ജനയുഗം വാര്‍ത്തകള്‍

‘രാജി വെച്ചു കളയും ഞാന്‍’ – ദിഗംബരന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

‘രാജി വെച്ചു കളയും ഞാന്‍’

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിസ്സാരനല്ലെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാവാന്‍ തരമില്ല. വിദേശത്തെ ഉന്നത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മിടുമിടുക്കനാണ് അദ്ദേഹം. കീര്‍ത്തിമുദ്രകള്‍ ഒന്നല്ല ഒട്ടനവധിയാണ് ചിദംബരത്തിന്. ചെട്ടിയാര്‍ രാജപരമ്പരകളിലെ മുദ്രപതിപ്പിച്ച കിരീടം അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. സമ്പന്നരില്‍ സമ്പന്നനായതുകൊണ്ട് പാവപ്പെട്ടവരെയും ദരിദ്രരെയും കണ്ടാല്‍ അറപ്പും അവരെക്കുറിച്ച് കേള്‍ക്കുന്നത് അലര്‍ജിയുമാണ് അദ്ദേഹത്തിന്. വിശക്കുന്നവന്റെ സ്വപ്നം ആഹാരമാണെന്ന മുഴുത്ത സത്യം അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അറിഞ്ഞുകൂട. വിശക്കുന്നവന്‍ കൂടുതല്‍ കൂടുതല്‍ വിശക്കണമെന്നും ധനാഢ്യര്‍ കൂടുതല്‍ കൂടുതല്‍ ധനാഢ്യരാകണമെന്നും നിര്‍ബന്ധമുള്ളയാളാണ് ചിദംബരം. പലഘട്ടങ്ങളിലായി, പല മന്ത്രിസഭകളില്‍ വാണിജ്യ-ധനകാര്യ മന്ത്രി കസേരകള്‍ ലഭ്യമായപ്പോഴൊക്കെ വിശക്കുന്നവനെ കൂടുതല്‍ വിശക്കുവാനും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കാനുമുള്ള ‘ജനോപകാരപ്രദമായ’ നടപടികള്‍ ഈ കുബേരന്‍ സ്വീകരിച്ചിട്ടുമുണ്ട്.
ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ തന്നെ നിലകൊള്ളണമെന്ന ശാഠ്യമൊന്നും ചിദംബരത്തിനുള്ളതായി അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും ആരോപിക്കുകയില്ല. കോണ്‍ഗ്രസായത് കോണ്‍ഗ്രസ് ഒരു നല്ല കക്ഷിയാണെന്ന് തെറ്റിദ്ധരിച്ചിട്ടൊന്നുമല്ല. കോണ്‍ഗ്രസായാല്‍ അധികം ആയാസപ്പെടാതെ തന്നെ പാര്‍ലമെന്റിലെത്താം, മന്ത്രിയാവാം എന്നൊക്കെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. പണക്കാരോടും രാജ പരമ്പരകളോടും നിസ്സീമമായ സ്‌നേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോണ്‍ഗ്രസിനുണ്ടെന്ന് ചിദംബരത്തിനറിയാമായിരുന്നു. ഖദര്‍ ധരിക്കണമെന്നും അതൊരു അടയാളമായി കൊണ്ടു നടക്കണമെന്നുമുള്ള ലളിതമായ കാര്യം മാത്രമേ കോണ്‍ഗ്രസാകാന്‍ വേണ്ടതുള്ളൂ എന്നതും ശിവഗംഗക്കാരനായ ചിദംബരത്തിനറിയാം. പക്ഷേ എപ്പോഴും കോണ്‍ഗ്രസായി നിന്നു കൊള്ളാമെന്നൊന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലാത്തതുകൊണ്ട് ഇടയ്ക്ക് കോണ്‍ഗ്രസ് വിടുകയും ചെയ്യാമെന്ന് ചിദംബരത്തിന് നിശ്ചയമുണ്ട്.
കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായിരുന്ന ജി കെ മൂപ്പനാര്‍ കോണ്‍ഗ്രസിന് ട്രബിള്‍ സൃഷ്ടിച്ചുകൊണ്ട് തമിഴ്മാനിലാ കോണ്‍ഗ്രസുണ്ടാക്കിയപ്പോള്‍ ചിദംബരവും ഒപ്പം കൂടി. കോണ്‍ഗ്രസില്‍ എവിടെയൊക്കെ പ്രശ്‌നമുണ്ടായാലും അതു പരിഹരിക്കാന്‍ ഓടി നടന്ന പ്രശ്നപരിഹാരി തന്നെ പ്രശ്‌നക്കാരനാവുമ്പോള്‍ കൂട്ടത്തില്‍ നില്‍ക്കേണ്ട കടമ തനിക്കുമുണ്ടെന്ന് ചിദംബരത്തിന് ഉള്‍വിളി ഉണ്ടായി. പക്ഷേ മൂപ്പനാര്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിയപ്പോള്‍ കൂടെപ്പോകാന്‍ ചിദംബരത്തെ കിട്ടിയില്ല. ആരും അറിയാത്തതും ഇന്ന് ചിദംബരത്തിനുപോലും ഓര്‍മ്മയില്ലാത്തതും ആരും കൂടെയില്ലാത്തതുമായ ഒരു പേരുമിട്ട് ഒരു കക്ഷിക്ക് ഒറ്റയ്ക്ക് നേതൃത്വം നല്‍കാനുള്ള വീരസാഹസികതയ്ക്ക് ചിദംബരം മുതിര്‍ന്നു കളഞ്ഞു.
എങ്ങനെയായാലും മന്ത്രിയായിരിക്കണമെന്ന വാശി ഉള്ളതുകൊണ്ട് ദേവഗൗഡ, ഐ കെ ഗുജ്‌റാള്‍ മന്ത്രിസഭകളിലും നുഴഞ്ഞുകയറി. 2004 ലെ തിരഞ്ഞെടുപ്പില്‍ ചിദംബരം മത്സരിച്ചത് കോണ്‍ഗ്രസ് ടിക്കറ്റിലല്ല. പക്ഷേ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ യു പി എ മന്ത്രിസഭ വന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് പട്ടികയില്‍ മന്ത്രിയായി. മന്ത്രി പദവിയില്‍ മുന്തിയ ഇനമായ ധനകാര്യം തന്നെ സ്വന്തമായി. പക്ഷേ ഒരിക്കല്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് അംഗത്വം അദ്ദേഹം തിരിച്ചുവാങ്ങിയിരുന്നില്ല. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പില്ലാതെ കോണ്‍ഗ്രസ് മന്ത്രിയായതു സഹിക്കാം. പക്ഷേ മെമ്പര്‍ഷിപ്പില്ലാതെ, സ്വന്തമായുണ്ടാക്കിയ ആരുമാരുമറിയാത്ത പാര്‍ട്ടിയെ ഉപേക്ഷിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും ഈ മന്നന്‍ പതിവായി പങ്കെടുത്തു. ചിദംബരത്തിന്റെ മഹത്വം പിടികിട്ടാന്‍ ഈ ഒറ്റ സംഭവം മാത്രം മതി. ഒരു മെമ്പര്‍ഷിപ്പില്‍ എന്തിരിക്കുന്നു? എന്ന് സോണിയാഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കൊണ്ട് പറയാതെ പറയിപ്പിക്കുവാന്‍ ചിദംബരത്തിന് സാധിച്ചു. 2009 ആയപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു. അദ്ദേഹത്തിന്റെ ആരോരുമില്ലാത്ത കക്ഷിയെ അദ്ദേഹം എന്തു ചെയ്തുവെന്ന് ആരുമാരും ചോദിച്ചില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ലയന സമ്മേളനം എന്ന പ്രഹസന നാടകം ഒഴിവാക്കി അദ്ദേഹം സഹായിച്ചു. ആരോരുമറിയാതെ, അദ്ദേഹം പോലും അറിയാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ലയിച്ചു ചേര്‍ന്നു. മണ്ണില്‍ നഗ്നപാദനായി നടക്കുന്ന മനുഷ്യരെ കാണാന്‍ കഴിവില്ലാത്ത ചിദംബരത്തെ പോലുള്ളവര്‍ നേതൃത്വം നല്‍കുന്നതുകൊണ്ട് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഒരു മൈനര്‍ പാര്‍ട്ട്ണറാണ്. കരുണാനിധിയുടെയും ജയലളിതയുടെയും ദയാവായ്പ്പിനായി തരാതരം പോലെ തലകുനിക്കുകയും മുട്ടിലിഴയുകയും ചെയ്യുന്ന ഒരു ചിന്ന പാര്‍ട്ടി.
പാര്‍ട്ടി തമിഴ്‌നാട്ടില്‍ ചെറുതായതുകൊണ്ട് ചിദംബരത്തിന് നഷ്ടമൊന്നുമില്ല. വമ്പന്‍ സ്ഥാനങ്ങള്‍ ചിദംബരത്തിന് സ്വന്തമാകുമ്പോള്‍ പാര്‍ട്ടി വലുതാകണമെന്ന് കാംക്ഷിക്കുന്നതെന്തിന്? ധനമന്ത്രി പദവിയില്‍ സ്വച്ഛന്ദ വിഹാരം നടത്തുമ്പോഴാണ് ആഭ്യന്തര മന്ത്രി പദവി സ്വന്തമായത്. ബോംബ് സ്‌ഫോടന പരമ്പരകളും ഭീകരാക്രമണങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വേഷം മാറി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട് സൗന്ദര്യബോധം പ്രകടമാക്കിയ അഴകിയ രാവണനായ ആഭ്യന്തരമന്ത്രിയെ സഹിക്കവയ്യാതായപ്പോഴാണ് ശിവരാജ് പാട്ടീലിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത്. പകരം മറ്റൊരു ‘അഴകുള്ള രാവണ’നെ പ്രതിഷ്ഠിച്ചു.
ആഭ്യന്തര മന്ത്രിയായ ശേഷം ‘അമ്പട ഞാനേ’ എന്ന മട്ടിലും ഭാവത്തിലുമായിരുന്നു ചിദംബരം. സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസിതര സര്‍ക്കാരുകളെ പുലഭ്യം പറഞ്ഞ് ‘ഞാനൊരു മഹാകേമന്‍, എന്നെ കണ്ടു പഠിപ്പിന്‍’ എന്നു  പറയാതെ പറഞ്ഞ് ഞെളിഞ്ഞു നടക്കുകയായിരുന്നു ഈ വില്ലാളി വീരന്‍. അദ്ദേഹം ആഭ്യന്തര മന്ത്രിയായ ശേഷവും സ്‌ഫോടനങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മാവോയിസ്റ്റ് അതിക്രമങ്ങള്‍ക്കും തെല്ലും ക്ഷാമമുണ്ടായില്ല. അതെല്ലാം കിരീടത്തിലെ സുവര്‍ണ മുദ്രകളായി ചിദംബരവും മന്‍മോഹന്‍ സിംഗും കൊണ്ടു നടന്നു. ഒടുവില്‍ 76 അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഹുങ്ക് നിലത്ത് വീണുടഞ്ഞു. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ദയനീയ പരാജയം ഉച്ചത്തില്‍ വിളിച്ചറിയിക്കപ്പെട്ടു.
മൂന്ന് ദിവസം തലപുകഞ്ഞാലോചിച്ചു. നാലാം നാള്‍ രാവിലെ പോംവഴി ബുദ്ധിരാക്ഷസന് തെളിഞ്ഞുകിട്ടി. വീഴ്ചയുടെ സര്‍വ്വ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായി പരസ്യ പ്രഖ്യാപനം നടത്തി. പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും രാജിക്കത്ത് നല്‍കിയതായി രഹസ്യ പ്രഖ്യാപനവും നടത്തി. ചാനലുകാര്‍ ആഘോഷിച്ചു. പക്ഷേ ആഘോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേയുണ്ടായുള്ളു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും രാജിക്കത്ത് നിര്‍ദ്ദയം കീറിക്കളഞ്ഞത്രേ, രാജി നല്‍കിയത് ആരും കണ്ടില്ല. കീറിയെറിഞ്ഞതും ആരും കണ്ടില്ല. എല്ലാം കണ്ടതും അറിഞ്ഞതും ചിദംബരം മാത്രം. അറിയിച്ചതും അദ്ദേഹം തന്നെ. ”ആറ്റിലേയ്ക്കച്യുതാ, ചാടല്ലേ, ചാടല്ലേ കാട്ടിലെ പൊയ്കയല്‍ പോയി നീന്താം” എന്ന് മന്‍മോഹന്‍ ചിദംബരത്തിന്റെ ചെവിയില്‍ മന്ത്രിച്ചുപോലും. മാലോകരെ കുടുകുടാ ചിരിപ്പിക്കുന്ന ഓരോരോ രാജി തമാശകള്‍. വിശക്കുന്നവരെയും പട്ടിണിക്കാരെയും ചിരിപ്പിക്കുന്നതിലും ചിദംബരത്തിന്റെയും കോണ്‍ഗ്രസിന്റെയും സംഭാവനകള്‍ പെരുത്തത് തന്നെ.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: