ജനയുഗം വാര്‍ത്തകള്‍

എറണാകുളത്ത് വികസനം ചര്‍ച്ചാവിഷയമാവുമ്പോള്‍ യു ഡി എഫിന് മൗനം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2011

ആര്‍ ഗോപകുമാര്‍


കൊച്ചി: നിര്‍ണായകഘട്ടങ്ങളില്‍ ഇടതുമുന്നണിയെ പിന്തുണച്ച ചരിത്രമാണ് എറണാകുളം ജില്ലയ്ക്കുള്ളത്. ഇത്തവണ വികസനത്തിന്റെ ചരിത്രനേട്ടങ്ങള്‍ ഇടതുമുന്നണിക്ക് പിന്തുണയായിട്ടുണ്ട്. സമാര്‍ട്ട്‌സിറ്റിയും ഇന്‍ഫോപാര്‍ക്കിന്റെ വികസനപദ്ധതിയും വല്ലാര്‍പാടം ടെര്‍മിനലും കാര്‍ഷിക-വ്യാവസായികരംഗത്തെ പദ്ധതികളുംകൊണ്ട് സമൃദ്ധമായ ഒരു കാലഘട്ടത്തിനുശേഷമാണ് വീണ്ടും ഇടതുമുന്നണി വോട്ട് തേടിയെത്തുന്നത്. പ്രതിപക്ഷാംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ക്കുപോലും ഒന്നിനും ഒരു കുറവുംവരാതെ നോക്കിയ ചരിത്രത്തിനു സമാനതകളില്ല. യു ഡി എഫിന് മേല്‍ക്കോയ്മ അവകാശപ്പെടാന്‍കഴിയുന്ന ഒരു സീറ്റുപോലും ജില്ലയിലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മണ്ഡലപുനര്‍നിര്‍ണയം മണ്ഡലാതിതര്‍ത്തികളില്‍ കാര്യമായ മാറ്റംതന്നെ വരുത്തിയിട്ടുണ്ട്. മണ്ഡലങ്ങളുടെയെണ്ണം 14 തന്നെയാണെങ്കിലും വടക്കേക്കര, ഞാറയ്ക്കല%8@‍, മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങള്‍ ഇത്തവണയില്ല. പകരം കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, തൃക്കക്കര എന്നിവ  പുതിയ രാഷ്ട്രീയഭൂപടത്തില്‍ സ്ഥാനംപിടിച്ചു.
ജില്ലയുടെ വടക്കേയറ്റത്തെ മണ്ഡലമായ അങ്കമാലിയില്‍ 1965 മുതല്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ ഇടതുമുന്നണി വിജയംകണ്ടെത്തി. 1967 മുതല്‍ 1982 വരെ എ പി കുര്യനെ വിജയിപ്പിച്ച മണ്ഡലം 1982-ല്‍ കേരള കോണ്‍ഗ്രസ് നേതാവ് എം വി മാണിയെ തുണച്ചു. പിന്നീട് നടന്ന അഞ്ച് തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനൊപ്പംനിന്ന മണ്ഡലത്തില്‍ കഴിഞ്ഞതവണ കാറ്റ് മാറിവീശി. ജനതാദളിലെ ജോസ് തെറ്റയില്‍ 6094 വോട്ടിനാണ് കോണ്‍ഗ്രസിന്റെ പി ജെ ജോയിയെ തറപറ്റിച്ചത്.
തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒരുതവണമാത്രം ഇടതുമുന്നണിയെ കൈവിട്ട വടക്കേക്കര ചരിത്രത്തിലേക്ക് മറഞ്ഞെങ്കിലും ഇല്ലാതായ മണ്ഡലത്തിലുള്‍പ്പെട്ട സ്ഥലങ്ങള്‍ പറവൂര്‍, ആലുവ, അങ്കമാലി മണ്ഡലങ്ങളിലായി വീതിക്കപ്പെട്ടിട്ടുണ്ട്.
പറവൂര്‍ മണ്ഡലത്തില്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ശിവന്‍പിള്ള ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് തുടക്കമിട്ടെങ്കിലും പിന്നീട് 1960 മുതല്‍ 1977 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇവിടെ വിജയം കണ്ടെത്തി. 80-ല്‍ ആന്റണി കോണ്‍ഗ്രസിന്റെ പ്രതിനിധി എ സി ജോസിനെ സി പി ഐയിലെ എന്‍ ശിവന്‍പിള്ള തോല്‍പിച്ചു. തിരഞ്ഞെടുപ്പ് കേസിനെതുടര്‍ന്ന് 84-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശിവന്‍പിള്ളയെ എ സി ജോസ് തോല്‍പിച്ചു. 1987-ല്‍ ശിവന്‍പിള്ള എ സി ജോസിനെ തോല്‍പിച്ചു.
1991-ല്‍ സി പി ഐയിലെ പി രാജു മണ്ഡലം നിലനിര്‍ത്തി. 1996-ലും പി രാജു വിജയം ആവര്‍ത്തിച്ചു. 2001ലും 2006ലും പറവൂരില്‍ യു ഡി എഫ് വിജയംകണ്ടു. രണ്ടുതവണ വിജയം നേടിയെങ്കിലും മണ്ഡലത്തിന്റെ വികസനത്തിനായി ഏറെയൊന്നും ചെയ്യാന്‍ യു ഡി എഫിനായിട്ടില്ല. മുന്നണിക്കുള്ളില്‍ നിലവിലുള്ള എം എല്‍ എക്കെതിരെയുള്ള അമര്‍ഷങ്ങളും ഇത്തവണ ഇടതുമുന്നണിക്ക് തുണയാകും.
ദ്വീപ് മണ്ഡലമായ ഞാറയ്ക്കല്‍ ഇടതുമുന്നണിയെയും യു ഡി എഫിനെയും മാറിമാറി തുണച്ച ചരിത്രമാണുള്ളത്. ഞാറയ്ക്കല്‍ മണ്ഡലത്തിനെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ഇടതുമുന്നണിയിലെ എം കെ പുരുഷോത്തമനാണ്. ഞാറയ്ക്കലില്‍നിന്നും മാറി പുതിയതായി വരുന്ന വൈപ്പിന്‍മണ്ഡലത്തിലും ഇടതുമുന്നിക്കനുകൂലമായ കാറ്റാണ് ഇത്തവണയുള്ളത്. കൊച്ചിയുടെ വികസനകവാടമെന്നനിലയില്‍ ലോകശ്രദ്ധനേടിയ പുതിഫ മണ്ഡലത്തില്‍ ആരംഭിച്ച ഓരോ വികസനപദ്ധതികളിലും ഇടതുമുന്നണിയുടെ കയ്യൊപ്പ് കാണാം.
1957 മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമുള്ള എറണാകുളത്തിന്റെ ചരിത്രം മാറിയൊഴുകുന്നത് 1987-ല്‍ സി പി എം പിന്തുണച്ച സ്വതന്ത്രസ്ഥാനാര്‍ഥി പ്രഫ. എം കെ സാനു വിജയിക്കുന്നതോടെയാണ്. 91ലും 96ലും ജോര്‍ജ് ഈഡന്‍ എറണാകുളത്ത് വിജയംകണ്ടെങ്കിലും 1998-ലെ ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റിയന്‍പോള്‍ ഇടതുമുന്നണിക്കായി വിജയംകൊണ്ടുവന്നു. 2001-ലും 2006ലും വിജയം യു ഡി എഫിനായിരുന്നു. കെ വി തോമസ് പാര്‍ലമെന്റിലേക്കു പോയതിനെതുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വിജയംകണ്ടത്. ഇത്തവണ എറണാകുളം സീറ്റിനായി കോണ്‍ഗ്രസില്‍ വന്‍വടംവലികളാണ് നടക്കുന്നത്.
യുഡിഎഫ് മുസ്‌ലിംലീഗിനായി നീക്കിവച്ചിരുന്ന മണ്ഡലമായിരുന്നു മട്ടാഞ്ചേരി. 13 തിരഞ്ഞെടുപ്പുകളില്‍ ഏഴ്തവണ ലീഗും രണ്ടുതവണ കോണ്‍ഗ്രസും ഇവിടെ വിജയംകണ്ടു. ഒരുതവണമാത്രമാണ് ഇവിടെ ലീഗ് പരാജയമറിഞ്ഞത്. ഇത്തവണ കൊച്ചി മണ്ഡലമായി മാറുന്ന മട്ടാഞ്ചേരിയില്‍നിന്ന് തുറമുഖം, വാത്തുരുത്തി എന്നിവ എറണാകുളം മണ്ഡലത്തിലേക്ക് മാറിയിട്ടുണ്ട്.
ഒരുതവണ വിജയംകണ്ടവരെ പിന്നീട് കൈവിട്ട ചരിത്രമാണ് പള്ളുരുത്തിക്കുള്ളത്. ആദ്യ രണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, പിന്നീട് രണ്ടുതവണ സി പി ഐ, 70-ല്‍ കെ ടി പിയിലെ വെല്ലിംഗ്ടണ്‍, 77-ല്‍ കേരള കോണ്‍ഗ്രസിലെ ഈപ്പന്‍ വര്‍ഗീസ്, പിന്നീട് മൂന്നുതവണ ടി പി പീതാംബരന്‍ മാസ്റ്റര്‍, 91 മുതല്‍ 2001വരെ ഡൊമിനിക് പ്രസന്റേഷന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സി എം ദിനേശ്മണിയാണ് പള്ളുരുത്തിയില്‍ വിജയംകണ്ടത്. പള്ളുരുത്തിയിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ഏതാനും കോര്‍പ്പറേഷന്‍ വാര്‍ഡുകളും പുതിയ മണ്ഡലമായ കൊച്ചി മണ്ഡലത്തിലേക്ക് മാറും.
ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ തൃപ്പുണിത്തുറ മണ്ഡലത്തില്‍ 1991-ല്‍ രാജീവ് വധത്തെ തുടര്‍ന്ന് സഹതാപതരംഗത്തില്‍ കെ ബാബു കയറിവന്നു. ഇത്തവണ തൃപ്പൂണിത്തുറ മണ്ഡലം ആകെ മാറിയിട്ടുണ്ട്. മണ്ഡലത്തിന്റെ ചില ഭാഗങ്ങള്‍ തൃക്കാക്കരയിലേക്കും കൊച്ചിയിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട്. കെ ബാബു ഇത്തവണ തൃപ്പൂണിത്തുറ വിട്ട് വേറെ മണ്ഡലത്തിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണ്. തൃപ്പൂണിത്തുറ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പല പേരുകളും നിര്‍ദേശിക്കുന്നുണ്ടെങ്കിലും മുകളിലൂടെ സ്ഥാനാര്‍ഥിയായി അവതരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.
പതിമൂന്ന് തിരഞ്ഞെടുപ്പുകള്‍ നടന്ന ആലുവാ യു ഡി എഫ് കുത്തകമണ്ഡലമെന്ന ധാരണ കഴിഞ്ഞതവണയാണ് മാറ്റിമറിക്കപ്പെട്ടത്. ഇടതുമുന്നണിയിലെ എം എ യൂസഫ് ഇവിടെ വിജയക്കൊടി നാട്ടി. തൊട്ടടുത്ത മണ്ഡലമായ പെരുമ്പാവൂരില്‍ ഇടതുമുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 1957ല്‍ പി ഗോവിന്ദപിള്ള തുടങ്ങിവച്ച മുന്നേറ്റം ഇടക്കാലങ്ങളിലൊഴിച്ച് നിലനിര്‍ത്താന്‍ ആയിട്ടുണ്ട്. കുന്നത്തുനാട്ടില്‍ ഇടതുമുന്നണി മേധാവിത്വം പറഞ്ഞുറപ്പിക്കാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞതവണ വിജയിച്ച ഇടതുമുന്നണിയുടെ എം എം മോനായി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇടതിനെ പിന്തുണയ്ക്കും.
പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ ടി എം ജേക്കബിന്റെ ആധിപത്യം ഏതാണ്ട് അവസാനിച്ച മട്ടാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസുകാരെ പരമാവധി വെറുപ്പിച്ച ജേക്കബ് ഇത്തവണ മറ്റൊരു മണ്ഡലത്തില്‍ മത്‌സരിക്കാന്‍ കച്ചകെട്ടുകയാണ്.
മൂവാറ്റുപുഴയിലാകട്ടെ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി 261 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ റെക്കോഡ് നേട്ടമാണ് സി പി ഐയിലെ ബാബുപോള്‍ കാഴ്ചവച്ചിട്ടുള്ളത്. ഇതിനൊരു തുടര്‍ച്ചവേണമെന്ന മനസ് വോട്ടര്‍മാര്‍ക്കിടയിലുണ്ട്.
കോതമംഗലത്ത് കഴിഞ്ഞതവണ വിജയിച്ച ടി യു കുരുവിള ഇടതുമുന്നണി വിട്ടെങ്കിലും മണ്ഡലത്തിന്റെ ഇടതുമനസിന് കോട്ടംവന്നിട്ടില്ലെന്നുവേണം കരുതാന്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേരിയ വോട്ടിംഗ്‌വ്യത്യാസത്തില്‍ ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണ ചിത്രം വ്യത്യസ്തമാണ്. വികസനമാണ് ജില്ലയുടെ പ്രധാന രാഷ്ട്രീയം. വികസനത്തിന്റെ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ ജില്ല ഇടതുമുന്നണിയെ മറക്കുമെന്ന് പറയാന്‍ യു ഡി എഫിനുപോലും കഴിയില്ല.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: