ജനയുഗം വാര്‍ത്തകള്‍

ഉമാഭാരതിയുടെ തിരിച്ചുവരവ്: ബി ജെ പിയില്‍ പ്രതിസന്ധി – എല്‍ എസ് ഹര്‍ദേനിയ

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

ഉമാഭാരതിയുടെ തിരിച്ചുവരവ്: ബി ജെ പിയില്‍ പ്രതിസന്ധി

 എല്‍ എസ് ഹര്‍ദേനിയ

മധ്യപ്രദേശിലെ ബി ജെ പി ഘടകവും സംസ്ഥാന സര്‍ക്കാരും പ്രതിസന്ധിയിലായി. ഉമാഭാരതിയെ ബി ജെ പി യില്‍ തിരിച്ചെടുക്കാന്‍ ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗഡ്കാരി നടത്തുന്ന നീക്കമാണ് സംഘടനാതലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഉമാഭാരതിയെ തിരിച്ചെടുത്താല്‍ സ്ഥാനമൊഴിയുമെന്നു  മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ ഭീഷണിപ്പെടുത്തിയതില്‍ നിന്നു പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്.
ഭാരതീയ ജനശക്തിയില്‍നിന്നും താന്‍ രാജിവെക്കുന്നതായി മാര്‍ച്ച് 25 നാണ് ഉമാഭാരതി പ്രഖ്യാപിച്ചത്. ബി ജെ പിയില്‍ നിന്നും പുറത്തുവന്നശേഷം ഉമാഭാരതി രൂപം നല്‍കിയ പാര്‍ട്ടിയാണ് ഭാരതീയ ജനശക്തി. പാര്‍ട്ടിയുടെ പ്രസിഡന്റും ഉമാഭാരതിയാണ്. കഴിഞ്ഞ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ചില ഉപ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചില മണ്ഡലങ്ങളില്‍ ബി ജെ പിയുടെ പരാജയം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉമാഭാരതി രാജിവെച്ചത് ബി ജെ പിയില്‍ തിരിച്ചുവരുന്നതിന്റെ മുന്നോടിയാണെന്ന് വ്യക്തമായിരുന്നു. നിതിന്‍ ഗഡ്കാരി ബി ജെ പി പ്രസിഡന്റ് സ്ഥാനം ഏറ്റശേഷം ഗോവിന്ദാചാര്യ, ഉമാഭാരതി തുടങ്ങി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിവരികയായിരുന്നു. ഗോവിന്ദാചാര്യ ”രാഷ്ട്രീയ സ്വാഭിമാന്‍ അന്തോള”നില്‍ നിന്നും ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു. ബി ജെ പിയില്‍ നിന്നും പുറത്തായശേഷം ഗോവിന്ദാചാര്യ രൂപം നല്‍കിയ സംഘടനയാണ് രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍. അതിന്റെ കണ്‍വീനര്‍ ഗോവിന്ദാചാര്യയാണ്. സംഘടനയുടെ ഭോപ്പാലില്‍ നടന്ന യോഗത്തില്‍വെച്ചാണ് ഗോവിന്ദാചാര്യ രാജി പ്രഖ്യാപിച്ചത്. ഉമാഭാരതിയുടെ മാര്‍ഗനിര്‍ദേശകനായാണ് ഗോവിന്ദാചാര്യ അറിയപ്പെടുന്നത്. അദ്ദേഹം ബി ജെ പിയിലേക്ക് തിരിച്ചുവരുമ്പോള്‍ ഒപ്പം ഉമാഭാരതിയുമുണ്ടാകുമെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാല്‍ ഉമാഭാരതിയുടെ പുനപ്രവേശനത്തെ ശക്തമായി എതിര്‍ക്കാനാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഉമാഭാരതി തിരിച്ചുവന്നാല്‍ ബി ജെ പിയുടെ സംസ്ഥാന ഘടകത്തില്‍ തമ്മിലടിക്ക് വഴിതുറക്കുമെന്ന് നേതാക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. തിരിച്ചുവരുമ്പോള്‍ ഉമാഭാരതിക്ക് പ്രധാനപ്പെട്ട ചുമതല നല്‍കേണ്ടിവരും. തന്നെ പീഡിപ്പിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്ത നേതാക്കന്മാര്‍ക്കെതിരെ പ്രതികാരവാഞ്ഛയോടെയായിരിക്കും ഉമാഭാരതി പെരുമാറുകയെന്നതില്‍ സംസ്ഥാന നേതാക്കന്മാര്‍ക്ക് സംശയമില്ല.
എല്‍ കെ അദ്വാനിയും എ ബി വാജ്‌പേയിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കന്മാരെ പരസ്യമായി അവഹേളിക്കുകയും അവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന് പരസ്യമായി മാപ്പു പറയാതെ ഉമാഭാരതിയെ തിരിച്ചെടുക്കരുതെന്നാണ് ഭൂരിപക്ഷം നേതാക്കന്മാരുടെയും അഭിപ്രായം. അഴിമതിക്കാരുടെയും അവസരവാദികളുടെയും പാര്‍ട്ടിയായാണ് ബി ജെ പിയെ ഉമാഭാരതി വിശേഷിപ്പിച്ചത്. ദേശീയ വിരുദ്ധര്‍പോലും ബി ജെ പിയില്‍ നുഴഞ്ഞുകയറിയതായി അവര്‍ ആരോപിച്ചിരുന്നു. ഉമാഭാരതിയുടെ ആക്രമണങ്ങളുടെ ഒരു പ്രധാന ഇര മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനായിരുന്നു.
ഉമാഭാരതിയെ തിരിച്ചെടുക്കണമെന്നതില്‍ നിതിന്‍ ഗഡ്കാരി ഉറച്ചുനിന്നാല്‍ ബി ജെ പിയുടെ സംസ്ഥാന ഘടകം കുഴപ്പത്തിലാകുമെന്ന കാര്യം തീര്‍ച്ചയാണ്.
ഭരണതലത്തില്‍ സമീപ നാളുകളിലെടുത്ത ചില തീരുമാനങ്ങള്‍ വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പിനും വഴിവെച്ചിട്ടുണ്ട്. പാല്‍വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനമാണ് ഇതില്‍ ഒന്ന്. ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുടിവെള്ള ചാര്‍ജ് മൂന്നിരട്ടി വര്‍ധിപ്പിച്ചതാണ് മറ്റൊന്ന്. ബി ജെ പിയാണ് ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിന്റെ മകന്റെ ഭാര്യ കൃഷ്ണഗൗറാണ് കോര്‍പ്പറേഷന്‍ മേയര്‍.
കുടിവെള്ള ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെ ഭോപ്പാലില്‍ ജനങ്ങള്‍ സമരത്തിലാണ്.
ഭീകരപ്രവര്‍ത്തനം നേരിടാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമവും വ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ രൂപം നല്‍കിയ നിയമത്തിന്റെ മാതൃകയിലുള്ള ഈ നിയമം വ്യാപകമായ പൗരാവകാശ ലംഘനത്തിനു വഴിയൊരുക്കും. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാനായിരിക്കും ഈ നിയമം ബി ജെ പി സര്‍ക്കാര്‍ ഉപയോഗിക്കുകയെന്ന ഭീതി പരന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് മന്ത്രിമാരുടെയും എം എല്‍ എമാരുടെയുമെല്ലാം ശമ്പളവും അലവന്‍സും കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ബില്‍ ചര്‍ച്ച കൂടാതെ നിയമസഭ പാസാക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളവും അലവന്‍സും ലഭിക്കുന്ന നിയമസഭാ സാമാജികര്‍ മധ്യപ്രദേശിലായിരിക്കും.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: