ജനയുഗം വാര്‍ത്തകള്‍

Posts Tagged ‘യു ഡി എഫ്’

സി കെ ജാനുവിനെ മാനന്തവാടിയില്‍ മത്സരിപ്പിക്കാന്‍ യു ഡി എഫ് നീക്കം

Posted by ജനയുഗം വാര്‍ത്തകള്‍ on മാര്‍ച്ച് 20, 2011

കല്‍പറ്റ: ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മാനന്തവാടിയില്‍ മല്‍സരിപ്പിക്കാന്‍ ചരടുവലികള്‍ ഊര്‍ജിതമാക്കി. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇതിനുള്ള നീക്കങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന്റെ ആദിവാസി ഗോത്രമഹാസഭ അടക്കമുള്ള ഇരുപതോളം ആദിവാസി-ദളിത് സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുത്തങ്ങ സമരത്തില്‍ ആദിവാസിയെ വെടിവെച്ചുകൊന്നത് യു ഡി എഫ് സര്‍ക്കാറാണെന്ന വസ്തുത നിലനില്‍ക്കെ പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി ധാരണയുണ്ടാക്കാന്‍ ജാനുവും കൂട്ടരും ശ്രമിച്ചിരുന്നു. ഇത് നടക്കാതെ പോയ സാഹചര്യത്തില്‍ ഗോത്രമഹാസഭ ഒറ്റയ്ക്ക് മത്സരിക്കുകയാണുണ്ടായത്. വടക്കേവയനാട് സംവരണ മണ്ഡലത്തില്‍ മത്‌സരിച്ച ജാനുവിന് 2383 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജാനുവും കൂട്ടരും യു ഡി എഫിനെ സഹായിച്ചു. കേ്രന്ദമന്ത്രി എ കെ ആന്റണിയുമായുള്ള ബന്ധവും ഡല്‍ഹിയില്‍ അധികാരകേന്ദ്രങ്ങളില്‍ ആഴത്തില്‍ ബന്ധമുള്ള സന്നദ്ധ സംഘടനകളുമാണ് ജാനുവിന് വേണ്ടി ചരടുവലി നടത്തുന്നത്. എ കെ ആന്റണിയുടെ അഭിപ്രായം അനുസരിച്ചാണത്രെ തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് എത്തി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുമായി സി കെ ജാനു കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയത്. യു ഡി എഫ് പ്രകടനപത്രികയില്‍ ചേര്‍ക്കേണ്ട ചില കാര്യങ്ങള്‍ നേതാക്കളെ അറിയിക്കാനാണ് കെ പി സി സി ആസ്ഥാനത്ത് പോയതെന്നാണ് മാധ്യമ പ്രവര്‍ത്തകരെ സി കെ ജാനു അറിയിച്ചത്.
ഇതിന് ശേഷമാണ് ഡല്‍ഹിയില്‍ കാര്യമായ ശ്രമങ്ങള്‍ ആരംഭിച്ചത്. വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാനന്തവാടിയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടികയില്‍ ജാനുവിന്റെ പേര് ചേര്‍ത്തിട്ടില്ല. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുറ്റിയോട്ടില്‍ അച്ചപ്പന്‍ തുടങ്ങിയവരുടെ പേരുകളാണ് വയനാട് ഡി സി സി നേതൃത്വം കെ പി സി സിക്ക് നല്‍കിയത്. എന്നാല്‍ ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീംനിംഗ് കമ്മിറ്റിയിലാണ് സി കെ ജാനുവിന്റെ പേരും പരിഗണിക്കുന്നത്. സന്നദ്ധ സംഘടനകള്‍ ഇതിനായി എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിയില്‍ വരെ സമ്മര്‍ദം ചെലുത്തിയതായും പറയപ്പെടുന്നു. 2000ത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്ക് സി കെ ജാനു സ്വതന്ത്രയായി മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഇക്കാര്യം അറിയുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഒരു കാരണവശാലും ജാനുവിനെപ്പോലൊരു സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ല. അതുകൊണ്ടുതന്നെയാണ് ഡല്‍ഹി ആസ്ഥാനമായി ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയത്. വയനാട്ടിലെ മൗറ്റൊരു പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ ഈ ജില്ലക്കാരെ തഴഞ്ഞ് അരയ സമുദായത്തില്‍പ്പെട്ട യുവ അഭിഭാഷകനെ സ്ഥാനാര്‍ഥിയാക്കാനും  നീക്കമുണ്ട്.

Advertisements

Posted in വാര്‍ത്ത | Tagged: , , | Leave a Comment »