ജനയുഗം വാര്‍ത്തകള്‍

ആള്‍ദൈവ സംസ്‌കാരവും പ്രേമാനന്ദിന്റെ പോരാട്ടവും-കുരീപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 28, 2010

ആള്‍ദൈവ സംസ്‌കാരവും പ്രേമാനന്ദിന്റെ പോരാട്ടവും

കുരീപ്പുഴ ശ്രീകുമാര്‍

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സായിബാബയുടെ ചെറുസര്‍പ്പ ചിന്തകള്‍ കേരളത്തില്‍ പത്തിയെടുത്തു തുടങ്ങിയത്. മറ്റു ദൈവങ്ങളെയെല്ലാം പ്രാര്‍ഥിച്ചു മടുത്തിരുന്ന കുറെ ആളുകളെങ്കിലും സായിമാര്‍ഗത്തിലേക്ക് മണികൊട്ടിയിറങ്ങി.

ചില ചില്ലറ മാജിക്കുകളോടെയാണ് സായിമാര്‍ഗം ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. സായിബാബയുടെ പടത്തിന്റെ ചോട്ടില്‍ വയ്ക്കുന്ന പാത്രത്തിലെ, തേയില വെള്ളത്തില്‍ കിടക്കുന്ന പത്തിരി ഇരട്ടിക്കുകയായിരുന്നു അതിലൊരു കണ്‍കെട്ടുവിദ്യ. ഒരുതരം നോട്ടിരട്ടിക്കലിന്റെ ക്രിമിനല്‍ തന്ത്രമാണ് ഈ പത്തിരിയിരട്ടിപ്പിലും അടങ്ങിയിരുന്നത്.
അതിനെക്കാള്‍ വിസ്മയം സായിബാബയുടെ ചിത്രത്തില്‍ നിന്ന് വിഭൂതി വര്‍ഷിക്കുകയായിരുന്നു. സായിബാബ, തന്നെ കാണാനെത്തുന്നവര്‍ക്കെല്ലാം അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുത്തുകൊടുത്ത് അനുഗ്രഹിക്കുക എന്ന മാജിക് കാട്ടിയിരുന്നു. സായിബാബയ്ക്ക് നേരിട്ടെത്താന്‍ കഴിയാത്ത സ്ഥലത്ത് ചിത്രം വച്ചാല്‍ കയ്യും കാലുമൊന്നും ചലിക്കാതെ തന്നെ ചിത്രത്തില്‍ നിന്ന് ഭസ്മം വീഴുമായിരുന്നു. ഇതുകണ്ട് അത്ഭുത പരതന്ത്രരായ ഭക്തജനങ്ങള്‍ മുടിപ്പുറ്റു വളര്‍ത്തിയ ആ തന്ത്രശാലിയുടെ ചിത്രത്തിനു മുന്നില്‍ സാഷ്ടാംഗം വീഴുകയും രക്ഷിക്കണേയെന്ന് ആര്‍ത്തു വിളിക്കുകയും ചെയ്തു.
അക്കാലത്ത് ഈ വിശേഷം കേട്ടവരെല്ലാം അത്ഭുതം കാണാന്‍ ഓടിക്കൂടുമായിരുന്നു. അമൃതാനന്ദമയിയുടെ കെട്ടിപ്പിടി തന്ത്രം വികസിച്ചിട്ടില്ലായിരുന്ന അക്കാലത്ത് സായി തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍മാര്‍ക്കറ്റുണ്ടായി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് ഒരു വീട്ടിലും ഈ ഭസ്മാത്ഭുതമുണ്ടായി. കേട്ടവര്‍ കേട്ടവര്‍ ഓടിച്ചെന്ന് കണ്ണു രണ്ടും തള്ളി ഭക്തന്മാരായി. ദിവ്യാത്ഭുതത്തിന്റെ വശ്യതയില്‍ പുതിയ അന്ധവിശ്വാസത്തിന്റെ കരിങ്കുടകള്‍ നിവര്‍ന്നു.
അവിടെയുള്ള കുറച്ചു ചെറുപ്പക്കാര്‍ ഇതിന്റെ സത്യമെന്തെന്ന് അറിയാനും അത് ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു. അവര്‍, കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ നിന്നും ഒരാളെ കൊട്ടാരക്കരയിലെത്തിച്ചു. ബി പ്രേമാനന്ദ്. ഒരു ദിവ്യാത്ഭുതമെങ്കിലും കണ്ടിട്ടുമരിക്കണമെന്ന അഭിലാഷം പരസ്യമായി പ്രഖ്യാപിച്ച സത്യാന്വേഷകനായിരുന്നു ബി പ്രേമാനന്ദ്.
കൊട്ടാരക്കരയ്ക്കടുത്ത് മൈലം ജംഗ്ഷനില്‍ ജനമധ്യത്തു തന്നെ വേദിയൊരുങ്ങി. സായിബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മമുതിരുന്നതുകണ്ട് വിസ്മയപ്പെട്ട് കൈകൂപ്പിയ ജനങ്ങളാണ് ചുറ്റുമുള്ളത്. പ്രേമാനന്ദ്, അദ്ദേഹത്തിന്റെ ഒരു ചിത്രവും രാജീവ് ഗാന്ധിയുടെ ചിത്രവും ഒരു പട്ടിയുടെ ചിത്രവും ജനമധ്യത്തില്‍ സ്ഥാപിക്കുന്നു. സര്‍വജനങ്ങളെയും വിസ്മയ സ്തബ്ധരാക്കിക്കൊണ്ട് ചിത്രങ്ങളില്‍ നിന്നും ഭസ്മ ധൂളികള്‍ ഉതിരാന്‍ തുടങ്ങി.
അവകാശവാദങ്ങളൊന്നുമില്ലാത്ത പ്രേമാനന്ദിന്റെ ചിത്രത്തെയോ ഭസ്മമണിഞ്ഞ പട്ടിയുടെ ചിത്രത്തെയോ രാജീവ് ഗാന്ധിയുടെ ചിത്രത്തെയോ ആരും തൊഴുതില്ല. പ്രേമാനന്ദ് ജനങ്ങളോട് കാര്യം പറഞ്ഞു. ചിത്രങ്ങളിലെ അലുമിനിയം ഫ്രെയിമില്‍ മെര്‍ക്കുറി ക്ലോറൈഡ് പുരട്ടുക. അത് അലുമിനിയം ഓക്‌സൈഡ് ആയി മാറുകയും ധൂളികളായി ഉതിരുകയും ചെയ്യുന്നു. ഈ ലഘു ശാസ്ത്ര വിദ്യയാണ് ആളുകളെ പറ്റിക്കാനായി സായി വിദഗ്ധന്മാര്‍ ആസൂത്രണം ചെയ്തിരുന്നത്.
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുത്തുകൊടുക്കുന്ന മാജിക്കും അന്ന് പ്രേമാനന്ദ് കാട്ടുകയും കഞ്ഞിവെള്ളത്തില്‍ ഭസ്മം ചാലിച്ചുണക്കി വിരലുകള്‍ക്കിടയില്‍ ഒളിച്ചുവയ്ക്കുന്ന കണ്‍കെട്ടു വിദ്യ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതുകണ്ടു വിസ്മയപ്പെട്ട ആര്‍ സി ബോസ് എന്ന യുവാവ് പില്‍ക്കാലത്ത് മജീഷ്യന്‍ എന്ന് ഖ്യാതി നേടുകയും ചെയ്തു.
കൈവെള്ളയില്‍ തൊട്ടാല്‍ മധുരിപ്പിക്കുന്ന സിദ്ധന്മാര്‍, കൈ വെള്ളയില്‍ സ്വീപിക്‌സ് ഗുളിക പൊടിച്ചിട്ടിരിക്കുന്ന വിദ്യയും അദ്ദേഹം തുറന്നുകാട്ടി. ആള്‍ ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് പ്രേമാനന്ദ് സ്വന്തം ജീവിതം വിനിയോഗിച്ചത്.
കോഴിക്കോട്ടെ തിക്കോടിയില്‍ ജനിച്ച ബാസവ പ്രഭു പ്രേമാനന്ദും സഹോദരന്‍ ദയാനന്ദും സമരോത്സുക യുക്തിവാദത്തിന്റെ പ്രചാരകനായിരുന്ന ഡോ. എ ടി കോവൂരിന്റെ ശിഷ്യന്മാരായിരുന്നു. ഡോ. എ ടി കോവൂരിന്റെ പാത പിന്തുടര്‍ന്ന് ഇവരും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഏറ്റെടുത്തു. കോയമ്പത്തൂരിലെ പ്രമുഖ യുക്തിവാദിയായിരുന്ന ജി ഡി നായിഡുവിന്റെ ചിന്തകളില്‍ ആകൃഷ്ടനായ പ്രേമാനന്ദ്, ലോക സമൂഹത്തെ അബദ്ധധാരണകളില്‍ നിന്നും വിമോചിപ്പിക്കാനായി അറുപതോളം രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. യൗവനാരംഭത്തില്‍ സന്ന്യാസത്തോട് താല്‍പര്യം തോന്നിയ പ്രേമാനന്ദ് സ്വന്തം ഗുരുനടത്തുന്ന ആത്മീയ ദിവ്യാത്ഭുത തട്ടിപ്പുകള്‍ മനസ്സിലാക്കിയതോടെയാണ്, ഇതിനെതിരെ ജീവിതം തിരിച്ചുവിടണമെന്നു തീരുമാനിച്ചത്.
ശാസ്ത്രാന്വേഷണ പരീക്ഷണങ്ങള്‍ക്കും ദിവ്യാത്ഭുത അനാവരണങ്ങള്‍ക്കും വലിയ വിലയാണ് പ്രേമാനന്ദിന് നല്‍കേണ്ടിവന്നത്. തോക്കു സൂക്ഷിക്കുന്ന സായിബാബയോടാണ് പ്രേമാനന്ദ് ശാസ്ത്ര വൈദഗ്ധ്യവുമായി ഏറ്റുമുട്ടിയത്. അദ്ദേഹം പോത്തന്നൂരെ ശാസ്ത്ര സത്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം ഏതെങ്കിലും തരത്തിലുള്ള ദിവ്യശക്തി തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നതാണ്. മകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വലിയ വില തന്റെ സത്യാന്വേഷണ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രേമാനന്ദിനു നല്‍കേണ്ടിവന്നു.
സായിബാബയുടെ കണ്‍കെട്ടു വിദ്യകള്‍ അനാവരണം ചെയ്തുകൊണ്ട് പ്രേമാനന്ദ് പുറത്തിറക്കിയ വീഡിയോ സി ഡി വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ശാസ്ത്ര പ്രചാരണത്തില്‍ പ്രേമാനന്ദിനുള്ള ആത്മാര്‍ഥതയും അതിപ്രയത്‌നവും മനസ്സിലാക്കിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെല്ലോഷിപ്പിനും പ്രേമാനന്ദ് അര്‍ഹനായി.
പോത്തന്നൂരെ ശാസ്ത്രപഠന കേന്ദ്രത്തിലെ ഏറ്റവും വലിയ കൗതുകം പത്തടി നീളവും അഞ്ചടി വീതിയുമുള്ള നൂറു കണക്കിനു പെയിന്റിംഗുകളാണ്. ലോക ശാസ്ത്ര പ്രതിഭകളുടെ വിലപ്പെട്ട കണ്ടെത്തലുകള്‍ ഈ ചിത്രങ്ങളില്‍ വര്‍ണപ്പെടുത്തിയിരിക്കുന്നു.
ജീവിതം ശാസ്ത്രത്തിനുവേണ്ടിയുള്ള പ്രതിരോധ സമരമാക്കിയ ബി പ്രേമാനന്ദ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം മൃതശരീരം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊടുത്തു.
ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശാസ്ത്ര പ്രചാരണം ഭരണഘടനാ തത്വങ്ങള്‍ക്കു വിധേയവുമാണ്. അവിടെയാണ് എല്ലാ മതത്തിലും പെട്ട ദൈവവേഷം കെട്ടിയ മജീഷ്യന്മാര്‍ അഴിഞ്ഞാടുന്നത്. അസംഖ്യം പ്രേമാനന്ദുമാരെ ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: