ജനയുഗം വാര്‍ത്തകള്‍

Archive for the ‘ദൃഷ്ടി’ Category

നമ്മുടെ പൊലീസെന്തേ ഇങ്ങനെയായി? – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 14, 2010

നമ്മുടെ പൊലീസെന്തേ ഇങ്ങനെയായി?

ആര്‍ വി ജി മേനോന്‍ 

തിരുവനന്തപുരത്തുവച്ച് ഒരു വിമാനത്തില്‍ ബോംബു വച്ച കേസിന്റെ അന്വേഷണത്തെപ്പറ്റി പത്രത്തില്‍ വായിച്ചപ്പോള്‍ വാസ്തവത്തില്‍ സന്തോഷം തോന്നി. വളരെ ശാസ്ത്രീയവും തന്ത്രപരവുമായ തെളിവു ശേഖരണത്തിലൂടെ മൂന്നാം മുറയോ, പീഡനമോ ഒന്നും കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്തു. മാതൃകാപരമായ നേട്ടം. വേണമെന്നു വച്ചാല്‍ ഇങ്ങനെ കേസന്വേഷണം നടത്താനും നമ്മുടെ പൊലീസിനറിയാം എന്നര്‍ഥം. എന്നാല്‍ നമ്മള്‍ പതിവായി കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളവയല്ല. ഒരു ക്വസ്റ്റ്യന്‍ പേപ്പര്‍ തയ്യാറാക്കുന്നതില്‍ അക്ഷന്തവ്യമായ കുസൃതി കാട്ടിയതിലൂടെ ഒരു വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തപ്പെട്ട അധ്യാപകനെ കൈയില്‍ കിട്ടാത്ത ദേഷ്യത്തിന് ഒരു കുറ്റവും ചെയ്യാത്ത അയാളുടെ മകനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി തല്ലിച്ചതച്ചു. ഒരു ട്രാഫിക് അപകടത്തില്‍ പെട്ട് തന്റെ ആസ്പത്രിയിലെത്തിയ പേഷ്യന്റിനെ അടിയന്തിരമായി കൂടുതല്‍ വിദഗ്ധമായ ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി മറ്റൊരാസ്പത്രിയിലേക്കു കൊണ്ടുപോകാന്‍ തുടങ്ങിയ ഡോക്ടറെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. ഒരു ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യ ക്യാമറയെപ്പറ്റി പരാതിപ്പെടാനെത്തിയ പെണ്‍കുട്ടിയുടെ കൂടെവന്ന സഹോദരനെ മര്‍ദ്ദിച്ചു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറെ പോക്കറ്റടിക്കാരെ കൂട്ടുപിടിച്ച് കള്ളക്കേസില്‍ കുടുക്കുകയും ദേഹോപദ്രവും ഏല്‍പ്പിക്കുകയും ചെയ്തു. ആ ലിസ്റ്റ് നീണ്ടു നീണ്ടു പോകുകയാണ്.
ഇതിനെല്ലാം ഉപരിയാണ് അപൂര്‍വമല്ലാതാകുന്ന കസ്റ്റഡി മരണങ്ങള്‍. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ക്കകം പത്തോളം! 2006 ജൂലായ് മാസം ഒരു പക്ഷേ കേരള പൊലീസിന്റെ ചരിത്രത്തിലെ അഭിശപ്തമായ മാസമായിരുന്നിരിക്കാം: വിവിധ കേസുകളിലായി പൊലീസ് കസ്റ്റഡിയിലായിരുന്ന അഞ്ചുപേരാണ് ആ മാസത്തില്‍ മരിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തേതാണ് പാലക്കാട്ട് ഷീല കൊലക്കേസില്‍ മുഖ്യമായി സംശയിക്കപ്പെട്ട പ്രതി പൊലീസ് മര്‍ദ്ദനം മൂലം കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനലുകള്‍ പൊലീസ് യൂണിഫോമിലാണുള്ളത് എന്നു പണ്ട് ജസ്റ്റിസ് മുള്ള പറഞ്ഞതു ശരിയാണെന്നു തെളിയിക്കാന്‍ ആരൊക്കെയോ കച്ചകെട്ടി ഇറങ്ങിയതുപോലുണ്ട് കാര്യങ്ങള്‍.
ഇതെന്തേ ഇങ്ങനെയാകാന്‍? ‘നാലാം ക്ലാസും ഗുസ്തിയും’ പൊലീസില്‍ ചേരാന്‍ മതിയായ യോഗ്യതയായിരുന്ന പഴയകാലത്തേക്കാള്‍ ഇന്നത്തെ പൊലീസുകാരുടെ നിലവാരം എത്രയോ ഉയര്‍ന്നിട്ടുണ്ട്. അവരില്‍ പലരും ബിരുദധാരികളും ബിരുദാനന്തര ബിരുദക്കാരുമാണ്. എന്നിട്ടുമെന്തേ അതിന്റെ ഗുണം അവരുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കാത്തത്? അവര്‍ക്കു കിട്ടുന്ന പരിശീലനത്തിന്റെ കാര്യത്തിലും ഒരുപാടു മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് പാലക്കാട്ടുള്ള പൊലീസ് പരിശീലന ക്യാമ്പില്‍ സാഹിത്യകാരന്മാരെയും ശാസ്ത്രജ്ഞരെയുമൊക്കെ വിളിച്ചു വരുത്തി ട്രെയിനികള്‍ക്കു ക്ലാസെടുപ്പിച്ചിരുന്നതായി നേരിട്ടറിയാം. പക്ഷേ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള ഒരു ക്യാമ്പില്‍ നിന്നു പുറത്തുവന്ന വാര്‍ത്ത അത്ര ശുഭമല്ല. ചില കേഡറ്റുകള്‍ രാത്രി മതില്‍ ചാടി മദ്യപാനവും മറ്റു സാമൂഹ്യ വിരുദ്ധ നടപടികളും നടത്തി കൈയോടെ പിടിക്കപ്പെട്ടിട്ടും സംഗതി ഒതുക്കിത്തീര്‍ക്കാനായിരുന്നു അധികൃതരുടെ ശ്രമം. നിയമപാലകര്‍ക്കുള്ള പരിശീലനകാലത്ത് അവര്‍ക്കു കിട്ടുന്ന അനുഭവം ഇങ്ങനെയായാല്‍ ഭാവിയിലും എന്തെങ്കിലും കുരുക്കില്‍ പെട്ടാല്‍ അതെങ്ങനെയും ഒതുക്കിത്തീര്‍ക്കാം എന്നല്ലേ അവര്‍ പഠിക്കുക. ഒരതിരുവരെയെങ്കിലും തീര്‍ത്തും ജുഗുപ്‌സാവഹമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം അതില്‍ ഉള്‍പ്പെടുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നില്ല എന്നതു തന്നെയാണ്. ജനരോഷം ശമിപ്പിക്കാനായി ഒരു സസ്‌പെന്‍ഷനും അന്വേഷണവും ഒക്കെയുണ്ടാകും. പിന്നീട് എന്തു സംഭവിക്കുന്നു എന്നത് ആരാ ശ്രദ്ധിക്കുക? കുറേനാള്‍ കഴിഞ്ഞ് ഇതേ ഉദ്യോഗസ്ഥന്‍ തന്നെ മറ്റൊരു കുന്ത്രാണ്ടത്തില്‍ പെടുമ്പോഴായിരിക്കും ഇദ്ദേഹം തിരിയെ സര്‍വീസില്‍ കയറിയ കാര്യം പത്രക്കാര്‍ പോലും അറിയുക. എന്തു തെമ്മാടിത്തം കാട്ടിയാലും സംരക്ഷിക്കപ്പെടും എന്ന തോന്നലുണ്ടായാല്‍ തെമ്മാടിത്തങ്ങള്‍ താനേ പെരുകും. സംരക്ഷണം രാഷ്ട്രീയമാകാം; സഹപ്രവര്‍ത്തകരോടുള്ള കൂറിന്റെ പേരില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഉദ്യോഗസ്ഥ തലത്തിലുമാകാം. വാസ്തവത്തില്‍, തങ്ങള്‍ക്കു കൂടി ചീത്തപ്പേരുണ്ടാകുന്ന ഇത്തരം ചീഞ്ഞ മുട്ടകളെ കൈയോടെ പുറത്താക്കുന്നതിനാണ് ഡിപ്പാര്‍ട്ടുമെന്റിനോടു കൂറുള്ള സഹപ്രവര്‍ത്തകര്‍ ഉത്സാഹിക്കേണ്ടത്. പക്ഷേ പലപ്പോഴും തെറ്റായ മാനുഷിക പരിഗണനകളുടെ പേരിലാണ് ഇവര്‍ സംരക്ഷിക്കപ്പെടുന്നത്. ജോലിയില്‍ നിന്നു പിരിച്ചുവിട്ടില്ലെങ്കില്‍പോലും പൊതുജനങ്ങളുമായി ഇടപെടേണ്ടുന്ന തസ്തികകളില്‍ നിന്നെങ്കിലും ഇവരെ മാറ്റി നിര്‍ത്തുന്നതാണ് ഡിപ്പാര്‍ട്ടുമെന്റിനും നല്ലത്.
ഇതൊക്കെ ശരിയാണെങ്കില്‍ തന്നെയും നമ്മുടെ പൊലീസ് ഇങ്ങനെയാകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്കും, അതായത് നാമുള്‍പ്പെടുന്ന സമൂഹത്തിനും ഒഴിവാകാനാകുമെന്നു തോന്നുന്നില്ല. അതെങ്ങനെയാണെന്നോ? പൊലീസ് ഭരണകൂടത്തിന്റെ മര്‍ദനോപകരണമാണെന്നു പറയുകയും പഠിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ഭരണത്തിലേറിക്കഴിഞ്ഞപ്പോള്‍ അതു മാറ്റാനെന്തെങ്കിലും ചെയ്‌തോ? അതോ ആ മര്‍ദ്ദനോപകരണത്തെ തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ ഉപയോഗിക്കാനാണോ അവര്‍ ശ്രമിച്ചത്? പണ്ട് നാട്ടുപ്രമാണിമാരില്‍ നിന്നും മുതലാളിമാരില്‍ നിന്നും വന്നിരുന്ന ഫോണ്‍ വിളികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പകരം പുതിയ കേന്ദ്രങ്ങളില്‍ നിന്നായി ഇടപെടലുകള്‍, എന്നതല്ലേയുള്ളു വ്യത്യാസം? പൊലീസിനെ സംബന്ധിച്ചിടത്തോളം പഴയ യജമാനന്മാര്‍ക്കു പകരം പുതിയ യജമാനന്മാര്‍, എന്നതല്ലാതെ മുഖം നോക്കാതെ നിയമം നടപ്പാക്കുക എന്ന സ്വാതന്ത്ര്യവും ഉത്തരവാദിത്തവും കൈവന്നുവോ? തങ്ങള്‍ പൊതുജന സേവകരാണ് എന്ന ബോധ്യം എന്നെങ്കിലും ഉണ്ടായോ? ഇല്ലെങ്കില്‍ അതിന്റെ കാരണമെന്ത്?
സാധാരണക്കാരായ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തമുണ്ട്. അവര്‍ പൊലീസില്‍ നിന്നു പ്രതീക്ഷിക്കുന്നതും തെറ്റായ ചില കാര്യങ്ങളാണ്. നിയമം അനുസരിക്കുന്ന എന്നെപ്പോലുള്ളവരെ സംരക്ഷിക്കുകയും നിയമം ലംഘിക്കുന്ന കള്ളന്മാരെയും ദുഷ്ടന്മാരെയും ശിക്ഷിക്കുകയും ചെയ്യുന്ന പൊലീസാണ് എന്റെ മനസ്സിലുള്ളത്. എന്റെ വീട്ടില്‍ മോഷണം നടന്നാല്‍ ഞാന്‍ സംശയിക്കുന്നവരെ പോലീസു പിടിച്ച് ”വേണ്ട രീതിയില്‍” ചോദ്യം ചെയ്ത് കുറ്റം തെളിയിക്കണം. ”വേണ്ട രീതിയില്‍” എന്നാല്‍ മൂന്നാംമുറ തന്നെ. അല്ലെങ്കില്‍ എന്തു പൊലീസ്? വേണമെങ്കില്‍ അതിനു സ്വല്‍പം കാശു മുടക്കാനും ഞാന്‍ തയാറാണ്. സന്തോഷത്തോടെയല്ലെങ്കിലും. എന്നാല്‍ സംഗതി അധാര്‍മിക മാണെങ്കില്‍ കാശു മുടക്കുന്നതു സന്തോഷത്തോടെയായിരിക്കും. വിരോധമുള്ളവരെ പൊലീസ് കേസില്‍ കുടുക്കുന്നത് പഴയൊരു ഏര്‍പ്പാടാണല്ലോ. പൊലീസിനും സന്തോഷം. ഇടിക്കാനും കാശ്, ഇടിക്കാതിരിക്കാനും കാശ്. ഇതിന്റെ മറുവശമാണ്, എനിക്കെന്തെങ്കിലും കൈയബദ്ധം പറ്റിയാല്‍ കേസില്‍ നിന്നു തലയൂരാനായി പൊലീസിനു കാശുകൊടുക്കുക എന്നത്. അല്ലെങ്കില്‍, സ്വാധീനമുള്ളവരെ കൊണ്ടു വിളിച്ചുപറയിക്കുക. അത് ഉദ്യോഗ സ്വാധീനത്തിന്റെ പേരിലോ ബന്ധുത്വത്തിന്റെ പേരിലോ രാഷ്ട്രീയ ബന്ധങ്ങളുടെ പേരിലോ വെറും കാശിന്റെ ബലത്തിലോ ആകാം. ഇതിനൊന്നും വഴങ്ങാത്ത പൊലീസ് ഒരു വലിയ ശല്യം തന്നെയാണല്ലോ. അല്ലാതെ, ”എനിക്ക് ഒരു തെറ്റു പറ്റി; അതിന് കോടതി നിശ്ചയിക്കുന്ന ശിക്ഷ ഞാന്‍ അനുഭവിച്ചുകൊള്ളാം” എന്ന് എത്ര പേര്‍ കരുതും?
പൊലീസിന്റെ ബല പ്രയോഗത്തെപ്പറ്റി നമുക്കുള്ള സങ്കല്‍പങ്ങളും ഇതുപോലെ പഴഞ്ചനാണ്. കള്ളന്മാരെക്കൊണ്ടും മുട്ടാളന്മാരെക്കൊണ്ടും സത്യം പറയിക്കാന്‍ അസാരം കൈക്രിയ ആവശ്യമാണെന്ന് ഒട്ടുമിക്കവരും ആത്മാര്‍ഥമായിത്തന്നെ വിശ്വസിക്കുന്നു. ”വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍” എന്നതില്‍ അതെല്ലാം അടങ്ങിയിരിക്കുന്നു. നാം നിത്യേന സിനിമകളിലും സീരിയലുകളിലും കാണുന്ന ദൃശ്യങ്ങള്‍ ഈ സങ്കല്‍പത്തെ അരക്കിട്ടുറപ്പിക്കുന്നു. കുറ്റം തെളിയിക്കാന്‍ മാത്രമല്ല അല്ലാതെയും നമുക്കിഷ്ടമില്ലാത്ത കഥാപാത്രങ്ങളെ പൊലീസുകാര്‍ ഭേദ്യം ചെയ്യുമ്പോള്‍ ‘അവന് (അവള്‍ക്ക്) അതു കിട്ടണം’ എന്ന് നമ്മുടെ ഹൃദയം മന്ത്രിക്കുന്നു. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെയോ തെളിയിക്കപ്പെട്ടവരെത്തന്നെയോ ദേഹോപദ്രവമേല്‍പ്പിക്കാന്‍ പൊലീസിനധികാരമില്ലെന്നുപോലും മിക്കവര്‍ക്കും അറിഞ്ഞുകൂടാ. ”ഇടിക്കാത്ത പൊലീസ് എന്തു പൊലീസ്!” എന്നാണു കള്ളന്മാര്‍ പോലും ചിന്തിക്കുക.
ഇത്തരമൊരു ചിത്രം പൊലീസിനെപ്പറ്റി നാം വച്ചു പുലര്‍ത്തുകയും സകലവിധ മാധ്യമങ്ങളിലും കൂടി അതു നിരന്തരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പൊലീസ് അതിനനുസരിച്ചു സ്വയം രൂപാന്തരപ്പെടും. വിദ്യാഭ്യാസരംഗത്ത് അംഗീകരിക്കപ്പെട്ട ഒരു തത്വമുണ്ട്. ”നീയൊന്നും നന്നാകില്ലെടാ. നീയൊക്കെ തോല്‍ക്കയേ ഒള്ളൂ. ബുദ്ധിയില്ലാത്ത കഴുതകള്‍!” എന്ന് നിരന്തരം അധ്യാപകന്‍ ശപിച്ചുകൊണ്ടിരുന്നാല്‍ കുട്ടികള്‍ അങ്ങനെതന്നെ വളരും. എന്നാല്‍ ”നിങ്ങളൊക്കെ മിടുക്കന്മാരാണ്, എന്തും നേടാന്‍ പോന്നവര്‍. ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഫസ്റ്റ് ക്ലാസു തന്നെ കിട്ടും” എന്ന് ഒരു ക്ലാസില്‍ അധ്യാപകന്‍ നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നാല്‍ അവര്‍ അതിനനുസരിച്ച് നേട്ടങ്ങള്‍ കൊയ്യും. 
നമ്മള്‍ പൊലീസുകാര്‍ക്കു കൊടുക്കുന്ന ബോധവല്‍ക്കരണം എപ്രകാരമാണ്? ഏതുവിധത്തിലുള്ള പെരുമാറ്റമാണ് സമൂഹം അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്? ലണ്ടന്‍ ബോബ്ബിയില്‍ നിന്ന് ഇംഗ്ലീഷുകാര്‍ മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു. അതു ബോബ്ബിക്കും അറിയാം. അതുകൊണ്ട് ബോബ്ബി അങ്ങനെയേ പെരുമാറൂ. എന്നാല്‍ നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റം നമ്മുടെ കഥകളും സിനിമകളും സീരിയലുകളും നമുക്കു കാണിച്ചുതരുന്ന മാതൃകകളാണ്. അതുതന്നെയാണ് പൊലീസുകാരുടെ മുന്നിലുള്ള മാതൃകകളും. അവരും അതനുസരിച്ചു പെരുമാറുന്നു. (ചില പത്ര റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ പുതിയ ചില മര്‍ദ്ദനമുറകളും അവര്‍ സിനിമയിലും സീരിയലുകളിലും നിന്നു പകര്‍ത്തുന്നുണ്ടോ എന്നു സംശയം).
ഏതായാലും നാം പോലീസില്‍ നിന്നു പ്രതീക്ഷിക്കുന്ന പെരുമാറ്റ രീതിയെക്കുറിച്ചു പുതിയ മാതൃകകള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. പഴയ ഐ ജി ശിങ്കാരവേലു ”ഗുഡ് മോണിങ്ങ്” സംസ്‌കാരം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തൊരു പുച്ഛമായിരുന്നു നമുക്കൊക്കെ. നാമെല്ലാം അതിനെ ഒരു ഹാസ്യ നാടകമായിട്ടാണു കണ്ടത്. എന്താണതിന്റെ പൊരുള്‍? നാം മാറാന്‍ ഒരുക്കമല്ല; മാറ്റം പ്രതീക്ഷിക്കുന്നില്ല, എന്നല്ലേ? ആദ്യം നാം മാറ്റം ആഗ്രഹിക്കണം; പിന്നെ ആവശ്യപ്പെടണം; എന്നിട്ടതു പ്രതീക്ഷിക്കണം. അങ്ങനെയേ മാറ്റങ്ങള്‍ വരൂ.
Advertisements

Posted in ദൃഷ്ടി | Tagged: | Leave a Comment »

നിയമവും കുറുക്കുവഴികളും – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

നിയമവും കുറുക്കുവഴികളും

ആര്‍ വി ജി മേനോന്‍

മണ്ണ­ടി­ഞ്ഞു­ തൂര്‍ന്നു­പോ­കുന്ന നമ്മുടെ റിസര്‍വോ­യ­റു­ക­ളി­ല്‍­നിന്ന് മണല്‍ വാരി വി­ല്‍­ക്കും എ­ന്ന് സര്‍ക്കാര്‍ പ്രഖ്യാ­പി­ച്ച­പ്പോ­ള്‍ എന്താ­യി­രുന്നു പുകി­ല്? അതിന്റെ പാരി­സ്ഥി­തിക ആ­ഘാ­ത­ങ്ങള്‍ ഭയാ­വ­ഹ­മാ­യി­രിക്കും എന്നു­ ചി­ലര്‍ മുന്ന­റി­യി­പ്പു ­നല്‍കി. അത് നമ്മുടെ കുടി­വെള്ളം മലീ­മ­സ­മാ­ക്കു­മെന്ന് മറ്റു­ ചി­ലര്‍. മണല്‍ കൂ­മ്പാ­ര­ങ്ങള്‍ സൃഷ്ടി­ക്കുന്ന മറ മാ­റി­യാല്‍ ഒഴു­ക്കു­വെള്ളം വ­ന്നി­ടിച്ച് അണ­ക്കെ­ട്ടു­തന്നെ ത­കര്‍ന്നേ­ക്കാ­മെ­ന്നു­പോലും ചി­ല ശാസ്ത്ര­ജ്ഞര്‍ തട്ടി­വി­ട്ടു. പ­ക്ഷേ ഇവ­രെല്ലാം മറ­ന്നു­പോ­യ, അല്ലെ­ങ്കില്‍ മന­പൂര്‍വം മറ­ച്ചു­വ­ച്ച, ഒരു­കാ­ര്യ­മു­ണ്ട്. ഈ റി­സര്‍വോ­യ­റു­ക­ളില്‍ നി­ന്നെ­ല്ലാം അന­ധി­കൃ­ത­മായി മണ്ണു­വാരി വില്‍ക്കുന്ന വലി­യൊരു മാഫി­യ ഇവിടെ കുറേ­ക്കാ­ല­മായി പ്ര­വര്‍ത്തി­ക്കു­ന്നു­ണ്ട്. അതിന്റെ വി­ഹിതം പല അധി­കാ­രി­കള്‍­ക്കും കിട്ടു­ന്നു­മു­ണ്ടാ­വ­ണം.
ഏതാ­ണ്ടി­തു­പോലെ തന്നെ­യാ­ണ് പല രംഗ­ങ്ങ­ളി­ലേയും കാ­ര്യ­ങ്ങള്‍. കഷ്ട­പ്പെ­ട്ടു­ണ്ടാ­ക്കി­യ കാശു­കൊണ്ട് വീട്പ­ണി­യാ­നൊരു സ്ഥലം വാങ്ങി­ക്ക­ഴി­ഞ്ഞി­ട്ടാ­യി­രിക്കും അറി­യുക  അത് ‘ഗ്രീന്‍ ബെല്‍റ്റില്‍’ പെ­ടു­ന്ന മേഖ­ല­യി­ലാ­ണെ­ന്ന്. അ­തില്‍നിന്ന് ഒഴിവുകിട്ടാ­നായി അ­പേ­ക്ഷ­കൊ­ടുത്ത് അതിന്റെ പുറകേ ജന്‍മം മുഴു­വന്‍ നട­ന്നാ­ലും അനു­മതി കിട്ടി­യി­ല്ലെ­ന്നി­രി­ക്കും. അപ്പോ­ഴാണ് ന­മ്മു­ടെ ഉദ്യോ­ഗ­സ്ഥര്‍ എത്ര ശു­ഷ്­കാ­ന്തി­യോ­ടെ­യാണ് പാരി­സ്ഥി­തിക നിയ­മ­ങ്ങള്‍ നട­പ്പാ­ക്കു­ന്ന­ത് എന്ന് നമ്മള്‍ മന­സി­ലാ­ക്കു­ക. അതു­ ന­ല്ല­തു­ത­ന്നെ. പ­ക്ഷേ ഇതി­നി­ടെ­ത്തന്നെ കൃഷി നട­ക്കുന്ന നെല്‍പ്പാ­ട­ങ്ങള്‍­പോ­ലും നികത്തി പല ­പേ­രില്‍ പു­തിയ സിറ്റി­കള്‍ വരു­ന്നതും ന­മ്മ­ള്‍ കാണു­ന്നു.
ആറാ­ട്ടു­പുഴ പഞ്ചാ­യത്തിലെ കരി­മ­ണല്‍ ഖനനം ചെയ്യാ­നു­ള്ള നീക്ക­ത്തി­നെ­തിരെ ശക്ത­മായ ജന­കീയ പ്രക്ഷോഭണ­മാ­ണു­ണ്ടാ­യത്. തീര്‍ച്ച­യായും അ­ത് വേണ്ട­തു­മാ­യി­രു­ന്നു. കായ­ലിനും കട­ലിനും ഇടയ്ക്ക് കിട­ക്കുന്ന വീതി­ കു­റഞ്ഞ അതി ലോ­ല­മായ ആ പ്രദേ­ശത്തെ ഖ­നനം എന്തെ­ന്തു പ്ര­ത്യാ­ഘാ­ത­മാ­ണു­ണ്ടാ­ക്കുക എന്നു പ്രവ­ചിക്ക വയ്യ. പക്ഷേ അതേ സമ­യ­ത്തു­ത­ന്നെ, അതേ മേഖ­ല­യി­ല്‍ നിന്നും നൂറു­ക­ണ­ക്കിനു വ­ള്ള­ങ്ങള്‍ അന­ധി­കൃ­ത­മായി ക­രി­മ­ണല്‍ കടത്തി കൊണ്ടു­പോ­കു­ന്നതു തട­യാന്‍ നമുക്കു ക­ഴി­യു­ന്നുമില്ല.
കരി­മ­ണല്‍ ഖനനം പോലെ ത­ന്നെ കര­മ­ണല്‍ ഖന­ന­ത്തി­ന്റെ കാര്യ­വും. നിയ­മ­പ­ര­മായി മണല്‍വാരി സംസ്‌ക്ക­രിച്ചു വി­ല്‍ക്കു­ന്ന­തിനു പെര്‍മിറ്റു കി­ട്ടാന്‍ കട­മ്പ­ക­ളേറെ. പക്ഷേ, നി­യ­മ­വി­രു­ദ്ധ­മായി പാതാളം വരെ കുഴിച്ച് മണല്‍ വിറ്റു കാ­ശാ­ക്കുന്ന സംഘ­ങ്ങള്‍ കേര­ള­ത്തി­ലെ­മ്പാടും പ്രവര്‍ത്തി­ക്കു­ന്നു­ണ്ട്.
പാവ­പ്പെട്ട കുംഭാ­ര­ന്മാര്‍ക്ക് അ­വ­രുടെ ഉപ­ജീ­വ­ന­ത്തി­നായി കളി­മണ്‍ പാത്ര­ങ്ങള്‍ ഉണ്ടാ­ക്കാ­ന്‍ കളി­മണ്ണു കൂടിയേ തീരു. അ­വര്‍ പര­മ്പ­രാ­ഗ­ത­മായി മ­ണ്ണെ­ടു­ത്തി­രുന്ന പാട­ങ്ങളും പു­ഴ­യോ­ര­ങ്ങളും ഇന്ന് അപ്രാ­പ്യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഫ­ലമോ? മണ്ണിനു തീവില! ആ മ­ണ്ണു കിട്ടു­ന്നതോ? അന­ധി­കൃ­ത­മായി മണ്ണ് കുഴി­ച്ചെ­ടുത്തു വി­ല്‍ക്കുന്ന മാഫിയാ സംഘ­ങ്ങ­ളില്‍ നിന്നും!
ഇങ്ങനെ എത്ര­യെത്ര ഉദാ­ഹ­ര­ണ­ങ്ങള്‍ വേണ­മെ­ങ്കിലും നിര­ത്താ­നാ­കും. ഇതൊക്കെ ന­മ്മ­ള്‍ ദിവ­സേന കാണു­ന്ന­താ­ണ്. ചട്ടവും നിയ­മവും അനു­സ­രി­ച്ച് ഒരു കാര്യം ചെയ്യ­ണ­മെ­ങ്കില്‍ കുരു­ക്കു­ക­ളേറെ അഴി­ക്കേ­ണ്ടി­വ­രും. ചട്ട­മ­നു­സ­രിച്ച് കാര്യ­ങ്ങ­ള്‍ നീക്കി­യാല്‍ ഒരു കാര്യവും ചെ­യ്യാന്‍ പറ്റില്ലാ എന്നതു കൊ­ണ്ടാ­ണല്ലോ ”ചട്ട­പ്പടി ജോലി” ഒരു സമര രൂപം ആയി മാറു­ന്ന­ത്! അല്ലെ­ങ്കില്‍, എല്ലാ­വരും ചട്ടം അനു­സ­രിച്ചു ജോലി ചെ­യ്താല്‍ കാര്യ­ങ്ങ­ളെല്ലാം ഭംഗി­യായി നട­ക്കേ­ണ്ട­തല്ലേ? പി­ന്നെന്തു സമരം? ചില­പ്പോള്‍ തോ­ന്നും ചട്ട­ങ്ങ­ളു­ണ്ടാ­ക്കു­ന്ന­വര്‍ മനഃ­പൂര്‍വ­മാണ് ഇങ്ങനെ അന­ങ്ങാന്‍ വയ്യാത്ത രീതി­യി­ല്‍ ചട്ട­ങ്ങള്‍ ഉണ്ടാ­ക്കു­ന്നത് എ­ന്ന്. അപ്പോ­ഴാ­ണല്ലോ ചട്ട­ങ്ങള്‍ നട­പ്പാ­ക്കുന്ന ഉദ്യോ­ഗ­സ്ഥര്‍ക്ക് കണ്ണ­ടച്ചു പിടി­ക്കാ­നുള്ള അവ­സരം കിട്ടു­ക. പക്ഷേ, എല്ലാ­യ്‌­പ്പോഴും അത് അങ്ങ­നെ­യാ­ക­ണ­മെ­ന്നി­ല്ല. ചില­പ്പോ­ഴെ­ങ്കി­ലും സത്യ­സ­ന്ധ­രായ ഉദ്യോ­ഗ­സ്ഥര്‍ സദു­ദ്ദേ­ശ്യ­ത്തോ­ടെ­ത­ന്നെ­യാ­യി­രിക്കാം കര്‍ശ­ന­മായ ചട്ട­ങ്ങ­ള്‍ക്കു രൂപം കൊടു­ക്കു­ന്ന­ത്. പക്ഷേ ശുദ്ധന്‍ ദുഷ്ടന്റെ ഫ­ലം ചെയ്യുന്ന സന്ദര്‍ഭ­ങ്ങളും ഉണ്ടല്ലോ. സ്വകാര്യ വന­ഭൂമി ഏറ്റെ­ടു­ക്കാനുള്ള നിയമം വന്ന­പ്പോഴും പാരി­സ്ഥി­തി­ക­-­ലോല ഭൂമി സംര­ക്ഷി­ക്കാ­നുള്ള നി­യ­മം വന്ന­പ്പോഴും നെല്‍വ­യല്‍ സം­ര­ക്ഷണ നിയമം വന്ന­പ്പോ­ഴും എല്ലാം നാമിതു കണ്ട­താ­ണ്. നിയ­മ­ത്തിനും ചട്ട­ത്തിനും രൂപം കൊടുത്ത ഉദ്യോ­ഗ­സ്ഥ­രു­ടെ അമി­തോ­ത്സാഹം കൊ­ണ്ടാ­ണ് അവ­യെല്ലാം ഒരു­പാടു ചെറു­കിട ഭൂവു­ട­മ­കള്‍ക്കു ക­ണ്ഠ­കോ­ടാ­ലി­യായി മാറി­യ­ത്. അത്തരം ഉദാ­ഹ­ര­ണ­ങ്ങള്‍ മു­ന്‍നിര്‍ത്തി ഒടു­വില്‍ വന്‍കിട ക­യ്യേ­റ്റ­ക്കാരും മാഫി­യ­കളും ര­ക്ഷ­പ്പെ­ടു­കയും ചെയ്യും. ഒടു­വി­ല്‍ ഈ നിയ­മ­ങ്ങ­ളൊന്നും ന­ട­പ്പാ­ക്കാന്‍ പറ്റാ­ത്ത­വ­യാ­ണെ­ന്ന­ അപ­ഖ്യാതി മാത്രം ബാക്കി­യാകും.
നട­പ്പാ­ക്കാന്‍ കഴി­യുന്ന നിയ­മ­ങ്ങള്‍ക്കു മാത്രം രൂപം കൊടു­ക്കുക; അവ കര്‍ശ­ന­മായി നട­പ്പാ­ക്കുക- എന്ന­തു­മാ­ത്ര­മാ­ണി­തിനു പരി­ഹാ­രം. സ്‌കൂളിനു മു­ന്നില്‍ ”സ്പീഡു ലിമിറ്റ് 15 കി മീ/മ” എന്ന ബോര്‍ഡു വ­ച്ചാ­ല്‍ അതു നട­പ്പാ­ക്കാ­നു­ദ്ദേ­ശി­ക്കു­ന്നില്ല എന്നു വ്യക്ത­മാ­ണ്. അപ്പോള്‍ ഡ്രൈവര്‍മാര്‍ അത് ശ്രദ്ധി­ക്കയേ ഇല്ല. വാ­സ്ത­വ­ത്തില്‍ നിയ­മ­ത്തോടു ത­ന്നെ അവ­ജ്ഞ­യാണ് അപ്പോള്‍ ഉ­ണ്ടാ­കുക. എന്നാല്‍ ”കാലത്ത് 8.30 മുതല്‍ 9.30 വരെയും വൈ­കിട്ട് 3.30 മുതല്‍ 4.30 വരെയും സ്­പീഡ് ലിമിറ്റ് 30 കി മീ/മ” എ­ന്നു ബോര്‍ഡു വച്ചാലോ? തീ­ര്‍ച്ച­യായും അതു നട­പ്പാ­ക്കാ­ന്‍ കഴി­യും – വേണ­മെന്നു വ­ച്ചാ­ല്‍. അത്തരം നിബ­ന്ധ­ന­ക­ള്‍ അനു­സ­രി­ക്കാന്‍ ഡ്രൈ­വ­ര്‍­മാ­രും കൂടു­തല്‍ ശ്രദ്ധ­വ­യ്ക്കും.
ഈ സമീ­പനം എല്ലാ നിയ­മ­ങ്ങള്‍ക്കും ചട്ട­ങ്ങള്‍ക്കും ബാധ­ക­മാ­ക്കണം. നഗ­ര­മ­ധ്യ­ത്തിലെ ഒറ്റ­പ്പെട്ട ഒരു നെല്‍പ്പാ­ടത്ത് നെ­ല്‍കൃഷി ചെയ്യണം എന്നു വാ­ശി­പി­ടി­ച്ചാല്‍ ഇക്കാ­ലത്തു നട­പ്പില്ലാ എന്നെല്ലാ­വര്‍ക്കും അറി­യാം. എന്നാല്‍, അതു നികത്തി വീടോ, ഷോപ്പിങ്ങ് കോം­പ്ല­ക്‌­സോ, ബസ്സ് സ്റ്റാന്റോ പണി­താ­ല്‍ നെല്‍വ­യല്‍ നിര്‍വ­ഹി­ക്കു­ന്ന പാരി­സ്ഥി­തിക ധര്‍മ്മ­ങ്ങള്‍ ന­ട­ക്കാ­തെയും പോകും. ഒരു പ­ക്ഷേ, ചുറ്റു­പാടും മഴ­ക്കാ­ല­ത്തു വെള്ള­ക്കെട്ടും  വേന­ലില്‍ വരള്‍ച്ചയും അനു­ഭ­വ­പ്പെ­ടാം. എ­ന്നാല്‍ ആ വയ­ലിന്റെ ഒരു ഭാ­ഗം ആഴം കൂട്ടി മനോ­ഹ­ര­മാ­യ ഒരു ജലാ­ശ­യ­മായി നില­നി­ര്‍ത്തി­ക്കൊണ്ട് ബാക്കി ഭാ­ഗത്ത് പൊതു­ജ­നോ­പ­കാരപ്രദ­മായ ഉദ്യാ­നമോ ഏതെ­ങ്കിലും പൊതു­സ്ഥാപന­ങ്ങളോ പണി­യാ­നുള്ള തീരു­മാ­ന­മാ­യി­രിക്കാം കൂടു­തല്‍ ഉചി­തം.
ഇത്തരം തീ­രു­മാ­ന­ങ്ങള്‍ സുതാ­ര്യമായും ജ­ന­പ­ങ്കാ­ളി­ത്ത­ത്തോ­ടെയും എടു­ക്കാ­നുള്ള സംവി­ധാ­ന­ങ്ങ­ളാണ് നിയ­മ­ങ്ങള്‍ വഴി ഉണ്ടാ­ക്കേ­ണ്ട­ത്. നട­പടി ക്രമ­ങ്ങള്‍ ലളി­ത­മാ­ക്കുക, കാല­താ­മസം ഒഴി­വാ­ക്കു­ക, വേണ്ടത്ര വിവ­ര­ങ്ങള്‍ ല­ഭ്യ­മാ­ക്കു­ക, ആവ­ശ്യ­ക്കാ­രന്‍ എ­ന്താണു ചെയ്യേ­ണ്ട­ത്, ആരെ­യാ­ണു സമീ­പി­ക്കേ­ണ്ടത് എ­ന്നൊ­ക്കെ വ്യക്ത­മാ­ക്കു­ക. ഇ­തെ­ല്ലാ­മാണ് സംശു­ദ്ധ­മായ ഭര­ണ­ത്തി­ന്റെ ഘട­ക­ങ്ങള്‍.
ഇക്കാ­ര്യ­ത്തി­ലെല്ലാം നമു­ക്കി­നി­യും ഏറെ ദൂരം പോകാ­നു­ണ്ട്.

Posted in ദൃഷ്ടി | Tagged: | Leave a Comment »

ഇവരെ ആരാണ് മര്യാദ പഠിപ്പിക്കുക ? – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ഇവരെ ആരാണ് മര്യാദ പഠിപ്പിക്കുക ?

ആര്‍ വി ജി മേനോന്‍

ഓരോ വര്‍ഷവും മൂവായിരത്തിലധികം പേര്‍ കേരളത്തിലെ റോഡുകളില്‍ കൊല്ലപ്പെടുന്നുണ്ടത്രേ. അല്ലല്ല, കൊലപാതകങ്ങളല്ല; റോഡപകടങ്ങള്‍. ഇവയ്ക്കു പല കാരണങ്ങളുമുണ്ടാകാം. അശാസ്ത്രീയമായ റോഡു നിര്‍മാണം മുതല്‍ യന്ത്രത്തകരാറുകള്‍ വരെ. പക്ഷേ വലിയൊരു വിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നത് ഡ്രൈവര്‍മാരുടെ പിശക് ആണെന്നതില്‍ സംശയമില്ല. ഓരോ ദിവസവും റോഡിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്, ഇവിടെ ഇത്രയല്ലേ അപകടങ്ങള്‍ ഉണ്ടാകുന്നുള്ളൂ! കൂടുതല്‍ ഉണ്ടാകാത്തത് നമ്മുടെ ഭാഗ്യംകൊണ്ടു മാത്രമാണ്. അത്രയ്ക്ക് അപകടകരമായ വിധത്തിലാണ് നമ്മുടെ പല ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഓടിക്കുന്നത.് സുരക്ഷിതമായ ഡ്രൈവിങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത മട്ടിലാണ് പലരുടെയും വണ്ടിയോടിക്കല്‍.
റോഡുകള്‍ മെച്ചമായാല്‍ റോഡപകടങ്ങള്‍ കുറയും എന്നാണ് പൊതുവേയുള്ള ധാരണ. പക്ഷേ നമ്മുടെ അനുഭവം മറിച്ചാണ്. റോഡിന്റെ കുറച്ചുഭാഗമെങ്കിലും മെച്ചപ്പെടുത്തിയാല്‍ ഉടനേ വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയതുപോലാണ് പലരുടെയും ഡ്രൈവിങ്. ലെയ്ന്‍ അടയാളപ്പെടുത്തിയാല്‍ റോഡുഗതാഗതം കൂടുതല്‍ സുരക്ഷിതമാകും എന്നാണ് പൊതുവേയുള്ള അനുഭവം. പക്ഷേ ഇവിടെ അതും വ്യത്യസ്തമാണ്. പാമ്പുപോകും പോലെ വളഞ്ഞുപുളഞ്ഞാണ് പലരും നാലുവരിപ്പാതയിലൂടെ വണ്ടിയോടിക്കുന്നത്. വേഗതകുറഞ്ഞ വാഹനങ്ങള്‍ ഇടതുലെയ്‌നിലൂടെ മാത്രം പോകുക. മറ്റു വാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രം വലതു ലെയ്ന്‍ ഉപയോഗിക്കുക എന്ന സാര്‍വത്രിക നിയമം ഇവിടെ ആര്‍ക്കും ബാധകമല്ല. പക്ഷേ എങ്ങനെ ഡ്രൈവര്‍മാരെ മാത്രം കുറ്റം പറയും? ലെയ്‌നിലൂടെ വണ്ടിയോടിക്കുന്നതിന്റെ മര്യാദകള്‍ അവരെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ. നമ്മുടെ മിക്ക ഡ്രൈവിങ് ഇന്‍സട്രക്ടര്‍മാരും ബഹുവരിപ്പാതയിലൂടെ വണ്ടി ഓടിച്ചിട്ടുണ്ടാവില്ല. പിന്നെങ്ങനെ അവര്‍ ശിഷ്യരെ അതിന്റെ മര്യാദകള്‍ പഠിപ്പിക്കും?
ലെയ്ന്‍ ഡ്രൈവിങ് മാത്രമല്ല പ്രശ്‌നം. ഒറ്റവരി മാത്രമുള്ള റോഡില്‍ പോലും ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് സര്‍വസാധാരണമത്രെ. വന്നുവന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് അതാകാമെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചമട്ടാണ്. അതുകൊണ്ട് അതു പ്രതീക്ഷിച്ചു തന്നെയാണ് നാമും വണ്ടിയോടിക്കുക. പക്ഷേ കാറുകളും ബസുകളും കൂടി അതു ചെയ്തു തുടങ്ങിയാലോ? അതുപോലെ, റോഡു നിറഞ്ഞു വാഹനങ്ങള്‍ പോകുമ്പോള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ വിടവുകളിലൂടെയുള്ള നുഴഞ്ഞുകയറ്റമാണ് മറ്റൊരു അപകടകാരണം. ഏതെങ്കിലും ജംഗ്ഷനില്‍ സിഗ്നലിനുവേണ്ടി വണ്ടി നിര്‍ത്തേണ്ടിവരുമ്പോഴാണ് ഇവരുടെ പരാക്രമം മൂര്‍ദ്ധന്യത്തിലെത്തുക. നുഴഞ്ഞുകയറിക്കയറി വലത്തോട്ടു തിരിയേണ്ട വണ്ടി ഇടത്തേയറ്റത്തു മുന്നിലായിട്ടായിരിക്കും ചിലപ്പോള്‍ സ്ഥലം കൈയടക്കുക. എന്നിട്ട് സിഗ്നല്‍ മാറുമ്പോള്‍ എല്ലാവരുടെയും മുന്നിലൂടെ വലത്തോട്ട് ഒരു മിന്നല്‍. പിന്നെ ഒരു സമാധാനമുള്ളത് ഇത്തരം സാഹസങ്ങള്‍ പതിവായതുകൊണ്ട് എല്ലാവരും കരുതിത്തന്നെയാണ് നില്‍ക്കുന്നത്. അതുകൊണ്ടു മാത്രമാണ് കൂടുതല്‍ അപകടങ്ങളുണ്ടാകാത്തത്.
അതുപോലെതന്നെയുള്ള നിയമരാഹിത്യമാണ് ട്രാഫിക് റൗണ്ടുകളില്‍ പ്രവേശിക്കുമ്പോഴും കാണാറുള്ളത്. വലതുവശത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക്, അതായത് റൗണ്ടില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍ക്ക്, മുന്‍ഗണന കൊടുക്കുക എന്ന മര്യാദ നമുക്ക് തീര്‍ത്തും അജ്ഞാതമാണെന്നു തോന്നുന്നു. അതിനു പകരം നുഴഞ്ഞുകയറ്റക്കാര്‍ക്കു മുന്‍ഗണന എന്നതാണു നമ്മുടെ രീതി. പിന്നെയൊരു സാര്‍വലൗകിക നിയമം കൂടിയുണ്ട് ഇവിടെ: വലിയ വണ്ടിയ്ക്കാണ് എപ്പോഴും വഴിയവകാശം! ബസ്സുകാരോട് മര്യാദ ആവശ്യപ്പെടാന്‍ നമുക്കെന്തവകാശം! അതുപോലെ തന്നെ നിയമത്തിനതീതരാണ് ചുവന്ന ബോര്‍ഡുവച്ച സര്‍ക്കാര്‍ വാഹനങ്ങളും. ചുരുക്കത്തില്‍ നോക്കിയും കണ്ടും വണ്ടിയോടിച്ചാല്‍ വലിയ കേടില്ലാതെ വീട്ടിലെത്താം.
ഇടവഴികളില്‍ നിന്നും ചെറു റോഡുകളില്‍ നിന്നും മെയിന്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നമുക്കന്യമാണ്. ”സ്റ്റോപ്പ് ആന്‍ഡ് പ്രൊസീഡ്” എന്ന ഒരു ട്രാഫിക് സൈന്‍ ഒരിടത്തും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ”യീല്‍ഡ്” (വഴി കൊടുക്കുക) എന്ന അടയാളവും ഇവിടെങ്ങും കണ്ടിട്ടില്ല. എന്നിരുന്നാലും ഇടറോഡില്‍ നിന്നു കയറുന്ന ഒരു വാഹനം ”നിര്‍ത്തി എടുക്കണം” എന്ന സാമാന്യ നിയമം നാമും പാലിക്കേണ്ടതല്ലേ? ഇവിടെ അതു പാലിക്കപ്പെടുന്നതായി ആകെ ഞാന്‍ കണ്ടിട്ടുള്ളത് ”ബംപ്” ഉള്ളിടത്തുമാത്രമാണ്. വാസ്തവത്തില്‍ എല്ലാ ജംഗ്ഷനുകളിലും അപ്രധാന റോഡില്‍ ബംപ് വച്ചാല്‍ തന്നെ കുറെ അപകടങ്ങള്‍ കുറയും.
കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത് ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ്. വളവുകളില്‍ ഓവര്‍ടേക്കിങ് പാടില്ല എന്നത് പ്രാഥമിക നിയമമാണ്. പക്ഷേ നമ്മുടെ ഡ്രൈവര്‍മാര്‍ക്ക് അതൊരു വരം തന്നെയാണ്. എന്നിട്ട് അപ്രതീക്ഷിതമായി എതിരെ ഏതെങ്കിലും വാഹനം വന്നുപെട്ടാല്‍ ബ്രേക്ക് ചവിട്ടുക അല്ലെങ്കില്‍ ആക്‌സിലേറ്ററില്‍ ചവിട്ടി മറ്റു രണ്ടു വാഹനങ്ങള്‍ക്കുമിടയിലൂടെ സാഹസികമായി നുഴഞ്ഞുകയറുക. ദൈവ വിശ്വാസമില്ലാത്തവര്‍ പോലും ഈശ്വരനെ വിളിച്ചുപോകുന്ന സന്ദര്‍ഭങ്ങള്‍. ഇതു തടയാനുള്ള ഒരേയൊരു മാര്‍ഗം ഇത്തരം സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക എന്നതു മാത്രമാണ്. മിക്കയിടത്തും മഞ്ഞവര കണ്ടു. പക്ഷേ മഞ്ഞവരയെ ആരുമാനിക്കുന്നു! ബംപും ഡിവൈഡറും മാത്രമാണ് മലയാളി മാനിക്കുന്ന ട്രാഫിക് സൈനുകള്‍ എന്നു തോന്നുന്നു.
എന്താണിതിനൊരു പരിഹാരം? രണ്ടുണ്ടു മാര്‍ഗങ്ങള്‍. ഒന്ന് നിഷ്‌കര്‍ഷയോടെയുള്ള ഡ്രൈവിങ് വിദ്യാഭ്യാസവും ബോധവല്‍ക്കരണവും. രണ്ട് കര്‍ശനമായ നിയമം നടപ്പാക്കല്‍. രണ്ടും കൂടിയേ തീരൂ. ഇന്നത്തെ നമ്മുടെ ഡ്രൈവിങ് പരിശീലന സമ്പ്രദായത്തെ ലജ്ജാവഹം എന്നേ പറയാവൂ. ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍മാരുടെ യോഗ്യതയോ അനുഭവസമ്പത്തോ ആരും പരിശോധിക്കുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് ആണെങ്കില്‍ വെറും വഴിപാട്. അതില്‍ തന്നെ പഴുതുകള്‍ ധാരാളം എന്നും പറയപ്പെടുന്നു. ഇത് അടിമുടി പരിഷ്‌കരിച്ചേ മതിയാവൂ. ഡ്രൈവിങ് വിദ്യാഭ്യാസത്തിനാവശ്യമായ ഹ്രസ്വഫിലിമുകളും മറ്റു സഹായകസാമഗ്രികളും വാഹനഗതാഗതവകുപ്പും നാറ്റ്പാക്കും ചേര്‍ന്ന് വികസിപ്പിച്ചെടുക്കണം. അതുവച്ചുള്ള പരിശീലനം നിര്‍ബന്ധിതമാക്കണം. അവയൊക്കെ ടെലിവിഷനിലൂടെ പ്രചരിപ്പിക്കണം. തീവണ്ടി ലെവല്‍ക്രോസിങ്ങില്‍ മോഹന്‍ലാല്‍ വന്ന് മര്യാദ പഠിപ്പിക്കുന്നതുപോലെ റോഡു ഗതാഗതത്തിലെ ചെത്തുകൂട്ടന്മാരെയും മോഹന്‍ലാലും സുരേഷ്‌ഗോപിയും മറ്റും വന്ന് ഗുണദോഷിച്ചാല്‍ ചിലപ്പോള്‍ കുറച്ചുഫലം ഉണ്ടായേക്കും.
ഇതിന്റെ മറുഭാഗമാണ് കര്‍ശനമായ നിയമപാലനം. ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകള്‍ ചിലയിടത്തൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നു പത്രവാര്‍ത്ത ഉണ്ടായിരുന്നു. അതു വ്യാപകമാക്കണം. എവിടെയാണ് ക്യാമറ ഉള്ളതെന്ന് ഡ്രൈവര്‍മാര്‍ അറിയേണ്ടതില്ല. എവിടെയും ഉണ്ടാകാം എന്ന ഒരു വിശ്വാസം ആണ് അവരിലുണ്ടാകേണ്ടത്. നിയമം തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും വേണം.
ഇതൊക്കെ ചെയ്താല്‍ ഒരു പക്ഷെ കുറെ ജീവനങ്കിലും നമുക്കു രക്ഷിക്കാനായേക്കും. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ട് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി കൊടുക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് അപകടങ്ങള്‍ കുറക്കാനായി ലക്ഷങ്ങള്‍  ചെലവാക്കുന്നത്!

Posted in ദൃഷ്ടി | Tagged: | 1 Comment »

ഇന്ത്യന്‍ പൗരത്വത്തിന്റെ വിലയിടിക്കരുത്-സുകുമാര്‍ അഴീക്കോട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 9, 2010

ഇന്ത്യന്‍ പൗരത്വത്തിന്റെ വിലയിടിക്കരുത്

സുകുമാര്‍ അഴീക്കോട്

ഈ ആഴ്ച­യിലെ ഏറ്റവും അസ്വാ­സ്ഥ്യ­ജ­ന­ക­മായ വാര്‍­ത്ത വിഖ്യാത ചിത്ര­കാ­ര­നായ എം എഫ് ഹുസൈന് ഖത്തര്‍ ആ രാജ്യത്തിന്റെ പൗരത്വം ന­ല്‍കി ആദ­രിച്ചു എന്ന­താ­ണ്. 95 വയ­സായ ആ വന്ദ്യ­വ­യോ­വൃ­ദ്ധന്റെ ചിതാ­വ­ശി­ഷ്ട­മായ ഭൗ­തികധൂളി­കള്‍ ഏറ്റു­വാ­ങ്ങാ­നു­ള്ള ഭാഗ്യം ഇന്ത്യയ്ക്ക് ഈ ന­വ പൗരത്വം വഴി നിഷേ­ധി­ക്ക­പ്പെ­ടു­കയും ചെയ്തി­രി­ക്കു­ന്നു. അ­ത് അദ്ദേഹം സ്വീക­രി­ക്കു­കയും ചെയ്ത­തോടെ ഇന്ത്യ­യുടെ അഭി­മാ­ന­ത്തിന് ഏറ്റവും കടുത്ത ക്ഷത­മേ­റ്റു.
ഈ ദേശീയ മാന­ഹാ­നി­യി­ല്‍­നിന്ന് രക്ഷ­പ്പെ­ടാന്‍ ഇ­പ്പോഴും ചില വഴി­കള്‍ ഇല്ലാ­തി­ല്ല. പ­ക്ഷേ ഇന്ത്യാ ­ഗ­വണ്‍മെന്റ് പ­തി­വു­പോലെ ഇക്കാ­ര്യ­ത്തിലും അടി­യ­ന്തരമായ ശ്രദ്ധ ചെലു­ത്തു­ന്ന­തില്‍ പരാ­ജ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ അടി­യേ­റ്റ­പ്പോള്‍ പ്ര­തി­ക­രിച്ചത് ഒന്നു­രണ്ട് കേന്ദ്ര­സെ­ക്ര­ട്ട­റി­മാരും കോണ്‍ഗ്ര­സി­ന്റെ വക്താ­ക്ക­ളു­മാ­ണ്.
എത്രയോ വര്‍ഷ­ങ്ങ­ളായി ഇ­ന്ത്യ­യില്‍നിന്ന് ഇന്ത്യ­യുടെ ഏ­റ്റവും പേരു­കേട്ട ചിത്ര­ക­ലാ­കാ­രന്‍, ഇംഗ്ല­ണ്ടിലും അറ­ബി­നാ­ടു­ക­ളിലും മറ്റു­മായി, സ്ഥിര­ത­യി­ല്ലാത്ത ഒരു നിസ­ഹാ­യ­ജീ­വി­തം നയി­ക്കേ­ണ്ടി­വന്ന ആ­ളാ­ണ് ഹുസൈന്‍. സ്വന്തം നാട്ടില്‍ നി­ന്ന് അത്ത­ര­മൊ­രാള്‍ അ­ത്യ­ന്തം ബഹി­ഷ്‌കൃ­ത­നാ­വുക എ­ന്നത് ഗുരു­ത­ര­മായ കാര്യ­മാ­ണ്. ഇത് വികാ­ര­സാ­ന്ദ്ര­മായ ഹൃദ­യ­മുള്ള ഒരു കലാ­കാ­രന് ഭര­ണ നിപു­ണന്മാ­രായ നേതാ­ക്ക­ളെ­പ്പോലെ താങ്ങാന്‍ സാധി­ക്കു­ന്ന ഒരു ദുര­ന്ത­മ­ല്ല. ഈ നാ­ട്ടില്‍ കനക സിംഹാ­സ­ന­ത്തില്‍ ഇരുത്തി ബഹു­മാ­നി­ക്കേണ്ട ഒ­രു പ്രതി­ഭാ­ശാ­ലിയെ അശ്വ­ത്ഥാ­മാ­വി­നെ­പ്പോലെ തെണ്ടി­യാ­ക്കുന്ന ദുര്‍വി­ധി­യില്‍ വലി­ച്ചെ­റിഞ്ഞ ഇന്ത്യാ­ഗ­വണ്‍മെന്റ് ഹു­സൈ­നോ­ട­ല്ല, കല­യോടും കല­യോട് ഇന്ത്യ പുലര്‍ത്തി­പ്പോ­ന്നി­രുന്ന ഉദാ­ര­മായ മനോ­ഭാ­വ­ത്തോ­ടു­മാണ് അനീതി കാട്ടി­യി­രി­ക്കു­ന്ന­ത്. ആധു­നിക ഭാ­ര­ത­ത്തിന്റെ മുഖ­ത്ത് വ­ന്നു­വീണ ഏറ്റവും വൃത്തി­കെട്ട ഒ­രു കള­ങ്ക­മാണ് ഇത്.
സ്വാത­ന്ത്ര്യ­സ­മ­ര­കാ­ലത്ത് ചി­ല വ്യക്തി­കളെ ബ്രിട്ടന്‍ ഇന്ത്യ­യില്‍നിന്ന് ബഹി­ഷ്‌ക­രിച്ച കഥ­കള്‍ നാം കേട്ടി­ട്ടു­ണ്ട്. ഇരു­പതാം നൂറ്റാ­ണ്ടിന്റെ ആരം­ഭ­ത്തില്‍ തി­രു­വി­താം­കൂര്‍ രാജാവ്, ഒരു ദി­വാനെ വിമര്‍ശി­ച്ച­തിന്റെ പേ­രില്‍ പ്രസിദ്ധ പത്ര­പ്ര­വര്‍ത്ത­ക­നായ സ്വദേ­ശാ­ഭി­മാനി കെ രാമ­കൃ­ഷ്ണ­പി­ള്ളയെ നാടു­ക­ട­ത്തു­ക­യു­ണ്ടാ­യി. ഇതൊക്കെ നട­ന്നത് സ്വേച്ഛാ­ധി­പത്യം വിള­യാ­ടിയ നാളു­ക­ളി­ലാ­ണ്. അവ ഇനി മട­ങ്ങി­വ­രാത്ത വിധ­ത്തി­ല്‍ അപ്ര­ത്യ­ക്ഷ­മാ­യെ­ന്നാ­ണ­ല്ലോ നാമെല്ലാം വിശ്വ­സി­ച്ചു­പോ­ര­ുന്ന­ത്.
പക്ഷേ അവ അങ്ങനെ തീര്‍­ത്തും അസ്ത­മി­ച്ചി­ട്ടില്ല എ­ന്നൊ­ര­വ­സ്ഥ­യാ­ണ് ഇന്ന് നാം കാ­ണു­ന്ന­ത്. സ്വത­ന്ത്രവും ജനാ­ധി­പ­ത്യം വാഴു­ന്ന­തു­മായ ഒരു രാഷ്ട്ര­മാണ് ഇന്ന് ഇന്ത്യ. ഇ­വിടെ ഹുസൈന്റെ കാര്യ­ത്തി­ല്‍ നട­ന്നത് വളരെ വിചി­ത്ര­മാ­ണ്. ഇന്ത്യാ­ഗ­വണ്‍മെന്റിന് ഹു­സൈ­നോട് ഒരു വിരോ­ധ­വു­മി­ല്ല. ഇന്ത്യ­യിലെ ഒരു വര്‍ഗീയ വി­ഭാ­ഗ­ത്തിലെ തീവ്ര­വാ­ദി­ക­ള്‍ക്കു­മാ­ത്ര­മാണ് ഹു­സൈ­ന്റെ ചിത്ര­ക­ല­യോട് എതിര്‍പ്പു­ള്ളത്. ഇന്ത്യ­യിലെ ജന­ങ്ങ­ളാ­വട്ടെ, ഭര­ണ­കൂ­ട­മാ­വ­ട്ടെ, പ്രധാന രാ­ഷ്­ട്രീയ കക്ഷി­ക­ളാ­വട്ടെ അദ്ദേ­ഹത്തെ നിഷേ­ധി­ക്കു­കയോ എതിര്‍ക്കു­കയോ ചെയ്തി­ട്ടി­ല്ല.
എന്നിട്ടും ആ കലാ­ക­രന് ഇ­ന്ത്യ­യില്‍ പാര്‍ക്കാ­നാ­വാത്ത പ്ര­തി­കൂല സാഹ­ച­ര്യ­ങ്ങള്‍ ഇ­വിടെ ഉട­ലെ­ടു­ത്തത് എങ്ങ­നെ? ഇന്ത്യ എന്ന മഹാ­ രാ­ഷ്ട്ര­ത്തിലെ ഒരു കോണില്‍നിന്ന് ഒ­രു കുറു­ക്കന്‍ ഓരി­യി­ടു­മ്പോ­ഴൊക്കെ നാടു­മു­ഴു­വന്‍ പേടി­ക്കേ­ണ്ട കാര്യ­മുണ്ടോ ? ആ ഒ­ച്ച കേട്ട് ഒട്ടും ഭയ­പ്പെ­ടേ­ണ്ടെ­ന്നു­ള്ള ധൈര്യം പ്രദര്‍ശി­പ്പി­ക്കാന്‍ തക്ക സമ­യത്ത് ഗവ­ണ്‍­മെന്റിന് സാധി­ച്ചി­ല്ല. അപൂര്‍­വം ചിലര്‍ക്ക് ഇഷ്ട­പ്പെ­ടാ­ത്ത­തി­നാല്‍ ഒരു കലാ­കാ­രനെ ഇ­ന്ത്യ ഉപേ­ക്ഷിച്ച സ്ഥിതി­യാണ് ഇന്ന് നാം നേരി­ടു­ന്ന­ത്. ഏതു­നി­ലയ്ക്കും ഇത് നമ്മുടെ അ­ന്ത­സ് കെടു­ത്തുന്ന ഒരു സംഭ­വ­വി­കാ­സ­മാ­യി­പ്പോ­യി.
ഇന്ത്യ­യിലെ പ്രമുഖ കലാ­കാ­രന്‍മാ­രെല്ലാം ഗവണ്‍­മെ­ന്റി­ന്റെ ഈ അര്‍ദ്ധ­മ­ന­സ്‌ക­മായ നട്ടെ­ല്ലി­ല്ലാ­യ്മ­യില്‍ അസം­തൃ­പ്ത­രാ­ണ്. ഈ ഭീഷണി ഉ­യ­ര്‍­ത്തി­യ­വരെ നേരി­ടു­വാനും ഫ­ല­പ്ര­ദ­മായി തട­യു­വാനും ഗവ­ണ്‍മെന്റിന് കഴി­ഞ്ഞി­ല്ല. ഇത് നാണ­ക്കേ­ടാ­ണെന്ന് ശ്യാം ബന­ഗല്‍ തുട­ങ്ങിയ കലാ­കാ­രന്‍മാര്‍ പറ­യു­ന്നു. ഇത്ര ചെറി­യൊരു കാര്യത്തില്‍ പോലും ഇട­പെട്ട് കലാ­കാ­രന്‍മാര്‍ക്ക് സുര­ക്ഷി­ത­ത്വ­മുള്ള രാജ്യ­മാണ് ഇന്ത്യ­യെന്ന് ലോകത്തെ ബോധ്യ­പ്പെ­ടു­ത്താന്‍ ലഭിച്ച അവ­സരം നാം കള­ഞ്ഞു­കു­ളി­ച്ചു. ഇപ്പോഴും ഇതില്‍ ഉറച്ച തീരു­മാനം എടു­ക്കാ­നാ­വാതെ ‘അഴകൊഴമ്പന്‍’ നയം തുട­രു­വാനേ ഇന്ത്യക്ക് കഴി­യു­ന്നു­ള്ളൂ.
ഇന്ത്യ­യുടെ ഈ മാന­സിക ദൗ­ര്‍ബല്യം പൊതു­വില്‍ ഇന്ന് ലോക­രാ­ഷ്ട്ര­ങ്ങള്‍, വലുതും ചെറു­തും, ഒരു­പോലെ മന­സി­ലാ­ക്കി­യി­ട്ടു­ണ്ട്. ഓസ്‌ട്രേ­ലി­യ­യില്‍ ഇന്ത്യ­ക്കാര്‍ക്കെ­തിരെ പരക്കെ ഉയര്‍ന്നു­കാ­ണുന്ന അ­ക്ര­മവും മറ്റും നയ­ത­ന്ത്ര­മാര്‍ഗ­ങ്ങള്‍ ഉപ­യോ­ഗിച്ച് അവ­സാ­നി­പ്പി­ക്കു­വാ­നുള്ള കരുത്ത് ഇതു­വരെ ലോക­ത്തിന് കാണി­ച്ചു­കൊ­ടു­ക്കാന്‍ ഇന്ത്യക്ക് ആയി­ട്ടി­ല്ല. നമ്മെ ഉറ്റു­നോ­ക്കുന്ന വി­ദേശ നേത്ര­ങ്ങള്‍ ഈ ഹു­സൈ­ന്‍ സംഭവവും സൂക്ഷിച്ച് നി­രീ­ക്ഷി­ക്കു­ന്നു­ണ്ടാ­വു­മ­ല്ലോ.
ഹുസൈന് ഇനി ജീവി­ത­ത്തില്‍ വലിയ കള­ങ്ക­ങ്ങള്‍ ഉ­ണ്ടാ­കാന്‍ വഴി­യി­ല്ല. ഈ സം­ഭ­വംകൊണ്ട്. പക്ഷേ, നാം ന­മു­ക്ക് വരു­ത്തി­വ­ച്ചി­രി­ക്കുന്ന അ­വ­മ­തിയും വില­യി­ടിവും പ­രി­ഹ­രി­ക്കുക എളു­പ്പ­മ­ല്ല.
എന്താണ് ഹുസൈന്‍ ആ വ­ര്‍­ഗീയ കക്ഷിക്ക് പൊറു­ക്കാ­നാ­വാത്ത വിധ­ത്തില്‍ വരു­ത്തി­ക്കൂ­ട്ടിയ തെറ്റ്? അദ്ദേഹം ഹിന്ദു ദൈവ­ങ്ങളെ ചിത്രീ­ക­രി­ച്ചത് ‘സമു­ദാ­യത്തിന്റെ വികാ­ര­ങ്ങ­ളെ വ്രണ­പ്പെ­ടു­ത്തുന്ന രീതി­യി­ല്‍’ ആണ­ത്രെ. ഇവിടെ ഒരു­പാ­ട് ചോദ്യ­ങ്ങള്‍ ഉയര്‍ന്നു­വ­രു­ന്നു. ഹിന്ദു­ക്ക­ളില്‍ ഭൂരി­ഭാ­ഗവും ഹുസൈന്റെ ചിത്ര­ങ്ങള്‍ പുറ­ത്തു­വ­രു­ന്നത് ഹിന്ദു­മ­ത­ത്തിന് ദോഷ­ക­ര­മാ­ണെന്ന് കരു­തു­ന്നു­ണ്ടോ? ഈ വര്‍ഗീയ വിഭാ­ഗ­ത്തിന് ഹിന്ദു­ക്ക­ളുടെ ഭൂരി­പ­ക്ഷ­ത്തിന്റെ പ്രാതി­നിധ്യം ഉണ്ടോ? അവര്‍ക്ക്­ ഇ­ന്ത്യ­ക്കാ­രില്‍ ഭൂരി­പ­ക്ഷ­ത്തിന്റെ പേരിലോ ഹിന്ദു­ക്ക­ളില്‍ ഭൂരി­പ­ക്ഷ­ത്തിന്റെ പേ­രി­ലോ സംസാ­രി­ക്കാന്‍ ഒരു അ­ധി­കാ­രവും അവ­കാ­ശ­വു­മി­ല്ല. ഇന്ത്യ­യില്‍ അവര്‍ക്ക് ഒരു ശത­മാനം അനു­യാ­യി­കള്‍ പോലും ഇല്ലെന്ന് പറ­യാം. ഇവര്‍ ഭൂരി­പ­ക്ഷ­ത്തി­നു­വേണ്ടി സംസാ­രി­ക്കു­ന്നത് അംഗീ­ക­രി­ക്കാ­നാ­വി­ല്ല. ഹിന്ദു­ഭൂ­രി­പക്ഷം ഇങ്ങ­നെ­യൊരു അവ­കാ­ശ­വാദം വേറെ ഒരു വഴിക്കും ഉന്ന­യി­ച്ചി­ട്ടു­മി­ല്ല.
മുംബൈ­യില്‍ ഇതി­നിടെ ഹി­ന്ദി സിനിമ പ്രദര്‍ശി­പ്പി­ക്ക­രു­തെ­ന്ന് പറഞ്ഞ് ഇതേ വര്‍ഗീയ വി­ഭാഗം ഒരു പ്രക്ഷോഭം ഉയ­ര്‍­ത്തി­യ­ല്ലോ. എന്തായി? അത് പ­രാ­ജ­യ­പ്പെട്ട് പിന്‍വാ­ങ്ങി. മും­ബൈ സിനി­മാ­ശാ­ല­ക­ളില്‍ ഹി­ന്ദി ചിത്ര­ങ്ങള്‍ ഒരു തട­സ­വു­മി­ല്ലാതെ ഓടി­ക്കൊ­ണ്ടി­രി­ക്കു­ന്നു.
അതി­നാല്‍ ഹുസൈന്‍ ഓടേ­ണ്ടി­യി­രു­ന്നി­ല്ല. ഗവണ്‍മെന്റിന് പ്രതി­ഷേ­ധ­ക്കാരെ ഓടി­ക്കാന്‍ സാധി­ക്കേ­ണ്ട­താ­യി­രു­ന്നു.
ചിത്ര­കാ­രന്‍ പുരാണ ദേവ­ത­കളെ വികൃ­ത­മായി ചിത്രീ­ക­രി­ച്ചു­വെ­ന്നാ­ണല്ലോ ആക്ഷേ­പം. ‘വികാരം വ്രണ­പ്പെ­ടു­ത്തല്‍’ ഇ­തിനെ മൂര്‍ച്ഛി­പ്പി­ക്കാന്‍ ഉപ­യോ­ഗി­ച്ചു­വ­രു­ന്ന ശൈലി­യാ­ണ്. ഹിന്ദു­ദൈ­വ­ങ്ങളെ നാനാ­രീ­തി­യില്‍ വികൃ­ത­മായി അവ­ത­രി­പ്പിച്ച­തില്‍ ഒന്നാം സ്ഥാനം ക്ഷേ­ത്ര­ഭി­ത്തി­ക­ളിലും മറ്റും കൊത്തി­വച്ച ശില്‍പ്പ­ങ്ങളും ആ­ലേ­ഖനം ചെയ്ത ചിത്ര­ങ്ങളും ആണ്. പരി­ശീ­ല­ന­മി­ല്ലാത്ത സാ­ധാ­ര­ണ­ക്കാ­രന് വിരൂ­പ­മെ­ന്ന് തോന്നാ­വുന്ന അസാ­ധാ­ര­ണ ചിത്രീ­ക­ര­ണത്തെ അസു­ന്ദ­ര­മെ­ന്നല്ല പറ­യേ­ണ്ടത് പ്രതി­രൂ­പാ­ത്മകം എന്നാ­ണ്. പ്രതി­രൂ­പാ­ത്മ­ക­മായ ചിത്രീ­ക­രണം യ­ഥാര്‍ഥ­മായ ചിത്രീ­ക­ര­ണ­മ­ല്ല.  അ­തില്‍ പല­തരം കൂട്ടലും കി­ഴി­ക്കലും വള­യ്ക്കലും എ­ല്ലാം കാണും. കാളി, ദുര്‍ഗ, ഗ­ണ­പ­തി തുടങ്ങിയ ദൈവ­ങ്ങള്‍ പ­ണ്ടേ ശില്‍പ്പി­ക­ളുടെ വിചിത്ര ഭാ­വ­ന­ക­ളുടെ കേളീ­രാ­ഗ­ങ്ങ­ളാ­ണ്. കൊണാര്‍ക്കിലും അജ­ന്ത­യിലും മറ്റും കാണുന്ന ശില്‍പ്പ­ങ്ങള്‍ ലൗകി­ക­മായ നോട്ട­ത്തി­ല്‍ പാസാ­വു­ക­യി­ല്ല.
നമ്മുടെ കണ്ണില്‍ ഇമ്പം ത­രു­ന്ന ചിത്ര­ങ്ങള്‍ നമുക്ക് നല്‍കി­യത് രാജാരവി­വര്‍മ്മ­യാ­ണ്. പക്ഷേ അദ്ദേ­ഹ­ത്തിന്റെ രീതി തികച്ചും ഭാര­തീ­യ­മ­ല്ല. കുറേ പാശ്ചാത്യ സങ്കേ­ത­ങ്ങള്‍ രവി­വര്‍മ്മ ഉപ­യോ­ഗി­ച്ച­തു­കൊണ്ട് ആ ചിത്ര­ങ്ങള്‍ വികൃ­ത­മെന്ന് ആരും പറ­യു­ന്നി­ല്ല. പക്ഷേ ഭാ­ര­തീ­യമോ ഹൈന്ദ­വമോ ആയ രീതി ഉപേക്ഷിച്ച കലാ­കാ­ര­നാണ് രാജാ­ര­വി­വര്‍മ്മ. ആ ക­ലാ­സൃ­ഷ്ടി­കള്‍ സ്ഥാപനം ചെ­യ്യ­പ്പെ­ടു­മ്പോള്‍ ഹുസൈന്‍ എ­തിര്‍ക്ക­പ്പെ­ടു­ന്നു.

ഈ വര്‍ഗീ­യ­വാ­ദി­കള്‍ക്ക് യ­ഥാര്‍ഥ ഹൈന്ദ­വത എന്തെ­ന്ന് അറി­യു­മെന്നു നിങ്ങള്‍ കരു­തു­ന്നുണ്ടോ?

Posted in ദൃഷ്ടി | Tagged: | Leave a Comment »

ചില പെന്‍ഷന്‍ ചിന്തകള്‍ – ആര്. വി. ജി. മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 19, 2010

ചില പെന്‍ഷന്‍ ചിന്തകള്‍ – ആര്. വി. ജി. മേനോന്‍

1

2

3

Posted in ദൃഷ്ടി | Tagged: , , | Leave a Comment »

നല്ലൊരു കാര്യം! – ആര്‍.വി.ജി. മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 5, 2010

നല്ലൊരു കാര്യം! – ആര്‍.വി.ജി. മേനോന്‍

1

2

3

Posted in ദൃഷ്ടി | Tagged: , , | Leave a Comment »

മടങ്ങി വരുന്ന തിന്മകൾ – ആർ. വി ജി മേനോൻ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 26, 2009

മടങ്ങി വരുന്ന തിന്മകൾ

ആർ. വി ജി മേനോൻ

1

1


2

2


3

3

Posted in ദൃഷ്ടി | Tagged: , , , | 2 Comments »

ഇതുവരെ ചെയ്ത്തതിൽ വച്ച്‌ ഏറ്റവും നല്ല കാര്യം – ആർ. വി ജി. മേനോൻ

Posted by ജനയുഗം വാര്‍ത്തകള്‍ on ജനുവരി 6, 2009

ഇതുവരെ ചെയ്ത്തതിൽ വച്ച്‌ ഏറ്റവും നല്ല കാര്യം

ആർ. വി ജി. മേനോൻ

1

1

2

2

3

3

Posted in ദൃഷ്ടി | Tagged: , , , | 1 Comment »

വികസനം വരുന്ന വഴികള്‍ – ആര്‍. വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on നവംബര്‍ 12, 2008

വികസനം വരുന്ന വഴികള്‍

ആര്‍. വി ജി മേനോന്‍

1

1

2

2

3

3

Posted in ദൃഷ്ടി | Tagged: , | Leave a Comment »

ക്ഷണിച്ചുവരുത്തി അപമാനിക്കരുത്‌ – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on സെപ്റ്റംബര്‍ 16, 2008

ക്ഷണിച്ചുവരുത്തി അപമാനിക്കരുത്‌

ആര്‍ വി ജി മേനോന്‍

1

1

2

2

3

3

Posted in ദൃഷ്ടി | Tagged: , , , | 1 Comment »