ജനയുഗം വാര്‍ത്തകള്‍

വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് മരുന്നുകളുടെ വിലവര്‍ധന ഇരുട്ടടിയായി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 21, 2011

രാജേഷ് വെമ്പായം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് മരുന്നുകളുടെ വിലവര്‍ധന ഇരുട്ടടിയായിരിക്കുകയാണ്. ഇന്‍സുലിന്‍ അടങ്ങിയ മരുന്നുകളുടെ വില അഞ്ചുമുതല്‍ 18 ശതമാനം വരെ വര്‍ധിപ്പിക്കുവാന്‍ മരുന്നു വില നിര്‍ണയിക്കുന്നതിനുള്ള ദേശീയ അതോറിറ്റിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി എടുത്ത തീരുമാനം പ്രമേഹബാധിതരെയും ക്ഷയരോഗികളെയും മാത്രമല്ല പൊതുജനങ്ങളെ മുഴുന്‍ ബാധിക്കുന്നതാണ്. ഈ തീരുമാനപ്രകാരം 62 മരുന്നുകളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. അസംസ്‌കൃത പദാര്‍ഥങ്ങളുടെ വിലയിലും പാക്കിംഗ് ചാര്‍ജിലുമുണ്ടായ വര്‍ധനയും മറ്റുമാണ് മരുന്നുവില കൂട്ടല്‍ അനിവാര്യമാക്കിയതെന്ന വാദമാണ് അതോറിറ്റി ചെയര്‍മാന്‍ എസ് എം ജര്‍വാള്‍ ഉന്നയിക്കുന്നത്. തദ്ദേശീയ മരുന്നു കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിലവര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മരുന്നുകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലവര്‍ധിച്ചിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായി. ഇന്‍സുലിന്‍ അടങ്ങിയ പ്രമേഹ ഔഷധങ്ങളുടെ വില 75 ശതമാനമാണ് വര്‍ധിച്ചത്. അഞ്ചുവര്‍ഷം മുമ്പ് ഇന്‍സുലിന്റെ വില 113 രൂപയായിരുന്നത് ഇപ്പോള്‍ 169 രൂപയായി വര്‍ധിച്ചിരിക്കുന്നു. പാരസെറ്റമോള്‍ ഗുളികയടങ്ങിയ ഒരു സ്ട്രിപ്പിന്റെ വില ഒരു രൂപ മുതല്‍ രണ്ടര രൂപവരെ വര്‍ധിച്ചിട്ടുണ്ട്. ഉദരരോഗങ്ങള്‍ക്കുപയോഗിക്കുന്ന ഒമിസിനും നാലുവര്‍ഷം കൊണ്ട് എട്ടുരൂപയുടെ വര്‍ധനവുണ്ടായി. തൈറോയ്ഡിനുള്ള എലക്‌ട്രോക്‌സിന് കഴിഞ്ഞ വര്‍ഷം 88 രൂപയായിരുന്നത് ഇപ്പോള്‍ 96.50 രൂപയായി വര്‍ധിച്ചു. സിറപ്പുകളുടെ വില ഒന്‍പതു മുതല്‍ 10 രൂപവരെയും ആന്റിബയോട്ടിക്കുകളുടെ വില 10 മുതല്‍ 17 വരെയും വര്‍ധിച്ചു. സകല ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും ഭക്ഷ്യ, ഇന്ധന വിലവര്‍ധവിന്റെ കാര്യത്തില്‍ ഉണ്ടാകാറുള്ള സംഘടിതമായ ചെറുത്തുനില്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ടാകാത്തത് കമ്പനികള്‍ക്ക് അനുഗ്രഹമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മരുന്നുകളുടെ വിലവര്‍ധന ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പനയക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനൊപ്പം ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഒരേ മരുന്നുകള്‍ക്ക് പല വിലയാണ് കമ്പനികള്‍ ഈടാക്കുന്നത്. പ്രമുഖ കമ്പനികളുടെ മരുന്നുകളുടെ അതേ പേരിലുള്ള ഗുണനിലവാരമില്ലാത്തെ മരുന്നുകളും പലയിടത്തും വിതരണം ചെയ്യുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളും വന്‍തോതില്‍ മരുന്ന് വാങ്ങുമ്പോഴുണ്ടാകുന്ന അമിത ചിലവ് കുറയ്ക്കുന്നതിന് ഇത്തരം നിലവാരമില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും സൂറത്തിലും കുടില്‍ വ്യവസായമായി ഉല്‍പാദിപ്പിക്കുന്ന അമോക്‌സിലിന്‍ പോലുള്ള പല മരുന്നുകളും ഇത്തരത്തില്‍ വില്‍ക്കപ്പെടുന്നു.
കുറഞ്ഞ ഉല്‍പാദനചിലവോടെ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഉല്‍പാദന ചിലവിനെക്കാള്‍ 1000 മടങ്ങുവരെ വിലയാണ് പല കമ്പനികളും ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ അവശ്യമരുന്നുകളുടെ വില നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ ജീവന്‍രക്ഷാ മരുന്നുകളുടെ പട്ടികയില്‍ 76 എണ്ണമാണുള്ളത്. രോഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത് പരിഗണിച്ച് ഈ പട്ടിക 350 എണ്ണമായി വര്‍ധിപ്പിക്കണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ നിസംഗമായാണ് പ്രതികരിക്കുന്നത്. ഇന്ത്യക്കാരില്‍ 65 ശതമാനം പേര്‍ക്കും ഇപ്പോഴും അവശ്യമരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മരുന്നുകളുടെ ക്രമാതീതമായ വിലവര്‍ധന തടയുന്നതിന് ഇന്ത്യന്‍ മരുന്നു കമ്പനികളെ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ഏറ്റെടുക്കലുകള്‍ അവശ്യ മരുന്നുകളുടെ ലഭ്യതയെ തന്നെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഈ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. പേറ്റന്റ് നിയമത്തിലും കാലോചിതമായ പരിഷ്‌കരണം നടത്തണം. പേറ്റന്റ് എടുക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ മറ്റ് പ്രാദേശിക മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് ഉല്‍പാദിപ്പിക്കുവാന്‍ അനുമതി നല്‍കണം. പേറ്റന്റ് ഉടമയുടെ അനുമതിയില്ലാതെ അതേ ഉല്‍പന്നം നിര്‍മിക്കാന്‍ മറ്റൊരു കമ്പനിയെ അനുവദിക്കുന്ന നിര്‍ബന്ധിത ലൈസന്‍സിംഗ് കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനവും കടലാസ്സില്‍ ഒതുങ്ങുകയാണ്. അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
ഔഷധകമ്പോളം കുത്തക കമ്പനികള്‍ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നീതി, മാവേലി മെഡിക്കല്‍ സ്റ്റോറുകളാണ് മരുന്ന് വിലവര്‍ധനവില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കിയത്. റീട്ടെയില്‍ രംഗത്തേക്ക് റിലയന്‍സ് പോലുള്ള കുത്തകള്‍ കടന്നുവരുന്നത് ഔഷധമേഖലയെ ആകെ തകര്‍ക്കുമെന്ന ആശങ്കയും വര്‍ധിച്ചുവരികയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

 
%d bloggers like this: