ജനയുഗം വാര്‍ത്തകള്‍

മണിപ്പുര്‍ പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം – അഡ്വ. പ്രശാന്ത് രാജന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 1, 2010

മണിപ്പുര്‍ പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം

അഡ്വ. പ്രശാന്ത് രാജന്‍

സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ മണിപ്പുര്‍ ജനത നടത്തിവരുന്ന ഉജ്വലമായ പ്രക്ഷോഭത്തിന് ഏപ്രില്‍ 10ന് പ്രബുദ്ധ കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. സംസ്ഥാനത്തെ 14 ജില്ലാകേന്ദ്രങ്ങളില്‍ എ ഐ വൈ എഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം‘അഫ്‌സപ’എന്ന കിരാത നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദികളായി മാറും.

1958ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി രൂപീകരിച്ച  അഫ്‌സപ’1980 മുതലാണ് മണിപ്പുരില്‍ പ്രാബല്യത്തിലാക്കിയത്. അന്നുമുതല്‍ക്ക് മണിപ്പുരി ജനതയ്ക്ക് നഷ്ടമായതാണ് സൈ്വര്യവും സ്വച്ഛന്ദവും സമാധാനപരവുമായ ജീവിതം. ഈ കിരാത നിയമത്തിന്റ മറവില്‍ കൊലചെയ്യപ്പെട്ടവര്‍ എത്രയെന്നതിന് കണക്കുകള്‍ പോലുമില്ല. നിരവധി പേര്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ ശാരീരിക അതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും വിധേയമായി. നിയമം നല്‍കുന്ന പ്രത്യേക അധികാരങ്ങള്‍ ജനാധിപത്യ വിരുദ്ധവും നഗ്നമായ ഭരണഘടനാ ലംഘനവുമാണ്. നിയമവിരുദ്ധതയുടെ കറുത്ത ദിനങ്ങള്‍ ആരംഭിച്ചതു മുതല്‍ മണിപ്പുര്‍ ജനതയുടെ പ്രക്ഷോഭത്തിന്റെ മുന്‍പന്തിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എ ഐ വൈ എഫും നിലകൊണ്ടിരുന്നു.
മഹാത്മാഗാന്ധി ലോക ജനതയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച അക്രമരഹിത സമരമാര്‍ഗമാണ്  സത്യഗ്രഹവും നിരാഹാരവും.’പല സന്ദര്‍ഭങ്ങളിലും ലോകത്തിലെ അധികാര കേന്ദ്രങ്ങളും ഭരണകൂടങ്ങളും ഈ സമരമുറയ്ക്ക് മുമ്പില്‍ കീഴടങ്ങിയിട്ടുണ്ട്. ഇന്ന് ഈ സമര മാര്‍ഗം മഹാത്മജിയുടെ നാട്ടില്‍ പരിഹാസ്യമായ കോമഡി ഷോയാണ്. ആത്മാര്‍ഥത ലവലേശമില്ലാത്ത രാഷ്ട്രീയ അഭ്യാസം. എന്നാല്‍ മണിപ്പുരിലെ ഇറോം ചാനു ഷര്‍മ്മിളയെ ആ പട്ടികയില്‍പ്പെടുത്താനാവില്ല. എന്നിട്ടും പക്ഷേ, വിശ്വസിക്കാന്‍ തന്നെ പ്രയാസകരമായ തരത്തില്‍ ജനാധിപത്യ ഇന്ത്യയില്‍ നടന്നുവരുന്ന ഈ പെണ്‍ പോരാട്ടം എന്തുകൊണ്ട് ജനാധിപത്യ സമൂഹം കാണാതെ പോകുന്നു? ആരാണ് അതിന് ഉത്തരവാദി? സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ ഇബാദി ഇന്ത്യയില്‍ വന്ന് ഇറോം ചാനു ഷര്‍മ്മിളയെ സന്ദര്‍ശിച്ചതിന് ശേഷം മാത്രമാണ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സമരം ഇന്ത്യന്‍ പത്രത്താളുകളില്‍ ചെറുതായെങ്കിലും വാര്‍ത്തയായത്.
അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും. കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറ നയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്വം. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഷിറിന്‍ ഇബാദി പൊട്ടിത്തെറിച്ചു. 2006 നവംബര്‍ 26ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇറോം ചാനുവിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇബാദിയുടെ രോഷപ്രകടനം.
വൈദ്യശാസ്ത്രം അതിശയിച്ചു നില്‍ക്കുകയാണ് ഇറോം ചാനു ഷര്‍മിളയുടെ മുന്നില്‍. 2000 നവംബര്‍ നാലിനാണ് ഇറോം നിരാഹാര സമരം ആരംഭിക്കുന്നത്. ഇറോം സമരം ആരംഭിച്ചതു മുതല്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. അന്നനാളത്തിലൂടെ ഒരു തുള്ളി വെള്ളം അറിയാതെ ഇറങ്ങിപ്പോയാലോ എന്നു പേടിച്ച് പല്ലു തേയ്ക്കാന്‍ പോലും വെള്ളം ഉപയോഗിക്കുന്നില്ല. ഏറ്റെടുത്തിരിക്കുന്ന മഹത്തായ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ സ്വയം അര്‍പ്പിച്ച ഈ സമരത്തിന് ഒരു പോറല്‍ പോലും വീഴാന്‍ ഇച്ഛാശക്തിയും മനക്കരുത്തും അവളെ അനുവദിക്കുന്നില്ല. 2009 നവംബര്‍ നാലിന് ഇറോമിന്റെ സഹന സമരം 10-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 9 വര്‍ഷക്കാലം ജലപാനമിറക്കാതെ ജീവിച്ചിരിക്കുക എന്നത് തന്നെ ലോകാത്ഭുതമായി കാണേണ്ടതാണ്. അവളുടെ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുക. മൂക്കിലൂടെ കടത്തി വിട്ടിരിക്കുന്ന ഒരു ഫെഡ് ട്യൂബ് കാണാം. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ബലമായി അവളില്‍ കടത്തിവിട്ടിരിക്കുന്നതാണ് ആ ട്യൂബ്. വിറ്റാമിനുകളും പ്രോട്ടീനുകളും ബലാല്‍ക്കാരത്തിലൂടെയാണെങ്കിലും അകത്ത് ചെല്ലുന്നതായിരിക്കാം അവള്‍ ജീവിച്ചിരിക്കുന്നതിന്റെ കാരണം.
ജീവിതം മരണത്തിന് അര്‍പ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പോരാട്ടമാണിത്. സമാനതകളില്ലാത്ത ഈ സഹന സമര പോരാട്ടത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയിലാണെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
എന്താണ് അഫ്‌സപാ? (ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്-1958)
1958ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് അഫ്‌സപ. ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുക എന്ന ഉദ്ദേശ്യത്താല്‍ ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ ഈ നിയമം 1980 മുതലാണ് മണിപ്പുരില്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. 1980ല്‍ മണിപ്പുരില്‍ നിരോധിക്കപ്പെട്ട സംഘടനകളുടെ എണ്ണം നാലു മാത്രമായിരുന്നു. അഫ്‌സപ നിലവില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ കണക്ക് പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളുടെ എണ്ണം ഇന്ന് 40 ആണ്. 100ല്‍ അധികം ഭീകര സംഘടനകള്‍ മണിപ്പുരില്‍ പ്രവര്‍ത്തിക്കുന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നിയമം രാജ്യത്തിന് ഗുണമോ ദോഷമോ എന്ന് പരിശോധിക്കേണ്ട സമയം തന്നെ അതിക്രമിച്ചിരിക്കുകയാണ്.
അഫ്‌സപ സെക്ഷന്‍ 4-അനുസരിച്ച് കമ്മിഷണര്‍ റാങ്കിലുള്ള ഏതൊരു ഉദ്യോഗസ്ഥനും ഒരു പ്രദേശത്തെ കലാപ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്. പ്രഖ്യാപിക്കപ്പെടുന്ന മേഖലയില്‍ നിനച്ചിരിക്കാതെ ജനാധിപത്യവും സ്വാതന്ത്ര്യവും അപ്രത്യക്ഷമാകും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടും. പിന്നെ നിയമപാലകര്‍ക്ക്  എന്തും ചെയ്യാം. സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാം, വെടിവച്ച് കൊല്ലാം. ഏത് സ്ഥാപനവും വീടും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പരിശോധിക്കാം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം, തടങ്കലില്‍ വയ്ക്കാം. അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ യാതൊരു വിവരവും ബന്ധുക്കളെയോ വേണ്ടപ്പെട്ടവരെയോ അറിയിക്കേണ്ടതില്ല. അവര്‍ക്കു മേല്‍ ദേദ്യമുറകള്‍ പ്രയോഗിക്കാം. നിയമത്തിന്റെ മറവില്‍ സൈനികരും ഉദ്യോഗസ്ഥരും കിരാതമായ അക്രമമാണ് ജനങ്ങള്‍ക്കു മേല്‍ അഴിച്ചുവിടുന്നത്. മണിപ്പുരിലെ സാധാരണ സ്ത്രീകള്‍ സേനാ ഉദ്യോഗസ്ഥരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അവളെയും കുടുംബാംഗങ്ങളെയും ഏതെങ്കിലും നിരോധിത സംഘടനയിലെ അംഗമാണെന്ന് മുദ്രകുത്തി പീഡിപ്പിക്കുകയോ എതിര്‍ത്താല്‍ കൊന്നുതള്ളുകയോ ചെയ്യും. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ സംഖ്യ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് ഇരുപതിനായിരമാണെങ്കില്‍ അരലക്ഷത്തിലേറെ പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സാമൂഹ്യ സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്‌സപയ്‌ക്കെതിരെ തീക്ഷ്ണമായ അനവധി സമരങ്ങള്‍ മണിപ്പുരില്‍ നടന്നിട്ടുണ്ട്. 2001ല്‍ പ്രക്ഷോഭകാരികള്‍ ഇംഫാല്‍ നഗരത്തിന് തന്നെ തീയിട്ടു. നിയമസഭാ മന്ദിരം ആക്രമിക്കുകയും സ്പീക്കറെ ബന്ദിയാക്കുകയും ചെയ്തു. ജനാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ നിരവധി പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും മണിപ്പുര്‍ സാക്ഷ്യം വഹിച്ചു.
ക്രൂരതയുടെ ഉദാഹരണങ്ങള്‍
2004 ജൂൈലയിലാണ് നിരോധിക്കപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ അംഗമാണെന്ന് അരോപിച്ച് 32കാരിയായ സാമൂഹ്യപ്രവര്‍ത്തക തഞ്ചം മനോരമയെ അസം റൈഫിള്‍സ് അറസ്റ്റ് ചെയ്തത.് പിന്നീട് ആര്‍ക്കും യാതൊരു വിവരവും ലഭ്യമായില്ല. നാലാം ദിവസം വൈകുന്നേരം ഇംഫാലിന്റെ പ്രാന്ത പ്രദേശത്ത് ചേതനയറ്റ അവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മനോരമ അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയായിരുന്നു.
2006 ജൂലൈ 23നാണ് മണിപ്പുരിനെ  ഞെട്ടിച്ച മറ്റൊരു സംഭവത്തിന് ഇംഫാല്‍ മാര്‍ക്കറ്റ് സാക്ഷ്യം വഹിച്ചത്. മാര്‍ക്കറ്റിലെ ടെലിഫോണ്‍ ബൂത്തില്‍ നില്‍ക്കുകയായിരുന്ന സഞ്ജിത് എന്ന ചെറുപ്പക്കാരന്‍. വളരെ പെട്ടെന്നാണ് പാരാമിലിട്ടറിയുടെ വാഹനം വന്ന് കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയത്. നിമിഷങ്ങള്‍ക്കകം സഞ്ജിത്തിനെയും കൂട്ടികൊണ്ട് പുറത്തേയ്ക്ക്. പിന്നെ ജനങ്ങള്‍ കണ്ടത് വെടിയേറ്റ് മരിച്ച സഞ്ജിത്തിനെ പട്ടാള വാഹനത്തിലേക്ക് എടുത്ത് എറിയുന്നതായിരുന്നു.
2000 നവംബര്‍ 1. പട്ടാപ്പകല്‍ ബസ് സ്റ്റോപ്പില്‍ നിന്ന ഗ്രാമീണരായ പത്ത് യാത്രക്കാരെ പാരാമിലിട്ടറി ഫോഴ്‌സിന്റെ കീഴിലുള്ള അസം റൈഫിള്‍സ് സേനാംഗങ്ങള്‍ വെടിവച്ചുകൊന്നു. പിറ്റേന്നത്തെ ലോക്കല്‍ പത്രങ്ങളില്‍ ഭീതിജനകമായ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വന്നു. ദേശീയ പത്രങ്ങള്‍ക്ക് ഇത് വാര്‍ത്തയായിരുന്നില്ല. ഈ സംഭവം പിന്നീട് മാലോം കൂട്ടക്കൊല എന്നറിയപ്പെട്ടു. കലാപകാരികള്‍ എന്ന് മുദ്രകുത്തിയാണ് ഇവര്‍ക്ക് നേരെ സേന വെടിയുതിര്‍ത്തത്. വെടിയേറ്റുമരിച്ചവരില്‍ 18 വയസ്സുകാരനും 62 വയസ്സ് പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു. 1998 ലെ ധീരതയ്ക്കുള്ള കുട്ടികളുടെ അവാര്‍ഡ് ജേതാവായിരുന്ന സിനാം ചന്ദ്രമണി ആയിരുന്നു കൊലചെയ്യപ്പെട്ട 18കാരന്‍.
ഇറോം നിരാഹാരം ആരംഭിക്കുന്നു
1972 മാര്‍ച്ച് 14 നാണ് ഇറോമിന്റെ ജനനം. ഇറോം നന്ദസിംഗിന്റെയും ഇറോം ഒങ്ബി സഖിദേവിയുടെയും 9 മക്കളില്‍ മൂത്തപുത്രി. കുട്ടിക്കാലം മുതലേ കവിതയും എഴുത്തും വായനയുമായിരുന്നു ഇറോമിന്റെ കളിക്കൂട്ടുകാര്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യം പുലര്‍ത്തി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും പങ്കുകൊണ്ടു. 2000 നവംബറില്‍ മനുഷ്യാവകാശ സംഘടന പ്ലാന്‍ ചെയ്ത സമാധാന റാലിയില്‍ പങ്കെടുക്കാന്‍ ഇംഫാലില്‍ എത്തിയതാണ് ഇറോമിനെ സഹനസമരത്തിന് തുടക്കം കുറിക്കാന്‍ ഇടയാക്കിയത്. മാലോം കൂട്ടക്കൊലയുടെ ദാരുണമായ രംഗങ്ങള്‍ കണ്ടാണ് ഇറോം അതിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. അവിടെ വച്ച് ഇറോം പ്രതിജ്ഞ ചെയ്തു. ‘ഈ കിരാത നിയമം അവസാനിക്കുംവരെ ഞാന്‍ പോരാടും. മണിപ്പുരിലെ ജനതയ്ക്കുവേണ്ടി ഞാന്‍ ഈ  ദൗത്യം ഏറ്റെടുക്കുകയാണ്.’ 28-ാം വയസ്സില്‍ 2000 നവംബര്‍ രണ്ടി ന്‘അഫ്‌സപാ എന്ന കരിനിയമത്തിനെതിരെ മഹാത്മാഗാന്ധിയുടെ സഹന സമരത്തെ അതിന്റെ പത്തിരട്ടി കാഠിന്യത്താല്‍ അവള്‍ ഏറ്റെടുത്തു.
സമരം മൂന്നു ദിവസം പിന്നിട്ടപ്പോള്‍ പൊലീസ് ഇറോമിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 309 വകുപ്പ് അനുസരിച്ച് ആത്മഹത്യാ കുറ്റം ചുമത്തി കേസെടുത്തു. ഇറോം കസ്റ്റഡിയിലും നിരാഹാരം തുടര്‍ന്നു. 309-ാം വകുപ്പുനുസരിച്ച് പരമാവധി ഒരു വര്‍ഷം വരെ മാത്രമേ തടവില്‍ പാര്‍പ്പിക്കാന്‍ നിയമമുള്ളൂ. ഒരു വര്‍ഷം കഴിയുമ്പോള്‍ പുറത്തുവിടും. വീണ്ടും അറസ്റ്റ്. ഇത് തുടര്‍ന്നു പോന്നു. 2006 ഒക്‌ടോബര്‍ രണ്ടിന് ജയില്‍ മോചിതയായ ഇറോം പൊലീസിന്റെ കണ്ണുവെട്ടിച്ച് സഹ പ്രവര്‍ത്തകരുടെ സഹായത്താല്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ രാജ്ഘട്ടില്‍ പ്രമാണമര്‍പ്പിച്ച് ജന്തര്‍മന്ദിറില്‍ സമരം ആരംഭിച്ചു.
ഡല്‍ഹിയിലായാല്‍ ഇറോമിന്റെ സമരം പുറംലോകം അറിയും എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍ ആരും അറിയാതെ 4-ാം ദിവസം പാതിരാത്രിയില്‍ ഇറോമിനെ അറസ്റ്റ് ചെയ്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍”ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. അവിടെ വച്ചാണ് ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ ഇബാദി ഇറോമിനെ സന്ദര്‍ശിക്കുന്നത്.
എ ഐ വൈ എഫും
മണിപ്പുര്‍ പ്രക്ഷോഭവും
ഇന്ത്യയിലെ പ്രധാന എ ഐ വൈ എഫ് ഘടകങ്ങളില്‍ ഒന്നാണ് മണിപ്പുരിലേത്. ദേശീയ സ്വാതന്ത്ര്യ സമര പോരാളികളുടെയും സാമ്രാജ്യത്വ വിരുദ്ധ സമര നായകരുടെയും പിന്‍തലമുറക്കാരാണ് മണിപ്പുരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും എ ഐ വൈ എഫ് പ്രവര്‍ത്തകരും.‘അഫ്‌സപ’എന്ന കിരാത നിയമത്തിനെതിരെ രക്തരൂക്ഷിതമായ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് എ ഐ വൈ എഫും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതൃത്വം നല്‍കിയിട്ടുണ്ട്. ആര്‍മിയും അസം റൈഫിള്‍സും നിരവധി എ ഐ വൈ എഫ് പ്രവര്‍ത്തകരെ സൈന്യത്തെ ആക്രമിച്ചുവെന്നാരോപിച്ച് ‘അഫ്‌സപ’നിയമത്തിന്റെ മറവില്‍ വെടിവച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. എ ഐ വൈ എഫിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടപെടലിലൂടെ 2008 ആഗസ്റ്റ് 13ന് ഒക്രം ഇബോബിസിംഗ് ഗവണ്‍മെന്റിനെകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഗ്രേറ്റര്‍ ഇംഫാല്‍ ഏരിയായിലെ 7 അസംബ്ലി മണ്ഡലങ്ങളില്‍‘അഫ്‌സപ’നിയമം പിന്‍വലിപ്പിച്ചിരുന്നു.
2008ല്‍ മണിപ്പുരില്‍ അധികാരത്തിലിരുന്ന സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ട് സര്‍ക്കാര്‍ സി പി ഐക്ക് കൂടി പങ്കാളിത്തമുള്ള ഗവണ്‍മെന്റായിരുന്നു. മണിപ്പുരിലെ ആകെയുള്ള രണ്ട് ലോക്‌സഭാ സീറ്റുകളില്‍ ഒന്നില്‍ സി പി ഐ എം പിയുമായിരുന്നു.
മണിപ്പുര്‍ നിയമസഭയില്‍ സി പി ഐയുടെ അഞ്ച് അംഗങ്ങളുടെ പിന്തുണയിലാണ് ഒക്രം ഇബോബി സിംഗ് ഗവണ്‍മെന്റ് അധികാരത്തിലിരുന്നത്. ഈയവസരത്തില്‍ സമ്മര്‍ദതന്ത്രം കൂടി ഉപയോഗിച്ചാണ് ഏഴ് അസംബ്ലി മണ്ഡലങ്ങളുടെ പരിധിയില്‍ നിന്നും സി പി ഐ‘അഫ്‌സപ പിന്‍വലിപ്പിച്ചത്.
മണിപ്പുര്‍ ജനതയുടെ പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനും ഇന്ത്യയിലെ ജനകോടികളുടെ മനസ്സിലേക്ക് സമരത്തെ ശ്രദ്ധിപ്പിക്കാനുമുള്ള ചരിത്ര ദൗത്യം എ ഐ വൈ എഫ് ഏറ്റെടുത്തിരിക്കുകയാണ്. കിരാത നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരത്തിന്റെ ആദ്യപടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 20 ലക്ഷം കത്തുകള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. ഏപ്രില്‍ 10ന് ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ മണിപ്പുര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രബുദ്ധ കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മനസ്സുകളെ  ഒന്നടങ്കം ഈ പരിപാടിയുമായി ബന്ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് എ ഐ വൈ എഫ് അന്നേ ദിവസം ഒരു ലക്ഷം കത്തുകള്‍ കേരളത്തില്‍ നിന്നും രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: