ജനയുഗം വാര്‍ത്തകള്‍

ഫ്രാന്‍സിലെ തിരഞ്ഞെടുപ്പുഫലം: ജനകീയ പ്രതികരണത്തിന്റെ ആമുഖമെഴുത്ത്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 24, 2010

ഫ്രാന്‍സിലെ തിരഞ്ഞെടുപ്പുഫലം: ജനകീയ പ്രതികരണത്തിന്റെ ആമുഖമെഴുത്ത്

ഇടതു സഖ്യത്തിന്റെ മുന്നേറ്റം ഫ്രാന്‍സില്‍ സാധ്യമായതിലൂടെ ഒരിക്കല്‍കൂടി ലോകത്തിനു ലഭിക്കുന്ന സന്ദേശം മുതലാളിത്തത്തിനും സാമ്രാജ്യത്വ വാസനകള്‍ക്കുമെതിരായി ലോകത്തെങ്ങും ജനവികാരം ശക്തിപ്പെടുന്നുവെന്നാണ്. ഫ്രാന്‍സില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി നേതൃത്വം നല്‍കുന്ന യു എം പിയെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ നിലം പരിശാവുകയായിരുന്നു.
സര്‍ക്കോസിക്കെതിരായി രൂപപ്പെട്ട സോഷ്യലിസ്റ്റ് സഖ്യം 54 ശതമാനം വോട്ടുനേടിയപ്പോള്‍ സര്‍ക്കോസിയുടെ യു എം പിയ്ക്ക് 36 ശതമാനം വോട്ടുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. രാജ്യത്തെ 23 പ്രവിശ്യകളില്‍ 22 ലും സോഷ്യലിസ്റ്റ് സഖ്യത്തിന് ഭരണ മേധാവിത്വം ലഭിച്ചുവെന്നതുതന്നെ ജനങ്ങളുടെ ആഭിമുഖ്യം വ്യക്തമാക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും സോഷ്യലിസവും കാലഹരണപ്പെട്ടുവെന്ന പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി തിരിച്ചടി ലഭിക്കുന്നതിന്റെ ഒടുവിലത്തെ അനുഭവമാണ് ഫ്രാന്‍സിലെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലം.
ആഗോള സാമ്പത്തിക തകര്‍ച്ച മുതലാളിത്തത്തിന്റെ അനിവാര്യമായ പതനം വിളിച്ചറിയിച്ചു. സോഷ്യലിസത്തെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാമ്രാജ്യത്വ സാമ്പത്തിക വിശാരദന്മാര്‍പോലും നിര്‍ബന്ധിതമായി. കാറല്‍മാര്‍ക്‌സിന്റെ മൂലധനം തേടിപിടിച്ച് വായിക്കുവാന്‍ വലതുപക്ഷ സാമ്പത്തിക പ്രചാരകര്‍ പോലും മുന്നിട്ടിറങ്ങി. സാമ്പത്തിക മാന്ദ്യം വിതച്ച വിനാശങ്ങളും അതിനെ അതിജീവിക്കുന്നതില്‍ സര്‍ക്കോസി ഭരണകൂടത്തിനുണ്ടായ പരാജയവും ഫ്രാന്‍സിലെ പ്രാദേശിക ഭരണകൂട തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. വലതുപക്ഷ സാമ്പത്തിക നയങ്ങള്‍ വിതയ്ക്കുന്ന വിപത്തും അതിനു കൂട്ടുനില്‍ക്കുന്ന സര്‍ക്കാരും എന്ന ധാരണ നിക്കോളാസ് സര്‍ക്കോസിയുടെ നേതൃത്വത്തിലുള്ള മുന്നണിക്കെതിരായി പ്രതികരിക്കുവാനും സോഷ്യലിസ്റ്റ് ചേരിക്കനുകൂലമായി വോട്ടവകാശം രേഖപ്പെടുത്താനും ജനങ്ങളെ പ്രേരിപ്പിച്ചു.
തൊഴിലുണ്ടായിരുന്നവര്‍ക്ക് പൊടുന്നനെയുണ്ടായ തൊഴില്‍ നഷ്ടപ്പെടലും സ്വകാര്യ മുതലാളിമാരുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ചയുമൊക്കെ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളായിരുന്നു. തൊഴിലില്ലായ്മ, വൃദ്ധജനക്ഷേമം തുടങ്ങിയ വിഷയങ്ങളോടുള്ള സര്‍ക്കാരിന്റെ പുറം തിരിഞ്ഞ സമീപനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായി. അതിന്റെയെല്ലാം പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെ മുന്നേറ്റവും മുതലാളിത്ത നയങ്ങള്‍ക്ക് ഏറ്റ കടുത്ത തിരിച്ചടിയും.
വലതുപക്ഷ സാമ്പത്തിക നയത്തില്‍ അടിയുറച്ചു നിന്നതിന്റെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ഫ്രാന്‍സില്‍ രേഖപ്പെടുത്തപ്പെട്ടു. തൊഴിലുണ്ടായിരുന്നവരുടെ തൊഴില്‍ നിഷേധവും ശക്തിപ്പെട്ടു. ഇതിനെല്ലാമെതിരായി വമ്പിച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍ ഫ്രാന്‍സില്‍ നിരന്തരം ഉയര്‍ന്നുവന്നു. ജനങ്ങള്‍ക്കിടയില്‍ അനുദിനം വളര്‍ന്നുവന്ന പ്രതിഷേധം പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിട്ടുവെന്നു മാത്രമല്ല, ജനവിധിയെ നിര്‍ണായകമായി സ്വാധീനിക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ സോഷ്യലിസ്റ്റ് സഖ്യം അമ്പതുശതമാനത്തിലേറെ വോട്ടുനേടുകയും ഭരണാധിപന്റെ നേതൃത്വത്തിലുള്ള മുന്നണി നാലിലൊന്നു വോട്ടുമാത്രം നേടുകയും ചെയ്തപ്പോള്‍ തന്നെ ജനവികാരം എത്രമേല്‍ ശക്തമാണെന്ന് തെളിയിക്കപ്പെട്ടു.
കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ജനങ്ങളുടെ പിന്തുണയോടെ ചൈനയിലും ക്യൂബയിലും വിയറ്റ്‌നാമിലും അനവരതം തുടരുന്നുണ്ട്. വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നേറ്റം സാധ്യമാവുന്നതിന്റെ അനുഭവങ്ങള്‍ ലോകത്താകെയുള്ള സമത്വ ചിന്ത ഉയര്‍ത്തി പിടിക്കുന്നവരെ ആവേശം കൊള്ളിക്കുന്നു. ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ മുന്നേറ്റം ശക്തിപ്പെടുന്നത്, മുതലാളിത്തത്തിന്റെ ധാര്‍ഷ്ട്യത്തിനും അന്ധതയ്ക്കുമേല്‍ക്കുന്ന കനത്ത പ്രഹരമാണ്.
മുതലാളിത്തം മാത്രമാണ് ഏക രക്ഷാമാര്‍ഗം എന്നു പ്രചരിപ്പിച്ചവര്‍ക്ക് ആഗോള സാമ്പത്തിക തകര്‍ച്ച കനത്ത പ്രഹരം നല്‍കി. മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതികരണം, ഫ്രാന്‍സടക്കമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നതോടെ മുതലാളിത്ത സാമ്പത്തിക നയത്തിന്റെ വക്താക്കളും പ്രയോക്താക്കളും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഫ്രാന്‍സിലെ തിരഞ്ഞെടുപ്പ് പലം വരാനിരിക്കുന്ന ജനകീയ പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും ആമുഖമെഴുത്താണ് എന്നതാണ് വാസ്തവം.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: