ജനയുഗം വാര്‍ത്തകള്‍

പെണ്ണിനെ പേടിച്ചൊരു കൂട്ടര്‍, അഴിമതി എന്തെന്നറിയാത്ത മറ്റൊരു കൂട്ടര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2010

പെണ്ണിനെ പേടിച്ചൊരു കൂട്ടര്‍, അഴിമതി എന്തെന്നറിയാത്ത മറ്റൊരു കൂട്ടര്‍

ദിഗംബരന്‍

പണ്ടേയ്ക്കു പണ്ടേ സ്ത്രീയെ പേടിയുള്ളവരാണ് ഭാരതത്തിലെ പുരുഷ കേസരിമാര്‍. സ്ത്രീയുടെ കൗശലത്തിനു മുന്നില്‍ വീണുപോയവരും പെടാപാട് പെട്ടവരും പുതുകാലത്തു മാത്രമല്ല, പൗരാണിക കാലത്തും ഉണ്ടായിരുന്നു. ഉഗ്ര പ്രതാപിയായ വിശ്വാമിത്ര മഹര്‍ഷിപോലും മേനകയുടെ അംഗലാവണ്യത്തിനും നൃത്തച്ചുവടുകള്‍ക്കും മുന്നില്‍ മനമിടറിപ്പോയ അനുഭവമുണ്ട്. കല്യാണസൗഗന്ധികം മോഹിച്ച് ഭീമനെ പാടുപെടുത്തുകയും മുടിയഴിച്ചിട്ട് കൗരവനാശം വേണമെന്ന് ശഠിക്കുകയും ചെയ്ത ദ്രൗപദിയും ഭീഷ്മരെ വകവരുത്താന്‍ തപസുചെയ്ത് ശിഖണ്ഡിയായി വന്ന അംബയുമൊക്കെ പറഞ്ഞുതരുന്നത് ‘പെണ്ണൊരുമ്പെട്ടാ’ല്‍ എന്നതിന്റെ വിശാല തലങ്ങള്‍ തന്നെ. ‘അവളെ പേടിച്ചാരും ഈ വഴി നടപ്പീല’ എന്ന ശീലിലൂടെ മലയാളിയും ‘പെണ്ണൊരുമ്പെ’ട്ടാലിന്റെ കഥ ഓര്‍മപ്പെടുത്തുന്നുണ്ട്. സ്ത്രീ, സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും കൗമാരത്തില്‍ പിതാവും യൗവ്വനത്തില്‍ ഭര്‍ത്താവും വര്‍ധക്യത്തില്‍ പുത്രഗണങ്ങളും സ്ത്രീയെ കണ്ണിലെണ്ണയൊഴിച്ച് കാത്തുകൊള്ളണമെന്നും മനുമുനി ഉപദേശിച്ചത് ഇതൊക്കെകൊണ്ടാവാം. അദ്വാനിയുടെയും സുഷമയുടെയും അരുണ്‍ ജയ്റ്റ്‌ലിയുടെയും പാര്‍ട്ടിക്കാരാണ്, മനുമുനിയുടെ ഉപാസകരും പ്രചാരകരും. പക്ഷേ വോട്ടിനുവേണ്ടി രാമനെ വന്ദിക്കുകയും വോട്ടിനുവേണ്ടി തന്നെ രാമനെ കയ്യൊഴിയുകയും ചെയ്യുന്ന അവര്‍ മനുമുനിയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് അനൗചിത്യമാണ്. അതുകൊണ്ടു മാത്രം തങ്ങള്‍ ഫ്രീസറില്‍ വച്ചിരുന്ന വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാന്‍ അവര്‍ മുന്നോട്ടുവന്നു. മനുവിന്റെ സ്മൃതികളില്‍ സ്മൃതിയാകെ അര്‍പ്പിച്ചുകഴിയുന്ന ഒരു വലിയ കൂട്ടത്തിന് പരാതിയും പരിഭവവും ഉണ്ട്. പൊട്ടിത്തെറിയുടെ വക്കില്‍ അവര്‍ വഴുതാതെ പിടിച്ചുതൂങ്ങാന്‍ പാടുപെടുന്നതുകണ്ട് യാദവ നേതാക്കള്‍ക്ക് ചിരിക്കണമോ കരയണമോ എന്നറിയാന്‍ വയ്യ.
കോണ്‍ഗ്രസിലും സ്ത്രീ വിദ്വേഷികള്‍ കുറവല്ല. പരമോന്നത പദവിയില്‍ സ്ത്രീയെ വാഴിക്കുവാനും ഹൈക്കമാന്റിന്റെ ശബ്ദമായി സ്ത്രീയുടെ ശബ്ദം ശ്രവിക്കുവാനും കോണ്‍ഗ്രസുകാര്‍ക്ക് അതിരറ്റ സന്തോഷം തന്നെ. പക്ഷേ മൂന്നിലൊന്ന് ഇരിപ്പിടം സ്ത്രീകള്‍ക്ക് നല്‍കുന്നത് കുറച്ചു കടന്ന കയ്യായിപ്പോയെന്ന് കരുതുന്നവര്‍ അതിനുള്ളില്‍ വിരളമല്ല. അതുകൊണ്ടാണ് മുള്ളുകൊള്ളാതെ വേലി കടക്കാന്‍ കുമ്പിട്ടിട്ടും കുമ്പിട്ടിട്ടും ശങ്കതീരാതെ വേലിക്കിപ്പുറം നിന്ന് കോണ്‍ഗ്രസ് ദയനീയമായി ചിരിക്കുന്നത്. വേലിക്കപ്പുറമെത്തണമെന്ന കഠിനമായ ആശ കോണ്‍ഗ്രസിനില്ലെന്നത് വനിതകളായ വനിതകള്‍ക്കൊക്കെ അറിയാവുന്ന പരമരഹസ്യമാണ്.
പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവ സിംഹങ്ങള്‍ക്ക് വേലിക്കപ്പുറമെത്തണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ സ്ത്രീകളിലെ ദളിതര്‍, മുസ്‌ലീങ്ങള്‍, യാദവര്‍, കുര്‍മികള്‍ എന്നിത്യാദി എണ്ണിതീര്‍ക്കാനാവാത്ത മതജാതികള്‍ക്കും ഉപജാതികള്‍ക്കും എത്രകിട്ടും എന്ന് തിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ നടുവളച്ച് വേലികടക്കാന്‍ അവര്‍ സമ്മതിക്കുകയുള്ളൂ. ലാലുപ്രസാദ് യാദവ്, മുലായം സിംഗ് യാദവ്, ശരദ് യാദവ് എന്നീ ത്രിമൂര്‍ത്തികളായ യാദവര്‍ക്ക് ഇക്കാര്യത്തില്‍ പാമ്പന്‍ പാലം പോലെ ഉറച്ച നിലപാടുണ്ട്. സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കുന്ന മൂന്നിലൊന്നു സീറ്റില്‍, സംവരണ സീറ്റുകളായിരുന്നവയില്‍ സംവരണ വിഭാഗത്തില്‍ നിന്നുതന്നെയുള്ള മഹിളാരത്‌നങ്ങള്‍ വരുമല്ലോയെന്ന കാര്യമൊന്നും ഗൗനിക്കാന്‍ യാദവ പ്രഭുക്കള്‍  സന്നദ്ധമല്ല തന്നെ. പുരുഷ സിംഹങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മുസ്‌ലീമിനിത്ര സീറ്റ് എന്ന് സംവരണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം തീര്‍ത്തും അപ്രസക്തമാണെന്ന് ലാലുവിനും മുലായത്തിനും ശരത്തിനും അറിയാവുന്നതാണ്. അനാവശ്യ ചോദ്യങ്ങളൊന്നും വേണ്ട. മതജാതി സംവരണത്തിനായല്ല എതിര്‍പ്പിന്റെ സ്വരം. വനിതാ സംവരണത്തിനെതിരെയാണ് ശബ്ദിക്കുന്നതെന്ന് മാലോകര്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ നാണിക്കണം. പുരുഷസിംഹങ്ങളുടെ മൂന്നിലൊന്ന് സീറ്റ് നഷ്ടപ്പെട്ടാല്‍ തങ്ങള്‍ എന്തു ചെയ്യണം?. കാലിവളര്‍ത്തി നടക്കണമോ? ചാരുകസേരയില്‍ വിഷാദരായി തളര്‍ന്നുകിടക്കണമോ?. ആസ്തിത്വവും പ്രതാപവും വെടിഞ്ഞ് വീടിന്റെ ഉള്ളറകളില്‍ നിരാലംബരായി കഴിയണമോ?. അത്, സാധ്യമല്ല. അതിനാണ് മുണ്ട് മാടിക്കുത്തുന്നത്, തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നത്, രാജ്യസഭാ അധ്യക്ഷന്റെ സന്നിധിയില്‍ ചാടിക്കയറുന്നത്. ബില്ല് വലിച്ചുകീറി മുഖത്തെറിയുന്നത്, വാച്ച് ആന്റ് വാര്‍ഡ് പിടിച്ചു പുറത്താക്കാന്‍ വരുമ്പോള്‍ നടത്തളത്തില്‍ മസ്സില്‍ പിടിച്ച് കിടക്കുന്നത്. ജീവിത പ്രശ്‌നമാണിതെന്ന് മനസ്സിലാക്കുവാന്‍ വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്ക് പോലും കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും?
തമ്മിലടിച്ചു പിരിയുക എന്നത് യാദവകുലത്തിന്റെ ജാതകവശാലുള്ള വിധിയാണ്. ലാലുവും മുലായവും ശരതും ഒരു പാര്‍ട്ടിയില്‍, ഒരു കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ജാതകവശാലുള്ള പ്രവചനം യാഥാര്‍ഥ്യമാക്കണമെന്നതുകൊണ്ടുമാത്രം തമ്മിലടിച്ച് പിരിഞ്ഞ് മൂന്ന് പാര്‍ട്ടിയിലായവരാണ്. പക്ഷേ പെണ്ണിന്റെ കാര്യം വന്നാല്‍ ജാതകം മറക്കും. ഒന്നിച്ചു കൈകോര്‍ത്തുനില്‍ക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറേണ്ടിവന്നാല്‍ പ്രിയതമയെ മുഖ്യമന്ത്രിയാക്കാമെന്ന് യാദവ പ്രമാണമുള്ളതുകൊണ്ടുമാത്രമാണ് ലാലുയാദവ് അതു ചെയ്തത്. മരുമകളെ എം പിയോ എം എല്‍ എയോ ആക്കണമെന്നത് യാദവ നേതാവിന്റെ കടമയായി പറഞ്ഞിരിക്കുന്നതുകൊണ്ടുമാത്രമാണ് മുലായം മകന്റെ ഭാര്യയെ മത്സരിപ്പിക്കുന്നത്. അങ്ങനെയല്ലായിരുന്നെങ്കില്‍ അതൊന്നും ചെയ്യുമായിരുന്നില്ല. പണ്ടേയ്ക്കു പണ്ടേ യാദവകുലത്തിന് സ്ത്രീകള്‍ ഒരു പ്രശ്‌നം തന്നെയാണ്. ഗാന്ധാരി കണ്ണുനീരിന്റെ കടുത്ത ചൂടോടെ കൃഷ്ണനോട് പറഞ്ഞ വാക്കുകള്‍ മറന്നുപോയിട്ടില്ല. നീയും നിന്റെ കുലവും മുടിയട്ടെ എന്നാണത്. അടിച്ചടിച്ച് പിരിയുന്ന ചരിത്രമഹിമ അന്നു മുതലേ ഉണ്ടായിരുന്നതുകൊണ്ട് ഇപ്പോഴത്തെ കൃത്യങ്ങളെ ആരും കുറ്റം പറയില്ല.
കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ വനിതാബില്ല് പാസ്സാക്കാത്തതെന്താണെന്ന് ഒരു കോണ്‍ഗ്രസ് മഹിളാ മണിയും ചോദിക്കുന്നില്ല. അന്ന് ബില്ല് കൊണ്ടുവന്നെങ്കില്‍ ഭരണം പരണത്താവുമായിരുന്നു. കാരണം യാദവന്മാരുടെ പിന്തുണയോടെയാണ് അന്ന് അധികാരത്തില്‍ രമിച്ചത്. ഉത്തരത്തിലിരുന്നത് എടുത്തില്ലെങ്കിലും തരക്കേടില്ല കക്ഷത്തിരിക്കുന്നത് പോവരുത് എന്നതാണ് സോണിയാ കോണ്‍ഗ്രസിന്റെ ആത്യന്തിക പ്രണാമം.
*    *    *   *    *
അഴിമതി എന്ന് കേട്ടാല്‍ ഞെട്ടിത്തെറിച്ചു പോവുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. രാത്രിയിലെ നിദ്രാവേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭ്യമാകുന്നത്. അരിയും ഗോതമ്പും കടലയും മറിച്ചുവിറ്റു, കേന്ദ്രം നല്‍കിയ അരി ഏറ്റെടുത്തില്ല എന്നിത്യാദി കനത്ത വിശേഷങ്ങള്‍ സ്വപ്നാടനത്തിനിടയില്‍ ലഭിക്കുന്നതു കാരണം വസ്തുതകളോ രേഖകളോ ഒന്നും കൈവശമുണ്ടാവുകയില്ല. ആയതിനാല്‍ ഇങ്ങനെ വിവരം കിട്ടിയിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും വാദിക്കുവാന്‍ വേണ്ടി വാദിക്കുകയും ഒടുവില്‍ ദയനീയമായി തോല്‍ക്കുകയും ചെയ്യുകയെന്നത് പ്രതിപക്ഷത്തിന്റെ ഒഴിവാക്കാനാവാത്ത ദൗത്യമാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. എന്തെന്നും ഏതെന്നും ആര്‍ക്കും നിശ്ചയമില്ലെന്നു പറഞ്ഞതുപോലെ ആരെന്നും എന്തെന്നും ഏതെന്നും നിശ്ചയമില്ലാതെ വെറുതെ ഒരു വെടിപൊട്ടിച്ച് അതിന്റെ പുകപടലങ്ങളില്‍ ശ്വാസംമുട്ടി വീര്‍പ്പുമുട്ടുക എന്നതാണ് തന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രധാന കടമയെന്ന് സാക്ഷാല്‍ ഉമ്മന്‍ കരുതിപ്പോയതിനെ ആരും കുറ്റം പറയരുത്. അങ്ങനെ ചെയ്താലേ പാമോയിലിലും ജീരകത്തിലും ഉള്ളിയിലും തങ്ങള്‍ നടത്തിയ വമ്പന്‍ ക്രമക്കേടുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുവാനാവൂ. സി ബി ഐ അന്വേഷണം നേരിടുന്ന തങ്ങളുടെ കാലത്തെ രണ്ടു ഭക്ഷ്യ മന്ത്രിമാരെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും ഓര്‍മയുടെ വീഥികളിലേയ്ക്ക് കൊണ്ടുവരാനാവൂ. അരി മുതല്‍ ജീരകം വരെ, സവാള മുതല്‍ ചെറിയ ഉള്ളിവരെ, ഉഴുന്നു മുതല്‍ പയര്‍വരെ, മഞ്ഞള്‍ മുതല്‍ കടുക് വരെ വാങ്ങിയതില്‍ കീശവീര്‍പ്പിച്ച തങ്ങളുടെ കാലത്തെ മഹാരഥന്‍മാരെക്കുറിച്ച് ഓര്‍മ പുതുക്കാനാവുകയുള്ളൂ. കൊപ്രാ കുംഭകോണത്തിലെ വീരസാഹസികതയെ ഓര്‍ത്തെടുക്കാനാവുകയുളളൂ.
എറണാകുളത്ത് നിന്ന് ഡല്‍ഹിയിലേക്ക് വിവിധ ഇനം മത്സ്യങ്ങളുടെ പലവിധ സംസ്‌കരിച്ച രൂപങ്ങള്‍ എത്തിക്കുക എന്ന ഏക ജോലിമാത്രം നിര്‍വ്വഹിക്കുവാനുള്ള ഒരു കേന്ദ്ര സഹമന്ത്രിയ്ക്ക് ബാക്കികിട്ടുന്ന സമയം കേരളത്തെ പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുവാനുള്ളതാണ്. നുണപറഞ്ഞ് നുണ പറഞ്ഞ് നുണ കൂമ്പാരം നിര്‍മിക്കുന്നതില്‍ ചാണ്ടിക്കും മാണിക്കും അഹമ്മദലിക്കും കാര്‍ത്തികേയനും തിരുവഞ്ചൂരിനും തന്നോളം കഴിവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ മാലോകര്‍ പൊട്ടി പൊട്ടിച്ചിരിക്കുന്ന നുണ ഫലിതങ്ങളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയാണ് നമ്പര്‍ ടെന്‍ ജനപഥിലെ മീന്‍ വിതരണ മന്ത്രി. ജനാധിപത്യത്തിന് ഇങ്ങനെയും ചില കൊമേഡിയന്‍മാരെ സൃഷ്ടിക്കുവാനാവും എന്നു കരുതി ആശ്വസിക്കുവാനേ തരമുള്ളൂ.
വനിതാ സംവരണ ബില്ലിനോട് പാര്‍ലമെന്റിലുള്ള വനിതാ സിംഹിണികള്‍ക്കും അത്ര മമതയൊന്നുമില്ല. തങ്ങളെപ്പോലുള്ള വനിതാ രത്‌നങ്ങള്‍ ഉള്ളപ്പോള്‍ വനിതാ കല്ലുകളെന്തിന് എന്നതാണ് അവരുടെ ഭാവം. മായാവതിയും മമതാ ബാനര്‍ജിയും മറ്റു പല മഹിളാ രത്‌നങ്ങളും ഈ നിലപാടുകാരാണ്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: