ജനയുഗം വാര്‍ത്തകള്‍

വിദ്യാഭ്യാസ അവകാശ നിയമവും കേരളത്തിന്റെ സമീപനവും – എന്‍ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 28, 2010

വിദ്യാഭ്യാസ അവകാശ നിയമവും കേരളത്തിന്റെ സമീപനവും

എന്‍ ശ്രീകുമാര്‍

കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വിദ്യാഭ്യാസ അവകാശനിയമം, ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ചുവടുവെയ്പാണെന്ന് ഉദ്‌ഘോഷിക്കപ്പെട്ട നിയമസംഹിതയാണ്. എന്നാല്‍ ഈ നിയമം രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതും ദൂരവ്യാപകമായി അപകടകരമായ സാഹചര്യം ഈ മേഖലയില്‍ സൃഷ്ടിക്കാന്‍പോന്നതുമായ നിയമനിര്‍മ്മാണമാണെന്ന കടുത്ത വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുള്ളതാണ്. ഈ നിയമത്തെ ഈരണ്ടുതലത്തിലും പരിശോധിച്ചുകൊണ്ടുവേണം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനേക്കുറിച്ച് പരിശോധിക്കേണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന്‍ കേരളത്തിന് സാധ്യവുമല്ല. അതുകൊണ്ട് ഇത് നടപ്പിലാക്കിയേ കഴിയൂ. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ നിയമം സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കേണ്ടതിന്റെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍  രൂപീകരിക്കാന്‍ സംസ്ഥാനപൊതു വിദ്യാഭ്യാസസെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചട്ടങ്ങള്‍ നിര്‍മ്മിക്കുക, അക്കാദമിക്, ഭൗതിക സാഹചര്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമാവുമ്പോള്‍ സംഭവിക്കേണ്ട മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുക, ഈ നിയമത്തില്‍ പരാമര്‍ശിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് സമിതിയെക്കുറിച്ച് പഠിച്ച് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കുക, ഈ നിയമം നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക ബാദ്ധ്യത നിര്‍ണ്ണയിക്കുക, ഈ നിയമം സൃഷ്ടിച്ചേക്കാവുന്ന ഭവിഷ്യത്തുകളില്‍ നിന്ന് നമ്മുടെ പൊതു വിദ്യാഭ്യാസത്തെ രക്ഷിക്കുന്നതിനുള്ള കരുതലുകള്‍ എന്തൊക്കെയാവാമെന്ന് കണ്ടെത്തുക, തുടങ്ങി 6 മേഖലകളിലായി വിശദമായ പരിശോധനയാണ് നിയുക്തസമിതി നടത്തിയത്. സംസ്ഥാത്തെ എല്ലാ അധ്യാപക സംഘടനകളുടേയും അഭിപ്രായങ്ങള്‍ കൂടി മാനിച്ചുകൊണ്ടാണ് സമിതി അന്തിമകരട് നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചത്.
സൗജന്യവും സാര്‍വ്വത്രികവും എന്നാല്‍ നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം 6 നും 14നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നതാണ് നിയമത്തിന്റെ കാതല്‍. മതേതരവീക്ഷണവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിനായി രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും അവരുടെ വീടിന് സമീപം സ്‌കൂള്‍ ഉണ്ടാവണം.  ഇതിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നിയമത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സ്‌കൂളില്‍ ചേരുന്നതിന് കുട്ടികളില്‍നിന്ന് ഫീസോ തലവരിപ്പണമോ വാങ്ങാന്‍ പാടില്ല. വിവേചനരഹിതമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ഈ നിയമം വിഭാവന ചെയ്യുന്നത്.
എന്നാല്‍ കേരളംപോലെ ഒരു സംസ്ഥാനം ഈ നിയമം ഉറപ്പാക്കുന്നലക്ഷ്യം നേരത്തേ കൈവരിച്ചുകഴിഞ്ഞതാണ്്. കുട്ടിയുടെ സ്വന്തം വീടിന് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പ്രൈമറിസ്‌കൂളും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു അപ്പര്‍ പ്രൈമറി സ്‌കൂളും അയല്‍പക്കവിദ്യാലയങ്ങളായി ഇവിടെയുണ്ട്. ഈ സാഹചര്യത്തില്‍ നിയമത്തിന്റെ നാലാം അധ്യായത്തില്‍ 12(2) ല്‍ പറയുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സാമ്പത്തികസഹായം കേരളത്തില്‍ പ്രസക്തമല്ലാതാകുന്നു. പ്രാദേശിക പരിഗണനയില്‍ ഇത്തരം സ്ഥാപനങ്ങള്‍ ചേര്‍ക്കുന്ന 25% കുട്ടികള്‍ക്കുള്ള സാമ്പത്തിക വിഹിതം സര്‍ക്കാര്‍ അവര്‍ക്ക് നല്കിക്കൊള്ളണമെന്ന നിയമത്തിലെ കറുത്ത വ്യവസ്ഥയെയാണ് നാം അപ്രസക്തമാക്കുന്നത്. നമ്മുടെ പൊതു വിദ്യാലയങ്ങള്‍ക്ക് ഭീഷണിയായിതീര്‍ന്നേക്കാവുന്ന ഈ കച്ചവടക്കണ്ണുള്ള നിര്‍ദ്ദേശത്തെ  നമ്മുടെ സാമൂഹിക സാഹചര്യത്തിന്റെ പിന്‍ബലത്താല്‍ അകറ്റി നിര്‍ത്താന്‍ സാധ്യമാകുംവിധമാണ് കേരളം ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. ആഗോളവല്കരണനയങ്ങളുടെ ഭാഗമായി പൊതുമേഖലയില്‍ നിന്ന് ഭരണകൂടങ്ങള്‍ കയ്യൊഴിയുന്നതിന്റെ വലിയ സൂചനയാണ് ഈ ചെറിയ പരാമര്‍ശത്തിലൂടെ കേന്ദ്രനിയമം നിര്‍വ്വഹിച്ചിട്ടുള്ളത് എന്നത് നമ്മെ ഞെട്ടിപ്പിക്കും.
കേന്ദ്ര വിദ്യാഭ്യാസ നിയമത്തെക്കുറിച്ച് നിലനിന്ന മറ്റൊരു കടുത്ത ആക്ഷേപം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിക്കും നല്കിയിട്ടുള്ള അമിത അധികാരമാണ്.
നാട്ടിലെ സ്‌കൂളുകള്‍ പ്രാദേശികഭരണകൂടങ്ങള്‍ വേണമെങ്കില്‍ നടത്തിക്കൊള്ളണമെന്നാണ് നിയമം ഭംഗ്യന്തരേണ നല്‍കുന്ന സൂചന. അയല്‍പക്കവിദ്യാലയങ്ങള്‍ സ്ഥാപിക്കുക, പാഠ്യപദ്ധതി നിശ്ചയിക്കുക, അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരേയും നിശ്ചയിക്കുക, വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക തുടങ്ങിയ ചുമതലകളെല്ലാം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിയമം നിക്ഷിപ്തമാക്കിയിരിക്കുകയാണ്. എന്നാല്‍, സംസ്ഥാനതലത്തില്‍ രൂപീകരിച്ചിട്ടുള്ള പ്രായോഗിക സമീപനനിര്‍ദ്ദേശങ്ങളില്‍ ഇതിന്റെ ഭവിഷ്യത്ത് വിതയ്ക്കുന്ന വ്യവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും സഹായവും കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് അനിവാര്യമാണെന്ന തിരിച്ചറിവും നമ്മുടെ നിര്‍ദ്ദേശങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
പുതിയ സ്‌കൂളുകളുടെ ആവശ്യകത സ്‌കൂള്‍ മാപ്പിംഗിലൂടെ കണ്ടെത്തി ജില്ലാകളക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പ്രാദേശികഭരണകൂടം എന്നിവരുടെ പ്രതിനിധികളടങ്ങുന്ന സമിതിയ്ക്കാണ് തീരുമാനമെടുക്കാന്‍ പുതിയനിര്‍ദ്ദേശത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. അനധികൃത സ്‌കൂളുകളുടെ കടന്നുവരവിന് തടയിടാന്‍ ഇതുമൂലം സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
നിയമം കേരളത്തില്‍ പ്രാവര്‍ത്തികമാവുമ്പോള്‍ വളരെ സുപ്രധാനമായ ചില ഭേദഗതികള്‍ നമ്മുടെ നിലവിലുള്ള വ്യവസ്ഥകളില്‍ സംഭവിച്ചേ മതിയാകൂ. കേന്ദ്രനിയമത്തിന് അനുസരണമായി നമ്മുടെ സ്‌കൂള്‍ ഘടനയ്ക്ക് മാറ്റം വരുത്താന്‍വേണ്ടി അതിനാല്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നുമുതല്‍ ഏഴുവരെക്ലാസുകളാണ് നമ്മുടെ പ്രൈമറി തലത്തില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ എട്ടുവരെ ക്ലാസുകള്‍ പ്രൈമറി വിഭാഗത്തിലുണ്ട്. അതിനാല്‍ കേന്ദ്രത്തിലുള്ള ഘടനപോലെതന്നെ ലോവര്‍ പ്രൈമറി ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളും അപ്പര്‍പ്രൈമറി ആറുമുതല്‍ എട്ടുവരെ ക്ലാസുകളുമാക്കി മാറ്റാന്‍ കേരളവും സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഇത് ചില താല്ക്കാലിക പ്രയാസങ്ങള്‍ നമുക്ക് ഉണ്ടാക്കാമെങ്കിലും പരിഹരിക്കാന്‍ സാധിക്കുന്നതേയുള്ളൂ.  മാത്രമല്ല,  എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളും മേല്‍സൂചിപ്പിച്ച ഘടനയില്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഭാവിയിലും ഈ നടപടി നമുക്ക് ഗുണകരമായി തീരുകയേ ഉള്ളൂ. നിലവിലുള്ള ലോവര്‍ പ്രൈമറി ക്ലാസ്സിനോടൊപ്പം അഞ്ചാം ക്ലാസ്സ് കൂടി ഉള്‍പ്പെടുത്തുന്നതും ഹൈസ്‌കൂള്‍ തലത്തില്‍ നിന്ന് എട്ടാം ക്ലാസ്  പറിച്ചുമാറ്റുന്നതുമാണ് നാം നേരിടാന്‍ പോകുന്ന താല്ക്കാലിക പ്രതിസന്ധി. എന്നാല്‍, കേന്ദ്രനിയമത്തിനനുസരണമായി സംസ്ഥാനങ്ങള്‍ നിലവിലുള്ള ഘടനയോ വ്യവസ്ഥകളോ പുനര്‍നിര്‍ണ്ണയിക്കുന്ന പക്ഷം അധികമായി വേണ്ടിവരുന്ന സാമ്പത്തിക ചെലവിന്റെ 75% തുക കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ബാക്കി 25% തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതായി വന്നേക്കാമെങ്കിലും നമ്മുടെ സംസ്ഥാനത്തെ എല്‍.പി. സ്‌കുളുകളില്‍ പുതിയകെട്ടിടം നിര്‍മ്മിക്കാനും, അധികഅധ്യാപകരെ നിയമിക്കുന്നതിനും ഈ സാമ്പത്തിക വിഹിതം സഹായകമാകും. സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ ഈ നടപടി മുന്നോട്ടു നീക്കണമെന്നും സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്. ഇത് കൂടാതെ, എട്ടാംക്ലാസ് നഷ്ടപ്പെടുമ്പോള്‍ ഹൈസ്‌കൂളുകളില്‍ അധികമായി വരുന്ന അധ്യാപകരുടെ സംരക്ഷണവും മേല്‍ സൂചിപ്പിച്ച പ്രകാരമുള്ള സാമ്പത്തികസഹായത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കും. എട്ടാംക്ലാസ്  അധ്യാപകരുടെ യോഗ്യത സംബന്ധിച്ച സൂക്ഷ്മമായ കാര്യങ്ങള്‍ സമിതി പരിഗണിച്ചിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ണ്ണയിക്കുന്ന യോഗ്യതാ മാനദണ്ഡമായിരിക്കണം രാജ്യത്തെമ്പാടുമുള്ള സ്‌കൂള്‍ അധ്യാപകര്‍ക്കുണ്ടാകേണ്ടത്. നിലവിലുള്ള കേന്ദ്ര നിയമമനുസരിച്ച് ഡിഗ്രിയും ട്രെയിനിങ്ങുമായിരിക്കും എട്ടാംക്ലാസ്  അധ്യാപകരുടെ അടിസ്ഥാന യോഗ്യത.
ആറിനും പതിനാലിനും മധ്യേപ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ നിയമമനുസരിച്ച് ഒന്നാംക്ലാസിലെ പ്രവേശനത്തിന് കുട്ടി ആറു വയസ്സ് പൂര്‍ത്തീകരിച്ചിരിക്കണം. എന്നാല്‍ കേരളം പോലെയുള്ള സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കുന്നുണ്ട്. മനഃശാസ്ത്രപരമായും പുതിയബോധനരീതി പരിഗണിച്ചാലും ആറുവയസ്സിലെ സ്‌കൂള്‍ പ്രവേശനത്തിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്. കുട്ടിയുടെ ബോധമണ്ഡലം കുറച്ചുകൂടി വളര്‍ന്നശേഷമുള്ള സ്‌കൂളിംഗാണ് നല്ലത്. പക്ഷേ, ഇത് നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ അംഗീകരിപ്പിക്കാന്‍ പ്രയാസകരമായ തീരുമാനമാണ്. അതുകൊണ്ടുതന്നെ – ആറാംക്ലാസ്സ് സ്‌കൂള്‍ പ്രവേശനം നിര്‍ബന്ധമാക്കുമ്പോള്‍ തന്നെ അതിന് ഒരു വര്‍ഷത്തെ ഇളവ് അനുവദിക്കുവാന്‍ നിര്‍ദ്ദേശം ശുപാര്‍ശചെയ്യുന്നുണ്ട്. അഥവാ, അഞ്ചുവയസ്സിലെ സ്‌കൂള്‍ പ്രവേശനം ആറാം വയസ്സിലേക്ക് മാറ്റുമ്പോള്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളേയും സമിതി മുന്‍കൂട്ടി കണ്ടിട്ടുണ്ട്. ഇതുമൂലം കുട്ടികളുടെ പ്രവേശന തോതില്‍ കുറവുവന്നാല്‍, നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാനും നേരത്തേ സൂചിപ്പിച്ച സാമ്പത്തിക സാധ്യതകളിലൂടെ സാധിക്കുന്നതേയുള്ളൂ.
അധ്യാപക വിദ്യാര്‍ഥി അനുപാതം കേന്ദ്രനിയമത്തിനനുസരണമായി കുറയ്ക്കാന്‍ കേരളത്തിലും നിര്‍ദ്ദേശിച്ചിട്ടുള്ളത് എല്ലാ വിദ്യാഭ്യാസ സ്‌നേഹികളേയും സന്തോഷിപ്പിക്കും. കേന്ദ്രത്തില്‍, വിവിധ പ്രായപരിധിയിലുള്ള, വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ആകെ കണക്കാക്കിയാണ് അധ്യാപക നിയമനം നടത്തുന്നത്. കേന്ദ്രത്തില്‍ ഏതു ക്ലാസില്‍ പഠിക്കുന്നവരായാലും 30കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് തോത്. നമ്മെ സംബന്ധിച്ചിടത്തോളം ഓരോ ക്ലാസിലേയും കുട്ടികളെ മാത്രം പരിഗണിച്ചാണ് അധ്യാപക തസ്തികകള്‍ നിര്‍ണ്ണയിക്കുന്നത്. ഈ വ്യത്യാസം നിലനില്‍ക്കുമ്പോള്‍ത്തന്നെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തില്‍ സൂചിപ്പിക്കുന്ന 1 : 30  ലോവര്‍ പ്രൈമറിയിലും, 1 : 35 അപ്പര്‍ പ്രൈമറിയിലും നടപ്പിലാക്കുന്നതിന് നമുക്ക് ഒരു സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള കേരളത്തിലെ വ്യവസ്ഥയനുസരിച്ച് 1 : 45 ആണ് അനുപാതം. അത് പുനഃക്രമീകരിക്കുമ്പോള്‍ ലഭ്യമാവുന്ന അധികബാദ്ധ്യതയുടെ മുക്കാല്‍ പങ്കും കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നമ്മുടെ ഘടനയിലെ പുനര്‍വിന്യാസവും അധ്യാപകവിദ്യാര്‍ഥി അനുപാതത്തിലെ  പുനഃക്രമീകരണവും അധിക അധ്യാപക തസ്തികകള്‍സൃഷ്ടിക്കുന്നതിന് ഇടയാക്കും. തീര്‍ച്ചയായും സംരക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന നൂറുകണക്കിന് അധ്യാപകര്‍ക്ക് ഇത് നല്ല പ്രതീക്ഷയാണ് നല്കുന്നത്.
പൊതു വിദ്യാഭ്യാസ മേഖലയിലെ ചെറിയ ചലനങ്ങള്‍പോലും കേരളത്തിലെ പൊതുസമൂഹത്തിലും അധ്യാപകസമൂഹത്തിലും വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പരാമര്‍ശിച്ച നിര്‍ദ്ദേശങ്ങളെസംബന്ധിച്ചും സംശയങ്ങളും ആശങ്കകളും സ്വാഭാവികമാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍  പാസ്സാക്കിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്ന പരിഷ്‌കാരങ്ങളുടെ ബാധ്യതയില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അതിനാല്‍ പരിഷ്‌കാരങ്ങളെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ദേശീയഗവണ്മെന്റിന്റെ എല്ലാവിധ സഹായവും നമുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അധ്യാപകസംഘടനകള്‍ക്കും ഇത്തരുണത്തില്‍ വലിയ ഉത്തരവാദിത്തമാണ് നിര്‍വ്വഹിക്കാനുള്ളത്. ഒരു പക്ഷേ, വിമര്‍ശനവിധേയമായ ഒരു നിയമത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള മികവുകളും മേന്മകളും എങ്ങനെ നമുക്ക് ഉപയുക്തമാക്കാം എന്ന അന്വേഷണം കൂടിയാണ് ഈ നിയമത്തിന് കേരളം രൂപീകരിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങളിലടങ്ങുന്നത്.
പരിഷ്‌കാരങ്ങള്‍ തിരക്കിട്ടു നടപ്പാക്കാന്‍ നിര്‍ബന്ധിക്കാതെ ഘട്ടംഘട്ടമായി പ്രാവര്‍ത്തികമാക്കുവാനുള്ള അനുമതിയും നാം പ്രതീക്ഷിക്കുകയാണ്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: