കുപ്പിയിലാവുന്ന കരിങ്കുരങ്ങുകള്‍ – പി വത്സല
Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010
കുപ്പിയിലാവുന്ന കരിങ്കുരങ്ങുകള്‍
പി വത്സല
വെടിക്കാരന്‍ യോസപ്പ് രഹസ്യ നിലയം ഒഴിച്ചുപോയി. ചുവരോടു ചേര്‍ന്നു പല ഹോര്‍ലിക്സ് ഭരണികളില്‍ വിലയം പ്രാപിച്ച കരിങ്കുരങ്ങിനെ തൊട്ടു തടവി നിശ്ചലമായി നിന്ന സൂര്യന് പെട്ടെന്ന് ആകാശത്തിലുയര്‍ന്നു. പത്തായപ്പുരയുടെ താഴെത്തളം പൂര്‍ണമായും ഞങ്ങള്‍ക്ക് പാചകം, തീറ്റ, മറ്റു ചില്ലറ ജോലികള്‍ എന്നിവയ്ക്കായി രാമന് നായര്‍ സമര്‍പ്പിച്ചു. ഭരണികളില്‍ സമാധിയായും മനുഷ്യര്‍ക്ക് തീറ്റയായും പര്യവസാനിച്ച കരിങ്കുരങ്ങ് എന്നെ നോവിച്ചു. യോസപ്പിനോട് എനിക്ക് കഠിന കോപം ഉളവായി. എത്ര സമ്പുഷ്ടമായ മണ്ണ്!. വേണ്ടതിലധികം ശുദ്ധജലം, സുഖശീതളമായ അന്തരീക്ഷം. ഏതു കൃഷി ചെയ്താലും സമ്പന്നനായി ജീവിക്കാം. കരിങ്കുരങ്ങിനെയല്ല, മറ്റേതു ജന്തുവിനേയും തീറ്റിക്കിരയാക്കുന്നവന്റെ കഠിന മനസ്സ്, സ്വയം നിലനില്‍പ്പിന്റെ ഭാവിയെന്ത് എന്നാലോചിക്കുന്നില്ല.
”കുടിയേറ്റക്കാര്‍ കാലുകുത്താത്ത ഒറിജിനല്‍ വയനാടന്‍ ഗ്രാമം” എന്നാണ് എനിക്ക് ഇങ്ങോട്ടുള്ള വഴി ചൂണ്ടിക്കാണിച്ച സുഹൃത്ത് പറഞ്ഞത്.
യോസപ്പ് ഒരു പക്ഷേ, ഒന്നാമത്തെ കുടിയേറ്റക്കാരനാവും. പുറകെയുള്ളവര്‍ എത്തും. ഒരു നാടിനും അതിന്റെ തനിമ നിലനിര്‍ത്താന്‍ മനുഷ്യന്റെ പുരോഗതി വാഞ്ഛ അനുവദിക്കില്ല. ഈ ഭൂമിയിലുള്ള ഏതു വിഭവവും എല്ലാവര്ക്കും വിധിച്ചിട്ടുള്ളതാണ്. അതില്‍ അതിരുകടന്ന ഒരു സ്വാതന്ത്ര്യം മാത്രമല്ല, അതിരില്ലാത്ത ആക്രമണ സാധദ്ധ്യതയും ഒളിഞ്ഞു കിടപ്പുണ്ട്. നാല്പതു വര്‍ഷത്തിനുശേഷം ഇന്ന് എനിക്കത് മനസ്സിലാവുന്നു. ഒത്തു തീര്‍പ്പുകളുടെ ആകത്തുകയാവുന്നു, അത്രയൊന്നും വിശുദ്ധമല്ലാത്ത ഈ ഭൂലോകവാസം. വാസ്തവത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. ആദി സ്വഭാവവും അനുഭവങ്ങളും ലയിച്ചിട്ടുള്ള ഉപ ബോധമനസ്സിന് വര്‍ത്തമാനത്തിലേയ്ക്കുള്ള ഒരു വഴി തെളിഞ്ഞിരിക്കുന്നു. വഴിയോരത്തു കാണുന്നത് എല്ലാം തന്നെ എന്നോ അനുഭവിച്ചു തീര്‍ത്ത പരിസരങ്ങളുടെ തിരുശേഷിപ്പുകളാകുന്നു.
അതിനാല്‍ അതിവിശാലമായ ഈ തളത്തിന്റെ ചുവര്ക്കെട്ടില് നിന്നും പുറത്തുകടന്നു, ഗ്രാമം മുഴുക്കെ നടന്നു കാണണം. നീരൊഴുക്കിന്റെ നിലയ്ക്കാത്ത ഗാനമാണ് ഞാനേറ്റവും ഇഷ്ടപ്പെടുന്ന സംഗീതം. ഒഴുക്കു നിലച്ച നീര്‍ച്ചാലുകള്‍ ജഡവും മലിനവും ആയുസ്സറ്റതും ആണ്. ഇവിടെ ഒരു കറുക നാമ്പില്‍ പോലും ജീവിതം തുടിക്കുന്നു. വൈകിട്ടുവരെ അനേകം മനുഷ്യരുടേയും കന്നുകാലികളുടേയും കാല്ക്കീഴെ ചതഞ്ഞുപോകുന്ന ഓരോ പുല്ലും, രാവില്‍ സ്വയം പുനര്‍ജ്ജനിക്കുകയും മൊട്ടിടുകയും പൂവിരിയുകയും പരാഗണത്തിന് കാത്തുനില്ക്കുന്നതും കാണുന്നു. ജീവന്റെ വിസ്മയാവഹമായ തുടിപ്പുകണ്ട് മനസ്സ് കോരിത്തരിക്കുന്നു. എല്ലാ ദുര്‍മ്മോഹങ്ങളും വെടിഞ്ഞു പുതിയൊരു ഉഷസ്സിന്നായി, പകലിന്റെ കര്‍മ്മപാതയിലൂടെ മുന്നോട്ടുപോകാനൊരുങ്ങുന്നു.
അടുക്കളയില്‍ നിന്നു രക്ഷപ്പെട്ടു. പ്രാതല്‍ കഴിഞ്ഞു. ഉച്ചയൂണും ഒരുക്കി. ഇതെല്ലാം പരസഹായമില്ലാതെ നിര്വഹിക്കുന്നതെങ്ങനെയെന്നു സ്വയം അദ്ഭുതപ്പെടുന്നു. പുറത്തേക്കു പോകാന്‍ എല്ലാവരും ഒരുങ്ങി. വേണ്ടത്ര വെള്ളം കുടിച്ചു. ഈ തണുപ്പില്‍ വാട്ടര്‍ ബോട്ടില്‍ കരുതേണ്ടതില്ല എന്നു തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന കളത്തിന്റെ പുറം ചാരി നില്‍ക്കുന്നത് കാട്ടു മരങ്ങളാണ്, ആകാശം മുട്ടെ. മധ്യവയസ്സിനോടടുത്തകാട്. പടിഞ്ഞാറെക്കാടു യുവവൃക്ഷങ്ങളുടെ ആരാമമാണ്.
കാലിമേയ്ക്കുന്ന അപ്പച്ചന്റെ പുറകെക്കൂടി. അവന്ന് ബഹുസന്തോഷം! വാതോരാതെ വര്‍ത്തമാനം പറഞ്ഞു. ഏതെങ്കിലും മനുഷ്യരോടു സംസാരിക്കാന്‍ വീര്‍പ്പുമുട്ടിയിരിക്കയായിരുന്നു അപ്പച്ചന് എന്നു തോന്നും!. തലനിറയെ ചുരുണ്ട് കോതിവച്ച മുടിയുള്ള അപ്പച്ചന് വനകന്യകമാരുടെ ഒരാകര്‍ഷണം തന്നെ. അവന്റെ ഭവനത്തിനു മുന്നിലൂടെയാണ് ഞങ്ങള്‍ കാട്ടിലേക്കു വഴിതുറന്നത്. കാലിയും വിറകുവെട്ടാന്‍ പോകുന്ന കുടുംബനാഥന്മാരും നടന്നുണ്ടായ നാഗവഴി. വഴിക്ക് മുഴുത്ത കാട്ടുനെല്ലിക്കയും. അപരിചിതമായ മറ്റു പലയിനം കായ്കളും വീണു കിടന്നു. ഒരിടത്ത് വാരിച്ചൊരിഞ്ഞിട്ടതുപോലെ മാമ്പഴം. മഞ്ഞനിറം, ഇറ്റുവീഴുന്ന വെയില്നാണ്യങ്ങള്ക്കിടയില് വെറുതെ കിടക്കുന്നു.
തിന്നാന്‍ പറ്റ്ല്ല്യ. തൊടേണ്ട. അപ്പച്ചന് താക്കീതു നല്കി. തിന്നാന്‍ പറ്റാത്ത മാമ്പഴം?. അങ്ങനെയൊന്നുണ്ടൊ?. ഉണ്ട്. കാടിന്റെയൊരു തമാശകളി! ആന ചവിട്ടിമെതിച്ചു കടന്നുപോയി. കണ്ടില്ലെ. കണ്ടു. ആവി പറക്കുന്ന ആനപ്പിണ്ടം, ചവുട്ടടിയോരത്ത്. ഭയമായി. തിരിച്ചുപോരണോ?
വേണ്ട! വാത്സല്യത്തോടെ അപ്പച്ചന് പറഞ്ഞു. അവന് അവന്റെ പാട്ടിനുപോയി. വെയില് മൂത്തപ്പോള്‍ താഴെ കൊല്ലി (കൊക്ക)യില്‍ ഇറങ്ങീട്ടുണ്ടാവും. ഇപ്പോള്‍ കളിക്കുകയാവും!
എന്നാലും ഒച്ചയുണ്ടാക്കാതെ നടന്നോളൂ.
അതാണ് കാട്ടിലെ നിയമം. പരിഷ്കൃത രാജ്യങ്ങളിലെ നിയമങ്ങളും അങ്ങനെത്തന്നെ. നമ്മുടെ നാട്ടുകാര്‍, വണ്ടികളിലും നടപ്പിലും ഇരിപ്പിലും വേല ചെയ്യുമ്പോഴും രാവും പകലും ഒച്ചയുണ്ടാക്കി വായു മലിനീകരണം നടത്തുന്നതു വെറും ഉത്സാഹത്തിമിര്പ്പാലല്ലെന്നു തോന്നുന്നു. അവന്നു അടുത്ത ആഹാരത്തെക്കുറിച്ചു ബോധ്യമുണ്ട്. ഉദ്യോഗസ്ഥര്‍ വാകൊണ്ടു പയറ്റിയാലും ഒന്നാം തീയതി ശമ്പളം കിട്ടുമെന്നുറപ്പ്. കീശതോര്ന്നാല് കടം കൊണ്ടു നിറയ്ക്കാം. അങ്ങനെ പല സുഖിതമാര്ഗങ്ങള്. ജന്തുവിന് അങ്ങനെയാണൊ, തന്നെത്തിന്നാന് വരുന്ന വലിയവരെ ചെറുക്കേണ്ടതുണ്ട്. തീറ്റയ്ക്ക് സമന്മാരോടു മത്സരിക്കേണം. തമാശയ്ക്ക് തന്നില്ച്ചെറിയവരെ ഭീഷണിപ്പെടുത്തുകയും വേണം. എന്നാല്‍ മനുഷ്യരെ കൂടുതല്‍ ഭയപ്പെടുത്തണമെന്ന പാഠം ഇവര്‍ മറക്കുന്നില്ല. അതുകൊണ്ട് കഴിവതും മാനവന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ കൂട്ടത്തില്‍ ഭീമനായ ആനപോലും കൊടുങ്കാട്ടിന്നകത്തെ ഇരുണ്ട കൊല്ലികളെ ശരണം പ്രാപിക്കുന്നു. പകല്‍ നേരത്തു ചിലര്‍, വണ്ടിയുടെ ഒച്ച കേട്ടാല്‍ വഴിയോരത്തെ മുളങ്കൂട്ടത്തിനു പിന്നില്‍ ഒളിക്കുന്നു. കുലീനയായ പഴയകാല പെണ്‍കുട്ടി അപരിചിതന് വീട്ടില്‍ കേറി വന്നാല്‍ അടുക്കളത്തളത്തിന്റെ അഴിക്കൂടിന്നപ്പുറം മറഞ്ഞു നില്ക്കുമ്പോലെ. അവളവിടെ ചുമ്മാ നില്ക്കുകയല്ല. ചേര്‍ത്തു പണിത അഴികളുടെ നേരിയ വിള്ളലിലൂടെ ആഗതനെ പരിശോധിച്ചുകൊണ്ടിരിക്കും. മിത്രമോ, ബന്ധുവോ, അക്രമിയോ, പെണ്ണുകാണാന്‍ വന്നവരോ? ഇതുതന്നെയാണ് കാട്ടാനയും ചെയ്യുക.
അപ്പോകുന്നവന് ശത്രുവോ?, ആയുധം കയ്യില്‍ വച്ചവനോ?, സൂത്രക്കാരനോ?, കുറുക്കന് ബുദ്ധിയോ?, വെറും പച്ചമരുന്ന് ഒരു പിടി പറിച്ചെടുക്കാന്‍ വരുന്ന നാട്ടുവൈദ്യന് വെള്ളനോ?, തേന്‍ കക്കാന്‍ വരുന്ന കുറുമനോ?, കടന്നലുകളും, തേനീച്ചകളും തലയ്ക്കുമേല്‍ ആരവത്തോടെ ഗാട്ടുചുറ്റുന്നുണ്ടാവും. അതുകൊണ്ട് മിണ്ടാതെ നടക്കുക. ഒച്ചയുണ്ടാക്കാതെ. കാട്ടുവഴി മുഴുവനും നിങ്ങള്‍, മനുഷ്യര്‍ക്കു മര്യാദയില്ലാതെ ഇരുന്നു മൂത്രിക്കാനുള്ളതല്ല. ഇനി അഥവാ ഇരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍.
അപ്പച്ചന് മുമ്പെ നടന്നു. അവന് ഒരക്ഷരം മിണ്ടുന്നില്ല. ചിലപ്പോള്‍ ആംഗ്യഭാഷ കൈകാര്യം ചെയ്തു. അക്കൂട്ടത്തില്‍ അവന് മുറിഞ്ഞു മുറിഞ്ഞു ആനകളുടെ കഥകള്‍ പറഞ്ഞു.
ഫോറസ്റ്റുകാര് ചിലേടത്ത് കള്‍വര്‍ട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വറ്റിപ്പോയ അരുവികളുടെ ഓര്‍മ്മയ്ക്ക്. അഥവാ ആനയുടെ മുമ്പില്‍ പെട്ടാല്‍, നിങ്ങള്‍ക്ക് വിസ്താരം കുറഞ്ഞൊരു കള്വര്ട്ടിനകത്തു കടന്നുകൂടാം. അനങ്ങാതൊരു കല്ലുപോലെ കുറേനേരം നില്ക്കേണ്ടിവരും. ചിലപ്പോള്‍ ഒന്നിലധികം ദിവസങ്ങള്‍.
ഒരിക്കല്‍ അവനൊരു അനുഭവം ഉണ്ടായി. കള്വര്ട്ടിലൊളിച്ചു. ഭാഗ്യത്തിനു പാമ്പൊന്നുമില്ല. കുറച്ചു നേരമല്ലെ? കുത്തിയിരുന്നു വിശ്രമിക്കാം. അവന്റെ പക്കല്‍ വിറകുവെട്ടാനുള്ള കത്തിയുണ്ടായിരുന്നു. അമ്മ നെല്ലിടിക്കുന്നുണ്ട്. അരിയാവുമ്പോഴേക്കും അങ്ങെത്താം. അപ്പച്ചന് കള്വര്ട്ടിന്നകത്തും ആനപ്പുറത്തും. ഒന്നല്ല. രണ്ടുപകലും ഒരു രാത്രിയും. ആരാണ് ഇര എന്നതുതന്നെ മറന്നുപോയി. ദാഹിച്ചുമരിക്കും എന്നു തോന്നി. വെള്ളച്ചാട്ടം പോലെ മേലെ വഴിയോരത്ത് മൂത്രമൊഴിക്കുന്ന ആന അവന്റെ ദാഹത്തിനു തീക്കൊളുത്തി. അവസാനം ദൂരെയെങ്ങോ കാട്ടില്‍, കാട്ടുകള്ളന്മാരുടെ ശനിയാഴ്ച വെടിമുഴങ്ങുന്നതു കേട്ട് കാവല്‍ നിന്ന ആന ധൃതിയില്‍ ഒഴിഞ്ഞുപോയി! ഇതു പറഞ്ഞ് തീര്‍ന്നപ്പോഴേയ്ക്കും ഞങ്ങള്‍ വെള്ളറോടി എന്നു പേരുള്ള കറുത്തിരുണ്ട കൂട്ടുകാടുകളുടെ അടുത്ത്, ഇടയിലെ തുറസ്സില്‍ എത്തി.
അവിടെ ദൂരെ ശൂന്യമായ വയലിന്റെ ഒത്ത നടുവിലെ ഒരു പുല്‍പ്പുര ചൂണ്ടിക്കാട്ടി അപ്പച്ചന് പറഞ്ഞു.
അതാ അവിടെ വെടിക്കാരന്‍ യോസപ്പ് പാമ്പുകടിയേറ്റ് കിടപ്പുണ്ട്.
കടിയേറ്റ കാലിന്നൊരു ഉരലിന്റെ വണ്ണമുണ്ട്. ഉരലിന്റെ ആകാരം അവന് ആംഗ്യത്തില്‍ ഒപ്പിച്ചു.
പോയിനോക്കണ്ടേ? എന്റെ ഭര്‍ത്താവ് ചോദിച്ചു.
അപ്പോള്‍ ഞങ്ങളോ? ദൂരെക്കാണുന്ന കുടില്‍ വരെ നടന്നെത്തുക എളുപ്പമല്ല. മുമ്പില്‍ വഴി മുറിച്ചു പടിഞ്ഞാറന്‍ കാട്ടില്‍ നിന്നു ഓടിവരുന്ന ഒരു കാട്ടാറിന്റെ ഒച്ച ചെകിടടപ്പിക്കുന്നു. കുടില്‍ പോക്കുവെയിലില്‍ കുളിച്ചു നില്‍പ്പാണ്. ഇരുട്ടിവിടെ ഒരു ജടായുവിന്റെ ചിറകറ്റു വീഴുമ്പോലെയാണ് നിപതിക്കുക. പെട്ടെന്ന്. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍
യോസപ്പിന്നു ഭേദമായി വരികയാണെന്നും, തന്റെ അമ്മാവന്റെ പച്ചമരുന്നു ഫലിക്കുന്നുണ്ടെന്നും അപ്പച്ചന് സമാധാനിപ്പിച്ചു.
തിരിച്ചു പോരുമ്പോള്‍ കാട്ടുവഴി വെടിയേണ്ടിവന്നു. കാടിന്നു സമാന്തരം, വയലുകള്‍ക്കു നെടുകെ ഒരു നെടുവരമ്പുണ്ട്. മുന്‍ നിലാവുമുണ്ട്. ഞങ്ങള്‍ ഇരുട്ട് വീശാന്‍ തുടങ്ങിയ വയലിലൂടെ നടന്നു. ഇതുവരെ കെട്ടിയിരുന്ന നാക്കുകള്‍ അഴിച്ചുവിട്ടു. വീടുകളില്‍ വിളക്കു വച്ചിട്ടില്ല. കാറ്റ് ചിറകടിച്ചു ഞങ്ങള്‍ക്കൊപ്പം.
Advertisements
ഒരു മറുപടി കൊടുക്കുക