ജനയുഗം വാര്‍ത്തകള്‍

Posts Tagged ‘കള്ളപ്പണം’

ജനാഭിലാഷത്തെ കള്ളപ്പണം ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

കാട്ടായിക്കോണം: ജനാഭിലാഷത്തെ കള്ളപ്പണം കൊണ്ട് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിച്ചുവെന്നതിനെ ബലപ്പെടുത്തുന്നതാണ് വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബി ശ്രീധറിന്റെ പതിനേഴാമത് ചരമവാര്‍ഷിക ദിനാചരണം കാട്ടായിക്കോണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കേരളം അഞ്ചുവര്‍ഷം കൊണ്ട് നേടിയതും രാജ്യത്തിനാകെ മാതൃകയായതുമായ പുതിയ വികസന നയവും ക്ഷേമ പ്രവര്‍ത്തനങ്ങളും സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ യു ഡി എഫ് അട്ടിമറിക്കാതിരിക്കാന്‍വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ പി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വി എസ്സിന്റെ നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബി ശ്രീധറിന്റെ സ്മരണ പുതുക്കി മുന്നിട്ടിറങ്ങണമെന്ന് സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നുവര്‍ഷക്കാലം തിരുവനന്തപുരം നഗര വികസന അതോറിറ്റി ചെയര്‍മാനായി നടപ്പാക്കിയ നഗരാസൂത്രണ പദ്ധതികള്‍ മാതൃകയായി സ്വീകരിച്ച് കഴക്കൂട്ടത്തെ സമഗ്രവികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങള്‍ അവസരം നല്‍കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി അജയകുമാര്‍ അഭ്യര്‍ഥിച്ചു.
മന്ത്രി എം വിജയകുമാര്‍, എ സമ്പത്ത് എം പി, പി എന്‍ രാമചന്ദ്രകുറുപ്പ്, എസ് എം ഹനീഫ, ബി രമേശന്‍, കാട്ടായിക്കോണം അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Posted in വാര്‍ത്ത | Tagged: , | Leave a Comment »