ജനയുഗം വാര്‍ത്തകള്‍

കോടീശ്വരന്‍മാരുടെ കൂത്തരങ്ങായി മാറുന്ന ക്രിക്കറ്റ് – സി കെ ചന്ദ്രപ്പന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 20, 2010

കോടീശ്വരന്‍മാരുടെ കൂത്തരങ്ങായി മാറുന്ന ക്രിക്കറ്റ്

സി കെ ചന്ദ്രപ്പന്‍

ഒരു നല്ല കളി, കോടികള്‍ കൈമാറുന്ന എന്തും ചെയ്യാന്‍ മടിക്കാത്ത അധാര്‍മിക ചൂതാട്ടമായി മാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ഇന്ന് നേരിടുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ കളിക്കുവേണ്ടി കളിക്കാരെ അവിശ്വസനീയമായ വന്‍ തുകകള്‍ക്ക് കാലിച്ചന്തയില്‍ കന്നുകാലികളെ ലേലം ചെയ്യുന്നതുപോലെ കച്ചവടം ചെയ്തപ്പോള്‍ത്തന്നെ ഏതാണ്ട് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 2008 ല്‍ ഈ പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിച്ചത് കമ്മ്യൂണിസ്റ്റ് നേതാവ് ഗുരുദാസ് ദാസ് ഗുപ്തയായിരുന്നു. അദ്ദേഹം അന്നു പറഞ്ഞത് ക്രിക്കറ്റിനെ വന്‍കിട കുത്തകകളും വലിയ രാഷ്ട്രീയ നേതാക്കന്‍മാരും ചേര്‍ന്ന് ചൂതാട്ടമാക്കി അധപ്പതിപ്പിക്കുന്നതിന്റെ അധാര്‍മികതയെക്കുറിച്ചും അപകടത്തെപ്പറ്റിയുമായിരുന്നു. സ്വയം ലേലം ചെയ്യപ്പെടാന്‍ അനുവദിച്ച, വന്‍തുകകളുടെ മിന്നലാട്ടത്തില്‍, സ്വന്തം നിലയും വ്യക്തിത്വവും മറന്ന ക്രിക്കറ്റിലെ വമ്പന്‍ കളിക്കാരോട് അദ്ദേഹം സഹതാപം രേഖപ്പെടുത്തി. ഈ പോക്ക് ക്രിക്കറ്റിനെ കച്ചവടച്ചരക്കാക്കി അധപ്പതിപ്പിക്കും എന്നദ്ദേഹം അന്നു താക്കീതു നല്‍കി.
ക്രിക്കറ്റിന്റെ, പ്രത്യേകിച്ച് വരാനിരിക്കുന്ന ഐ പി എല്ലിന്റെ മാസ്മരിക ശക്തിയില്‍ വിഭ്രാന്തി പൂണ്ടിരുന്ന അന്നത്തെ സാഹചര്യത്തില്‍ ആ പ്രസ്താവന അവഗണിക്കപ്പെട്ടു. എല്ലാറ്റിനെയും എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഒരു വികൃതി എന്ന മട്ടില്‍ ആ താക്കീത് ശ്രദ്ധിക്കപ്പെട്ടില്ല അന്ന്.
ശനിയാഴ്ച ഗുരുദാസ് ദാസ് ഗുപ്ത തൃശൂരില്‍ പത്രസമ്മേളനത്തില്‍ കൊച്ചി ഐ പി എല്‍ ടീം സംബന്ധിച്ച വിവാദത്തില്‍പ്പെട്ട ശശി തരൂരിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും ഐ പി എല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വെറും ചൂതാട്ടമായി അധപ്പതിച്ച ഐ പി എല്ലിന്റെ മേല്‍വിലാസത്തില്‍ വന്‍കിട മുതലാളിമാര്‍ നടത്തുന്ന കള്ളപ്പണ ഇടപാടുകളിലേക്ക് അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
ഗുരുദാസ് ദാസ് ഗുപ്ത തൃശൂരില്‍ പറഞ്ഞ സംഗതി ഇന്ന് എല്ലാവരും ശ്രദ്ധിച്ചു. കാരണം ഐ പി എല്ലിന്റെ പിന്നില്‍ ഇന്ത്യയിലും വിദേശത്തുമുള്ള കുത്തകക്കമ്പനികളും അവരുടെ ഏജന്റുമാരും സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തര്‍ക്കമില്ല.
ഈ വിഷയം സംബന്ധിച്ച ചില പ്രധാന വാര്‍ത്തകള്‍ ശ്രദ്ധിക്കുക. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി സി സി ഐ) എന്ന കേന്ദ്രമന്ത്രി ശരത് പവാര്‍ നയിക്കുന്ന വമ്പന്‍ ബോര്‍ഡിന് ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കിയിരിക്കുന്നു.
2008 ല്‍ ഐ പി എല്‍ തുടങ്ങുമ്പോള്‍ മുതല്‍ നടന്ന ടീമുകളുടെ ലേലം, കളിക്കാരുടെ ലേലം, ലേലങ്ങളില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍, അവരുടെ ധന സ്രോതസ് സംബന്ധിച്ച് ഐ പി എല്ലിനു നല്‍കിയ വിവരങ്ങള്‍, ബി സി സി ഐയും ഐ പി എല്ലുമായി ലാഭം പങ്കിട്ടതിന്റെ വിവരങ്ങള്‍, കളിക്കാര്‍ക്ക് ഏതുരീതിയില്‍, എങ്ങനെ, എത്ര പണം നല്‍കി, നികുതി നല്‍കിയതു സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങി എല്ലാറ്റിന്റെയും എല്ലാ രേഖകളും ഏപ്രില്‍ 23ന് മുന്‍പ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ട് ഉത്തരവാദിത്വമുള്ള ഒരാളോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന ഏജന്റോ വഴി സമര്‍പ്പിക്കുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു.
ഇതിനകം തന്നെ ഐ പി എല്‍ ഓഫീസ് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് ചെയ്തിരുന്നു. ഐ പി എല്‍ ചെയര്‍മാനെ ദീര്‍ഘമായി ചോദ്യം ചെയ്യുകയും ചെയ്തു. ഐ പി എല്‍ ക്രിക്കറ്റിനു വേണ്ടി വന്‍തുക മുടക്കിയത് ലോകത്തെയും ഇന്ത്യയിലേയും എണ്ണപ്പെട്ട കോടീശ്വരന്‍മാരാണ്. റിലയന്‍സും കൂട്ടുകാരും ചേര്‍ന്ന് 111.9 മില്യന്‍ ഡോളര്‍ മുടക്കിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ് എന്ന ഐ പി എല്‍ ടീമിനെ സൃഷ്ടിച്ചിരിക്കുന്നത്. 111.6 മില്യന്‍ ഡോളര്‍ മുടക്കി അനില്‍ കുംബ്ലേ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിനെ സൃഷ്ടിച്ചത് മദ്യ ചക്രവര്‍ത്തിയായ വിജയ് മല്ല്യയുടെ യു ബി ഗ്രൂപ്പാണ്; ബാംഗ്ലൂരിലെ ഡെക്കാന്‍ ക്രോണിക്കിള്‍ പത്ര ശൃംഖലയാണ് ഹൈദരബാദിലെ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പിന്നില്‍. അവര്‍ മുടക്കിയത് 107.01 മില്യന്‍ ഡോളര്‍. 91 മില്യന്‍ ഡോളര്‍ മുടക്കി ഇന്ത്യ സിമന്റ്‌സ് സൃഷ്ടിച്ചതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പിന്നില്‍ ജി എം ആര്‍ എന്ന കുത്തക; മുടക്കിയത് 84 മില്യന്‍ ഡോളര്‍. സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉടമസ്ഥരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂടെ റെഡ് ചില്ലി എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡ് മുടക്കിയത് 75.09 ദശലക്ഷം ഡോളര്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പിന്നില്‍ ബോംബെ ഡെയിംഗ് മുടക്കിയത് 76 മില്യന്‍ ഡോളര്‍. രാജസ്ഥാന്‍ റോയല്‍സിന് 67 മില്യന്‍ മുടക്കിയത് ചെല്ലറാം ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍. സിനിമാ താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രീതിസിന്റ, ശില്‍പാ ഷെട്ടി തുടങ്ങിയവര്‍ ഈ ടീമുകളുമായി ബന്ധപ്പെട്ടവരാണ്.
ഐ പി എല്ലിന്റെ 2008, 2009 കളികളില്‍ നിന്നും ബി സി സി എല്ലിന് 578 കോടി രൂപ കിട്ടി. ഫ്രാന്‍ഞ്ചയ്‌സികള്‍ക്ക് (ടീം ഉടമകള്‍ക്ക്) കിട്ടിയത് 533 കോടി രൂപ. സ്റ്റേറ്റ് ക്രിക്കറ്റ് ഫെഡറേഷനുകള്‍ക്ക് ഐ പി എല്‍ വിഹിതമായി 202 കോടി രൂപ വേറെയും നല്‍കി ബി സി സി ഐ.
ഈ ടീമുകളുടെ ഫ്രാന്‍ഞ്ചയ്‌സികളുടെ പിന്നില്‍ പുറത്തറിയാതെ പ്രവര്‍ത്തിച്ച് ലാഭമുണ്ടാക്കുന്ന വന്‍ കമ്പനികള്‍ വേറെയുമുണ്ട്. ഈ വിവരങ്ങളൊക്കെയാണ് ഇന്‍കം ടാക്‌സ് അന്വേഷിക്കുന്നത്.
ഇക്കണ്ട കോടികളൊക്കെ ഇന്ത്യയിലെ സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികള്‍ നല്‍കുന്ന തുകയാണ്. റോമന്‍ ഗ്ലാഡിയേറ്റര്‍മാരെപ്പോലെ ടീമുകളുടെ അടിമകളായി പൊരുതുന്ന ക്രിക്കറ്റ് താരങ്ങള്‍ കുത്തകകള്‍ക്ക് പണം സമ്പാദിക്കാന്‍ വഴിയൊരുക്കുന്നു.
വമ്പന്‍മാര്‍ വന്‍ പണം മുടക്കി നടത്തുന്ന ഈ ക്രിക്കറ്റ് മത്സരം വെറും ചൂതാട്ടമായി മാറുന്നതിന്റെയും അതിലെ വന്‍ ലാഭ സാധ്യതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു കൊച്ചിന്‍ ടീം ഉള്‍പ്പടെ രണ്ടു ടീമുകളുടെ ലേലം. പണ്ടത്തേതിന്റെ എത്ര ഇരട്ടി മുടക്കിയാണ് ഈ ടീമുകള്‍ സ്വന്തമാക്കിയത്, സമ്പന്നന്‍മാരുടെ കൂട്ടായ്മകള്‍. പണമെറിഞ്ഞു പണം വാരുക എന്ന തന്ത്രം അവര്‍ പ്രയോഗിക്കുന്നു.
ഈ കളിയിലാണ് തിരുവനന്തപുരം എം പിയും മന്ത്രിയുമായ ശശി തരൂര്‍ ചെന്നുപെട്ടതും വിവാദങ്ങളില്‍ കഥാപാത്രമായതും.
കേരളത്തിനൊരു ഐ പി എല്‍ ടീം സാധിച്ചതിന് താന്‍ ക്രൂശിക്കപ്പെടുന്നു എന്നാണ് തരൂരിന്റെ നിലപാട്. അദ്ദേഹത്തെ ഉത്തരേന്ത്യന്‍ ലോബി കുടുക്കിയിരിക്കുന്നു. അതുകൊണ്ട് കേരളം അദ്ദേഹത്തെ സഹായിക്കണം എന്നതാണ് കോണ്‍ഗ്രസില്‍ ചിലരുടെ നിലപാട്. എന്നാല്‍ മറ്റു പലരും പറയുന്നത് കോണ്‍ഗ്രസിനിതില്‍ കാര്യമില്ല എന്നാണ്.
ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി പറയുന്നത് ശശി തരൂര്‍ അദ്ദേഹത്തെ നേരില്‍ വിളിച്ചു കൊച്ചി ഫ്രാഞ്ചൈസി ഷെയര്‍ ഹോള്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടരുത് എന്നു പറഞ്ഞുവെന്നാണ്. മോഡിയ്‌ക്കെതിരെ കൊച്ചിന്‍ ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ ഒരാരോപണം ഉന്നയിച്ചിട്ടുണ്ട്. കൊച്ചിന്‍ ഐ പി എല്‍ ലേലം ഉറപ്പിച്ചതിനുശേഷം മോഡി തങ്ങളെ സമീപിച്ചത് 250 കോടി രൂപ തരാം, അവകാശം ഒഴിഞ്ഞാല്‍ എന്നാണ്.
വിഴുപ്പലക്കല്‍ – കൊള്ളപ്പണം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം.
ഇതില്‍ ഒരു കേന്ദ്രമന്ത്രി ഇടപെടണമായിരുന്നുവോ?. അദ്ദേഹത്തിന്റെ അടുത്ത ഒരു സ്‌നേഹിതയ്ക്ക് കൊച്ചിന്‍ ഐ പി എല്‍ ടീമിന്റെ ഷെയറുകള്‍ ലഭിച്ചതും വിവാദമായി.
ഒരു ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് ആയി, യു എന്‍ ആസ്ഥാനത്തിലും മറ്റും ജോലി ചെയ്ത തരൂര്‍ ഒരിക്കലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെകുറിച്ച് അജ്ഞനാണദ്ദേഹം. ഗാന്ധിജി, പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവരെക്കുറിച്ചെല്ലാം തരൂര്‍ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സാധാരണ ജനങ്ങളുടെ വികാരങ്ങളും ജീവിതപ്രശ്‌നങ്ങളുമല്ല, തരൂരിനെ പോലുള്ളവരെ നയിക്കുന്നത്. പണമുണ്ടാക്കി ആര്‍ഭാടമായി ജീവിക്കുക, ജീവിതം ആസ്വദിക്കുക, ഇതാണ് അത്തരക്കാരുടെ ആദര്‍ശം.
അതുകൊണ്ടാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് എം പിമാരുള്‍പ്പെടെ എല്ലാവരെപ്പോലെയും കേരള ഹൗസില്‍ താമസിക്കാതെ ഡല്‍ഹിയിലെ ഒരു സൂപ്പര്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത്. കോണ്‍ഗ്രസ് എം പിമാര്‍ രാജ്യം നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത്, വിമാനത്തില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യണം എന്ന് പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ശശി തരൂര്‍ ‘കന്നുകാലി ക്ലാസി’ലെ യാത്രയെക്കുറിച്ച് പറഞ്ഞ് വിവാദ പുരുഷനായത്.
തരൂര്‍ നേരിടുന്നത് രാഷ്ട്രീയത്തിലെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും പ്രശ്‌നമാണെന്ന്, തമാശ പറഞ്ഞ പ്രധാനമന്ത്രി അവസാന തീരുമാനം എന്ത് എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു തരൂരിന്റെ രാഷ്ട്രീയഭാവി.
എന്നാല്‍ പ്രധാന പ്രശ്‌നം അതല്ല. ഇന്ത്യന്‍ കുത്തകകളും മറ്റു പണച്ചാക്കുകളും ചേര്‍ന്ന് ഒരു നല്ല ഗെയിമിനെ ചൂതാട്ടമാക്കി മാറ്റുന്നതു നല്ലതോ? ഇനി വരാനിരിക്കുന്നത് ”ഒത്തുകളി” വിവാദമാണ്. അതില്‍ തകരുന്നത് ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റുമായിരിക്കും.
ഈ അധപ്പതനത്തിലേക്ക് ക്രിക്കറ്റിനെ കൈപിടിച്ചു നടത്തുന്നത് മൂലധനവും അതിന്റെ അടങ്ങാത്ത ലാഭമോഹവും.
ഇതിനെതിരെ ക്രിക്കറ്റിനെ രക്ഷിക്കാന്‍, ക്രിക്കറ്റ് പ്രേമികളും ജനങ്ങളും സര്‍ക്കാരും മുന്നോട്ടുവരുമോ എന്നതാണ് ചോദ്യം
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: