ജനയുഗം വാര്‍ത്തകള്‍

ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു, കളിയല്ല, കാര്യം – സുകുമാര് അഴീക്കോട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 29, 2010

ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു, കളിയല്ല, കാര്യം

സുകുമാര് അഴീക്കോട്

ഞാന്‍ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന മൂന്നാമത്തെ ടെണ്ടുല്‍ക്കറാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് കളിയിലുള്ള താല്‍പര്യം കൊണ്ടാണ് എന്റെ സച്ചിന്‍ പ്രിയം വളര്‍ന്നുവന്നത്. അതിന് വളരെ മുമ്പ് എന്റെ ഗാന്ധിപഠനത്തിന്റെ ഫലമായിട്ടാണ് ഡി ജി ടെണ്ടുല്‍ക്കറെ അറിയുന്നത്. 1972 ല്‍ ചരമമടഞ്ഞ ഈ ഗാന്ധിയന്‍ ചരിത്രകാരന്‍ ‘മഹാത്മാ’ എന്ന എട്ടു ഭാഗങ്ങളുള്ള ഗാന്ധി ചരിത്രം പ്രസിദ്ധീകരിച്ച് ലോക പ്രഖ്യാതി നേടി. മികച്ച മറാത്തി നാടകകൃത്തായ വി ജെ ടെണ്ടുല്‍ക്കര്‍ ഞാന്‍ നാഷണല്‍ ബുക് ട്രസ്റ്റില്‍ ചെയര്‍മാനായിരുന്ന കാലത്ത് അതില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
പക്ഷേ ഈ മൂന്നാം ടെണ്ടുല്‍ക്കര്‍ ഇവരെയെല്ലാം കടത്തിവെട്ടി എന്റെ മനസ്സിലെ വളരെ ഉയര്‍ന്ന ഒരു ആസനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയില്‍ പലര്‍ക്കും ഒരു ടെണ്ടുല്‍ക്കറേയുള്ളൂ; സച്ചിന്‍ മാത്രം. ക്രിക്കറ്റ് കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്നേയുള്ളൂ. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ഇന്ന് ഇന്ത്യയിലോ ലോകത്തിലെ വേറെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലോ ഇല്ല.
ക്രിക്കറ്റ് കളിയില്‍ അദ്ദേഹം ആരോഹണം ചെയ്‌തെത്തിയ ഗിരിശിഖരങ്ങള്‍ രണ്ടും മൂന്നുമല്ല. ഹിമാലയം പോലെ അത് അനേക ശിഖരങ്ങളുള്ള ഒരു മാമലയായി ഇന്ന് വളര്‍ന്നിരിക്കുന്നു. ലോക റെക്കാര്‍ഡുകളുടെ പൂങ്കുലകള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ നിറഞ്ഞിട്ട് ഏറെയായി. ക്രിക്കറ്റ് കളി തുടങ്ങുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പ്രശസ്തിയില്‍ നിന്ന് തുടങ്ങുന്നു അദ്ദേഹത്തിന്റെ മികവുകള്‍. ഇപ്പോഴും പൂങ്കുലകള്‍ കഴുത്തില്‍ വീണുകൊണ്ടേയിരിക്കുന്നു.
പക്ഷേ ഞാന്‍ ടെണ്ടുല്‍ക്കറെ മറ്റൊരു മാനദണ്ഡം ഉപയോഗിച്ച് വിലയിരുത്തണമെന്ന് ഉദ്ദേശിക്കുന്നു. സ്വഭാവഗുണത്തിന്റെ മാനദണ്ഡം കൊണ്ടളന്നാല്‍ അദ്ദേഹം ക്രിക്കറ്റു കളിക്കാരുടെ ഇടയില്‍ ഒന്നാമനാകുമെന്നതിനെപ്പറ്റി സംശയമില്ല. എന്നാല്‍ ഇന്ത്യക്കാരുടെ ഇടയില്‍വച്ച് ഈ യുവാവിനെ പരീക്ഷിച്ചാലും ഇദ്ദേഹം വളരെ ഉയര്‍ന്ന സ്വഭാവമുള്ള ഒരു ഭാരതീയനാണെന്ന് കാണാം. ടെണ്ടുല്‍ക്കറുടെ ഈ മഹത്വത്തെപ്പറ്റി ആളുകള്‍ കൂടുതല്‍ അറിയേണ്ടതാണ്. അറിഞ്ഞുവരുമ്പോള്‍ ആ ചെറുപ്പക്കാരന്‍ വെറും കില്ലാഡിയല്ലെന്നും ബുദ്ധിയ്ക്ക് പരിപാകം വന്ന വലിയൊരു മനുഷ്യനാണെന്നും ദേശസ്‌നേഹികളില്‍ ഒന്നാംനിരക്കാരനാണെന്നും തെളിഞ്ഞുവരും.
കാണികളുടെ നോട്ടത്തില്‍ ആദ്യമൊക്കെ സച്ചിന്‍ സ്‌കോര്‍ നേടുന്നതില്‍ മിടുക്കനായ മുന്തിയ കളിക്കാരനാണെന്ന ധാരണയാണ് ഉണ്ടായിരുന്നത്. അന്ന് അദ്ദേഹത്തിന് നല്‍കപ്പെട്ട ഓമനപ്പേര്‍ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ എന്നാണ് – അടിച്ചു തകര്‍ക്കുന്നവന്‍. ഇന്നും ആ പേര്‍ നിലനില്‍ക്കുന്നു. അതിന് അദ്ദേഹം അര്‍ഹനല്ലെന്ന് പറയാന്‍ വയ്യ.
പക്ഷേ ഇന്ന് അദ്ദേഹം അതിനുമപ്പുറത്തെത്തിയ കളിക്കാരനാണ്. നേരത്തെ സച്ചിന്‍ തന്റെ കളിയിലൂടെ പഠിപ്പിച്ചത് ക്രിക്കറ്റ് കളിയായിരുന്നു. എല്ലാ ജൂനിയര്‍ കളിക്കാരും കളിയുടെ വിജയതന്ത്രങ്ങള്‍ സച്ചിന്റെ കളിയില്‍ നിന്ന് മനസ്സിലാക്കാന്‍ കണ്ണും നട്ട് ഇരിക്കുന്നവരായിരുന്നു. ഇന്നദ്ദേഹം പഠിപ്പിക്കുന്നത് കളിയല്ല, കാര്യമാണ്. കളിക്കോപ്പായ ബാറ്റിനെ വെല്ലുന്ന ഒരു കോപ്പ് സച്ചിന്റെ മനസ്സിലുണ്ട്. അതെനിക്ക് ആദ്യം വെളിപ്പെട്ടത് ‘ശതകം’ നേടികഴിഞ്ഞാല്‍ സച്ചിന്‍ പ്രകടിപ്പിക്കുന്ന മനോഭാവത്തിന്റെ ശരീരഭാഷയിലൂടെയാണ്. മറ്റ് കളിക്കാര്‍ ഓടിയും ചാടിയും കെട്ടിപ്പിടിച്ചും മറ്റും സ്വാഭാവികമായ രീതിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ സച്ചിന്‍ തന്റെ ബാറ്റുയര്‍ത്തി ആകാശത്തിലേയ്ക്ക് നോക്കി പ്രശാന്തമായ മുഖഭാവത്തോടെ മന്ദഹസിച്ചു നില്‍ക്കുന്ന ആ ചിത്രം ആര്‍ക്കും മറക്കാനാവില്ല.
സച്ചിന്‍ എന്നു പറയുമ്പോള്‍ എന്റെ മനസ്സില്‍ ഉയരുന്നത് ഈ അക്ഷോഭ്യതയുടെ ചിത്രമാണ്. സച്ചിന്റെ പിതാവ് കവിയാണെന്ന് കേട്ടിട്ടുണ്ട്. ബാറ്റുകൊണ്ട് കവിത സൃഷ്ടിക്കുന്ന ടെണ്ടുല്‍ക്കര്‍ ആ വിജയമുഹൂര്‍ത്തത്തിലെ ആ നില്‍പ്പില്‍ കവിയായി രൂപാന്തരപ്പെടുന്നു.
സച്ചിന്‍ മറ്റു കളിക്കാരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ പ്രശാന്ത ഭാവം സ്വന്തമാക്കാനാണെന്ന് ഞാന്‍ അഭ്യൂഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പാദചലനങ്ങളും ബാറ്റ് പിടിക്കുന്ന മട്ടും പന്തടിക്കുന്നതിന്റെ അഴകും അവര്‍ അനുകരിക്കാന്‍ മുതിരുന്നുണ്ടാവാം. ഈ പ്രശാന്തി അവര്‍ക്ക് കൈയെത്താവുന്ന ഉയരത്തിലല്ല. അത് ഉള്ളില്‍ നിന്ന് പുറത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ഭാവമഹിമയാണ്. അനുകര്‍ത്താക്കള്‍ക്ക് വിധിച്ച സിദ്ധിയല്ല അത്.
അദ്ദേഹത്തിന്റെ വാക്കുകളും കളിക്കളത്തിലെ പെരുമാറ്റവും എല്ലാം മാതൃകാപരമാണ്. പറയാന്‍ പാടില്ലാത്ത വാക്ക് പറഞ്ഞും മോശം പെരുമാറ്റം കാണിച്ചും എതിരാളികള്‍ക്കു മാത്രമല്ല, കാണികള്‍ക്കും റഫറിമാര്‍ക്കും ഇഷ്ടക്കേടുളവാക്കുന്ന ഒന്നും അബദ്ധത്തില്‍പോലും സച്ചിനില്‍ നിന്ന് പുറത്തുവരില്ല. വളരെ ആത്മസംയമനവും വികാരനിയന്ത്രണവും ഉള്ള ഒരാള്‍ക്കല്ലാതെ ഇങ്ങനെ എപ്പോഴും പെരുമാറാന്‍ ആവില്ല. കൂട്ടുകാരായ പലരും നാക്ക് പിഴച്ച് പിഴ ഒടുക്കേണ്ടിവരുമ്പോഴാണ് അചഞ്ചലമായ അന്തസ്സിന്റെ പ്രതിരൂപമായി ടെണ്ടുല്‍ക്കര്‍ വിലസുന്നത്.
മോശപ്പെട്ടവര്‍ എപ്പോഴും മോശമായി പെരുമാറും; ഇടത്തരക്കാര്‍ പ്രകോപിതരാകുമ്പോള്‍ മോശമായി പ്രതികരിക്കും. ഏറ്റവും മികച്ച കളിക്കാര്‍ സദാ അന്തസ്സുറ്റ പെരുമാറ്റം കാഴ്ചവയ്ക്കും.
പലപ്പോഴും സച്ചിന്റെ വാക്കുകള്‍ പത്രങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഒന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ മറക്കാന്‍ പാടില്ലാത്ത ഒരു വാക്യം അദ്ദേഹം ഇതിനിടെ പറഞ്ഞത് മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. അത് ഒരിക്കലും മാഞ്ഞുപോകാരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
അദ്ദേഹത്തിന് പത്മപുരസ്‌കാരം കിട്ടിയപ്പോള്‍ ആരോ അദ്ദേഹം ഭാരതരത്‌നം അര്‍ഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. സച്ചിന്റെ മറുപടി ‘ക്ലാസിക്’ ആണ്. സച്ചിന്‍ പറഞ്ഞു, ”ഭാരതരത്‌നം നല്ലത് തന്നെ, പക്ഷേ എന്റെ മനസ്സില്‍ ഇപ്പോള്‍ ക്രിക്കറ്റേ ഉള്ളൂ”. മനസ്സില്‍ പുരസ്‌കാര മോഹമുള്ളവര്‍ വളരെ അധ്വാനിച്ച് ശരിപ്പെടുത്തുന്നതാണ് രാഷ്ടപുരസ്‌കാരങ്ങള്‍ എന്ന് പറഞ്ഞുകേള്‍ക്കുന്നു. അവയ്ക്ക് അര്‍ഹരാകുന്ന ചിലരുടെ കഥകള്‍ കേട്ടാല്‍ നാം അന്തം വിട്ടുപോകും. രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഇത്ര താണ മനുഷ്യര്‍ക്ക് രാഷ്ട്രത്തിന്റെ പേരിലുള്ള മഹത്തായ ബഹുമതികള്‍ വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ചരടുവലികള്‍ നാടിനെ നാണം കെടുത്തുന്നു.
സച്ചിന്‍ മേലെ പ്രകടിപ്പിച്ച ചിന്ത എത്ര ഉദാത്തവും ശ്രേഷ്ഠവുമാണ്! അതിന്റെ മഹത്വത്തിന്റെ തെളിവ്, അതുപോലൊരു വാക്യം ഇന്നുവരെ ആരുടെ നാവില്‍നിന്നും പുറത്തുവന്നില്ല എന്നതു തന്നെ. സാധാരണ ഭാരതീയരുടെ സദാചാരബോധത്തില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയിലാണ് ടെണ്ടുല്‍ക്കര്‍. രാഷ്ട്രപുരസ്‌കാരങ്ങള്‍ കൊടുക്കുന്നത് കുറ്റവാളികള്‍ക്കും കിട്ടിക്കഴിഞ്ഞാല്‍ മുഴുപ്പേജ് പരസ്യം പത്രങ്ങളില്‍ കൊടുത്ത് തങ്ങളുടെ വലുപ്പം ലോകത്തെ അറിയിക്കുന്നവര്‍ക്കുമാണ്. ആ വാക്യം പറഞ്ഞതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌നത്തിനും അപ്പുറത്തെത്തി. ഇനി അത് അദ്ദേഹത്തിന് കിട്ടണമെന്നില്ല; കിട്ടണം എന്നുമില്ല!
ഇതിനുശേഷം സച്ചിന്‍ സ്വീകരിച്ച ഒരു തീരുമാനവും സച്ചിനെ സാധാരണ കളിക്കാരുടെ നിരയില്‍ നിന്ന് ഒരു ദേശീയ പുരുഷന്റെ നിലയില്‍ എത്തിച്ചിരിക്കുന്നു. ഇരുപത് – ഇരുപത് ക്രിക്കറ്റിന്റെ ലോകകപ്പ് അടുത്ത് നടക്കാന്‍ ഇരിക്കുകയാണല്ലോ. കളിക്കാനുള്ള ആരോഗ്യവും ശക്തിയും ഭാഗ്യവും എല്ലാം ഒത്തിണങ്ങിയ സച്ചിന്‍ ആ ടീമില്‍ ഉണ്ടാവേണ്ട വ്യക്തിയാണെന്നത് സര്‍വര്‍ക്കും സമ്മതമായിരിക്കും. പക്ഷേ എല്ലാവരെയും സച്ചിന്‍ പറ്റിച്ചുകളഞ്ഞു. അദ്ദേഹം പറഞ്ഞു; ”ഈ കളിയില്‍ ഞാന്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല”.
പേരും പെരുമയും പണവും എല്ലാം ഉറപ്പായിട്ടുള്ള ഒരു സുവര്‍ണാവസരമാണ് ടെണ്ടുല്‍ക്കര്‍ നിസ്സാരമെന്ന മട്ടില്‍ വേണ്ടെന്നുവച്ചത്. കളിക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ ത്യാഗം ചെയ്യുന്നവര്‍ എത്രയുണ്ടാകും. ‘തന്റെ സ്ഥാനത്ത് യുവാക്കള്‍ കളിക്കട്ടെ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളി നമുക്ക് വിടാം. നമ്മുടെ നാട്ടില്‍ രാഷ്ട്രീയരംഗത്തായാലും സിനിമയിലായാലും മുതിര്‍ന്നവര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാന്‍ കുത്‌സിതമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതും അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടുന്നതും എല്ലാം എത്രയോ തവണ കണ്ടവരാണ് നമ്മള്‍. ഇവിടെയാണ് നാം തികച്ചും അര്‍ഹനായ ഒരാള്‍ പുതിയ കളിക്കാര്‍ക്കുവേണ്ടി താന്‍ സ്ഥാനം ഒഴിയുന്നു എന്ന് പറഞ്ഞു മാറിനില്‍ക്കുന്നത് നേരിട്ട് കാണുന്നത്. ഇവിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥാനങ്ങള്‍ മുതിര്‍ന്നവരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സമരം തുടങ്ങിയിരിക്കുന്നു. യയാതിയെപ്പോലെ മകന്റെ യൗവനം അനുഭവിക്കരുതെന്ന് പഴയ നേതാക്കളെ അവര്‍ ഓര്‍മിപ്പിക്കുന്നു. വുദ്ധനേതാക്കളുടെ ഭാവം തങ്ങള്‍ക്ക് ആജീവനാന്ത അവകാശമായി കിട്ടിയതാണ് സ്ഥാനമാനങ്ങള്‍ എന്നാണ്. സുഖഭോഗങ്ങള്‍ അനുഭവിക്കുവാന്‍ ചെറുപ്പക്കാര്‍ക്കും അവകാശമുണ്ടെന്ന് മൂരാച്ചികള്‍ മറന്നുപോകുന്നു.
സച്ചിന്‍ പ്രതിഭാസം എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രകാശിക്കുന്നില്ല? സച്ചിനെപ്പോലുള്ള മഹാവ്യക്തികള്‍ രാഷ്ട്രീയത്തിലില്ലെന്ന് വേണം കരുതാന്‍. ‘എനിക്കുശേഷം പ്രളയം’ എന്ന മട്ടില്‍ പ്രളയാന്തംവരെ സിംഹാസനത്തില്‍ ഇരുന്ന് മൂലക്കുരു വന്നാലും ആ സ്ഥാനം വിടില്ല എന്ന നിര്‍ബന്ധം പിടിക്കുന്നവര്‍ അപമാനത്തോടെ ബഹിഷ്‌കൃതരാകുമെന്ന് ഓര്‍ക്കേണ്ടതാണ്.
ഇവിടെയാണ് സച്ചിന്റെ നിസ്തുലമായ മഹത്വം ശ്രദ്ധിക്കപ്പെടുന്നത്. കാലം തികയുമ്പോള്‍ സ്ഥാനം ഒഴിയുവാന്‍ ആരും പറയേണ്ട, പഠിപ്പിക്കേണ്ട, നിര്‍ബന്ധിക്കേണ്ട. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. പൊതുജീവിതത്തില്‍ പാലിക്കേണ്ട ഏറ്റവും ഉയര്‍ന്ന സംസ്‌കാരമാണ് അത്. അത് നമ്മുടെ രാഷ്ട്രീയത്തില്‍ കാണാന്‍ പ്രയാസം; സിനിമയിലില്ല; പക്ഷേ ക്രിക്കറ്റില്‍ ഉണ്ട്. ധാരാളമില്ല. എങ്കിലും ഒരു സച്ചിന്‍ ഉണ്ടല്ലോ.
കളിക്കാരല്ലാത്തവരെ ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു – കളിയല്ല, കാര്യം. ത്യാഗത്തിന്റെ പാഠം; പിന്നാലെ വരുന്നവര്‍ക്ക് വഴിയൊരുക്കി കൊടുക്കണമെന്ന പാഠം.
ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഏറ്റവും മഹാന്മാരായ പത്ത് ഇന്ത്യക്കാരില്‍ ഒരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
അദ്ദേഹത്തിന്റെ പേര് ആ
പട്ടികയില്‍ കാണുന്നില്ലെങ്കില്‍ അത് തയ്യാറാക്കിയത് പത്മപുരസ്‌കാരങ്ങളുടെ പട്ടിക തയ്യാറാക്കിയവരാണെന്ന് പറയേണ്ടിവന്നേയ്ക്കും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: