ജനയുഗം വാര്‍ത്തകള്‍

അമച്വര്‍ നാടകങ്ങള്‍ക്ക് മരണമണി – ഡോ. എല്‍ തോമസ്‌കുട്ടി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 25, 2010

തൊണ്ണൂറുകളിലാണ് കുണ്ടറയില്‍ DPIFC എന്നൊരു സാംസ്‌കാരിക സന്നദ്ധസംഘടന പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവരുടെ മഹിളാദിനാഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 8 ന് മുക്കട ജംഗ്ഷനില്‍ നടന്ന ‘കളി’ എന്ന നാടകത്തില്‍ 35 ഓളം സ്ത്രീകള്‍ മാത്രമായിരുന്നു അഭിനേതാക്കള്‍. മരണാനന്തര വിചാരണ അവതരിപ്പിക്കുന്ന ഈ നാടകം കേരളത്തിലെ നാടകചരിത്രത്തില്‍ എന്തുകൊണ്ടും രേഖപ്പെടുത്തേണ്ട ഒന്നാണ്. ഫെമിനിസം ഒരു സൈദ്ധാന്തിക ചര്‍ച്ചപോലുമായിട്ടില്ലാത്ത സമയത്ത് മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ 35 ഓളം സ്ത്രീകള്‍ അവതരിപ്പിച്ച ഈ നാടകത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയി. തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ തുറന്ന വേദിയില്‍ ദൈവത്തിന്റെയും ലൂസിഫറിന്റേയും വിചാരണവേദിയില്‍ പുരുഷകേന്ദ്രീതമായ ന്യായവ്യവഹാരങ്ങളെ അവര്‍ ചോദ്യം ചെയ്തു. ഞാനെഴുതി സാജോ പനയംകോട് സംവിധാനം ചെയ്ത നാടകമായിരുന്നു അത്. DPIFC യുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം അരങ്ങേറിയ, ഞാനെഴുതി സാജോ പനയംകോട് സംവിധാനം ചെയ്ത് മുപ്പതോളം അംഗങ്ങള്‍ അവതരിപ്പിച്ച ‘മുക്കുവനും ഭൂതവും’ എന്ന നാടകമാണ് കേരളത്തിലെ ആദ്യത്തെ കടലോര നാടകം. കൊല്ലം കടപ്പുറത്തുനിന്നും ആലപ്പുഴ കടപ്പുറംവരെ ആഴ്ചകളോളം നടന്നു നീങ്ങിയായിരുന്നു അതിന്റെ അവതരണം. കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ അണുപ്രസരണത്തിനെതിരെ, മുക്കുവനു കിട്ടിയ ഭൂതത്തിന്റെ മിത്തിനെ അവലംബമാക്കി കടലില്‍ നിന്നും തുടങ്ങുന്ന ആ നാടകം കടപ്പുറത്തു മാത്രമേ കളിക്കാനാവുമായിരുന്നുള്ളു.
നാടകസംഘങ്ങള്‍ക്ക് കാപ്പികുടിക്കാന്‍ പോലും കാശില്ലാതിരുന്നതും ജസ്റ്റിനും വിത്സനും സ്വകാര്യമായി എടുത്ത ലോട്ടറി ടിക്കറ്റിന് നൂറു രൂപാ സമ്മാനം കിട്ടിയതും അതുകൊണ്ടു മാത്രം മുന്നോട്ടു നാടകം കളിക്കാന്‍ കഴിഞ്ഞതുമൊക്കെ ഈ നാടകത്തിന്റെ പിന്നണിദുരിതം സാജോയുടെ ക്രൈം നാടകം ശക്തിഭദ്രന്റെ അംഗലീയാങ്കം, പി ബാലചന്ദ്രന്റെ മായാസീതാങ്കം തുടങ്ങിയ നാടകങ്ങളും ഞാന്‍ സംവിധാനം ചെയ്തു.
DPIFC, ലാല്‍ കോയിപ്പറമ്പന്റെ ഉത്സാഹത്താല്‍ മധുമാഷിനെ കൊണ്ടുവന്നതും സാഗര എന്ന ഔദ്യോഗികമായി ഒരു നാടകസംഘം രൂപീകരിച്ചതും ‘പുറപ്പാട്’ എന്നൊരു നാടകം അരങ്ങേറിയതും സി ബാബുവന്റെ ലഘു നാടകങ്ങള്‍ അവതരിപ്പിച്ചതും പില്‍ക്കാലചരിത്രം.
ഓച്ചന്തുരുത്ത് രാജശേഖരന്റെ പാമ്പു നാടകം, ടി എന്‍ പ്രകാശിന്റെ ദ്രോണര്‍, മോഹന്റെ നായ്‌ക്കോലം, ഓംചേരിയുടെ തേവരുടെ ആന, പി എം ആന്റണിയുടെ സ്പാര്‍ട്ടക്കസ്, പി ബാലചന്ദ്രന്റെ കല്യാണസൗഗന്ധികം, ജി ശങ്കരപ്പിള്ളയുടെ പാവക്കൂത്ത്, കാവാലത്തിന്റെ അഗ്നിവര്‍ണന്റെ കാലുകള്‍ തുടങ്ങിയ നാടകങ്ങളും അക്കാലത്ത് ഏറെ അവതരിപ്പിച്ചിരുന്നു. ചന്തുമ്മാവന്റെ ചെരുപ്പ് കുറച്ച് തോര്‍ത്തുകള്‍ മാത്രം ഉപയോഗിച്ച് മനോഹരമായ രംഗശില്‍പങ്ങള്‍ ഒരുക്കി. 
തൊണ്ണൂറുകളില്‍ തിരുവനന്തപുരത്ത് കെ എം ശ്രീനാഥിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ‘ദ്വീപ്’, ശരീരാഭിനയത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയ നാടകമാണ്. അലന്‍സിയര്‍ലെ, നിസ്സാര്‍ എന്നീ നടന്മാരായിരുന്നു അരങ്ങില്‍. വെറും നിലത്ത് അഭിനയത്തിന്റെ ഊര്‍ജവിന്യാസം മാത്രം കൈമുതലാക്കി ഈ രണ്ടുപേര്‍ അഭിനയിച്ചൊരുക്കിയ ആന്റിഗണിയും തടവുകാരുമൊന്നും അത്രവേഗം മറക്കാനാവാത്തതാണ്. ഏറെ കളിച്ചിരുന്ന ഒരു നാടകമായ സുലൈമാന്‍ കക്കോടി എഴുതിയ തീന്‍മുറിയിലെ ദുരന്തവും ഏറെക്കുറെ ഇതേ മട്ടിലുള്ളതായിരുന്നു. ശ്രീ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുണ്ടായ കളിക്കൂട്ടത്തിന്റെ നാടകാവതരണങ്ങളും ‘പത്രവാര്‍ത്ത’കള്‍ മനുഷ്യരൂപം പൂണ്ട് അരങ്ങിലാടുന്നതും ഉറിയടിയും ഈഡിപ്പസും ജോബിനും രഘൂത്തമനുമൊക്കെ ബുദ്ധനായി അഭിനയിക്കുന്ന (ബാല്യകൗമാരങ്ങള്‍) ‘പൂര്‍ണകുംഭവു’ മെല്ലാം ശ്രദ്ധേയമായിരുന്നു. ഒരേവേദിയില്‍ രണ്ടു നടന്മാര്‍ ഒരേ കഥാപാത്രമായി എത്തുന്നതിന് ലെവലുകളുടെ വ്യത്യാസം മാത്രം മതിയെന്ന് സംവിധായകനവിടെ തീര്‍ച്ചപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഇ എം എസ് നാടകം പിരപ്പന്‍കോട് മുരളിയുടെ നേതൃത്വത്തില്‍ കേരളമാകെ കളിച്ചപ്പോള്‍ അവരുടെ കച്ചവട നാടകസംഘം ഇതേ സങ്കേതം ഉപയോഗപ്പെടുത്തിയെന്നതും സ്മര്‍ത്തവ്യമാണ്. സനലിനെ നായകനാക്കി, സതീര്‍ഥ്യന്‍ എന്ന നരേന്ദ്രപ്രസാദിന്റെ ജനാര്‍ദനന്‍ നാടകം അരങ്ങേറിയപ്പോഴും സംവിധായക മികവിന്റെ പരിചരണം വേദ്യമായിരുന്നു. 2010 ലെ കലോത്സവങ്ങളില്‍ പോലും വിഷയീഭവിക്കുന്ന കുറിയേടത്തു താത്രിക്കുട്ടിയെയും അവളെ വേട്ടയാടുന്ന മുഖംമൂടികളെയും അതിചാരുതയോടെ ആ നാടകം അരങ്ങിലെത്തിച്ചു.
ജി എ ലാലിന്റെയും റെജിയുടെയും മറ്റും ശ്രമഫലമായി സി ജെയുടെ നാടകങ്ങള്‍ പലതും വി ജെ ടി ഹാളില്‍ ഇക്കാലത്ത് അരങ്ങേറി. ‘ഈ ഭൂമിക്കെന്തോ സംഭവിക്കുന്നു’ എന്ന പേരില്‍ IMPROUSE ചെയ്ത ഒരു പാരിസ്ഥിതിക നാടകവും യൂണിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ഭാസുരേന്ദ്രബാബു എഴുതി വി ജെ ഫിലിപ്പ് അഭിനയിച്ച ‘കള്ളന്റെ കഥ’യും പരാമര്‍ശമര്‍ഹിക്കുന്നു. മുടിത്തെയ്യം, പാപത്തറ മുതലായവയുടെ രംഗശില്‍പമൊരുക്കി ശ്രീലതയും സുധീറും ശ്രീജയുമൊക്കെ പുതുശബ്ദം അന്വേഷിക്കുന്നതും ഇക്കാലത്താണ്. ശ്രീനാഥ് തന്നെ എഴുതി സംവിധാനം ചെയ്ത ‘ചെരുപ്പുകുത്തി’ ക്കഥയുടെ ആദ്യ നാടകത്തിന്റെ യഥാര്‍ഥാഖ്യാനത്തില്‍ നിന്നും വേറിട്ട ഒരു വേദീരൂപത്തിലേക്കാണ് ഈ ഘട്ടത്തില്‍ അവരെത്തിയത്.
‘പുലിജന്മം’ എന്ന എന്‍ പ്രഭാകരന്റെ നാടകമായിരുന്നു അക്കാലത്ത് വടക്കന്‍ കേരളത്തില്‍ ഏറെ ശ്രദ്ധേയമായത്. പിന്നീട് എന്‍ ശശിധരന്റെ കേളുവിലേയും കരിവള്ളൂര്‍ മുരളിയുടെ കുരുതിക്കളത്തിലേയ്ക്കും അത് വളര്‍ന്നു. 
രണ്ടായിരത്തിപ്പത്തോടെ നാടകസംഘങ്ങളുടെയും പ്രവര്‍ത്തനരീതികളുടെയും ഗതിയും ഘടനയുമൊക്കെ മാറുന്നുണ്ട്. ഗോപന്‍ ചിദംബരം, ജയപ്രകാശ് കുളൂര്‍, സതീഷ് കെ സതീഷ്, എം യു പ്രവീണ്‍, ജെയിംസ് പോള്‍, പി എ എം ഹനീഷ്, എ ശാന്തകുമാര്‍, റഫീക്ക് മംഗലശ്ശേരി,  പ്രദീപ് മുണ്ടൂര്‍ തുടങ്ങി അലക്‌സ് വള്ളിക്കുന്നംവരെയുള്ള ഒട്ടേറെ പുതിയ എഴുത്തുകാര്‍ നാടകരംഗത്ത് സജീവമാകുന്നുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ പഴയകാല അമച്വര്‍ നാടകസംസ്‌കാരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതും കാണാനാവും.
കേരളത്തിലെ അമച്വര്‍ നാടകങ്ങള്‍ ഏറ്റവും സജീവമായിരുന്ന എണ്‍പത് തൊണ്ണൂറുകളുടെ സ്വഭാവം വ്യക്തമാക്കാന്‍ വേണ്ടിയാണ് മുകളിലെ ഓര്‍മകള്‍ പങ്കുവച്ചത്. ഇവയില്‍ ഏറെയും ഇടതാഭിമുഖ്യമുള്ളതും ഏതാനും കിലോമീറ്ററിനുള്ളില്‍ സ്വതന്ത്രവും സജീവവുമായിരുന്നതും മിക്കതും ഇന്ന് ഏറെക്കുറെ നിര്‍ജീവമായതുമായ സംഘങ്ങളാണ്. അന്നത്തെ നാടക പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആഭിമുഖ്യം അറിയാനാണ് ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഇക്കഥകളിവിടെ കുറിച്ചിട്ടത്. കേരളത്തിലെ അമച്വര്‍ നാടകങ്ങളുടെ ബൃഹത് സംരംഭങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടെന്നതിനാലാണ് അവയെ ഇവിടെ ഉപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തെ അമച്വര്‍ നാടക സംഭവങ്ങളെക്കുറിച്ച് പറയാത്തത് വിസ്താരഭയമോര്‍ത്തും, നാടകചര്‍ച്ചയുടെ സമഗ്രതയ്ക്ക് അവയെല്ലാം ആവശ്യമാണെന്ന് അറിയുമ്പോള്‍ തന്നെ, നാം മറന്നുപോയ, ഉപേക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന യൗവന നാടകങ്ങളുടെ രേഖാചിത്രം അടയാളപ്പെടുത്താനായി എന്നു കരുതുന്നു.
ഇന്ന് കേരളം മാറി, ജനങ്ങളുടെ കൂട്ടായ്മയുടെ അര്‍ഥവും കാമനയും മാറി, സംഘജീവിതമില്ലാത്ത നാട്ടില്‍ നാടകം അസാധ്യമായി. തെരുവു നാടകങ്ങളും മത്സരയിനമായി. അത് അധികാരത്തിന്റെ വാലാട്ടിയായി പ്രത്യയശാസ്ത്ര/ദര്‍ശനിക പിന്തുണയില്ലാതെ കേരളത്തിലെ കലാ/ബൗദ്ധിക സമൂഹം പ്രതിസന്ധിയിലായി. കാപട്യം, സ്വാര്‍ഥത എന്നിവ മുഖമുദ്രയായി. അവിടെ ഏറെ വേദനിപ്പിക്കുന്നത് സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യമാണ്. വിലക്കപ്പെടുന്നത് നാടകമാണ്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: