ജനയുഗം വാര്‍ത്തകള്‍

പട്ടിണിയും പരിവട്ടവും പാമ്പാട്ടികളും – പി ആര്‍ ഷിജു

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 18, 2010

പട്ടിണിയും പരിവട്ടവും പാമ്പാട്ടികളും

പി ആര്‍ ഷിജു

സുസ്ഥിര വികസനത്തെക്കുറിച്ചായിരുന്നു കുറച്ചുനാള്‍ മുമ്പു വരെ ചര്‍ച്ചയത്രയും. ഇപ്പോള്‍ അത് സമഗ്ര വികസനത്തെക്കുറിച്ച്, അല്ലെങ്കില്‍ ഉള്‍ച്ചേര്‍ന്ന വികസനത്തെക്കുറിച്ചായിട്ടുണ്ട്. സുസ്ഥിര വികസനത്തിന് സ്ഥിരതയുള്ള സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് മുഴങ്ങിക്കേട്ട പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിലൊന്ന്. ഇക്കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ ബജറ്റ് പ്രസംഗത്തിലാവട്ടെ, സൂചകങ്ങള്‍ ഏറെയും ഉള്‍ച്ചേര്‍ന്ന വികസനത്തെക്കുറിച്ചായിരുന്നു. വികസനത്തെക്കുറിച്ചുള്ള ബോധ്യത്തില്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് എന്തോ ചില വീണ്ടുവിചാരമൊക്കെ ഉണ്ടായിട്ടുണ്ടെന്നാണ് ഇതു കാണിക്കുന്നത്. ചുരുങ്ങിയ പക്ഷം, വികസനം എന്നത് എല്ലാക്കാലത്തേയ്ക്കും നീണ്ടുനില്‍ക്കുന്നത് എന്നതിനേക്കാള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നെങ്കിലും അവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. നല്ലത്. സുസ്ഥിര വികസനത്തിന്റെ പാറപ്പുറത്തു വിതച്ച വിത്തുകളെ സമഗ്രവികസനത്തിന്റെ പാടങ്ങളില്‍ എങ്ങനെ വളര്‍ത്തും എന്നതാണ് ഇനിയത്തെ പ്രശ്‌നം. അതുപക്ഷേ ചെറിയൊരു പ്രശ്‌നമല്ലെന്നു ബോധ്യപ്പെടുത്തുന്ന കുറെ കാര്യങ്ങളെങ്കിലും നമ്മുടെ മുന്നിലുണ്ട്.
ഗരീബി ഹഠാവോ പഴയൊരു മുദ്രാവാക്യമാണ്. എല്ലാ ദാരിദ്ര്യത്തെയും നിര്‍മാര്‍ജനം ചെയ്തു എന്നു നാം വിശ്വസിക്കുന്നതുകൊണ്ടാവണം, പട്ടിണിയകറ്റൂ എന്നത് പഴയ മുദ്രാവാക്യമായത്. രാജ്യത്ത് ദാരിദ്ര്യമോ പട്ടിണിയോ അടിയന്തരമായി നേരിടേണ്ടത്ര രൂക്ഷമാണെന്ന് സാമ്പത്തികാസൂത്രണത്തില്‍ പങ്കാളിയാവുന്ന ആരെങ്കിലും കരുതുന്നുണ്ടെന്നു തോന്നുന്നില്ല. എന്‍ സി സക്‌സേന കമ്മിറ്റിയെയോ അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റിയെയോ പോലെ, കേന്ദ്ര സര്‍ക്കാര്‍തന്നെ നിയോഗിച്ച ചില പഠന സമിതികള്‍ രാജ്യത്ത് പട്ടിണിയും പരിവട്ടവുമുണ്ടെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും അതത്ര കാര്യമാക്കാനില്ലെന്നാണ് ബജറ്റിംഗില്‍ പങ്കാളിയാവുന്നവര്‍ കരുതുന്നത്. അതുകൊണ്ടാണ് ഗരീബി ഹഠാവോ പഴയ മുദ്രാവാക്യമായതും നേരിട്ട് പട്ടിണിയെ അഭിസംബോധന ചെയ്യുന്ന ഒരു പദ്ധതിപോലും നമുക്കില്ലാതെ പോയതും. ലോകത്തെ ഏറ്റവും കരുത്തുള്ള സമ്പദ് വ്യവസ്ഥകളിലൊന്നാണ് നമ്മുടേതെന്ന് സാമ്പത്തികാസൂത്രണം നടത്തുന്നവര്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചൈനയുമെല്ലാം അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഭയപ്പെടുക പോലും ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു. അതിന്റെയൊരു ആത്മരതിയുടെ മേമ്പൊടിയിലാണ് നാം കാര്യങ്ങളെ കാണുന്നത്. അമേരിക്ക പോലും ഭയപ്പെടുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയില്‍ പട്ടിണിയുണ്ടാകാനിടയില്ലെന്നുതന്നെ നാം വിശ്വസിച്ചുപോയിരിക്കുന്നു.  അല്ലെങ്കില്‍ നോക്കുക, ഇന്ത്യന്‍ ജീവിതാവസ്ഥ ചിത്രീകരിക്കുന്നുവെന്നു നാം കരുതുന്ന നമ്മുടെ സാഹിത്യ രചനകളിലോ സിനിമകളിലോ അടുത്തകാലത്തൊന്നും ദാരിദ്ര്യമോ പട്ടിണിയോ പ്രമേയമായിട്ടില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലത്തോടെ പട്ടിണിയുടെ കാലവും കഴിഞ്ഞെന്നാണ് ഉറപ്പായും നമ്മുടെ വിശ്വാസം. എന്നിട്ടും പക്ഷേ എന്തിനാണ് ഉത്തര്‍പ്രദേശിലെ കൃപാലുജി ആശ്രമത്തില്‍ ആശ്രമാധിപതിയുടെ ഭാര്യയുടെ ശ്രാദ്ധമുണ്ണാന്‍ വന്ന ഒരുപാടുപേര്‍ ഒരു നേരത്തെ അന്നത്തിനും പത്തുരൂപയ്ക്കും ഒരു സ്റ്റീല്‍ പാത്രത്തിനും വേണ്ടി മരണത്തോളമെത്തുംവിധം തിരക്കുകൂട്ടിയത്? കുറച്ചുകാലം മുമ്പ് ഒരു രാഷ്ട്രീയ നേതാവ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിതരണം ചെയ്ത സാരി വാങ്ങാനെത്തിയവരും ഇത്തരത്തില്‍ ചാകാന്‍ ഒരുങ്ങിക്കൊണ്ടു തിരക്കുകൂട്ടിയിരുന്നു. ഭക്ഷണത്തിനു വേണ്ടി മരിക്കാന്‍ തയ്യാറാവുന്നവര്‍ കൊടുംപട്ടിണിയില്‍ കഴിയുന്നവരും ഒരു കീറു തുണിക്കു വേണ്ടി മരിക്കാനൊരുങ്ങുന്നവര്‍ ഉടുക്കാനില്ലാത്തവരുമാവണം. അങ്ങനെയെങ്കില്‍ പട്ടിണിയില്ലാത്ത, ദാരിദ്ര്യമില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തില്‍ എന്തോ തെറ്റു കടന്നുകൂടിയിട്ടുണ്ട്, എവിടെയോ പിഴവുണ്ട്.
ഗരീബി ഹഠാവോ പഴയ മുദ്രാവാക്യമായിത്തീര്‍ന്നെങ്കിലും രാജ്യത്ത് ദരിദ്രര്‍ ഉണ്ടെന്നുതന്നെയാണ് ഭരണകര്‍ത്താക്കള്‍ കരുതുന്നത്. അതുകൊണ്ടാണ് ചില നിക്ഷിപ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതും സത്യത്തോട് പൊരുത്തമില്ലാത്തതുമായ ദാരിദ്ര്യരേഖ നമുക്കിപ്പോഴുമുള്ളതും ഭരണകൂടത്തിന്റെ ക്ഷേമ പദ്ധതികള്‍ ആ രേഖയ്ക്കു താഴെയുള്ളവരിലേയ്ക്കു ചുരുക്കണമെന്നു സാമ്പത്തിക ആസൂത്രകര്‍ വാശിപിടിക്കുന്നതും. ആസൂത്രണ കമ്മിഷന്റെ കണക്ക് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ 28.3 ശതമാനമാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍. കഴിഞ്ഞ ഏതാനും ദശകങ്ങളുടെ കണക്കെടുത്താല്‍ ഈ നിരക്ക് കുറഞ്ഞുവരികയാണെന്നാണ് കമ്മിഷന്‍ പറയുന്നത്. അതിവേഗം വളരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ അങ്ങനെയല്ലാതെ വരാന്‍ തരമില്ലതന്നെ. ദാരിദ്ര്യരേഖ നിശ്ചയിക്കാനുള്ള മാനദണ്ഡം പഴഞ്ചനായിപ്പോയെന്നും കാലാനുസൃതമായി അതു പുതുക്കേണ്ടതുണ്ടെന്നുമുള്ള തോന്നലിലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇതിനായി ഒരു സമിതിയെ നിയോഗിച്ചത്. സമിതിയെ നിയോഗിച്ചവരെതന്നെ അലോസരപ്പെടുത്തുന്ന കണ്ടെത്തലുകളാണ് എന്‍ സി സക്‌സേനെയുടെ നേതൃത്വത്തിലുള്ള ഈ സമിതി നടത്തിയത്.
ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണെന്നാണ് സമിതി കരടു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അതായത് ജനസംഖ്യയില്‍ പകുതിയും ദരിദ്രര്‍. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ കാര്‍ഡ്, ആ വിഭാഗത്തില്‍ പെടുന്ന 49.1 ശതാനത്തിനു മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 23 ശതമാനത്തിനും ഒരു വിധത്തിലുമുള്ള റേഷന്‍ കാര്‍ഡുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കലോറി കണക്കില്‍, അതായത് കഴിക്കുന്ന അല്ലെങ്കില്‍ കഴിക്കാന്‍ കിട്ടുന്ന ഭക്ഷണത്തിന്റെ കണക്കില്‍ വേണം ദരിദ്രരെ നിര്‍ണയിക്കേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1972-73 മുതല്‍ 1999-2000 വരെയുള്ള കാലയളവില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു ലഭ്യമാവുന്ന പോഷകാഹാരത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായാണ് സമിതി കണ്ടെത്തിയത്. ആസൂത്രണ കമ്മിഷന്റെ കണക്കില്‍ രാജ്യം വളര്‍ച്ചയുടെ ഗിരിശൃംഗങ്ങളിലേക്കു കുതിച്ചുകയറിയതും ദരിദ്രരുടെ എണ്ണം ‘ഗരീബി ഹഠാവോ’യെ അപ്രസക്തമാക്കുംവിധം കുറഞ്ഞുപോയതും ഇതേ കാലയളവില്‍തന്നെയാണ്. സെല്‍ ഫോണ്‍ കൈവശം വയ്ക്കുന്നുണ്ടോ എന്നല്ല, മറിച്ച് ഭക്ഷണം കഴിച്ചോ എന്ന ചോദ്യമാണ് ദരിദ്രരെ നിര്‍ണയിക്കാനുള്ള സര്‍വേയില്‍ പ്രാഥമികമായി ഉണ്ടാവേണ്ടതെന്ന പാഠമാണ് സക്‌സേന സമിതി റിപ്പോര്‍ട്ടിന്റെ കാമ്പ്.
ദാരിദ്ര്യമുണ്ടെങ്കില്‍, ഭരണകൂടത്തിന് ഇഷ്ടമില്ലെങ്കില്‍പോലും, ജീവിതസാഹചര്യങ്ങളില്‍ അതു പ്രതിഫലിക്കാതെ തരമില്ല. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ് ഗ്രാമീണ ഇന്ത്യയുടെ ദാരിദ്ര്യത്തെ നിര്‍ണയിക്കുന്നതില്‍ മുഖ്യ ഘടകം. കൃഷിയുമായി നേരിട്ടു ബന്ധമില്ലാത്ത നഗരങ്ങളുടെ ജീവിതവൃത്തിയെയും അതു തകിടം മറിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നമ്മുടെ നഗരചേരികളിലുണ്ടായ ആള്‍ക്കൂട്ടപ്പെരുപ്പം വ്യക്തമാക്കുന്നത്. കാര്‍ഷികമേഖല തകര്‍ന്നതോടെ ഗ്രാമങ്ങള്‍ ജീവിക്കാന്‍ കൊള്ളാതാവുകയും എന്തെങ്കിലും പണി എന്ന ലക്ഷ്യത്തോടെ ഗ്രാമീണരില്‍ നല്ലൊരു പങ്ക് നഗരങ്ങളിലെക്കു വണ്ടികയറുകയും ചെയ്തു. തിളങ്ങുന്ന ഇന്ത്യയിലെ പളപളപ്പുള്ള നഗരദൃശ്യങ്ങളില്‍ പ്രചോദനം കൊണ്ട് ഗ്രാമം വിട്ട അവര്‍ എത്തിപ്പെട്ടത് വന്‍ നഗരങ്ങളുടെ പിന്നാമ്പുറച്ചേരികളിലാണ്. 2007ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭൂതപൂര്‍വമായ കുതിപ്പ് പ്രകടിപ്പിച്ച കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ രാജ്യത്തെ ചേരി ജനസംഖ്യയിലുണ്ടായ വര്‍ധന ഇരട്ടിയാണ്. 1981ല്‍ 27.9 ദശലക്ഷമായിരുന്നു ഇന്ത്യയിലെ ചേരി ജനസംഖ്യ.  രാജ്യത്ത് അവസാനം കാനേഷുമാരി കണക്കെടുപ്പു നടന്ന 2001ല്‍ അത് 61.8 ദശലക്ഷമായി ഉയര്‍ന്നു. ബ്രിട്ടനിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണിത്. എന്നിട്ടും പക്ഷേ ബ്രിട്ടീഷുകാരനായ ഡാനി ബോയല്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചു നിര്‍മിച്ച സിനിമയ്ക്ക് സ്‌ലംഡോഗ് മില്യണയര്‍ എന്നു പേരിട്ടത് ഇന്ത്യയുടെ പ്രതിച്ഛായ മോശപ്പെടുത്തുകയാണെന്നു നമുക്കു തോന്നിയെങ്കില്‍ അതിനു കാരണം സാമ്പത്തികദിനപത്രങ്ങളില്‍ വായിച്ച കരുത്തുള്ള ഇന്ത്യയെക്കുറിച്ചുള്ള ബോധ്യങ്ങളാവണം.
ചേരി എന്നാല്‍ ഒരു മോശം ജീവിതാവസ്ഥയാണ്. നിരനിരയായി കെട്ടിപ്പൊക്കിയ പിന്നാമ്പുറക്കെട്ടിടങ്ങളില്‍ പ്രാഥമിക ആവശ്യത്തിനു പോലും സൗകര്യമില്ലാതെ മനുഷ്യര്‍ പുഴുക്കളെപ്പോലെ കഴിയുക എന്നാണ് അതിനര്‍ഥം. മലവിസര്‍ജനത്തിനായി വഴിയരികിലും റയില്‍വേ ട്രാക്കുകളിലും ആണ്‍പെണ്‍ ഭേദമില്ലാതെ ആയിരങ്ങള്‍ നിരന്നിരിക്കുന്ന കാഴ്ചയിലേക്കാണ് നമ്മുടെ വന്‍നഗരങ്ങള്‍ പുലരുന്നത്. ഇത്തരം അലോസരപ്പെടുത്തുന്ന കാഴ്ചകള്‍ ഒഴിവാക്കിയാണ് വികസിത ഇന്ത്യ എപ്പോഴും നഗരങ്ങളെ അവതരിപ്പിക്കുന്നത്. അല്ലാത്തപക്ഷം, പൗരന്മാര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു രാജ്യമെങ്ങനെയാണ് സൂപ്പര്‍ പവറായി വളരുകയെന്ന് ആരെങ്കിലും തിരിച്ചുചോദിച്ചേക്കും. ഉണ്ണാനും ഉടുക്കാനും പെടുക്കാനും ഇടമില്ലാത്തവരുടെ സമ്പദ് വ്യവസ്ഥ കരുത്തുള്ള സമ്പദ്‌വ്യവസ്ഥയാണെന്നു പറയുന്ന ധനശാസ്ത്രത്തിന് അടിസ്ഥാനപരമായിതന്നെ എന്തോ കുഴപ്പമുണ്ടെന്ന് കുറച്ചുപേരെങ്കിലും ചിന്തിച്ചുപോവും.
രണ്ടു നേരം ഭക്ഷണം കഴിക്കാനില്ലാത്തവരെയും നാണം മറയ്ക്കാന്‍ വോട്ടിനു കൂലിയായി കിട്ടുന്ന കീറത്തുണിക്കുവേണ്ടി മരണത്തെപ്പോലും തോല്‍പ്പിച്ചുകൊണ്ട് തിരക്കുകൂട്ടേണ്ടിവരുന്നവരെയും വെളിക്കിറങ്ങാന്‍ ഇടമില്ലാത്തവരെയും അങ്ങനെയങ്ങനെയുള്ള ജനകോടികളെയും ഉള്‍ക്കൊള്ളിക്കാതെ എങ്ങനെയാണ് വികസനം സമഗ്രമാവുക? ഉള്‍ച്ചേര്‍ന്ന വികസനം എന്നുപറയുന്നത് അതാവേണ്ടതല്ലേ? അല്ലെങ്കില്‍തന്നെ എല്ലാ ചര്‍ച്ചകളെയും വഴിതെറ്റിച്ച് വലിച്ചിഴയ്ക്കുന്ന വല്ലാത്തൊരു വാക്കായി മാറിയിട്ടുണ്ട് വികസനം എന്നത്. കേരളത്തെ നോക്കുക. ലക്ഷങ്ങളെത്തുന്ന ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ആറ്റുകാല്‍ പൊങ്കാല പോലെയുള്ള ഉത്സവങ്ങളിലും മുതല്‍ നാട്ടില്‍ മുക്കിനുമുക്കിനുള്ള ചെറുതും വലുതുമായ ആരാധനാലയങ്ങളില്‍ വരെ ഇവിടെ അന്നദാനം നടക്കുന്നുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അടുത്ത കാലത്തൊന്നും ഇതിലെവിടെയും കൂട്ടത്തിരക്കോ അതിനെത്തുടര്‍ന്നുള്ള അപകടങ്ങളോ ഉണ്ടായിട്ടില്ല. ചുരുങ്ങിയപക്ഷം ദാരിദ്ര്യത്തിന്റെ അതിരൂക്ഷരൂപമായ കൊടുംപട്ടിണിയെങ്കിലും ഇവിടെയില്ലെന്നാണ് അതിന്റെയര്‍ഥം. ഇത് ഒരു സമൂഹത്തിന്റെ, അവഗണിക്കാനാവാത്ത മുന്നോട്ടുപോക്കിന്റെ സൂചകമാണ്. ഇതിനെ വികസനം എന്നുതന്നെയാണ് വിളിക്കേണ്ടതും. എന്നിട്ടും പക്ഷേ വികസനവാദികളുടെ കൈകള്‍ ചൂണ്ടിനില്‍ക്കുന്നത് ഗുജറാത്തിലേയ്ക്കാണ്. മനുഷ്യനെ പച്ചയോടെ ചുട്ടുകൊല്ലുന്ന ഗുജറാത്ത്. അമേരിക്കയിലെ റോബര്‍ട്ട് കെന്നഡി സെന്ററുമായി ചേര്‍ന്ന് ഒരു സര്‍ക്കാരിതര സംഘടന ഗുജറാത്തില്‍ നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പുറത്തുവന്നത് അടുത്തിടെയാണ്.
രാഷ്ട്രം സ്വതന്ത്രമായി ആറു പതിറ്റാണ്ടിനു ശേഷവും ഗുജറാത്തിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും അതിരൂക്ഷമായ വിധത്തില്‍ അയിത്താചാരം നിലനില്‍ക്കുന്നെന്നാണ് ആ പഠനം പറയുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ പോലും, സമൂഹത്തിലെ കീഴ്ജാതിക്കാര്‍ക്ക് തൊട്ടുകൂടായ്മ വിധിക്കുന്ന സ്ഥിതിയാണ് ഇപ്പോഴും അവിടെ. കൊട്ടിഘോഷിക്കുന്ന വികസനത്തിനിടയിലും ഗുജറാത്ത് ഇപ്പോഴും അരനൂറ്റാണ്ടു മുമ്പത്തെ കൈനോട്ടക്കാരുടെയും മന്ത്രവാദികളുടെയും പാമ്പാട്ടികളുടെയും ഇന്ത്യയായിത്തന്നെ നിലകൊള്ളുന്നു.
മാളികകള്‍ കെട്ടി ഉയര്‍ത്തപ്പെടുമ്പോഴും സാധാരണക്കാരുടെ ഇന്ത്യയെ അരനൂറ്റാണ്ടിനപ്പുറത്തേയ്ക്കു മാറ്റിനിര്‍ത്തുന്ന, പുറമേ വെള്ളിവെളിച്ചം വിതറുമ്പോഴും ഉള്ളില്‍ ഇരുളുനിറയ്ക്കുന്ന ഈ വികസനവേഗങ്ങളില്‍നിന്നുള്ള രക്ഷപ്പെടലിലാണ് ഇന്ത്യയുടെ യഥാര്‍ഥ വികസനം
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: