ജനയുഗം വാര്‍ത്തകള്‍

ആദിവാസി ക്ഷേമവും വനസംരക്ഷണവും – ബിനോയ് വിശ്വം

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

ആദിവാസി ക്ഷേമവും വനസംരക്ഷണവും 

ബിനോയ് വിശ്വം

വനവുമായി ഏറ്റവുമധികം ബന്ധമുള്ള ജനസമൂഹമാണ് ആദിവാസികള്‍. അവരുടെ ഉപജീവനം വനവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ആദിവാസിക്ഷേമം വനംവകുപ്പിന്റെ മുഖ്യധാരാ പ്രവര്‍ത്തനമായി കണ്ടുകൊണ്ടുള്ള നടപടികളാണ് ഇന്ന് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ആദിവാസികള്‍ക്കായുള്ള ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്ന ശൈലി മാറ്റി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് സംയോജിത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ വനം വകുപ്പ് ഊന്നല്‍ നല്‍കുന്നത്. പങ്കാളിത്ത വനപരിപാലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനത്തിനുള്ളിലെ ഏതാണ്ട് എഴുന്നൂറോളം വരുന്ന ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മാസൂത്രണ രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് 68 വന സംരക്ഷണ സമിതികളും ഇരുനൂറ് ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പാര്‍പ്പിടം, ഭക്ഷണം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് വികസന രേഖകള്‍ തയ്യാറാക്കിയിട്ടുള്ളത്. വളരെ കൂടുതല്‍ ആദിവാസി ഊരുകള്‍ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതങ്ങളായ നെയ്യാര്‍, പേപ്പാറ, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, പീച്ചി, വയനാട്, പറമ്പിക്കുളം എന്നിവിടങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
ആദിവാസികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതില്‍ ഒരു പ്രധാന ഘടകം തടിയുടെ ലഭ്യതയില്ലായ്മയായിരുന്നു. വനാശ്രിത ജനതയുടെ ഈ പ്രധാന പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുവാനുള്ള സൃഷ്ടിപരമായ നടപടിയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇ എം എസ് ഭവന പദ്ധതി, എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതി, വനാവകാശ നിയമം എന്നിവയുടെ പരിധിയില്‍ വരുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ നിന്ന് സൗജന്യമായി തടി ലഭ്യമാക്കുന്ന സംരംഭത്തിന് ഇന്ന്തുടക്കം കുറിക്കുകയാണ്. പാവങ്ങള്‍ക്കുവേണ്ടിയുള്ള ഈ പദ്ധതിയില്‍ പ്ലാവ്, ആഞ്ഞിലി, മരുത്, ഇരുള്‍, ചടച്ചി എന്നീ ഇനങ്ങളില്‍പ്പെട്ട തടി സൗജന്യമായി നല്‍കും.
സെറ്റില്‍മെന്റുകളില്‍ വസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ സീനിയറേജ് വിലയുടെ 25 ശതമാനം മാത്രം ഈടാക്കി തടി ലഭ്യമാക്കുന്നതിനും ഇതിനകം സര്‍ക്കാര്‍ നടപടിയെടുത്തു. ഇതനുസരിച്ച് സെറ്റില്‍മെന്റിന് സമീപമുള്ള റിസര്‍വ് വനത്തിലെ ഉണങ്ങിയതും കാറ്റില്‍ വീണതുമായ ഒന്നര ക്യുബിക് മീറ്റര്‍ അളവില്‍ തടിയാണ് നല്‍കുന്നത്. ആദിവാസി സമൂഹത്തിന്റെ പ്രധാന ജീവനോപാധിയായ ഈറ്റയും മുളയും നാമമാത്ര വില ഈടാക്കി നല്‍കി വരുന്നു. ഓരോ ആദിവാസി കുടുംബത്തിനും ആഴ്ചയില്‍ രണ്ട് തലച്ചുമട് ഈറ്റയും പൂര്‍ണവളര്‍ച്ചയെത്തിയ അഞ്ച് മുളകളുമാണ് നല്‍കുന്നത്.
കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ആദിവാസികളുടെ പരമ്പരാഗത ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ വഞ്ചിവയല്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയും പെരിയാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഉല്‍പാദിപ്പിച്ച നാല് ടണ്‍ കുരുമുളക് ജര്‍മനിയിലേക്ക് കയറ്റി അയച്ചാണ് മാതൃകയായത്. ആദിവാസികളുടെ ജൈവ ഉല്‍പന്നം ലോകവിപണിയില്‍ എത്തിച്ച മാതൃക മറ്റ് സെറ്റില്‍മെന്റുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് വനം വകുപ്പ്.
വനമേഖലയിലെ തൊഴിലാളികളുടെ വേതനം 30 ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ നടപടിയെടത്തു. തുഛമായ വരുമാനം മാത്രമുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ധന ഏറെ ആശ്വാസമായി. വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള വനപ്രദേശങ്ങളിലെ പരമാവധി തൊഴിലുകള്‍ ആദിവാസികള്‍ക്കാണ് ലഭ്യമാകുന്നത്. കാട്ടുതീ സംരക്ഷണ പ്രവര്‍ത്തനത്തിലും വന്യജീവി സങ്കേതങ്ങളിലെ സംരക്ഷണ മസ്ദൂര്‍മാരുടെ നിയമനത്തിലും ഇത് കര്‍ശനമായി പാലിക്കുന്നു.
കാടിനുള്ളില്‍ താമസിക്കുന്ന എല്ലാ ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും വനം വകുപ്പ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതി പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രകൃതിക്ഷോഭം, കാട്ടുമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം വീട് നഷ്ടപ്പെടുന്നവര്‍ക്ക് 5000 രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. രോഗം മൂലമോ അപകടം മൂലമോ ആശുപത്രി ചികിത്സവേണ്ടിവന്നാല്‍ ആയിരം രൂപയും യാത്രാച്ചെലവിന് 500 രൂപയും ലഭ്യമാക്കും.
ആദിവാസി സെറ്റില്‍മെന്റുകളുടെ വൈദ്യുതീകരണത്തിനുള്ള വിവിധ പദ്ധതികള്‍ വനം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. വിവിധ ഡിവിഷനുകളിലെ സെറ്റില്‍മെന്റുകളുടെ വൈദ്യുതീകരണത്തിന് ആവശ്യമായ വനഭൂമി വനസംരക്ഷണ നിയമപ്രകാരം നല്‍കുകയും വൈദ്യുതീകരണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. തേക്കടിയിലെ മുന്നൂറില്‍പരം ആദിവാസി വീടുകള്‍ പൂര്‍ണമായും വൈദ്യുതീകരിക്കുന്ന ഒരു പദ്ധതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിവരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി കോളനികളില്‍ നിരവധി കുടിവെള്ള പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കിയിട്ടുള്ളത്. വടക്കേ വയനാട് ഡിവിഷനിലെ മംഗലശേരി, താഴെ മംഗലശേരി, കോളങ്ങോട് പാണിയ, തലപ്പുഴപൊയില്‍, തിരുനെല്ലികലുഗാഡി തുടങ്ങിയ കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. തെക്കെ വയനാട് ഡിവിഷനിലെ 73 കോളനികളിലേക്കുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കി. റാന്നി, കണ്ണൂര്‍, അച്ചന്‍കോവില്‍, കോന്നി തുടങ്ങിയ ഡിവിഷനുകളിലേക്കും നിരവധി കോളനികളില്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുകയും കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചിന്നാര്‍ വന്യജീവിസങ്കേതത്തിലെ ചമ്പക്കാട്ട് പട്ടികജാതി-പട്ടികവര്‍ഗ വികസന ഫണ്ടില്‍ നിന്നും 12.50 ലക്ഷം രൂപയുടെ കുടിവെള്ള-ജലസേചന പദ്ധതി നടപ്പാക്കി.
ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളിലേക്ക് റോഡ് നിര്‍മാണങ്ങളും അറ്റകുറ്റപ്പണികളും വനംവകുപ്പ് നടപ്പാക്കുന്നുണ്ട്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ അട്ടപ്പാടിയിലെ ആനവായി കോളനിയിലേക്കുള്ള 2.4 കിലോമീറ്റര്‍ റോഡ് വികസനം 60 ലക്ഷം രൂപ ചെലവിലാണ് നടപ്പിലാക്കിയത്. വയനാട് പാക്കം കുറുവ-പന്നിക്കല്‍ 4.16 കിലോമീറ്റര്‍ റോഡ് 64 ലക്ഷം രൂപ ചെലവിലും ഉദയക്കര-ചേകാടി 4.15 കിലോമീറ്റര്‍ റോഡ് 61 ലക്ഷം രൂപ ചെലവിലും നിര്‍മിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 ലധികം വനപാതകള്‍ നവീകരിക്കുന്നതിന് അനുമതി നല്‍കി. റാന്നി ഡിവിഷനിലെ കുറുമ്പം മൂഴി കോസ്വേകോളനി, മലയാറ്റൂര്‍ ഡിവിഷനിലെ മണികണ്ഠന്‍ചാല്‍-തിണ്ണക്കുത്തു, തിരുവനന്തപുരം ഡിവിഷനിലെ വിട്ടിക്കാവ്-മുത്തിപ്പാറകൂപ്പ് എന്നീ റോഡുകള്‍ക്ക് അനുമതി നല്‍കി.
അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായ ആരോഗ്യ സംരക്ഷണം ആദിവാസികളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമായി പലപ്പോഴും കാണാറുണ്ട്. വനാന്തര്‍ഭാഗത്തെ സെറ്റില്‍മെന്റുകളില്‍ യഥാസമയം വൈദ്യസഹായം ലഭിക്കാത്തതുമൂലം അപകടങ്ങള്‍ ഉണ്ടാവുന്നത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പരിഹാരമെന്നോണമാണ് സെറ്റില്‍മെന്റുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഏതാണ്ട് നൂറോളം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം വിവിധ ഡിവിഷനുകളിലായി നൂറിലധികം ക്യാമ്പുകള്‍ക്ക് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വി എസ് എസ്, ഇ ഡി സി എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ലഘുവനവിഭവശേഖരണവും സംസ്‌ക്കരണവും വിപണനവും ആദിവാസികളുടെ ജീവനോപാധിക്കുള്ള പ്രധാനമാര്‍ഗമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തവും വനാവകാശനിയമം ആദിവാസികള്‍ക്ക് നല്‍കുന്നുണ്ട്. 
ലഘുവനവിഭവങ്ങളുടെ സുസ്ഥിര പരിപാലനം, ശാസ്ത്രീയശേഖരണം, മൂല്യവര്‍ധന, വിപണനം എന്നിവയ്ക്കായി വനവികാസ ഏജന്‍സികള്‍ വഴി റെയ്ഞ്ചുതലത്തില്‍ വിഭവഭൂപടവും സൂക്ഷ്മാസൂത്രണ രേഖയും തയ്യാറാക്കിവരികയാണ്. ഈ രംഗത്ത് വനവികാസ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുക, വിപണന സൗകര്യമൊരുക്കുക, വിപണന മേളകള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ ‘വനശ്രീ’ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വനംവകുപ്പ് ആസ്ഥാനത്ത് വനശ്രീയുടെ ഒരു സെല്‍ രൂപീകരിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
വനങ്ങളുടെ സ്വാഭാവികരീതികള്‍ക്ക് പോറലേല്‍ക്കാതെ സംരക്ഷിത വനമേഖലകള്‍ പൊതുജന പങ്കാളിത്തത്തോടെ പരിപാലിക്കുകയും അവ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഇക്കോടൂറിസം പദ്ധതികള്‍ ഇതിനകം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇക്കോടൂറിസം കേന്ദ്രങ്ങള്‍ ഭൂരിപക്ഷവും വനപ്രദേശത്തായതിനാല്‍ ഇതിന്റെ പ്രയോജനം മുഖ്യമായും ലഭിക്കുന്നത് ആദിവാസികള്‍ക്കാണ് എന്നതിനാലാണ് സര്‍ക്കാര്‍ ഈ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത്. അനുമതി നല്‍കിയ 56 പദ്ധതികളില്‍ പകുതിയിലധികം ഇതിനകം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. നെയ്യാര്‍, തേക്കടി, വയനാട്, പറമ്പിക്കുളം തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലെ ഇക്കോടൂറിസം പദ്ധതികളില്‍ നൂറുകണക്കിന് ആദിവാസികള്‍ക്ക് തൊഴില്‍ ലഭിക്കുന്നു.
ആദിവാസികള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതി ഉള്‍പ്പെടെ ആദിവാസിക്ഷേമം ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയുള്ള നടപടികളാണ് വനം വകുപ്പ് നടപ്പാക്കിവരുന്നത്. പറമ്പിക്കുളം കടുവസങ്കേതത്തില്‍ ആദിവാസികള്‍ക്കായി 52 വീടുകള്‍ പൂര്‍ത്തിയാക്കി. മറ്റ് ആദിവാസി ഊരുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വനാന്തര്‍ഭാഗത്തുള്ള ആദിവാസികളുടെ സമഗ്രവികസനത്തിനായി പട്ടികവര്‍ഗവികസന വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിവരികയാണ്. പങ്കാളിത്ത വനപരിപാലനം ലക്ഷ്യമാക്കി വനസംരക്ഷണ സമിതികള്‍ വഴി വനവികാസ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാവും പദ്ധതി. കൃഷിയുടെ വികസനം, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നും കൃഷിയുടെ സംരക്ഷണം, കടക്കെണിയില്‍ നിന്നും ആദിവാസികളെ മോചിപ്പിക്കാനായി റിവോള്‍വിംഗ് ഫണ്ട് സ്ഥാപിക്കല്‍, മണ്ണ്-ജല സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവ പദ്ധതിയില്‍പ്പെടും. വനങ്ങളുടെ സംരക്ഷണവും പരിപാലനവും വനാശ്രീത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മാത്രമേ നടപ്പാകൂ എന്നുള്ളതിലുപരി കാടിന്റെ അവകാശികളായ അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടത് പ്രകൃതിയോടുള്ള കടപ്പാടിന്റെ ഭാഗമാണ്.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: