ജനയുഗം വാര്‍ത്തകള്‍

ചെന്നിത്തല ‘കളങ്കിതര്‍’ എന്നുച്ചരിക്കുമ്പോള്‍ ചാണ്ടിയുടെ ഹൃദയം പിടയുന്നതെന്തുകൊണ്ട്?

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011

ദിഗംബരന്‍

തിരഞ്ഞെടുപ്പുനാളുകളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ജെ എസ് എസും ആദിയായവയുമാണ്. ഇക്കാര്യത്തില്‍ ആരും അവരെ കുറ്റപ്പെടുത്തുകയില്ല. കാരണം കസേര പോയാല്‍ ഉറങ്ങുകയും കസേര തരപ്പെടുത്താനുള്ള സമയമാകുമ്പോള്‍ മാത്രം ഉണരുകയും ചെയ്യുന്ന കക്ഷികളാണ് അവര്‍. കേന്ദ്രം കേരളത്തെ അവഗണിച്ചാലും ഭക്ഷ്യധാന്യം വെട്ടിക്കുറച്ചാലും റയില്‍ പദ്ധതികളൊന്നും കേരളത്തിനു അനുവദിച്ചില്ലെങ്കിലും അതിഗാഢ നിദ്രയില്‍ അമര്‍ന്നിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ്. പൂര്‍വകാല വാണിഭങ്ങളിലും അഴിമതി വ്യവഹാരങ്ങളിലും മുഴുകി സുഖനിദ്രയില്‍ കഴിഞ്ഞുകൂടുകയാണ് ശീലം. പക്ഷേ തിരഞ്ഞെടുപ്പ് അടുത്താല്‍ ഞെട്ടിയുണര്‍ന്ന് പിച്ചും പേയും പറയുന്ന മാതിരിയില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കും. അതെല്ലാം ബൂമറാംഗ് പോലെ തിരിച്ചെത്തി മാറില്‍പ്പതിക്കുമെന്ന് വൈകിയാണെങ്കിലും ഐക്യ ജനാധിപത്യമുന്നണിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരായതുകൊണ്ട് അവര്‍ക്കത് പ്രശ്‌നമല്ല താനും.
സ്ഥാനാര്‍ഥികള്‍ക്ക് തെല്ലും ക്ഷാമമില്ലാത്ത മുന്നണിയാണ് യു ഡി എഫ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ഥാനാര്‍ഥി സുലഭതയില്‍ ഏറ്റവും മുന്നില്‍. കെ എസ് യു ക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ഹൈക്കമാന്‍ഡിന് മുന്നില്‍ ഹാജരാക്കിയ പട്ടിക മാത്രം പരിഗണിച്ചാല്‍ പോലും കോണ്‍ഗ്രസ് കേരളത്തില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങള്‍ സൃഷ്ടിക്കേണ്ടിവരും. ആകെ 140 മണ്ഡലങ്ങളല്ലേയുള്ളൂ. കെ എസ് യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും അവര്‍ നല്‍കിയ പട്ടികയിലെ മൂന്നിലൊന്നു നല്‍കിയാല്‍ പോലും 140 മണ്ഡലങ്ങള്‍ മതിയാവാതെ വരും. മുഖ്യമന്ത്രി പദം കിനാവുകാണുന്നവരായ പാവം പാവം ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന രമേശ് ചെന്നിത്തലയും കാത്തുകാത്തിരുന്നൊടുവില്‍ ദയാദാക്ഷ്യണ്യത്തോടെ, കൃപാകടാക്ഷത്തോടെ കോണ്‍ഗ്രസില്‍ എത്തിപ്പെട്ട കെ മുരളീധരനും മത്സരിച്ച് മതിവരാത്ത ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം എം ഹസനും ജി കാര്‍ത്തികേയനും കെ സി ജോസഫും ആദിയായവരും എന്തു ചെയ്യും എന്ന ആവലാതി കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഗദ്ഗദ സ്വരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
അറുപത് പേരുടെ പട്ടികയുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഡല്‍ഹിക്ക് പറന്നത് ചാണ്ടിയും ചെന്നിത്തലയും ആര്യാടനും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ പല്ലുകടിച്ചമര്‍ത്തിയാണെങ്കിലും സഹിക്കും. പക്ഷേ വൈദ്യശാസ്ത്രം പരാജയപ്പെട്ടാല്‍ മാത്രമേ കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ക്ക് സീറ്റു കിട്ടുകയുള്ളൂ എന്ന് കെ എസ് യു ക്കാര്‍ സങ്കടപ്പെടുകയും തങ്ങളുടെ ആധി പരസ്യപ്രമേയത്തിലൂടെ സമൂഹത്തെ അറിയിക്കുകയും ചെയ്തത് അവര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറത്തായിപ്പോയി. ഈയുള്ളവന്‍മാര്‍ മരിച്ചാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന്, രാഹുല്‍ഗാന്ധിയുടെ വാഗ്ദാനപ്പെരുമഴയുടെ കാലത്തുപോലും കെ എസ് യുക്കാര്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ അത് ഹൃദയ ഭേദകമെന്നല്ലാതെ മറ്റെന്തു പറയാനാണ്, ചാണ്ടിമാര്‍ക്കും ചെന്നിത്തലമാര്‍ക്കും ആര്യാടന്‍മാര്‍ക്കും തിരുവഞ്ചൂര്‍മാര്‍ക്കും കഴിയുക. നിസ്വാര്‍ഥ രാജ്യസേവകരാണ് തങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസുകാരും കെ എസ് യുക്കാരും തെളിയിക്കുന്നത് തിരഞ്ഞെടുപ്പ്കാലത്ത് സ്വന്തം പേരുള്‍പ്പെടുന്ന പട്ടിക നല്‍കിയാണ്.
കുത്തുങ്ങള്‍, കുട്ടികള്‍ ഇത്ര കഠിന പ്രയോഗങ്ങള്‍ നടത്തി വേട്ടയാടാന്‍ തുടങ്ങിയാല്‍ കുഞ്ഞൂഞ്ഞുമാര്‍ക്ക് എന്തു ചെയ്യാനാവും! കുഞ്ഞുങ്ങള്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ തങ്ങള്‍ക്ക് രക്ഷയുള്ളൂവെന്ന് നിലവിളിക്കുമ്പോഴാണ് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുവാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഞാന്‍ റെഡിയാണ്, ഹൈക്കമാന്‍ഡിന്റെ മൂളല്‍കൂടി വേണം’ എന്നാണ് ചെന്നിത്തല പറഞ്ഞതിന്റെ സാരം. ലോക്‌സഭയില്‍ മത്സരിച്ച് തോറ്റപ്പോള്‍ കെ പി സി സി പ്രസിഡന്റാവാന്‍ ഡല്‍ഹിയിലെ കാലായകാലെല്ലാം തഴുകി. തെന്നലായിപോലും ഒഴുകാനാവാത്ത പാവം തെന്നല ബാലകൃഷ്ണപിള്ളയെയും കഥയില്ലാത്ത പി പി തങ്കച്ചനെയും തഴഞ്ഞ് ആ കസേര തരപ്പെടുത്തി. രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ആവത് പണിപ്പെട്ടു ചെന്നിത്തലക്കാരന്‍ രമേശ്. വെട്ടിവീഴ്ത്താന്‍ നോക്കിയത് ചില്ലറക്കാരെയല്ല. ആദ്യഘട്ടത്തില്‍ രമേശ് പള്ളിക്കൂടത്തില്‍ ചേരുന്നതിനും മുമ്പ് കെ എസ് യു ഉണ്ടാക്കിയ വയലാര്‍ രവിയെ. അടുത്ത ഘട്ടത്തില്‍ രമേശ് കെ എസ് യു അംഗത്വമെടുക്കുന്നതിനു മുമ്പ് കെ പി സി  സി അധ്യക്ഷനായ എ കെ ആന്റണിയെ. തഴുകലിലും വാഴ്ത്തുപാട്ടിലും ഫലം കണ്ടില്ല. ഇപ്പോള്‍ ഇതാ നിയമസഭയിലേയ്ക്ക് ഒരു കൈനോക്കാന്‍ ഞാന്‍ ഒരുക്കം എന്ന് പരസ്യപ്രഖ്യാപനം നടത്തി മുന്നില്‍ വന്നിരിക്കുന്നു.
ഈ കളി ചാണ്ടിയ്ക്ക് നേരത്തേ പിടികിട്ടിയിരുന്നു. ചെന്നിത്തല കളി പഠിച്ച സ്ഥലത്തു നിന്നല്ല ചാണ്ടി കളി പഠിച്ചത്. ആരോപണവിധേയരും കളങ്കിതരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടാവുകയില്ലെന്ന് ഉജ്ജ്വല പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി. പാമോയില്‍ കുംഭകോണത്തില്‍ തന്നേക്കാള്‍ ഉത്തരവാദി അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ടി എച്ച് മുസ്തഫ കോടതിയില്‍ രേഖാമൂലം പറഞ്ഞതോടെ കളങ്കിത പരിവേഷത്തില്‍ കിടന്നു പുളയുന്ന തന്നെയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. അതുകൊണ്ടുതന്നെ തെല്ലും വൈകാതെ കുഞ്ഞൂഞ്ഞ് പത്രദ്വാര്വാ വെളിപ്പെടുത്തി, കളങ്കിതര്‍ക്ക് സീറ്റില്ലെന്ന് രമേശ് പറയുകയില്ല. അത് പത്രക്കാരുടെ വ്യാഖ്യാനം മാത്രമാണ്. മെയ്‌വഴക്കമുള്ള രമേശ് ചെന്നിത്തലയും അത് ഏറ്റുപാടി’. കളങ്കിതര്‍ക്കും മത്സരിക്കാം. പക്ഷേ ഞാനും മത്സരിക്കും എന്നാണ് ചെന്നിത്തല പറഞ്ഞത്. ഹിമാലയ കുംഭകോണവും കൊലപാതകവും രമേശ് ചെന്നിത്തലയുടെ പങ്കാളിത്തത്തെക്കുറിച്ച് പഴയ സഹയാത്രികന്‍ ഉയര്‍ത്തിയ ആക്ഷേപവും എല്ലാം ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ കാതില്‍ മൂളിയതുകൊണ്ടാണുപോല്‍ കളങ്കിതര്‍ക്കും മത്സരിക്കാം എന്ന അഭിപ്രായം രമേശ് ഉച്ചൈസ്തരം ഘോഷിച്ചതെന്ന് കോണ്‍ഗ്രസിലെ ഒരു കൂട്ടര്‍ പറയുന്നുവെന്ന് പിന്നാമ്പുറ കഥ. ഞാനും മത്സരിക്കാന്‍ റെഡി എന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കുഞ്ഞൂഞ്ഞിനെ അലോസരപ്പെടുത്തുന്നുവെന്ന് മറ്റൊരു കൂട്ടര്‍.
എന്തായാലും ഒന്ന് വ്യക്തം. സ്ഥാനമോഹികളല്ലാത്തവരാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് മുതല്‍ മൂത്ത കോണ്‍ഗ്രസുകാര്‍ വരെയുള്ളവര്‍. രാജ്യ സേവനം എന്നത് കസേരകള്‍ക്കായുള്ള മല്‍പ്പിടുത്തമാണെന്നതാണെന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കൊക്കെ നിശ്ചയമുണ്ട്.
പറയാതെവയ്യ, കെ പി സി സി നിര്‍വാഹക സമിതി യോഗം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ ഉച്ചഭക്ഷണ വേളയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് വായിലേയ്ക്ക് ഭക്ഷണം തിരുകിക്കയറ്റുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. അപ്പോള്‍ ഇത്രമാത്രം വലിയ പാരവയ്ക്കാനാണ് കോഴിക്കാല്‍ വിളമ്പിയതെന്ന് കുഞ്ഞൂഞ്ഞ് അറിഞ്ഞിരുന്നില്ലെന്നു മാത്രം. മുസ്തഫയെ കൊണ്ട് പാമോയില്‍ കേസിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും തന്നേക്കാള്‍ മുമ്പ് പ്രതിയാവേണ്ടത് ചാണ്ടിയാണെന്നും പറയിച്ചത് ചെന്നിത്തലയാണെന്ന് ചാണ്ടി അനുകൂലികള്‍ കരുതുന്നുപോല്‍. എല്ലാം ഓരോ വിശ്വാസം, ഊഹം എന്ന് സമാശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: