ജനയുഗം വാര്‍ത്തകള്‍

ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് അധാര്‍മ്മികത: കാനം രാജേന്ദ്രന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011

തിരുവല്ല: ഉമ്മന്‍ ചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അധാര്‍മ്മികതയെന്ന് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ ഐ ടി യു സി സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോയില്‍ കേസ് പിന്‍വലിച്ച കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ  നടപടി തെറ്റായിരുന്നു എന്ന് സുപ്രിം കോടതിയുടെ പരാമര്‍ശം വന്ന നിലയ്ക്ക്, പാമോയില്‍ കേസില്‍ പ്രതിയായി നിലനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശരിയാണോ എന്ന് കേരള ജനത സജീവമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എ ഐ ടി യു സി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ശക്തമായി ഇതിനെതിരെ പ്രചാരണം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
യു പി എ സര്‍ക്കാരിന്റെ ബജറ്റില്‍ രാജ്യവിരുദ്ധ, തൊഴിലാളി വിരുദ്ധ നിലപാടുകളാണുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി തൊഴില്‍ മേഖലയില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ് നിരന്തരം ഉണ്ടാവുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതു വഴി നാല്‍പതിനായിരം കോടി രൂപയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയില്ല എന്ന പ്രസ്താവനയിലൂടെ വിലക്കയറ്റ നിയന്ത്രണത്തില്‍ നിന്നും യു പി എ സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഇത്തരം നയങ്ങള്‍ക്കെതിരെ  ഐ എന്‍ ടി യു സി  ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി  23ന്  നടത്തിയ പാര്‍ലമെന്റ്  മാര്‍ച്ച് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശക്തമായ സമരമായിരുന്നു. പാര്‍ലമെന്റ് മാര്‍ച്ചില്‍ ഉണ്ടായ യോജിച്ച പോരാട്ടത്തിന്റെ ആവശ്യകത എ ഐ ടി യു സി സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച് ചെയ്യും. കേന്ദ്ര നയങ്ങളില്‍ നിന്നും വിഭിന്നമായ ബദല്‍ നയം ഉയര്‍ത്തികൊണ്ടുവരാനാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പരിശ്രമിക്കുന്നത്. ഇതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വിജയം വരിച്ചിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന നിരവധി തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കാലങ്ങളായി തൊഴിലില്ലാതെ പട്ടിണിയിലായിരുന്ന തോട്ടം തൊഴിലാളികളെ പട്ടിണിയില്‍ നിന്നും മോചിപ്പിക്കാന്‍ പൂട്ടിയിട്ടിരുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥയും തോട്ടം പൂട്ടിയിരുന്ന കാലത്തെ ശമ്പള കുടിശ്ശികയുള്‍പ്പെടെ നല്‍കുന്നതിന് മാനേജ്‌മെന്റ് തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിച്ചു. തൊഴിലാളികളുടെ ക്ഷാമബത്ത പരിഷ്‌കാരത്തിന് ഇന്‍ഡക്‌സ് റിവിഷന്‍ കമ്മിറ്റി രൂപീകരിച്ചു. പുതിയ ക്ഷേമ ബോര്‍ഡുകള്‍ ആരംഭിച്ചു. തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് ക്ഷേമ ബോര്‍ഡുകള്‍കൊണ്ട് പ്രതീക്ഷിക്കുന്നത്.
തൊഴിലാളികള്‍ക്ക് നിലവിലുള്ളതില്‍ നിന്നും 250 രൂപയായി മിനിമം കൂലി വര്‍ധിപ്പിക്കണം. ക്ഷേമ പെന്‍ഷനുകള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 400 രൂപയാക്കി വര്‍ധിപ്പിച്ചത് ആശ്വാസകരമാണ്. പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് എ ഐ ടി യുസി ആവശ്യപ്പെടുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ഗവ. കഴിയാത്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ നടപടി എന്ന നിലയിലാണ് എ ഐ ടി യു സി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സംരംക്ഷിക്കുന്നതിന് കേന്ദ്ര ബജറ്റില്‍ ഒന്നു തന്നെ പറഞ്ഞിട്ടില്ല. ഇതിന്റെ ബാധ്യത കേരള സംസ്ഥാന ഗവണ്‍മെന്റിനാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും യുപിഎ സര്‍ക്കാര്‍ ഒഴിയുകയാണുണ്ടായത്.
മൂലധന താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ പുതിയ തൊഴില്‍ നയം ഉണ്ടാകണം. അതിന് വേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എല്‍ ഡി എഫ് ഗവണ്‍മെന്റിനാണ്. വീണ്ടും എല്‍ ഡി എഫ് അധികാരത്തില്‍ വരുന്നതിന്  വേണ്ടി  ശക്തമായ പ്രചരണം സംഘടിപ്പിക്കുവാനുള്ള കര്‍മ്മ പരിപാടിക്ക്  എ ഐ ടി യു സി  ജനറല്‍ കൗണ്‍സില്‍ രൂപം നല്‍കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസി. കെ എം  കുട്ടികൃഷ്ണന്‍, ജില്ലാ പ്രസി. ചെങ്ങറ സുരേന്ദ്രന്‍, സെക്രട്ടറി എം വി വിദ്യാധരന്‍, വൈസ് പ്രസി  പി എന്‍ രാധാകൃഷ്ണ പണിക്കര്‍, ജനറല്‍ കൗണ്‍സില്‍ അംഗം കെ ജി ആര്‍  മേനോന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: