ജനയുഗം വാര്‍ത്തകള്‍

Posts Tagged ‘കോടിയേരി’

യു ഡി എഫ് പ്രചാരണത്തിന് പണമിറക്കുന്നത് കോര്‍പറേറ്റുകളും അമേരിക്കയും: കോടിയേരി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 30, 2011

കാസര്‍കോട്: കേരളത്തില്‍  യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു  വേണ്ടി  കോര്‍പറേറ്റുകളും അമേരിക്കയും വന്‍തോതില്‍ പണം ഒഴുക്കിത്തുടങ്ങിയെന്നും ഈ കൊച്ചുസംസ്ഥാനത്തില്‍പോലും കോണ്‍ഗ്രസ് നേതാക്കള്‍ ഹെലികോപ്റ്ററില്‍ പ്രചരണത്തിന് പോകുന്നത്  അതിനുള്ള തെളിവാണെന്നും സി പി എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍  മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മന്ത്രിമാരെപ്പോലും തീരുമാനിക്കുന്നത് അമേരിക്കയും കോര്‍പറേറ്റുകളുമാണെന്നത് വെളിച്ചത്തുവന്നകാര്യമാണ്. ഇക്കാര്യം വിക്കീലീക്‌സും വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ നേരിട്ടെത്തിയത് അമേരിക്കയിലെ കോണ്‍സുലേറ്റ് ജനറലാണ്. സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളുമാണ് ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസിന്‌വേണ്ടി പ്രധാനമായും പണം ഒഴുക്കുന്നത്.
ദേശീയ രാഷ്ട്രീയവും കേരളത്തിലെ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ്   പ്രധാനമായും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. യു പി എ സര്‍ക്കാര്‍ 25 ശതമാനമാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്.  റേഷന്‍ സംവിധാനം വഴി രണ്ടുരൂപയ്ക്ക് അരി നല്‍കിയാണ് കേരളം വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.  സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയത്. കോര്‍പറേറ്റുകള്‍ക്കായി വന്‍തോതിലുള്ള ആനുകൂല്യമാണ് കോണ്‍ഗ്രസും യു പി എ സര്‍ക്കാരും ചെയ്തുവരുന്നത്. അതിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന് ചെയ്തുകൊടുക്കുന്നത്. കുത്തക മുതലാളിമാരും ബഹുരാഷ്ട്രഭീമന്‍മാരും കോര്‍പറേറ്റുകളും സംരക്ഷിക്കപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നതിനാല്‍ ഈ വിഭാഗം അതിനായി ശ്രമിക്കുന്നു.
സീറ്റുവിഭജനത്തെത്തുടര്‍ന്ന് യു ഡി എഫിലെ  പല കക്ഷികള്‍ക്കും അതില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. മഞ്ചേശ്വരത്തും കാസര്‍കോടും മുസ്‌ലിം ലീഗിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന പ്രചരണത്തിന് ഇതുവരെയും ലീഗ് നേതാക്കള്‍ മറുപടി പറഞ്ഞിട്ടില്ല. അബ്ദുല്‍ വഹാബിനെ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയാക്കിയാണ് ലീഗ് ഇത്തരത്തില്‍ പണച്ചാക്കുകളെ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി ഇറക്കിക്കൊണ്ടുവന്നത്. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയാണ് കോണ്‍ഗ്രസിന് വേണ്ടി പണം മുടക്കുന്ന മറ്റൊരു ഏജന്‍സി. അസമില്‍ നിന്ന് മൂന്നുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണിത്. ഇതിനകം 4000 കോടിരൂപ നല്‍കിയെന്നാണ് വിവരം. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ സാധാരണക്കാരില്‍നിന്നും പണം പിരിച്ചാണ് തിരഞ്ഞെടുപ്പിന് ചെലവഴിക്കുന്നതെന്നും കോടിയേരി പറഞ്ഞു. പി കരുണാകരന്‍ എം പി, സി പി എം ജില്ലാസെക്രട്ടറി കെ പി സതീശ് ചന്ദ്രന്‍ എന്നിവരും കോടിയേരിയോടൊപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് സിബിജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എ ഷാഫി സ്വാഗതം പറഞ്ഞു.

Advertisements

Posted in വാര്‍ത്ത | Tagged: | Leave a Comment »