ജനയുഗം വാര്‍ത്തകള്‍

സിക്‌സറടിക്കാന്‍ മോഹിച്ചു, പക്ഷേ റണ്ണൗട്ടായി

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 20, 2010

സിക്‌സറടിക്കാന്‍ മോഹിച്ചു, പക്ഷേ റണ്ണൗട്ടായി

‘കനകം മൂലം കലഹം, കാമിനി മൂലം കലഹം’ എന്നത് സിനിമാ ഗാനത്തിലെ ഈരടികള്‍ മാത്രമല്ല . പണ്ടേയ്ക്ക് പണ്ടേയുണ്ടായ സംഭവങ്ങള്‍ തെളിയിച്ച സത്യവും ഇന്നും അരങ്ങേറുന്ന അനുഭവവുമാണ്. സ്വത്തിനും പണത്തിനും കാമിനിക്കും വേണ്ടിയുള്ള കലഹം പൗരാണിക കാലത്തുപോലുമുണ്ടായിരുന്നു. അത് വര്‍ത്തമാന കാലത്തും മാറ്റമില്ലാതെ തുടരുന്നു.
കേന്ദ്ര വിദേശകാര്യസഹമന്ത്രി ശശി തരൂരിന്റെ നിഷ്ഠൂര അനുഭവങ്ങള്‍ തെളിയിക്കുന്നതും കാമിനിയുടെയും കനകത്തിന്റെയും ഫലമായുണ്ടാവുന്ന ഉഗ്ര കലഹത്തിന്റെ ആഘാത പ്രത്യാഘാതങ്ങളാണ്. ലണ്ടനിലും കാനഡയിലും ന്യൂയോര്‍ക്കിലും ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ചുറ്റിക്കറങ്ങിയ ശശി തരൂരിന് അവിടങ്ങളിലെ പണി തീര്‍ന്നപ്പോഴാണ് ഇന്ത്യയോട് ആദരവും രാജ്യത്തെ സേവിക്കണമെന്നുള്ള അഭിവാഞ്ജയും പൊട്ടിമുളച്ചത്. ഖദറിനെ അപഹസിച്ച തരൂരിന്, കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കുമ്പോള്‍ മാത്രം ഖദര്‍ ഇഷ്ടവേഷമായി. അവര്‍ക്കും ഖദറിനോട് പുച്ഛമാണെന്ന് പാവത്തിന് അറിയാതെ പോയി. മാംസപിണ്ഡം എന്ന് താന്‍ തന്നെ വിശേഷിപ്പിച്ച വ്യക്തി ആദരണീയയും അഭിവന്ദ്യയുമായ നേതാവായി പരിണമിച്ചു. മുന്‍പിന്‍ നോട്ടമില്ലാതെ ഇന്ദിരയെയും രാജീവിനെയും അപഹസിക്കുകയും പുച്ഛത്തോടെ വിശകലനം നടത്തുകയും ചെയ്ത തരൂര്‍ അവരെ ഈശ്വരതുല്യരായി കണ്ട് നമിക്കുകയും സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു.
ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഇന്ത്യയെ കാണാതിരിക്കുകയും അറിയാതിരിക്കുകയും ചെയ്ത ഈ സാമ്രാജ്യത്വ സ്തുതിപാഠകന് അവിടത്തെ പണിതീര്‍ന്നപ്പോഴാണ് പൊടുന്നനെ കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകിയത്. എല്ലാം കാലത്തിന്റെ കളികള്‍ എന്നു മാത്രമേ തരൂരിന് പോലും വിശദീകരിക്കാനാവുകയുള്ളു.
നൈമിഷിക വേഗതയില്‍ ആര്‍ക്കും കോണ്‍ഗ്രസുകാരനാവാമെന്നതുകൊണ്ട് ശശി തരൂരും കോണ്‍ഗ്രസായി. കോടീശ്വരനായതുകൊണ്ട് കോണ്‍ഗ്രസുകാര്‍ അഭിമാന വിജ്യംഭണത്തോടെ അദ്ദേഹത്തെ എതിരേറ്റു. പാര്‍ലമെന്റില്‍ കോടീശ്വരന്മാരും കുബേരന്മാരും തന്നെ വേണമെന്ന നിര്‍ബന്ധബുദ്ധി കോണ്‍ഗ്രസിനുള്ളതുകൊണ്ട് അദ്ദേഹത്തിന് പാര്‍ലമെന്റ് സീറ്റും കേന്ദ്രമന്ത്രിപദവിയും കിട്ടി. ഉടുമുണ്ടഴിച്ചും കസേരയേറു നടത്തിയും സോഡാകുപ്പി പ്രയോഗം നടത്തിയും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ വിശിഷ്ടത തെളിയിച്ചവരെ വീണ്ടും വീണ്ടും ഈ വൈഭവം ആവര്‍ത്തിക്കുവാനായി നിയോഗിച്ചു. വെയിലുകൊണ്ടും മുദ്രാവാക്യം വിളിച്ചും പെട്ടിയെടുത്തും മുട്ടുതിരുമ്മിയും ക്ഷീണിച്ചവരെ വീണ്ടും വീണ്ടും ക്ഷീണിക്കുവാനായും ചുമതലപ്പെടുത്തി. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന ചൊല്ല് അന്വര്‍ഥമാക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ശശി തരൂരിനെ വിദേശകാര്യ സഹമന്ത്രിയാക്കി.
മുതുക് നോവാതെ വേലി കടന്നതുകൊണ്ട് ഇന്ത്യയില്‍ സാധാരണ ക്ലാസില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കന്നുകാലികളാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. വിമാനം കണ്ടുമാത്രം പരിചയമുള്ളവര്‍ പുഴുക്കളാണെന്നും വിമാനം കണ്ടിട്ടില്ലാത്തവര്‍ കണ്ണില്‍ പെടാത്ത കൃമികളാണെന്നും വിലയിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശരിയായ കോണ്‍ഗ്രസ്സുകാരനാണ് ശശി തരൂരെന്ന് ഓര്‍ത്തോര്‍ത്തും പ്രചരിപ്പിച്ചും കോണ്‍ഗ്രസ്സുകാര്‍ കോള്‍മയിര്‍ കൊണ്ടു.
പ്രണയം മരിക്കുന്നില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? ആര്‍ക്കും അറിയില്ലെങ്കിലും ശശി തരൂരിന് അറിയാം. ‘ഇതിഹാസങ്ങള്‍ ജനിക്കുന്നതിന് മുമ്പ്, ഈശ്വരന്‍ ജനിക്കുന്നതിന് മുമ്പ്, പ്രകൃതിയും കാലവും ചേര്‍ന്ന് പ്രണയത്തെ, ദിവ്യപ്രണയത്തെക്കുറിച്ച് പാടിയിട്ടുണ്ടെന്ന് വയലാര്‍ എഴുതുന്നതിനും മുമ്പേ തരൂരിന് അറിയാവുന്നതാണ്. അതുകൊണ്ട് നിമിഷങ്ങള്‍ നീളുന്ന പ്രണയത്തിലും കേവല വര്‍ഷങ്ങള്‍ നീളുന്ന ദാമ്പത്യത്തിലും അദ്ദേഹം മുങ്ങിക്കുളിച്ചിട്ടുണ്ട്. വെളിപ്പെടുത്തപ്പെട്ടതും ഔദ്യോഗികവുമായ രണ്ട് വൈവാഹിക ജീവിതങ്ങള്‍ നയിച്ച് വിരസത പൂണ്ടതിനാല്‍ മൂന്നാമത്തെ വൈവാഹിക ജീവിതത്തിന്റേതായ റിലേ മത്സരത്തിന്റെ ബാറ്റണ്‍ കയ്യിലേന്തി നില്‍ക്കുമ്പോഴാണ് ചില വിരസരും പ്രണയവിരുദ്ധരും അസൂയാലുക്കളുമായ ആളുകള്‍ പ്രയാണത്തെ തടസ്സപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ‘പ്രേമിയ്ക്ക, അനവതരവും പ്രേമിയ്ക്ക്’ എന്ന വിക്ടര്‍ ഹ്യൂഗോവിന്റെ വരികള്‍ ഈ കുബുദ്ധികള്‍ക്കറിയില്ല.
കേരളത്തിന്റെ ഒരേയൊരു ഇല്ലായ്മ ഐ പി എല്‍ ക്രിക്കറ്റ് ടീമാണെന്ന് തിരിച്ചറിഞ്ഞ് അതിനായി പൊരുതുകയും വിജയിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കോലാഹലം. ഗുജറാത്തിലെ വ്യവസായികളുടെ പണമിറക്കി ഒരു ടീമുണ്ടാക്കിയാല്‍ അത് എങ്ങനെ കേരള ടീം ആകുമെന്ന് ചോദിച്ച് വശംകെടുത്തരുത്. കേരള ടീമിന്റെ സ്വന്തം ഗ്രൗണ്ടായി ഗുജറാത്തിലെ അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്യുന്നതെങ്ങനെ എന്നും ചോദിക്കരുത്. ശശി തരൂര്‍ ഇടപെട്ടതുകൊണ്ട് അത് കേരളത്തിന്റെ ടീമാണ്. അത്രമാത്രം കരുതിയാല്‍ മതി.
സഹസ്രകോടീശ്വരന്മാര്‍ കള്ളപ്പണത്തെ വെളുപ്പിക്കാനും കൂടുതല്‍ കോടികള്‍ കൊയ്യാനും നടത്തുന്ന ചൂതാട്ടം എങ്ങനെ നടത്തണമെന്ന് ഉപദേശിച്ചതിലൂടെ കേരളത്തിന് സൗവര്‍ണ ശോഭയുള്ള ഭാഗ്യമുദ്രയാണ് തരൂര്‍ കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കെ സുധാകരനും എന്തിന് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കുപോലും സംശയമില്ല.
കൊച്ചി കേന്ദ്രീകൃതമായ ഐ പി എല്‍ ടീം വരുന്നതോടെ കേരളം അപ്പാടെ വികസിച്ച് പശ്ചിമഘട്ടം കടക്കും, അറബിക്കടലിനെ അതിജീവിക്കും. കേന്ദ്ര തരേണ്ട അരിയും ഗോതമ്പും മണ്ണെണ്ണയും പഞ്ചസാരയും തന്നില്ലെങ്കിലും വീണ്ടും വീണ്ടും വെട്ടിക്കുറച്ചാലും പട്ടിണിപാവങ്ങള്‍ക്ക് കുഴപ്പമുണ്ടാവാതെ ഐ പി എല്‍ ടീം നോക്കിക്കൊള്ളും. തൊഴിയില്ലാത്തവര്‍ കേരളത്തില്‍ ഇല്ലാതാകും. കേരളത്തോടുള്ള സ്‌നേഹം ഒന്നുകൊണ്ടുമാത്രം തരൂര്‍ മുന്നിട്ടിറങ്ങിയതാണ്. പക്ഷേ അതില്‍ പണമൊന്നും മുടക്കാതെ തരൂരിന്റെ പ്രതിശ്രുത വധുവായി കരുതപ്പെടുന്ന ഒരാളിന് 18 ശതമാനം സ്വതന്ത്ര ഓഹരികളുണ്ടായിപ്പോയി! പണം മുടക്കാതെയും 1550 കോടി ചെലവഴിച്ച ടീമില്‍ ഓഹരിയുണ്ടാക്കാമെന്ന് ബുദ്ധിയുള്ളവര്‍ക്കല്ലേ മനസ്സിലാക്കാന്‍ പറ്റൂ. ടീം ഒപ്പിച്ചെടുക്കാന്‍ പ്രതിശ്രുത വധു നന്നായി വിയര്‍പ്പൊഴുക്കി. ആ വിയര്‍പ്പിന്റെ കൂലിയാണ് പണം മുടക്കാതെയുള്ള 18 ശതമാനം ഓഹരി. പറഞ്ഞാല്‍ വിശ്വസിക്കണമെങ്കില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ക്ഷീണമെത്രയേറെയെന്ന് മനസ്സിലാക്കണം.
ചാനലുകാരെയും പത്രക്കാരെയും കൊണ്ടും നിവൃത്തിയില്ലാതായി. അവര്‍ തോളിലേറ്റി നടക്കുകയും ഉപഹാരങ്ങള്‍ പറ്റുകയും പുകഴ്ത്തുകയും ചെയ്യും. തരം കിട്ടുമ്പോള്‍ തറയിലിട്ട് ചവിട്ടിമെതിക്കുകയും ചെയ്യും. 18 ശതമാനം ഓഹരി കിട്ടിയ ‘കഠിനാധ്വാനി’യായ വനിതയുമായി തരൂര്‍ മുട്ടിയിരുമ്മുന്നതും മുഖം ചേര്‍ത്തുവെയ്ക്കുന്നതും പ്രണയ വിവശനാകുന്നതും സുന്ദരി തോളില്‍ പിടിക്കുന്നതും വ്രീളാവിവശയായി പിച്ചുന്നതുമൊക്കെയായുള്ള ചലന-നിശ്ചല ചിത്രങ്ങള്‍ കാട്ടി അവര്‍ ആഘോഷിച്ചുകളഞ്ഞു.
വമ്പന്‍ സിക്‌സറടിക്കുകയായിരുന്നൂ മോഹം. പക്ഷേ റണ്ണൗട്ടായിപ്പോയി. സംശയം തീര്‍ക്കേണ്ട മൂന്നാം അമ്പയര്‍മാര്‍ക്ക് കാഴ്ചശക്തി നന്നേ കുറവാണെന്നതു മാത്രമായിരുന്നു പ്രതീക്ഷ. പക്ഷെ അവരുടെ കണ്ണുകള്‍ക്ക് പോലും കാഴ്ച നല്‍കാന്‍ പോന്നതായിരുന്നു തരൂരിന്റെ കളി. ശരിയ്‌ക്കൊന്ന് ‘ക്രിക്കറ്റ്’ കളിക്കാന്‍ പോലും സമ്മതിക്കുന്നില്ലെങ്കില്‍ തരൂര്‍ എന്തു ചെയ്യും?.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: