വി വി കെയുടെ കവിത: കാലത്തിന്റെ കണ്ണാടി – കുരീപ്പുഴ ശ്രീകുമാര്‍
Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010
വി വി കെയുടെ കവിത: കാലത്തിന്റെ കണ്ണാടി
കുരീപ്പുഴ ശ്രീകുമാര്‍
”കവിതപോലെ മഹത്തായ മറ്റൊരു സിദ്ധിയും മനുഷ്യന് ഇന്നോളം നേടിയിട്ടില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിനു യാതൊരു സന്ദേഹവുമില്ല. അന്യഥാ അസഹ്യമാകുമായിരുന്ന ജീവിതത്തെ സഹ്യം മാത്രമല്ല, സ്പൃഹണീയം കൂടിയാക്കുന്നത് കവിതയത്രേ. മനുഷ്യ ജീവിതത്തിനുമാത്രമല്ല കവിത ചൈതന്യധന്യതയണയ്ക്കുന്നത്. കവിതയില്ലായിരുന്നെങ്കില്‍ വിശ്വപ്രകൃതി തന്നെ വിരൂപയും വന്ധ്യയുമായിരുന്നേനെ”. വി വി കെ എന്ന കവിയുടെ രചനകളെ മുന്‍നിര്‍ത്തി സാക്ഷാല്‍ എന്‍ വി കൃഷ്ണവാരിയര്‍ പറഞ്ഞതാണീവാക്കുകള്‍. അധികം കവികളെക്കുറിച്ചൊന്നും നല്ല വാക്കുകള്‍ പറഞ്ഞ ആളായിരുന്നില്ല കൃഷ്ണവാരിയര്‍. വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും പറഞ്ഞ വാക്കുകള്‍.
വി വി കെയുടെ കവിതകളെക്കുറിച്ച് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞത് മൂര്‍ത്ത വസ്തുക്കളെ ഉപേക്ഷിച്ച് അമൂര്‍ത്താശയങ്ങളെ സ്വീകരിച്ച കവിതയെന്നാണ്. മഹാകവി കുമാരനാശാന്റെയും മഹാകവി വള്ളത്തോളിന്റെയും പിന്‍ഗാമിയായ വി വി കെയുടെ കവിതയില്‍ ഉയര്‍ന്നു നില്ക്കുന്ന ആധുനിക പ്രവണതയാണിതെന്നും അഴിക്കോട് നിരീക്ഷിച്ചു.
ശബളാഭമായ ആകാശത്തെയും ശിലാവൃതമായ സഹ്യനിരകളെയും സംയോജിപ്പിക്കുന്ന ഒരു സുവര്‍ണ്ണ മേഖലയായിട്ടാണ് വി.വി.കെയുടെ കവിതയെ കവിയും കഥാകാരനും സഞ്ചാരിയുമായ എസ് കെ പൊറ്റെക്കാട്ട് വിലയിരുത്തിയത്.
ഇങ്ങനെയൊക്കെയായിട്ടും വി.വി.കെയുടെ കവിതകളെ ശ്രദ്ധിക്കുവാന്‍ പൊതു മലയാളം തികഞ്ഞ അലസതയാണ് കാട്ടിയത്. വായിച്ചാല്‍ മനസ്സിലാകാത്ത രചനകളെപ്പോലും വാഴ്ത്തിപ്പാടാന് നേരം കണ്ടെത്തിയവര്‍ ഇളനീരിന്റെ തെളിമയും ഇനിമയും സൂര്യപ്രകാശത്തിന്റെ സുതാര്യതയുമുള്ള വി.വി.കെയുടെ രചനകളെ കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ കവി മരിച്ച് അരനൂറ്റാണ്ടോളം കാലം കഴിയുമ്പോള്‍ മറവിയുടെ ചിതല്‍പ്പുറ്റുകള്‍ തട്ടിമാറ്റി വി വി കെയുടെ കവിത പ്രകാശിക്കുന്നതാണ് മലയാളനാട് ഇപ്പോള്‍ കാണുന്നത്. കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ് വി വി കെയുടെ പേരില്‍ കവിതയ്ക്കൊരു പുരസ്ക്കാരം പ്രഖ്യാപിച്ചു കൊണ്ട് മറവിയുടെ ഇരിട്ടിലേക്ക് പ്രകാശം പ്രസരിപ്പിച്ചത്. കേരളത്തില്‍ ഒരു സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏക സാഹിത്യപുരസ്ക്കാരവുമിതാണ്.
വലിയ വീട്ടില്‍ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ എന്ന വി.വി.കെ അധ്യാപകനായി ദീര്‍ഘകാലം പണിയെടുത്തതിനിടയിലാണ് കവിതയുടെ ഫലവൃക്ഷങ്ങളെ നട്ടു വളര്‍ത്തിയത്. കാല്പനികതയുടെ വളക്കുറുള്ള മണ്ണില്‍ ഫല സമൃദ്ധമായ വന്മരങ്ങളായി അവ പ്രകാശിക്കുന്നു.
പാടുവാനാകാത്ത സത്യത്തെയാണ് വി വി കെ തേടിയത്. വടക്കന്‍പാട്ടുകളുടെ സംസ്ക്കാരമുള്കൊണ്ട വിവികെയുടെ രചനകളില്‍ ഒതിരവും കടകവും പൂഴിക്കടകനും മുഖം മിനുക്കുന്നതുകാണാം. കേരളന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ച അഭിമാനം കേരള ഗാനം എന്ന രചനയില്‍ പ്രതിഫലിക്കുന്നുണ്ട്. വള്ളത്തോളിനോടും ബോധേശ്വരനോടും ടി ഉബൈദിനോടും ഒപ്പം നില്ക്കുന്ന രചനയാണ് കേരളഗാനം. ഇന്നാരും കേരളത്തെക്കുറിച്ച് അഭിമാനകരമെന്ന രീതിയില്‍ എഴുതുന്നില്ല. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തിയാല്‍ സാമൂഹ്യമായ മൂല്യച്യുതിക്ക് ചികിത്സ ആരംഭിക്കാവുന്നതാണ്.
മഹാകവി കുമാരനാശാന് അന്ത്യവിശ്രമം കൊള്ളുന്ന പല്ലനയാറ്റിന് തീരത്ത് മനസ്സര്പ്പിച്ചുനിന്നാണ് വി വി കെ ശാന്തികുടീരമെന്ന കവിത കുറിച്ചത്. അതില്‍ നിത്യഗേയമായ പദമേതെന്ന് വി വി കെ വിവരിക്കുന്നുണ്ട്. ഹൃദയം ഹൃദയത്തെ സ്പര്‍ശിച്ചു പാടീടുന്നപദം എന്നാണ് സത്യശോഭയുള്ള ആ ദര്‍ശനം. ഏതു കവിയെയും കലാലോക ജ്യോതിസ്സായി മാറ്റുന്നത് ജീവിത വിമര്‍ശനമാണെന്ന് വി വി കെ രേഖപ്പെടുത്തുന്നു. മഹാകവി കുമാരനാശാന് ഇതാണ് ലോകത്തെ പഠിപ്പിച്ചത്. മഹാകവി കുമാരനാശാനെക്കുറിച്ച് അസംഖ്യം കവിതകള്‍ നമ്മുടെ ഭാഷയിലുണ്ടായിട്ടുണ്ട്. അവയില്‍ ദര്ശനശോഭകൊണ്ട് വി വി കെ യുടെ ശാന്തികൂടീരം വേറിട്ടു നില്ക്കുന്നു.
മഹാകവി വള്ളത്തോളിനെക്കുറിച്ചെഴുതിയ ധന്യവാദം എന്ന കവിത അദ്ദേഹത്തിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി എഴുതിയതാണ്. താഴ്വാര മണല്‍ത്തരിപോലെ നിസ്സാരനായ കവി കാവ്യ സാമ്രാജ്യത്തിലെ ഗൗരീശങ്കരത്തെ നോക്കുന്നതായാണ് വി വി കെ രേഖപ്പെടുത്തിയത്. അല്ലാഹുവും മറിയവും അമ്പാടി മണിക്കുഞ്ഞും ഒരു പോലെ ആശ്ലേഷിച്ച വള്ളത്തോളിന്റെ തൂലികയെ വി വി കെ ധന്യവാദത്തില് വാക്കുകൊണ്ട് വരച്ചുവച്ചു.
സമ്പൂര്‍ണമായും മണ്ണിന്റെ കവിയായിരുന്നു വി വി കെ. മണ്ണിന്റെ കവിതയെന്ന രചനയില്‍ വി വി കെ കവിതയെ മണ്ണിലെ ജീവിതത്തിലേക്കു ക്ഷണിക്കുകയാണ്. മണ്ണിന്റെ പാട്ടില്‍ അഴകുകാണുന്നതാരാണ്?, കണ്ണും കരളും തെളിഞ്ഞവരാണ്. താരും മധുവും തളിരുമല്ല, ചോരയും മണ്ണും മരവുമാണ് ലോകത്തിന്റെ പുതുരചനയ്ക്കു നിദാനമെന്നും വി വി കെ നമ്മളെ ബോധ്യപ്പെടുത്തുന്നു.
തോക്കുതോളത്തുവച്ചു നില്ക്കുന്ന ഭടനെക്കാള് തൂമ്പയേന്തി നില്ക്കുന്ന കൃഷിക്കാരനെ സ്നേഹിക്കുന്ന കവിയാണ് വി വി കെ. എന്നാല്‍ കാര്‍ഷികവൃത്തിയെ അഭിവാദ്യം ചെയ്ത മുഴുവന്‍ കവിതകളെയും ചരിത്രമാക്കി മാറ്റിയ രീതിയിലാണ് കേരളം കാര്‍ഷിക കേരളമല്ലാതായത്. പുതിയ കവിതയുടെ വിഷയം വയല്‍ രഹിത കേരളമാണ്.
ജാതീയതയ്ക്കെതിരെ സ്പഷ്ടമായ നിലപാടായിരുന്നു വി വി കെ സ്വീകരിച്ചിരുന്നത്. ഭാരതം ചോദിക്കുന്നു എന്ന കവിതയില്‍ ധര്മ്മത്തിന് വിശാലമാം സാമ്രാജ്യം മതത്തിന്റെ കന്മതില്ക്കെട്ടാല് തുണ്ടുതുണ്ടായി മുറിയുന്നതിനെക്കുറിച്ച് കവി വേദനിക്കുന്നുണ്ട്. നാളത്തെ പൗരന് എന്ന കവിതയില്‍ അയിത്തം പാലിച്ച് അകറ്റി നിര്‍ത്തിയ ദളിതനെ പുരയ്ക്കകത്തു കയറ്റി ആഹാരം കൊടുക്കുകയും ജാതിയെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ തലമുറയെക്കൊണ്ട് പഴയ തലമുറയെ തിരുത്തിക്കുകയെന്ന വലിയ കര്‍മ്മവും ഈ കവിതയില്‍ വി വി കെ ചെയ്യുന്നുണ്ട്.
കവിത കാലത്തിന്റെ കണ്ണാടിയാണെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ചിറകിലെ കവിതയുടെ ശൈലിയും ശീലവും സമൂഹവുമാണ് വി വി കെ യുടെ കവിത.
കവിതയെഴുതുമ്പോള്‍ മാത്രം കവിയായി ജീവിച്ച ആളല്ല, എപ്പോഴും കവിയായിരുന്നു എന്നാണ് കെ പാനൂര്‍ വി വി കെയെ വിലയിരുത്തിയത്. എല്ലാ വിലയിരുത്തലുകളെയും ശരിവച്ചുകൊണ്ട് വി വി കെ മലയാളിയുടെ മനസ്സിലേക്ക് തിരിച്ചുവരികയാണ്.
Advertisements
ഒരു മറുപടി കൊടുക്കുക