ജനയുഗം വാര്‍ത്തകള്‍

അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകളും ഇന്ത്യയുടെ വിധേയത്വവും-സി കെ ചന്ദ്രപ്പന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 22, 2010

അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകളും ഇന്ത്യയുടെ വിധേയത്വവും

സി കെ ചന്ദ്രപ്പന്‍

ഇന്ത്യ പരമ്പരാഗതമായി തുടര്‍ന്നുവന്ന സാമ്രാജ്യ വിരുദ്ധ ചേരിചേരാ നയത്തില്‍ നിന്നും ക്രമേണ വ്യതിചലിച്ച്, അമേരിക്കന്‍ സാമ്രാജ്യത്വത്തെ കൂടുതല്‍ കൂടുതല്‍ തൃപ്തിപ്പെടുത്തുന്ന നിലപാടുകളിലേക്ക് വഴുതി വീഴുന്നത്, നമ്മുടെ രാജ്യതാല്‍പര്യത്തിന് ഒട്ടും സഹായകമല്ല; അപകടകരവുമാണ്.
യു പി എ സര്‍ക്കാര്‍ സമീപകാലത്തു കൈക്കൊണ്ട ചില നയങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഒന്നു പരിശോധിക്കേണ്ടതാവശ്യമാണ്.
ഇന്ത്യയും അമേരിക്കയുമായി ചേര്‍ന്ന് രൂപം നല്‍കിയ ആണവകരാര്‍ തുടക്കം മുതലേ വിവാദപരമായിരുന്നു. ഭാവിയിലെ ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ കരാര്‍ കൂടിയേ തീരൂ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. ഈ ഉറച്ച നിലപാട് ഇന്ത്യയുടെ രാഷ്ട്രീയ സുസ്ഥിരതയെ അപകടപ്പെടുത്തിക്കൊണ്ട് യു പി എ ഇടതുസഖ്യത്തെ തകര്‍ത്തു. നിലനില്‍പിനു വേണ്ടി, വിശ്വാസ പ്രമേയത്തില്‍ ഭൂരിപക്ഷം നേടാന്‍ യു പി എ പാര്‍ലമെന്റിന്റെ ഉപശാലകളില്‍ പണം വാരി എറിഞ്ഞു; കോടിക്കണക്കിന്. അത് പരസ്യമായ കാലുമാറ്റത്തിന്റെ നാണംകെട്ട കാലമായി മാറി.
ഇതെല്ലാം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം, ഈ കരാര്‍ നമ്മുടെ ഊര്‍ജപ്രതിസന്ധിയ്ക്കു വിരാമമിടും എന്നാണ്. ഈ രാഷ്ട്രീയ നാടകങ്ങള്‍ നടന്നിട്ട് ഏതാണ്ട് രണ്ടു വര്‍ഷമാകുന്നു. ഇതാ അരങ്ങേറുന്നു, ആ ദുരന്ത നാടകത്തിന്റെ അടുത്ത അങ്കം. ന്യൂക്ലിയര്‍ ലയബിലിറ്റി ബില്‍ എന്ന പേരില്‍ സര്‍ക്കാര്‍ പുതിയൊരു നിയമം തയ്യാറാക്കി പാര്‍ലമെന്റിലവതരിപ്പിക്കുവാന്‍ തയ്യാറായി. പാര്‍ലമെന്റിന്റെ അജണ്ടയില്‍ ഈ ബില്‍ അവതരിപ്പിക്കുന്ന സമയവും തീയതിയും നിശ്ചയിച്ചറിയിച്ചു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ സുശക്തവും നിശ്ചയദാര്‍ഢ്യത്തോടു കൂടിയുമുള്ള എതിര്‍പ്പിന്റെ മുന്നില്‍ സര്‍ക്കാര്‍ പിന്‍വാങ്ങി. തല്‍ക്കാലമായിരിക്കാമെങ്കിലും ആ ബില്‍ അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ഇന്തോ-അമേരിക്കന്‍ കരാറനുസരിച്ച് ഇന്ത്യയില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ ആണവ നിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍, അവയില്‍ ഏതിലെങ്കിലും അപകടം ഉണ്ടായാല്‍, ഇന്ത്യയ്ക്കു റിയാക്‌റുകളും മറ്റും തരുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഒരുത്തരവാദിത്വവും ഉണ്ടാവുകയില്ല എന്നുറപ്പുവരുത്തുന്നതിനാണ് ഈ നിയമം.
ഇന്ത്യയില്‍ റഷ്യയുടെയും ഫ്രാന്‍സിന്റെയുമൊക്കെ പങ്കാളിത്തത്തോടെ ആണവ നിലയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, പ്രവര്‍ത്തിക്കുന്നുമുണ്ട്. ആ രാജ്യങ്ങള്‍ ഒന്നും ഇന്ത്യയോടാവശ്യപ്പെടാത്ത ഒരു കാര്യമാണ് അമേരിക്ക നമ്മോടാവശ്യപ്പെടുന്നത്. അമേരിക്ക ചോദിച്ചാല്‍ എന്തും കൊടുക്കുമെന്ന സര്‍ക്കാര്‍ നയം അപകമാനകരമാണ്.
അപകടം ഉണ്ടായാല്‍ ആരാണ് നഷ്ടപരിഹാരം പിന്നെ നല്‍കേണ്ടത്?. ആണവനിലയങ്ങള്‍ ഇന്ത്യയില്‍ പ്രവൃത്തിപ്പിക്കുന്ന ”ഓപ്പറേറ്റര്‍മാരാണ്”, നിയമത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ടത്.
ഇവിടെ ഒരു സംഗതികൂടി ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ഇന്ത്യയില്‍ ആണവ ഊര്‍ജ രംഗത്ത് സ്വകാര്യ മേഖല പ്രവര്‍ത്തിക്കുന്നില്ല. ഇന്ത്യയില്‍ ആണവോര്‍ജം നിര്‍മിക്കുന്നതത്രയും പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഈ പൊതുമേഖലാ സ്ഥാപനങ്ങളാണ്, അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഈ നിയമം മൂലം ബാധ്യസ്ഥമാകുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ നികുതിദായകര്‍ നല്‍കുന്ന നമ്മുടെ പണം പൊതുഖജനാവില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കണം എന്ന വിചിത്രമായ ബാധ്യതയാണ് ഈ നിയമം വഴി സൃഷ്ടിക്കപ്പെടുന്നത്.
ആണവ നിലയങ്ങളില്‍ അപകടം ഉണ്ടാകുന്നത് നമുക്ക് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ നല്‍കിയ യന്ത്രങ്ങളുടെ തകരാറുകൊണ്ടാവാം. പക്ഷേ ആ കമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള എല്ലാ ചുമതലകളില്‍ നിന്നും വിമുക്തരാക്കുന്നതിനാണ് ഈ നിയമം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നത്.
നിയമത്തിന്റെ മറ്റു നൂലാമാലകളിലേക്കു കടക്കാന്‍ ഇവിടെ ഉദേശിക്കുന്നില്ല. വ്യക്തമായ ഒരു വിധേയത്വം കാണാതെ പോകരുത്. മറ്റൊരു രാജ്യവും ആവശ്യപ്പെടാത്ത, നീതീകരണമില്ലാത്ത ഒരാവശ്യം, ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളലാഭം വര്‍ധിപ്പിക്കുന്നതിനുവേണ്ടി, അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, നമ്മുടെ നാടിനു വരുന്ന ഭീമമായ നഷ്ടമൊന്നും കണക്കിലെടുക്കാതെ അമേരിക്കയ്ക്കു വിധേയമാകുന്ന ഈ നയം ആക്ഷേപകരവും അപമാനകരവുമാണ്.
ആണവ ദുരന്തം ആദ്യം ലോകം ദര്‍ശിച്ചത് നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക വര്‍ഷിച്ച അണുബോംബുകളുടെ സ്‌ഫോടനത്തിലൂടെയാണ്. പിന്നീട് ചെര്‍ണോ ബില്ലും ലോംഗ് ഐലന്റും എല്ലാം എത്ര ഭീകരമാണ് ആണവ നിലയങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍ എന്നു കാണിച്ചുതന്നു. ഒരുപാട് മനുഷ്യരുടെ മരണം, അവശേഷിക്കുന്നവര്‍ തലമുറകളിലൂടെ മാറാവ്യാധികള്‍ക്ക് ഇരയാകുന്നത്, പാരിസ്ഥിതികമായ വന്‍ തകര്‍ച്ച തുടങ്ങിയവയൊക്കെയാണ് ആണവ ദുരന്തങ്ങളുടെ ഫലം.
അതൊന്നും ഒട്ടും കണക്കിലെടുക്കാതെ അമേരിക്കയുടെ, അവരുടെ ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിന്, നമ്മുടെ മേല്‍ എല്ലാ ബാധ്യതകളും കയറ്റിവയ്ക്കുന്ന ഈ നിയമം ദേശാഭിമാന ബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് ബില്ലിനെ പ്രതിപക്ഷം ഒന്നടങ്കം ചെറുത്തത്. സര്‍ക്കാരിന് ബില്ലവതരിപ്പിക്കാന്‍ കഴിയാതെ പോയതും.
*   *  *   *   *    *
ഈ സംഭവം കഴിഞ്ഞ് ഒരാഴ്ചയായില്ല, അപ്പോള്‍ അമേരിക്കയില്‍ നിന്നും വരുന്നു മറ്റൊരു ബോംബ്.
ബോംബെയിലെ താജ് ഹോട്ടലിന്റെയും മറ്റും നേരെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന, ലോകത്തെ ഞെട്ടിച്ച, ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ പാക്-അമേരിക്കന്‍ പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഏതാനും മാസം മുമ്പ് അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ലഷ്‌കര്‍-ഇ-ത്വയിബ ഭീകരനായ ഇദ്ദേഹത്തിന്റെ കൂട്ടുകാരന്‍  റാണയും അമേരിക്കയില്‍ അറസ്റ്റു ചെയ്യപ്പെട്ടു.
ഇവര്‍ മുംബൈ, ഡല്‍ഹി തുടങ്ങിയ മഹാനഗരങ്ങളിലും പിന്നെ കൊച്ചി പോലുള്ള പട്ടണങ്ങളിലും താമസിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആസൂത്രണം ചെയ്തവരാണ്.
ഇവരുടെ അറസ്റ്റ് ഭീകരരെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വഴിത്തിരിവാകുമെന്നെല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടു മൂന്നു ദിവസം മുമ്പ് നടന്ന നാടകീയമായ ചില സംഭവവികാസങ്ങള്‍ ചിത്രത്തെ ആകെ മാറ്റിമറിച്ചു. എല്ലാ കുറ്റങ്ങളും കോടതിയില്‍ ആദ്യം നിഷേധിച്ച ഹെഡ്‌ലി, അമേരിക്കന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഒരു രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ മാപ്പുസാക്ഷിയാകാന്‍ തീരുമാനിച്ചു. എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞു. ധാരണ എന്താണെന്ന് കോടതിയുടെ താല്‍ക്കാലിക വിധി വ്യക്തമാക്കി. വധശിക്ഷ ലഭിക്കുമായിരുന്ന ഹെഡ്‌ലിക്ക് ഇനി ജീവപര്യന്തം തടവായിരിക്കും ശിക്ഷ. ഹെഡ്‌ലിയെ ഇന്ത്യയ്‌ക്കോ പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ കേസന്വേഷണം സംബന്ധിച്ച് കെമാറ്റം ചെയ്യുകയുമില്ല.
ഹെഡ്‌ലിയുടെ അറസ്റ്റു നടന്ന ഉടനെ ഇന്ത്യ നമ്മുടെ കുറ്റാന്വേഷകരെ അമേരിക്കയിലേക്കയച്ചു, ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍. അമേരിക്ക നമുക്കതിനനുവാദം തന്നില്ല. ഹെഡ്‌ലിയെ ഇന്ത്യയിലേയ്ക്ക് എക്സ്റ്റാഡിഷന്‍ (കേസന്വേഷണത്തിന് നമുക്കിയാളെ കൈമാറുക) ചെയ്യണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്ക അതും സമ്മതിച്ചില്ല.
ഇപ്പോള്‍ അമേരിക്ക പറയുന്നത്, ഹെഡ്‌ലി ഒരു ഡബിള്‍ ഏജന്റായിരുന്നുവെന്ന്. അതിന്റെ അര്‍ഥം അയാള്‍ ഒരേ സമയം അമേരിക്കന്‍ ചാരസംഘടനയുടെയും ലഷ്‌കര്‍ ഭീകരരുടെയും ഏജന്റായിരുന്നുവത്രെ.
കേസിന്റെ അന്വേഷണത്തില്‍ ഹെഡ്‌ലി എല്ലാവരുമായും സഹകരിക്കും എന്നൊരു വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ പേരില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മറവില്‍ അവര്‍ അഫ്ഗാനിസ്ഥാനെയും ഇറാഖിനേയും കടന്നാക്രമിച്ചു. ഇറാഖിന്റെ രാഷ്ട്രത്തലവനായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റുകവരെ ചെയ്തു.
ഇവിടെ ഭീകരതയ്‌ക്കെതിരെ കുരിശുയുദ്ധം നടത്തുന്നു എന്ന് പുരപ്പുറത്തുനിന്നു പ്രഖ്യാപിക്കുന്ന അമേരിക്കയുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്.
ഭീകരതയ്‌ക്കെതിരായുള്ള ഈ കുരിശുയുദ്ധത്തില്‍ പാവപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരായ അമേരിക്കന്‍ പട്ടാളക്കാര്‍ മരിച്ചു. എല്ലാ ദിവസവും അവരുടെ ശവപ്പെട്ടികള്‍ അമേരിക്കയിലേയ്ക്ക് വിമാനത്തില്‍ പറന്നെത്തുന്നുണ്ട്, ഇപ്പോഴും.
ലോകത്തെമ്പാടും ഭീകരപ്രസ്ഥാനങ്ങളെ സൃഷ്ടിച്ചതും അവര്‍ക്കായുധവും പണവും നല്‍കി നയതന്ത്രസംരക്ഷണം ഉറപ്പാക്കിയതും അമേരിക്കയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അമേരിക്കന്‍ സൃഷ്ടിയാണ്. പാകിസ്ഥാനില്‍ പട്ടാളഭരണാധികാരികള്‍ക്കായുധവും ചാരസംഘടനയായ ഐ എസ് ഐയ്ക്ക് പണവും പിന്തുണയും നല്‍കിയതും അമേരിക്കതന്നെ.
അമേരിക്കയ്ക്ക് അവരുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായിവരുമ്പോള്‍ അവരുടെ സ്വന്തം ചാരസംഘടനയായ സി ഐ എയെ രംഗത്തിറക്കി രാഷ്ട്രീയ അസ്ഥിരീകരണം നടത്തുക, ഭീകരപ്രസ്ഥാനങ്ങളെ സൃഷ്ടിക്കുക, ആയുധമണിയിക്കുക, വളര്‍ത്തുക ഇവയൊക്കെ അവരുടെ വിദേശനയത്തിന്റെ ഭാഗമാണ്.
ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരസംഘടനയുടെ സബിള്‍ ഏജന്റിനെ രക്ഷിച്ചപ്പോള്‍ ഇന്ത്യയുടെ ഒരു വികാരവും അവര്‍ കണക്കിലെടുത്തില്ല. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് അമേരിക്ക എത്ര മുതലക്കണ്ണീരൊഴുക്കി. നമുക്കെന്തെല്ലാം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. പക്ഷേ ഹെഡ്‌ലി എന്ന തങ്ങളുടെ ഡബിള്‍ ഏജന്റിനെ രക്ഷിക്കുന്ന പ്രശ്‌നം വന്നപ്പോള്‍, അമേരിക്ക നമ്മെ കൈവെടിഞ്ഞു.
*   *  *   *   *    *
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോ നമ്മുടെ കാര്‍ഷികരംഗം, പ്രത്യേകിച്ച് വിത്തുമേഖല കയ്യടക്കാനുള്ള വലിയ പരിശ്രമത്തിലാണ്.
സര്‍ക്കാരിന്റെ അനുവാദത്തിനൊന്നും കാത്തുനില്‍ക്കാതെ അവര്‍ ബി ടി കോട്ടണ്‍ കൃഷി ഇന്ത്യയില്‍ തുടങ്ങി. ഇന്ത്യന്‍ കര്‍ഷകരുടെ കൂട്ട ആത്മഹത്യയ്ക്കു വഴിയൊരുക്കിയ കൃഷിയില്‍ ഒന്ന് ബി ടി കോട്ടണായിരുന്നു എന്നത് ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നൊരു കാര്യമാണ്.
മോണ്‍സാന്റോ പിന്നെ വന്നത് വഴുതന കൃഷിയുടെ രംഗത്താണ്; ബി ടി ബ്രിഞ്ചാളുമായി. വളര്‍ന്നുവന്ന സാര്‍വത്രികമായ എതിര്‍പ്പിന്റെ മുമ്പില്‍ അവസാനം സര്‍ക്കാര്‍ മുട്ടുമടക്കി. വഴുതനങ്ങ കൃഷിയ്ക്ക് താല്‍ക്കാലികമായ ഒരു നിരോധനം ഏര്‍പ്പെടുത്തി.
എല്ലാവരും ഒന്നാശ്വസിച്ചു. മൊണ്‍സാന്റോ ഇത്തവണ പരാജയപ്പെട്ടുവല്ലോ.
ഈ ആശ്വാസത്തിനു വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു പ്രസ്താവന വന്നു. ബി ടി ബ്രിഞ്ചാളിനേര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം അനന്തമായി തുടരാന്‍ അനുവദിക്കുകയില്ല.
ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റവും വേഗം കൈകാര്യം ചെയ്ത് ബി ടി ബ്രിഞ്ചാളിനെക്കുറിച്ച് അവസാന തീരുമാനം ഉടന്‍ ഉണ്ടാകണം. മൊണ്‍സാന്റോയുടെ അജണ്ട ബി ടി ബ്രിഞ്ചില്‍ മാത്രമല്ല, ബി ടി നെല്ല്, ബി ടി ഗോതമ്പ്, ബി ടി കാരറ്റ് അങ്ങനെ ഒരുപാടു ബി ടി കൃഷിയിലാണ്. അത് തടയപ്പെടാത്തത് പ്രധാനമന്ത്രിയുടെ കല്‍പനകൊണ്ടാണ്. അമേരിക്കയും മൊണ്‍സാന്റോയും സര്‍വശക്തരാണ്. അവരുടെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടം ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്നതിന്റെ ചില നവ ചിത്രങ്ങളാണിവ.
സാമ്രാജ്യത്വത്തിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഈ ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ വമ്പിച്ച ജനകീയ ഐക്യം വളര്‍ന്നുവരേണ്ട സമയമായി.
Advertisements

ഒരു പ്രതികരണം to “അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകളും ഇന്ത്യയുടെ വിധേയത്വവും-സി കെ ചന്ദ്രപ്പന്‍”

  1. M.A Bakar said

    ഇന്ത്യ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്‌. ഇന്ത്യയുടെ ഐ.ബി -യും കുറ്റാന്വേഷണ മറ്റ്‌ ഏജന്‍സികളും ഇപ്പോഴും ചീമുട്ടകഴിക്കുന്ന സവര്‍ണ്ണന്‍മരുടെ പിടിയില്‍ തന്നെയാണ്‌. അവര്‍ക്ക്‌ നാഗ്പൂറിണ്റ്റെ ആസ്താനത്ത്‌ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ. എന്നും അമേരിക്കയുടെ ഇരയായ പാക്കിസ്താനെ ശത്രുപക്ഷത്ത്‌ നിര്‍ത്തി, അമേരിക്കയുടെ ഇന്ത്യക്കെതിരെയുള്ള ചൂതുകളിക്ക്‌ കൂട്ടുനില്‍ക്കുകയും അങ്കില്‍ സാമിനെ വാഴ്ത്തുകയും ചെയ്യുന്ന ‘വിചാര ധാര’ ദാസ്യങ്ങള്‍ക്ക്‌ ഒരിക്കലും ഇന്ത്യയുടെ ആത്മാവ്‌ തൊട്ടറിയാനൊക്കില്ല.

    പാവപ്പെട്ട ചില നിരപരാധികളായ (അപരാധികളെ ന്യായീകരിക്കുന്നില്ല) മുസ്ളിം യുവാക്കളെ തെരെഞ്ഞുപിടിച്ച്‌ തീവ്രവാദികളാക്കി മാറ്റുന്നതില്‍ തീരുന്നു ഇവിടത്തെ “ദേശസ്നേഹവും ദേശ സേവനവും”.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: