ജനയുഗം വാര്‍ത്തകള്‍

ഒബാമയ്ക്ക് വിഭ്രാന്തി – പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ഒബാമയ്ക്ക് വിഭ്രാന്തി

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

അമേരിക്കയിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തീര്‍ക്കാര്‍ വയ്യാത്ത ബാധ്യതകള്‍മൂലം തകര്‍ന്നപ്പോള്‍ തുടങ്ങിയ വിഭ്രാന്തി ഇന്ന് ഉച്ചകോടിയിലെത്തിയിരിക്കുന്നു. ഈ വിഭ്രാന്തിക്ക് കാരണം ഇന്ത്യയാണെന്ന് വ്യക്തമായിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വേട്ടയാടിയപ്പോള്‍ ഇന്ത്യ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന കാഴ്ച ഒബാമയ്ക്ക് വിഭ്രാന്തി ഉണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അമേരിക്കന്‍ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും കടല്‍കടന്ന് ഇന്ത്യയിലും എത്തുമെന്ന ഭീതി പരന്നപ്പോള്‍ ഇന്ത്യ കരുതല്‍ നടപടികളെടുക്കാന്‍ താമസിച്ചില്ല. വലിയ രക്ഷാപാക്കേജ് നടപ്പാക്കാന്‍ തുടങ്ങിയതോടുകൂടി സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കാലുറയ്ക്കില്ലെന്ന് തീര്‍ച്ചയായി. പതിനൊന്നാം പദ്ധതി പ്രകാരമുള്ള നിക്ഷേപ പരിപാടികള്‍ തുടരുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥയുടെ ചില ഉപമേഖലകളില്‍ ചെറിയ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. എന്നാല്‍ അത് വ്യാപിക്കാന്‍ സ്റ്റേറ്റ് എടുത്ത നടപടികള്‍ സമ്മതിച്ചില്ല. പുറം കരാര്‍ ജോലിയെ ആധാരമാക്കിയല്ല ഇന്ത്യയിലെ ഐ ടി വ്യവസായം നിലനില്‍ക്കുന്നതും വളരുന്നതും എന്ന തിരിച്ചറിവ് ഒരു വശത്തുള്ളപ്പോള്‍ തന്നെ ഒബാമ കൂടുതല്‍ വിഭ്രാന്തിയിലേയ്ക്ക് നീങ്ങിയിരിക്കുന്നു. ഒബാമയുടെ പുതിയ അജണ്ടയില്‍ നാട്ടുകാരുടെ തൊഴില്‍ സംരക്ഷിക്കാനാണ് ഇപ്പോള്‍ പുറപ്പാട്. പുറം കരാര്‍ ജോലിക്ക് അമേരിക്കന്‍ കമ്പനികള്‍ ഗവണ്മെന്റ് നല്‍കിയിരുന്ന നികുതിയിളവ് ഇനിയുണ്ടാകില്ലായെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അത്രകണ്ടാണ് അമേരിക്കയിലെ ഇന്നത്തെ തൊഴിലില്ലായ്മ. ഒബാമയുടെ ഈ നടപടി ഇന്ത്യയെ തളര്‍ത്തുകയില്ല. അമേരിക്ക പിന്മാറിയാല്‍ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുമായി പുറം കരാര്‍ ജോലികള്‍ക്ക് ഏര്‍പ്പാടുണ്ടാക്കാം.
ഒബാമയുടെ വിഭ്രാന്തി ഡാവോസ് സമ്മേളനത്തില്‍ ഈയിടയ്ക്ക് സമ്പന്ന രാജ്യങ്ങളുടെ തലവന്മാര്‍ക്കിടയിലും പരക്കുന്നതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയെ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്ന മുക്കൂട്ട് കഷായം കഴിപ്പിക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയുള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ കഠിന പ്രയത്‌നം ചെയ്തിട്ടും ഇന്ത്യ ഏതാണ്ടൊക്കെ കാട്ടിക്കൂട്ടിയെന്ന് മാത്രം. ഒബാമയ്ക്ക് വിഭ്രാന്തിയുണ്ടാക്കാന്‍ ഇതില്‍ കൂടുതലെന്തുവേണം. ഇന്ത്യ തങ്ങള്‍ക്ക് നല്ലതെന്തോ അത് സ്വീകരിച്ചു. നല്ലതല്ലാത്തതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ചില നടപടികള്‍ക്ക് സമയമായില്ലെന്ന് സ്വയം പരിശോധിച്ച് കണ്ടെത്തി. അതുകൊണ്ടാണ് വളരെയേറെ സംയമനം പാലിച്ചു ഇന്ത്യ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്നതിലേയ്ക്ക് എടുത്ത് ചാടാത്തത്. ഇതിനുമുപരി ഇടതുപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പും കേന്ദ്രസര്‍ക്കാരിനെ ചില കാര്യങ്ങളില്‍ പുനര്‍ ചിന്ത നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതിന് ഉത്തമോദാഹരണമാണ് പൊതുമേഖലയെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ സമീപനം. ഇതും ഒബാമയുടെ വിഭ്രാന്തി രൂക്ഷമാക്കിയേക്കും.
1948 ല്‍ സ്വീകരിച്ച കേന്ദ്ര വ്യവസായ നയമാണ് ആദ്യമായി വ്യവസായവത്ക്കരണത്തില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് സ്റ്റേറ്റാണെന്ന് പ്രഖ്യാപിച്ചത്. പിന്നീട് 1956 ല്‍ സ്വീകരിച്ച രണ്ടാം വ്യവസായ നയം സ്റ്റേറ്റിനു കൂടുതല്‍ ചുമതലകള്‍ നല്‍കി. സ്റ്റേറ്റ് ഏറ്റെടുക്കുന്ന ചുമതലകള്‍ കഴിഞ്ഞ് ബാക്കി വരുന്നവ സ്വകാര്യമേഖലയ്ക്ക് എന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. രണ്ടാം പഞ്ചവത്സര പദ്ധതി മുതല്‍ ഈ സമീപനം ചില്ലറ ഏറ്റക്കുറച്ചിലുകളോടെ ഇന്ത്യ തുടരുകയായിരുന്നു. 1991 ല്‍ തുടങ്ങിയ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ഫലമാണ് പൊതുമേഖലയുടെ പ്രാധാന്യം കുറയാന്‍ പ്രധാന കാരണം. എന്നാലിന്ന് 2010 ല്‍ ഇതിന് മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഇത് ഇനി വരും വര്‍ഷങ്ങളില്‍ ശക്തമാകും.
ഈയിടക്ക് Dun and Bradsheet എന്ന സുപ്രസിദ്ധ ഏജന്‍സി പുറത്തിറക്കിയ ‘India’s Top PSUS 2009” എന്ന റിപ്പോര്‍ട്ട് വായിച്ചായിരിക്കാം ഒബാമ കൂടുതല്‍ വിഭ്രാന്തിയിലായത്. 121 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്. ഈ 121 സ്ഥാപനങ്ങളുടെ ആകെ വാര്‍ഷിക വരുമാനം 14675 ബില്യണ്‍ ഉറുപ്പികയാണ്. രാജ്യത്തിന്റെ ജി ഡി പി യുടെ 31.1 ശതമാനം വരും ഇത്. വാര്‍ഷിക വളര്‍ച്ചാനിരക്ക് 16.8 ശതമാനമാണ്. വരുമാനത്തിനുമുപരി ഈ 121 സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ ലാഭം മാത്രം 1221.36 ബില്യണ്‍ ഉറപ്പികയാണ്.
ഇവയില്‍ വെറും 31 പൊതുമേഖലാ കമ്പനികളുടെ വിറ്റുവരവ് 216 മുഖ്യ സ്വകാര്യ കമ്പനികളുടെ വിറ്റുവരവിനോടൊപ്പം എത്തി. ഈ 31 കമ്പനികള്‍ തന്നെ കേന്ദ്രത്തിന്റെ ഫിസ്‌ക്കല്‍ വരുമാനത്തിന് നല്‍കിയ സംഭാവനയുടെ കാര്യത്തിലും മുന്നിലെത്തി. ശരാശരി സ്വകാര്യ കമ്പനികളേക്കാള്‍ ഈ കമ്പനികളുടെ സാമ്പത്തിക അടിത്തറ വളരെ മെച്ചമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക ഭദ്രതയുടെയും വികസനത്തിന്റെയും അടിസ്ഥാനം ഈ കമ്പനികള്‍ തന്നെയാണ്. അല്ലാതെ സ്വകാര്യമേഖലയിലെ വന്‍ കമ്പനികളല്ല. ബ്രസീല്‍, ചൈന എന്നീ BRIC രാജ്യങ്ങളിലും കൂടുതല്‍ വിശകലനം ചെയ്താല്‍ ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പൊതുമേഖലയും അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമാണ് വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിയത് എന്ന് കാണാം.
1991 ല്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച വ്യവസായ നയത്തില്‍ പൊതുമേഖലയെ ഇല്ലാതാക്കുമെന്ന സൂചനയില്ല. എന്നാല്‍ ഭരണകക്ഷികളുടെ നേതാക്കളും ഭരണത്തിലിരിക്കുന്ന മന്ത്രിമാരും അവരുടേതായ ചില പ്രസ്താവനകള്‍ ഇറക്കി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കയാണ്. 1991 ലെ വ്യവസായ നയം പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. (1) പൊതുമേഖലയും നിക്ഷേപങ്ങളും കാലാകാലം വിലയിരുത്തും. (2) സാങ്കേതികമുന്നേറ്റമുള്ള മേഖലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കും. (3) അടിസ്ഥാന സൗകര്യവികസനം പൊതുമേഖലയുടെ മുന്‍ഗണനയായിരിക്കും. (4) പൊതുമേഖലയ്ക്ക് മാത്രമായി മാറ്റിനിര്‍ത്തിയിരുന്ന പ്രവര്‍ത്തനങ്ങളില്‍ വിശദമായ പഠനത്തിനും വിലയിരുത്തലിനും ശേഷം സ്വകാര്യ കമ്പനികള്‍ക്ക് കടന്നുവരാന്‍ അനുവാദം നല്‍കും. (5) നേരത്തെ കടന്നുവരാത്ത പല പ്രവര്‍ത്തനമേഖലകളിലേയ്ക്കും പൊതുമേഖലാ കമ്പനികള്‍ക്ക് ഇനി പ്രവേശിക്കാം. (6) ഒരുതരത്തിലും കരകയറ്റാന്‍ കഴിയാത്ത പൊതുമേഖലാ കമ്പനികളെ അടച്ചുപൂട്ടുന്നതില്‍ തെറ്റില്ല. എന്നാലത് ചെയ്യുമ്പോള്‍ അവയിലെ ജീവനക്കാര്‍ക്ക് പകരം ജോലിയോ പൂര്‍ണമായ സാമൂഹ്യസുരക്ഷയോ ഉറപ്പാക്കും. (7) സര്‍ക്കാരും പൊതുമേഖലാ കമ്പനികളുമായി MOU കരാറുകള്‍ ഉണ്ടാക്കും. അതനുസരിച്ചായിരിക്കും അവ പ്രവര്‍ത്തിക്കുക. (8) കമ്പനികളുടെ മാനേജുമെന്റുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കും. (9) അടിസ്ഥാന സൗകര്യ വികസനമേഖല, എണ്ണ-ധാതു പര്യവേഷണം, ഉത്പ്പാദനം, ദീര്‍ഘകാല വികസനത്തിന് വേണ്ട ഉത്പാദനശേഷി വര്‍ധിപ്പിക്കുക, സ്വകാര്യമേഖല കടന്നുവരാന്‍ മടിക്കുന്ന മേഖലകള്‍ക്ക് മുന്‍ഗണന എന്നിവയായിരിക്കും പൊതുമേഖലാ കമ്പനികള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്.
ഏതായാലും ആരു വിചാരിച്ചാലും ഇന്ത്യയിലെ പൊതുമേഖലയെ തളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ല. സ്വകാര്യ കുത്തക കമ്പനികള്‍ക്ക് വേണ്ടി വായ്ത്താരിയിടുന്നവരുണ്ടാകാം. പക്ഷേ ഈ സ്വകാര്യ കമ്പനികള്‍ക്കും അറിയാം, പൊതുമേഖലയുടെ ശക്തി. ഇന്ന് കേന്ദ്ര റവന്യൂ വരുമാനത്തിന്റെ മൂന്നിലൊന്ന് പൊതുമേഖലയാണ് സംഭാവന ചെയ്യുന്നത്. 2007 ല്‍ 268 ബില്യണ്‍ ഉറുപ്പികയാണ് ഡിവിഡന്റായി ഈ മേഖല സര്‍ക്കാരിന് നല്‍കിയത്. ഇന്ന് പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ക്ക് നല്ല പ്രിയമാണ്. ഈ ഓഹരികളുമായി മത്സരിക്കാന്‍ സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ക്ക് കഴിയില്ല. അറ്റാദായത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള പൊതുമേഖലാ  കമ്പനികള്‍ ഇവയാണ്. ONGC, NTPC, SAIL, IOC, SBI, NMDCL, BSNL, BHEL, GAIL, COAL INDIA LTD. 18 നവരത്‌നാ കമ്പനികളുടെ ആകെ വരുമാനം ഇന്ത്യയുടെ ജി ഡി പിയുടെ 15 ശതമാനം വരും. ഏതാണ്ട് 6871 ബില്യണ്‍ ഉറുപ്പിക. വിറ്റുവരവ്, ലാഭം, ക്യാഷ് റേഷ്യോ തുടങ്ങിയ ഏത് സൂചികയെടുത്താലും പൊതുമേഖലാ കമ്പനികള്‍ സ്വകാര്യമേഖലാ കമ്പനികളുടെ മുന്നില്‍തന്നെയാണ്.
ഒബാമയുടെ വിഭ്രാന്തിയുടെ മറ്റൊരു കാരണം ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖലാ കമ്പനികളുടെ വന്‍ വളര്‍ച്ചയും വലുപ്പവുമാണ്. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ വിലക്ക് വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഹോളിവുഡിലെ സിനിമാ നിര്‍മാണ സ്റ്റുഡിയോകള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ട്. അമേരിക്കയിലെ ഐ ടി, ബഹിരാകാശഗവേഷണം, സര്‍വകലാശാലകള്‍, ആരോഗ്യമേഖല എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനമൊക്കെ ഇന്ത്യന്‍ വംശജരുടെ മിടുക്കിലാണ് നടക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ആകൃഷ്ടരായി ഇവരൊക്കെ നാട്ടിലേയ്ക്ക് മടങ്ങിയാല്‍ അമേരിക്ക അടിപ്പെടും. മാത്യഭാഷയായ ഇംഗ്ലീഷും എഞ്ചുവടിക്കണക്കും അറിയാത്ത ഒരു പുതിയ തലമുറയാണ് അമേരിക്കയില്‍ വളര്‍ന്നുവരുന്നത്. ടാഗോറിന്റെ തലമുറയ്ക്ക് മാത്രമല്ല, ഇന്നത്തെ തലമുറയിലെ ഇന്ത്യക്കാര്‍ക്കും നോബല്‍, ഓസ്‌ക്കാര്‍, ഗ്രാമി സമ്മാനം നേടാനാകും എന്ന് തെളിഞ്ഞിരിക്കുന്നു. വിഭ്രാന്തി കൂടി, ഒബാമയ്ക്ക് ഉറക്കം നഷ്ടപ്പെടുമെന്ന് തീര്‍ച്ച.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: