ജനയുഗം വാര്‍ത്തകള്‍

Archive for the ‘ദര്‍ശനം’ Category

കരിപുരണ്ട കാല്‍പാടുകള്‍ – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 16, 2010

കരിപുരണ്ട കാല്‍പാടുകള്‍

ആര്‍ വി ജി മേനോന്‍

അടുത്തകാലത്തു കേട്ടു തുടങ്ങിയ പുതിയൊരു പ്രയോഗമാണ് കാര്‍ബണ്‍ ഫുട്പ്രിന്റ്. കാര്‍ബണ്‍ കാല്‍പാട് എന്നോ, കാര്‍ബണ്‍ പാദമുദ്ര എന്നു കുറച്ചുകൂടി ഗൗരവത്തിലോ (!) തര്‍ജമ ചെയ്യാം. നമ്മുടെ പ്രവൃത്തികൊണ്ട് അന്തരീക്ഷത്തിെല കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് എത്രമാത്രം കൂടുന്നു എന്നതിന്റെ സൂചകമായിട്ട് ഇതിനെ കണക്കാക്കാം. ഒരു ശരാശരി അമേരിക്കക്കാരന്റെ കാര്‍ബണ്‍ കാല്‍പാട് ഏകദേശം 19 ടണ്‍ ആണെന്നും ഇന്ത്യക്കാരന്റേത് 1.8 ടണ്‍ മാത്രമാണെന്നും പത്രങ്ങളില്‍ വായിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അമേരിക്കക്കാരുടെ ജീവിതശൈലിയും ധൂര്‍ത്തും ധാരാളിത്തവും നിറഞ്ഞ ഉപഭോഗ ഭ്രമവും വമ്പിച്ച വാഹന ഉപയോഗവും ഒക്കെയാണ് തീര്‍ച്ചയായും ഈ അന്തരത്തിനു കാരണം. പക്ഷേ ഇന്ത്യക്കാരുടെ ശരാശരി കാര്‍ബണ്‍ കാല്‍പാട്  കണക്കാക്കുമ്പോള്‍ ഇന്ത്യയിലെ മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനത്തെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയായ 100 കോടി കൊണ്ടാണല്ലോ ഹരിക്കുന്നത്. എല്ലാ ശരാശരികളേയും പോലെ അതും ഒരുപാടു വ്യത്യാസങ്ങളെ മറച്ചു പിടിക്കുന്നു എന്നതു മറന്നുകൂടാ. സദാ ആഡംബരക്കാറിലും വിമാനത്തിലും യാത്ര ചെയ്യുന്ന ഒരു ധനാഢ്യന്റെയും ജീവിതത്തിലൊരിക്കലും കാറിലോ എ സി മുറിയിലോ കയറിയിട്ടില്ലാത്ത ഒരു ഗ്രാമീണന്റെയും കൂടി ശരാശരി കാര്‍ബണ്‍ കാല്‍പാടിന് എന്താണു പ്രസക്തി? അതുകൊണ്ട് അമേരിക്കക്കാരന്റെ ധൂര്‍ത്തിനെയും ധാരാളിത്തത്തെയും കുറ്റപ്പെടുത്തുമ്പോള്‍ നമ്മുടെ സ്വന്തം ജീവിതശൈലിയെക്കൂടി പരിശോധിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.
കാര്‍ബണ്‍ കാല്‍പാട് കണക്കാക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. നമുക്ക് ചില ചെറിയ ഉദാഹരണങ്ങള്‍ നോക്കാം. നിങ്ങളുടെ വീട്ടില്‍ ശരാശരി ഒരു മാസം എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്? 80 യൂണിറ്റ് എന്നു സങ്കല്‍പിക്കൂ. വീട്ടില്‍ നാല് അംഗങ്ങളുണ്ടെങ്കില്‍ ഒരു മാസത്തെ ആളാം പ്രതി ഉപയോഗം 20 യൂണിറ്റ്. ആണ്ടില്‍ 240 യൂണിറ്റ്. കേരളത്തിലെ വൈദ്യുതി ഉല്‍പാദനം മിക്കവാറും ജലവൈദ്യുത നിലയങ്ങളില്‍ നിന്നാണെങ്കിലും നമ്മള്‍ ഒരു പാടു വൈദ്യുതി കേന്ദ്ര പൂളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നുണ്ട്. അതു മിക്കവാറും താപനിലയങ്ങളില്‍ നിന്നാണ്. അതിനാല്‍ ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ കണക്കുവച്ച് നമ്മുടെ വൈദ്യുതി ഉപയോഗത്തിന്റെ കാര്‍ബണ്‍ കാല്‍പാട് കണക്കാക്കേണ്ടിവരും. അങ്ങനെയായാല്‍, നാമുപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഏകദേശം 1.25 കിലോ കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കു പോകുന്നുണ്ട്. അപ്പോള്‍ നമ്മുടെ 240 യൂണിറ്റു വൈദ്യുതി ഉപയോഗത്തിന്റെ (പ്രതിവര്‍ഷം) കാര്‍ബണ്‍ കാല്‍പാട് 300 കിലോഗ്രാം (0.3 ടണ്‍) ആണ്.
വീട്ടിലെ പാചകം എങ്ങനെ?, വിറക് ആണോ?, എങ്കില്‍ ആണ്ടില്‍ എത്ര ടണ്‍?, അതോ ഗ്യാസ് ആണോ?, എത്ര സിലിണ്ടര്‍?. വിറകു കത്തിക്കുമ്പോഴും കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടാകുന്നുണ്ടെങ്കിലും ആ കാര്‍ബണ്‍ ഡയോക്‌സൈഡ് ഏതാനും വര്‍ഷം മുമ്പു മാത്രം ഏതോ മരം അന്തരീക്ഷത്തില്‍ നിന്നു വലിച്ചെടുത്തു പാകപ്പെടുത്തി തടിയില്‍ സൂക്ഷിച്ചതായിരിക്കണമല്ലോ. അതുകൊണ്ട് വിറകിനെ ‘കാര്‍ബണ്‍ ന്യൂട്രല്‍’ ആയിട്ടാണു കണക്കാക്കുക. പക്ഷേ ആ വിറക് വെട്ടിയെടുക്കുന്നതിനും ലോറിയിലോ മറ്റോ കയറ്റി കടയിലെത്തിക്കുന്നതിനും മറ്റുമായി ഡീസലും വൈദ്യുതിയും ഒക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കുവേറെ കൂട്ടേണ്ടി വരും. പറമ്പിലെ മരങ്ങളില്‍ നിന്നും തെങ്ങുകളില്‍ നിന്നുമുള്ള ചുള്ളികളും കൊതുമ്പും മടലുമൊക്കെയാണു കത്തിക്കുന്നതെങ്കില്‍ അതിനു യാതൊരു കാല്‍പാടും ഉണ്ടാവില്ല.
പക്ഷേ കുക്കിങ്ങ് ഗ്യാസിന്റെ കാര്യം അങ്ങനെയല്ല. ഗ്യാസ് കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡു മാത്രമല്ല പ്രശ്‌നം. ആ സിലിണ്ടര്‍ നമ്മുടെ വീട്ടിലെത്തിക്കാനായി എത്ര ഇന്ധനം കത്തിച്ചിട്ടുണ്ടാകും! പൊതുവേ കണക്കാക്കുന്നത് ഒരു കിലോ ഗ്യാസ് കത്തിക്കുന്നത് 1.6 കിലോ കാര്‍ബണ്‍ കാല്‍പാട് ഉണ്ടാക്കുന്നു എന്നാണ്. ഒരു സിലിണ്ടര്‍ 15 കിലോ ആണല്ലൊ. മാസം ഒരു സിലിണ്ടര്‍ എന്ന തോതിലാണ് ഗ്യാസ് ഉപയോഗം എങ്കില്‍ പ്രതിവര്‍ഷ കാര്‍ബണ്‍ ഡയോക്‌സൈഡ് വിസര്‍ജനം 288 കിലോ വരുമെന്നു കണക്കാക്കാം. വീട്ടില്‍ നാലുപേരുള്ള സ്ഥിതിക്ക് ഇതിന്റെ നാലിലൊന്നു മാത്രമേ സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കേണ്ടൂ.
യാത്രയാണ് ഒരുപാട് ഇന്ധനം ചെലവാക്കുന്ന മറ്റൊരു പരിപാടി. നടപ്പും സൈക്കിള്‍ സവാരിയും മാത്രമേ ഉള്ളൂ എങ്കില്‍ കാല്‍പാട് ഒട്ടുമില്ല. മാസം ശരാശരി 1000 കിലോ മീറ്റര്‍ ബസില്‍യാത്ര ചെയ്യുന്നുണ്ട് എങ്കില്‍ അതിന്റെ കാല്‍പാട് പ്രതിവര്‍ഷം 1.2 ടണ്‍ വരും. അതേയാത്ര കാറിലാണെങ്കിലോ? അതിന്റെ ഇരട്ടിയെങ്കിലുമാകും. എന്നാല്‍ 1000 കിലോമീറ്റര്‍ തീവണ്ടിയിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ ബസ്സില്‍ പോകുന്നതിന്റെ അഞ്ചിലൊന്നു മാത്രമേ കാര്‍ബണ്‍ കാല്‍പാട് അവശേഷിപ്പിക്കൂ. അതായത്, കാര്‍ബണ്‍ കാല്‍പാട് കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ കഴിവതും പൊതുഗതാഗതത്തെ ആശ്രയിക്കണമെന്നര്‍ഥം. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ശക്തമായ പൊതുഗതാഗത സംവിധാനം നടപ്പാക്കേണ്ടത് സര്‍ക്കാരാണല്ലോ.
അതിരിക്കട്ടെ, ഒരുതവണ വിമാനത്തില്‍ ഡല്‍ഹിയില്‍ പോയിവരുന്നതിന് എന്തു കാര്‍ബണ്‍ കാല്‍പാടുണ്ടാകും? നമ്മുടെ പല നേതാക്കളും ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്രമാത്രമാണു പറക്കുന്നത്? ഏതാണ്ട് ഇരുന്നൂറുപേര്‍ക്കോളം കയറാവുന്ന ആധുനിക വിമാനങ്ങളുടെ ഇന്ധന ഉപയോഗത്തെ യാത്രക്കാരുടെ എണ്ണം കൊണ്ടു ഹരിച്ചാല്‍ കാണുന്നത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരാള്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയില്‍ പോയി വരുമ്പോഴേക്കും അയാള്‍ ഏതാണ്ട് അര ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് നിര്‍ഗമനത്തിന് ഉത്തരവാദി ആകുമെന്നാണ്. ഇക്കോണമി ക്ലാസ്് കന്നുകാലികള്‍ക്കുള്ളതായതുകൊണ്ട് ബിസിനസ് ക്ലാസിലാണു യാത്ര എങ്കില്‍, കാര്‍ബണ്‍ കാല്‍പാട് ഒന്നര ഇരട്ടി ആകും!
ഒരു പക്ഷേ ഇതിനേക്കാളൊക്കെ പ്രസക്തം നമ്മുടെ ജീവിത ശൈലിയും ഭക്ഷണരീതിയും ഒക്കെ ആയിരിക്കും. തങ്ങള്‍ക്കാവശ്യമുള്ള പച്ചക്കറികളൊക്കെ സ്വയം കൃഷിചെയ്തുണ്ടാക്കുന്ന, നാടന്‍ അരി ഭക്ഷിക്കുന്ന, അത്യാവശ്യം വേണ്ട വസ്ത്രങ്ങളും പലവ്യജ്ഞനങ്ങളും മാത്രം കടയില്‍ നിന്നു വാങ്ങുന്ന ഗ്രാമീണരുടെ കാര്‍ബണ്‍ കാല്‍പാട് നിസ്സാരമായിരിക്കും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും ഇറക്കുമതി ചെയ്ത ”പൊട്ടുതൊട്ട” ആപ്പിള്‍ മാത്രം വാങ്ങുന്ന, കാലം തെറ്റിക്കിട്ടുന്ന വരത്തന്‍ പച്ചക്കറികള്‍ ഇഷ്ടപ്പെടുന്ന, അമിതമായി കെട്ടിപ്പൊതിഞ്ഞ സാധനങ്ങള്‍ ‘ഗുണമേന്മ’ നോക്കി വാങ്ങുന്ന, ഫാഷന്‍ മാറുന്നതിനനുസരിച്ചു പുതു വസ്ത്രങ്ങള്‍ വാങ്ങുന്ന നാഗരികരുടെ കാല്‍പാടുകള്‍ അവര്‍ നടന്നുനീങ്ങുന്ന വഴികളിലൊക്കെ കരിപുരട്ടുന്നതു കാണാം. അത് അമേരിക്കക്കാരുടേതിനെ കടത്തിവെട്ടിയാലും അദ്ഭുതപ്പെടാനില്ല.
ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമിപ്പിക്കുന്ന നമ്മുടെ കാര്യം. കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍ക്കൊണ്ട് ഓക്‌സിജന്‍ തരുന്ന ചെടികളുടെ കാര്യമോ?. മാവ്, പ്ലാവ് മുതലായ നമ്മുടെ സാധാരണ മരങ്ങള്‍ അവയുടെ ആയുസ്സുകൊണ്ട് ഏതാണ്ട് രണ്ടു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചെടുത്ത് അതിന്റെ തടിയില്‍ കുരുക്കുന്നു എന്നാണ് കണക്ക്. (ഇതും ഒരു ശരാശരി മാത്രമാണേ! ഇതിന്റെ പല മടങ്ങ് ശേഖരിച്ചു വയ്ക്കുന്ന വൃക്ഷഭീമന്മാരും ചെറിയൊരംശം മാത്രം സൂക്ഷിക്കുന്ന കുള്ളന്മാരും ഉണ്ടാകും).
അപ്പോള്‍ പ്രതിവര്‍ഷം മൂന്നോ നാലോ ടണ്‍ കാര്‍ബണ്‍ കാല്‍പാട് അവശേഷിപ്പിക്കുന്ന നമുക്ക്, അതിന്റെ കേടു തീര്‍ക്കാനായി ചെയ്യാവുന്ന പ്രായശ്ചിത്തം ഓരോ വര്‍ഷവും ഒന്നോ രണ്ടോ മരം നടുക എന്നതത്രേ. പണ്ടൊക്കെയാണെങ്കില്‍ അതിനുള്ള സ്ഥലം നമ്മുടെ തൊടിയില്‍ തന്നെ കണ്ടെത്താമായിരുന്നു. പക്ഷേ ഇന്നത്തെകാലത്ത് അതു മിക്കവര്‍ക്കും സാധിക്കില്ല. എങ്കിലും നമ്മുടെ പേരില്‍ എവിടെയെങ്കിലും കുറേ മരങ്ങള്‍ നടീക്കാന്‍ നമുക്കു കഴിയുമോ? അത് പൊതുസ്ഥലങ്ങളിലാകാം. ഓഫീസിലോ സ്‌കൂളിലോ ആകാം. നല്ലൊരു സാധ്യതയുള്ളത് ക്ഷയിച്ചു കിടക്കുന്ന വന ഭൂമിയാണ്. അത്തരം അനേകായിരം ഹെക്ടര്‍ ഭൂമി കേരളത്തിലുണ്ട്. അവിടൊക്കെ മരം വച്ചുപിടിപ്പിക്കുന്നതിന്റെ ചെലവിലേയ്ക്കായി, ഓരോ പിറന്നാളിനും ഒരോ മരം നടാനുള്ള ചിലവ്, എന്തുകൊണ്ടു കൊടുത്തുകൂടാ? ഒരു കൊല്ലം കൂടി ഈ ഭൂമിയില്‍ നടന്നതുകൊണ്ടുണ്ടായ കാല്‍പാടു മായ്ച്ചുകളയാനുള്ള പ്രായശ്ചിത്തം! സര്‍ക്കാരിന് അതിനായി ഒരു പദ്ധതി തുടങ്ങാവുന്നതാണ്.


Advertisements

Posted in ദര്‍ശനം | Tagged: | Leave a Comment »

അയ്യപ്പന്റെ വഴിയമ്പലങ്ങള്‍ – ആലങ്കോട് ലീലാകൃഷ്ണന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2010

അയ്യപ്പന്റെ വഴിയമ്പലങ്ങള്‍

ആലങ്കോട് ലീലാകൃഷ്ണന്‍

മല­യാള കവി­ത­യിലെ ബൊഹി­മി­യന്‍ സഞ്ചാ­രി­യാണ് അയ്യ­പ്പന്‍. ഭൂമി­യില്‍ സ്വന്ത­മായി ഒരു മുറി­പോ­ലു­മി­ല്ലാത്ത കവി. മേല്‍വി­ലാ­സവും നിഴ­ലു­മി­ല്ലാത്തവന്‍. റെയില്‍വേ സ്റ്റേഷ­നു­ക­ളിലെ ഇരുമ്പു ബഞ്ചു­ക­ളിലും വഴി­യോ­രത്തെ അത്താ­ണി­ക­ളിലും ലൈബ്ര­ററി വരാ­ന്ത­ക­ളിലും വെയ്റ്റിംഗ് ഷെഡ്ഡു­ക­ളിലും ഇരുന്നു കുറി­ച്ചി­ട്ടു­ള്ള­വ­യാണ് അയ്യ­പ്പന്റെ കവി­ത­കള്‍. വരി­കള്‍ക്ക് ചുവന്ന അടി­വ­ര­യി­ടാന്‍ സ്വന്തം രക്ത­ത്തില്‍ പേന മുക്കി­യ­വ­നാണ് അയ്യ­പ്പന്‍.
വണ്ടി­മാ­റി, പാളം മാറി, ചെന്നെ­ത്തിയ രാജ്യ­ങ്ങള്‍ മാറി അല­ഞ്ഞു­തി­രിഞ്ഞ അയ്യ­പ്പന്റെ കാവ്യ­ജീ­വി­ത­ത്തിന് അമ്പ­തു­വ­യ­സ്സാ­വു­ന്നു. അയ്യ­പ്പന്റെ എഴു­ത്തിന്റെ സുവര്‍ണ ജൂബിലി സുഹൃ­ത്തു­ക്കളും അഭ്യു­ദയ കാക്ഷി­കളും ചേര്‍ന്ന് ആഘോ­ഷി­ക്കു­ക­യാണ് കൊടു­ങ്ങ­ല്ലൂ­രില്‍. കവി സെബാ­സ്റ്റ്യനും കമലും പ്രേംനാ­ഥു­മൊക്കെ അതിനു മുന്‍ക­യ്യെ­ടു­ക്കു­ന്നു.
ജീവി­ത­ത്തിന്റെ പുറ­മ്പോ­ക്കി­ലൂ­ടെ ഒറ്റയ്ക്കു നട­ക്കുന്ന ഈ ക­വിയെ തിരി­ച്ച­റിഞ്ഞ് സ്‌നേ­ഹി­­ക്കു­ന്ന­വ­രോട് മല­യാളം കട­പ്പെ­ട്ടി­രി­ക്കു­ന്നു. അത്ര­മാത്രം മൗ­ലി­കവും വ്യത്യ­സ്തവു­മാ­ണ് അയ്യ­പ്പന്‍ നമ്മുടെ ഭാഷ­യ്­ക്കു നല്‍കിയ കാവ്യാ­നു­ഭ­വ­ങ്ങ­ള്‍.
നെരൂ­ദ­യെ­പ്പോലെ വാക്കു­കള്‍ നിറച്ച ഒരു കോപ്പ അയ്യ­പ്പന്‍ നമുക്കു നേരെ നീട്ടു­ന്നു. അതി­ലാണ് അയാള്‍ ഭാഷ­യുടെ വിശു­ദ്ധ­മായ വീഞ്ഞു കുടി­ക്കു­ന്ന­ത്. വച­ന­ങ്ങ­ളു­ടെ­യെല്ലാം മാതൃ­സ്രോ­ത­സ്സായ ഈ ജല­ത്തില്‍ ലഹരി നുര­യു­ന്നു­ണ്ട്. പക്ഷേ ഈ ലഹരി അയ്യ­പ്പന്‍ നുണ­യു­ന്നു­ണ്ടെ­ന്നേ­യു­ള്ളു. ലഹ­രിക്ക് അയ്യ­പ്പനെ കുടിച്ചു തീര്‍ക്കാന്‍ കഴി­ഞ്ഞി­ട്ടില്ല ഇതു­വ­രെ.
പൊന്നാ­നി­യിലെ ആര്‍ വി ലോഡ്ജില്‍ വെച്ച് ഒരി­ക്കല്‍ കൂട്ടു­കാര്‍ ഉപേ­ക്ഷി­ച്ചു­പോയ അയ്യ­പ്പനെ കണ്ടെ­ടു­ക്കു­മ്പോള്‍ നെഞ്ചി­ലൊരു മൃദംഗം വെച്ച് കവി ഉറ­ക്ക­മാ­യി­രു­ന്നു. കുടി­ച്ചു ബോധം കെട്ടു­റ­ങ്ങി­യ­താ­ണെന്ന് റൂം ബോയ് പറ­ഞ്ഞു.
‘നിനക്കീ വാക്കിന്റെ വിശുദ്ധ സഞ്ചാ­രിയെ അറി­യി­ല്ല. വാ­ക്കി­ന്റെ അമൃതം കുടിച്ച ഇയാള്‍ക്ക് നിദ്രാ­ടനം ബോധോ­ദ­യ­മാ­ണ്.”
ഞാന്‍ റൂംബോ­യി­യോട് മറു­ഭാ­ഷ­യില്‍ സംസാ­രി­ച്ച­തൊന്നും അവനു മന­സ്സി­ലാ­യി­ല്ല.
ഉണര്‍ന്ന­പ്പോള്‍ അയ്യ­പ്പന്‍ പറ­ഞ്ഞു.
”എന്റെ ചെക്ക് കള­ഞ്ഞു­പോയി”
കവി­തയ്ക്ക് പ്രതി­ഫ­ല­മായി കിട്ടിയ ചെക്ക്.
ലോക­ത്തൊരു ബാങ്കിലും അയ്യ­പ്പന് അക്കൗ­ണ്ടി­ല്ലാ­ത്ത­തു­കൊണ്ട് ക്രോസ് ചെയ്യാത്ത ചെക്കാണു വാങ്ങു­ന്ന­ത്. ആര്‍ക്കും മാറ്റി­യെ­ടു­ക്കാം.
ആര്‍ക്കും മാറ്റി­യെ­ടു­ക്കാ­വുന്ന ജീവന്റെ ചെക്കായി കവി­യുടെ ഒരു ജന്മം.
റൂം വാടക ഭാഗ്യ­വ­ശാല്‍ കൊ­ണ്ടു­വന്നവര്‍ കൊടു­ത്തി­രു­ന്നു.
അയ്യ­പ്പേ­ട്ടന്‍ എന്നെ കെട്ടി­പ്പി­ടിച്ച് നെറ്റി­യില്‍ മദ്യം മണ­ക്കുന്ന ഒരു ചുംബനം തന്നു.
”ഇതിനു വേണ്ടി­യാണ് ഞാന്‍ പൊന്നാ­നി­യില്‍ വന്നത്”.
അയ്യ­പ്പേ­ട്ടന് കോഴി­ക്കോട്ട് യൂണി­വേ­ഴ്‌സി­റ്റി­യില്‍ ഒരു പരി­പാ­ടിക്കു പോക­ണ­മാ­യി­രു­ന്നു. ഒരു സുഹൃ­ത്തിനെ കൂടെ അയച്ച് എട­പ്പാ­ളി­ലെ­ത്തി­ച്ചു. അവിടെ നിന്ന് യൂണി­വേ­ഴ്‌സി­റ്റി­യി­ലേക്കു വണ്ടി കയറ്റി അയ­ച്ചു.
പിന്നീട് ഞാന്‍ പല­പ്പോഴും വല്ലാതെ ഭയ­പ്പെ­ട്ടു. എന്റെ സ്ഥലം മന­സ്സി­ലാ­ക്കിയ സ്ഥിതിക്ക് ഇനിയും ഇട­യ്ക്കി­ടയ്ക്ക് ഈ വഴി വരുമോ എന്ന ഭയം. നാട്ടു­ന­ട­പ്പു­ക­ള­നു­സ­രിച്ച് ജീവി­ക്കുന്ന ഒരു ശരാ­ശരി മധ്യ­വര്‍ഗ­ക്കാ­ര­നാ­യ­തു­കൊ­ണ്ടുള്ള സുരക്ഷാ ശങ്ക­കള്‍. പോരാ­ത്ത­തിന് ജീവി­ത­ത്തി­ലൊ­രി­ക്കലും മദ്യ­പി­ക്കാത്ത കവി എന്ന ചീത്ത­പ്പേരും എനി­ക്കു­ണ്ട്. അയ്യ­പ്പേ­ട്ടനും ഞാനും ജീവി­ത­ത്തിന്റെ രണ്ടു ധ്രുവ­ങ്ങ­ളി­ലാ­യ­തി­നാല്‍ സമര്‍ഥ­മായ ഒഴിവു കഴിവ് ഈ മനു­ഷ്യനെ ഒഴി­വാ­ക്കുക എന്ന പതിവു ഡിപ്ലോ­മ­സി­ തന്നെ.
പക്ഷേ അയ്യ­പ്പേ­ട്ടന്‍ പിന്നീ­ടൊ­രി­ക്കലും എന്നെ ശല്യ­പ്പെ­ടു­ത്താന്‍ പൊന്നാ­നി­യില്‍ വ­ന്നി­ല്ല. കണ്ടു­മു­ട്ടിയ സ്ഥല­ത്തൊ­ക്കെ മറ്റു പല സമര്‍ഥ­ന്മാ­രെ­യും പോലെ ഞാനും പിടി­കൊ­ടു­ക്കാതെ മാറി നട­ന്നു.
എല്ലാ ഹിപ്പോക്രാറ്റു­ക­ളേയും പോലെ സമര്‍ഥ­മായി പറ­ഞ്ഞൊ­ഴി­ഞ്ഞു.
”നല്ല കവി­യാ­ണ്. പക്ഷേ സഹി­ക്കാന്‍ ബുദ്ധി­മു­ട്ടാണ്”
പക്ഷേ അയ്യ­പ്പേ­ട്ടന്റെ കവി­ത­കള്‍ വായി­ക്കു­മ്പോള്‍, തീര്‍ത്തും ഒറ്റ­യ്ക്കാ­വുന്ന ചില അപൂര്‍വം നിമി­ഷ­ങ്ങ­ളില്‍ ആത്യ­ന്തി­ക­മായി അനാ­ഥ­നാ­യ എന്റെ തന്നെ ഉള്ളി­ലേക്കു നോക്കു­മ്പോള്‍ ഞാന്‍ അയ്യ­പ്പേ­ട്ടനെ അഗാ­ധ­മായി അറി­യു­ന്നു.
എന്റെ തന്നെ അപ­ര­സ്വ­ത്വ­മാണ് തെരു­വില്‍ കവി­ത­യുടെ സത്യ­ത്തി­നു­വേണ്ടി അല­യു­ന്ന­ത്. തെരു­വി­ലാണ് സ്‌നേഹ­മെ­ന്ന­റി­യു­ന്നതും തെരു­വില്‍ കള­യു­ന്ന­തിനെ വീണ്ടെ­ടു­ക്കു­ന്നതും കവി­ത­യുടെ സനാ­ത­ന­മായ സത്യ­മാര്‍ഗ­ങ്ങ­ളി­ലൊ­ന്നാ­ണ്. മനു­ഷ്യ­വം­ശ­ത്തി­നു­വേണ്ടി വാക്കിന്റെ പുറ­മ്പോ­ക്കു­ക­ളില്‍ അല­ഞ്ഞു­തി­രിഞ്ഞ് അവ­ധൂത പര­മ്പ­ര­ക­ളുടെ നിത്യ­സ്‌നേ­ഹ­ത്തിന്റെ മാര്‍ഗം.
അയ്യ­പ്പന്‍ എഴു­തുന്നു:
”ചിലര്‍ കല്ലെ­റി­യു­കയും പൂവെ­റി­യു­കയും ചെയ്യു­ന്നു.
ജീവ­പ­ര്യന്തം ഞാന്‍ കവി­ത­യുടെ തട­വില്‍ കഴി­യാന്‍ വിധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു.
നിങ്ങള്‍ എന്റെ ആതി­ഥേ­യനും അറി­വു­മാ­കു­ന്നു.
ഉപ്പില്‍ വിഷം ചേര്‍ക്കാ­ത്ത­വനും ഉണ­ങ്ങാത്ത മുറി­വിനു വീശി­ത്ത­ന്ന­വനും”
ഒറ്റു­കാ­ര­ല്ലാത്ത കൂട്ടു­കാ­രുടെ മുറി­ക­ളില്‍ അന്തി­യു­റ­ങ്ങിയും ചുട­ല­ത്തീ­യില്‍ അന്നം വെച്ചുണ്ടും വരം നല്‍കാന്‍ വന്ന മഹാ­കാ­ളി­യോട് ഇടം കാലിലെ മന്ത് വലം കാലി­ലേ­യ്ക്കാ­ക്കാ­നാ­വ­ശ്യ­പ്പെട്ടും കവി­ത­യിലെ ഈ നാറാ­ണ­ത്തു­ഭ്രാ­ന്തന്‍ നട­ക്കു­ന്നു.
താന്‍ പരി­ത്യ­ക്ത­നാ­ണെന്നും ഇരു­ട്ടിന്റെ മക­നാ­ണെന്നും ദ്രാവി­ഡ­നാ­ണെന്നും അയ്യ­പ്പന് അറി­യാം. മാന്യ­ന്മാ­രുടെ വ്യാക­ര­ണത്തെ തകര്‍ക്കുന്ന ഒരു­പു­തിയ ജീവിത വ്യാക­ര­ണ­മായി അയ്യ­പ്പന്‍ പ്രതി­ക­വി­ത­കള്‍ കുറി­ച്ചു­കൊണ്ട് സഞ്ച­രി­ക്കു­ന്നു. ദുഃഖി­ത­രുടെ മുന്ന­ണി­യില്‍ മാത്രം ജീവി­ക്കു­കയും എല്ലാ­വരും വിമോ­ചി­ത­രാ­യാലും അവ­സാ­നത്തെ അടി­മ­യ്‌ക്കൊപ്പം അവന്റെ സഖാ­വായി പുല­രു­കയും ചെയ്യുന്ന പരു­ക്കന്‍ മനു­ഷ്യത്വം അയ്യ­പ്പന്‍ കൈവി­ടാ­തി­രി­ക്കു­ന്നു.
ജീവി­ച്ചി­രി­ക്കു­ന്ന­വര്‍ക്ക് വായ്ക്ക­കരി തന്നിട്ട് മരി­ച്ച­വ­രുടെ കൂടെ­യാണ് ഇയാള്‍. ശവ­പ്പെ­ട്ടി­യുടെ കടം ഇതു­വരെ വീട്ടി­യി­ട്ടി­ല്ലാ­ത്ത­വന്‍.
എങ്കിലും ചുവ­ക്കുന്ന കിഴ­ക്കില്‍ നിന്നു തന്നെ­യാണ് അവന്റെ സൂര്യന്‍ വരു­ന്ന­ത്. കൊടു­ങ്കാ­റ്റിന്റെ കുള­മ്പൊ­ച്ച­ക­ളില്‍ നിന്നാണ് അവന്‍ സംഗീതം കേള്‍ക്കു­ന്ന­ത്. സിംഹ­ത്തിന്റെ പ്രതി­കാര ശക്തി­യില്‍ നിന്നാണ് അവന്റെ കാമം പിറ­വി­കൊ­ള്ളു­ന്ന­ത്.
കവി എഴു­തുന്നു:
”രണ്ടു­ച്ചി­ക­ളു­ണ്ടെന്റെ ശിര­സ്സില്‍
ഇരുന്നു വാഴ­ണം.
അല്ലെ­ങ്കില്‍ ഇര­ന്നു­വാ­ങ്ങണം”
ഇര­ന്നു­വാ­ങ്ങി­യാലും ഒരി­ക്കലും ആരു­ടെയും അടി­മയോ ഇരയോ വേട്ട­ക്കാ­രനോ ആയി­ട്ടി­ല്ലാത്ത ഈ നിത്യ­സ്വാ­ത­ന്ത്ര്യാ­ന്വേഷി മല­യാ­ള­ത്തില്‍ അവ­സാ­നത്തെ പുണ്യ­ങ്ങ­ളി­ലൊ­ന്നാ­ണ്.
അയ്യ­പ്പന്‍ ജീവി­ക്കു­ന്നത് കലര്‍പ്പും നാട്യവും പുറം­പൂ­ച്ചു­ക­ളു­മി­ല്ലാത്ത ജീവി­ത­ത്തിന്റെ പച്ച­യി­ലാണ്.
പച്ച മനു­ഷ്യന്റെ വ്യാക­ര­ണ­മാണ് അയ്യ­പ്പന് കവി­ത.
ഇയാ­ളുടെ വഴി­യ­മ്പ­ല­ങ്ങ­ളി­ലാണ് യഥാര്‍ഥമായ സ്‌നേഹം ഇന്നു ജീവി­ക്കു­ന്ന­ത്.

Posted in ദര്‍ശനം | Tagged: | Leave a Comment »

മുരളിയോട് മുരളുന്നത് നിര്‍ത്തിക്കൂടേ ? – സുകുമാര്‍ അഴീക്കോട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

മുരളിയോട് മുരളുന്നത് നിര്‍ത്തിക്കൂടേ ?

സുകുമാര്‍ അഴീക്കോട്

മുരളി എന്നാല്‍ മുരളീധരന്‍. മുന്‍ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രിയപുത്രന്‍, മുന്‍ കെ പി സി സി അധ്യക്ഷന്‍, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷാല്‍ സോണിയാജി തന്നെ ആറു കൊല്ലം കോണ്‍ഗ്രസ് കക്ഷിയില്‍ നിന്ന് പുറത്താക്കിയ വ്യക്തി.
കേരളത്തിലെ കക്ഷിബാധ ഏറെയില്ലാത്ത സാധാരണ ജനങ്ങള്‍ക്ക് ഈ സസ്‌പെന്‍ഷന്‍ തങ്ങളെ ഒരു തരത്തിലും സ്പ്ര്‍ശിക്കുന്നതായി അടുത്തയിടവരെ തോന്നിയിട്ടില്ല, തോന്നേണ്ടതുമില്ല. കക്ഷിയില്‍ നിന്ന് പുറത്ത് ചാടുന്നതും ശിക്ഷിക്കപ്പെടുന്നതും എല്ലാം കേരള രാഷ്ട്രീയത്തിലെ നിത്യ നിരന്തര സംഭവങ്ങളാണ്. എന്നാല്‍ ഇടക്കാലത്ത് ഈ മുരളീധര കഥ ഒരു പുതിയ മാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. താന്‍ പഴയ പിഴവുകള്‍ മനസിലാക്കി പശ്ചാത്തപിക്കുന്നുവെന്നും തനിക്ക് മാതൃ സംഘടനയില്‍ പുനപ്രവേശനം വേണമെന്നും മറ്റു ശിക്ഷകള്‍ എന്തും ആകാമെന്നുമൊക്കെ ഒരു മുതിര്‍ന്ന യുവാവ് അടിയറ പറയാവുന്നതിന്റെ അങ്ങേയറ്റത്തെ കീഴടങ്ങലിന്റെ വാക്കുകള്‍ പ്രതിദിനമെന്നോണം അദ്ദേഹം വിലാപസ്വരത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പതുക്കെക്കണ്ട് ഈ ആഭ്യന്തര പ്രശ്‌നത്തില്‍ സ്വല്‍പം താല്‍പര്യം ഉള്ളവരായി മാറി. ഇവിടെ കെ പി സി സി അദ്ദേഹത്തെക്കൊണ്ട് പൂച്ച എലിക്കുഞ്ഞിനെയെന്നപോലെ, തട്ടിയും തലോടിയും മാന്തിയും മുരണ്ടും വിനോദിക്കുന്നതാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തുന്ന വാദി പ്രതികളെല്ലാം മുറയ്ക്ക് തിരിച്ചു വരുന്നു. എല്ലാം പാഴിടി പോലെ വെറും ശബ്ദങ്ങള്‍!
അതിനിടയില്‍ മറ്റൊരു സംഭവവികാസം. പിതാവായ കരുണാകരന്‍ നേരത്തേ ഡല്‍ഹിയിലൊക്കെ, അനാരോഗ്യത്തിനു നടുവിലും പോയിക്കൊണ്ടിരുന്നുവെങ്കിലും, മകനെ തിരിച്ചെടുക്കാന്‍ ആരുടേയും ഉള്ളലിയിക്കുന്ന ഒരു കത്ത് കെ പി സി സിക്ക് നല്‍കി. അത് അവഗണിക്കാന്‍ ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് വയ്യല്ലോ. അത് പര്യാലോചിച്ച് ഒടുവില്‍ ഈ പി സി സി തീരുനമാനിച്ചിരിക്കുകയാണ്, പഴയ  ആഗസ്റ്റ് തീരുമാനം മാറ്റേണ്ടെന്ന്, അതായത്, മുരളീധരന്‍ പുറത്തുനിന്നാല്‍ മതിയെന്ന്.
ഇത്രയുമായപ്പോള്‍ ഇത് രാഷ്ട്രീയ പ്രശ്‌നത്തിന്റെ തലംവിട്ട് മാനുഷികതയുടെ തലത്തില്‍ എത്തിപ്പെട്ടതായി ഞങ്ങളെപ്പോലുള്ളവര്‍ക്ക് തോന്നിത്തുടങ്ങി. മുരളി എന്നാല്‍ പുല്ലാങ്കുഴല്‍ എന്നര്‍ത്ഥം. അതു ധരിച്ച വ്യക്തിയോട് സംസ്ഥാന കോണ്‍ഗ്രസ് മുരളുന്നു. മുരളുന്ന മുരളിമാരായിരിക്കുകയാണ് കെ പി സി സി നേതാക്കള്‍.
കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു വിട്ടുവീഴ്ചയില്ലാത്ത ദണ്ഡന പരിപാടിയുണ്ടോ! വേലിതകര്‍ത്ത ഒരു പറമ്പുപോലെ ആര്‍ക്കും ഏത് ആദര്‍ശമുള്ളവനും വെടിഞ്ഞവനും കയറി വിശ്രമിക്കാവുന്ന ഒരു ഉമ്മറമാണ് കോണ്‍ഗ്രസിന്റേതെന്ന് സര്‍വ ലോകങ്ങളിലും അറിയാം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്ന് അവിടെ നിന്ന് ഉയര്‍ന്ന കൊമ്പത്തുനിന്ന് പറിച്ചെടുക്കാവുന്ന പഴങ്ങളെല്ലാം പറിച്ച് കഴിച്ചുതിന്ന ഒരു വിരുതനെ എത്ര ആഹ്‌ളാദാഘോഷങ്ങളോടെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്! പുതുതായി സ്വീകരിക്കപ്പെടുന്നവര്‍ക്ക് ഒരു പരീക്ഷണകാലം നല്‍കുന്ന പതിവ് ഏത് സര്‍വീസിലും കാണും. ചിലപ്പോള്‍ നിയമനം ടെമ്പററി ആയിരിക്കും. ഇല്ലെങ്കില്‍ ‘അപ്രന്റീസ്’ ആയിരിക്കും. പക്ഷേ കണ്ണൂരില്‍ പൊടുന്നനെ മാര്‍ക്‌സിസ്റ്റു വിരുദ്ധനായി തീര്‍ന്ന ആളെ നേരെ ‘പെര്‍മനന്റ്’ ആയി കൈക്കൊണ്ടു. വര്‍ഷങ്ങളോളം കോണ്‍ഗ്രസില്‍ ‘കയില്കുത്തി’ കഴിഞ്ഞവര്‍ക്കുപോലും കൊടുക്കാത്ത എം എല്‍ എ സ്ഥാനം അയാള്‍ക്ക് താലത്തില്‍ വെച്ച് കൊടുത്തു.
കോണ്‍ഗ്രസില്‍ ഉന്നതസ്ഥാനം കിട്ടാന്‍ നേതൃത്വത്തെ, ആരൂഢം മുതല്‍ ഇന്നു വരെ, പരിഹസിച്ചും വിമര്‍ശിച്ചും പ്രസംഗിക്കുകയല്ല, ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയാല്‍ മതിയെന്ന തോന്നല്‍ വ്യാപകമായി ഉണ്ടാക്കുവാന്‍ ഐക്യരാഷ്ട്രസഭാ പരിമളം തുവിക്കൊണ്ട് കടല്‍കടന്നുവന്ന ഒരു സമര്‍ത്ഥന്‍ നേരത്തേ തെളിയിച്ചിരുന്നു. ഇതെല്ലാം കണ്ട്, ആ വഴി സഞ്ചരിക്കാന്‍ അവസരവാദികള്‍ ധാരാളമായി പുറപ്പെട്ടു തുടങ്ങിയകാലമാണ് ഇത്. ആലപ്പുഴയില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് എം പിയായി സസുഖം വാണ ഒരു വ്യക്തിക്ക് പെട്ടെന്ന് (എന്നുവെച്ചാല്‍ രണ്ടാമൂഴം കിട്ടാതെ വന്നപ്പോള്‍) തോന്നിപ്പിച്ചിരിക്കുന്ന ക്രൈസ്തവ മതവിശ്വാസത്തിന് എതിരാണല്ലോ മാര്‍ക്‌സിസം എന്ന്! സി പി എം അതോടെ ഹറാമായി.
ഇവരെല്ലാം കോണ്‍ഗ്രസിന്റെ ഉയര്‍ന്ന സ്ഥാനങ്ങള്‍ അധിരോഹണം ചെയ്യുന്ന സുന്ദരകാലം അതിവിദൂരമല്ല എന്ന് ചഞ്ചല ബുദ്ധികളായ അവസരവാദികള്‍ ആശിച്ചുകൊണ്ടിരിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ പടി കടക്കാന്‍ ഇനിയും വേണം ശയനപ്രദക്ഷിണം എന്ന കടുംപിടുത്തം പഴയ കോണ്‍ഗ്രസുകാരനായ ഒരു വ്യക്തിയോട് കാട്ടുന്നത് നീതിയോ? അതുകൊണ്ടാണ് മുരളി പ്രശ്‌നം ഇപ്പോള്‍ കൊടിയ മനുഷ്യപീഡനമായിത്തീര്‍ന്നിരിക്കുന്നത്.
കെ പി സി സി ഇക്കാര്യത്തില്‍ തുടരുന്നത് അവരുടെ കക്ഷിയുടെ വളരെ അയഞ്ഞ അച്ചടക്കത്തിനോ സാധാരണ കാണിക്കേണ്ട മനുഷ്യത്വപരമായ നയസമീപനത്തോടോ ചേരാത്തതാണ്. അതിനാലാണ് വളരെ ദ്രോഹകരവും പീഡനപരവുമായ നയമാണ് അതെന്ന് എല്ലാവര്‍ക്കും തോന്നുന്നത്.
കെ പി സി സി ഇക്കാര്യത്തില്‍ തുടരുന്നത് അവരുടെ കക്ഷിയുടെ വളരെ അയഞ്ഞ അച്ചടക്കത്തിനോ സാധാരണ കാണിക്കേണ്ട മനുഷ്യത്വപരമായ നയസമീപനത്തോടോ ചേരാത്തതാണ്. അതിനാലാണ് വളരെ ദ്രോഹകരവും പീഡനപരവുമായ നയമാണ് അതെന്ന് എല്ലാവര്‍ക്കും തോന്നുന്നത്.
വളരെ പാരമ്പര്യമുള്ള ഒരു മുന്‍ കോണ്‍ഗ്രസുകാരനോടാകുമ്പോള്‍ ഈ ക്രൂരമായ നയം കടുത്ത അനീതിയായിത്തീരുന്നു. ഒരു വ്യക്തിക്ക് സ്വന്തം അഭിമാനവും അന്തസും മറ്റും അനുവദിക്കുന്ന ഒരു അതിരുണ്ട്, തെറ്റ് സമ്മതിക്കുന്നതിനും പശ്ചാത്തപിക്കുന്നതിനും മാപ്പ് പറയുന്നതിനും ഒക്കെ. ആ അതിരിനൊക്കെ അപ്പുറമെത്തിയിട്ടുള്ള വിനീത ക്ഷമാപണം പലതവണ മുരളീധരന്‍ നടത്തിക്കഴിഞ്ഞല്ലോ.
എന്നിട്ടും ചെന്നിത്തല-ചാണ്ടി പ്രഭൃതികളുടെ മനസ് അലിയുന്നില്ലെങ്കില്‍ അതിനുകാരണം എന്ത്? മാപ്പ് പറഞ്ഞത് പോരെന്ന് അവര്‍ പറയാനിടയില്ല. മുരളീധരന്റെ പ്രവേശനം ഈ നേതാക്കള്‍ക്ക് എന്തോ ദോഷം വലിച്ചിടുമെന്ന ഭയമല്ലാതെ മറ്റൊരു കാരണവും കാണാനാകുന്നില്ല. ശത്രുതയാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. മുരളീധരന് കെ പി സി സിയിലെ ഇന്നത്തെ നേതാക്കളേക്കാളധികം ‘ചരിസ്മ’ എന്നു പറയുന്ന വശീകരണശക്തിയും ആകര്‍ഷണവും ഉണ്ട്. അതുകൊണ്ട് ഗുണം പാര്‍ട്ടിക്കുണ്ടാവുമെന്ന് കരുതിക്കൂടേ? അതൊക്കെ തങ്ങള്‍ക്ക് ആപത്തായി മാറുമെന്നാണ് പേടി. പേടികൂടിയവരോട് യുക്തി ചിന്ത ഫലിക്കില്ല.
ഒരു കൊല്ലത്തേക്ക് പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ലഭ്യമല്ല എന്നോ മറ്റോ എന്തെങ്കിലും ഒരു വിലക്കിന്റെ ഉപാധിയില്‍ ഈ വ്യക്തിക്ക് പ്രവേശനം നല്‍കുന്നതാണ് വിവേകം. അയുക്തികവും അതികഠോരവുമായ നിലപാട് കുറെക്കഴിയുമ്പോള്‍ തങ്ങള്‍ക്ക് എതിരായി തീരുമെന്ന് നേതാക്കള്‍ ധരിക്കേണ്ടതാണ്. എല്ലാത്തരം നേതാക്കള്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള വിശാലത കോണ്‍ഗ്രസിന് ഇപ്പോഴും ഉണ്ടെന്ന് എന്നെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസം ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞാല്‍ അവര്‍ക്കും കക്ഷിക്കും എല്ലാം നന്ന്.
വാതില്‍പ്പടിയില്‍ ഗണപതിയെ നിര്‍ത്തി ശിവനെ വന്ദിക്കാന്‍ വരുന്ന പരശുരാമനെ തടയാന്‍ ഏര്‍പ്പെടുത്തിയ മട്ടിലുള്ള ഇപ്പോഴത്തെ ഈ കെ പി സി സി പ്രവേശന നാടകത്തിന്റെ ഓരോ ദിവസത്തെയും അഭിനയം കണ്ട് കേരളീയര്‍ മടുത്തിരിക്കുന്നു. അതിന്റെ മുന്നറിയിപ്പാണ് ഈ കുറിപ്പ്.

Posted in ദര്‍ശനം | Tagged: | Leave a Comment »

പയ്യന്നൂര്‍ അക്രമവും ചില ചിന്തകളും – സുകുമാര്‍ അഴിക്കോട്‌

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 18, 2010

പയ്യന്നൂര്‍ അക്രമവും ചില ചിന്തകളും – സുകുമാര്‍ അഴിക്കോട്‌

1

2

3

3

4

Posted in ദര്‍ശനം | Tagged: , , | Leave a Comment »

രാഷ്ട്രീയ സംസ്കാരമല്ലേ ഭേദം? – സുകുമാർ അഴീക്കോട്‌

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 16, 2009

രാഷ്ട്രീയ സംസ്കാരമല്ലേ ഭേദം?

സുകുമാർ അഴീക്കോട്‌

1

1

2

2

3

3

4

4

Posted in ദര്‍ശനം | Tagged: , , , | 1 Comment »

കള്ളം പറയലിനെ സുന്ദരകലയാക്കുന്നു! – സുകുമാർ അഴീക്കോട്‌

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 5, 2009

കള്ളം പറയലിനെ സുന്ദരകലയാക്കുന്നു!

സുകുമാർ അഴീക്കോട്‌

1

1

2

2

3

3

4

4

Posted in ദര്‍ശനം | Tagged: , , | Leave a Comment »

തോലനും കേന്ദ്രനും – സുകുമാര്‍ അഴിക്കോട്‌

Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 12, 2008

തോലനും കേന്ദ്രനും

സുകുമാര്‍ അഴിക്കോട്‌

1

1

2

2

3

3

4

4

Posted in ദര്‍ശനം | Tagged: , | Leave a Comment »

കളിക്കാരും കളിക്കാരും-സുകുമാര്‍ അഴിക്കോട്‌

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 16, 2008

കളിക്കാരും കളിക്കാരും

സുകുമാര്‍ അഴിക്കോട്‌

1

1

2

2

3

3

4

4

Posted in ദര്‍ശനം | Tagged: , , , | 1 Comment »

ഈ നാടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ – കാക്കനാടന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 24, 2008

ഈ നാടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍

കാക്കനാടന്‍

1

1

2

2

3

3

Posted in ദര്‍ശനം | Tagged: , , , , , | Leave a Comment »

ജീവിതത്തിന്റെ തിരസ്കാരങ്ങള്‍ – അഷ്ടമൂര്‍ത്തി

Posted by ജനയുഗം വാര്‍ത്തകള്‍ on ഓഗസ്റ്റ് 22, 2008

ജീവിതത്തിന്റെ തിരസ്കാരങ്ങള്‍

അഷ്ടമൂര്‍ത്തി

1

1

2

2

3

3

Posted in ദര്‍ശനം | Tagged: , , | 1 Comment »