ജനയുഗം വാര്‍ത്തകള്‍

Posts Tagged ‘കോണ്‍ഗ്രസ്’

കോണ്‍ഗ്രസ് സാധ്യതാപട്ടിക: വ്യാപക പ്രതിഷേധം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 21, 2011

കൊച്ചി/ആലപ്പുഴ: കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉയരുന്നു. വിവിധ വിഭാഗങ്ങള്‍ സാധ്യതാ പട്ടികയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.  യുഡിഎഫ് സ്ഥാനാര്‍ഥിപട്ടികയ്‌ക്കെതിരെ സുറിയാനി സഭയുടെ അങ്കമാലി രൂപതയും പ്രതിഷേധവുമായി രംഗത്തെത്തി. എറണാകുളം ജില്ലയിലെ സാധ്യതാ പട്ടിയില്‍ ഒരു വനിതാ നേതാവ് ഇല്ലാത്തത് മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തി.
മധ്യ കേരളത്തില്‍ നിര്‍ണായക സ്വാധീനമുള്ള എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ഒരാളെ പോലും സ്ഥാനാര്‍ഥിയാക്കാത്ത യുഡിഎഫ് നടപടി തിരുത്തണമെന്ന് അതിരൂപതാ വൈദികസമിതിയും പാസ്റ്ററല്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.  അഞ്ച് ലക്ഷത്തോളം വരുന്ന സുറിയാനി കത്തോലിക്കരുടെ വോട്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്ന് ഓര്‍ക്കണമെന്നും വൈദികസമിതി സെക്രട്ടറി ഫാ. ജോയ്‌സ് കൈതക്കോട്ടിലും പാസ്റ്ററില്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിനു ജോണും പ്രസ്താവനയില്‍ പറഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണയ്ക്കുന്ന വിഭാഗമാണ് സുറിയാനി കത്തോലിക്കര്‍. പതിനാറ് മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയാണെന്ന കാര്യം യുഡിഎഫും തിരിച്ചറിയണം. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളില്‍ പ്രധാന ഘടകവുമാണ്.
തദ്ദേശതിരഞ്ഞെടുപ്പിലും പാര്‍ട്ടി സംഘടനാ സംവിധാനത്തിലും തുടര്‍ന്നുവരുന്ന അവഗണനയാണ് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. തിരഞ്ഞെടുപ്പുകാലത്ത് അതിരൂപതയുടെയും വിശ്വാസികളുടെയും സഹായം തേടുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്നത് തിരുത്തണം. സ്ഥാനാര്‍ഥി പട്ടികയില്‍ സുറിയാനി കത്തോലിക്കരായ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ സീറ്റ് ലത്തീന്‍ സമുദായത്തില്‍പെട്ടവര്‍ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സഭാ അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പി ജെ മാത്യുവിന്റെ പേരാണ് സഭാനേതൃത്വം നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസിസി, കെപിസിസിക്ക് നല്‍കിയ സ്ഥാനാര്‍ഥി പട്ടികയില്‍ പി ജെ മാത്യുവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്കും സിറ്റിംഗ് എംഎല്‍എമാര്‍ക്കും അവസരം നല്‍കണമെന്ന് എഐസിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അരൂരില്‍ എന്‍എസ്‌യു ദേശീയ സെക്രട്ടറി എസ് ശരത് മത്സരിച്ചേക്കും. അങ്ങനെയെങ്കില്‍ സിറ്റിംഗ് എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ എ എ ഷുക്കൂര്‍ ആലപ്പുഴയിലായിരിക്കും മത്സരിക്കുക. ഇതുസംബന്ധിച്ച് എഐസിസിയുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാക്കള്‍ സഭാഅധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എ എ ഷുക്കൂര്‍ എംഎല്‍എ ബിഷപ്പിനെ കാണാന്‍ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സൂചന. ആലപ്പുഴയില്‍ മത്സരിക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തോട് ഷുക്കൂര്‍ വിയോജിപ്പും അറിയിച്ചിച്ചുണ്ട്.
അങ്കമാലിയിലും പെരുമ്പാവൂരിലും ആലുവയിലും മൂവാറ്റുപുഴയിലും സാധ്യതാപട്ടിയിലെ സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആലുവയില്‍ അന്‍വര്‍സാദത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ചെന്നിത്തല ഗ്രൂപ്പിനെ പിളര്‍ത്തി. ഐ ഗ്രൂപ്പിലെ ഷിയാസിന്റെയൂം മുനീറിന്റെയൂം നേതൃത്വത്തിലുള്ള വിഭാഗവും എഗ്രൂപ്പിലെ എം ഒ ജോണും ഷാഫി മേത്തറും അടക്കമുള്ള നേതാക്കളും എഐസിസിക്ക് പരാതി നല്‍കി.  കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച അങ്കമാലി മണ്ഡലം കേരളകോണ്‍ഗ്രസിന് നല്‍കിയത് അവിടുത്തെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മനോജ് മൂത്തേടന്‍ നോട്ടമിട്ടിരുന്ന സീറ്റില്‍ ജോണി നെല്ലുര്‍ സ്ഥാനാര്‍ഥിയായതാണ് അങ്കമാലി അതിരൂപതയെയും പ്രകോപിച്ചത്. പെരുമ്പാവൂരില്‍ പി പി തങ്കച്ചന്‍ സ്വയം ഒഴിഞ്ഞതയാണ് വിവരം. ഇവിടെ വി ജെ പൗലോസിനെയാണ് പരിഗണിക്കുന്നത്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെയും. ഇവര്‍ രണ്ടുപേരും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്. ഇത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി മോഹികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകള്‍ പരസ്യമായി സ്ഥാനാര്‍ഥിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി. കോതമംഗലത്ത് കുരുവിള വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് കോണ്‍ഗ്രസില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ടി യു കുരുവിളയ്‌ക്കെതിരെ  മാര്‍ച്ച് നടത്തിയതിന് ഇപ്പൊഴും കോണ്‍ഗ്രസ് നേതാക്കള്‍ കോടതി കയറി ഇറങ്ങുകയാണ്.
എംഎല്‍എമാരായ കെ ബാബുവും ഡൊമനിക് പ്രസന്റേഷനുമാണ് ഇതിനേക്കാള്‍ വല്ലാത്ത കുരുക്കില്‍പെട്ടിട്ടുള്ളത്. തങ്ങള്‍ മത്‌സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മണ്ഡലങ്ങളിലേക്കാണ് ഇരുവരെയും പരിഗണിക്കുന്നത്.

Advertisements

Posted in വാര്‍ത്ത | Tagged: | Leave a Comment »

മാണിയെയും വീരനെയും ഒതുക്കി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 16, 2011

തിരുവനന്തുപുരം: കൂടുതല്‍ സീറ്റിനായി ബലംപിടിച്ച കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസിന്റെ മര്‍ക്കട മുഷ്ടിക്ക് മുന്നില്‍ മുട്ടുമടക്കി. ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ മാണിഗ്രൂപ്പിന് 15 സീറ്റും സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏഴ് സീറ്റും മാത്രം നല്‍കാനാണ് കോണ്‍ഗ്രസ് തയ്യാറായത്. 22 സീറ്റെങ്കിലും വേണമെന്ന ശക്തമായ ആവശ്യമാണ് കെ എം മാണി മുന്നോട്ടുവച്ചത്. എന്നാല്‍ ഈ ആവശ്യം ആദ്യഘട്ടത്തില്‍തന്നെ കോണ്‍ഗ്രസ് നിരാകരിച്ചിരുന്നു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടന്ന ചര്‍ച്ചയുടെ പലഘട്ടങ്ങളിലും മാണി ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. എന്നാല്‍ മാണിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നു. പിന്നീട് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയിലാണ് മാണിഗ്രൂപ്പിന് 15 സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
എല്‍ ഡി ഫിനൊപ്പം നിന്നപ്പോള്‍ എട്ട് സീറ്റില്‍ മത്സരിച്ച സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏഴ് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് സീറ്റുകള്‍ കുറഞ്ഞതിനുള്ള കാരണമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. കയ്പമംഗലത്തിന് പകരം കൊടുങ്ങല്ലൂര്‍ വേണമെന്ന് ആവശ്യപ്പെട്ട ജെ എസ് എസിനെയും കോണ്‍ഗ്രസ് ഒതുക്കി. കയ്പമംഗലംകൊണ്ട് തൃപ്തിപ്പെടാന്‍ ഇന്നലെ ജെ എസ് എസ് തയ്യാറായി.

Posted in വാര്‍ത്ത | Tagged: , , , , | Leave a Comment »

കോണ്‍ഗ്രസ് അപമാനിക്കുന്നുവെന്ന് മാണി

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

കോട്ടയം: യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന്  13 സീറ്റുകള്‍ മാത്രമേ നല്‍കൂ എന്ന കോണ്‍ഗ്രസിന്റെ നയം പാര്‍ട്ടിയെ അപമാനിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി വിലയിരുത്തി.
2006-ലെ തിരഞ്ഞെടുപ്പില്‍ ഭിന്നിച്ചു നിന്ന കേരളകോണ്‍ഗ്രസുകള്‍ ഒന്നായ ശേഷം പാര്‍ട്ടിക്കുണ്ടായ ശക്തിവര്‍ധനയുടെയും എം എല്‍ എ മാരുടെ  അംഗബലത്തിന്റെയും മാനദണ്ഡത്തില്‍ പരിശോധിക്കുമ്പോള്‍ സീറ്റു വിഭജനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള നിര്‍ദേശം ഒട്ടും സ്വീകാര്യമല്ലെന്നും യോഗം വിലയിരുത്തി. ഇന്നലെ കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് വിലയിരുത്തലുണ്ടായത്.
ഐക്യജനാധിപത്യമുന്നണി എല്ലാ ഘടകകക്ഷികളുടേയുമാണ്. അതില്‍ ആരോടെങ്കിലും പ്രത്യേക പ്രീണനം കാണിക്കുന്നത് ശരിയല്ല. മുന്നണിയെ ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഘടകകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്നണി ബന്ധം തകര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും യോഗം ഓര്‍മിപ്പിച്ചു.
കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് അര്‍ഹമായ സീറ്റുകള്‍ തന്നെയാണ്. അതില്‍ നിന്നും പിന്നോട്ട് പോവില്ല. യു ഡി എഫിലെ സീറ്റ് ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ചര്‍ച്ച ഇനി എന്നാണെന്നറിയില്ല. ആരും ചര്‍ച്ച നിര്‍ത്തിവച്ച് പോന്നിട്ടുമില്ല. സീറ്റ്കള്‍ യു ഡി എഫ് യോഗത്തില്‍ തന്നെ ആവശ്യപ്പെടും. സീറ്റ് ആവശ്യപ്പെട്ട് എ ഐ സി സി യെ സമീപിക്കില്ലെന്നും ഉന്നതാധികാര സമിതിക്ക്‌ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ എം മാണി പറഞ്ഞു.
ആവശ്യപ്പെട്ട സീറ്റ് തന്നില്ലെങ്കില്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കും. സീറ്റിന്റെ കാര്യത്തില്‍ എന്ത് വിട്ടു വീഴ്ചവേണം എന്നതും യു ഡി എഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും കെ എം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കുന്ന രീതിയില്‍ സീറ്റുകള്‍ ലഭിക്കണമെന്നും അതിനാവശ്യമായ സമ്മര്‍ദം യു ഡി എഫില്‍ ചെലുത്താനും ചര്‍ച്ചകള്‍ നടത്താനും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ ചുമതലപ്പെടുത്തി ഉന്നതാധികാര സമിതി പ്രമേയം പാസാക്കി.
രാവിലെ 11മണിയോടെ ആരംഭിച്ച യോഗം ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സമാപിച്ചത്. ഉന്നതാധികാര സഭയിലെ എല്ലാ അംഗങ്ങളുടെയും വ്യക്തമായ അഭിപ്രായം തേടലും യോഗത്തിലുണ്ടായി. എങ്കിലും 22 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയ്ക്ക് കെ എം മാണി തയ്യാറാണെന്നാണ് സൂചന.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

കോണ്‍ഗ്രസ് പ്രതികാരം ചെയ്യുന്നു: ഗൗരിയമ്മ

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 13, 2011

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: 5 സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജെ എസ് എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ ഇന്നലെയും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യം പരിഗണിക്കാത്തപക്ഷം കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് ഗൗരിയമ്മയുടെ നീക്കം .ഇന്നലെ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഗൗരിയമ്മ കോണ്‍ഗ്രസിന് ശക്തമായ ഭാഷയില്‍ താക്കീതും നല്‍കി. ‘കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയെ തകര്‍ക്കാന്‍ ശ്രമിച്ച ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്ക് ചോദിച്ച സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കി. എം വി രാഘവന്റെയും ടി എം ജേക്കബിന്റെയും ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. ഞങ്ങള്‍ മാത്രം വിട്ടുവീഴ്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് അംഗീകരിക്കില്ല’ – ഗൗരിയമ്മ തുറന്നടിച്ചു. ജെ എസ് എസ് യോഗം എടുത്ത തീരുമാനം നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും.
ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചക്കില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയിലാണ് ഇന്നലെ ജെ എസ് എസ് സംസ്ഥാന സെന്റര്‍ യോഗം ചേര്‍ന്നത്. എല്ലാ കാലവും നമ്മള്‍ കോണ്‍ഗ്രസിന്റെ ആട്ടും തുപ്പുംകൊണ്ട് കഴിയുമെന്നാണവര്‍ കരുതുന്നതെന്ന് ഗൗരിയമ്മ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയോട് പ്രതികാരം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത് അംഗീകരിച്ചാല്‍ ഇനിയുള്ള കാലം മുഴുവന്‍ അവഗണന തുടരുമെന്നും ഗൗരിയമ്മ യോഗത്തില്‍ വ്യക്തമാക്കി, നേതൃത്വം അറിയാതെ കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയ സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ബാബുവിനെയും കെ കെ ഷാജു എം എല്‍ എയെയും യോഗത്തില്‍ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സ്വന്തം സീറ്റുകള്‍ സംരക്ഷിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും ആരോപണമുയര്‍ന്നു. ജെ എസ് എസ് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് ആലോചിക്കണമെന്ന് രാജന്‍ബാബു പറഞ്ഞെങ്കിലും ഗൗരിയമ്മ ഇതിന് വഴങ്ങിയില്ല. കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം മാത്രം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ആലോചിച്ചാല്‍ മതിയെന്ന് ഗൗരിയമ്മ നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ 5 സീറ്റുകള്‍ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇനി ചര്‍ച്ച വേണ്ടെന്നും ഗൗരിയമ്മ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ കെ കെ ഷാജു എം എല്‍ എ ഇതിനെ എതിര്‍ത്തു. ഇത്തരത്തില്‍ കടുംപിടുത്തം പിടിക്കുന്നത് മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് ഷാജു വ്യക്തമാക്കി. സംസ്ഥാന സെന്റര്‍ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സന്ദേശവുമായി ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ എം എല്‍ എ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ന്യായമായ തീരുമാനം കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും ജെ എസ് എസും അനുരഞ്ജനത്തിന് തയ്യാറാകണമെന്നും ഷുക്കൂര്‍ ഗൗരിയമ്മയെ ധരിപ്പിച്ചു. ഗൗരിയമ്മ സമ്മര്‍ദം തുടര്‍ന്നാല്‍ 4 സീറ്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനും കോണ്‍ഗ്രസില്‍ നീക്കമുണ്ട്.

Posted in വാര്‍ത്ത | Tagged: , , | Leave a Comment »

തര്‍ക്കം കഴിഞ്ഞു: കോണ്‍ഗ്രസ് വഴങ്ങിയേക്കും

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 8, 2011

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുവിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും ഡി എം കെയും തമ്മിലുള്ള തര്‍ക്കം തീരുന്നു. 60 സീറ്റുകൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെട്ടേക്കുമെന്നാണ് സൂചന. സീറ്റുവിഭജനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന തീരുമാനമെടുക്കുന്നതിലേക്ക് ഡി എം കെയെ നയിച്ചു. കേന്ദ്ര മന്ത്രിസഭയിലെ പ്രതിനിധികളുടെ രാജിയടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവന്നു. കോണ്‍ഗ്രസ് – ഡി എം കെ സൗഹൃദം തകരുന്നവക്കില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി രാജി തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഡി എം കെ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.
കോണ്‍ഗ്രസുമായി സമവായ സാധ്യത തെളിഞ്ഞതോടെ യു പി എ മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാര്‍ രാജിവയ്ക്കുന്നത് നീട്ടി. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കരുണാനിധിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി തീരുമാനം നീട്ടിയത്.

http://www.janayugomonline.com

Posted in വാര്‍ത്ത | Tagged: , , , , | Leave a Comment »

ഘടകകക്ഷികളു എല്ലാ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 8, 2011

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പുതിയ ഘടകക്ഷിയായ സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ബാധ്യതയല്ലെന്നും കോണ്‍ഗ്രസ്. മുന്നണിയില്‍ നില്‍ക്കേണ്ടവര്‍ക്ക് നില്‍ക്കാമെന്നും പോകേണ്ടവര്‍ക്ക് പോകാമെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അതത് ഘടകകക്ഷികളാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

http://www.janayugomonline.com

Posted in വാര്‍ത്ത | Tagged: , , , | Leave a Comment »

ചെന്നിത്തല ‘കളങ്കിതര്‍’ എന്നുച്ചരിക്കുമ്പോള്‍ ചാണ്ടിയുടെ ഹൃദയം പിടയുന്നതെന്തുകൊണ്ട്?

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 7, 2011

ദിഗംബരന്‍

തിരഞ്ഞെടുപ്പുനാളുകളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും ജെ എസ് എസും ആദിയായവയുമാണ്. ഇക്കാര്യത്തില്‍ ആരും അവരെ കുറ്റപ്പെടുത്തുകയില്ല. കാരണം കസേര പോയാല്‍ ഉറങ്ങുകയും കസേര തരപ്പെടുത്താനുള്ള സമയമാകുമ്പോള്‍ മാത്രം ഉണരുകയും ചെയ്യുന്ന കക്ഷികളാണ് അവര്‍. കേന്ദ്രം കേരളത്തെ അവഗണിച്ചാലും ഭക്ഷ്യധാന്യം വെട്ടിക്കുറച്ചാലും റയില്‍ പദ്ധതികളൊന്നും കേരളത്തിനു അനുവദിച്ചില്ലെങ്കിലും അതിഗാഢ നിദ്രയില്‍ അമര്‍ന്നിരിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ്. പൂര്‍വകാല വാണിഭങ്ങളിലും അഴിമതി വ്യവഹാരങ്ങളിലും മുഴുകി സുഖനിദ്രയില്‍ കഴിഞ്ഞുകൂടുകയാണ് ശീലം. പക്ഷേ തിരഞ്ഞെടുപ്പ് അടുത്താല്‍ ഞെട്ടിയുണര്‍ന്ന് പിച്ചും പേയും പറയുന്ന മാതിരിയില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കും. അതെല്ലാം ബൂമറാംഗ് പോലെ തിരിച്ചെത്തി മാറില്‍പ്പതിക്കുമെന്ന് വൈകിയാണെങ്കിലും ഐക്യ ജനാധിപത്യമുന്നണിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരായതുകൊണ്ട് അവര്‍ക്കത് പ്രശ്‌നമല്ല താനും.
സ്ഥാനാര്‍ഥികള്‍ക്ക് തെല്ലും ക്ഷാമമില്ലാത്ത മുന്നണിയാണ് യു ഡി എഫ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ഥാനാര്‍ഥി സുലഭതയില്‍ ഏറ്റവും മുന്നില്‍. കെ എസ് യു ക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ഹൈക്കമാന്‍ഡിന് മുന്നില്‍ ഹാജരാക്കിയ പട്ടിക മാത്രം പരിഗണിച്ചാല്‍ പോലും കോണ്‍ഗ്രസ് കേരളത്തില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങള്‍ സൃഷ്ടിക്കേണ്ടിവരും. ആകെ 140 മണ്ഡലങ്ങളല്ലേയുള്ളൂ. കെ എസ് യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും അവര്‍ നല്‍കിയ പട്ടികയിലെ മൂന്നിലൊന്നു നല്‍കിയാല്‍ പോലും 140 മണ്ഡലങ്ങള്‍ മതിയാവാതെ വരും. മുഖ്യമന്ത്രി പദം കിനാവുകാണുന്നവരായ പാവം പാവം ഉമ്മന്‍ചാണ്ടിയും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന രമേശ് ചെന്നിത്തലയും കാത്തുകാത്തിരുന്നൊടുവില്‍ ദയാദാക്ഷ്യണ്യത്തോടെ, കൃപാകടാക്ഷത്തോടെ കോണ്‍ഗ്രസില്‍ എത്തിപ്പെട്ട കെ മുരളീധരനും മത്സരിച്ച് മതിവരാത്ത ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം എം ഹസനും ജി കാര്‍ത്തികേയനും കെ സി ജോസഫും ആദിയായവരും എന്തു ചെയ്യും എന്ന ആവലാതി കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഗദ്ഗദ സ്വരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
അറുപത് പേരുടെ പട്ടികയുമായി യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഡല്‍ഹിക്ക് പറന്നത് ചാണ്ടിയും ചെന്നിത്തലയും ആര്യാടനും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ പല്ലുകടിച്ചമര്‍ത്തിയാണെങ്കിലും സഹിക്കും. പക്ഷേ വൈദ്യശാസ്ത്രം പരാജയപ്പെട്ടാല്‍ മാത്രമേ കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ക്ക് സീറ്റു കിട്ടുകയുള്ളൂ എന്ന് കെ എസ് യു ക്കാര്‍ സങ്കടപ്പെടുകയും തങ്ങളുടെ ആധി പരസ്യപ്രമേയത്തിലൂടെ സമൂഹത്തെ അറിയിക്കുകയും ചെയ്തത് അവര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറത്തായിപ്പോയി. ഈയുള്ളവന്‍മാര്‍ മരിച്ചാലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന്, രാഹുല്‍ഗാന്ധിയുടെ വാഗ്ദാനപ്പെരുമഴയുടെ കാലത്തുപോലും കെ എസ് യുക്കാര്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ അത് ഹൃദയ ഭേദകമെന്നല്ലാതെ മറ്റെന്തു പറയാനാണ്, ചാണ്ടിമാര്‍ക്കും ചെന്നിത്തലമാര്‍ക്കും ആര്യാടന്‍മാര്‍ക്കും തിരുവഞ്ചൂര്‍മാര്‍ക്കും കഴിയുക. നിസ്വാര്‍ഥ രാജ്യസേവകരാണ് തങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസുകാരും കെ എസ് യുക്കാരും തെളിയിക്കുന്നത് തിരഞ്ഞെടുപ്പ്കാലത്ത് സ്വന്തം പേരുള്‍പ്പെടുന്ന പട്ടിക നല്‍കിയാണ്.
കുത്തുങ്ങള്‍, കുട്ടികള്‍ ഇത്ര കഠിന പ്രയോഗങ്ങള്‍ നടത്തി വേട്ടയാടാന്‍ തുടങ്ങിയാല്‍ കുഞ്ഞൂഞ്ഞുമാര്‍ക്ക് എന്തു ചെയ്യാനാവും! കുഞ്ഞുങ്ങള്‍ വൈദ്യശാസ്ത്രം പരാജയപ്പെട്ടാലേ തങ്ങള്‍ക്ക് രക്ഷയുള്ളൂവെന്ന് നിലവിളിക്കുമ്പോഴാണ് ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കുവാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഞാന്‍ റെഡിയാണ്, ഹൈക്കമാന്‍ഡിന്റെ മൂളല്‍കൂടി വേണം’ എന്നാണ് ചെന്നിത്തല പറഞ്ഞതിന്റെ സാരം. ലോക്‌സഭയില്‍ മത്സരിച്ച് തോറ്റപ്പോള്‍ കെ പി സി സി പ്രസിഡന്റാവാന്‍ ഡല്‍ഹിയിലെ കാലായകാലെല്ലാം തഴുകി. തെന്നലായിപോലും ഒഴുകാനാവാത്ത പാവം തെന്നല ബാലകൃഷ്ണപിള്ളയെയും കഥയില്ലാത്ത പി പി തങ്കച്ചനെയും തഴഞ്ഞ് ആ കസേര തരപ്പെടുത്തി. രാജ്യസഭാ സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ ആവത് പണിപ്പെട്ടു ചെന്നിത്തലക്കാരന്‍ രമേശ്. വെട്ടിവീഴ്ത്താന്‍ നോക്കിയത് ചില്ലറക്കാരെയല്ല. ആദ്യഘട്ടത്തില്‍ രമേശ് പള്ളിക്കൂടത്തില്‍ ചേരുന്നതിനും മുമ്പ് കെ എസ് യു ഉണ്ടാക്കിയ വയലാര്‍ രവിയെ. അടുത്ത ഘട്ടത്തില്‍ രമേശ് കെ എസ് യു അംഗത്വമെടുക്കുന്നതിനു മുമ്പ് കെ പി സി  സി അധ്യക്ഷനായ എ കെ ആന്റണിയെ. തഴുകലിലും വാഴ്ത്തുപാട്ടിലും ഫലം കണ്ടില്ല. ഇപ്പോള്‍ ഇതാ നിയമസഭയിലേയ്ക്ക് ഒരു കൈനോക്കാന്‍ ഞാന്‍ ഒരുക്കം എന്ന് പരസ്യപ്രഖ്യാപനം നടത്തി മുന്നില്‍ വന്നിരിക്കുന്നു.
ഈ കളി ചാണ്ടിയ്ക്ക് നേരത്തേ പിടികിട്ടിയിരുന്നു. ചെന്നിത്തല കളി പഠിച്ച സ്ഥലത്തു നിന്നല്ല ചാണ്ടി കളി പഠിച്ചത്. ആരോപണവിധേയരും കളങ്കിതരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ടാവുകയില്ലെന്ന് ഉജ്ജ്വല പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി. പാമോയില്‍ കുംഭകോണത്തില്‍ തന്നേക്കാള്‍ ഉത്തരവാദി അന്ന് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ടി എച്ച് മുസ്തഫ കോടതിയില്‍ രേഖാമൂലം പറഞ്ഞതോടെ കളങ്കിത പരിവേഷത്തില്‍ കിടന്നു പുളയുന്ന തന്നെയാണ് രമേശ് ചെന്നിത്തല ലക്ഷ്യമിടുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. അതുകൊണ്ടുതന്നെ തെല്ലും വൈകാതെ കുഞ്ഞൂഞ്ഞ് പത്രദ്വാര്വാ വെളിപ്പെടുത്തി, കളങ്കിതര്‍ക്ക് സീറ്റില്ലെന്ന് രമേശ് പറയുകയില്ല. അത് പത്രക്കാരുടെ വ്യാഖ്യാനം മാത്രമാണ്. മെയ്‌വഴക്കമുള്ള രമേശ് ചെന്നിത്തലയും അത് ഏറ്റുപാടി’. കളങ്കിതര്‍ക്കും മത്സരിക്കാം. പക്ഷേ ഞാനും മത്സരിക്കും എന്നാണ് ചെന്നിത്തല പറഞ്ഞത്. ഹിമാലയ കുംഭകോണവും കൊലപാതകവും രമേശ് ചെന്നിത്തലയുടെ പങ്കാളിത്തത്തെക്കുറിച്ച് പഴയ സഹയാത്രികന്‍ ഉയര്‍ത്തിയ ആക്ഷേപവും എല്ലാം ഉമ്മന്‍ചാണ്ടി ചെന്നിത്തലയുടെ കാതില്‍ മൂളിയതുകൊണ്ടാണുപോല്‍ കളങ്കിതര്‍ക്കും മത്സരിക്കാം എന്ന അഭിപ്രായം രമേശ് ഉച്ചൈസ്തരം ഘോഷിച്ചതെന്ന് കോണ്‍ഗ്രസിലെ ഒരു കൂട്ടര്‍ പറയുന്നുവെന്ന് പിന്നാമ്പുറ കഥ. ഞാനും മത്സരിക്കാന്‍ റെഡി എന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കുഞ്ഞൂഞ്ഞിനെ അലോസരപ്പെടുത്തുന്നുവെന്ന് മറ്റൊരു കൂട്ടര്‍.
എന്തായാലും ഒന്ന് വ്യക്തം. സ്ഥാനമോഹികളല്ലാത്തവരാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് മുതല്‍ മൂത്ത കോണ്‍ഗ്രസുകാര്‍ വരെയുള്ളവര്‍. രാജ്യ സേവനം എന്നത് കസേരകള്‍ക്കായുള്ള മല്‍പ്പിടുത്തമാണെന്നതാണെന്ന് കോണ്‍ഗ്രസായ കോണ്‍ഗ്രസുകാര്‍ക്കൊക്കെ നിശ്ചയമുണ്ട്.
പറയാതെവയ്യ, കെ പി സി സി നിര്‍വാഹക സമിതി യോഗം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ ഉച്ചഭക്ഷണ വേളയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് വായിലേയ്ക്ക് ഭക്ഷണം തിരുകിക്കയറ്റുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചുവന്നിരുന്നു. അപ്പോള്‍ ഇത്രമാത്രം വലിയ പാരവയ്ക്കാനാണ് കോഴിക്കാല്‍ വിളമ്പിയതെന്ന് കുഞ്ഞൂഞ്ഞ് അറിഞ്ഞിരുന്നില്ലെന്നു മാത്രം. മുസ്തഫയെ കൊണ്ട് പാമോയില്‍ കേസിലെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും തന്നേക്കാള്‍ മുമ്പ് പ്രതിയാവേണ്ടത് ചാണ്ടിയാണെന്നും പറയിച്ചത് ചെന്നിത്തലയാണെന്ന് ചാണ്ടി അനുകൂലികള്‍ കരുതുന്നുപോല്‍. എല്ലാം ഓരോ വിശ്വാസം, ഊഹം എന്ന് സമാശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

Posted in ലേഖനം | Tagged: , , | Leave a Comment »