ജനയുഗം വാര്‍ത്തകള്‍

നമ്മുടെ പൊലീസെന്തേ ഇങ്ങനെയായി? – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

നമ്മുടെ പൊലീസെന്തേ ഇങ്ങനെയായി?

ആര്‍ വി ജി മേനോന്‍ 

തിരുവനന്തപുരത്തുവച്ച് ഒരു വിമാനത്തില്‍ ബോംബു വച്ച കേസിന്റെ അന്വേഷണത്തെപ്പറ്റി പത്രത്തില്‍ വായിച്ചപ്പോള്‍ വാസ്തവത്തില്‍ സന്തോഷം തോന്നി. വളരെ ശാസ്ത്രീയവും തന്ത്രപരവുമായ തെളിവു ശേഖരണത്തിലൂടെ മൂന്നാം മുറയോ, പീഡനമോ ഒന്നും കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. മാതൃകാപരമായ നേട്ടം. വേണമെന്നു വച്ചാല്‍ ഇങ്ങനെ കേസന്വേഷണം നടത്താനും നമ്മുടെ പൊലീസിനറിയാം എന്നര്‍ഥം. എന്നാല്‍ നമ്മള്‍ പതിവായി കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളവയല്ല. ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ തയ്യാറാക്കുന്നതില്‍ അക്ഷന്തവ്യമായ കുസൃതി കാട്ടിയതിലൂടെ ഒരു വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തപ്പെട്ട അധ്യാപകനെ കൈയില്‍ കിട്ടാത്ത ദേഷ്യത്തിന് ഒരു കുറ്റവും ചെയ്യാത്ത അയാളുടെ മകനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിച്ചതച്ചു. ഒരു ട്രാഫിക് അപകടത്തില്‍ പെട്ട് തന്റെ ആസ്പത്രിയിലെത്തിയ പേഷ്യന്റിനെ അടിയന്തിരമായി കൂടുതല്‍ വിദഗ്ധമായ ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി മറ്റൊരാസ്പത്രിയിലേക്കു കൊണ്ടുപോകാന്‍ തുടങ്ങിയ ഡോക്ടറെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. ഒരു ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യ ക്യാമറയെപ്പറ്റി പരാതിപ്പെടാനെത്തിയ പെണ്‍കുട്ടിയുടെ കൂടെവന്ന സഹോദരനെ മര്‍ദ്ദിച്ചു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറെ പോക്കറ്റടിക്കാരെ കൂട്ടുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയും ദേഹോപദ്രവും ഏല്‍പ്പിക്കുകയും ചെയ്തു. ആ ലിസ്റ്റ് നീണ്ടു നീണ്ടു പോകുകയാണ്.
ഇതിനെല്ലാം ഉപരിയാണ് അപൂര്‍വമല്ലാതാകുന്ന കസ്റ്റഡി മരണങ്ങള്‍. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ക്കകം പത്തോളം! 2006 ജൂലായ് മാസം ഒരു പക്ഷേ കേരള പൊലീസിന്റെ ചരിത്രത്തിലെ അഭിശപ്തമായ മാസമായിരുന്നിരിക്കാം: വിവിധ കേസുകളിലായി പൊലീസ് കസ്റ്റഡിയിലായിരുന്ന അഞ്ചുപേരാണ് ആ മാസത്തില്‍ മരിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തേതാണ് പാലക്കാട്ട് ഷീല കൊലക്കേസില്‍ മുഖ്യമായി സംശയിക്കപ്പെട്ട പ്രതി പൊലീസ് മര്‍ദ്ദനം മൂലം കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനലുകള്‍ പൊലീസ് യൂണിഫോമിലാണുള്ളത് എന്നു പണ്ട് ജസ്റ്റിസ് മുള്ള പറഞ്ഞതു ശരിയാണെന്നു തെളിയിക്കാന്‍ ആരൊക്കെയോ കച്ചകെട്ടി ഇറങ്ങിയതുപോലുണ്ട് കാര്യങ്ങള്‍.
ഇതെന്തേ ഇങ്ങനെയാകാന്‍? ‘നാലാം ക്ലാസും ഗുസ്തിയും’ പൊലീസില്‍ ചേരാന്‍ മതിയായ യോഗ്യതയായിരുന്ന പഴയകാലത്തേക്കാള്‍ ഇന്നത്തെ പൊലീസുകാരുടെ നിലവാരം എത്രയോ ഉയര്‍ന്നിട്ടുണ്ട്. അവരില്‍ പലരും ബിരുദധാരികളും ബിരുദാനന്തര ബിരുദക്കാരുമാണ്. എന്നിട്ടുമെന്തേ അതിന്റെ ഗുണം അവരുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കാത്തത്? അവര്‍ക്കു കിട്ടുന്ന പരിശീലനത്തിന്റെ കാര്യത്തിലും ഒരുപാടു മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് പാലക്കാട്ടുള്ള പൊലീസ് പരിശീലന ക്യാമ്പില്‍ സാഹിത്യകാരന്മാരെയും ശാസ്ത്രജ്ഞരെയുമൊക്കെ വിളിച്ചു വരുത്തി ട്രെയിനികള്‍ക്കു ക്ലാസെടുപ്പിച്ചിരുന്നതായി നേരിട്ടറിയാം. പക്ഷേ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള ഒരു ക്യാമ്പില്‍ നിന്നു പുറത്തുവന്ന വാര്‍ത്ത അത്ര ശുഭമല്ല. ചില കേഡറ്റുകള്‍ രാത്രി മതില്‍ ചാടി മദ്യപാനവും മറ്റു സാമൂഹ്യ വിരുദ്ധ നടപടികളും നടത്തി കൈയോടെ പിടിക്കപ്പെട്ടിട്ടും സംഗതി ഒതുക്കിത്തീര്‍ക്കാനായിരുന്നു അധികൃതരുടെ ശ്രമം. നിയമപാലകര്‍ക്കുള്ള പരിശീലനകാലത്ത് അവര്‍ക്കു കിട്ടുന്ന അനുഭവം ഇങ്ങനെയായാല്‍ ഭാവിയിലും എന്തെങ്കിലും കുരുക്കില്‍ പെട്ടാല്‍ അതെങ്ങനെയും ഒതുക്കിത്തീര്‍ക്കാം എന്നല്ലേ അവര്‍ പഠിക്കുക. ഒരതിരുവരെയെങ്കിലും തീര്‍ത്തും ജുഗുപ്‌സാവഹമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം അതില്‍ ഉള്‍പ്പെടുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നില്ല എന്നതു തന്നെയാണ്. ജനരോഷം ശമിപ്പിക്കാനായി ഒരു സസ്‌പെന്‍ഷനും അന്വേഷണവും ഒക്കെയുണ്ടാകും. പിന്നീട് എന്തു സംഭവിക്കുന്നു എന്നത് ആരാ ശ്രദ്ധിക്കുക? കുറേനാള്‍ കഴിഞ്ഞ് ഇതേ ഉദ്യോഗസ്ഥന്‍ തന്നെ മറ്റൊരു കുന്ത്രാണ്ടത്തില്‍ പെടുമ്പോഴായിരിക്കും ഇദ്ദേഹം തിരിയെ സര്‍വീസില്‍ കയറിയ കാര്യം പത്രക്കാര്‍ പോലും അറിയുക. എന്തു തെമ്മാടിത്തം കാട്ടിയാലും സംരക്ഷിക്കപ്പെടും എന്ന തോന്നലുണ്ടായാല്‍ തെമ്മാടിത്തങ്ങള്‍ താനേ പെരുകും. സംരക്ഷണം രാഷ്ട്രീയമാകാം; സഹപ്രവര്‍ത്തകരോടുള്ള കൂറിന്റെ പേരില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഉദ്യോഗസ്ഥ തലത്തിലുമാകാം. വാസ്തവത്തില്‍, തങ്ങള്‍ക്കു കൂടി ചീത്തപ്പേരുണ്ടാകുന്ന ഇത്തരം ചീഞ്ഞ മുട്ടകളെ കൈയോടെ പുറത്താക്കുന്നതിനാണ് ഡിപ്പാര്‍ട്ടുമെന്റിനോടു കൂറുള്ള സഹപ്രവര്‍ത്തകര്‍ ഉത്സാഹിക്കേണ്ടത്. പക്ഷേ പലപ്പോഴും തെറ്റായ മാനുഷിക പരിഗണനകളുടെ പേരിലാണ് ഇവര്‍ സംരക്ഷിക്കപ്പെടുന്നത്. ജോലിയില്‍ നിന്നു പിരിച്ചുവിട്ടില്ലെങ്കില്‍പോലും പൊതുജനങ്ങളുമായി ഇടപെടേണ്ടുന്ന തസ്തികകളില്‍ നിന്നെങ്കിലും ഇവരെ മാറ്റി നിര്‍ത്തുന്നതാണ് ഡിപ്പാര്‍ട്ടുമെന്റിനും നല്ലത്.
ഇതൊക്കെ ശരിയാണെങ്കില്‍ തന്നെയും നമ്മുടെ പൊലീസ് ഇങ്ങനെയാകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്കും, അതായത് നാമുള്‍പ്പെടുന്ന സമൂഹത്തിനും ഒഴിവാകാനാകുമെന്നു തോന്നുന്നില്ല. അതെങ്ങനെയാണെന്നോ? പൊലീസ് ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ഭരണത്തിലേറിക്കഴിഞ്ഞപ്പോള്‍ അതു മാറ്റാനെന്തെങ്കിലും ചെയ്‌തോ? അതോ ആ മര്‍ദ്ദനോപകരണത്തെ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ ഉപയോഗിക്കാനാണോ അവര്‍ ശ്രമിച്ചത്? പണ്ട് നാട്ടുപ്രമാണിമാരില്‍ നിന്നും മുതലാളിമാരില്‍ നിന്നും വന്നിരുന്ന ഫോണ്‍ വിളികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പകരം പുതിയ കേന്ദ്രങ്ങളില്‍ നിന്നായി ഇടപെടലുകള്‍, എന്നതല്ലേയുള്ളു വ്യത്യാസം? പൊലീസിനെ സംബന്ധിച്ചിടത്തോളം പഴയ യജമാനന്മാര്‍ക്കു പകരം പുതിയ യജമാനന്മാര്‍, എന്നതല്ലാതെ മുഖം നോക്കാതെ നിയമം നടപ്പാക്കുക എന്ന സ്വാതന്ത്ര്യവും ഉത്തരവാദിത്തവും കൈവന്നുവോ? തങ്ങള്‍ പൊതുജന സേവകരാണ് എന്ന ബോധ്യം എന്നെങ്കിലും ഉണ്ടായോ? ഇല്ലെങ്കില്‍ അതിന്റെ കാരണമെന്ത്?
സാധാരണക്കാരായ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തമുണ്ട്. അവര്‍ പൊലീസില്‍ നിന്നു പ്രതീക്ഷിക്കുന്നതും തെറ്റായ ചില കാര്യങ്ങളാണ്. നിയമം അനുസരിക്കുന്ന എന്നെപ്പോലുള്ളവരെ സംരക്ഷിക്കുകയും നിയമം ലംഘിക്കുന്ന കള്ളന്മാരെയും ദുഷ്ടന്മാരെയും ശിക്ഷിക്കുകയും ചെയ്യുന്ന പൊലീസാണ് എന്റെ മനസ്സിലുള്ളത്. എന്റെ വീട്ടില്‍ മോഷണം നടന്നാല്‍ ഞാന്‍ സംശയിക്കുന്നവരെ പോലീസു പിടിച്ച് ”വേണ്ട രീതിയില്‍” ചോദ്യം ചെയ്ത് കുറ്റം തെളിയിക്കണം. ”വേണ്ട രീതിയില്‍” എന്നാല്‍ മൂന്നാംമുറ തന്നെ. അല്ലെങ്കില്‍ എന്തു പൊലീസ്? വേണമെങ്കില്‍ അതിനു സ്വല്‍പം കാശു മുടക്കാനും ഞാന്‍ തയാറാണ്. സന്തോഷത്തോടെയല്ലെങ്കിലും. എന്നാല്‍ സംഗതി അധാര്‍മിക മാണെങ്കില്‍ കാശു മുടക്കുന്നതു സന്തോഷത്തോടെയായിരിക്കും. വിരോധമുള്ളവരെ പൊലീസ് കേസില്‍ കുടുക്കുന്നത് പഴയൊരു ഏര്‍പ്പാടാണല്ലോ. പൊലീസിനും സന്തോഷം. ഇടിക്കാനും കാശ്, ഇടിക്കാതിരിക്കാനും കാശ്. ഇതിന്റെ മറുവശമാണ്, എനിക്കെന്തെങ്കിലും കൈയബദ്ധം പറ്റിയാല്‍ കേസില്‍ നിന്നു തലയൂരാനായി പൊലീസിനു കാശുകൊടുക്കുക എന്നത്. അല്ലെങ്കില്‍, സ്വാധീനമുള്ളവരെ കൊണ്ടു വിളിച്ചുപറയിക്കുക. അത് ഉദ്യോഗ സ്വാധീനത്തിന്റെ പേരിലോ ബന്ധുത്വത്തിന്റെ പേരിലോ രാഷ്ട്രീയ ബന്ധങ്ങളുടെ പേരിലോ വെറും കാശിന്റെ ബലത്തിലോ ആകാം. ഇതിനൊന്നും വഴങ്ങാത്ത പൊലീസ് ഒരു വലിയ ശല്യം തന്നെയാണല്ലോ. അല്ലാതെ, ”എനിക്ക് ഒരു തെറ്റു പറ്റി; അതിന് കോടതി നിശ്ചയിക്കുന്ന ശിക്ഷ ഞാന്‍ അനുഭവിച്ചുകൊള്ളാം” എന്ന് എത്ര പേര്‍ കരുതും?
പൊലീസിന്റെ ബല പ്രയോഗത്തെപ്പറ്റി നമുക്കുള്ള സങ്കല്‍പങ്ങളും ഇതുപോലെ പഴഞ്ചനാണ്. കള്ളന്മാരെക്കൊണ്ടും മുട്ടാളന്മാരെക്കൊണ്ടും സത്യം പറയിക്കാന്‍ അസാരം കൈക്രിയ ആവശ്യമാണെന്ന് ഒട്ടുമിക്കവരും ആത്മാര്‍ഥമായിത്തന്നെ വിശ്വസിക്കുന്നു. ”വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍” എന്നതില്‍ അതെല്ലാം അടങ്ങിയിരിക്കുന്നു. നാം നിത്യേന സിനിമകളിലും സീരിയലുകളിലും കാണുന്ന ദൃശ്യങ്ങള്‍ ഈ സങ്കല്‍പത്തെ അരക്കിട്ടുറപ്പിക്കുന്നു. കുറ്റം തെളിയിക്കാന്‍ മാത്രമല്ല അല്ലാതെയും നമുക്കിഷ്ടമില്ലാത്ത കഥാപാത്രങ്ങളെ പൊലീസുകാര്‍ ഭേദ്യം ചെയ്യുമ്പോള്‍ ‘അവന് (അവള്‍ക്ക്) അതു കിട്ടണം’ എന്ന് നമ്മുടെ ഹൃദയം മന്ത്രിക്കുന്നു. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെയോ തെളിയിക്കപ്പെട്ടവരെത്തന്നെയോ ദേഹോപദ്രവമേല്‍പ്പിക്കാന്‍ പൊലീസിനധികാരമില്ലെന്നുപോലും മിക്കവര്‍ക്കും അറിഞ്ഞുകൂടാ. ”ഇടിക്കാത്ത പൊലീസ് എന്തു പൊലീസ്!” എന്നാണു കള്ളന്മാര്‍ പോലും ചിന്തിക്കുക.
ഇത്തരമൊരു ചിത്രം പൊലീസിനെപ്പറ്റി നാം വച്ചു പുലര്‍ത്തുകയും സകലവിധ മാധ്യമങ്ങളിലും കൂടി അതു നിരന്തരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പൊലീസ് അതിനനുസരിച്ചു സ്വയം രൂപാന്തരപ്പെടും. വിദ്യാഭ്യാസരംഗത്ത് അംഗീകരിക്കപ്പെട്ട ഒരു തത്വമുണ്ട്. ”നീയൊന്നും നന്നാകില്ലെടാ. നീയൊക്കെ തോല്‍ക്കയേ ഒള്ളൂ. ബുദ്ധിയില്ലാത്ത കഴുതകള്‍!” എന്ന് നിരന്തരം അധ്യാപകന്‍ ശപിച്ചുകൊണ്ടിരുന്നാല്‍ കുട്ടികള്‍ അങ്ങനെതന്നെ വളരും. എന്നാല്‍ ”നിങ്ങളൊക്കെ മിടുക്കന്മാരാണ്, എന്തും നേടാന്‍ പോന്നവര്‍. ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഫസ്റ്റ് ക്ലാസു തന്നെ കിട്ടും” എന്ന് ഒരു ക്ലാസില്‍ അധ്യാപകന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നാല്‍ അവര്‍ അതിനനുസരിച്ച് നേട്ടങ്ങള്‍ കൊയ്യും. 
നമ്മള്‍ പൊലീസുകാര്‍ക്കു കൊടുക്കുന്ന ബോധവല്‍ക്കരണം എപ്രകാരമാണ്? ഏതുവിധത്തിലുള്ള പെരുമാറ്റമാണ് സമൂഹം അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്? ലണ്ടന്‍ ബോബ്ബിയില്‍ നിന്ന് ഇംഗ്ലീഷുകാര്‍ മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു. അതു ബോബ്ബിക്കും അറിയാം. അതുകൊണ്ട് ബോബ്ബി അങ്ങനെയേ പെരുമാറൂ. എന്നാല്‍ നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റം നമ്മുടെ കഥകളും സിനിമകളും സീരിയലുകളും നമുക്കു കാണിച്ചുതരുന്ന മാതൃകകളാണ്. അതുതന്നെയാണ് പൊലീസുകാരുടെ മുന്നിലുള്ള മാതൃകകളും. അവരും അതനുസരിച്ചു പെരുമാറുന്നു. (ചില പത്ര റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ പുതിയ ചില മര്‍ദ്ദനമുറകളും അവര്‍ സിനിമയിലും സീരിയലുകളിലും നിന്നു പകര്‍ത്തുന്നുണ്ടോ എന്നു സംശയം).
ഏതായാലും നാം പോലീസില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതിയെക്കുറിച്ചു പുതിയ മാതൃകകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. പഴയ ഐ ജി ശിങ്കാരവേലു ”ഗുഡ് മോണിങ്ങ്” സംസ്‌കാരം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തൊരു പുച്ഛമായിരുന്നു നമുക്കൊക്കെ. നാമെല്ലാം അതിനെ ഒരു ഹാസ്യ നാടകമായിട്ടാണു കണ്ടത്. എന്താണതിന്റെ പൊരുള്‍? നാം മാറാന്‍ ഒരുക്കമല്ല; മാറ്റം പ്രതീക്ഷിക്കുന്നില്ല, എന്നല്ലേ? ആദ്യം നാം മാറ്റം ആഗ്രഹിക്കണം; പിന്നെ ആവശ്യപ്പെടണം; എന്നിട്ടതു പ്രതീക്ഷിക്കണം. അങ്ങനെയേ മാറ്റങ്ങള്‍ വരൂ.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: