ജനയുഗം വാര്‍ത്തകള്‍

മലനിരകളിലെ അഗ്നി – പി വത്സല

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 1, 2010

മലനിരകളിലെ അഗ്നി

പി വത്സല

എവിടെ തീ പിടിച്ചാലും അതിലൊരു അനിയന്ത്രിതാവസ്ഥ ഒളിഞ്ഞിരിപ്പുണ്ട്. അത് ആദികാലം മുതല്‍ക്ക് മനുഷ്യനെ ആശങ്കാകുലനും അന്ധവിശ്വാസിയുമാക്കി. തീയെ ഹോമകുണ്ഡത്തിലാവാഹിച്ച് അനുഷ്ഠാന ക്രിയകള്‍ നടത്തുന്നത് ലോകമെമ്പാടുമുണ്ടായിരുന്ന ആദി സമൂഹങ്ങളുടെ സമ്പ്രദായമായിരുന്നു. പരിഷ്‌കൃത രൂപത്തില്‍, വിളക്കുകളും ഊര്‍ജ്ജ ഉറവിടങ്ങളും ഉണ്ടായപ്പോള്‍ വ്യത്യാസം വന്നു എന്നുമാത്രം.
പക്ഷേ, തിരുനെല്ലിയിലെ ഒറ്റപ്പെട്ട വനഭാഗത്ത്, വനത്തില്‍ പെടാതെ നില്‍ക്കുന്നൊരു വയലോരത്ത് വീടിന്നു തീപിടിക്കാന്‍ ഒരു സാധ്യതയുമില്ല എന്നു വിചാരിച്ചു. ഓരോ രാത്രിയും പാചകം കഴിയുമ്പോള്‍ ശേഷിച്ച വിറക് വെറുതെ കുത്തിക്കെടുത്തുകയല്ല, അവയെ പാത്രത്തിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും ചെയ്തുപോന്നു, ഞാന്‍. പാവാടപ്രായത്തില്‍ ഒരു തീയനുഭവമുണ്ടായി തുണി കരിഞ്ഞത് ഇന്നും മനസ്സിലുണ്ട്.
അങ്ങനെ-പാതിരാവില്‍ എന്തോ ഒരപശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നപ്പോള്‍, താഴെ അരിവയ്പുകാരന്‍ (ഞങ്ങളുടെയല്ല, അന്തര്‍ജ്ജനം വീടുകാവലിന്നേല്‍പ്പിച്ചുപോയ വേലക്കാരന്‍) ഗോപാലന്റെ നിലവിളി. മുറിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്നു. ഞാന്‍ എണീറ്റു മാളിക വരാന്തയിലെത്തി. പുറത്ത് പകല്‍പോലെ വെളിച്ചം. മഞ്ഞവെളിച്ചം. പ്രഭാതത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ല.
അപ്പോള്‍ പ്രധാന കെട്ടിടത്തിന്റെ പുറകിലെ വാഴത്തോപ്പിനെ വെളിച്ചം വാരിവിഴുങ്ങാന്‍ ശ്രമിക്കുന്നു. അതിന്നടുത്തെങ്ങും ചെല്ലാതെ നമ്മുടെ ഗോപാലന്‍ കെട്ടിടത്തിന്റെ മുന്‍വരാന്തയിലുള്ള അവന്റെ കിടപ്പുമുറിയില്‍ നിന്നും പുറത്തുവന്നു. വരാന്തയിലൂടെ തെക്കു വടക്ക് മണ്ടി നടക്കുന്നു. തലയില്‍ കൈ വച്ചാണ് ഓട്ടം. തൊട്ടു പുറകിലെ കെട്ടിടത്തിന്റെ, ഏറ്റവും പുറകിലെ വൈക്കോല്‍ പുതച്ച ഞാലിക്കാണ് തീപ്പറ്റിയതെന്നു അവന്‍ അറിഞ്ഞു തന്നെയില്ല. ഞാന്‍ തിരിച്ച് കിടപ്പുമുറിയിലേക്കോടി. അപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെപ്പുണര്‍ന്ന് എണീറ്റു. സഹോദരിയും സഹോദരനും എണീറ്റു. വരാന്തയില്‍ വന്നു ഒരു വിഹഗവീക്ഷണം നടത്തി. തീ പടരുകതന്നെയാണ്. വൈക്കോല്‍ മേഞ്ഞും, പുത്തന്‍ തടിയില്‍ പൂര്‍ണമായും തീര്‍ത്തും നിലകൊള്ളുന്ന മാളിക ഏതു നിമിഷവും അഗ്നിയുടെ വായിലെത്താം.
എന്റെ അനിയന്‍ രവി (അന്നു മെഡിക്കല്‍ വിദ്യാര്‍ഥി) കിടന്ന മെത്ത, വളരെ പ്രയാസപ്പെട്ടു ചുരുട്ടിയെടുത്തു വരാന്തയിലെ കിളിവാതിലിന്റെ അഴിയില്ലാക്കള്ളിയിലൂടെ നടുമുറ്റത്തേക്കെറിഞ്ഞു. പുറകെ അവന്‍ മെത്തയുടെ നേര്‍ നടുക്ക് ഒരഭ്യാസിയുടെ മികവോടെ ചാടി വീണു. ശേഷിച്ചവര്‍, അനിയത്തി, ഞാന്‍, കുടുംബം കയര്‍ക്കോണി തേടി. ഭാഗ്യത്തിന് അത് ഒരു ഉറച്ച കൈവള്ളിപോലെ പടിഞ്ഞാറെ മുറ്റത്തേക്ക് ഞാന്നു കിടപ്പുണ്ട്. തീത്തിളക്കം അതിന്മേല്‍ ബീഷണമായിരിക്കുന്നു.
കോണിയുടെ കയറില്‍ പിടിച്ച് വീഴാതെ, താഴെയെത്തി. അപ്പോഴും ഗോപാലന്‍ അലറുകതന്നെയാണ്. തീ പടരുന്നത് അവന്‍ കാണുന്നില്ല. ഭാഗ്യത്തിനു പടിഞ്ഞാറെ കുന്നില്‍ ചെരിവില്‍ നിന്നു കാര്യസ്ഥന്‍ രാമന്‍ നായരും, വയലിന്നക്കരെ നിന്നു അപരിചിതരായ നാട്ടുകാരും ഓടിക്കൂടി. കൈമിടുക്കോടെ ഞാലിയുടെ കെട്ടുകള്‍ അരിഞ്ഞു വീഴ്ത്തി. തീ, പ്രധാന കെട്ടിടത്തെ തൊട്ടതേയില്ല. ഞാലിയിലെ വിറകടുപ്പും, കാലികള്‍ക്കുള്ള കഞ്ഞിവയ്ക്കുന്ന ചെമ്പുപാത്രവുമെല്ലാം തീ പറ്റി കോലം കെട്ടി അവശേഷിച്ചു. പിറ്റേന്നു കരുവാളിച്ച വാഴത്തോപ്പ് കുറ്റബോധത്തോടെ മുഖം കുനിച്ചു നിന്നു.
നേരം പുലരും വരെ, ഞങ്ങള്‍ നടുമുറ്റത്തു വിരിച്ച മെത്തകളില്‍ ഇരുന്നും കിടന്നും കഴിച്ചുകൂട്ടി. രാമന്‍നായരുടെ മുഖത്തു നിഴലിച്ച ആശ്വാസത്തിന്നു അന്തമില്ല.
ഭഗവാന്‍ രക്ഷിച്ചു. തിരുനെല്ലിപ്പെരുമാളിന്റെ കാരുണ്യത്തിനു അളവുണ്ടോ! അയാള്‍ ഉരുവിട്ടു.
കുട്ടിക്ക് ഒന്നും പറ്റീട്ട്ല്ല്യല്ലൊ! അയാള്‍ അവളുടെ ഉറങ്ങിയ മുഖത്തു സൂക്ഷിച്ചു നോക്കി. എങ്ങനെ തീപ്പറ്റി എന്നതിന് ഒരു തുമ്പും കിട്ടുന്നില്ല. ഗോപാലന്റെ വയ്പും തീനും  പകല്‍ നേരത്തുതന്നെ കഴിയും? പിന്നെ എവിടെ ഒളിച്ചിരുന്നു തീ? നടുപ്പാതിരയ്ക്കു വാ പിളര്‍ത്താന്‍.
ഉറവിടം രാമന്‍നായര്‍ തന്നെ കണ്ടെത്തി.
രാത്രി തീ പടര്‍ന്നു പിടിക്കുമെന്നു ഭയന്നു, ഗോപാലന്‍ തണുക്കാത്ത അടുപ്പിലെ കനലുകള്‍ പൂണ്ടു കിടക്കുന്ന ചാരം, അപ്പാടെ കോരിയെടുത്തു ഞാലിയിലെ ഉമിക്കൂമ്പാരത്തില്‍ ചൊരിഞ്ഞതാണ്. ഉച്ച തിരിഞ്ഞു നീറിത്തുടങ്ങിയ അഗ്നി ഉമിയെ ദഹിപ്പിച്ചു കഴിഞ്ഞു, കൂടുതല്‍ തീറ്റ തേടി കൈ നീട്ടി. ഗോപാലന്ന് തന്റെ ഉത്തരവാദിത്ത ബോധം അതിരു കവിഞ്ഞതാണ് ആപത്തുണ്ടാക്കിയത്. രാമന്‍ നായര്‍ സംഭവത്തിന്റെ കാരണം ആ പാതിരാനേരത്തുതന്നെ ചികഞ്ഞെടുത്തു.
അന്നു രാത്രി ഗോപാലനും ഉറങ്ങീട്ടുണ്ടാവില്ല.
വെളിച്ചമോടിയപ്പോള്‍ അവന്‍ തന്റെ ഭാണ്ഡവുമായി എന്നേക്കുമായി സ്ഥലം വിട്ടു. പാലക്കാട്ടെ ഏതോ ഒരു കുഗ്രാമത്തിലേക്ക്. അന്തര്‍ജ്ജനം വന്നു ചേര്‍ന്നാല്‍ ഉണ്ടാകാവുന്ന അനുഭവങ്ങള്‍ അവനെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കണം.
അങ്ങനെ അതിഥി മന്ദിരത്തില്‍ ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഇനിയിപ്പോ നങ്ങേമ അന്തര്‍ജ്ജനത്തിന്റെ അറപ്പുരയ്ക്ക് ഞങ്ങള്‍ കാവല്‍ നില്‍ക്കേണ്ടിവരും. ആവട്ടെ!
അതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. പകല്‍ നേരത്തും തുടര്‍ന്നുള്ള ദിവസങ്ങളിലും നാട്ടുകാരും വീട്ടുകാരും ക്ഷേമമന്വേഷിച്ചു വരവായി. കോഴിക്കോട്ടു നിന്നു വന്നു പാര്‍ക്കുന്ന അതിഥികളുടെ അന്തല്യായ്മയുടെ ആഴം അളന്നുകൊണ്ടാണ് അവര്‍ വന്നത്. നഗരത്തിലെ വീട്ടമ്മയ്ക്ക് വിറകടുപ്പും പുല്‍പ്പുരയും കൈകാര്യം ചെയ്യാനുള്ള വിവരല്ല്യായ്മ്മയെ കുറിച്ചു അവര്‍ വേണ്ടുവോളം ചിന്തിച്ചു.
എങ്ങനെ പറ്റി തീയ് എന്നായിരുന്നു ആദ്യ ചോദ്യം. ഗോപാലന്റെ ചരിതം പറയാന്‍ എനിക്കു മനസ്സുണ്ടായിരുന്നില്ല. ഇരമുട്ടി, ആ പാവം പയ്യനു നാടുവിടേണ്ടിവന്നതിനെപ്പറ്റിയാണ് ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത്. ഒരു പാടുപേര്‍ ദൂരസ്ഥലത്തുനിന്നുപോലും നടന്നെത്തി. വാര്‍ത്ത ശരിക്കും തീപ്പോലെതന്നെ പടര്‍ന്നിരിക്കുന്നു. അതിനേക്കാള്‍ വേഗതയില്‍.
ഒരാള്‍ മാത്രം വന്നില്ലല്ലൊ, എന്നായി ഭര്‍ത്താവ്.
ആ ആള്‍ നീട്ടറയിലെ ഞങ്ങളുടെ അദൃശ്യനായ ആതിഥേയനാണ്. അദ്ദേഹം ഊരുചുറ്റല്‍ കഴിഞ്ഞു സ്ഥലത്തെത്തിയതറിയാം. അങ്ങനെ, തീയും പുകയും വല്ലാതെ കെട്ടടങ്ങിത്തണുത്തപ്പോള്‍, ഒരുച്ചനേരത്ത് മധുരമായ ഒരു പുഞ്ചിരിയും ചുണ്ടില്‍ മുറുക്കാന്‍ ചോപ്പുമായി ‘മാഷ്’ വന്നു ചേര്‍ന്നു.
കുഞ്ഞുമാഷ്!
ഞാനദ്ദേഹത്തെ, കളപ്പുര ഹാളില്‍ സ്വാഗതം ചെയ്തു. കോഴിക്കോട്ടു നിന്നു കൊണ്ടുപോയ ഒരു കപ്പ് ചായ തയ്യാറാക്കി സല്‍ക്കരിച്ചു. കോഴിക്കോടന്‍ വറുത്തകായ് ഒരു ഇലക്കീറ്റില്‍ വിളമ്പി. രുചിയോടെ ചായ കുടിച്ചും, കായ്‌വറുത്തത് കൊറിച്ചും അയാള്‍ കുശലാന്വേഷണത്തിന്റെ വാതില്‍പ്പൊളി തുറന്നെങ്കിലും മറഞ്ഞുനിന്നു.
അവസാനം എന്റെ ഭര്‍ത്താവ് ചോദിച്ചു.
”വിവരം അറിഞ്ഞു, ഇല്ലെ?”
”അറിഞ്ഞില്ലെങ്കിലും തെറ്റായാണ് ധരിച്ചത്. നിങ്ങളുടെ കൈപ്പിഴയാലാണ് വീട് കത്തിയത് എന്നു നിനച്ചു. അദ്ദേഹം ചിരിച്ചില്ല.
”അതു മനസ്സിലായി”.
”എങ്ങനെ?” കുഞ്ഞുമാഷ്.
”നിങ്ങള്‍ വരാന്‍ വൈകിയാല്‍ ഊഹിച്ചുകൂടെ!”
പിന്നെ കുറേ നേരം നാട്ടുവര്‍ത്തമാനത്തില്‍ മുഴുകി. ഇദ്ദേഹം തിരുനെല്ലി ഗ്രാമത്തിലെ ആദ്യത്തെ മാഷാണ്. പഠിപ്പുള്ള യുവാവ്. അതില്‍ അഭിമാനി. ഒരു സാധാരണ അധ്യാപകനല്ല. മനസ്സിനും ചിന്തയ്ക്കും ആഴമുള്ള ദേഹം. ധാരാളം വായിച്ചിട്ടുണ്ട്. അതേക്കാളുപരി, നാടുചുറ്റി സഞ്ചരിച്ചിട്ടുണ്ട്. നാഗരികതയ്ക്കും ശുദ്ധഗ്രാമീണതയ്ക്കും ഇടയിലൊരു പാലമായി ഇദ്ദേഹം ഇന്നും നിലകൊള്ളുന്നു.
വീട്ടിനു തീപ്പിടിച്ച ഒരൊറ്റ അനുഭവം ഞങ്ങളുടെ മനസ്സില്‍ പുക നിറയ്ക്കാന്‍ വേണ്ടത്ര മതിയായിരുന്നു. മനം മടുപ്പോടെ, നാടും കാടും അനുഭവിക്കുകയെന്ന ദൗത്യം ഉപേക്ഷിക്കാനതുമതി. പക്ഷേ രണ്ടുമാസത്തെ കഠിനമായ ഒരുക്കത്തിന്നുശേഷമാണല്ലോ പുറപ്പാട്. മുന്നൊരുക്കങ്ങള്‍ മുഴുവനും ഒരൊറ്റയാള്‍പ്പോരാട്ടമായിരുന്നു, എനിക്ക്. പിഴവില്ലാതെ, സൂചി മുതല്‍, അത്യാവശ്യം ഔഷധങ്ങള്‍ വരെ കൊണ്ടുപോരേണ്ടിയിരുന്നു. ഒറ്റക്കടയും ഇല്ലാത്ത ഒരു വനഗ്രാമം. ഇന്നും ഒരു സൈക്കിളോ, ഓട്ടോ റിക്ഷയോ ഓടാത്ത ഗ്രാമവഴികള്‍. യാത്രകള്‍ മുന്‍മാസങ്ങള്‍ എന്റെ മനസ്സില്‍ ദൃഢ നിശ്ചയത്തിന്റെ രേഖകള്‍ കൊത്തിയിരുന്നത് ഞാന്‍ പുറകെപ്പുറകെയാണ് അറിഞ്ഞത്.
ഇന്നും സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത സ്ത്രീയുടെ അന്നത്തെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും. ഗൃഹകാര്യങ്ങള്‍ക്കല്ലാതെ ഒരു സ്ത്രീ അവധിക്കാലത്ത് സഞ്ചരിക്കുന്നതെന്തിന് എന്ന ചോദ്യം. തീര്‍ഥാടനത്തിനെങ്കില്‍ ശരി. ഇവിടെ ഒരു ശരികേടുണ്ട് എന്ന തോന്നലുകള്‍ പലയിടത്തും ഉണ്ടായിരുന്നു. അഞ്ചുമാസം മാത്രമായ കുഞ്ഞ്, കാനനവാസം, ഗതാഗതമില്ലായ്മ, ‘വിപരീത’ കാലാവസ്ഥ.
എന്റെ മനസ്സിന്റെ ആദ്യത്തെ സ്വതന്ത്ര സഞ്ചാര പഥങ്ങളാണ്, ഈ യാത്രയിലൂടെ തുറന്നു കിട്ടിയത് എന്ന് ഞാന്‍ വിചാരിക്കുന്നു. അത് എളുപ്പമല്ല എന്നും അനുഭവജ്ഞാനം ഒരെഴുത്തുകാരിക്കും വേണം എന്നു സമൂഹം (നമ്മുടെ) എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടാവും എന്നും എനിക്കുതോന്നുന്നില്ല. വേണമെങ്കില്‍ കാല്‍ച്ചോട്ടില്‍ കുഴിച്ചോളൂ. മനസ്സിന്റെ കതക് തുറക്കരുത്!
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: