ജനയുഗം വാര്‍ത്തകള്‍

വികസന നേട്ടത്തില്‍ തൃശൂര്‍; ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

ഇ പി കാര്‍ത്തികേയന്‍

 

തൃശൂര്‍: ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനരംഗത്ത് തൃശൂരിനെ അടയാളപ്പെടുത്തുന്ന നേട്ടങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചതും തൃശൂര്‍. തൃശൂരിലെ ആരോഗ്യ സര്‍വകലാശാല, പുത്തൂരിലെ ലോകോത്തര സര്‍വകലാശാല, പുത്തൂരിലെ തന്നെ ലോകനിലവാരം പുലര്‍ത്തുന്ന മൃഗശാല, ബി എസ് എഫ് ആസ്ഥാനം,  രാമവര്‍മ്മപുരത്തെ കേന്ദ്രീയ വിദ്യാലയം, ഐ ടി ഐകള്‍, ആശുപത്രികളുടെ നവീകരണം, മുസിരിസ് പൈതൃക പദ്ധതി, മായന്നൂര്‍ പാലം, ദേശീയപാതകളിലെ വികസന പ്രവര്‍ത്തനങ്ങള്‍…. ഇവയെല്ലാം കേരളത്തിന്റെ മുഖഛായ മാറ്റാന്‍ പോന്നവയാണ്.

സാംസ്‌കാരിക രംഗത്ത് തുടര്‍ച്ചയായി അന്താരാഷ്ട്ര നാടകോത്സവം, കലാമണ്ഡലത്തിന്റെ വികസനം, കലാകാരന്മാര്‍ക്ക് പുരസ്‌കാരങ്ങള്‍, ക്ഷേമനിധി, കൂടാതെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത്, ജില്ലയിലെ കോള്‍ നിലങ്ങളുടെ വികസനം, നെല്‍കര്‍ഷകര്‍ക്ക് താങ്ങായി നെല്ലിന്റെ താങ്ങുവില 14 രൂപയാക്കിയത്… എണ്ണിയാലൊടുങ്ങാത്ത ഈ വികസനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് തൃശൂരാണ് എന്നത് ചരിത്രനിയോഗമാകാം.

വികസന കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ പ്രവര്‍ത്തിച്ച എല്‍ ഡി എഫ് ഭരണം തുടരാന്‍ തന്നെയാണ് ജില്ലയുടെ മനസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ ബലാബലത്തിലും ഇപ്പോള്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. യു ഡി എഫിലെ അഭിപ്രായഭിന്നതകളും വിഴുപ്പലക്കലും തൊഴുത്തില്‍കുത്തും ജനങ്ങളില്‍ അവിശ്വാസമാണ് വളര്‍ത്തുന്നത്. അതേസമയം മന്ത്രി സി ദിവാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സമാപിച്ച എല്‍ ഡി എഫ് വികസന മുന്നേറ്റ യാത്രയോടെ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ കെട്ടുറപ്പ് ഒന്നുകൂടി ശക്തമായി.

മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷമുള്ള 13 മണ്ഡലങ്ങളിലും എല്‍ ഡി എഫ് വന്‍ സ്വാധീനമാണ് നേടിയിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്ന 14 മണ്ഡലങ്ങളില്‍ 11ഉം എല്‍ ഡി എഫിന്റേതായിരുന്നു. കെ പി രാജേന്ദ്രന്‍(കൊടുങ്ങല്ലൂര്‍), എ കെ ചന്ദ്രന്‍(മാള), ബി ഡി ദേവസി(ചാലക്കുടി), പ്രഫ. സി രവീന്ദ്രനാഥ്(കൊടകര), രാജാജി മാത്യു തോമസ്(ഒല്ലൂര്‍), വി എസ് സുനില്‍കുമാര്‍(ചേര്‍പ്പ്), ബാബു എം പാലിശ്ശേരി(കുന്നംകുളം), മുരളി പെരുനെല്ലി(മണലൂര്‍), കെ വി അബ്ദുള്‍ ഖാദര്‍(ഗുരുവായൂര്‍), എ സി മൊയ്തീന്‍(വടക്കാഞ്ചേരി), കെ രാധാകൃഷ്ണന്‍(ചേലക്കര) എന്നിവര്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധികളായി. തേറമ്പില്‍ രാമകൃഷ്ണന്‍(തൃശൂര്‍), ടി എന്‍ പ്രതാപന്‍(നാട്ടിക), തോമസ് ഉണ്ണിയാടന്‍(ഇരിങ്ങാലക്കുട) എന്നിവര്‍ യു ഡി എഫ് പ്രതിനിധികളുമായി. മണ്ഡലം പുനര്‍നിര്‍ണയം വന്നപ്പോള്‍ മാള, ചേര്‍പ്പ്, കൊടകര എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. പകരം പുതുക്കാട്, കയ്പമംഗലം എന്നീ മണ്ഡലങ്ങള്‍ രൂപം കൊണ്ടു.

സാമുദായിക വര്‍ഗീയ ശക്തികള്‍ക്ക് സ്വാധീനമുള്ള ജില്ലയില്‍ യു ഡി എഫിന്റെ ശക്തിയും ഇവരാണ്. ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അതിന് സാക്ഷ്യമാണ്. അതോടൊപ്പം ബി ജെ പിയുമായി കോണ്‍ഗ്രസിനുള്ള അവിശുദ്ധ സഖ്യവും പരസ്യമാണ്. ഇതിനെയെല്ലാം മറികടക്കാവുന്ന രാഷ്ട്രീയ അടിയൊഴുക്കുകളാണ് മണ്ഡലങ്ങളില്‍ നടക്കുന്നത്. മണ്ഡലങ്ങളിലെ മുക്കിലും മൂലയിലും വികസനത്തിന്റെ വെളിച്ചവുമായാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ കടന്നുചെല്ലുന്നത്. റോഡുകള്‍, സ്‌കൂളുകള്‍, സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍, സുനാമി പുനരധിവാസ ഭവനപദ്ധതി, എം എന്‍ നഗര്‍ ലക്ഷം വീട് പദ്ധതി, ആദിവാസികളടക്കമുള്ളവര്‍ക്ക് പട്ടയം, രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല, കൊരട്ടിയിലെ ഐ ടി പാര്‍ക്ക്, സീതാറാം മില്‍ നവീകരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള തൂക്കുപാലം, കുടിവെള്ള പദ്ധതികള്‍ തുടങ്ങി ഗ്രാമീണ ജനതയുമായി നേരിട്ട് ബന്ധമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഇടതുപക്ഷം അങ്കത്തിനിറങ്ങുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്നം മണ്ഡലങ്ങളില്‍ കൊടുങ്കാറ്റു വിതയ്ക്കാന്‍ തക്ക കെല്‍പ്പില്ലാതെ യു ഡി എഫും.

തൃശൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ യു ഡി എഫിന് പേരിനെങ്കിലും മേല്‍ക്കൈ ഉള്ളത്. 11 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 14ല്‍ ആറ് എന്ന നിലയിലേക്ക് എല്‍ ഡി എഫ് പിന്നിലേക്ക് പോയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണലൂരും വടക്കാഞ്ചേരിയും മാളയും അടക്കം തിരിച്ചു പിടിച്ചു. അതുകൊണ്ട് തന്നെ ജില്ലയിലെ മഹാഭൂരിപക്ഷം മണ്ഡലങ്ങളും നേടുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കില്ല. വികസനേട്ടങ്ങളുടെ ഗുണഫലമനുഭവിക്കുന്ന ജനതയും മറിച്ചല്ല ചിന്തിക്കുന്നത്. 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: