ജനയുഗം വാര്‍ത്തകള്‍

കോണ്‍ഗ്രസ് സാധ്യതാപട്ടിക: വ്യാപക പ്രതിഷേധം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 21, 2011

കൊച്ചി/ആലപ്പുഴ: കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉയരുന്നു. വിവിധ വിഭാഗങ്ങള്‍ സാധ്യതാ പട്ടികയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.  യുഡിഎഫ് സ്ഥാനാര്‍ഥിപട്ടികയ്‌ക്കെതിരെ സുറിയാനി സഭയുടെ അങ്കമാലി രൂപതയും പ്രതിഷേധവുമായി രംഗത്തെത്തി. എറണാകുളം ജില്ലയിലെ സാധ്യതാ പട്ടിയില്‍ ഒരു വനിതാ നേതാവ് ഇല്ലാത്തത് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തി.
മധ്യ കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഒരാളെ പോലും സ്ഥാനാര്‍ഥിയാക്കാത്ത യുഡിഎഫ് നടപടി തിരുത്തണമെന്ന് അതിരൂപതാ വൈദികസമിതിയും പാസ്റ്ററല്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.  അഞ്ച് ലക്ഷത്തോളം വരുന്ന സുറിയാനി കത്തോലിക്കരുടെ വോട്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്ന് ഓര്‍ക്കണമെന്നും വൈദികസമിതി സെക്രട്ടറി ഫാ. ജോയ്‌സ് കൈതക്കോട്ടിലും പാസ്റ്ററില്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിനു ജോണും പ്രസ്താവനയില്‍ പറഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണയ്ക്കുന്ന വിഭാഗമാണ് സുറിയാനി കത്തോലിക്കര്‍. പതിനാറ് മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാണെന്ന കാര്യം യുഡിഎഫും തിരിച്ചറിയണം. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ പ്രധാന ഘടകവുമാണ്.
തദ്ദേശതിരഞ്ഞെടുപ്പിലും പാര്‍ട്ടി സംഘടനാ സംവിധാനത്തിലും തുടര്‍ന്നുവരുന്ന അവഗണനയാണ് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. തിരഞ്ഞെടുപ്പുകാലത്ത് അതിരൂപതയുടെയും വിശ്വാസികളുടെയും സഹായം തേടുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്നത് തിരുത്തണം. സ്ഥാനാര്‍ഥി പട്ടികയില്‍ സുറിയാനി കത്തോലിക്കരായ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ സീറ്റ് ലത്തീന്‍ സമുദായത്തില്‍പെട്ടവര്‍ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സഭാ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പി ജെ മാത്യുവിന്റെ പേരാണ് സഭാനേതൃത്വം നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസിസി, കെപിസിസിക്ക് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പി ജെ മാത്യുവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും അവസരം നല്‍കണമെന്ന് എഐസിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അരൂരില്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് മത്സരിച്ചേക്കും. അങ്ങനെയെങ്കില്‍ സിറ്റിംഗ് എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ എ എ ഷുക്കൂര്‍ ആലപ്പുഴയിലായിരിക്കും മത്സരിക്കുക. ഇതുസംബന്ധിച്ച് എഐസിസിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ സഭാഅധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എ എ ഷുക്കൂര്‍ എംഎല്‍എ ബിഷപ്പിനെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സൂചന. ആലപ്പുഴയില്‍ മത്സരിക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തോട് ഷുക്കൂര്‍ വിയോജിപ്പും അറിയിച്ചിച്ചുണ്ട്.
അങ്കമാലിയിലും പെരുമ്പാവൂരിലും ആലുവയിലും മൂവാറ്റുപുഴയിലും സാധ്യതാപട്ടിയിലെ സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആലുവയില്‍ അന്‍വര്‍സാദത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ചെന്നിത്തല ഗ്രൂപ്പിനെ പിളര്‍ത്തി. ഐ ഗ്രൂപ്പിലെ ഷിയാസിന്റെയൂം മുനീറിന്റെയൂം നേതൃത്വത്തിലുള്ള വിഭാഗവും എഗ്രൂപ്പിലെ എം ഒ ജോണും ഷാഫി മേത്തറും അടക്കമുള്ള നേതാക്കളും എഐസിസിക്ക് പരാതി നല്‍കി.  കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച അങ്കമാലി മണ്ഡലം കേരളകോണ്‍ഗ്രസിന് നല്‍കിയത് അവിടുത്തെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മനോജ് മൂത്തേടന്‍ നോട്ടമിട്ടിരുന്ന സീറ്റില്‍ ജോണി നെല്ലുര്‍ സ്ഥാനാര്‍ഥിയായതാണ് അങ്കമാലി അതിരൂപതയെയും പ്രകോപിച്ചത്. പെരുമ്പാവൂരില്‍ പി പി തങ്കച്ചന്‍ സ്വയം ഒഴിഞ്ഞതയാണ് വിവരം. ഇവിടെ വി ജെ പൗലോസിനെയാണ് പരിഗണിക്കുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെയും. ഇവര്‍ രണ്ടുപേരും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി മോഹികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകള്‍ പരസ്യമായി സ്ഥാനാര്‍ഥിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. കോതമംഗലത്ത് കുരുവിള വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് കോണ്‍ഗ്രസില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ടി യു കുരുവിളയ്‌ക്കെതിരെ  മാര്‍ച്ച് നടത്തിയതിന് ഇപ്പൊഴും കോണ്‍ഗ്രസ് നേതാക്കള്‍ കോടതി കയറി ഇറങ്ങുകയാണ്.
എംഎല്‍എമാരായ കെ ബാബുവും ഡൊമനിക് പ്രസന്റേഷനുമാണ് ഇതിനേക്കാള്‍ വല്ലാത്ത കുരുക്കില്‍പെട്ടിട്ടുള്ളത്. തങ്ങള്‍ മത്‌സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മണ്ഡലങ്ങളിലേക്കാണ് ഇരുവരെയും പരിഗണിക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: