കരിപുരണ്ട കാല്പാടുകള് – ആര് വി ജി മേനോന്
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 16, 2010
കരിപുരണ്ട കാല്പാടുകള്
ആര് വി ജി മേനോന്
അടുത്തകാലത്തു കേട്ടു തുടങ്ങിയ പുതിയൊരു പ്രയോഗമാണ് കാര്‍ബണ്‍ ഫുട്പ്രിന്റ്. കാര്‍ബണ്‍ കാല്പാട് എന്നോ, കാര്‍ബണ്‍ പാദമുദ്ര എന്നു കുറച്ചുകൂടി ഗൗരവത്തിലോ (!) തര്‍ജമ ചെയ്യാം. നമ്മുടെ പ്രവൃത്തികൊണ്ട് അന്തരീക്ഷത്തിെല കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് എത്രമാത്രം കൂടുന്നു എന്നതിന്റെ സൂചകമായിട്ട് ഇതിനെ കണക്കാക്കാം. ഒരു ശരാശരി അമേരിക്കക്കാരന്റെ കാര്‍ബണ്‍ കാല്പാട് ഏകദേശം 19 ടണ്‍ ആണെന്നും ഇന്ത്യക്കാരന്റേത് 1.8 ടണ്‍ മാത്രമാണെന്നും പത്രങ്ങളില്‍ വായിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അമേരിക്കക്കാരുടെ ജീവിതശൈലിയും ധൂര്‍ത്തും ധാരാളിത്തവും നിറഞ്ഞ ഉപഭോഗ ഭ്രമവും വമ്പിച്ച വാഹന ഉപയോഗവും ഒക്കെയാണ് തീര്‍ച്ചയായും ഈ അന്തരത്തിനു കാരണം. പക്ഷേ ഇന്ത്യക്കാരുടെ ശരാശരി കാര്‍ബണ്‍ കാല്പാട് കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ മൊത്തം കാര്‍ബണ്‍ ഡയോക്സൈഡ് നിര്‍ഗമനത്തെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയായ 100 കോടി കൊണ്ടാണല്ലോ ഹരിക്കുന്നത്. എല്ലാ ശരാശരികളേയും പോലെ അതും ഒരുപാടു വ്യത്യാസങ്ങളെ മറച്ചു പിടിക്കുന്നു എന്നതു മറന്നുകൂടാ. സദാ ആഡംബരക്കാറിലും വിമാനത്തിലും യാത്ര ചെയ്യുന്ന ഒരു ധനാഢ്യന്റെയും ജീവിതത്തിലൊരിക്കലും കാറിലോ എ സി മുറിയിലോ കയറിയിട്ടില്ലാത്ത ഒരു ഗ്രാമീണന്റെയും കൂടി ശരാശരി കാര്‍ബണ്‍ കാല്പാടിന് എന്താണു പ്രസക്തി? അതുകൊണ്ട് അമേരിക്കക്കാരന്റെ ധൂര്‍ത്തിനെയും ധാരാളിത്തത്തെയും കുറ്റപ്പെടുത്തുമ്പോള്‍ നമ്മുടെ സ്വന്തം ജീവിതശൈലിയെക്കൂടി പരിശോധിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.
കാര്‍ബണ്‍ കാല്പാട് കണക്കാക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. നമുക്ക് ചില ചെറിയ ഉദാഹരണങ്ങള്‍ നോക്കാം. നിങ്ങളുടെ വീട്ടില്‍ ശരാശരി ഒരു മാസം എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്? 80 യൂണിറ്റ് എന്നു സങ്കല്പിക്കൂ. വീട്ടില്‍ നാല് അംഗങ്ങളുണ്ടെങ്കില് ഒരു മാസത്തെ ആളാം പ്രതി ഉപയോഗം 20 യൂണിറ്റ്. ആണ്ടില്‍ 240 യൂണിറ്റ്. കേരളത്തിലെ വൈദ്യുതി ഉല്പാദനം മിക്കവാറും ജലവൈദ്യുത നിലയങ്ങളില്‍ നിന്നാണെങ്കിലും നമ്മള് ഒരു പാടു വൈദ്യുതി കേന്ദ്ര പൂളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നുണ്ട്. അതു മിക്കവാറും താപനിലയങ്ങളില്‍ നിന്നാണ്. അതിനാല്‍ ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്പാദനത്തിന്റെ കണക്കുവച്ച് നമ്മുടെ വൈദ്യുതി ഉപയോഗത്തിന്റെ കാര്‍ബണ്‍ കാല്പാട് കണക്കാക്കേണ്ടിവരും. അങ്ങനെയായാല്‍, നാമുപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഏകദേശം 1.25 കിലോ കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കു പോകുന്നുണ്ട്. അപ്പോള്‍ നമ്മുടെ 240 യൂണിറ്റു വൈദ്യുതി ഉപയോഗത്തിന്റെ (പ്രതിവര്‍ഷം) കാര്‍ബണ്‍ കാല്പാട് 300 കിലോഗ്രാം (0.3 ടണ്‍) ആണ്.
വീട്ടിലെ പാചകം എങ്ങനെ?, വിറക് ആണോ?, എങ്കില്‍ ആണ്ടില്‍ എത്ര ടണ്‍?, അതോ ഗ്യാസ് ആണോ?, എത്ര സിലിണ്ടര്‍?. വിറകു കത്തിക്കുമ്പോഴും കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകുന്നുണ്ടെങ്കിലും ആ കാര്‍ബണ്‍ ഡയോക്സൈഡ് ഏതാനും വര്‍ഷം മുമ്പു മാത്രം ഏതോ മരം അന്തരീക്ഷത്തില്‍ നിന്നു വലിച്ചെടുത്തു പാകപ്പെടുത്തി തടിയില്‍ സൂക്ഷിച്ചതായിരിക്കണമല്ലോ. അതുകൊണ്ട് വിറകിനെ ‘കാര്‍ബണ്‍ ന്യൂട്രല്‍’ ആയിട്ടാണു കണക്കാക്കുക. പക്ഷേ ആ വിറക് വെട്ടിയെടുക്കുന്നതിനും ലോറിയിലോ മറ്റോ കയറ്റി കടയിലെത്തിക്കുന്നതിനും മറ്റുമായി ഡീസലും വൈദ്യുതിയും ഒക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുവേറെ കൂട്ടേണ്ടി വരും. പറമ്പിലെ മരങ്ങളില്‍ നിന്നും തെങ്ങുകളില്‍ നിന്നുമുള്ള ചുള്ളികളും കൊതുമ്പും മടലുമൊക്കെയാണു കത്തിക്കുന്നതെങ്കില്‍ അതിനു യാതൊരു കാല്പാടും ഉണ്ടാവില്ല.
പക്ഷേ കുക്കിങ്ങ് ഗ്യാസിന്റെ കാര്യം അങ്ങനെയല്ല. ഗ്യാസ് കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡു മാത്രമല്ല പ്രശ്നം. ആ സിലിണ്ടര്‍ നമ്മുടെ വീട്ടിലെത്തിക്കാനായി എത്ര ഇന്ധനം കത്തിച്ചിട്ടുണ്ടാകും! പൊതുവേ കണക്കാക്കുന്നത് ഒരു കിലോ ഗ്യാസ് കത്തിക്കുന്നത് 1.6 കിലോ കാര്‍ബണ്‍ കാല്പാട് ഉണ്ടാക്കുന്നു എന്നാണ്. ഒരു സിലിണ്ടര്‍ 15 കിലോ ആണല്ലൊ. മാസം ഒരു സിലിണ്ടര്‍ എന്ന തോതിലാണ് ഗ്യാസ് ഉപയോഗം എങ്കില്‍ പ്രതിവര്‍ഷ കാര്‍ബണ്‍ ഡയോക്സൈഡ് വിസര്‍ജനം 288 കിലോ വരുമെന്നു കണക്കാക്കാം. വീട്ടില്‍ നാലുപേരുള്ള സ്ഥിതിക്ക് ഇതിന്റെ നാലിലൊന്നു മാത്രമേ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കേണ്ടൂ.
യാത്രയാണ് ഒരുപാട് ഇന്ധനം ചെലവാക്കുന്ന മറ്റൊരു പരിപാടി. നടപ്പും സൈക്കിള്‍ സവാരിയും മാത്രമേ ഉള്ളൂ എങ്കില്‍ കാല്പാട് ഒട്ടുമില്ല. മാസം ശരാശരി 1000 കിലോ മീറ്റര്‍ ബസില്‍യാത്ര ചെയ്യുന്നുണ്ട് എങ്കില്‍ അതിന്റെ കാല്പാട് പ്രതിവര്‍ഷം 1.2 ടണ്‍ വരും. അതേയാത്ര കാറിലാണെങ്കിലോ? അതിന്റെ ഇരട്ടിയെങ്കിലുമാകും. എന്നാല്‍ 1000 കിലോമീറ്റര്‍ തീവണ്ടിയിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ബസ്സില്‍ പോകുന്നതിന്റെ അഞ്ചിലൊന്നു മാത്രമേ കാര്‍ബണ്‍ കാല്പാട് അവശേഷിപ്പിക്കൂ. അതായത്, കാര്‍ബണ്‍ കാല്പാട് കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ കഴിവതും പൊതുഗതാഗതത്തെ ആശ്രയിക്കണമെന്നര്ഥം. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ശക്തമായ പൊതുഗതാഗത സംവിധാനം നടപ്പാക്കേണ്ടത് സര്‍ക്കാരാണല്ലോ.
അതിരിക്കട്ടെ, ഒരുതവണ വിമാനത്തില്‍ ഡല്‍ഹിയില്‍ പോയിവരുന്നതിന് എന്തു കാര്‍ബണ്‍ കാല്പാടുണ്ടാകും? നമ്മുടെ പല നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്രമാത്രമാണു പറക്കുന്നത്? ഏതാണ്ട് ഇരുന്നൂറുപേര്ക്കോളം കയറാവുന്ന ആധുനിക വിമാനങ്ങളുടെ ഇന്ധന ഉപയോഗത്തെ യാത്രക്കാരുടെ എണ്ണം കൊണ്ടു ഹരിച്ചാല്‍ കാണുന്നത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയില്‍ പോയി വരുമ്പോഴേക്കും അയാള്‍ ഏതാണ്ട് അര ടണ്‍ കാര്‍ബണ്‍ഡയോക്സൈഡ് നിര്‍ഗമനത്തിന് ഉത്തരവാദി ആകുമെന്നാണ്. ഇക്കോണമി ക്ലാസ്് കന്നുകാലികള്ക്കുള്ളതായതുകൊണ്ട് ബിസിനസ് ക്ലാസിലാണു യാത്ര എങ്കില്‍, കാര്‍ബണ്‍ കാല്പാട് ഒന്നര ഇരട്ടി ആകും!
ഒരു പക്ഷേ ഇതിനേക്കാളൊക്കെ പ്രസക്തം നമ്മുടെ ജീവിത ശൈലിയും ഭക്ഷണരീതിയും ഒക്കെ ആയിരിക്കും. തങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറികളൊക്കെ സ്വയം കൃഷിചെയ്തുണ്ടാക്കുന്ന, നാടന്‍ അരി ഭക്ഷിക്കുന്ന, അത്യാവശ്യം വേണ്ട വസ്ത്രങ്ങളും പലവ്യജ്ഞനങ്ങളും മാത്രം കടയില്‍ നിന്നു വാങ്ങുന്ന ഗ്രാമീണരുടെ കാര്‍ബണ്‍ കാല്പാട് നിസ്സാരമായിരിക്കും. എന്നാല്‍ ഓസ്ട്രേലിയയില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും ഇറക്കുമതി ചെയ്ത ”പൊട്ടുതൊട്ട” ആപ്പിള്‍ മാത്രം വാങ്ങുന്ന, കാലം തെറ്റിക്കിട്ടുന്ന വരത്തന് പച്ചക്കറികള്‍ ഇഷ്ടപ്പെടുന്ന, അമിതമായി കെട്ടിപ്പൊതിഞ്ഞ സാധനങ്ങള്‍ ‘ഗുണമേന്മ’ നോക്കി വാങ്ങുന്ന, ഫാഷന്‍ മാറുന്നതിനനുസരിച്ചു പുതു വസ്ത്രങ്ങള്‍ വാങ്ങുന്ന നാഗരികരുടെ കാല്പാടുകള് അവര്‍ നടന്നുനീങ്ങുന്ന വഴികളിലൊക്കെ കരിപുരട്ടുന്നതു കാണാം. അത് അമേരിക്കക്കാരുടേതിനെ കടത്തിവെട്ടിയാലും അദ്ഭുതപ്പെടാനില്ല.
ഇത് കാര്‍ബണ്‍ ഡയോക്സൈഡ് നിര്‍ഗമിപ്പിക്കുന്ന നമ്മുടെ കാര്യം. കാര്‍ബണ്‍ ഡയോക്സൈഡ് ഉള്‍ക്കൊണ്ട് ഓക്സിജന്‍ തരുന്ന ചെടികളുടെ കാര്യമോ?. മാവ്, പ്ലാവ് മുതലായ നമ്മുടെ സാധാരണ മരങ്ങള്‍ അവയുടെ ആയുസ്സുകൊണ്ട് ഏതാണ്ട് രണ്ടു ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചെടുത്ത് അതിന്റെ തടിയില്‍ കുരുക്കുന്നു എന്നാണ് കണക്ക്. (ഇതും ഒരു ശരാശരി മാത്രമാണേ! ഇതിന്റെ പല മടങ്ങ് ശേഖരിച്ചു വയ്ക്കുന്ന വൃക്ഷഭീമന്മാരും ചെറിയൊരംശം മാത്രം സൂക്ഷിക്കുന്ന കുള്ളന്മാരും ഉണ്ടാകും).
അപ്പോള്‍ പ്രതിവര്‍ഷം മൂന്നോ നാലോ ടണ്‍ കാര്‍ബണ്‍ കാല്പാട് അവശേഷിപ്പിക്കുന്ന നമുക്ക്, അതിന്റെ കേടു തീര്‍ക്കാനായി ചെയ്യാവുന്ന പ്രായശ്ചിത്തം ഓരോ വര്‍ഷവും ഒന്നോ രണ്ടോ മരം നടുക എന്നതത്രേ. പണ്ടൊക്കെയാണെങ്കില്‍ അതിനുള്ള സ്ഥലം നമ്മുടെ തൊടിയില്‍ തന്നെ കണ്ടെത്താമായിരുന്നു. പക്ഷേ ഇന്നത്തെകാലത്ത് അതു മിക്കവര്‍ക്കും സാധിക്കില്ല. എങ്കിലും നമ്മുടെ പേരില്‍ എവിടെയെങ്കിലും കുറേ മരങ്ങള്‍ നടീക്കാന്‍ നമുക്കു കഴിയുമോ? അത് പൊതുസ്ഥലങ്ങളിലാകാം. ഓഫീസിലോ സ്കൂളിലോ ആകാം. നല്ലൊരു സാധ്യതയുള്ളത് ക്ഷയിച്ചു കിടക്കുന്ന വന ഭൂമിയാണ്. അത്തരം അനേകായിരം ഹെക്ടര്‍ ഭൂമി കേരളത്തിലുണ്ട്. അവിടൊക്കെ മരം വച്ചുപിടിപ്പിക്കുന്നതിന്റെ ചെലവിലേയ്ക്കായി, ഓരോ പിറന്നാളിനും ഒരോ മരം നടാനുള്ള ചിലവ്, എന്തുകൊണ്ടു കൊടുത്തുകൂടാ? ഒരു കൊല്ലം കൂടി ഈ ഭൂമിയില്‍ നടന്നതുകൊണ്ടുണ്ടായ കാല്പാടു മായ്ച്ചുകളയാനുള്ള പ്രായശ്ചിത്തം! സര്‍ക്കാരിന് അതിനായി ഒരു പദ്ധതി തുടങ്ങാവുന്നതാണ്.
Advertisements
ഒരു മറുപടി കൊടുക്കുക