ജനയുഗം വാര്‍ത്തകള്‍

നക്‌സല്‍ ബാരിയിലെ ഇടിമുഴക്കം – ആലങ്കോട് ലീലാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 26, 2010

നക്‌സല്‍ ബാരിയിലെ ഇടിമുഴക്കം

ആലങ്കോട് ലീലാകൃഷ്ണന്‍

തൂക്കുമരങ്ങളെ ഭയപ്പെടാതെ പുതിയ വിപ്ലവ ചരിത്രം കുറിക്കാനിറങ്ങിപുറപ്പെട്ട പോരാളി ഒടുവില്‍ തൂക്കു കയറില്‍ സ്വയം ജീവിതമവസാനിപ്പിക്കുമ്പോള്‍ ചരിത്രം പിന്നെയും ഒരു കോമാളി നാടകമായിത്തീരുന്നു.
ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിലെ വസന്തത്തിന്റെ ഇടിമുഴക്കമാണ് അവസാനിച്ചത്.
കനുസന്യാല്‍ എന്ന പേര് ഒരു കാലത്ത് കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍പോലും പരിചിതമായിരുന്നു. ഇന്ത്യന്‍ യുവത്വം ഏറ്റവുമൊടുവില്‍ സ്വന്തം ജീവ രക്തത്തില്‍ മുക്കി ചുവന്നകൊടി പിടിച്ചത് നക്‌സല്‍ ബാരി പ്രസ്ഥാനത്തിലാണ്.
കനുസന്യാലും ചാരുമജുംദാറും ചേര്‍ന്ന് ചെങ്കോട്ടയ്ക്കു മുകളില്‍ ചെങ്കൊടിയുയര്‍ത്തും എന്നു വിശ്വസിച്ച ഒരു കാലം എന്നെപ്പോലുള്ളവരുടെ ജീവിതത്തിലും ഉണ്ടായിരുന്നു. തോക്കിന്‍ കുഴലിലൂടെ ഇന്ത്യയില്‍ വിപ്ലവം വരും എന്ന് കുറെയേറെ ക്ഷുഭിത യൗവനങ്ങള്‍ അന്ന് സ്വപ്നം കണ്ടു.
ഞങ്ങളുടെയൊക്കെ ബാല്യ കൗമാരകാലങ്ങളിലായിരുന്നു നക്‌സല്‍ ബാരി പ്രസ്ഥാനം ഉദിച്ചസ്തമിച്ചത്. നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ രണ്ടാംഘട്ടമായ ജനകീയ സാംസ്‌കാരിക വേദിയുടെ കാലത്താണ് എന്റെ കോളജ് വിദ്യാഭ്യാസം.
കോളജില്‍ അന്ന് നക്‌സലൈറ്റ് സാഹിത്യം പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനുമായി രഹസ്യമായി ഒരു ‘കോമ്രേഡ്’ വന്നിരുന്നു. അയാളില്‍ നിന്നാണ് ആദ്യമായി ഞാന്‍ ‘കനുദാ’ എന്ന പേരുകേട്ടത്.
പന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ കഥാകൃത്ത് പി സുരേന്ദ്രന്‍ നക്‌സലൈറ്റ് അനുഭാവിയായി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചില രഹസ്യയോഗങ്ങളിലൊക്കെ ഞാനും പങ്കാളിയായിരുന്നു.
‘കനുദാ’ അന്നൊക്കെ ഒരു തീക്കനലായിരുന്നു. ബൊളീവിയന്‍ കാടുകളില്‍ പോരാടി മരിച്ച ‘ചെ’ യെപോലെ അവസാനത്തെ ഭൂപ്രദേശത്തെയും വിപ്ലവത്തിലേക്കു മോചിപ്പിക്കാന്‍ ‘കനുദാ’ യോ ചാരുമജുംദാറോ ജംഗസന്താളോള്‍വരും എന്ന് എഴുപതുകളില്‍ കേരളത്തിലെ വലിയൊരു ശതമാനം യുവാക്കള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഒപ്പു കടലാസിലെന്ന പോലെ നട്ടെല്ലുള്ള പ്രത്യയശാസ്ത്രം ജനഹൃദയങ്ങളില്‍ പരക്കും എന്നും പുരോഗമന കാല്‍പനികത അതിന്റെ ഇച്ഛ പ്രഖ്യാപിച്ചിരുന്നു. വസന്തത്തിന്റെ ഇടിമുഴക്കം ഇന്ത്യന്‍ ചക്രവാളങ്ങളില്‍ വളരെ അടുത്തെത്തിക്കഴിഞ്ഞു എന്ന തോന്നലുണ്ടായിരുന്നു.
കേവലം പരിഹാസ്യമായ കോമാളി നാടകങ്ങളായി അക്കാലത്തെ സായുധ വിപ്ലവ സ്വപ്നം അവസാനിച്ചുവെങ്കിലും ആ ഹ്രസ്വകാലം മുന്നോട്ടുവെച്ച മൂല്യബോധം കളങ്കമറ്റതും ആത്മാര്‍ഥവുമായിരുന്നു. അന്ന് നമ്മുടെ കലയിലും സാഹിത്യത്തിലും സാമൂഹിക മാറ്റത്തിന്റെ ഉപകരണമായി വര്‍ത്തിക്കേണ്ട ഒരു മനുഷ്യേച്ഛ പ്രവര്‍ത്തിച്ചിരുന്നു. കവിത വ്യക്തിക്ക് കവി പ്രശസ്തി നേടികൊടുക്കാനുള്ളതല്ല, ഒരു ജനതയ്ക്ക് ജീവിതം നേടിക്കൊടുക്കാനുള്ളതാണ് എന്ന നൈതികത നിലനിന്നിരുന്നു.
ഒരുപാടു ചെറുപ്പക്കാര്‍ ജയിലില്‍ പോയി. ചിലര്‍ ലോക്കപ്പുമര്‍ദ്ദനങ്ങളില്‍ മരിച്ചു. തിരുനെല്ലിക്കാടുകളില്‍ ചൂഴ്‌ന്നെറിയപ്പെട്ടു എന്നു വിശ്വസിക്കപ്പെട്ട ഒരു കണ്ണ് ഇരുട്ടിലും ജ്വലിച്ചു നിന്നു. വര്‍ഗീസും രാജനുമൊക്കെ വിപ്ലവത്തെ അംഗീകരിക്കാത്തവരുടെ മനസിലും കിടന്നു നീറി.
നവ ഇടതുപക്ഷത്തിന്റെ ആ കനല്‍കാറ്റു വീശിയത് നക്‌സല്‍ ബാരിയില്‍ നിന്നാണ്. നക്‌സല്‍ ബാരിയിലെ കര്‍ഷകരെ സംഘടിപ്പിച്ച് കനുദാ സംഘടിപ്പിച്ച കലാപമാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തെ  ദേശീയ ചലനമായി മാറ്റിയത്. 1969 ല്‍ ‘സായുധ സമരത്തിലൂടെ ഇന്ത്യന്‍ വിപ്ലവം’ ചാരുമജുംദാറും കനുസന്യാലും ജംഗള്‍ സന്താളും ചേര്‍ന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ നക്‌സലൈറ്റു പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ നേതാവായിരുന്നു സന്യാല്‍.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (സി പി ഐ) നിന്നുതന്നെയായിരുന്നു. സന്യാലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി കാണിച്ച കേസില്‍ ജയിലില്‍പോയ കാലത്താണ് അദ്ദേഹം ചാരുമജുംദാറുമായി പരിചയപ്പെടാനിട വരുന്നതും തീവ്ര വിപ്ലവ പാത സ്വീകരിക്കുന്നതും. അതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു സന്യാല്‍. നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് സന്യാല്‍ അക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചു.
നക്‌സല്‍ബാരി കലാപെത്തത്തുടര്‍ന്ന് ജയിലില്‍പോയ കനുസന്യാല്‍ 1977 ല്‍ ജയില്‍ വിമോചിതനായപ്പോഴേയ്ക്കും ഉന്മൂലന സിദ്ധാന്തത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്നു. ആയുധങ്ങള്‍ക്ക് മനുഷ്യനിലേയ്ക്കുള്ള യഥാര്‍ഥ വിപ്ലവമാര്‍ഗം തുറക്കാനാവില്ലെന്ന് പിന്നീട് വിലയിരുത്തിയ കനുസന്യാല്‍ 1985 ല്‍ കമ്മ്യൂണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ്) രൂപീകരിച്ചത് വിപ്ലവത്തിന്റെ സ്വന്തം മിതമാര്‍ഗങ്ങള്‍ തേടിക്കൊണ്ടായിരുന്നു. അപ്പോഴേയ്ക്കും ഇന്ത്യയിലെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ പലവിധത്തില്‍ പിളരുകയും ചിതറുകയും ചെയ്തിരുന്നു. വിവിധ നക്‌സലൈറ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും അതും വിജയം കണ്ടില്ല. അപ്പോഴേയ്ക്കും വിപ്ലവത്തിന്റെ സായുധ പാതയെ അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു.
അവസാന കാലത്ത് എല്ലാ അര്‍ഥത്തിലും ഈ യഥാര്‍ഥ പോരാളി ഒറ്റപ്പെട്ടു.
പി സുരേന്ദ്രന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരിക്കല്‍ സിംഗൂരിനടുത്തുള്ള ഗ്രാമത്തില്‍ ചെന്ന് കനുസന്യാലിനെ കണ്ട കഥ പറഞ്ഞതോര്‍ക്കുന്നു.
മണ്ണുകൊണ്ടുണ്ടാക്കിയ ഒരൊറ്റ മുറികുടിലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നിലത്തെ വെറും മണ്ണിലിരുന്ന് കനുസന്യാലുമായി സംസാരിച്ച മണിക്കൂറുകള്‍ ജീവിതത്തിലൊരിക്കലും മറക്കാനാവാത്തതാണെന്ന് ആ സുഹൃത്ത് പറഞ്ഞു.
നിഷ്‌കളങ്കരായ ഗ്രാമീണര്‍ എന്നും കനുദായോടൊപ്പമുണ്ടായിരുന്നു. അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കുചേര്‍ന്ന് നിത്യനിസ്വനായാണ് കനുസന്യാല്‍ അവസാനകാലത്ത് ജീവിച്ചത്.
ബംഗാളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വാതില്‍ എപ്പോഴും കനുസന്യാലിന്റെ മുന്നില്‍ തുറന്നു കിടന്നിരുന്നു. ജ്യോതി ബസുവിന് അദ്ദേഹത്തോട് വലിയ ആദരവും സ്‌നേഹവുമുണ്ടായിരുന്നു. പലതവണ ബസു കനുസന്യാലിനെ സി പി എമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
പക്ഷേ ബൂര്‍ഷ്വാ അധികാരത്തില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള വിപ്ലവരാഷ്ട്രീയത്തില്‍ കനുസന്യാലിന് താല്‍പര്യമുണ്ടായിരുന്നില്ല.
ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് അവശനായ ഘട്ടത്തില്‍ ബംഗാള്‍ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ചികിത്സയുടെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു.
പക്ഷേ സ്‌നേഹപൂര്‍വം അത് നിരസിക്കുകയാണ് കനുസന്യാല്‍ ചെയ്തത്. തന്റെ ജനതയ്ക്ക് ലഭ്യമല്ലാത്ത യാതൊരു സൗകര്യവും തനിക്കാവശ്യമില്ലെന്ന് കനുസന്യാല്‍ ശഠിച്ചു.
നക്‌സല്‍ബാരിയിലെ ബുദ്ധനായിരുന്നു കനുസന്യാല്‍.
എല്ലാ നേട്ടങ്ങളും പരിത്യജിച്ച ഒരാള്‍. ഹിംസയ്ക്കും സ്‌നേഹത്തിനുമിടയില്‍ മനുഷ്യ വിമോചനത്തിന്റെ യഥാര്‍ഥ വിപ്ലവ പാത തേടിപ്പോയ മഹാപരിത്യാഗി.
അത് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജനതയെയും രക്ഷിച്ചുവോ? വിമോചനത്തിന്റെ ശരിയായ രാഷ്ട്രീയ ദിശ അതായിരുന്നുവോ?
ഉത്തരമാണ് ഒരു പ്രഹേളികപോലെ ഇന്ന് വടക്കന്‍ ബംഗാളിലെ ഗ്രാമത്തില്‍ ഒരു ചെറ്റക്കുടിലില്‍ സ്വയം തൂക്കിലേറ്റിയിരിക്കുന്നത്.
വിപ്ലവ ചരിത്രം വിജയികളുടെ മാത്രം കഥയല്ല. എത്രയെത്രയോ രക്തസാക്ഷികളുടെ, പരാജിതരുടെ, തിരസ്‌കൃതരുടെ, ഒറ്റപ്പെട്ടവരുടെ കണ്ണീരും ചോരയും എഴുതിയ മനുഷ്യേതിഹാസമാണ്.
പോരാളികളെ ഇല്ലാതാക്കാന്‍ കാലത്തിന് സാധിച്ചേക്കും. പക്ഷേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയില്ല.
സ്വയം അവസാനിപ്പിച്ച ആ ജീവിതം, വളരെ വളരെ ദൂരെ നില്‍ക്കുന്ന, ഒന്നു കണ്ടിട്ടു പോലുമില്ലാത്ത എന്നെപോലുള്ളവര്‍ക്കുപോലും എന്തൊക്കെയോ ആയിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ഓരോ പോരാളിയും വീഴുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം. കുറ്റബോധം.നമ്മളൊക്കെ കൂടുതല്‍ കൂടുതല്‍ ഒറ്റയ്ക്കായിപ്പോവുന്നതുപോലെ.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: