ജനയുഗം വാര്‍ത്തകള്‍

തിരഞ്ഞെടപ്പ് കമ്മിഷന്റെ നിലപാട് അപലപനീയം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2011

തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുഖ്യ ചുമതല. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതു മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന് അതിവിപുലമായ അധികാരമാണ് ലഭിക്കുന്നത്. ഈ അധികാരം ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാതെ വിനിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ട്. തീര്‍ത്തും നിഷ്പക്ഷമായ സമീപനമാണ് തിരഞ്ഞെടുപ്പിന്റെ ചുമതലവഹിക്കുന്നവരുടേതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യണം. പലപ്പോഴും അതിനു വിരുദ്ധമായ സമീപനങ്ങളും നടപടികളും തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരുടെ ഭാഗത്തുനിന്നുണ്ടായതിന് മുമ്പ് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇത്തവണ അത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു ഉത്തരവ് ജനവിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കിവരുന്ന രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടും വിധം വിപുലമാക്കുന്നത് തടഞ്ഞുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
2010-11 ലെ സംസ്ഥാന ബജറ്റിലാണ് പാവപ്പെട്ടവര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 35 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള ഫലപ്രദമായ പരിപാടി എന്ന നിലയില്‍ സാര്‍വത്രികമായ പിന്തുണയും അംഗീകാരവും ഇതിനു ലഭിച്ചു. കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഈ പരിപാടിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടാന്‍ തുടങ്ങി. മത്സ്യത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, കശുഅണ്ടി തൊഴിലാളികള്‍, ലോട്ടറി വില്‍പനക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പണിയെടുക്കുന്ന സാധാരണക്കാരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ പരിപാടി സര്‍ക്കാര്‍ വിപുലീകരിച്ചു. 42 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നുവരുന്ന ഒരു പരിപാടി എന്ന നിലയില്‍ കൂടുതല്‍ വിഭാഗങ്ങളെ അതില്‍ ഉള്‍പ്പെടുത്താന്‍ ഫെബ്രുവരി 23 ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവരും അഞ്ച് ഏക്കര്‍ ഭൂമിയുള്ളവരും ഒഴികെയുള്ള കാര്‍ഡുടമകള്‍ക്ക് എ പി എല്‍-ബി പി എല്‍ വ്യത്യാസമില്ലാതെ കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ പത്ത് കിലോ അരിയും രണ്ട് കിലോ ഗോതമ്പും വിതരണം ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചത്. രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടി വിപുലീകരിക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികളൊന്നും എതിര്‍ത്തില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടുനേടാനുള്ള തന്ത്രമാണിതെന്ന് ആരും ആരോപിച്ചുമില്ല.
മന്ത്രിസഭ ഈ തീരുമാനമെടുത്ത് ഒരാഴ്ച കഴിഞ്ഞാണ് മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നത് തടയണമെന്ന് കോണ്‍ഗ്രസോ മറ്റ് യു ഡി എഫ് ഘടകകക്ഷികളോ പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല. റേഷന്‍ ഷാപ്പുകളിലൂടെ അരി നല്‍കുന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് ആരും വ്യാഖ്യാനിച്ചതുമില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് നേരത്തെ പ്രഖ്യാപിച്ച അരി വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിചിത്രമായ കണ്ടെത്തലുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കോണ്‍ഗ്രസ് ദുരുപദിഷ്ടമായ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നയിച്ച പരാതിയില്‍മേല്‍ യുക്തിരഹിതമായ തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൈക്കൊണ്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രണ്ടു രൂപയ്ക്ക് അരി കൊടുക്കരുതെന്ന കമ്മിഷന്റെ നിര്‍ദേശം വരുത്തിവെച്ച കോണ്‍ഗ്രസ് കേരളത്തിലെ ജനങ്ങളോട് വെല്ലുവിളി നടത്തുകയാണ് ചെയ്തത്. രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടി തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ പരിപാടികള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് എല്‍ ഡി എഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണം നടത്തുന്നവര്‍ നടപ്പാക്കിയ പരിപാടികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കും. ഒന്നാം യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ പരിപാടികളായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരണം. രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടി പ്രചരണത്തിനുപയോഗിക്കരുതെന്ന നിരോധനം യുക്തിഹിതവും നീതരഹിതവുമാണ്. യു ഡി എഫിന്റെ പ്രചരണത്തിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കലാണിത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്നായിരുന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ചത് ഉള്‍പ്പടെയുള്ള ഇനങ്ങള്‍  കേന്ദ്ര ബജറ്റിലുണ്ട്. ഈ പരിപാടികള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്നുണ്ട്. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി അംഗന്‍വാടി ജീവനക്കാര്‍ക്ക പ്രഖ്യാപിച്ച വര്‍ധിച്ച ആനുകൂല്യം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോ? അരിയുടെ കാര്യത്തില്‍ എടുത്ത സമീപനം ഇതിലും സ്വീകരിക്കുമോ?
രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടി തടഞ്ഞ കേരളത്തിലെ ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവരണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകാന്‍ ഇത് അനിവാര്യമാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: