ജനയുഗം വാര്‍ത്തകള്‍

Archive for the ‘സംസ്കാരം’ Category

ഇതൊക്കെ ഈ നാട്ടില്‍ നടക്കുന്നതാണോ? – ആര്‍ വി ജി മേനോന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on ഏപ്രില്‍ 1, 2010

ഇതൊക്കെ ഈ നാട്ടില്‍ നടക്കുന്നതാണോ?

ആര്‍ വി ജി മേനോന്‍

തലവാചകം കാണുന്ന മാത്രയില്‍ തന്നെ വായനക്കാരുടെ മനസ്സിലൂടെ മിന്നി മായുന്ന അശുഭ ചിന്തകള്‍ എനിക്ക് ഊഹിക്കാന്‍ പറ്റും. അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്തതും അമ്മയും കാമുകനും കൂടിച്ചേര്‍ന്നു പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതും അനിയന്‍ ചേട്ടനെ വെട്ടിക്കൊന്നതും ഒക്കെയാണല്ലോ നാം ദിവസേന മാധ്യമങ്ങളിലൂടെ അറിയുന്ന, വിശ്വസിക്കാന്‍ ആഗ്രഹിക്കാത്ത  വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഞാന്‍ കേള്‍ക്കുന്നതും കാണുന്നതുമായ വിശേഷങ്ങള്‍ ആ ഇനത്തില്‍ പെട്ടതല്ല. നേരെ മറിച്ച് മനുഷ്യ നന്മയിലും കൂട്ടായ്മയിലും മാത്രമല്ല പൊതുപ്രവര്‍ത്തകരിലും ഭരണ സംവിധാനത്തിലുമുള്ള വിശ്വാസവും ശുഭപ്രതീക്ഷകളും ഊട്ടി ഉറപ്പിക്കുന്ന സുവിശേഷങ്ങളത്രേ.
അവശയായി, ആലംബഹീനയായി, ഉറ്റവരും ഉടയവരും പോലും ഉപേക്ഷിച്ചു നരകിച്ചു കിടക്കുന്ന കാന്‍സര്‍ രോഗിയുടെ  അടുത്തേക്ക് സാന്ത്വനവും ക്ഷണവും വേദന സംഹാരിയും ആയി മാലാഖകള്‍ എന്ന പോലെ എത്തുന്ന ഡോക്ടറും നഴ്‌സും ജീവകാരുണ്യ പ്രവര്‍ത്തകരും. അയല്‍പക്കത്ത്  തന്നെയുള്ള ഒരു സന്നദ്ധ പ്രവര്‍ത്തക കൂടെക്കൂടെ വീട്ടിലെത്തി അത്യാവശ്യ ശുശ്രൂഷകള്‍ ചെയ്തു കൊടുക്കുന്നു. മറ്റൊരിടത്ത് അംഗ വൈകല്യമോ ബുദ്ധി മാന്ദ്യമോ സംഭവിച്ച (അവരെ വ്യത്യസ്ത ശേഷികള്‍ ഉള്ളവര്‍ എന്നാണ് ഇപ്പോള്‍ വിളിക്കാറ്; മന്ദബുദ്ധി, പൊട്ടന്‍ തുടങ്ങിയ നിന്ദാ സൂചകമായ പദങ്ങള്‍ കാല ഹരണപ്പെട്ടിരിക്കുന്നു) കുട്ടികളെ പ്രത്യേക പരിശീലനം സിദ്ധിച്ച ആയമാരും ടീച്ചര്‍മാരും സ്‌നേഹപൂര്‍വം പഠിപ്പിക്കുന്ന പ്രത്യേക സ്‌കൂളുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതിന് വേണ്ട പണവും സഹായവും പഞ്ചായത്ത് നല്‍കുന്നു, പോരാത്തത് നാട്ടുകാര്‍ സന്തോഷത്തോടെ പിരിച്ചു കൊടുക്കുന്നു. ഇനിയൊരു പഞ്ചായത്തില്‍ ഇച്ഛാശക്തിയുള്ള ഒരു പ്രസിഡന്റും ഭരണസമിതിയും കൂടി  ശക്തം ആയ ഭൂമാഫിയകളെ വെല്ലു വിളിച്ചുകൊണ്ടു അവര്‍ നികത്തി തുടങ്ങിയ നൂറു കണക്കിന് ഏക്കര്‍ വയല്‍ തിരിച്ചു പിടിച്ചു കുടുംബശ്രീ സഹോദരിമാരുടെ സഹായത്തോടെ അവിടെ നെല്‍കൃഷി പുനസ്ഥാപിക്കുന്നു. വേറൊരു പഞ്ചായത്തില്‍  43 കൊല്ലമായി തരിശു കിടന്ന കൈപ്പാട് നിലം വീണ്ടെടുത്ത് വെള്ളം കയറ്റി പരിസ്ഥിതി സംതുലനം ഉറപ്പാക്കി നെല്‍ കൃഷി നടത്തുന്നു. ഒരു പഞ്ചായത്തില്‍ എല്ലാ വീട്ടിലും പച്ചക്കറി കൃഷി. മറ്റൊരു പഞ്ചായത്തില്‍ കഴിഞ്ഞ മഴക്കാലത്ത് ഒരു ലക്ഷം വൃക്ഷ തൈകള്‍  നടുക മാത്രമല്ല അവയില്‍ തൊണ്ണൂറു ശതമാനവും പച്ച പിടിച്ചു എന്ന് ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു! പാവപ്പെട്ട കുട്ടികള്‍ക്ക് വൈകുന്നേരം ഒത്തു കൂടി പാഠം പഠിക്കാനുള്ള സൗകര്യം പല പഞ്ചായത്തുകളിലും ചെയ്തുകൊടുത്തിരിക്കുന്നു. അവിടെ സഹായിക്കാന്‍ പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ സൗജന്യമായി സേവനം നല്‍കുന്നു. ചിലയിടങ്ങളില്‍  തൊഴില്‍ രഹിത ബി എഡ് കാരുടെ ഒരു റിസര്‍വ് അധ്യാപക ബാങ്ക് ഉണ്ടാക്കി ഏതെങ്കിലും സ്‌കൂളില്‍ ഏതെങ്കിലും ടീച്ചര്‍  അവധിയിലായാല്‍ പകരം ടീച്ചറെ വിടുന്നു, ക്ലാസ് മുടങ്ങില്ല എന്ന് ഉറപ്പു വരുത്തുന്നു.  ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും കളിക്കാനും നീന്താനും സുകുമാര കലകള്‍ അഭ്യസിക്കാനും സൗകര്യം ഒരുക്കിയിട്ടുള്ള പഞ്ചായത്തുകള്‍ ഏറെ. എന്റെ പഞ്ചായത്തില്‍ എല്ലാവര്‍ക്കും വീടുണ്ട്, എല്ലാ വീട്ടിലും കക്കൂസും കുടിവെള്ളവും വൈദ്യുതിയും ഉണ്ട്”എന്ന് ഒരു പ്രസിഡന്റ് അഭിമാനപൂര്‍വം ഉദ്‌ഘോഷിക്കുന്നു. എന്റെ ഗ്രാമം സ്ത്രീധന വിമുക്തം എന്ന് മറ്റൊരു പ്രസിഡന്റ്. എന്റെ പഞ്ചായത്തില്‍ വ്യവഹാരങ്ങളില്ല എന്ന്  ഇനിയൊരു പ്രസിഡന്റ്!
സംശയിക്കേണ്ട, ഞാന്‍ ദിവാ സ്വപ്നം കാണുകയൊന്നുമല്ല. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന ഗ്രീന്‍ കേരള എക്‌സ്പ്രസ് എന്ന പുതിയ സാമൂഹ്യ റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് എത്തി നോക്കാന്‍ അവസരം ലഭിച്ചു എന്നതാണെന്റെ സുകൃതം. ഇത്രയൊക്കെ നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ മിക്കവരും വിശ്വസിക്കില്ല. സ്വന്തം പഞ്ചായത്തില്‍ ഒരു കാര്‍ഷിക കര്‍മസേന” പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍  കൃഷിപ്പണികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നുണ്ടെന്നും അവിടെ പണിയെടുത്തു ജീവിക്കുന്ന ആള്‍ക്ക് പോലും പുതിയ ഒരറിവ് ആയിരുന്നു! മണല്‍ മാഫിയയോട് മല്ലിട്ട് ജീവന്‍ പണയപ്പെടുത്തിയ ജനപ്രതിനിധികള്‍ എന്തു കൊണ്ട് താരങ്ങളാകുന്നില്ല? എന്തിന്, ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ നടപ്പാക്കിയ ഏറ്റവും ജനോപകാര പദ്ധതി ആയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് പോലും നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? കുടുംബശ്രീയെക്കുറിച്ചും ഗ്രാമസഭയെ കുറിച്ചും അവയോടു നേരിട്ട് ബന്ധമില്ലാത്ത എത്ര പേര്‍ക്ക് അറിയാം? നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറുന്ന ഈ നിശബ്ദ വിപ്ലവം എന്തുകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നില്ല?
തീര്‍ച്ചയായും ദൂരദര്‍ശന്റെ ഈ സംരംഭം മുക്തകണ്ഠമായ പ്രശംസ അര്‍ഹിക്കുന്നു. ഇന്ത്യയില്‍, ഒരു പക്ഷെ ലോകത്ത്, ആദ്യമായി ആയിരിക്കാം ഈ വിധത്തിലുള്ള ഒരു റിയാലിറ്റി ഷോ ചെയ്യുന്നത്. ഒരു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് പോലെ “ഇതാണ് റിയാലിറ്റി! മറ്റെല്ലാം കൃത്രിമം മാത്രം! ഐ പി എല്ലും സ്വര്‍ണ കച്ചവടവും ഷോപ്പിംഗ് ഫെസ്റ്റിവലുമല്ല വികസനമെന്നും ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുന്നതാണ് യഥാര്‍ഥ വികസനമെന്നും നാമെന്നാണ് തിരിച്ചറിയുക? കുറ്റങ്ങളും കുറവുകളും മാത്രം പെറുക്കിയെടുത്തു പര്‍വതീകരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും നേരെ ചൊവ്വേ നടക്കുന്നത് വാര്‍ത്തയാവില്ലല്ലോ! പക്ഷെ അതും വാര്‍ത്തയാവണ. സര്‍വത്ര അഴിമതിയും അക്രമവും കെടുകാര്യസ്ഥതയും ആണ് നടക്കുന്നത് എന്ന് പൊതുവായ ദോഷൈക ചിന്ത പരക്കുമ്പോള്‍, അങ്ങനെയല്ല, അതിനിടെ ഇങ്ങനെ ചില നല്ല കാര്യങ്ങള്‍ കൂടി നടക്കുന്നുണ്ട് എന്ന് വിളിച്ചു പറയുന്നതിനും വാര്‍ത്താമൂല്യം ഇല്ലേ? ആ ഇടം ആണ് ദൂരദര്‍ശന്‍ തേടുന്നത്. എങ്കിലും ഇതു വാര്‍ത്ത മാത്രമല്ല. പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിദ്യാഭ്യാസ അനുഭവം കൂടിയാണ്. പല പഞ്ചായത്തുകളും ഇവയില്‍ പലതും പരീക്ഷിച്ചവരാണ്. തിരിച്ചടികള്‍ നേരിട്ടപ്പോള്‍ അവ ഉപേക്ഷിച്ചു കൂടുതല്‍ സുരക്ഷിതമായ പദ്ധതികള്‍ തേടിയ അനുഭവം അവരില്‍ പലര്‍ക്കും ഉണ്ടാകും. എങ്ങനെയാണ് മറ്റു ചില പഞ്ചായത്തുകള്‍ ആ തിരിച്ചടികളെ മറികടന്നു മുന്നോട്ടു പോയത് എന്നത് അവര്‍ക്ക് പ്രയോജനകരമായ അറിവ് ആയിരിക്കും. പുതിയ ആശയങ്ങള്‍, പുതുമയുള്ള  നിര്‍വഹണ രീതികള്‍, എതിര്‍പ്പുകളെ നേരിടാനുള്ള തന്ത്രങ്ങള്‍ … സാധ്യതകള്‍ വളരെയേറെയാണ്.
പക്ഷെ എന്നെ അലട്ടുന്ന ചിന്ത മറ്റൊന്നാണ്. എത്ര പേരിലേക്ക് ഇതു എത്തുന്നുണ്ട്? ഞാന്‍ സംസാരിച്ച പലരും ഈ പുതിയ റിയാലിറ്റി ഷോയെപ്പറ്റി കേട്ടിട്ടേ ഇല്ല. ചിലര്‍ അങ്ങനെ എന്തോ കേട്ടത് ഓര്‍ക്കുന്നുണ്ട്; പക്ഷെ കൃത്യമായി അറിയില്ല. ചിലര്‍ക്ക് താത്പര്യമുണ്ട്, പക്ഷെ അതേ സമയത്തല്ലേ നമ്മുടെ മറ്റു പ്രിയപ്പെട്ട പരിപാടികള്‍? അങ്ങനെയുള്ളവരെ വിടാം. പക്ഷെ എല്ലാവരിലും ഇതേകുറിച്ചുള്ള വിവരം എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടതുണ്ട്. ഈ പഞ്ചായത്തുകള്‍ അത് അര്‍ഹിക്കുന്നുണ്ട്.
Advertisements

Posted in സംസ്കാരം | Tagged: | Leave a Comment »

ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു, കളിയല്ല, കാര്യം – സുകുമാര് അഴീക്കോട്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 29, 2010

ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു, കളിയല്ല, കാര്യം

സുകുമാര് അഴീക്കോട്

ഞാന്‍ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന മൂന്നാമത്തെ ടെണ്ടുല്‍ക്കറാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് കളിയിലുള്ള താല്‍പര്യം കൊണ്ടാണ് എന്റെ സച്ചിന്‍ പ്രിയം വളര്‍ന്നുവന്നത്. അതിന് വളരെ മുമ്പ് എന്റെ ഗാന്ധിപഠനത്തിന്റെ ഫലമായിട്ടാണ് ഡി ജി ടെണ്ടുല്‍ക്കറെ അറിയുന്നത്. 1972 ല്‍ ചരമമടഞ്ഞ ഈ ഗാന്ധിയന്‍ ചരിത്രകാരന്‍ ‘മഹാത്മാ’ എന്ന എട്ടു ഭാഗങ്ങളുള്ള ഗാന്ധി ചരിത്രം പ്രസിദ്ധീകരിച്ച് ലോക പ്രഖ്യാതി നേടി. മികച്ച മറാത്തി നാടകകൃത്തായ വി ജെ ടെണ്ടുല്‍ക്കര്‍ ഞാന്‍ നാഷണല്‍ ബുക് ട്രസ്റ്റില്‍ ചെയര്‍മാനായിരുന്ന കാലത്ത് അതില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
പക്ഷേ ഈ മൂന്നാം ടെണ്ടുല്‍ക്കര്‍ ഇവരെയെല്ലാം കടത്തിവെട്ടി എന്റെ മനസ്സിലെ വളരെ ഉയര്‍ന്ന ഒരു ആസനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യയില്‍ പലര്‍ക്കും ഒരു ടെണ്ടുല്‍ക്കറേയുള്ളൂ; സച്ചിന്‍ മാത്രം. ക്രിക്കറ്റ് കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്നേയുള്ളൂ. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ഇന്ന് ഇന്ത്യയിലോ ലോകത്തിലെ വേറെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലോ ഇല്ല.
ക്രിക്കറ്റ് കളിയില്‍ അദ്ദേഹം ആരോഹണം ചെയ്‌തെത്തിയ ഗിരിശിഖരങ്ങള്‍ രണ്ടും മൂന്നുമല്ല. ഹിമാലയം പോലെ അത് അനേക ശിഖരങ്ങളുള്ള ഒരു മാമലയായി ഇന്ന് വളര്‍ന്നിരിക്കുന്നു. ലോക റെക്കാര്‍ഡുകളുടെ പൂങ്കുലകള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ നിറഞ്ഞിട്ട് ഏറെയായി. ക്രിക്കറ്റ് കളി തുടങ്ങുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന പ്രശസ്തിയില്‍ നിന്ന് തുടങ്ങുന്നു അദ്ദേഹത്തിന്റെ മികവുകള്‍. ഇപ്പോഴും പൂങ്കുലകള്‍ കഴുത്തില്‍ വീണുകൊണ്ടേയിരിക്കുന്നു.
പക്ഷേ ഞാന്‍ ടെണ്ടുല്‍ക്കറെ മറ്റൊരു മാനദണ്ഡം ഉപയോഗിച്ച് വിലയിരുത്തണമെന്ന് ഉദ്ദേശിക്കുന്നു. സ്വഭാവഗുണത്തിന്റെ മാനദണ്ഡം കൊണ്ടളന്നാല്‍ അദ്ദേഹം ക്രിക്കറ്റു കളിക്കാരുടെ ഇടയില്‍ ഒന്നാമനാകുമെന്നതിനെപ്പറ്റി സംശയമില്ല. എന്നാല്‍ ഇന്ത്യക്കാരുടെ ഇടയില്‍വച്ച് ഈ യുവാവിനെ പരീക്ഷിച്ചാലും ഇദ്ദേഹം വളരെ ഉയര്‍ന്ന സ്വഭാവമുള്ള ഒരു ഭാരതീയനാണെന്ന് കാണാം. ടെണ്ടുല്‍ക്കറുടെ ഈ മഹത്വത്തെപ്പറ്റി ആളുകള്‍ കൂടുതല്‍ അറിയേണ്ടതാണ്. അറിഞ്ഞുവരുമ്പോള്‍ ആ ചെറുപ്പക്കാരന്‍ വെറും കില്ലാഡിയല്ലെന്നും ബുദ്ധിയ്ക്ക് പരിപാകം വന്ന വലിയൊരു മനുഷ്യനാണെന്നും ദേശസ്‌നേഹികളില്‍ ഒന്നാംനിരക്കാരനാണെന്നും തെളിഞ്ഞുവരും.
കാണികളുടെ നോട്ടത്തില്‍ ആദ്യമൊക്കെ സച്ചിന്‍ സ്‌കോര്‍ നേടുന്നതില്‍ മിടുക്കനായ മുന്തിയ കളിക്കാരനാണെന്ന ധാരണയാണ് ഉണ്ടായിരുന്നത്. അന്ന് അദ്ദേഹത്തിന് നല്‍കപ്പെട്ട ഓമനപ്പേര്‍ ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’ എന്നാണ് – അടിച്ചു തകര്‍ക്കുന്നവന്‍. ഇന്നും ആ പേര്‍ നിലനില്‍ക്കുന്നു. അതിന് അദ്ദേഹം അര്‍ഹനല്ലെന്ന് പറയാന്‍ വയ്യ.
പക്ഷേ ഇന്ന് അദ്ദേഹം അതിനുമപ്പുറത്തെത്തിയ കളിക്കാരനാണ്. നേരത്തെ സച്ചിന്‍ തന്റെ കളിയിലൂടെ പഠിപ്പിച്ചത് ക്രിക്കറ്റ് കളിയായിരുന്നു. എല്ലാ ജൂനിയര്‍ കളിക്കാരും കളിയുടെ വിജയതന്ത്രങ്ങള്‍ സച്ചിന്റെ കളിയില്‍ നിന്ന് മനസ്സിലാക്കാന്‍ കണ്ണും നട്ട് ഇരിക്കുന്നവരായിരുന്നു. ഇന്നദ്ദേഹം പഠിപ്പിക്കുന്നത് കളിയല്ല, കാര്യമാണ്. കളിക്കോപ്പായ ബാറ്റിനെ വെല്ലുന്ന ഒരു കോപ്പ് സച്ചിന്റെ മനസ്സിലുണ്ട്. അതെനിക്ക് ആദ്യം വെളിപ്പെട്ടത് ‘ശതകം’ നേടികഴിഞ്ഞാല്‍ സച്ചിന്‍ പ്രകടിപ്പിക്കുന്ന മനോഭാവത്തിന്റെ ശരീരഭാഷയിലൂടെയാണ്. മറ്റ് കളിക്കാര്‍ ഓടിയും ചാടിയും കെട്ടിപ്പിടിച്ചും മറ്റും സ്വാഭാവികമായ രീതിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ സച്ചിന്‍ തന്റെ ബാറ്റുയര്‍ത്തി ആകാശത്തിലേയ്ക്ക് നോക്കി പ്രശാന്തമായ മുഖഭാവത്തോടെ മന്ദഹസിച്ചു നില്‍ക്കുന്ന ആ ചിത്രം ആര്‍ക്കും മറക്കാനാവില്ല.
സച്ചിന്‍ എന്നു പറയുമ്പോള്‍ എന്റെ മനസ്സില്‍ ഉയരുന്നത് ഈ അക്ഷോഭ്യതയുടെ ചിത്രമാണ്. സച്ചിന്റെ പിതാവ് കവിയാണെന്ന് കേട്ടിട്ടുണ്ട്. ബാറ്റുകൊണ്ട് കവിത സൃഷ്ടിക്കുന്ന ടെണ്ടുല്‍ക്കര്‍ ആ വിജയമുഹൂര്‍ത്തത്തിലെ ആ നില്‍പ്പില്‍ കവിയായി രൂപാന്തരപ്പെടുന്നു.
സച്ചിന്‍ മറ്റു കളിക്കാരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ പ്രശാന്ത ഭാവം സ്വന്തമാക്കാനാണെന്ന് ഞാന്‍ അഭ്യൂഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പാദചലനങ്ങളും ബാറ്റ് പിടിക്കുന്ന മട്ടും പന്തടിക്കുന്നതിന്റെ അഴകും അവര്‍ അനുകരിക്കാന്‍ മുതിരുന്നുണ്ടാവാം. ഈ പ്രശാന്തി അവര്‍ക്ക് കൈയെത്താവുന്ന ഉയരത്തിലല്ല. അത് ഉള്ളില്‍ നിന്ന് പുറത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ഭാവമഹിമയാണ്. അനുകര്‍ത്താക്കള്‍ക്ക് വിധിച്ച സിദ്ധിയല്ല അത്.
അദ്ദേഹത്തിന്റെ വാക്കുകളും കളിക്കളത്തിലെ പെരുമാറ്റവും എല്ലാം മാതൃകാപരമാണ്. പറയാന്‍ പാടില്ലാത്ത വാക്ക് പറഞ്ഞും മോശം പെരുമാറ്റം കാണിച്ചും എതിരാളികള്‍ക്കു മാത്രമല്ല, കാണികള്‍ക്കും റഫറിമാര്‍ക്കും ഇഷ്ടക്കേടുളവാക്കുന്ന ഒന്നും അബദ്ധത്തില്‍പോലും സച്ചിനില്‍ നിന്ന് പുറത്തുവരില്ല. വളരെ ആത്മസംയമനവും വികാരനിയന്ത്രണവും ഉള്ള ഒരാള്‍ക്കല്ലാതെ ഇങ്ങനെ എപ്പോഴും പെരുമാറാന്‍ ആവില്ല. കൂട്ടുകാരായ പലരും നാക്ക് പിഴച്ച് പിഴ ഒടുക്കേണ്ടിവരുമ്പോഴാണ് അചഞ്ചലമായ അന്തസ്സിന്റെ പ്രതിരൂപമായി ടെണ്ടുല്‍ക്കര്‍ വിലസുന്നത്.
മോശപ്പെട്ടവര്‍ എപ്പോഴും മോശമായി പെരുമാറും; ഇടത്തരക്കാര്‍ പ്രകോപിതരാകുമ്പോള്‍ മോശമായി പ്രതികരിക്കും. ഏറ്റവും മികച്ച കളിക്കാര്‍ സദാ അന്തസ്സുറ്റ പെരുമാറ്റം കാഴ്ചവയ്ക്കും.
പലപ്പോഴും സച്ചിന്റെ വാക്കുകള്‍ പത്രങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഒന്നും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ മറക്കാന്‍ പാടില്ലാത്ത ഒരു വാക്യം അദ്ദേഹം ഇതിനിടെ പറഞ്ഞത് മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. അത് ഒരിക്കലും മാഞ്ഞുപോകാരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
അദ്ദേഹത്തിന് പത്മപുരസ്‌കാരം കിട്ടിയപ്പോള്‍ ആരോ അദ്ദേഹം ഭാരതരത്‌നം അര്‍ഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. സച്ചിന്റെ മറുപടി ‘ക്ലാസിക്’ ആണ്. സച്ചിന്‍ പറഞ്ഞു, ”ഭാരതരത്‌നം നല്ലത് തന്നെ, പക്ഷേ എന്റെ മനസ്സില്‍ ഇപ്പോള്‍ ക്രിക്കറ്റേ ഉള്ളൂ”. മനസ്സില്‍ പുരസ്‌കാര മോഹമുള്ളവര്‍ വളരെ അധ്വാനിച്ച് ശരിപ്പെടുത്തുന്നതാണ് രാഷ്ടപുരസ്‌കാരങ്ങള്‍ എന്ന് പറഞ്ഞുകേള്‍ക്കുന്നു. അവയ്ക്ക് അര്‍ഹരാകുന്ന ചിലരുടെ കഥകള്‍ കേട്ടാല്‍ നാം അന്തം വിട്ടുപോകും. രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഇത്ര താണ മനുഷ്യര്‍ക്ക് രാഷ്ട്രത്തിന്റെ പേരിലുള്ള മഹത്തായ ബഹുമതികള്‍ വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ചരടുവലികള്‍ നാടിനെ നാണം കെടുത്തുന്നു.
സച്ചിന്‍ മേലെ പ്രകടിപ്പിച്ച ചിന്ത എത്ര ഉദാത്തവും ശ്രേഷ്ഠവുമാണ്! അതിന്റെ മഹത്വത്തിന്റെ തെളിവ്, അതുപോലൊരു വാക്യം ഇന്നുവരെ ആരുടെ നാവില്‍നിന്നും പുറത്തുവന്നില്ല എന്നതു തന്നെ. സാധാരണ ഭാരതീയരുടെ സദാചാരബോധത്തില്‍ നിന്ന് വളരെ ഉയര്‍ന്ന നിലയിലാണ് ടെണ്ടുല്‍ക്കര്‍. രാഷ്ട്രപുരസ്‌കാരങ്ങള്‍ കൊടുക്കുന്നത് കുറ്റവാളികള്‍ക്കും കിട്ടിക്കഴിഞ്ഞാല്‍ മുഴുപ്പേജ് പരസ്യം പത്രങ്ങളില്‍ കൊടുത്ത് തങ്ങളുടെ വലുപ്പം ലോകത്തെ അറിയിക്കുന്നവര്‍ക്കുമാണ്. ആ വാക്യം പറഞ്ഞതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌നത്തിനും അപ്പുറത്തെത്തി. ഇനി അത് അദ്ദേഹത്തിന് കിട്ടണമെന്നില്ല; കിട്ടണം എന്നുമില്ല!
ഇതിനുശേഷം സച്ചിന്‍ സ്വീകരിച്ച ഒരു തീരുമാനവും സച്ചിനെ സാധാരണ കളിക്കാരുടെ നിരയില്‍ നിന്ന് ഒരു ദേശീയ പുരുഷന്റെ നിലയില്‍ എത്തിച്ചിരിക്കുന്നു. ഇരുപത് – ഇരുപത് ക്രിക്കറ്റിന്റെ ലോകകപ്പ് അടുത്ത് നടക്കാന്‍ ഇരിക്കുകയാണല്ലോ. കളിക്കാനുള്ള ആരോഗ്യവും ശക്തിയും ഭാഗ്യവും എല്ലാം ഒത്തിണങ്ങിയ സച്ചിന്‍ ആ ടീമില്‍ ഉണ്ടാവേണ്ട വ്യക്തിയാണെന്നത് സര്‍വര്‍ക്കും സമ്മതമായിരിക്കും. പക്ഷേ എല്ലാവരെയും സച്ചിന്‍ പറ്റിച്ചുകളഞ്ഞു. അദ്ദേഹം പറഞ്ഞു; ”ഈ കളിയില്‍ ഞാന്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല”.
പേരും പെരുമയും പണവും എല്ലാം ഉറപ്പായിട്ടുള്ള ഒരു സുവര്‍ണാവസരമാണ് ടെണ്ടുല്‍ക്കര്‍ നിസ്സാരമെന്ന മട്ടില്‍ വേണ്ടെന്നുവച്ചത്. കളിക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ ത്യാഗം ചെയ്യുന്നവര്‍ എത്രയുണ്ടാകും. ‘തന്റെ സ്ഥാനത്ത് യുവാക്കള്‍ കളിക്കട്ടെ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളി നമുക്ക് വിടാം. നമ്മുടെ നാട്ടില്‍ രാഷ്ട്രീയരംഗത്തായാലും സിനിമയിലായാലും മുതിര്‍ന്നവര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാന്‍ കുത്‌സിതമാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നതും അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുവാന്‍ ബുദ്ധിമുട്ടുന്നതും എല്ലാം എത്രയോ തവണ കണ്ടവരാണ് നമ്മള്‍. ഇവിടെയാണ് നാം തികച്ചും അര്‍ഹനായ ഒരാള്‍ പുതിയ കളിക്കാര്‍ക്കുവേണ്ടി താന്‍ സ്ഥാനം ഒഴിയുന്നു എന്ന് പറഞ്ഞു മാറിനില്‍ക്കുന്നത് നേരിട്ട് കാണുന്നത്. ഇവിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥാനങ്ങള്‍ മുതിര്‍ന്നവരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സമരം തുടങ്ങിയിരിക്കുന്നു. യയാതിയെപ്പോലെ മകന്റെ യൗവനം അനുഭവിക്കരുതെന്ന് പഴയ നേതാക്കളെ അവര്‍ ഓര്‍മിപ്പിക്കുന്നു. വുദ്ധനേതാക്കളുടെ ഭാവം തങ്ങള്‍ക്ക് ആജീവനാന്ത അവകാശമായി കിട്ടിയതാണ് സ്ഥാനമാനങ്ങള്‍ എന്നാണ്. സുഖഭോഗങ്ങള്‍ അനുഭവിക്കുവാന്‍ ചെറുപ്പക്കാര്‍ക്കും അവകാശമുണ്ടെന്ന് മൂരാച്ചികള്‍ മറന്നുപോകുന്നു.
സച്ചിന്‍ പ്രതിഭാസം എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രകാശിക്കുന്നില്ല? സച്ചിനെപ്പോലുള്ള മഹാവ്യക്തികള്‍ രാഷ്ട്രീയത്തിലില്ലെന്ന് വേണം കരുതാന്‍. ‘എനിക്കുശേഷം പ്രളയം’ എന്ന മട്ടില്‍ പ്രളയാന്തംവരെ സിംഹാസനത്തില്‍ ഇരുന്ന് മൂലക്കുരു വന്നാലും ആ സ്ഥാനം വിടില്ല എന്ന നിര്‍ബന്ധം പിടിക്കുന്നവര്‍ അപമാനത്തോടെ ബഹിഷ്‌കൃതരാകുമെന്ന് ഓര്‍ക്കേണ്ടതാണ്.
ഇവിടെയാണ് സച്ചിന്റെ നിസ്തുലമായ മഹത്വം ശ്രദ്ധിക്കപ്പെടുന്നത്. കാലം തികയുമ്പോള്‍ സ്ഥാനം ഒഴിയുവാന്‍ ആരും പറയേണ്ട, പഠിപ്പിക്കേണ്ട, നിര്‍ബന്ധിക്കേണ്ട. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. പൊതുജീവിതത്തില്‍ പാലിക്കേണ്ട ഏറ്റവും ഉയര്‍ന്ന സംസ്‌കാരമാണ് അത്. അത് നമ്മുടെ രാഷ്ട്രീയത്തില്‍ കാണാന്‍ പ്രയാസം; സിനിമയിലില്ല; പക്ഷേ ക്രിക്കറ്റില്‍ ഉണ്ട്. ധാരാളമില്ല. എങ്കിലും ഒരു സച്ചിന്‍ ഉണ്ടല്ലോ.
കളിക്കാരല്ലാത്തവരെ ടെണ്ടുല്‍ക്കര്‍ പഠിപ്പിക്കുന്നു – കളിയല്ല, കാര്യം. ത്യാഗത്തിന്റെ പാഠം; പിന്നാലെ വരുന്നവര്‍ക്ക് വഴിയൊരുക്കി കൊടുക്കണമെന്ന പാഠം.
ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഏറ്റവും മഹാന്മാരായ പത്ത് ഇന്ത്യക്കാരില്‍ ഒരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
അദ്ദേഹത്തിന്റെ പേര് ആ
പട്ടികയില്‍ കാണുന്നില്ലെങ്കില്‍ അത് തയ്യാറാക്കിയത് പത്മപുരസ്‌കാരങ്ങളുടെ പട്ടിക തയ്യാറാക്കിയവരാണെന്ന് പറയേണ്ടിവന്നേയ്ക്കും.

Posted in സംസ്കാരം | Tagged: | Leave a Comment »

ആള്‍ദൈവ സംസ്‌കാരവും പ്രേമാനന്ദിന്റെ പോരാട്ടവും-കുരീപ്പുഴ ശ്രീകുമാര്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 28, 2010

ആള്‍ദൈവ സംസ്‌കാരവും പ്രേമാനന്ദിന്റെ പോരാട്ടവും

കുരീപ്പുഴ ശ്രീകുമാര്‍

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സായിബാബയുടെ ചെറുസര്‍പ്പ ചിന്തകള്‍ കേരളത്തില്‍ പത്തിയെടുത്തു തുടങ്ങിയത്. മറ്റു ദൈവങ്ങളെയെല്ലാം പ്രാര്‍ഥിച്ചു മടുത്തിരുന്ന കുറെ ആളുകളെങ്കിലും സായിമാര്‍ഗത്തിലേക്ക് മണികൊട്ടിയിറങ്ങി.

ചില ചില്ലറ മാജിക്കുകളോടെയാണ് സായിമാര്‍ഗം ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. സായിബാബയുടെ പടത്തിന്റെ ചോട്ടില്‍ വയ്ക്കുന്ന പാത്രത്തിലെ, തേയില വെള്ളത്തില്‍ കിടക്കുന്ന പത്തിരി ഇരട്ടിക്കുകയായിരുന്നു അതിലൊരു കണ്‍കെട്ടുവിദ്യ. ഒരുതരം നോട്ടിരട്ടിക്കലിന്റെ ക്രിമിനല്‍ തന്ത്രമാണ് ഈ പത്തിരിയിരട്ടിപ്പിലും അടങ്ങിയിരുന്നത്.
അതിനെക്കാള്‍ വിസ്മയം സായിബാബയുടെ ചിത്രത്തില്‍ നിന്ന് വിഭൂതി വര്‍ഷിക്കുകയായിരുന്നു. സായിബാബ, തന്നെ കാണാനെത്തുന്നവര്‍ക്കെല്ലാം അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുത്തുകൊടുത്ത് അനുഗ്രഹിക്കുക എന്ന മാജിക് കാട്ടിയിരുന്നു. സായിബാബയ്ക്ക് നേരിട്ടെത്താന്‍ കഴിയാത്ത സ്ഥലത്ത് ചിത്രം വച്ചാല്‍ കയ്യും കാലുമൊന്നും ചലിക്കാതെ തന്നെ ചിത്രത്തില്‍ നിന്ന് ഭസ്മം വീഴുമായിരുന്നു. ഇതുകണ്ട് അത്ഭുത പരതന്ത്രരായ ഭക്തജനങ്ങള്‍ മുടിപ്പുറ്റു വളര്‍ത്തിയ ആ തന്ത്രശാലിയുടെ ചിത്രത്തിനു മുന്നില്‍ സാഷ്ടാംഗം വീഴുകയും രക്ഷിക്കണേയെന്ന് ആര്‍ത്തു വിളിക്കുകയും ചെയ്തു.
അക്കാലത്ത് ഈ വിശേഷം കേട്ടവരെല്ലാം അത്ഭുതം കാണാന്‍ ഓടിക്കൂടുമായിരുന്നു. അമൃതാനന്ദമയിയുടെ കെട്ടിപ്പിടി തന്ത്രം വികസിച്ചിട്ടില്ലായിരുന്ന അക്കാലത്ത് സായി തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍മാര്‍ക്കറ്റുണ്ടായി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് ഒരു വീട്ടിലും ഈ ഭസ്മാത്ഭുതമുണ്ടായി. കേട്ടവര്‍ കേട്ടവര്‍ ഓടിച്ചെന്ന് കണ്ണു രണ്ടും തള്ളി ഭക്തന്മാരായി. ദിവ്യാത്ഭുതത്തിന്റെ വശ്യതയില്‍ പുതിയ അന്ധവിശ്വാസത്തിന്റെ കരിങ്കുടകള്‍ നിവര്‍ന്നു.
അവിടെയുള്ള കുറച്ചു ചെറുപ്പക്കാര്‍ ഇതിന്റെ സത്യമെന്തെന്ന് അറിയാനും അത് ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു. അവര്‍, കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ നിന്നും ഒരാളെ കൊട്ടാരക്കരയിലെത്തിച്ചു. ബി പ്രേമാനന്ദ്. ഒരു ദിവ്യാത്ഭുതമെങ്കിലും കണ്ടിട്ടുമരിക്കണമെന്ന അഭിലാഷം പരസ്യമായി പ്രഖ്യാപിച്ച സത്യാന്വേഷകനായിരുന്നു ബി പ്രേമാനന്ദ്.
കൊട്ടാരക്കരയ്ക്കടുത്ത് മൈലം ജംഗ്ഷനില്‍ ജനമധ്യത്തു തന്നെ വേദിയൊരുങ്ങി. സായിബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മമുതിരുന്നതുകണ്ട് വിസ്മയപ്പെട്ട് കൈകൂപ്പിയ ജനങ്ങളാണ് ചുറ്റുമുള്ളത്. പ്രേമാനന്ദ്, അദ്ദേഹത്തിന്റെ ഒരു ചിത്രവും രാജീവ് ഗാന്ധിയുടെ ചിത്രവും ഒരു പട്ടിയുടെ ചിത്രവും ജനമധ്യത്തില്‍ സ്ഥാപിക്കുന്നു. സര്‍വജനങ്ങളെയും വിസ്മയ സ്തബ്ധരാക്കിക്കൊണ്ട് ചിത്രങ്ങളില്‍ നിന്നും ഭസ്മ ധൂളികള്‍ ഉതിരാന്‍ തുടങ്ങി.
അവകാശവാദങ്ങളൊന്നുമില്ലാത്ത പ്രേമാനന്ദിന്റെ ചിത്രത്തെയോ ഭസ്മമണിഞ്ഞ പട്ടിയുടെ ചിത്രത്തെയോ രാജീവ് ഗാന്ധിയുടെ ചിത്രത്തെയോ ആരും തൊഴുതില്ല. പ്രേമാനന്ദ് ജനങ്ങളോട് കാര്യം പറഞ്ഞു. ചിത്രങ്ങളിലെ അലുമിനിയം ഫ്രെയിമില്‍ മെര്‍ക്കുറി ക്ലോറൈഡ് പുരട്ടുക. അത് അലുമിനിയം ഓക്‌സൈഡ് ആയി മാറുകയും ധൂളികളായി ഉതിരുകയും ചെയ്യുന്നു. ഈ ലഘു ശാസ്ത്ര വിദ്യയാണ് ആളുകളെ പറ്റിക്കാനായി സായി വിദഗ്ധന്മാര്‍ ആസൂത്രണം ചെയ്തിരുന്നത്.
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുത്തുകൊടുക്കുന്ന മാജിക്കും അന്ന് പ്രേമാനന്ദ് കാട്ടുകയും കഞ്ഞിവെള്ളത്തില്‍ ഭസ്മം ചാലിച്ചുണക്കി വിരലുകള്‍ക്കിടയില്‍ ഒളിച്ചുവയ്ക്കുന്ന കണ്‍കെട്ടു വിദ്യ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതുകണ്ടു വിസ്മയപ്പെട്ട ആര്‍ സി ബോസ് എന്ന യുവാവ് പില്‍ക്കാലത്ത് മജീഷ്യന്‍ എന്ന് ഖ്യാതി നേടുകയും ചെയ്തു.
കൈവെള്ളയില്‍ തൊട്ടാല്‍ മധുരിപ്പിക്കുന്ന സിദ്ധന്മാര്‍, കൈ വെള്ളയില്‍ സ്വീപിക്‌സ് ഗുളിക പൊടിച്ചിട്ടിരിക്കുന്ന വിദ്യയും അദ്ദേഹം തുറന്നുകാട്ടി. ആള്‍ ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് പ്രേമാനന്ദ് സ്വന്തം ജീവിതം വിനിയോഗിച്ചത്.
കോഴിക്കോട്ടെ തിക്കോടിയില്‍ ജനിച്ച ബാസവ പ്രഭു പ്രേമാനന്ദും സഹോദരന്‍ ദയാനന്ദും സമരോത്സുക യുക്തിവാദത്തിന്റെ പ്രചാരകനായിരുന്ന ഡോ. എ ടി കോവൂരിന്റെ ശിഷ്യന്മാരായിരുന്നു. ഡോ. എ ടി കോവൂരിന്റെ പാത പിന്തുടര്‍ന്ന് ഇവരും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഏറ്റെടുത്തു. കോയമ്പത്തൂരിലെ പ്രമുഖ യുക്തിവാദിയായിരുന്ന ജി ഡി നായിഡുവിന്റെ ചിന്തകളില്‍ ആകൃഷ്ടനായ പ്രേമാനന്ദ്, ലോക സമൂഹത്തെ അബദ്ധധാരണകളില്‍ നിന്നും വിമോചിപ്പിക്കാനായി അറുപതോളം രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. യൗവനാരംഭത്തില്‍ സന്ന്യാസത്തോട് താല്‍പര്യം തോന്നിയ പ്രേമാനന്ദ് സ്വന്തം ഗുരുനടത്തുന്ന ആത്മീയ ദിവ്യാത്ഭുത തട്ടിപ്പുകള്‍ മനസ്സിലാക്കിയതോടെയാണ്, ഇതിനെതിരെ ജീവിതം തിരിച്ചുവിടണമെന്നു തീരുമാനിച്ചത്.
ശാസ്ത്രാന്വേഷണ പരീക്ഷണങ്ങള്‍ക്കും ദിവ്യാത്ഭുത അനാവരണങ്ങള്‍ക്കും വലിയ വിലയാണ് പ്രേമാനന്ദിന് നല്‍കേണ്ടിവന്നത്. തോക്കു സൂക്ഷിക്കുന്ന സായിബാബയോടാണ് പ്രേമാനന്ദ് ശാസ്ത്ര വൈദഗ്ധ്യവുമായി ഏറ്റുമുട്ടിയത്. അദ്ദേഹം പോത്തന്നൂരെ ശാസ്ത്ര സത്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം ഏതെങ്കിലും തരത്തിലുള്ള ദിവ്യശക്തി തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നതാണ്. മകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വലിയ വില തന്റെ സത്യാന്വേഷണ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രേമാനന്ദിനു നല്‍കേണ്ടിവന്നു.
സായിബാബയുടെ കണ്‍കെട്ടു വിദ്യകള്‍ അനാവരണം ചെയ്തുകൊണ്ട് പ്രേമാനന്ദ് പുറത്തിറക്കിയ വീഡിയോ സി ഡി വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ശാസ്ത്ര പ്രചാരണത്തില്‍ പ്രേമാനന്ദിനുള്ള ആത്മാര്‍ഥതയും അതിപ്രയത്‌നവും മനസ്സിലാക്കിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെല്ലോഷിപ്പിനും പ്രേമാനന്ദ് അര്‍ഹനായി.
പോത്തന്നൂരെ ശാസ്ത്രപഠന കേന്ദ്രത്തിലെ ഏറ്റവും വലിയ കൗതുകം പത്തടി നീളവും അഞ്ചടി വീതിയുമുള്ള നൂറു കണക്കിനു പെയിന്റിംഗുകളാണ്. ലോക ശാസ്ത്ര പ്രതിഭകളുടെ വിലപ്പെട്ട കണ്ടെത്തലുകള്‍ ഈ ചിത്രങ്ങളില്‍ വര്‍ണപ്പെടുത്തിയിരിക്കുന്നു.
ജീവിതം ശാസ്ത്രത്തിനുവേണ്ടിയുള്ള പ്രതിരോധ സമരമാക്കിയ ബി പ്രേമാനന്ദ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം മൃതശരീരം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊടുത്തു.
ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശാസ്ത്ര പ്രചാരണം ഭരണഘടനാ തത്വങ്ങള്‍ക്കു വിധേയവുമാണ്. അവിടെയാണ് എല്ലാ മതത്തിലും പെട്ട ദൈവവേഷം കെട്ടിയ മജീഷ്യന്മാര്‍ അഴിഞ്ഞാടുന്നത്. അസംഖ്യം പ്രേമാനന്ദുമാരെ ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്.

Posted in സംസ്കാരം | Tagged: | Leave a Comment »

അമച്വര്‍ നാടകങ്ങള്‍ക്ക് മരണമണി – ഡോ. എല്‍ തോമസ്‌കുട്ടി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 25, 2010

തൊണ്ണൂറുകളിലാണ് കുണ്ടറയില്‍ DPIFC എന്നൊരു സാംസ്‌കാരിക സന്നദ്ധസംഘടന പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവരുടെ മഹിളാദിനാഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 8 ന് മുക്കട ജംഗ്ഷനില്‍ നടന്ന ‘കളി’ എന്ന നാടകത്തില്‍ 35 ഓളം സ്ത്രീകള്‍ മാത്രമായിരുന്നു അഭിനേതാക്കള്‍. മരണാനന്തര വിചാരണ അവതരിപ്പിക്കുന്ന ഈ നാടകം കേരളത്തിലെ നാടകചരിത്രത്തില്‍ എന്തുകൊണ്ടും രേഖപ്പെടുത്തേണ്ട ഒന്നാണ്. ഫെമിനിസം ഒരു സൈദ്ധാന്തിക ചര്‍ച്ചപോലുമായിട്ടില്ലാത്ത സമയത്ത് മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ 35 ഓളം സ്ത്രീകള്‍ അവതരിപ്പിച്ച ഈ നാടകത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയി. തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ തുറന്ന വേദിയില്‍ ദൈവത്തിന്റെയും ലൂസിഫറിന്റേയും വിചാരണവേദിയില്‍ പുരുഷകേന്ദ്രീതമായ ന്യായവ്യവഹാരങ്ങളെ അവര്‍ ചോദ്യം ചെയ്തു. ഞാനെഴുതി സാജോ പനയംകോട് സംവിധാനം ചെയ്ത നാടകമായിരുന്നു അത്. DPIFC യുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം അരങ്ങേറിയ, ഞാനെഴുതി സാജോ പനയംകോട് സംവിധാനം ചെയ്ത് മുപ്പതോളം അംഗങ്ങള്‍ അവതരിപ്പിച്ച ‘മുക്കുവനും ഭൂതവും’ എന്ന നാടകമാണ് കേരളത്തിലെ ആദ്യത്തെ കടലോര നാടകം. കൊല്ലം കടപ്പുറത്തുനിന്നും ആലപ്പുഴ കടപ്പുറംവരെ ആഴ്ചകളോളം നടന്നു നീങ്ങിയായിരുന്നു അതിന്റെ അവതരണം. കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ അണുപ്രസരണത്തിനെതിരെ, മുക്കുവനു കിട്ടിയ ഭൂതത്തിന്റെ മിത്തിനെ അവലംബമാക്കി കടലില്‍ നിന്നും തുടങ്ങുന്ന ആ നാടകം കടപ്പുറത്തു മാത്രമേ കളിക്കാനാവുമായിരുന്നുള്ളു.
നാടകസംഘങ്ങള്‍ക്ക് കാപ്പികുടിക്കാന്‍ പോലും കാശില്ലാതിരുന്നതും ജസ്റ്റിനും വിത്സനും സ്വകാര്യമായി എടുത്ത ലോട്ടറി ടിക്കറ്റിന് നൂറു രൂപാ സമ്മാനം കിട്ടിയതും അതുകൊണ്ടു മാത്രം മുന്നോട്ടു നാടകം കളിക്കാന്‍ കഴിഞ്ഞതുമൊക്കെ ഈ നാടകത്തിന്റെ പിന്നണിദുരിതം സാജോയുടെ ക്രൈം നാടകം ശക്തിഭദ്രന്റെ അംഗലീയാങ്കം, പി ബാലചന്ദ്രന്റെ മായാസീതാങ്കം തുടങ്ങിയ നാടകങ്ങളും ഞാന്‍ സംവിധാനം ചെയ്തു.
DPIFC, ലാല്‍ കോയിപ്പറമ്പന്റെ ഉത്സാഹത്താല്‍ മധുമാഷിനെ കൊണ്ടുവന്നതും സാഗര എന്ന ഔദ്യോഗികമായി ഒരു നാടകസംഘം രൂപീകരിച്ചതും ‘പുറപ്പാട്’ എന്നൊരു നാടകം അരങ്ങേറിയതും സി ബാബുവന്റെ ലഘു നാടകങ്ങള്‍ അവതരിപ്പിച്ചതും പില്‍ക്കാലചരിത്രം.
ഓച്ചന്തുരുത്ത് രാജശേഖരന്റെ പാമ്പു നാടകം, ടി എന്‍ പ്രകാശിന്റെ ദ്രോണര്‍, മോഹന്റെ നായ്‌ക്കോലം, ഓംചേരിയുടെ തേവരുടെ ആന, പി എം ആന്റണിയുടെ സ്പാര്‍ട്ടക്കസ്, പി ബാലചന്ദ്രന്റെ കല്യാണസൗഗന്ധികം, ജി ശങ്കരപ്പിള്ളയുടെ പാവക്കൂത്ത്, കാവാലത്തിന്റെ അഗ്നിവര്‍ണന്റെ കാലുകള്‍ തുടങ്ങിയ നാടകങ്ങളും അക്കാലത്ത് ഏറെ അവതരിപ്പിച്ചിരുന്നു. ചന്തുമ്മാവന്റെ ചെരുപ്പ് കുറച്ച് തോര്‍ത്തുകള്‍ മാത്രം ഉപയോഗിച്ച് മനോഹരമായ രംഗശില്‍പങ്ങള്‍ ഒരുക്കി. 
തൊണ്ണൂറുകളില്‍ തിരുവനന്തപുരത്ത് കെ എം ശ്രീനാഥിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ‘ദ്വീപ്’, ശരീരാഭിനയത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയ നാടകമാണ്. അലന്‍സിയര്‍ലെ, നിസ്സാര്‍ എന്നീ നടന്മാരായിരുന്നു അരങ്ങില്‍. വെറും നിലത്ത് അഭിനയത്തിന്റെ ഊര്‍ജവിന്യാസം മാത്രം കൈമുതലാക്കി ഈ രണ്ടുപേര്‍ അഭിനയിച്ചൊരുക്കിയ ആന്റിഗണിയും തടവുകാരുമൊന്നും അത്രവേഗം മറക്കാനാവാത്തതാണ്. ഏറെ കളിച്ചിരുന്ന ഒരു നാടകമായ സുലൈമാന്‍ കക്കോടി എഴുതിയ തീന്‍മുറിയിലെ ദുരന്തവും ഏറെക്കുറെ ഇതേ മട്ടിലുള്ളതായിരുന്നു. ശ്രീ ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുണ്ടായ കളിക്കൂട്ടത്തിന്റെ നാടകാവതരണങ്ങളും ‘പത്രവാര്‍ത്ത’കള്‍ മനുഷ്യരൂപം പൂണ്ട് അരങ്ങിലാടുന്നതും ഉറിയടിയും ഈഡിപ്പസും ജോബിനും രഘൂത്തമനുമൊക്കെ ബുദ്ധനായി അഭിനയിക്കുന്ന (ബാല്യകൗമാരങ്ങള്‍) ‘പൂര്‍ണകുംഭവു’ മെല്ലാം ശ്രദ്ധേയമായിരുന്നു. ഒരേവേദിയില്‍ രണ്ടു നടന്മാര്‍ ഒരേ കഥാപാത്രമായി എത്തുന്നതിന് ലെവലുകളുടെ വ്യത്യാസം മാത്രം മതിയെന്ന് സംവിധായകനവിടെ തീര്‍ച്ചപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഇ എം എസ് നാടകം പിരപ്പന്‍കോട് മുരളിയുടെ നേതൃത്വത്തില്‍ കേരളമാകെ കളിച്ചപ്പോള്‍ അവരുടെ കച്ചവട നാടകസംഘം ഇതേ സങ്കേതം ഉപയോഗപ്പെടുത്തിയെന്നതും സ്മര്‍ത്തവ്യമാണ്. സനലിനെ നായകനാക്കി, സതീര്‍ഥ്യന്‍ എന്ന നരേന്ദ്രപ്രസാദിന്റെ ജനാര്‍ദനന്‍ നാടകം അരങ്ങേറിയപ്പോഴും സംവിധായക മികവിന്റെ പരിചരണം വേദ്യമായിരുന്നു. 2010 ലെ കലോത്സവങ്ങളില്‍ പോലും വിഷയീഭവിക്കുന്ന കുറിയേടത്തു താത്രിക്കുട്ടിയെയും അവളെ വേട്ടയാടുന്ന മുഖംമൂടികളെയും അതിചാരുതയോടെ ആ നാടകം അരങ്ങിലെത്തിച്ചു.
ജി എ ലാലിന്റെയും റെജിയുടെയും മറ്റും ശ്രമഫലമായി സി ജെയുടെ നാടകങ്ങള്‍ പലതും വി ജെ ടി ഹാളില്‍ ഇക്കാലത്ത് അരങ്ങേറി. ‘ഈ ഭൂമിക്കെന്തോ സംഭവിക്കുന്നു’ എന്ന പേരില്‍ IMPROUSE ചെയ്ത ഒരു പാരിസ്ഥിതിക നാടകവും യൂണിവേഴ്‌സിറ്റി കോളജ് അങ്കണത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ഭാസുരേന്ദ്രബാബു എഴുതി വി ജെ ഫിലിപ്പ് അഭിനയിച്ച ‘കള്ളന്റെ കഥ’യും പരാമര്‍ശമര്‍ഹിക്കുന്നു. മുടിത്തെയ്യം, പാപത്തറ മുതലായവയുടെ രംഗശില്‍പമൊരുക്കി ശ്രീലതയും സുധീറും ശ്രീജയുമൊക്കെ പുതുശബ്ദം അന്വേഷിക്കുന്നതും ഇക്കാലത്താണ്. ശ്രീനാഥ് തന്നെ എഴുതി സംവിധാനം ചെയ്ത ‘ചെരുപ്പുകുത്തി’ ക്കഥയുടെ ആദ്യ നാടകത്തിന്റെ യഥാര്‍ഥാഖ്യാനത്തില്‍ നിന്നും വേറിട്ട ഒരു വേദീരൂപത്തിലേക്കാണ് ഈ ഘട്ടത്തില്‍ അവരെത്തിയത്.
‘പുലിജന്മം’ എന്ന എന്‍ പ്രഭാകരന്റെ നാടകമായിരുന്നു അക്കാലത്ത് വടക്കന്‍ കേരളത്തില്‍ ഏറെ ശ്രദ്ധേയമായത്. പിന്നീട് എന്‍ ശശിധരന്റെ കേളുവിലേയും കരിവള്ളൂര്‍ മുരളിയുടെ കുരുതിക്കളത്തിലേയ്ക്കും അത് വളര്‍ന്നു. 
രണ്ടായിരത്തിപ്പത്തോടെ നാടകസംഘങ്ങളുടെയും പ്രവര്‍ത്തനരീതികളുടെയും ഗതിയും ഘടനയുമൊക്കെ മാറുന്നുണ്ട്. ഗോപന്‍ ചിദംബരം, ജയപ്രകാശ് കുളൂര്‍, സതീഷ് കെ സതീഷ്, എം യു പ്രവീണ്‍, ജെയിംസ് പോള്‍, പി എ എം ഹനീഷ്, എ ശാന്തകുമാര്‍, റഫീക്ക് മംഗലശ്ശേരി,  പ്രദീപ് മുണ്ടൂര്‍ തുടങ്ങി അലക്‌സ് വള്ളിക്കുന്നംവരെയുള്ള ഒട്ടേറെ പുതിയ എഴുത്തുകാര്‍ നാടകരംഗത്ത് സജീവമാകുന്നുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ പഴയകാല അമച്വര്‍ നാടകസംസ്‌കാരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതും കാണാനാവും.
കേരളത്തിലെ അമച്വര്‍ നാടകങ്ങള്‍ ഏറ്റവും സജീവമായിരുന്ന എണ്‍പത് തൊണ്ണൂറുകളുടെ സ്വഭാവം വ്യക്തമാക്കാന്‍ വേണ്ടിയാണ് മുകളിലെ ഓര്‍മകള്‍ പങ്കുവച്ചത്. ഇവയില്‍ ഏറെയും ഇടതാഭിമുഖ്യമുള്ളതും ഏതാനും കിലോമീറ്ററിനുള്ളില്‍ സ്വതന്ത്രവും സജീവവുമായിരുന്നതും മിക്കതും ഇന്ന് ഏറെക്കുറെ നിര്‍ജീവമായതുമായ സംഘങ്ങളാണ്. അന്നത്തെ നാടക പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന ആഭിമുഖ്യം അറിയാനാണ് ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഇക്കഥകളിവിടെ കുറിച്ചിട്ടത്. കേരളത്തിലെ അമച്വര്‍ നാടകങ്ങളുടെ ബൃഹത് സംരംഭങ്ങളെക്കുറിച്ച് എന്തെങ്കിലുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടെന്നതിനാലാണ് അവയെ ഇവിടെ ഉപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തെ അമച്വര്‍ നാടക സംഭവങ്ങളെക്കുറിച്ച് പറയാത്തത് വിസ്താരഭയമോര്‍ത്തും, നാടകചര്‍ച്ചയുടെ സമഗ്രതയ്ക്ക് അവയെല്ലാം ആവശ്യമാണെന്ന് അറിയുമ്പോള്‍ തന്നെ, നാം മറന്നുപോയ, ഉപേക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന യൗവന നാടകങ്ങളുടെ രേഖാചിത്രം അടയാളപ്പെടുത്താനായി എന്നു കരുതുന്നു.
ഇന്ന് കേരളം മാറി, ജനങ്ങളുടെ കൂട്ടായ്മയുടെ അര്‍ഥവും കാമനയും മാറി, സംഘജീവിതമില്ലാത്ത നാട്ടില്‍ നാടകം അസാധ്യമായി. തെരുവു നാടകങ്ങളും മത്സരയിനമായി. അത് അധികാരത്തിന്റെ വാലാട്ടിയായി പ്രത്യയശാസ്ത്ര/ദര്‍ശനിക പിന്തുണയില്ലാതെ കേരളത്തിലെ കലാ/ബൗദ്ധിക സമൂഹം പ്രതിസന്ധിയിലായി. കാപട്യം, സ്വാര്‍ഥത എന്നിവ മുഖമുദ്രയായി. അവിടെ ഏറെ വേദനിപ്പിക്കുന്നത് സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യമാണ്. വിലക്കപ്പെടുന്നത് നാടകമാണ്.

Posted in സംസ്കാരം | Tagged: | Leave a Comment »