ജനയുഗം വാര്‍ത്തകള്‍

മുരളിയോട് മുരളുന്നത് നിര്‍ത്തിക്കൂടേ ? – സുകുമാര്‍ അഴീക്കോട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

മുരളിയോട് മുരളുന്നത് നിര്‍ത്തിക്കൂടേ ?

സുകുമാര്‍ അഴീക്കോട്

മുരളി എന്നാല്‍ മുരളീധരന്‍. മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രിയപുത്രന്‍, മുന്‍ കെ പി സി സി അധ്യക്ഷന്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷാല്‍ സോണിയാജി തന്നെ ആറു കൊല്ലം കോണ്‍ഗ്രസ് കക്ഷിയില്‍ നിന്ന് പുറത്താക്കിയ വ്യക്തി.
കേരളത്തിലെ കക്ഷിബാധ ഏറെയില്ലാത്ത സാധാരണ ജനങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ തങ്ങളെ ഒരു തരത്തിലും സ്പ്ര്‍ശിക്കുന്നതായി അടുത്തയിടവരെ തോന്നിയിട്ടില്ല, തോന്നേണ്ടതുമില്ല. കക്ഷിയില്‍ നിന്ന് പുറത്ത് ചാടുന്നതും ശിക്ഷിക്കപ്പെടുന്നതും എല്ലാം കേരള രാഷ്ട്രീയത്തിലെ നിത്യ നിരന്തര സംഭവങ്ങളാണ്. എന്നാല്‍ ഇടക്കാലത്ത് ഈ മുരളീധര കഥ ഒരു പുതിയ മാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. താന്‍ പഴയ പിഴവുകള്‍ മനസിലാക്കി പശ്ചാത്തപിക്കുന്നുവെന്നും തനിക്ക് മാതൃ സംഘടനയില്‍ പുനപ്രവേശനം വേണമെന്നും മറ്റു ശിക്ഷകള്‍ എന്തും ആകാമെന്നുമൊക്കെ ഒരു മുതിര്‍ന്ന യുവാവ് അടിയറ പറയാവുന്നതിന്റെ അങ്ങേയറ്റത്തെ കീഴടങ്ങലിന്റെ വാക്കുകള്‍ പ്രതിദിനമെന്നോണം അദ്ദേഹം വിലാപസ്വരത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പതുക്കെക്കണ്ട് ഈ ആഭ്യന്തര പ്രശ്‌നത്തില്‍ സ്വല്‍പം താല്‍പര്യം ഉള്ളവരായി മാറി. ഇവിടെ കെ പി സി സി അദ്ദേഹത്തെക്കൊണ്ട് പൂച്ച എലിക്കുഞ്ഞിനെയെന്നപോലെ, തട്ടിയും തലോടിയും മാന്തിയും മുരണ്ടും വിനോദിക്കുന്നതാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തുന്ന വാദി പ്രതികളെല്ലാം മുറയ്ക്ക് തിരിച്ചു വരുന്നു. എല്ലാം പാഴിടി പോലെ വെറും ശബ്ദങ്ങള്‍!
അതിനിടയില്‍ മറ്റൊരു സംഭവവികാസം. പിതാവായ കരുണാകരന്‍ നേരത്തേ ഡല്‍ഹിയിലൊക്കെ, അനാരോഗ്യത്തിനു നടുവിലും പോയിക്കൊണ്ടിരുന്നുവെങ്കിലും, മകനെ തിരിച്ചെടുക്കാന്‍ ആരുടേയും ഉള്ളലിയിക്കുന്ന ഒരു കത്ത് കെ പി സി സിക്ക് നല്‍കി. അത് അവഗണിക്കാന്‍ ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് വയ്യല്ലോ. അത് പര്യാലോചിച്ച് ഒടുവില്‍ ഈ പി സി സി തീരുനമാനിച്ചിരിക്കുകയാണ്, പഴയ  ആഗസ്റ്റ് തീരുമാനം മാറ്റേണ്ടെന്ന്, അതായത്, മുരളീധരന്‍ പുറത്തുനിന്നാല്‍ മതിയെന്ന്.
ഇത്രയുമായപ്പോള്‍ ഇത് രാഷ്ട്രീയ പ്രശ്‌നത്തിന്റെ തലംവിട്ട് മാനുഷികതയുടെ തലത്തില്‍ എത്തിപ്പെട്ടതായി ഞങ്ങളെപ്പോലുള്ളവര്‍ക്ക് തോന്നിത്തുടങ്ങി. മുരളി എന്നാല്‍ പുല്ലാങ്കുഴല്‍ എന്നര്‍ത്ഥം. അതു ധരിച്ച വ്യക്തിയോട് സംസ്ഥാന കോണ്‍ഗ്രസ് മുരളുന്നു. മുരളുന്ന മുരളിമാരായിരിക്കുകയാണ് കെ പി സി സി നേതാക്കള്‍.
കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു വിട്ടുവീഴ്ചയില്ലാത്ത ദണ്ഡന പരിപാടിയുണ്ടോ! വേലിതകര്‍ത്ത ഒരു പറമ്പുപോലെ ആര്‍ക്കും ഏത് ആദര്‍ശമുള്ളവനും വെടിഞ്ഞവനും കയറി വിശ്രമിക്കാവുന്ന ഒരു ഉമ്മറമാണ് കോണ്‍ഗ്രസിന്റേതെന്ന് സര്‍വ ലോകങ്ങളിലും അറിയാം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്ന് അവിടെ നിന്ന് ഉയര്‍ന്ന കൊമ്പത്തുനിന്ന് പറിച്ചെടുക്കാവുന്ന പഴങ്ങളെല്ലാം പറിച്ച് കഴിച്ചുതിന്ന ഒരു വിരുതനെ എത്ര ആഹ്‌ളാദാഘോഷങ്ങളോടെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്! പുതുതായി സ്വീകരിക്കപ്പെടുന്നവര്‍ക്ക് ഒരു പരീക്ഷണകാലം നല്‍കുന്ന പതിവ് ഏത് സര്‍വീസിലും കാണും. ചിലപ്പോള്‍ നിയമനം ടെമ്പററി ആയിരിക്കും. ഇല്ലെങ്കില്‍ ‘അപ്രന്റീസ്’ ആയിരിക്കും. പക്ഷേ കണ്ണൂരില്‍ പൊടുന്നനെ മാര്‍ക്‌സിസ്റ്റു വിരുദ്ധനായി തീര്‍ന്ന ആളെ നേരെ ‘പെര്‍മനന്റ്’ ആയി കൈക്കൊണ്ടു. വര്‍ഷങ്ങളോളം കോണ്‍ഗ്രസില്‍ ‘കയില്കുത്തി’ കഴിഞ്ഞവര്‍ക്കുപോലും കൊടുക്കാത്ത എം എല്‍ എ സ്ഥാനം അയാള്‍ക്ക് താലത്തില്‍ വെച്ച് കൊടുത്തു.
കോണ്‍ഗ്രസില്‍ ഉന്നതസ്ഥാനം കിട്ടാന്‍ നേതൃത്വത്തെ, ആരൂഢം മുതല്‍ ഇന്നു വരെ, പരിഹസിച്ചും വിമര്‍ശിച്ചും പ്രസംഗിക്കുകയല്ല, ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയാല്‍ മതിയെന്ന തോന്നല്‍ വ്യാപകമായി ഉണ്ടാക്കുവാന്‍ ഐക്യരാഷ്ട്രസഭാ പരിമളം തുവിക്കൊണ്ട് കടല്‍കടന്നുവന്ന ഒരു സമര്‍ത്ഥന്‍ നേരത്തേ തെളിയിച്ചിരുന്നു. ഇതെല്ലാം കണ്ട്, ആ വഴി സഞ്ചരിക്കാന്‍ അവസരവാദികള്‍ ധാരാളമായി പുറപ്പെട്ടു തുടങ്ങിയകാലമാണ് ഇത്. ആലപ്പുഴയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് എം പിയായി സസുഖം വാണ ഒരു വ്യക്തിക്ക് പെട്ടെന്ന് (എന്നുവെച്ചാല്‍ രണ്ടാമൂഴം കിട്ടാതെ വന്നപ്പോള്‍) തോന്നിപ്പിച്ചിരിക്കുന്ന ക്രൈസ്തവ മതവിശ്വാസത്തിന് എതിരാണല്ലോ മാര്‍ക്‌സിസം എന്ന്! സി പി എം അതോടെ ഹറാമായി.
ഇവരെല്ലാം കോണ്‍ഗ്രസിന്റെ ഉയര്‍ന്ന സ്ഥാനങ്ങള്‍ അധിരോഹണം ചെയ്യുന്ന സുന്ദരകാലം അതിവിദൂരമല്ല എന്ന് ചഞ്ചല ബുദ്ധികളായ അവസരവാദികള്‍ ആശിച്ചുകൊണ്ടിരിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ പടി കടക്കാന്‍ ഇനിയും വേണം ശയനപ്രദക്ഷിണം എന്ന കടുംപിടുത്തം പഴയ കോണ്‍ഗ്രസുകാരനായ ഒരു വ്യക്തിയോട് കാട്ടുന്നത് നീതിയോ? അതുകൊണ്ടാണ് മുരളി പ്രശ്‌നം ഇപ്പോള്‍ കൊടിയ മനുഷ്യപീഡനമായിത്തീര്‍ന്നിരിക്കുന്നത്.
കെ പി സി സി ഇക്കാര്യത്തില്‍ തുടരുന്നത് അവരുടെ കക്ഷിയുടെ വളരെ അയഞ്ഞ അച്ചടക്കത്തിനോ സാധാരണ കാണിക്കേണ്ട മനുഷ്യത്വപരമായ നയസമീപനത്തോടോ ചേരാത്തതാണ്. അതിനാലാണ് വളരെ ദ്രോഹകരവും പീഡനപരവുമായ നയമാണ് അതെന്ന് എല്ലാവര്‍ക്കും തോന്നുന്നത്.
കെ പി സി സി ഇക്കാര്യത്തില്‍ തുടരുന്നത് അവരുടെ കക്ഷിയുടെ വളരെ അയഞ്ഞ അച്ചടക്കത്തിനോ സാധാരണ കാണിക്കേണ്ട മനുഷ്യത്വപരമായ നയസമീപനത്തോടോ ചേരാത്തതാണ്. അതിനാലാണ് വളരെ ദ്രോഹകരവും പീഡനപരവുമായ നയമാണ് അതെന്ന് എല്ലാവര്‍ക്കും തോന്നുന്നത്.
വളരെ പാരമ്പര്യമുള്ള ഒരു മുന്‍ കോണ്‍ഗ്രസുകാരനോടാകുമ്പോള്‍ ഈ ക്രൂരമായ നയം കടുത്ത അനീതിയായിത്തീരുന്നു. ഒരു വ്യക്തിക്ക് സ്വന്തം അഭിമാനവും അന്തസും മറ്റും അനുവദിക്കുന്ന ഒരു അതിരുണ്ട്, തെറ്റ് സമ്മതിക്കുന്നതിനും പശ്ചാത്തപിക്കുന്നതിനും മാപ്പ് പറയുന്നതിനും ഒക്കെ. ആ അതിരിനൊക്കെ അപ്പുറമെത്തിയിട്ടുള്ള വിനീത ക്ഷമാപണം പലതവണ മുരളീധരന്‍ നടത്തിക്കഴിഞ്ഞല്ലോ.
എന്നിട്ടും ചെന്നിത്തല-ചാണ്ടി പ്രഭൃതികളുടെ മനസ് അലിയുന്നില്ലെങ്കില്‍ അതിനുകാരണം എന്ത്? മാപ്പ് പറഞ്ഞത് പോരെന്ന് അവര്‍ പറയാനിടയില്ല. മുരളീധരന്റെ പ്രവേശനം ഈ നേതാക്കള്‍ക്ക് എന്തോ ദോഷം വലിച്ചിടുമെന്ന ഭയമല്ലാതെ മറ്റൊരു കാരണവും കാണാനാകുന്നില്ല. ശത്രുതയാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. മുരളീധരന് കെ പി സി സിയിലെ ഇന്നത്തെ നേതാക്കളേക്കാളധികം ‘ചരിസ്മ’ എന്നു പറയുന്ന വശീകരണശക്തിയും ആകര്‍ഷണവും ഉണ്ട്. അതുകൊണ്ട് ഗുണം പാര്‍ട്ടിക്കുണ്ടാവുമെന്ന് കരുതിക്കൂടേ? അതൊക്കെ തങ്ങള്‍ക്ക് ആപത്തായി മാറുമെന്നാണ് പേടി. പേടികൂടിയവരോട് യുക്തി ചിന്ത ഫലിക്കില്ല.
ഒരു കൊല്ലത്തേക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ലഭ്യമല്ല എന്നോ മറ്റോ എന്തെങ്കിലും ഒരു വിലക്കിന്റെ ഉപാധിയില്‍ ഈ വ്യക്തിക്ക് പ്രവേശനം നല്‍കുന്നതാണ് വിവേകം. അയുക്തികവും അതികഠോരവുമായ നിലപാട് കുറെക്കഴിയുമ്പോള്‍ തങ്ങള്‍ക്ക് എതിരായി തീരുമെന്ന് നേതാക്കള്‍ ധരിക്കേണ്ടതാണ്. എല്ലാത്തരം നേതാക്കള്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള വിശാലത കോണ്‍ഗ്രസിന് ഇപ്പോഴും ഉണ്ടെന്ന് എന്നെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്കും കക്ഷിക്കും എല്ലാം നന്ന്.
വാതില്‍പ്പടിയില്‍ ഗണപതിയെ നിര്‍ത്തി ശിവനെ വന്ദിക്കാന്‍ വരുന്ന പരശുരാമനെ തടയാന്‍ ഏര്‍പ്പെടുത്തിയ മട്ടിലുള്ള ഇപ്പോഴത്തെ ഈ കെ പി സി സി പ്രവേശന നാടകത്തിന്റെ ഓരോ ദിവസത്തെയും അഭിനയം കണ്ട് കേരളീയര്‍ മടുത്തിരിക്കുന്നു. അതിന്റെ മുന്നറിയിപ്പാണ് ഈ കുറിപ്പ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: