ജനയുഗം വാര്‍ത്തകള്‍

ജലം എല്ലാ ജീവജാലങ്ങളുടെയും അവകാശം പി എസ് രാജീവ്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 22, 2010

ജലം എല്ലാ ജീവജാലങ്ങളുടെയും അവകാശം

പി എസ് രാജീവ്

ഒരു ജലദിനം കൂടി കടന്നുപോവുകയാണ്. ആഗോളവല്‍ക്കരണ-കുത്തക മുതലാളിത്ത അധീശശക്തികളുടെ അദൃശ്യകരങ്ങള്‍ ഇന്ന് ‘കുടിവെള്ളത്തിനെ ഏറെ വിലകൊടുത്തു വാങ്ങേണ്ട ഒരു കമ്പോളച്ചരക്കാക്കി’ മാറ്റിയിരിക്കുന്നു എന്നത് ഈ ജലദിനത്തിലും നമ്മെ ഞെട്ടിപ്പിക്കാത്ത ഒരു സത്യമായി അവശേഷിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനാവശ്യവും അവകാശവുമാണ് കുടിവെള്ളം ലഭ്യമാകുക എന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണെന്നുള്ള ധാരണ ഇന്ന് സമ്പൂര്‍ണമായി മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകത്തിലെ ആകെ ജനസംഖ്യയില്‍ 110 കോടി ജനങ്ങള്‍ക്ക് കുടിവെള്ളം ഇന്ന് ലഭ്യമാകുന്നില്ല. കച്ചവടം ചെയ്യപ്പെടാവുന്ന ഒരു കമ്പോളച്ചരക്കായി മുതലാളിത്തക്രമം വെള്ളത്തെ നിര്‍ണയിച്ച സാഹചര്യത്തില്‍ കച്ചവടം ചെയ്യാനുള്ളതെന്തും സ്വകാര്യവല്‍ക്കരിക്കാനുള്ളതുമാണെന്ന തത്വം ലോകമെങ്ങും പ്രാവര്‍ത്തികമായി തുടങ്ങി. ലോകമെങ്ങും ജല സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ ജലവിഭവ നിക്ഷേപത്തിന് മുന്നിലെ തടസ്സങ്ങള്‍ നീക്കുന്ന ജോലി ലോക ബാങ്ക് ഐ എം എഫ് പ്രഭൃതികളും, ലോക സാമ്പത്തിക വികസനഫോറവും, എ ഡി ബിയുമൊക്കെ ഏറ്റെടുത്തു. അതോടെ പല രാഷ്ട്രഭരണകൂടങ്ങളും, ജലവിഭവത്തിന്മേലുള്ള പൊതു ഉടമസ്ഥതകള്‍ വിട്ട് കോര്‍പ്പറേറ്റുകളുടെ അധീനതയിലേയ്ക്ക് ജലവിഭവ മാനേജ്‌മെന്റ് വിട്ടുകൊടുത്തു.
കുടിവെള്ളമേഖലയിലെ ഭീകന്മാരായ യുണൈറ്റഡ് യൂട്ടിലിറ്റീസ്, എന്റോണ്‍, വിവെന്‍ഡി, ബോയ്ഗ്യൂസ്, തെയിംസ് വാട്ടര്‍, ആഗ്ലിക്കന്‍ കെര്‍സ്ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലോക കുടിവെള്ളക്കച്ചവടം നിയന്ത്രിക്കുന്നത്. ഇവരുടെ ഏകദേശം ലാഭം മാത്രം 800 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. ഈ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടണമെന്നും കുടിവെള്ളം കച്ചവടച്ചരക്കാണെന്നും ഉദ്‌ഘോഷിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ലോകമാകെ എത്തുവാന്‍ പാതയൊരുക്കുന്ന അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി സിയില്‍ കുടിവെള്ളവിതരണം നടത്തുന്നത് നഗരസഭയാണ്. സ്വകാര്യവല്‍ക്കരണത്തിന്റെ വക്താക്കളായ അമേരിക്കയിലെ 80 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളവിതരണം നടത്തുന്നത് പൊതുമേഖലകളും മുനിസിപ്പാലിറ്റികളുമാണ്. എന്നിട്ടും ലോകബാങ്കും ഐ എം എഫും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിമാരും ലോകമെങ്ങും ഉറപ്പുവരുത്തുന്നത് കുടിവെള്ള വിതരണത്തിലെ സ്വകാര്യവല്‍ക്കരണമാണ്. അതല്ലാതെ പോംവഴിയില്ല എന്നും പ്രചരിപ്പിക്കുന്നു.
ആഗോളതലത്തില്‍ രൂപപ്പെട്ടു വന്നിട്ടുള്ള ജലവിഭവ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ അന്താരാഷ്ട്ര നാണയനിധിയുടെയും ഏ ഡി ബിയുടെയും പൂര്‍ണ ആശ്രിതത്വത്തിനിരയായ ഇന്ത്യയിലും തലനീട്ടിത്തുടങ്ങിയിട്ടേറെ വര്‍ഷങ്ങളായി. സാമൂഹ്യരംഗങ്ങളില്‍ നിന്നും, ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള പിന്മാറ്റത്തില്‍ തുടങ്ങി ഇന്‍ഷുറന്‍സ്, ബാങ്ക്, ടെലികോം തുടങ്ങിയ രംഗങ്ങളിലെ സ്വകാര്യവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ കുടിവെള്ള മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വരെ നമ്മുടെ ദേശീയരംഗത്ത് ‘പരിഷ്‌ക്കാര’ങ്ങളെത്തി നില്‍ക്കുന്നു.
ലോകബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ഉസ്‌മെയില്‍ സെറാഗെല്‍ഡിന്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ദീര്‍ഘദൃഷ്ടിയോടെ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ‘ഇനിയൊരു ലോകയുദ്ധമുണ്ടെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കു’മെന്നതായിരുന്നു അദ്ദേഹത്തിന്റെ വീഷണം. ആഫ്രിക്കയില്‍ ബോട്‌സ്വാനയും നമീബിയയും തമ്മില്‍ ജലത്തിനുവേണ്ടി വഴക്കാണ്. ജോര്‍ദ്ദാന്റെ ജലസമ്പത്ത് ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. പാകിസ്ഥാന്റെ അവസാനിക്കാത്ത യുദ്ധക്കൊതി കാശ്മീര്‍ താഴ്‌വാരങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്ന നദികളുടെ അവകാശത്തിന് വേണ്ടികൂടിയുള്ളതാണ്. സമീപകാല നദീജലതര്‍ക്കങ്ങളും നദീസംയോജനതര്‍ക്കങ്ങളും എല്ലാം തന്നെ ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന ശരിവയ്ക്കുന്ന വസ്തുതകളാണ്.
ലോകത്തിലെ മൊത്തം ജലസമ്പത്തില്‍ 0.7 ശതമാനം മാത്രമാണ് കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കാനാവുന്നത്. 2 ബില്യണ്‍ ജനങ്ങള്‍ ആവശ്യത്തിന് വെള്ളം ലഭ്യമാകാതെ ഉഴലുകയാണ്. ആഴ്ചയില്‍ 35,000 പേര്‍ ജലത്തിലൂടെ പകരുന്ന രോഗങ്ങളാല്‍ മരിക്കുകയാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2025 ആകുമ്പോഴേക്കും മൂന്നില്‍ രണ്ട് ലോകജനസംഖ്യയും ജലദൗര്‍ലഭ്യം അനുഭവിക്കുമെന്നും മുന്നറിയിപ്പ് ഉണ്ടായിട്ടുണ്ട്. ലോകത്തിലെ 56 രാജ്യങ്ങളില്‍ 2005 ഓടെ കടുത്ത ജലദൗര്‍ലഭ്യം ഉണ്ടാകും. 8170 ലക്ഷം ജനങ്ങള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടും എന്നാണ് കണക്ക്. ഇന്ത്യയില്‍ 2025 ന് മുമ്പ് തന്നെ ജലക്ഷാമുണ്ടാകുമെന്നാണ് കണക്കുകള്‍. ഈ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്തുവന്നിട്ടും – ജലവിതരണം – ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്ന വികലനയങ്ങളാണ് ദേശീയ ഗവണ്മെന്റ് തുടരുന്നത്.
കേരളത്തില്‍ സുരക്ഷിതമായ ജലവിതരണം നടത്തിവരുന്നത് പൊതുമേഖലാ സ്ഥാപനമായ കേരള വാട്ടര്‍ അതോറിറ്റിയാണ്. നഗരജനസംഖ്യയുടെ 76 ശതമാനത്തിനും ഗ്രാമീണ ജനതയുടെ 60 ശതമാനത്തിനും ജല അതോറിറ്റി കുടിവെള്ളം എത്തിക്കുന്നുണ്ട്.
കേരളത്തില്‍ 400 കോടി രൂപയുടെ ഗ്രാമീണ പദ്ധതികള്‍ ലോകബാങ്കിന്റെ വായ്പ നിബന്ധനയുടെ അടിസ്ഥാനത്തില്‍ കെ ആര്‍ ഡബ്ല്യു എസ് എ ജലനിധി മുഖാന്തിരം നടപ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ എട്ടു കൊല്ലം കൊണ്ട് നാലു ജില്ലകളിലെങ്കിലും അത് പൂര്‍ണമായി പൂര്‍ത്തിയാക്കുവാന്‍ ഇതുവരെ ഈ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.
പദ്ധതി നിര്‍മാണം പൂര്‍ത്തിയായാല്‍ ഗുണഭോക്തൃസമിതിക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഭീമമായ ചിലവ് വരുന്ന അറ്റകുറ്റപണികളും പരിപാലനവും ആ പ്രദേശത്തെ ജനങ്ങളുടെ ചുമലില്‍ ഏല്‍പ്പിച്ച് ഉത്തരവാദപ്പെട്ടവര്‍ ജലവിതരണ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ദേശീയ ജല നയത്തിന്റെ, ലോകബാങ്കിന്റെ ഉപദേശപ്രകാരമുള്ള തന്ത്രമാണ് നാമറിയാതെ നടപ്പാക്കുന്നത്. ഭാവിയില്‍ കേരളത്തിലെ എല്ലാ ഗ്രാമീണ-നഗര ജലവിതരണവും ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ സ്വന്തം ചെലവില്‍ മാത്രമായി മാറുമെന്ന് നാം ഭയപ്പെടണം. നിലവിലെ നിരവധി ജലനിധി പദ്ധതികളിലെയും ജലക്കരം കെ ഡബ്ല്യു എ ജലക്കരത്തിന്റെ പല മടങ്ങ് ആകുന്നുണ്ട്.
ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് സാമ്പത്തികശേഷിയുടേയോ, സാങ്കേതിക പരിചയത്തിന്റേയോ അഭാവത്തില്‍ എത്രനാള്‍ ജലവിതരണ പദ്ധതികള്‍ നടത്തിക്കൊണ്ടു പോവാന്‍ കഴിയും? ജലവിതരണത്തിലെ ശൂന്യത മുന്നില്‍ കണ്ടുകൊണ്ട് കഴുകന്‍ കണ്ണുകളുമായി സ്വകാര്യ ഏജന്‍സികള്‍ വേരുറപ്പിച്ചിട്ടുണ്ടെന്ന വസ്തുത നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഭൂമിയില്‍ ആവശ്യത്തിനു ജലമില്ലാത്തതല്ല, നമ്മുടെ പ്രശ്‌നം; ജലത്തിന്റെ യുക്തിസഹമായ വിതരണരീതിയും, ഉപയോഗരീതിയും വളര്‍ത്തിക്കൊണ്ടുവരണം. ഏതുതരത്തിലുള്ള നിയന്ത്രണമായാലും, മുഖ്യമായി പരിഗണിക്കപ്പെടേണ്ടത്, കുറഞ്ഞ വിലയില്‍ കൂടുതല്‍ ജലം ജനങ്ങള്‍ക്ക് എത്തിക്കുകയെന്നതാണ്. ജലം ലാഭമുണ്ടാക്കാനുള്ള ഉത്പന്നമാണ് എന്ന ധാരണ തിരുത്തപ്പെടണം. അതിനായി താഴെ പറയുന്ന പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കണം.
ജലം ഭൂമിയുടെയും എല്ലാ ജീവജാലങ്ങളുടെയും പൊതുസ്വത്താകുന്നു. അതുകൊണ്ട് ജലത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം തെറ്റാണ്.
കുടിവെള്ളം മനുഷ്യന്റെ മൗലികാവകാശമാണ്. അതുകൊണ്ട് ജലത്തിന്റെ ഉടമസ്ഥാവകാശം സാമൂഹികമായിരിക്കണം.
ജലസ്രോതസ്സുകളുടെ സംരക്ഷണം ഈ ഭൂമിയിലെ ഏതൊരു സര്‍ക്കാരിന്റെയും ജനങ്ങളുടെയും കര്‍ത്തവ്യമായി കരുതണം.
ജലനയത്തില്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ക്കും നിര്‍ണായക സ്വാതന്ത്ര്യം വേണം.
കുടിവെള്ള വിതരണത്തിന്റെ ചുമതല പൊതുമേഖല വ്യവസ്ഥിതിയില്‍തന്നെ നിക്ഷിപ്തമാക്കുകയും പൊതുജനസേവനമായി അതിനെ കണക്കാക്കുകയും വേണം.
ഏതൊരു രാജ്യവും/നാടും അതിന്റെ ജലവിഭവത്തെക്കുറിച്ച് പഠനം നടത്തുകയും ജലവിഭവത്തിന്റെ പരിമിതിയറിഞ്ഞ് ജീവിക്കുകയും ചെയ്യണം.
ജലവിഭവ മാനേജ്‌മെന്റിന് സമഗ്രമായ നയം രൂപീകരിക്കുകയും ശക്തമായ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക.
രാജ്യത്തെ വെള്ളത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ലോകവ്യാപാര സംഘടനയുടെ വാണിജ്യനയങ്ങള്‍ക്ക് അധീനമാക്കരുത് എന്നിവയാണ് പ്രാഥമികമായ കാര്യങ്ങള്‍.
ശുദ്ധജല വിതരണ സംരക്ഷണം എന്നതിന്റെ വിവക്ഷ-എല്ലാ വിഭാഗം ജനത്തിനും ഒരുപോലെ ലഭ്യമാവുന്ന തരത്തില്‍ ജലവിതരണം നടത്തുന്നതിനായിരിക്കണം. ഈ തരത്തില്‍ ഇത് ലഭ്യമാവണമെന്നുണ്ടെങ്കില്‍ പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ലാഭേച്ഛകൂടാതെ സേവന താല്‍പര്യത്തോടെ നടത്തപ്പെടുന്ന പൊതുമേഖലയായിരിക്കണം ഈ ശുദ്ധജല വിതരണം നടത്തേണ്ടത്. സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ എല്ലാ വിധത്തിലുള്ള പുരോഗതിയെയും തടസ്സപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ശുദ്ധജലം ഉപയോഗിക്കുന്ന ജനങ്ങളും കാര്‍ഷികാവശ്യമുള്‍പ്പെടെയുള്ള മേഖലകളും വെള്ളം വന്‍വില കൊടുത്ത് ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യം നാടിന്റെ എല്ലാ തരത്തിലുമുള്ള പുരോഗതിയെയും തടസ്സപ്പെടുത്തും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: