ജനയുഗം വാര്‍ത്തകള്‍

മാണിയെയും വീരനെയും ഒതുക്കി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 16, 2011

തിരുവനന്തുപുരം: കൂടുതല്‍ സീറ്റിനായി ബലംപിടിച്ച കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസിന്റെ മര്‍ക്കട മുഷ്ടിക്ക് മുന്നില്‍ മുട്ടുമടക്കി. ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ മാണിഗ്രൂപ്പിന് 15 സീറ്റും സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏഴ് സീറ്റും മാത്രം നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറായത്. 22 സീറ്റെങ്കിലും വേണമെന്ന ശക്തമായ ആവശ്യമാണ് കെ എം മാണി മുന്നോട്ടുവച്ചത്. എന്നാല്‍ ഈ ആവശ്യം ആദ്യഘട്ടത്തില്‍തന്നെ കോണ്‍ഗ്രസ് നിരാകരിച്ചിരുന്നു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന ചര്‍ച്ചയുടെ പലഘട്ടങ്ങളിലും മാണി ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. എന്നാല്‍ മാണിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നു. പിന്നീട് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയിലാണ് മാണിഗ്രൂപ്പിന് 15 സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
എല്‍ ഡി ഫിനൊപ്പം നിന്നപ്പോള്‍ എട്ട് സീറ്റില്‍ മത്സരിച്ച സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏഴ് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സീറ്റുകള്‍ കുറഞ്ഞതിനുള്ള കാരണമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. കയ്പമംഗലത്തിന് പകരം കൊടുങ്ങല്ലൂര്‍ വേണമെന്ന് ആവശ്യപ്പെട്ട ജെ എസ് എസിനെയും കോണ്‍ഗ്രസ് ഒതുക്കി. കയ്പമംഗലംകൊണ്ട് തൃപ്തിപ്പെടാന്‍ ഇന്നലെ ജെ എസ് എസ് തയ്യാറായി.

Advertisements

Posted in വാര്‍ത്ത | Tagged: , , , , | Leave a Comment »

2 രൂപയ്ക്ക് അരി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹര്‍ജി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2011

കൊച്ചി: സംസ്ഥാനത്ത് 2 രൂപയ്ക്ക് അരി വിതരണം ചെയ്ത നടപടി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഒല്ലൂര്‍ എം എല്‍ എ രാജാജി മാത്യു തോമസാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Posted in വാര്‍ത്ത | Tagged: , | Leave a Comment »

ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒളിച്ചോടരുത്: തോമസ് ഐസക്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2011

ആലപ്പുഴ: പാമോലിന്‍ കേസ് സംബന്ധിച്ച് പുനരന്വേഷണത്തിന് കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒളിച്ചോടരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാമോലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒപ്പിട്ടത് ഇതിനെക്കുറിച്ച് അറിവില്ലാതെയാണോ എന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ് ഇറക്കുന്നതിന് മുന്‍പുതന്നെ എഗ്രിമെന്റിലും ഒപ്പുവച്ചു. സ്വന്തം വകുപ്പിലെ രേഖകളടങ്ങിയ ഈ ഫയല്‍ കണ്ടോ എന്ന് ഉമ്മന്‍ചാണ്ടി പറയണമെന്നും ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ പുറത്താക്കാനാണ് പാമോലിന്‍ കേസിനെ ഉമ്മന്‍ചാണ്ടിയും  എം എം ഹസനും ഉപയോഗിച്ചത്. ഈ കേസില്‍ ക്രമക്കേടിനും അഴിമതിക്കും ഉമ്മന്‍ചാണ്ടി കൂട്ട് നിന്നിട്ടുണ്ടെന്നും ഐസക് പറഞ്ഞു.
കേസ് പുനരന്വേഷിക്കാന്‍ കോടതി അനുമതി നല്‍കിയത് ചരിത്രപരമായ വഴിത്തിരിവാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തുടരന്വേഷണം നടത്തും.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കണമെങ്കില്‍ അത് പ്രോസിക്യൂഷനാണ് തീരുമാനിക്കേണ്ടത്. പാമോലിന്‍ കേസ് ധാര്‍മ്മികമായി ഏറ്റെടുക്കുമെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി ഇത് രാഷ്ട്രീയപ്രേരിതമാണോ എന്ന് വ്യക്തമാക്കണം.
രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ അതിന്റെ ഉത്തരവാദി കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയാണ്. യു ഡി എഫ് ഭരണകാലത്തെ ദുഷ്‌ചെയ്തികള്‍ ഓരോന്നായി പുറത്തുവരുകയാണ്. ലോട്ടറി വിഷയത്തില്‍ താനും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസം ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

സ്ഥാനാര്‍ഥി നിര്‍ണയം: ലീഗില്‍ തര്‍ക്കം തുടരുന്നു

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2011

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട്  മുസ്‌ലിം ലീഗില്‍ തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിബാബ്തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. സ്ഥാനാര്‍ഥിപ്പട്ടിക നാളെ പാര്‍ട്ടി സംസ്ഥാനപ്രസിഡന്റ് പ്രഖ്യാപിക്കുമെന്നറിയിച്ച് പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരുടെ ചോദ്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. 12 സീറ്റുകളെയെങ്കിലും ചൊല്ലി ലീഗിനുളളില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നതായാണ് സൂചന.
കേന്ദ്രമന്ത്രി ഇ അഹമ്മദ് ഒഴികെ  പതിനാല് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സെക്രേട്ടറിയറ്റിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും അവനവന്റെ സീറ്റുറപ്പിക്കാന്‍ വ്യഗ്രതകാട്ടിയതിനെത്തുടര്‍ന്ന് ഫലപ്രദമായ ചര്‍ച്ച നടന്നില്ല.  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കോട്ടക്കല്‍, വള്ളിക്കുന്ന്, കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം, തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍ തുടങ്ങിയവയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് വടംവലി രൂക്ഷം. അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തരെ വിജയം ഉറപ്പുള്ള സീറ്റില്‍ മത്സരിപ്പിക്കുന്ന തരത്തിലാണ് ലീഗിന്റെ കരട് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായി. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ എന്‍ എ ഖാദര്‍, അബ്ദുറബ്ബ്, ഉബൈദുള്ള, എം ഉമ്മര്‍, യൂത്ത് ലീഗ് നേതാവ് എന്‍ ഷംസുദ്ധീന്‍ എന്നിവര്‍ക്ക്  സീറ്റ് ഉറപ്പായിട്ടുണ്ട്. തിരൂരങ്ങാടിയിലെ സിറ്റിംഗ് എം എല്‍ എ കുട്ടി അഹമ്മദ്കുട്ടി ഇപ്പോള്‍ തയ്യാറാക്കിയ പട്ടികയിലില്ല. മൂന്നു തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തുക എന്ന വാദമാണ് കുട്ടി അഹമ്മദ് കുട്ടിക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.  ആരോഗ്യപ്രശ്‌നങ്ങളും കുട്ടി അഹമ്മദ്കുട്ടിയെ ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന പുതിയ വിവാദങ്ങളില്‍ വേണ്ടത്ര പിന്തുണ എം എല്‍ എ എന്ന നിലയില്‍ കുട്ടി അഹമ്മദ് കുട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തതാണ് പട്ടികയില്‍ നിന്ന് പുറത്താവാന്‍ കാരണം. എം കെ മുനീറുമായി അടുത്ത ബന്ധം പുലര്‍ത്തിയത് ഷാജിക്കെന്ന പോലെ കുട്ടി അഹമ്മദ്കുട്ടിക്കും വിനയായി. തന്നെ ഒഴിവാക്കിയതില്‍ കുട്ടി അഹമ്മദ്കുട്ടി ലീഗ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തന്റെ നാടായ  താനൂര്‍ മണ്ഡലത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും ഒരിടത്തും പരിഗണിക്കേണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ഥിനിര്‍ണയ കമ്മറ്റി തീരുമാനിച്ചത്. തിരൂരങ്ങാടിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി കെ അബ്ദുറബ്ബാണ് ലീഗ് സ്ഥാനാര്‍ഥി. താനൂരിലാകട്ടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വലം കൈയ്യായ അബ്ദുറഹിമാന്‍ രണ്ടത്താണിയും സീറ്റ് ഉറപ്പാക്കി കഴിഞ്ഞു. വള്ളിക്കുന്നില്‍ കോഴിക്കോട്ട് നിന്ന് എം സി മായിന്‍ ഹാജിയെ ഇറക്കുമതി ചെയ്യുന്നതിലും കോട്ടക്കലില്‍ സമദാനിയെ മത്സരിപ്പിക്കുന്നതിലും അണികളില്‍ കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. രണ്ടിടങ്ങളിലും റിബലുകളായി മത്സരിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഒരുങ്ങുന്നതായാണ് സൂചന. മുനീറിനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഷാജിക്കും ഇത്തവണ മലപ്പുറത്ത് സീറ്റുണ്ടാകില്ലെന്നും വ്യക്തമായി. മലപ്പുറത്തു നിന്ന് എം ഉമ്മറിനെ മങ്കടയിലേക്കും ഈ മണ്ഡലം തന്നെ വേണമെന്ന് വാശിപിടിച്ച മഞ്ഞളാംകുഴി അലിയെ പെരിന്തല്‍മണ്ണയിലേക്കും മാറ്റിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Posted in Uncategorized | Tagged: , , , | Leave a Comment »

ഉമ്മന്‍ചാണ്ടിയുടെ പങ്കും പുറത്തുവരും: സി കെ ചന്ദ്രപ്പന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 15, 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ തീരുമാനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.
തുടരന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കേസിലെ പ്രതികളിലൊരാളും പാമോയില്‍ ഇടപാട് നടന്നപ്പോള്‍ ഭക്ഷ്യമന്ത്രിയുമായിരുന്ന ടി എച്ച് മുസ്തഫയാണ് ഉമ്മന്‍ചാണ്ടിയുടെ അറിവോടും അംഗീകരാത്തോടും കൂടിയാണ് പാമോയില്‍ ഇറക്കുമതി കരാര്‍ ഉണ്ടാക്കിയതെന്ന് പറഞ്ഞത്. അന്ന് ധനമന്ത്രി ആയിരുന്ന തനിക്ക് പാമോയില്‍ ഇടപാട് സംബന്ധിച്ച വിവരങ്ങളെല്ലാം അറിയാമെന്ന് ഉമ്മന്‍ചാണ്ടിതന്നെ പരസ്യമായി പറഞ്ഞിരുന്നു.
ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലാണ് തുടരന്വേഷണം നടത്താമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് വഴിയൊരുക്കിയത്. ഇതിന്റെ ഉത്തരവാദിത്വം എല്‍ ഡി എഫിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് രാഷ്ട്രീയപ്രേരിതം.
യു ഡി എഫ് ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ വൈകിയാണെങ്കിലും നീതിന്യായ സ്ഥാപനങ്ങളില്‍ നിന്നും നടപടികള്‍ ഉണ്ടാകുന്നത് സ്വാഗതാര്‍ഹമാണ്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിളള ജയിലിലാണ്. പി കെ കുഞ്ഞാലിക്കുട്ടി, ടി എം ജേക്കബ്, എം കെ മുനീര്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ നടപടികള്‍ എടുക്കുമ്പോള്‍ എല്‍ ഡി എഫിനെ പഴിചാരി രക്ഷപെടാമെന്ന യു ഡി എഫ് നേതാക്കളുടെ ശ്രമം വിജയിക്കില്ല. അഴിമതിക്കാര്‍ക്ക് എതിരായ നടപടികള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Posted in വാര്‍ത്ത | Tagged: , , , , | Leave a Comment »

ലീഗിന് പരാതികള്‍ ഇല്ലെന്ന വാദത്തിന് കഴമ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2011

തിരുവനന്തപുരം : യു ഡി എഫിലെ സീറ്റു ചര്‍ച്ചകളില്‍ ലീഗിന് മാത്രം പരാതികള്‍ ഇല്ലെന്ന വാദത്തിന് കഴമ്പില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫില്‍ മുസ്്‌ലിം ലീഗ് നിരവധി വിട്ടു വീഴ്ചകള്‍  ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ ജനവിധി -2011  പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം വിട്ട് എം വി രാഘവന്‍ മുന്നണിയിലേക്ക് വന്നപ്പോള്‍ നാമനിര്‍ദേശ പത്രിക കൊടുത്ത ലീഗ് സ്ഥാനാര്‍ഥിയെയാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എ കെ ആന്റണിക്ക് മത്സരിക്കാന്‍ ലീഗിന്റെ സിറ്റിംഗ് സീറ്റാണ് വിട്ടുകൊടുത്തത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കൊടുവള്ളി സീറ്റ് കെ മുരളീധരന് മത്സരിക്കാനായി വിട്ടു കൊടുത്തു. ഓരോരുത്തര്‍ക്കും എത്ര സീറ്റ് കിട്ടുന്നുവെന്നതിലുപരിയായി മുന്നണിയെ വിജയിപ്പിക്കുക എന്നതാകണം ഘടകകക്ഷികള്‍ മുന്‍ഗണന കൊടുക്കേണ്ടത്. വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയ്യാറാകണം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടയില്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതിനെയാണ് മധ്യസ്ഥ ശ്രമമായി പത്രങ്ങള്‍ വ്യാഖാനിച്ചത്. തനിക്ക് മധ്യസ്ഥന്റെ റോളില്ല. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ആവശ്യമായാല്‍ ഇടപെടും. സോഷ്യലിസ്റ്റ് ജനത മുന്നണിയിലേക്ക് വന്നപ്പോള്‍ നല്ല നേതാക്കളെയും നല്ല ചരിത്രമുള്ള പാര്‍ട്ടിയെയുമാണ് കിട്ടിയത്. അവരുടെ വരവ് മുന്നണിക്ക് ഏറെ ഗുണം ചെയ്തു.
തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോ ഇല്ലയോ എന്ന് പാര്‍ട്ടി തീരുമാനിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും. ലീഗ് ഇതെല്ലാം പവിത്രമായി കാണുന്നു. താന്‍ നയിക്കുമെന്ന് ഇ അഹമ്മദ് പറഞ്ഞത് മല്‍സരിക്കുമെന്ന പ്രഖ്യാപനമായി കാണേണ്ട. മല്‍സരിക്കാതെയും നയിക്കാം. ഇത്തവണ ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്്‌ലിം ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ഥാനമുണ്ടാകും. വനിതാ പ്രാതിനിധ്യത്തിന് എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്നതിനൊപ്പം നടപടികളെടുക്കും. തനിക്കെതിരെയുള്ള ആരോപണങ്ങളും കേസുകളും  ഒരു കാലത്തും തീരില്ല. താന്‍ മരിക്കുന്നത് വരെ ഇതു തുടരും. ഇവിടെ ആരോപണങ്ങളുടെ പേരിലുള്ള അന്വേഷണങ്ങള്‍ക്ക് രണ്ടു തരം നീതിയാണ്. പാവങ്ങളായ തങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ പോലിസ് അന്വേഷണവും കേസെടുക്കലും. ആരോപിതര്‍ വി ഐ പികളാണെങ്കില്‍ അതു നിരുപദ്രവകരമായ ഏതെങ്കിലും കേന്ദ്രങ്ങള്‍ അന്വേഷിക്കും. മുനീറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതാണ്. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വക്കും. ഇപ്പോള്‍ ജനങ്ങളില്‍ നിന്ന് അധികമായി കിട്ടുന്ന പിന്തുണയും സ്‌നേഹവും കാണുമ്പോള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരോട് നന്ദിയുണ്ടെന്ന് പറയുന്നത് അതിശയോക്തിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

അന്നംമുടക്കികള്‍ക്ക് കനത്ത തിരിച്ചടി ലഭിക്കും: ജോസ് ബേബി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2011

പറവൂര്‍: ഇടതുപക്ഷവിരോധം മൂത്ത് കേരളീയരുടെ അന്നം മുടക്കിയ കോണ്‍ഗ്രസുകാര്‍ക്ക് വരുന്ന തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി പറഞ്ഞു. വടക്കന്‍ പറവൂരില്‍ എന്‍ ശിവന്‍പിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനും മുമ്പേയെടുത്ത തീരുമാനത്തെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചോദ്യം ചെയ്തിരിക്കുന്നത്. കേരളത്തിലെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കാനുള്ള വിപ്ലവകരമായ തീരുമാനത്തെ അട്ടിമറിച്ച കോണ്‍ഗ്രസിനും യു ഡി എഫിനും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കും. വിലക്കയറ്റത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാര്‍ ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് യു ഡി എഫുകാരെന്ന് ജോസ് ബേബി പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ ചട്ട ലംഘനം പറയുന്ന ഇലക്ഷന്‍ കമ്മിഷന്‍ മമത ബാനര്‍ജിയുടെയും പ്രണബ്മുഖര്‍ജിയുടെയും മറ്റും പല നയപ്രഖ്യാപനങ്ങളും കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ ജീവിതരീതിയില്‍ അടിമുടി മാറ്റം സാധ്യമാക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാന്‍ വകയേറെയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, ഭക്ഷ്യപൊതുവിതരണം എന്നിങ്ങനെ എല്ലാ മേഖലകളിലും വന്‍ കുതിപ്പു നടത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മണ്ഡലങ്ങളുടെ വികസനത്തിന് ചെലവിടുന്ന തുകയില്‍ 250 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാലയളവിലുണ്ടായത്.
സംസ്ഥാനത്തെ സകല ജനവിഭാഗങ്ങളും നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുന്ന ഈ സര്‍ക്കാരിന്റെ ജനപ്രീതിയില്‍ വിറളി പൂണ്ടാണ് കോണ്‍ഗ്രസുകാര്‍ ഇലക്ഷന്‍ കമ്മിഷന് വ്യാജപരാതി നല്‍കി മലയാളികളുടെ അരി മുട്ടിച്ചതെന്ന് ജോസ് ബേബി പറഞ്ഞു. നിയമസഭാ ലൈബ്രറിയില്‍ എന്‍ ശിവന്‍പിള്ളയുടെ പ്രഭാഷണസമാഹാരം ഉടന്‍ പ്രകാശിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശിവന്‍പിള്ള ഫൗണ്ടേഷന്റെ അവാര്‍ഡ് കവി കുസുംഷലാലിന് അദ്ദേഹം സമ്മാനിച്ചു. സമ്മേളനത്തില്‍ സിപി ഐ നേതാവ് പി രാജു അധ്യക്ഷത വഹിച്ചു.

Posted in വാര്‍ത്ത | Tagged: , , , | Leave a Comment »

അഴിമതിക്കെതിരെ ജനാധിപത്യം ആയുധമാക്കണം: ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 14, 2011

കൊച്ചി: ജുഡീഷ്യറിയെ പോലും കാര്‍ന്നു തിന്നുന്ന അഴിമതിയ്‌ക്കെതിരെ ജനാധിപത്യത്തെ ആയുധമാക്കണമെന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ പറഞ്ഞു. പരിവര്‍ത്തന്‍ ഇന്ത്യ സംഘടിപ്പിച്ച അഭിഭാഷക കൂട്ടായ്മയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെപ്പോലും അഴിമതി ബാധിച്ചുവെന്നത് ദുഃഖകരമാണ്. രാജ്യത്തെ എല്ലാ സംവിധാനങ്ങളിലും അഴിമതി വ്യാപിച്ചിരിക്കുന്നു.
അഴിമതി നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ 21 തവണ അവതരിപ്പിച്ചു. പാസാക്കാനായില്ല. തങ്ങളുടെ അഴിമതികളെ ദോഷകരമായി ബാധിക്കുമെന്ന് മനസിലാക്കിയ രാഷ്ട്രീയ നേതൃത്വമാണ് ബില്‍ പാസാക്കുന്നതിന് എതിര്. പാര്‍ലമെന്റിലവതരിപ്പിച്ച ബില്‍ പൂര്‍ണമല്ല. ഈ ബില്‍ പൊളിച്ചെഴുതി സമഗ്രമായി അവതരിപ്പിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. സ്വകാര്യവല്‍ക്കരണം അഴിമതിയ്ക്ക് പ്രധാന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമുതലും പ്രകൃതി സമ്പത്തും സ്വകാര്യവല്‍ക്കരിക്കുന്നത് അഴിമതിയുടെ ഭാഗമായാണ്. കുത്തകകളെ സഹായിക്കുന്നതിനായി സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അഴിമതിക്കാരാണ്. കുത്തകകളെ ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവല്‍ക്കരണം നാടിനു കളങ്കമായി തീര്‍ന്നുവെന്നും ഈ പ്രവണത അടിയന്തരമായി നിയന്ത്രിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പരിവര്‍ത്തന്‍ ഇന്ത്യ കേരള ഘടകം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനായി. അഭിഭാഷകരായ ജോണ്‍ ജോസഫ്, കെ വി പ്രകാശ്, ഒ വി രാധാകൃഷ്ണന്‍, എം ആര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

വികസന നേട്ടത്തില്‍ തൃശൂര്‍; ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

ഇ പി കാര്‍ത്തികേയന്‍

 

തൃശൂര്‍: ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനരംഗത്ത് തൃശൂരിനെ അടയാളപ്പെടുത്തുന്ന നേട്ടങ്ങളാണ് കഴിഞ്ഞ 5 വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചതും തൃശൂര്‍. തൃശൂരിലെ ആരോഗ്യ സര്‍വകലാശാല, പുത്തൂരിലെ ലോകോത്തര സര്‍വകലാശാല, പുത്തൂരിലെ തന്നെ ലോകനിലവാരം പുലര്‍ത്തുന്ന മൃഗശാല, ബി എസ് എഫ് ആസ്ഥാനം,  രാമവര്‍മ്മപുരത്തെ കേന്ദ്രീയ വിദ്യാലയം, ഐ ടി ഐകള്‍, ആശുപത്രികളുടെ നവീകരണം, മുസിരിസ് പൈതൃക പദ്ധതി, മായന്നൂര്‍ പാലം, ദേശീയപാതകളിലെ വികസന പ്രവര്‍ത്തനങ്ങള്‍…. ഇവയെല്ലാം കേരളത്തിന്റെ മുഖഛായ മാറ്റാന്‍ പോന്നവയാണ്.

സാംസ്‌കാരിക രംഗത്ത് തുടര്‍ച്ചയായി അന്താരാഷ്ട്ര നാടകോത്സവം, കലാമണ്ഡലത്തിന്റെ വികസനം, കലാകാരന്മാര്‍ക്ക് പുരസ്‌കാരങ്ങള്‍, ക്ഷേമനിധി, കൂടാതെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത്, ജില്ലയിലെ കോള്‍ നിലങ്ങളുടെ വികസനം, നെല്‍കര്‍ഷകര്‍ക്ക് താങ്ങായി നെല്ലിന്റെ താങ്ങുവില 14 രൂപയാക്കിയത്… എണ്ണിയാലൊടുങ്ങാത്ത ഈ വികസനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് തൃശൂരാണ് എന്നത് ചരിത്രനിയോഗമാകാം.

വികസന കാര്യത്തില്‍ കൊടിയുടെ നിറം നോക്കാതെ പ്രവര്‍ത്തിച്ച എല്‍ ഡി എഫ് ഭരണം തുടരാന്‍ തന്നെയാണ് ജില്ലയുടെ മനസ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ ബലാബലത്തിലും ഇപ്പോള്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. യു ഡി എഫിലെ അഭിപ്രായഭിന്നതകളും വിഴുപ്പലക്കലും തൊഴുത്തില്‍കുത്തും ജനങ്ങളില്‍ അവിശ്വാസമാണ് വളര്‍ത്തുന്നത്. അതേസമയം മന്ത്രി സി ദിവാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സമാപിച്ച എല്‍ ഡി എഫ് വികസന മുന്നേറ്റ യാത്രയോടെ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ കെട്ടുറപ്പ് ഒന്നുകൂടി ശക്തമായി.

മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷമുള്ള 13 മണ്ഡലങ്ങളിലും എല്‍ ഡി എഫ് വന്‍ സ്വാധീനമാണ് നേടിയിട്ടുള്ളത്. നേരത്തെ ഉണ്ടായിരുന്ന 14 മണ്ഡലങ്ങളില്‍ 11ഉം എല്‍ ഡി എഫിന്റേതായിരുന്നു. കെ പി രാജേന്ദ്രന്‍(കൊടുങ്ങല്ലൂര്‍), എ കെ ചന്ദ്രന്‍(മാള), ബി ഡി ദേവസി(ചാലക്കുടി), പ്രഫ. സി രവീന്ദ്രനാഥ്(കൊടകര), രാജാജി മാത്യു തോമസ്(ഒല്ലൂര്‍), വി എസ് സുനില്‍കുമാര്‍(ചേര്‍പ്പ്), ബാബു എം പാലിശ്ശേരി(കുന്നംകുളം), മുരളി പെരുനെല്ലി(മണലൂര്‍), കെ വി അബ്ദുള്‍ ഖാദര്‍(ഗുരുവായൂര്‍), എ സി മൊയ്തീന്‍(വടക്കാഞ്ചേരി), കെ രാധാകൃഷ്ണന്‍(ചേലക്കര) എന്നിവര്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധികളായി. തേറമ്പില്‍ രാമകൃഷ്ണന്‍(തൃശൂര്‍), ടി എന്‍ പ്രതാപന്‍(നാട്ടിക), തോമസ് ഉണ്ണിയാടന്‍(ഇരിങ്ങാലക്കുട) എന്നിവര്‍ യു ഡി എഫ് പ്രതിനിധികളുമായി. മണ്ഡലം പുനര്‍നിര്‍ണയം വന്നപ്പോള്‍ മാള, ചേര്‍പ്പ്, കൊടകര എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. പകരം പുതുക്കാട്, കയ്പമംഗലം എന്നീ മണ്ഡലങ്ങള്‍ രൂപം കൊണ്ടു.

സാമുദായിക വര്‍ഗീയ ശക്തികള്‍ക്ക് സ്വാധീനമുള്ള ജില്ലയില്‍ യു ഡി എഫിന്റെ ശക്തിയും ഇവരാണ്. ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അതിന് സാക്ഷ്യമാണ്. അതോടൊപ്പം ബി ജെ പിയുമായി കോണ്‍ഗ്രസിനുള്ള അവിശുദ്ധ സഖ്യവും പരസ്യമാണ്. ഇതിനെയെല്ലാം മറികടക്കാവുന്ന രാഷ്ട്രീയ അടിയൊഴുക്കുകളാണ് മണ്ഡലങ്ങളില്‍ നടക്കുന്നത്. മണ്ഡലങ്ങളിലെ മുക്കിലും മൂലയിലും വികസനത്തിന്റെ വെളിച്ചവുമായാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ കടന്നുചെല്ലുന്നത്. റോഡുകള്‍, സ്‌കൂളുകള്‍, സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍, സുനാമി പുനരധിവാസ ഭവനപദ്ധതി, എം എന്‍ നഗര്‍ ലക്ഷം വീട് പദ്ധതി, ആദിവാസികളടക്കമുള്ളവര്‍ക്ക് പട്ടയം, രണ്ടാമത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല, കൊരട്ടിയിലെ ഐ ടി പാര്‍ക്ക്, സീതാറാം മില്‍ നവീകരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള തൂക്കുപാലം, കുടിവെള്ള പദ്ധതികള്‍ തുടങ്ങി ഗ്രാമീണ ജനതയുമായി നേരിട്ട് ബന്ധമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഇടതുപക്ഷം അങ്കത്തിനിറങ്ങുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്നം മണ്ഡലങ്ങളില്‍ കൊടുങ്കാറ്റു വിതയ്ക്കാന്‍ തക്ക കെല്‍പ്പില്ലാതെ യു ഡി എഫും.

തൃശൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ യു ഡി എഫിന് പേരിനെങ്കിലും മേല്‍ക്കൈ ഉള്ളത്. 11 മണ്ഡലങ്ങളില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 14ല്‍ ആറ് എന്ന നിലയിലേക്ക് എല്‍ ഡി എഫ് പിന്നിലേക്ക് പോയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കാറ്റ് മാറി വീശാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണലൂരും വടക്കാഞ്ചേരിയും മാളയും അടക്കം തിരിച്ചു പിടിച്ചു. അതുകൊണ്ട് തന്നെ ജില്ലയിലെ മഹാഭൂരിപക്ഷം മണ്ഡലങ്ങളും നേടുക എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കില്ല. വികസനേട്ടങ്ങളുടെ ഗുണഫലമനുഭവിക്കുന്ന ജനതയും മറിച്ചല്ല ചിന്തിക്കുന്നത്. 

Posted in വാര്‍ത്ത | Tagged: , | Leave a Comment »

സ്ഥാനാര്‍ഥിയെ നോക്കി പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

സ്ഥാനാര്‍ഥിയെ നോക്കി പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി
വര്‍ക്കല: ഒരു മുന്നണിക്ക് മാത്രമായി എസ് എന്‍ ഡി പി പിന്തുണ നല്‍കാനിടയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിയെ നോക്കിയായിരിക്കും പിന്തുണ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിസംബന്ധിച്ചുള്ള അന്തിമ തീരുമാനം ബോര്‍ഡും കൗണ്‍സിലും ചേര്‍ന്നശേഷമായിരിക്കും സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Posted in വാര്‍ത്ത | Tagged: , | Leave a Comment »