രാ ക്രോസ്സിഗ്‌’ ആണു മറ്റൊരു തമാശ. കാല്‍നടക്കാര്‍ക്കായി പ്രത്യേക സിഗ്നല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍, സീബ്രാ ക്രോസ്സിങ്ങില്‍ കാല്‍നടക്കാര്‍ക്കാണു മുന്‍ഗണന എന്നതാണ്‌ നിയമം ണമ്മുടെ ഡ്രൈവര്‍മാര്‍ക്ക്‌ അതറിയുമോ എന്നുതന്നെ സംശയമാണ്‌. സീബ്രാ ക്രോസ്സിങ്ങില്‍ പോലും ജീവന്‍ കൈയിലെടുത്തുകൊണ്ടേ നമുക്കു റോഡു മുറിച്ചു കടക്കാനകൂ. ട്രാഫിക്ക്‌ ലൈറ്റും സീബ്രാ ക്രോസിങ്ങും ഒക്കെയുള്ള കവലകളില്‍ പോലും ഒന്നിലതികം പോലീസുകര്‍ കൂടി ഡ്യൂട്ടിയിലുണ്ടെങ്കിലേ കാര്യങ്ങള്‍ ശരിക്കു നടക്കൂ എന്ന താണു നമ്മുടെ രീതി. പൊലീസുകാര്‍ രംഗത്തുനിന്നു മാറിനിന്നിട്ട്‌ വീഡിയോ ക്യാമറയുടെ സഹായത്തോടെ നിയമം ലംഘിക്കുന്നവരെ പിടികൂടി കനത്ത ഫൈന്‍ ചുമത്തുകയാണ്‌ വാസ്തവത്തില്‍ വേണ്ടത്‌. അങ്ങിനയേ ഇതു തിരുത്താനാവൂ.

ഉള്ളതു പറയണമല്ലോ. ഡ്രൈവര്‍മാര്‍ മാത്രമല്ല കുറ്റക്കാര്‍. കാല്‍നടക്കാരും മോശമല്ല. തിരക്കുള്ള റോഡു മുറിച്ചു കടക്കാനായി നാലു ചുവടു കൂടുതല്‍ നടന്ന്‌ സീബ്രാ ക്രോസിങ്ങ്‌ വരെ പോകാനോ, സിഗ്നലിനു വേണ്ടി കാത്തുനില്‍ക്കാനോ തയ്യാറാകാതെ, തോന്നിയയിടത്തു വച്ചു റോഡിനു കുറുകേ കിളിത്തട്ടു കളിക്കുന്നവരാണു പലരും.ചിലരാകട്ടെ റോഡുമുറിച്ചു കടക്കുന്നത്‌ പോത്തിനെ വെല്ലുന്ന സ്റ്റെയിലിലാണ്‌. ചീറിപ്പായുന്ന കാറും ബസ്സും ഒന്നും അവര്‍ക്കു പ്രശ്നമല്ല തിരിഞ്ഞൊന്നു നോക്കുകപോലു മില്ല. വാഹനങ്ങള്‍ വേണമെങ്കില്‍ വഴിമാറിപ്പോകട്ടെ, എന്ന മട്ട്‌! അമ്പതോളംവര്‍ഷം മുമ്പ്‌ മദിരാശിയില്‍ സ്റ്റഡി ടൂറിനു പോയപ്പോഴത്തെ അനുഭവം ഓര്‍മവരുന്നു പ്രസിദ്ധമായ മൗണ്ട്‌ റോഡിലുടെ (ഇന്നത്തെ അണ്ണശാല) കഴ്ചകണ്ടു നടന്ന കൂട്ടുകാര്‍ ‘തിര്‍വോന്തരം’സ്റ്റെയിലില്‍ റോഡിനുകുറുകെ ഓടി മുറിച്ചു കടന്നു. അപ്പുറത്തു ചെന്നപ്പോള്‍ പൊലീസു പിടിച്ചു! കുറ്റം “ജേ വാക്കിങ്ങ്‌”. നമ്മളൊന്നും കേട്ടിട്ടുപോലുമില്ലാത്ത സംഗതി.റോഡിനു കു റുകേ നടക്കാന്‍ പാടിലാത്രെ! അതിനായി പ്രത്യേകം വരച്ച വരയിലൂടെയേ പാടുള്ളുവത്രേ! ശിക്ഷ? റോഡ്‌ സൈഡില്‍ വരച്ച ചതുരത്തില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയ ശേഷം വാണിങ്ങോടെ വിട്ടു! അര നൂറ്റാണ്ടു മുമ്പുതന്നെ തമിഴര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. നമുക്കിപ്പോഴും ഇതൊന്നും ബാധകമല്ല.

പെണ്മക്കള്‍ വളര്‍ന്നു വലുതായെന്ന്‌ അച്ഛന്മാര്‍ ഞെട്ടലോടെ തിച്ചറിയുന്നത്‌ എന്‍ എസ്‌ മാധവന്റെ ഒരു കഥയില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. അതു പോലെ നമ്മുടെ ചെറുപട്ടണങ്ങള്‍ വളര്‍ന്നു വലുതായെന്ന്‌ നാമും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതോടെ പഴയ പല സൗകര്യങ്ങളും ശീലങ്ങളും മാറ്റേണ്ടിയിരിക്കുന്നു. റോഡിന്റെ നടുക്കു കൂടിയുള്ള അലസമായ നടപ്പ്‌, വാഹനങ്ങളുടെ സ്വച്ഛസഞ്ചാരം, തോന്നിയേടത്തുനിര്‍ത്തല്‍, കടയുടെ മുന്നില്‍തന്നെ വണ്ടി നിര്‍ത്തിയിട്ടിട്ടുള്ള ഷോപ്പിങ്ങ്‌, സൗജന്യമായ പാര്‍ക്കിംഗ്‌, എവിടെയും റോഡുമുറിച്ചു കടക്കാനോ ‘യൂ’ ടേണ്‍ എടുക്കാനോ ഉള്ള സ്വാതന്ത്ര്യം, ഇതൊന്നും ഇനി പറ്റില്ല. പുതിയ ചിട്ടകള്‍ പാലിച്ചേപറ്റൂ. അത്‌ പുരോഗതിയുടെവിലയാണ്‌. അതു പാലിച്ചിലെങ്കില്‍ ബലികൊടുക്കേശണ്ടിവരിക നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ തന്നെയാകും. ഒരു പ്രിയപ്പെട്ടവന്‍(ളെ) റോഡപകടത്തില്‍ നഷ്ടപ്പെടാത്തആരെങ്ങിലുമുണ്ടാകുമോ നമ്മുടെയിടയില്‍? എന്നിട്ടുമെന്തേ നാമിത്‌ ഗൗരവമായെടുക്കുന്നില്ല?

അപകടങ്ങള്‍ വെറുതേ ഉണ്ടാകുന്നില്ല. അവ ഉണ്ടാക്കപ്പെടുകയാണ്‌. പെരുവഴിയിലേത്‌ വെറും മരണമല്ല. അറിഞ്ഞോ അറിയാതെയോ ഉള്ള കൊലകളാണ്‌. അപകടമുണ്ടാകുമ്പോള്‍ വെറുതേ കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല. സുരക്ഷ ഒരു ശീലമാക്കുകയാണുവേണ്ടത്‌. സുരക്ഷാ മുന്‍കരുതലുകള്‍ നിത്യജീവിത ത്തിന്റെ ഭാഗമാക്കിയേ തീരു. ഇതൊക്കെ ഇപ്പോള്‍ എഴുതുന്നതെന്തിനാണ്‌?. റോഡുസുരക്ഷാ വാരം കഴിഞ്ഞില്ലേ, എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്‌?. അതാണുനമ്മുടെ കുഴപ്പം!

Advertisements

ഒരു പ്രതികരണം to “പെരുവഴിയിലെ കൊലപാതകങ്ങള്‍ – ആര്‍ വി ജി മേനോന്‍”

  1. ജനയുഗം said

    അപകടങ്ങള്‍ വെറുതേ ഉണ്ടാകുന്നില്ല. അവ ഉണ്ടാക്കപ്പെടുകയാണ്‌. പെരുവഴിയിലേത്‌ വെറും മരണമല്ല. അറിഞ്ഞോ അറിയാതെയോ ഉള്ള കൊലകളാണ്‌. അപകടമുണ്ടാകുമ്പോള്‍ വെറുതേ കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല. സുരക്ഷ ഒരു ശീലമാക്കുകയാണുവേണ്ടത്‌. സുരക്ഷാ മുന്‍കരുതലുകള്‍ നിത്യജീവിത ത്തിന്റെ ഭാഗമാക്കിയേ തീരു. ഇതൊക്കെ ഇപ്പോള്‍ എഴുതുന്നതെന്തിനാണ്‌?. റോഡുസുരക്ഷാ വാരം കഴിഞ്ഞില്ലേ, എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്‌?. അതാണുനമ്മുടെ കുഴപ്പം!
    -ആര്‍ വി ജി മേനോന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: