‘ചന്തപ്രസംഗ’ത്തെ പുച്ഛിക്കുന്നവര്‍ – സുകുമാര്‍ അഴീക്കോട്
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2010
‘ചന്തപ്രസംഗ’ത്തെ പുച്ഛിക്കുന്നവര്‍
സുകുമാര്‍ അഴീക്കോട്
ഇതിനിടെ തിരുവനന്തപുരത്ത് വെച്ച് ഒരു മഹാസാഹിത്യകാരന്‍ മൊഴിഞ്ഞു, ‘ചന്തപ്രസംഗം ചെയ്യലല്ല സാഹിത്യകാരന്റെ തൊഴില്‍!’ മഹാസാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ അറിയപ്പെടാത്ത ചെറുകഥകളെ ഓര്‍ത്തല്ല, ഈ തൊടുത്ത ‘മഹാവാക്യ’ത്തിന്റെ ബലത്തിലാണ്. റിപ്പോര്‍ട്ടര്‍മാര്‍ ഈ മഹാപ്രതിഭയെ വേണ്ടത്ര ഉള്‍ക്കൊള്ളാത്തതു കൊണ്ടാവാം, ആ വന്‍മൊഴി മുഴുവന്‍ പത്രത്തില്‍ കൊടുത്തില്ല.
റിപ്പോര്‍ട്ടര്‍മാര്‍ അത്രയെങ്കിലും ആ ദുര്‍ലഭ പ്രഭാഷണം റിപ്പോര്‍ട്ടുചെയ്തത് അതിലെ ചന്തസ്വഭാവമുള്ള ചിന്തയെ അറിഞ്ഞാണ്. എങ്ങും പ്രസംഗിച്ചു നടക്കുന്ന ഈ ലേഖകന്റെ പ്രഭാഷണരീതിയെ കളിയാക്കുകയായിരുന്നിരിക്കും മഹാകാഥികന്‍. ആ എതിര്‍പ്പ് വെറും ചന്തയെതിര്‍പ്പാണെന്ന് മനസിലാക്കിയതു കൊണ്ടാണ് ലേഖകന്മാര്‍ ആ ഒരു വരിയെങ്കിലും കൊടുത്തത്. തിബറ്റിലെ ലാമയെപ്പോലെ ഈ കാഥികന്‍ ഇനി മിഴി തുറന്ന് മൊഴിയുന്നത് പത്തുകൊല്ലം കഴിഞ്ഞിട്ടായിരിക്കും. ഈ കണ്ണൂര്‍ ജില്ലക്കാരനെ തിരുവനന്തപുരത്തുകാര്‍ക്ക് അതിനിടയില്‍ കേള്‍ക്കണമെന്ന് തോന്നാനിടയില്ല. മലയാളത്തില്‍ നവോത്ഥാനയുഗത്തിനും പുരോഗമന ചിന്താ കാലത്തിനും ശേഷം ജനാധിപത്യം പുലര്‍ന്നുവെന്ന് പറയപ്പെടുന്നു. ഈ നാട്ടില്‍ എഴുത്തുകാര്‍ സാധാരണ മനുഷ്യരെ നിന്ദ്യരും നിസാരരും ആയിക്കാണുന്ന ഉത്തുംഗമായ ചിന്താരീതി നിലവിലുണ്ടെന്ന് നാമാരും ധരിച്ചിരുന്നില്ല. ഈ മഹാമതിമാന്‍ വല്ലപ്പോഴും മാത്രം മിണ്ടുന്നതുകൊണ്ടും അജ്ഞമായ ലോകം ‘വിവരക്കേടു’കൊണ്ട് അത് അവഗണിക്കുന്നതിനാലും അദ്ദേഹത്തിന്റെ ‘ചന്ത’ വിരോധം പൊതുവേ ജനങ്ങള്‍ വിലവെച്ചതായി തോന്നുന്നില്ല. ആത്മീയാനുഭൂതി പോലും ‘എല്ലാ മനുഷ്യര്‍ക്കും’ ഉള്ളതാണെന്നാണ് ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിച്ചത്. നമ്മുടെ ചിന്താരൂഢനായ കഥാകാരന്‍ ധരിച്ചത് ഗീതാഭാഷ്യം വായിച്ചാല്‍ മനസിലാകുന്ന, ചന്ത കണ്ടിട്ടില്ലാത്ത, ന്യൂനപക്ഷത്തിനുള്ളതാണ് എന്നായിരിക്കണം. അന്വേഷിച്ച് വരുമ്പോള്‍ ഈയാളും ‘ചന്ത’ ഭാവം മാത്രം ഉള്ള ആളാണ്.
ഇന്ത്യയുടെ നവോത്ഥാനത്തിന്റെ കാറ്റടിച്ച് സര്‍വരെയും ഉണര്‍ത്തിയ വിവേകാനന്ദ സ്വാമികള്‍ വെറും ‘ചന്ത പ്രാസംഗികന്‍!’ ആയിരുന്നു. സ്വാമികളുടെ പ്രഭാഷണങ്ങള്‍ ഏതെടുത്തുനോക്കിയാലും വെറും സാധാരണ മനുഷ്യര്‍ക്കു വേണ്ടിയുള്ള പരിദേവനങ്ങളായിരുന്നു. ‘ഉണരുക, എഴുന്നേല്‍ക്കുക’ എന്ന് പ്രബോധനം ചെയ്തത് സാധാരണ മനുഷ്യനെയാണ്. അവരാണ് ഉണരേണ്ടത്, എഴുന്നേല്‍ക്കേണ്ടത്. അല്ലാതെ പണ്ഡിതന്മാരും ചിന്തകന്മാരും പ്രഭുക്കളും അല്ല.. നെഹ്‌റു സോഷ്യലിസം പ്രസംഗിച്ചത് ചന്ത സ്ഥലങ്ങളില്‍ വെച്ചാണ്. ഗാന്ധിജി ഗ്രാമീണന്റെ കുടിലുകളുടെ മുറ്റത്തുനിന്ന് പ്രസംഗിച്ചു.
ഇവരെല്ലാം ഭഗവാന്‍ ബുദ്ധനെയും ദൈവപുത്രനായ ക്രിസ്തുവിനെയും അനുസരിക്കുന്നു. നമ്മുടെ സാഹിത്യകാരന്‍ അവരെയാണ് ആക്ഷേപിച്ചത്. ഞാന്‍ അവരുടെ പുറകില്‍ എവിടെയോ കിടക്കുന്ന ഒരുവന്‍. അനീതികൊണ്ട് പൊറുതിമുട്ടിയവര്‍ പാവങ്ങളാണ്. അവര്‍ക്കുവേണ്ടി അനീതിയെ എതിര്‍ക്കാന്‍ ബാലനായിരിക്കേ എന്നെ ഉദ്‌ബോധിപ്പിച്ചത് വാഗ്ഭടാനന്ദ ഗുരുദേവനായിരുന്നു. പഴയ കണ്ണൂര്‍ ജില്ലക്കാരന്‍! പക്ഷേ ഈ മഹാകാഥികനില്‍ നിന്ന് ജന്മംകൊണ്ട് എത്രയോ അകലെ!
മഹാകവി വള്ളത്തോള്‍ ‘മാപ്പ്’ പറഞ്ഞത് പാവങ്ങള്‍ക്കുവേണ്ടി ‘പാഴ്‌വാക്ക്’ പറയുന്ന തന്നെപ്പോലുള്ളവരെ ഭര്‍സിക്കുന്ന മഹായോഗ്യന്മാരോടാണ.് ഈ യോഗ്യന്മാര്‍ക്ക് പാവങ്ങള്‍ പിറന്നാലും ചത്താലും ഒന്നുമില്ല. അവര്‍ പണ്ടാണെങ്കില്‍ പങ്ക ചുവട്ടിലും ഇന്ന് ഏ സി മുറിയിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ചന്ത എന്തെന്ന് അറിയില്ല. ചന്തയിലെ മനുഷ്യരെ നാറും. മഹാകാഥികന്റെ ആത്മരോദനം അവര്‍ക്ക് മനസ്സിലാവില്ല.
പക്ഷേ ഏഷ്യയുടെ മഹാകവിയും ഇന്ത്യയുടെ ‘ഗുരുദേവനും’ മഹാനായ ‘കാവല്‍ക്കാരനും’ ആയ ടാഗോര്‍ ചന്തയില്‍ നിന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. ചന്തയിലെ ബഹളത്തിനിടയില്‍ താന്‍ പാടിയാല്‍ ദൈവം കേള്‍ക്കുമോ എന്ന് അദ്ദേഹം സംശയിച്ചിരുന്നു. പക്ഷേ ദൈവം അവിടെയാണെന്ന് മഹാകവി കണ്ടുപിടിച്ചു. കാഥികവീരന്‍ കണ്ണടച്ച് ധ്യാനിച്ച് കഴിയുന്ന മന്ദിരത്തില്‍ ഈശ്വരന്‍ ഇല്ലെന്ന് മഹാകവി മനസ്സിലാക്കി. നട്ടുച്ചയ്ക്ക് പാറപൊട്ടിക്കുന്നവന്റെ അടുത്ത് ചെന്നാല്‍ അവിടെ ഈശ്വരനെ കാണാമെന്ന് ടാഗോര്‍ നാണമെന്യേ പാടി.
നട്ടുച്ചയ്ക്ക് പാറപൊട്ടിക്കുന്നവന്‍ വൈകുന്നേരം ചന്തയില്‍ ആയിരിക്കും. ആ ചന്തയിലെത്തുന്നത് ധ്യാനിച്ചതിനുശേഷം അല്ല. വിശ്രമത്തിനും വീട്ടുകാര്യങ്ങള്‍ക്കും വേണ്ടി ചന്തയിലെത്തുന്ന പാവം മനുഷ്യര്‍ക്കുവേണ്ടി പാടുന്നവനാണ് സാഹിത്യകാരന്‍. അവനുവേണ്ടി സംസാരിക്കുന്നവനാണ് ദൈവത്തിന്റെ വക്താവും. ഈ മഹാകാഥികനേക്കാള്‍, എത്രയോ വലിയവരില്‍ നിന്നാണ് ഈ ‘ചന്ത പ്രാസംഗികന്‍’ ‘സാഹിത്യ’രഹസ്യം പഠിച്ചത്.
പ്രൗഢപണ്ഡിത സദസ്സുകളില്‍ സംസാരിച്ചു വിജയിക്കുവാന്‍ ജ്ഞാനവും വൈഭവവും ഈ കഥാകാരനുണ്ടോ! ഉണ്ടെങ്കില്‍ കേരളം അത് വിലവെച്ചിട്ടില്ല. അങ്ങോര്‍ ‘ചന്ത പ്രാസംഗികന്‍’ എന്നു നിന്ദിച്ച എനിക്ക് ഏതു പ്രൗഢസദസ്സിലും സംസാരിച്ചു നില്‍ക്കാന്‍ സാധിക്കും. അഹങ്കാരം പറയുകയല്ല; വെല്ലുവിളിച്ചപ്പോള്‍ മറുപടി പറയുന്നുവെന്ന് മാത്രം.
ഈ ചന്തപ്രസംഗമാണ് ചന്തമുള്ള പ്രസംഗം. ചന്തമായി ചെയ്യുന്ന പ്രസംഗമാണ് ചന്തപ്രസംഗം. ചന്തപ്രസംഗത്തിന് ഇങ്ങനെ മനോഹരമായ അര്‍ത്ഥമുണ്ടെന്ന് ഈ ‘മഹാചിന്താശാലി’യായ കഥാകാരന്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
സാധാരണക്കാരന് അറിവും ആത്മാഭിമാനവും ഉണ്ടാക്കുന്ന പ്രഭാഷണത്തെയാണ് ഈ കഥാകാരന്‍ ചന്തപ്രസംഗം എന്ന് പുച്ഛിച്ചത്. അറിവുള്ളവര്‍ സംസാരിക്കുന്നത് പാവങ്ങള്‍ക്ക് അറിവെത്തിക്കാനായിരിക്കണം എന്ന മഹാത്മാവിന്റെ ആദര്‍ശം എന്റെ ഉള്ളില്‍ ശാസനം നടത്തുന്നതുകൊണ്ടാണ് ഞാന്‍ ഈ ഭാഷണപ്രയാണത്തില്‍ മുഴുകിയിരിക്കുന്നത്. ഈ കഥാകാരന് ഈ ജന്മത്തില്‍ ഉപയോഗിക്കാനാവാത്ത ഉന്നതശൈലിയും ചിന്തയും എനിക്ക് വശമാണെന്ന് ‘തത്വമസി’ യെപ്പറ്റി കേട്ടറിവെങ്കിലും ഉണ്ടെങ്കില്‍ ഈ ‘സാധു’ ആലോചിക്കേണ്ടതായിരുന്നു. പക്ഷേ ആ ശൈലി പറഞ്ഞ് ജീവിക്കാനാവില്ല.
മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഭാഗമാണ് ചന്തയും അവിടുത്തെ മനുഷ്യരുമെങ്കില്‍ അവരോട് സംസാരിക്കാനാവാത്തവന്‍ എഴുത്തുകാരനാവില്ല. ചന്തയില്‍ വില്‍ക്കാനുള്ള സാധനങ്ങള്‍ മാത്രമല്ല, വാങ്ങുന്നവരും വില്‍ക്കുന്നവരും ഉണ്ട്. വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒഴിവാക്കിയാല്‍ ലോകമില്ല. ചന്തയില്‍ ഇറച്ചിവെട്ടുന്ന വേടന്‍ ഋഷിയേക്കാള്‍ അറിവുള്ള ആളായി ‘ധര്‍മ്മവ്യാധന്‍’ എന്ന പേരില്‍ മഹാഗുരുവായി കഴിഞ്ഞുവെന്ന് മഹാഭാരതത്തില്‍ കഥയുമുണ്ട്.
ധര്‍മ്മ വ്യാധന്മാരെ നിന്ദിക്കുക ഇന്നത്തെ കപടബുദ്ധിജീവികളുടെ തൊഴിലായിരിക്കുന്നു. മനുഷ്യന്റെ നീതിയെയും ഈശ്വരന്റെ നിയമത്തെയും ലംഘിക്കുന്ന ഇവര്‍ മിക്കവാറും മാളത്തില്‍ ഒളിക്കുന്നവരാകയാല്‍ ഇവരെ നമുക്ക് വര്‍ജ്ജിക്കാം.
അടിക്കുറിപ്പ്:-
ഈ കഥാകാരന്‍ ആര്? അടുത്ത കാലത്ത് ‘മാതൃഭൂമി’യില്‍ തിരുവനന്തപുരത്തു നിന്നുവന്ന ഒരു ചെറു വാര്‍ത്തയില്‍ ഈ വ്യക്തിയുടെ പ്രസംഗത്തിലെ ചന്തഭാവം കൊടുത്തിട്ടുണ്ട്. അറിയാന്‍ ആഗ്രഹമുള്ളവര്‍ അതു പരിശോധിച്ചാല്‍ മതി. ഇത്ര വലിയ ഒരാളുടെ പേര് എന്റെ ചന്തമില്ലാത്ത നാവുകൊണ്ട് ഉച്ചരിച്ച് മലിനമാക്കേണ്ടെന്ന് കരുതിയാണ്, എടുത്തു പറയാതിരുന്നത്. ചന്തത്തിണ്ണയിലും ചാളയിലും ചെറ്റപ്പുരയിലും കഴിഞ്ഞുകൂടുന്ന ഉന്നത വിദ്യാഭ്യാസമില്ലാത്ത, മെയ്ക്കപ്പില്ലാത്ത, നാറുന്ന മനുഷ്യരെ നിന്ദിക്കുന്നവര്‍ കഥാകാരന്‍മാരാണെന്ന് നാം സമ്മതിക്കണമത്രെ!
പിശാചുക്കള്‍ ദൈവദൂതന്മാരാകുന്നത് ഇതിലും എളുപ്പമാണ്.
Advertisements
ഒരു മറുപടി കൊടുക്കുക