ജനയുഗം വാര്‍ത്തകള്‍

വനഗ്രാമം – പി വത്സല

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

വനഗ്രാമം – പി വത്സല

തിരുനെല്ലി പൂര്‍ണമായും ഒരു വനഗ്രാമമാണ്. അന്നും ഇന്നും. 1967 ഏപ്രില്‍ രണ്ടാം തീയതി സന്ധ്യയ്ക്ക് അവിടെ, സ്ഥലത്തെ പ്രധാന ഭൂവുടമയുടെ മുറ്റത്ത് ജീപ്പിറങ്ങുമ്പോള്‍ വിസ്മയത്തിന്റെ ഒരു ലോകം. വേനല്‍ മഴയില്‍ കുളിച്ചുണര്‍ന്ന് അന്തിവെയിലിനെ നോക്കി പുഞ്ചിരിക്കുന്ന കാടും വയലും.
വയലുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന കൊടുംകാട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിമാലയ സാനുക്കളിലും അമേരിക്കയിലും പിന്നീട് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത സവിശേഷത നമ്മുടെ വനസാമ്രാജ്യത്തിനുണ്ട്. ഒന്നിനൊന്നു വേറിട്ട ഇനം പുല്ല്, മുള്‍ക്കാടുകള്‍, ഉഷ്ണമേഖലാ വൃക്ഷങ്ങള്‍, വല്ലികള്‍, സസ്യനികുഞ്ജങ്ങള്‍. വിവിധ ജനവര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആദി നരസംഗമ സ്ഥാനം. ഒരു കൂട്ടം മനുഷ്യര്‍ കാട്ടില്‍ ഒറ്റപ്പെടുകയും പിന്നീട് വനം ജനപദങ്ങളെ വളഞ്ഞു കയ്യേറുകയും ചെയ്തതാണെന്ന് ചെറിയ പരിചയം കൊണ്ടു മനസിലാവും.
ഒരു വലിയകളം. പുഞ്ചക്കൊയ്ത്തിനായി ചെളിമെഴുകി, ചാണകം തളിച്ച വലിയ കളം. അതിന്റെ ഒരരികു ചേര്‍ന്ന് ഗ്രാമത്തിലെ ഓടിട്ട രണ്ടു മൂന്നു ഭവനങ്ങളില്‍ ഒന്നാണിത്. വീടിനേക്കാളുയരത്തില്‍ ആദ്യത്തെ കൊയ്ത്തില്‍ സംഭരിച്ച കൂറ്റന്‍ വൈക്കോല്‍ക്കുന്ന്. കൃഷിയുടെ വലിപ്പം വിളിച്ചു പറയുന്ന മഴക്കാലവിളയുടെ ശേഷിപ്പായി ഈ വൈക്കോല്‍ കൂന, കൃഷി എന്ന തപസിന്റെ ഗാംഭീര്യം വെളിപ്പെടുത്തുന്നു. അതിനു ചുറ്റും കൊഴുത്ത നാട്ടുകോഴിയും മക്കളും അന്തിനേരത്തെ തീറ്റ അകത്താക്കുന്ന അങ്കലാപ്പിലാണ്. മഴ തോര്‍ന്നതും അന്തിവെയില്‍ തിളങ്ങുന്നതും കണ്ടിറങ്ങിയതാണ്. വണ്ടിയുടെ ഇരമ്പല്‍ അവര്‍ക്കു പരിചിതം.
എന്തുകൊണ്ടിവിടെ? തീരെ പരിചിതമില്ലാത്ത ഈ ഗൃഹാങ്കണത്തില്‍?
ജീപ്പ് ഈയൊരു മുറ്റത്തേ കയറിവരു. ആ സൗകര്യം കാട്ടിറമ്പിലെ മറ്റു കര്‍ഷക ഭവനങ്ങളിലില്ല. കബനിയുടെ കൈവഴി കാളിന്ദി, ഗ്രാമത്തെ നെടുകെ വാര്‍ന്നു മുറിക്കുന്നു. അക്കരെക്കാട് വിശാലവും അന്തമില്ലാത്തതും ഇടതൂര്‍ന്നതുമാണെന്നു കാണാം. മഴമഞ്ഞു പുതച്ചു നേരത്തെ ഉറങ്ങാന്‍ വട്ടം കൂട്ടുകയാണ്. അക്കൊല്ലത്തെ ആദ്യവേനല്‍ മഴയുടെ സൗഖ്യം ആഘോഷിച്ചു കളയാം. തണുത്ത കാറ്റ് നിരന്തരം വീശുന്നു. അക്കരെ കാട്ടിലെ മുളങ്കൂട്ടത്തിന്റെ പരസഹസ്രം വിരലുകളിലെല്ലാം മഴ സമ്മാനിച്ച എണ്ണമറ്റ വൈരമോതിരങ്ങള്‍, മാണിക്യം പതിച്ച അലങ്കാരങ്ങള്‍. കുളിച്ചുനില്‍ക്കുന്ന മുളങ്കാടിന്റെ ഈ സൗന്ദര്യം മുമ്പും പിമ്പും ഒരിടത്തും കണ്ടിട്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മാവൂരിലെ റയോണ്‍ കമ്പനി കാടുകളെയെല്ലാം വസ്ത്രാക്ഷേപം ചെയ്തപ്പോഴും കുറേക്കാലം കൂടി കാട്ടുമുളം കൊട്ടാരങ്ങള്‍ അക്കരെ ശേഷിച്ചിരുന്നു…..
വീട്ടുകരി, ബേബി ബോട്ടിലില്‍ നിറച്ച പശുവിന്‍ പാലുമായി എന്റടുത്തു അത്യന്തം സന്തോഷത്തോടെ വന്നു.
വരുമെന്നു കേട്ടിരുന്നു. അക്കരെ വീട്ടില്‍ താമസിക്കാനേര്‍പ്പാടു ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു. ആദ്യം ഇവിടെ വന്നുകയറിയതില്‍ സന്തോഷം.
മടിയില്‍ കിടന്ന കുഞ്ഞ് വീര്‍പ്പുമുട്ടുംവരെ പശുവിന്‍ പാല്‍ കുടിച്ചു. കൂടെക്കൊണ്ടുപോരാനിരുന്ന ഗ്ലാക്‌സോ ബേബി മില്‍ക്ക് പിന്നെ കൊണ്ടുവരാതിരുന്നത് നന്നായി. അത് ഈ വിശുദ്ധ ഗ്രാമത്തെ അപമാനിക്കലാവുമായിരുന്നു. എല്ലാ വീടുകളിലും കന്നുകാലികളുണ്ട്. പശുക്കറവയുണ്ട്. വീട്ടമ്മമാര്‍തന്നെ കറന്നെടുക്കുന്ന നറും പാലിന് ക്ഷാമമില്ല. എന്നാല്‍ കര്‍ഷക ഭവനങ്ങള്‍ വിരലിലെണ്ണാന്‍ മാത്രമെയുള്ളൂ. കര്‍ഷകത്തൊഴിലാളികളുടെ പുരകളാണ് തൊണ്ണൂറ്റഞ്ചു ശതമാനവും. ഒരു യഥാര്‍ഥ ആദിവാസി ഗ്രാമം. അവരുടെ സ്വന്തം ഗ്രാമം എന്നു പറയാനനുവദിക്കാത്തത് ലിഖിത നിയമങ്ങള്‍ മാത്രമാണ്. ആദിവാസിയുടെ കാല്‍പ്പാടു വീഴാത്ത ഗൃഹാങ്കണങ്ങളും കളങ്ങളും വയലും കാടും അവിടെയില്ല. വൈപരീത്യം അവര്‍ പണിയാളരും പണിയൊന്നും ഇല്ലാത്തവരും ആണെന്നതായിരുന്നു. അതും പ്രകൃതി നിശ്ചയമാണെന്ന് ഗ്രാമത്തില്‍ കുടിയിരിക്കുന്നവരെല്ലാം അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസം കോണ്‍ക്രീറ്റിട്ട ഒരു തറപോലെയാണ്. അതിന്നടിവശം ഒരുതുണ്ട് ഭൂമിയുണ്ടെന്നും അതില്‍ പലകാലത്ത് പലവേരുകള്‍ ഓടിയിരുന്നെന്നും മണ്ണ് സമ്പന്നമാണെന്നും ഓര്‍ക്കാന്‍ പുതിയ കുടികിടപ്പുകാര്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.
നിലനില്‍പ് തീര്‍ത്തും ദുഷ്‌കരമായൊരു ഗ്രാമത്തിലാണ് വന്നുപെട്ടിരിക്കുന്നത്. യാത്രാ സൗകര്യം എന്ന ഒന്ന് ഉള്ളത് നിത്യേന വൈകുന്നേരം നാലുമണിക്ക്, കവലയില്‍ വന്നുനിന്ന് ശ്വാസം വലിക്കുന്ന പഴയൊരു വാന്‍ മാത്രമാണ്.
അത് ഉപേക്ഷിച്ച് ഡ്രൈവര്‍ കാറ്റു കൊള്ളാന്‍ പുറത്തിറങ്ങും. മമ്മിയുടെ ചായക്കടയിലേക്കു നടക്കും. ഗ്രാമത്തിലെ ഒരേയൊരു ചായക്കട. അവിടെ എന്തും വില്‍പനയ്ക്ക് വച്ചിരിക്കും. നമ്മള്‍ ചോദിക്കുന്നതുമാത്രം കിട്ടാനുണ്ടാവില്ല.
ഞങ്ങളുടെ ജീപ്പിനു പുറകെ എത്തിയ വാനില്‍ നിന്നു ഒരു ഗ്രാമത്തിനു ഒഴിച്ചുകൂടാന്‍ വയ്യാത്ത നിരവധി വസ്തുക്കള്‍ പുറത്തേക്കു വലിച്ചിടപ്പെടുന്നു.
ഗ്രാമത്തിലെ ഗൃഹസ്ഥന്മാര്‍, അവരുടെ അങ്ങാടി വാണിഭത്തിന്റെ വിഭവങ്ങള്‍, മുപ്പതു കിലോ മീറ്ററിനപ്പുറം പട്ടണക്കാഴ്ചയ്ക്കുപോയ ആദിവാസികള്‍, ഗുരുതരമായ രോഗം ബാധിച്ചു മാനന്തവാടിയിലെ ആശുപത്രിയില്‍ പോയി തിരിച്ചുവരുന്ന രണ്ടോ മൂന്നോ പേര്‍, വേറ്റിലക്കെട്ടുകള്‍, ഉണക്കമീന്‍ വട്ടികള്‍, പുകയിലപ്പൊതികള്‍, ഉപ്പ്, വെല്ലം, പലവ്യഞ്ജന വട്ടികള്‍, ചുളുങ്ങി ജീവന്‍പോയ ഒന്നോ രണ്ടോ ദിനപത്രങ്ങള്‍, വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിനു പോകാനുദ്ദേശിക്കുന്ന ചില കച്ചവടക്കാര്‍, അടിമകള്‍, ഉടമകള്‍, കുട്ടികള്‍, സ്ഥലത്തെ എല്‍ പി (ഏകാധ്യാപക) സ്‌കൂളിലെ ഒരുമാഷ്- കൊല്ലത്തിലൊരിക്കല്‍ പിറന്ന ഗ്രാമത്തിലേയ്ക്ക് തിരിച്ചുവരുന്ന, കുഞ്ഞുള്ള ഒരു യുവതി- ഒറ്റ നോട്ടത്തില്‍ ഇവരെയെല്ലാം തിരിച്ചറിയാന്‍ കഴിയും. ഒരാള്‍, വേറിട്ടൊരാള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. കാട്ടിലെ വാസം കൊണ്ടു തൊലി കരിവാളിച്ച ഒരു താഴെനാട്ടുകാരന്‍, മീശ, ഒട്ടിയകവിള്‍, പുകക്കുഴലുകളെ ഓര്‍മിപ്പിക്കുന്ന മൂക്ക്. അരപ്പട്ട, അരപ്പട്ടയില്‍ പാകത്തിനൊരു മണിപേഴ്‌സ്, കീശയില്‍ പുത്തന്‍ സിഗററ്റ് പായ്ക്കറ്റ്. അയാള്‍ കരിങ്കുരങ്ങു രസായനക്കാരന്‍ തോമച്ചനാണെന്നു പിന്നീടറിഞ്ഞു.
ആതിഥ്യം നല്‍കിയ ഭവനത്തില്‍ അന്നൊരു വിശേഷ ദിനമായിരുന്നു. ഗൃഹനാഥന്റെ മൂത്തമകന്റെ പത്‌നി, നാല്‍പതു നാളുകള്‍ മാത്രം പ്രായമായ ആദ്യ ശിശുവുമായി നാട്ടില്‍ നിന്നു തിരിച്ചുവന്ന സുദിനം. കുട്ടിയുടെ ‘പാല്‍കുടിദിന’മായിരുന്നു. അതിന്റെ പങ്ക് പാല്‍പ്പായസവും ചായയും പഴങ്ങളും കഴിച്ചു ഞങ്ങള്‍, ഉദേശിക്കപ്പെട്ട താമസസ്ഥലത്തേക്കിറങ്ങി. പട്ടാളപ്പെട്ടിക്ക് നല്ല ഭാരമുണ്ട്. ഒരു ആദിവാസി യുവാവ് ഒരുകുട്ട ഉണക്കനെല്ല് ചുമക്കുന്ന ലാഘവത്തോടെ അത് തലയിലേറ്റി വയല്‍ വരമ്പിലേക്കിറങ്ങി. മഴവെള്ളം കുടിച്ചു മതിവന്ന വരമ്പില്‍ വഴുക്കലില്ല. വെയില്‍ നാവുകള്‍ നക്കിത്തുടച്ച് വൃത്തിയാക്കിയ വഴി. ഒരു കരച്ചില്‍ കഴിഞ്ഞു പതുക്കെ ചിരിക്കുന്ന കറുക പുല്ല്.
കബനിയുടെ നേരിയ ശബ്ദം വളര്‍ന്നു വലുതായി. കാട്ടാറിന്റെ തിമര്‍പ്പ് ഒറ്റമഴയുടെ സമൃദ്ധിയില്‍  മദിക്കുന്നു. ഒരടിയേ വെള്ളമുള്ളു. നല്ല ഒഴുക്കുള്ള കാട്ടരുവി.
ശ്രദ്ധിച്ചിറങ്ങണം! പിന്നില്‍ നടക്കുന്ന യാത്രികരാരോ പറഞ്ഞു.
വലിയ പുഴയില്‍ നീന്തിക്കുളിച്ചു ശീലിച്ച ഭര്‍ത്താവ്
ഓ! സാരമില്ലെന്നു പറഞ്ഞ് ആദ്യമിറങ്ങി. കയ്യില്‍ ചെറിയ കുഞ്ഞ്. എല്ലാ ചിരിയും വിശ്വാസമില്ലെന്ന് ആദ്യം ചുവടു താങ്ങിയ ഉരുളന്‍ കാട്ടുകല്ല് ഓര്‍മിപ്പിച്ചു.
പ്-ധീം…. കറുത്ത കല്ലുകളുടെ ഇരുണ്ട പായല്‍ക്കുപ്പായമാണ് ചതിച്ചത്. ഒഴുക്ക് കിളുകിെളച്ചിരിക്കുന്നു. ഇവളെ അവഗണിച്ചു കടന്നവരെല്ലാം ഈ കൊച്ചു ചതികളില്‍ ഒരിക്കലെങ്കിലും പെട്ടന്നാകും. കുഞ്ഞിന് ഒന്നും പറ്റിയില്ല. അച്ഛന്റെ ഉയര്‍ന്ന കൈക്കുടന്നയില്‍ ഒരു താമരപ്പൂപോലെ അവള്‍.
കല്ലിനു മേല്‍ച്ചവിട്ടാതെ, കല്ലിടകളിലെ പൂഴിയില്‍ മാത്രം ചുവടുവയ്ക്കുക എന്നു പുറകില്‍ നടക്കുന്നവര്‍ താക്കീതു നല്‍കുന്നു. നാല്‍പതു കൊല്ലങ്ങള്‍ക്കു ശേഷവും ഇതേകാട്ടരുവി, ഇതേ കടവില്‍ മുറിച്ചുകടക്കുമ്പോള്‍, പഴയ താക്കീത് മനസില്‍ ഒരു അംഗരക്ഷകനെപ്പോലെ നിലകൊള്ളുന്നു. കാട്ടരുവിയിലെ ചെറുകല്ലുകള്‍ക്ക് വഴുക്കുന്ന പായല്‍ക്കവചം, നാട്ടിലെ പാറകള്‍ക്ക് വെയില്‍ക്കുപ്പായം!
പിന്നേയും വയല്‍വരമ്പുകള്‍, വഴുക്കലില്ല. ഭാഗ്യം. അറ്റക്കഴകള്‍ക്കു മേല്‍ ഒറ്റക്കവുങ്ങു തടിപ്പാലം കടക്കാം. കുട്ടിക്കാലത്ത് കോഴിക്കോടന്‍ ഗ്രാമങ്ങളില്‍ അഭ്യസിച്ച പാഠങ്ങള്‍ ഓര്‍മയിലെത്തുന്നു.
കുളിച്ചു കുതിര്‍ന്നു നീര്‍ വാര്‍ത്തുനില്‍ക്കുന്ന ഭേദപ്പെട്ട ഭവനങ്ങളെല്ലാം പുല്‍പ്പുരകളാണ്. അതൊരു പുതുക്കാഴ്ചതന്നെ. കര്‍ഷക ഭവനങ്ങളുടെ എളിമയും സഹനശീലവും വെളിപ്പെടുത്തുന്ന കാഴ്ചകള്‍. ചേര്‍ന്ന് നില്‍ക്കുന്നു പുല്ലുമേഞ്ഞ തൊഴുത്തുകള്‍. കൂമ്പി ഉയര്‍ന്നു മുറ്റത്ത് വൈക്കോല്‍ കൂനകള്‍. വൈക്കോല്‍ കൂനയുടെ ശിഖരങ്ങളില്‍ മരത്തുമ്പത്തു ചേക്കേറിയ കൃഷ്ണപ്പരുന്ത്. അപ്പോഴും പെയ്യുന്ന മരങ്ങള്‍ കാട്ടില്‍ മുഴക്കുന്ന ആരവം. എല്ലാത്തിനേയും ചീവി മുറിച്ച് നീണ്ടുവരുന്ന അപൂര്‍വമായ തുടിയൊച്ച. അതിന്റെ രാഗവായ്പില്‍ ഒരു പകല്‍ മുഴുവനും നീണ്ട യാത്രയുടെ മൗഢ്യം അമ്പെ, കാറ്റെടുത്തുപോകുന്നു. കഴിഞ്ഞ ജന്മത്തിലെങ്ങാനും കേട്ടുമറന്ന തുടിയൊച്ച, ആദി സംസ്‌കാരത്തിന്റെ അടരുകള്‍ വിടര്‍ത്തിമാറ്റി മുമ്പിലും ചുറ്റിലും പുനര്‍ജ്ജനിക്കുന്നു.
ഒരു മാസമെങ്കിലും ഇവിടെ. ഈ പുനര്‍ജ്ജനി ഗ്രാമത്തിന്റെ കുളുര്‍ത്ത കാറ്റേറ്റ്, കാട്ടരുവിയിലെ ശൈത്യത്തില്‍ നീരാടി, പര്‍വതനിരകളുടെ നിശ്വാസമഞ്ഞില്‍ സ്വപ്നങ്ങള്‍ ചാലിച്ച്, സൂര്യോദയവും അസ്തമയവും മനം കുളുര്‍ക്കെക്കണ്ട്, ജീവിതം പോലെ എണ്ണമറ്റ ആകൃതിയിലും സ്വഭാവത്തിലും പരന്നുകിടക്കുന്ന മേഘാകാശങ്ങളില്‍ സഞ്ചരിച്ച്……
എത്ര കര്‍ണ കഠോരമായിരുന്നു, ഞാനിറങ്ങിപ്പോന്ന വാടകവീടിന്റെ മതില്‍ ചേര്‍ന്ന് പാഞ്ഞു പോകുന്ന രാത്രി തീവണ്ടികളുടെ അലര്‍ച്ചകള്‍! എത്ര നിര്‍വികാരമായിരുന്നു, വിട്ട് പോന്ന എഫ് സി ഐ ഗോഡൗണുകളുടെ നിര്‍വികാരമായ അന്തരീക്ഷം! വീട്ടിനടുത്തുള്ള ചാലിയിലെ തവളകളുടെ ക്രോം, ക്രോം, സ്വരമാണ് മഴക്കാലത്തെ പരുഷമായി വിളിച്ചു വരുത്തിയിരുന്നത്. ഇവിടെ സദാസമയവും പക്കമേളം, മധുരമധുരമായ കാനന സംഗീതം. പ്രകൃതിയുടെ മക്കളുടെ ചലനങ്ങള്‍. കാടിന്റെ തിരുമുറ്റത്തെ വയല്‍പ്പരപ്പില്‍ അന്തിയിരുട്ടും വരെ ഞാറു നട്ടും, കള പറിച്ചും കുനിഞ്ഞു നില്‍ക്കുന്ന മെലിഞ്ഞു കറുത്ത ആകാരങ്ങള്‍, അപരിചിതരായ വരമ്പു നടപ്പുകാരെക്കണ്ട് കൗതുകത്തോടെ നിവര്‍ന്നു വെളുത്ത പല്ലുകള്‍ ചുവന്ന വെയിലില്‍ തിളങ്ങിനില്‍ക്കുന്നു. അവര്‍ പല കടും വര്‍ണച്ചേലയുടുത്ത ആദിവാസി പെണ്ണുങ്ങളാണെന്നു തിരിച്ചറിയുന്നു. അവരെ അറിയാനാണ് എന്റെ ശ്രമം. അതിനാണ് കൊടുങ്കാട്ടിലൂടെ മുപ്പത്തൊന്നു കിലോ മീറ്റര്‍ ദൂരവും, ഒരു പകലിന്റെ ബസ് യാത്രയും കഴിഞ്ഞ് ഇവിടെ വന്നു ചേര്‍ന്നിരിക്കുന്നത്.
ഞങ്ങളെ സ്വീകരിക്കാനിരിക്കുന്ന കൊച്ചു കര്‍ഷക ഭവനത്തിന്റെ ഉമ്മറത്ത് അന്തി വിളക്ക് തെളിയാന്‍ സമയമാകുന്നു. മെലിഞ്ഞു നീണ്ട, അറുപതു കഴിഞ്ഞ വീട്ടമ്മ, വെളുത്തമുണ്ടും വെളുത്ത രണ്ടാം മുണ്ടും ധരിച്ച് ഉമ്മറത്ത് നിറഞ്ഞ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്നു. അവരുടെ പടിക്കെട്ടിനു മുമ്പിലൂടെ ഒരു ചെറു നീര്‍ച്ചാലൊഴുകുന്നു. നട്ടു തെളിഞ്ഞ ഞാറുകള്‍ മുട്ടറ്റം വെള്ളത്തില്‍ ഉല്ലാസത്തോടെ നില്‍ക്കുന്നു. തീറ്റ കഴിഞ്ഞ വെള്ളകൊക്കുകള്‍ ഇരുണ്ടു വരുന്ന ആകാശത്തില്‍ വെളുത്ത രേഖാ ചിത്രമെഴുതി പുഴക്കരയിലെ മരച്ചില്ലകളിലേക്ക് പറക്കുന്നു.
കുഞ്ഞ് മകള്‍ ഉറക്കം ഞെട്ടി, വിസ്മയത്തോടെ പുതിയ ലോകം നോക്കിക്കാണുന്നു. വീട്ടിനകത്ത് നിരന്തരം ചലിച്ചുകൊണ്ടിരുന്ന ഒരു തടിച്ചട്ടത്തിന്റെ ഒച്ച, പൊടുന്നനെ നിലയ്ക്കുന്നു. ഞങ്ങള്‍ തിരിഞ്ഞു നോക്കി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: