ജനയുഗം വാര്‍ത്തകള്‍

ഇവരെ ആരാണ് മര്യാദ പഠിപ്പിക്കുക ? – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ഇവരെ ആരാണ് മര്യാദ പഠിപ്പിക്കുക ?

ആര്‍ വി ജി മേനോന്‍

ഓരോ വര്‍ഷവും മൂവായിരത്തിലധികം പേര്‍ കേരളത്തിലെ റോഡുകളില്‍ കൊല്ലപ്പെടുന്നുണ്ടത്രേ. അല്ലല്ല, കൊലപാതകങ്ങളല്ല; റോഡപകടങ്ങള്‍. ഇവയ്ക്കു പല കാരണങ്ങളുമുണ്ടാകാം. അശാസ്ത്രീയമായ റോഡു നിര്‍മാണം മുതല്‍ യന്ത്രത്തകരാറുകള്‍ വരെ. പക്ഷേ വലിയൊരു വിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നത് ഡ്രൈവര്‍മാരുടെ പിശക് ആണെന്നതില്‍ സംശയമില്ല. ഓരോ ദിവസവും റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, ഇവിടെ ഇത്രയല്ലേ അപകടങ്ങള്‍ ഉണ്ടാകുന്നുള്ളൂ! കൂടുതല്‍ ഉണ്ടാകാത്തത് നമ്മുടെ ഭാഗ്യംകൊണ്ടു മാത്രമാണ്. അത്രയ്ക്ക് അപകടകരമായ വിധത്തിലാണ് നമ്മുടെ പല ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഓടിക്കുന്നത.് സുരക്ഷിതമായ ഡ്രൈവിങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത മട്ടിലാണ് പലരുടെയും വണ്ടിയോടിക്കല്‍.
റോഡുകള്‍ മെച്ചമായാല്‍ റോഡപകടങ്ങള്‍ കുറയും എന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ നമ്മുടെ അനുഭവം മറിച്ചാണ്. റോഡിന്റെ കുറച്ചുഭാഗമെങ്കിലും മെച്ചപ്പെടുത്തിയാല്‍ ഉടനേ വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയതുപോലാണ് പലരുടെയും ഡ്രൈവിങ്. ലെയ്ന്‍ അടയാളപ്പെടുത്തിയാല്‍ റോഡുഗതാഗതം കൂടുതല്‍ സുരക്ഷിതമാകും എന്നാണ് പൊതുവേയുള്ള അനുഭവം. പക്ഷേ ഇവിടെ അതും വ്യത്യസ്തമാണ്. പാമ്പുപോകും പോലെ വളഞ്ഞുപുളഞ്ഞാണ് പലരും നാലുവരിപ്പാതയിലൂടെ വണ്ടിയോടിക്കുന്നത്. വേഗതകുറഞ്ഞ വാഹനങ്ങള്‍ ഇടതുലെയ്‌നിലൂടെ മാത്രം പോകുക. മറ്റു വാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രം വലതു ലെയ്ന്‍ ഉപയോഗിക്കുക എന്ന സാര്‍വത്രിക നിയമം ഇവിടെ ആര്‍ക്കും ബാധകമല്ല. പക്ഷേ എങ്ങനെ ഡ്രൈവര്‍മാരെ മാത്രം കുറ്റം പറയും? ലെയ്‌നിലൂടെ വണ്ടിയോടിക്കുന്നതിന്റെ മര്യാദകള്‍ അവരെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ. നമ്മുടെ മിക്ക ഡ്രൈവിങ് ഇന്‍സട്രക്ടര്‍മാരും ബഹുവരിപ്പാതയിലൂടെ വണ്ടി ഓടിച്ചിട്ടുണ്ടാവില്ല. പിന്നെങ്ങനെ അവര്‍ ശിഷ്യരെ അതിന്റെ മര്യാദകള്‍ പഠിപ്പിക്കും?
ലെയ്ന്‍ ഡ്രൈവിങ് മാത്രമല്ല പ്രശ്‌നം. ഒറ്റവരി മാത്രമുള്ള റോഡില്‍ പോലും ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് സര്‍വസാധാരണമത്രെ. വന്നുവന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അതാകാമെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചമട്ടാണ്. അതുകൊണ്ട് അതു പ്രതീക്ഷിച്ചു തന്നെയാണ് നാമും വണ്ടിയോടിക്കുക. പക്ഷേ കാറുകളും ബസുകളും കൂടി അതു ചെയ്തു തുടങ്ങിയാലോ? അതുപോലെ, റോഡു നിറഞ്ഞു വാഹനങ്ങള്‍ പോകുമ്പോള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ വിടവുകളിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ് മറ്റൊരു അപകടകാരണം. ഏതെങ്കിലും ജംഗ്ഷനില്‍ സിഗ്നലിനുവേണ്ടി വണ്ടി നിര്‍ത്തേണ്ടിവരുമ്പോഴാണ് ഇവരുടെ പരാക്രമം മൂര്‍ദ്ധന്യത്തിലെത്തുക. നുഴഞ്ഞുകയറിക്കയറി വലത്തോട്ടു തിരിയേണ്ട വണ്ടി ഇടത്തേയറ്റത്തു മുന്നിലായിട്ടായിരിക്കും ചിലപ്പോള്‍ സ്ഥലം കൈയടക്കുക. എന്നിട്ട് സിഗ്നല്‍ മാറുമ്പോള്‍ എല്ലാവരുടെയും മുന്നിലൂടെ വലത്തോട്ട് ഒരു മിന്നല്‍. പിന്നെ ഒരു സമാധാനമുള്ളത് ഇത്തരം സാഹസങ്ങള്‍ പതിവായതുകൊണ്ട് എല്ലാവരും കരുതിത്തന്നെയാണ് നില്‍ക്കുന്നത്. അതുകൊണ്ടു മാത്രമാണ് കൂടുതല്‍ അപകടങ്ങളുണ്ടാകാത്തത്.
അതുപോലെതന്നെയുള്ള നിയമരാഹിത്യമാണ് ട്രാഫിക് റൗണ്ടുകളില്‍ പ്രവേശിക്കുമ്പോഴും കാണാറുള്ളത്. വലതുവശത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക്, അതായത് റൗണ്ടില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍ക്ക്, മുന്‍ഗണന കൊടുക്കുക എന്ന മര്യാദ നമുക്ക് തീര്‍ത്തും അജ്ഞാതമാണെന്നു തോന്നുന്നു. അതിനു പകരം നുഴഞ്ഞുകയറ്റക്കാര്‍ക്കു മുന്‍ഗണന എന്നതാണു നമ്മുടെ രീതി. പിന്നെയൊരു സാര്‍വലൗകിക നിയമം കൂടിയുണ്ട് ഇവിടെ: വലിയ വണ്ടിയ്ക്കാണ് എപ്പോഴും വഴിയവകാശം! ബസ്സുകാരോട് മര്യാദ ആവശ്യപ്പെടാന്‍ നമുക്കെന്തവകാശം! അതുപോലെ തന്നെ നിയമത്തിനതീതരാണ് ചുവന്ന ബോര്‍ഡുവച്ച സര്‍ക്കാര്‍ വാഹനങ്ങളും. ചുരുക്കത്തില്‍ നോക്കിയും കണ്ടും വണ്ടിയോടിച്ചാല്‍ വലിയ കേടില്ലാതെ വീട്ടിലെത്താം.
ഇടവഴികളില്‍ നിന്നും ചെറു റോഡുകളില്‍ നിന്നും മെയിന്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നമുക്കന്യമാണ്. ”സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ്” എന്ന ഒരു ട്രാഫിക് സൈന്‍ ഒരിടത്തും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ”യീല്‍ഡ്” (വഴി കൊടുക്കുക) എന്ന അടയാളവും ഇവിടെങ്ങും കണ്ടിട്ടില്ല. എന്നിരുന്നാലും ഇടറോഡില്‍ നിന്നു കയറുന്ന ഒരു വാഹനം ”നിര്‍ത്തി എടുക്കണം” എന്ന സാമാന്യ നിയമം നാമും പാലിക്കേണ്ടതല്ലേ? ഇവിടെ അതു പാലിക്കപ്പെടുന്നതായി ആകെ ഞാന്‍ കണ്ടിട്ടുള്ളത് ”ബംപ്” ഉള്ളിടത്തുമാത്രമാണ്. വാസ്തവത്തില്‍ എല്ലാ ജംഗ്ഷനുകളിലും അപ്രധാന റോഡില്‍ ബംപ് വച്ചാല്‍ തന്നെ കുറെ അപകടങ്ങള്‍ കുറയും.
കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത് ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ്. വളവുകളില്‍ ഓവര്‍ടേക്കിങ് പാടില്ല എന്നത് പ്രാഥമിക നിയമമാണ്. പക്ഷേ നമ്മുടെ ഡ്രൈവര്‍മാര്‍ക്ക് അതൊരു വരം തന്നെയാണ്. എന്നിട്ട് അപ്രതീക്ഷിതമായി എതിരെ ഏതെങ്കിലും വാഹനം വന്നുപെട്ടാല്‍ ബ്രേക്ക് ചവിട്ടുക അല്ലെങ്കില്‍ ആക്‌സിലേറ്ററില്‍ ചവിട്ടി മറ്റു രണ്ടു വാഹനങ്ങള്‍ക്കുമിടയിലൂടെ സാഹസികമായി നുഴഞ്ഞുകയറുക. ദൈവ വിശ്വാസമില്ലാത്തവര്‍ പോലും ഈശ്വരനെ വിളിച്ചുപോകുന്ന സന്ദര്‍ഭങ്ങള്‍. ഇതു തടയാനുള്ള ഒരേയൊരു മാര്‍ഗം ഇത്തരം സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക എന്നതു മാത്രമാണ്. മിക്കയിടത്തും മഞ്ഞവര കണ്ടു. പക്ഷേ മഞ്ഞവരയെ ആരുമാനിക്കുന്നു! ബംപും ഡിവൈഡറും മാത്രമാണ് മലയാളി മാനിക്കുന്ന ട്രാഫിക് സൈനുകള്‍ എന്നു തോന്നുന്നു.
എന്താണിതിനൊരു പരിഹാരം? രണ്ടുണ്ടു മാര്‍ഗങ്ങള്‍. ഒന്ന് നിഷ്‌കര്‍ഷയോടെയുള്ള ഡ്രൈവിങ് വിദ്യാഭ്യാസവും ബോധവല്‍ക്കരണവും. രണ്ട് കര്‍ശനമായ നിയമം നടപ്പാക്കല്‍. രണ്ടും കൂടിയേ തീരൂ. ഇന്നത്തെ നമ്മുടെ ഡ്രൈവിങ് പരിശീലന സമ്പ്രദായത്തെ ലജ്ജാവഹം എന്നേ പറയാവൂ. ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെ യോഗ്യതയോ അനുഭവസമ്പത്തോ ആരും പരിശോധിക്കുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് ആണെങ്കില്‍ വെറും വഴിപാട്. അതില്‍ തന്നെ പഴുതുകള്‍ ധാരാളം എന്നും പറയപ്പെടുന്നു. ഇത് അടിമുടി പരിഷ്‌കരിച്ചേ മതിയാവൂ. ഡ്രൈവിങ് വിദ്യാഭ്യാസത്തിനാവശ്യമായ ഹ്രസ്വഫിലിമുകളും മറ്റു സഹായകസാമഗ്രികളും വാഹനഗതാഗതവകുപ്പും നാറ്റ്പാക്കും ചേര്‍ന്ന് വികസിപ്പിച്ചെടുക്കണം. അതുവച്ചുള്ള പരിശീലനം നിര്‍ബന്ധിതമാക്കണം. അവയൊക്കെ ടെലിവിഷനിലൂടെ പ്രചരിപ്പിക്കണം. തീവണ്ടി ലെവല്‍ക്രോസിങ്ങില്‍ മോഹന്‍ലാല്‍ വന്ന് മര്യാദ പഠിപ്പിക്കുന്നതുപോലെ റോഡു ഗതാഗതത്തിലെ ചെത്തുകൂട്ടന്മാരെയും മോഹന്‍ലാലും സുരേഷ്‌ഗോപിയും മറ്റും വന്ന് ഗുണദോഷിച്ചാല്‍ ചിലപ്പോള്‍ കുറച്ചുഫലം ഉണ്ടായേക്കും.
ഇതിന്റെ മറുഭാഗമാണ് കര്‍ശനമായ നിയമപാലനം. ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ ചിലയിടത്തൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നു പത്രവാര്‍ത്ത ഉണ്ടായിരുന്നു. അതു വ്യാപകമാക്കണം. എവിടെയാണ് ക്യാമറ ഉള്ളതെന്ന് ഡ്രൈവര്‍മാര്‍ അറിയേണ്ടതില്ല. എവിടെയും ഉണ്ടാകാം എന്ന ഒരു വിശ്വാസം ആണ് അവരിലുണ്ടാകേണ്ടത്. നിയമം തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും വേണം.
ഇതൊക്കെ ചെയ്താല്‍ ഒരു പക്ഷെ കുറെ ജീവനങ്കിലും നമുക്കു രക്ഷിക്കാനായേക്കും. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ട് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് അപകടങ്ങള്‍ കുറക്കാനായി ലക്ഷങ്ങള്‍  ചെലവാക്കുന്നത്!

Advertisements

ഒരു പ്രതികരണം to “ഇവരെ ആരാണ് മര്യാദ പഠിപ്പിക്കുക ? – ആര്‍ വി ജി മേനോന്‍”

  1. Jeremiad said

    പൊതുസ്ഥലത്തു പാലിക്കേണ്ട മര്യാദയറിഞ്ഞുകൂടാത്ത ഒരു സമൂഹമാണ് കേരളത്തിലേത്. പാന്‍ തിന്ന് എപ്പോഴും തുപ്പിക്കൊണ്ടിരിക്കുന്ന യുവജന്തുക്കള്‍. മനുഷ്യത്വമില്ലാത്ത ജീവികള്‍ വണ്ടിയോടിക്കുന്നിടം. വാഹനമോടിക്കാന്‍ പഠിക്കുകയെന്നാല്‍ റോഡ് റേജ് പഠിക്കുക എന്നതാണ് ഒന്നാമത്തെ കാര്യമെന്നാണ് ആളുകളുടെ വിചാരം. പൊതുസ്ഥലത്തെ മര്യാദ പഠിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഒന്നും ചെയ്യുന്നില്ല. സ്കൂളില്‍ അതു പഠിപ്പിച്ചിരുന്നില്ല. പത്തുപതിനഞ്ചുകൊല്ലം മുന്‍പ് ദൂരദര്‍നില്‍ ചെയ്ത്താന്‍ ബനാ ആസാന്‍ ഹൈ, ഇന്‍സാന്‍ ബനാ മുശിക്കല്‍ ഹൈ എന്നൊരു 1 മിനിറ്റ് ഇടവേളപ്പരിപാടി കണ്ടതോര്‍ക്കുന്നു. മാധ്യമങ്ങള്‍ സിവിക് സെന്‍സ് പഠിപ്പിക്കാന്‍ നിര്‍ബന്ധമായും സമയവും സ്ഥലവും മാറ്റിവെയ്ക്കേണ്ടതാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: